രസതന്ത്രം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനതലങ്ങളിലേക്ക് കടന്നുവരുന്ന നാമങ്ങളാണ് ആന്റോൺ ലാവോസിയ, മെൻഡലിവ്, ജോൺ ഡാൾട്ടൻ, മൈക്കൽ ഫാരെഡെ എന്നിവ. ആഗ്‌നേയ ശിലകളാൽ കൊത്തിയെടുത്ത നാമങ്ങൾ പോലെ, ഒരു മാറ്റവുമില്ലാതെ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി രസതന്ത്രത്തിന്റെ മേൽവിലാസത്തിൽ ഇവർ സ്ഥാനീയരായി നിൽക്കുന്നു. ഇവർ എന്താണ് രസതന്ത്ര ലോകത്തിന് സമ്മാനിച്ചത്? അടുക്കും ചിട്ടയുമില്ലാത്ത കിടന്നിരുന്ന രസതന്ത്രത്തിലെ വ്യത്യസ്ത ശാഖകളെ ഏകീകരിക്കുകയും അതിൽനിന്നും പുതിയ സിദ്ധാന്തങ്ങൾ ആവിഷ്‌കരിക്കുകയും മൂലകങ്ങളെ അവയുടെ വ്യത്യസ്ത സ്വഭാവങ്ങൾക്കനുസരിച്ച് വേർതിരിക്കുകയും ചെയ്യുക പോലോത്ത കാര്യങ്ങൾക്ക് തുടക്കമിട്ടത് ഇവരാണ് എന്നാണ് ആധുനിക ശാസ്ത്ര വാദം. അതുകൊണ്ട് രസതന്ത്രത്തിന്റെ പിതാവായി ലാവോസിയയും, ആവർത്തന പട്ടികയുടെ പിതാവായി മെൻഡലീവിനെയും, ആറ്റോമിക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ജോൺ ഡാൽട്ടനെയും പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
മുസ്‌ലിം നാഗരികതയുടെ സുവർണ കാലഘട്ടത്തിൽ രസതന്ത്ര ശാഖയിൽ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു ശൃംഖല തന്നെ ഉണ്ടായിരുന്നു. ആസൂത്രിതമായ തമസ്‌കരണത്തിന്റെ ഫലമായോ മറ്റോ ഇന്ന് പലരുടെയും ചരിത്രവും സംഭാവനകളും നാമാവശേഷമായി. എന്നിരുന്നാലും കാലമേറെ പിന്നിട്ടിട്ടും രസതന്ത്ര ലോകത്ത് പ്രശോഭിച്ചു നിൽക്കുന്ന ഒരു മുസ്‌ലിം പണ്ഡിതനുണ്ട്. അദ്ദേഹം രസതന്ത്ര ശാഖയിൽ നടത്തിയ വൈജ്ഞാനിക വിപ്ലവത്തിന്റെ വേരുകൾ അത്രത്തോളം ആഴ്ന്നിറങ്ങിയതാണ് തമസ്‌കരണത്തിനു വഴങ്ങാത്തതിനു നിദാനം. ഗീബർ എന്ന അപരനാമത്തിൽ പാശ്ചാത്യ ലോകത്ത് അറിയപ്പെടുന്ന അബൂമൂസ ജാബിർ ബിൻ ഹയ്യാനാണ് ആ രസതന്ത്ര പ്രതിഭ. എഡി 721-ൽ ഇറാഖിൽ ജനിച്ച അദ്ദേഹമാണ് റോമൻ പുരാണങ്ങളുമായും പേർഷ്യൻ ഇതിഹാസങ്ങളുമായും ഇടകലർന്നിരുന്ന രസതന്ത്രത്തെ വേർതിരിച്ച് ഒരു സ്വതന്ത്ര ശാസ്ത്രശാഖക്ക് ശില പാകിയത്. പ്രാചീന രസതന്ത്രത്തിന്റെ പിതാവായി ഇന്നും അംഗീകരിക്കുന്നത് ഇദ്ദേഹത്തെയാണ്.
ഇസ്‌ലാമിക നാഗരികതയുടെ സുവർണ കാലമെന്നറിയപ്പെടുന്ന എട്ട് മുതൽ പതിനാല് നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിൽ നിന്നുള്ള ആദ്യ നൂറ്റാണ്ടിലാണ് ഇബ്‌നു ഹയ്യാൻ ജീവിച്ചിരുന്നത്. പിൽക്കാലത്ത് രസതന്ത്ര മേഖലയിലുണ്ടായ ആധുനികവൽക്കരണത്തിൽ ഇബ്‌നു ഹയ്യാന്റെ വിലമതിക്കാനാവാത്ത വിയർപ്പു തുള്ളികൾ കലർന്നിട്ടുണ്ട്. ആധുനിക യൂറോപ്യൻ രസതന്ത്ര ശാഖകൾക്ക് അടിത്തറ പാകിയത് ഇബ്‌നുഹയ്യാന്റെ സിദ്ധാന്തങ്ങളാണെന്ന് പ്രശസ്ത ജർമൻ ചരിത്രകാരൻ മാക്‌സ് മെയർ ഹോഫ് വ്യക്തമാക്കുന്നുണ്ട്. ഇബ്‌നു ഹയ്യാന്റെ പല ഗ്രന്ഥങ്ങളും കുരിശുയുദ്ധാനന്തരം കടൽ മാർഗം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കട്ടു കടത്തി നശിപ്പിച്ചു കളയുകയോ വ്യത്യസ്ത ഭാഷകളിലേക്ക് വിവർത്തനം നടത്തുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ പ്രതിഫലമായിരിക്കും യൂറോപ്യൻ തീരങ്ങളിൽ ഇന്ന് ഉയർന്നുപൊങ്ങിയിരിക്കുന്ന തുറമുഖ നഗരങ്ങളുടെ അടിസ്ഥാനം.
പരീക്ഷണശാലകൾ അന്യമായിരുന്ന നാഗരിക ജനതക്ക് രസതന്ത്രത്തിന്റെ കലവറയായ പരീക്ഷണശാലയെ കുറിച്ച് ആദ്യമായി പഠിപ്പിച്ചു കൊടുത്തത് ഇബ്‌നു ഹയ്യാനാണ്. ‘രസതന്ത്രത്തിൽ ഏറ്റവും അനിവാര്യമായത് നിങ്ങൾ പ്രയോഗിക ജോലികൾ ചെയ്യുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ്, കാരണം, പ്രായോഗിക ജോലികളും പരീക്ഷണങ്ങളും നടത്താത്തവർക്ക് ഒരിക്കലും പാണ്ഡിത്യം നേടാനാകില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ തന്റെ ശാസ്ത്രാവബോധം സുവ്യക്തം. പദാർത്ഥ ശുദ്ധീകരണത്തിനായി അവലംബിക്കുന്ന ബാഷ്പീകരണം, സ്വേദനം, അംശിക സ്വേദനം പോലുള്ള പ്രക്രിയകളെ കുറിച്ച് അദ്ദേഹം കിതാബുൽ കീമിയ, കിതാബുൽ സബ്ഈൻ പോലുള്ള പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വ്യാവസായിക മേഖലകളിൽ ക്രൂഡോയിലിൽ നിന്നും പെട്രോൾ വേർതിരിക്കുന്നതിനും ചായങ്ങളിൽ നിന്ന് വർണങ്ങൾ വേർതിരിക്കുന്നതിനും ഇത്തരം രീതികൾ പ്രയോഗിക്കുന്നു. ലോഹങ്ങളും അലോഹങ്ങളുമായ നിരവധി മൂലകങ്ങളുടെ കണ്ടുപിടിത്തം, വാട്ടർപ്രൂഫ് തുണികളുടെ ഫർണിഷിങ്, മാംഗനീസ് ഡൈഓക്‌സൈഡ് കൊണ്ട് ഉണ്ടാക്കുന്ന ക്ഷമതയേറിയ ഗ്ലാസുകൾ വിവിധയിനം പെയിന്റുകൾ തുടങ്ങി ആധുനിക രസതന്ത്രത്തിലെ ഉൽപത്തിക്ക് വിത്തുപാകിയ കണ്ടുപിടിത്തങ്ങൾക്ക് പിന്നിലും ഇബ്‌നു ഹയ്യാനായിരുന്നു. പിരിയോഡിക് ടേബിളുകളെ കുറിച്ച് പറയുമ്പോൾ പലരും ഓർക്കുന്നത് റഷ്യൻ രസതന്ത്രജ്ഞൻ ദിമിത്രി ഇവാനോവിച്ച് മെൻഡലീഫിനെയായിരിക്കും. എന്നാൽ മൂലകങ്ങളെ അവയുടെ രാസസ്വഭാവമനുസരിച്ച് വേർതിരിക്കുന്നതിൽ, മെൻഡലീഫ് ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഇബ്‌നു ഹയ്യാൻ പരീക്ഷണങ്ങൾ നടത്തിയിരുന്നു. മൂലകങ്ങളെ മൊത്തം മൂന്നായി തിരിച്ചു അദ്ദേഹം. ചൂടാക്കുമ്പോൾ ബാഷ്പീകരിക്കുന്ന മൂലകങ്ങളെ സ്പിരിറ്റ് എന്ന ഗ്രൂപ്പിലും, സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് പോലോത്ത ലോഹ മൂലകങ്ങളെ മെറ്റൽ എന്ന രണ്ടാം ഗ്രൂപ്പിലും, പൊടിയാക്കി സൂക്ഷിക്കാൻ പറ്റുന്നവയെ സ്റ്റോൺസ് എന്ന മൂന്നാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുത്തി. ഇബ്‌നു ഹയ്യാന്റെ വർഗീകരണത്തിലുള്ള ഇത്തരം പൊതുസ്വഭാവങ്ങൾ ഇന്നത്തെ മോഡേൺ പീരിയോഡിക് ടേബിളിലും നമുക്ക് കാണാൻ സാധിക്കും. ഇവയിൽ ശുദ്ധ മൂലകങ്ങളെ തന്നെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ സഹ ഗ്രൂപ്പുകളായും തിരിച്ചു. ഇബ്‌നു ഹയ്യാന്റെ പഠന-ഗവേഷണങ്ങൾ ഒരുമിച്ചുകൂട്ടി ഇംഗ്ലീഷ് ചരിത്രകാരനായ ഏറിക്ക് ജോൺ ഹോൾമിയാർസ് ആണ് ആദ്യമായി അദ്ദേഹത്തെ പ്രാചീന രസതന്ത്രത്തിന്റെ പിതാവായി പ്രഖ്യാപിക്കുന്നത്. ഇബ്‌നു ഹയ്യാൻ രചിച്ച ഗ്രന്ഥസമാഹാരങ്ങളും വികസിപ്പിച്ചെടുത്ത വ്യത്യസ്ത പരീക്ഷണങ്ങളുമാണ് ഇങ്ങനെ വിശേഷിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ഏറിക്ക് തന്റെ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇബ്‌നു ഹയ്യാൻ രചിച്ച അനേകം വാള്യങ്ങളുള്ള ഗ്രന്ഥങ്ങൾ വിവിധ ലാറ്റിൻ-യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ആസിഡ്, ആൽക്കലി പോലെ അദ്ദേഹത്തിന്റെ കൃതികളിൽ നിന്നു സ്വാംശീകരിച്ചെടുത്ത പദങ്ങളാണ് പിന്നീട് ശാസ്ത്ര നിഘണ്ടുവിൽ ഒഴിച്ചുകൂടാത്ത നാമങ്ങളായി മാറിയത്.
രസതന്ത്രത്തിലും മറ്റു ശാസ്ത്ര വിഷയങ്ങളിലുമായി ആയിരത്തിലധികം പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം ഇബ്‌നു ഹയ്യാനുണ്ടായിരുന്നു. ഭൂരിഭാഗവും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഉമവിയ്യ-അബ്ബാസിയ ഭരണകൂടങ്ങൾ തമ്മിലുണ്ടായ സംഘട്ടനങ്ങൾക്ക് ഇബ്‌നു ഹയ്യാന്റെ ദേശവും സാക്ഷിയായി. അബ്ബാസിയ ഭരണകൂടത്തെ പിന്തുണച്ചതിനാലാണ് അദ്ദേഹത്തിന്റെ പിതാവായ ഹയ്യാനെ തൂക്കിലേറ്റിയത്. പിന്നീട് യമനിലേക്ക് നീങ്ങിയ അദ്ദേഹം അവിടെ വെച്ചാണ് മതപഠനവും ശാസ്ത്രീയ പഠനങ്ങളും സജീവമാക്കുന്നത്. പ്രസിദ്ധ അബ്ബാസീ ഖലീഫ ഹാറൂൻ റശീദിന്റെ കൊട്ടാരത്തിലെ പ്രമുഖ അൽക്കമിസ്റ്റായിരുന്നു ഇബ്‌നു ഹയ്യാൻ. എഡി 815-ൽ കൂഫയിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്.
നിരവധി സാഹിത്യകാരന്മാരും ചരിത്രകാരന്മാരും ഇബ്‌നു ഹയ്യാനെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. പ്രസിദ്ധ ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കോയ്‌ലോ ആൽക്കെമിസ്റ്റ് എന്ന നോവലിൽ ഗബർ എന്ന പേരിൽ ജാബിർ ഇബ്‌നു ഹയ്യാനെ പരിചയപ്പെടുത്തുന്നുണ്ട്. പ്രസിദ്ധ ബംഗാൾ സിനിമ സംവിധായകൻ സത്യജിത് റെ ‘പ്രൊഫസർ ഷോങ്കു’ എന്ന ചെറുകഥയിൽ ജാബിറിന്റെ കണ്ടെത്തലുകളെ കുറിച്ച് പരാമർശിക്കുന്നു.
യുക്തിചിന്തകരെന്ന് അവകാശപ്പെടുന്നവർ മതം ശാസ്ത്രത്തിന്റെ ശത്രുവാണെന്ന് സ്ഥാപിക്കാൻ ഉദ്യമിക്കുന്നതു കാണാം. ശാസ്ത്രം മതത്തിനോ മറിച്ചോ പ്രതിയോഗികളല്ലെന്നാണ് ഇത്തരം പണ്ഡിത പ്രതിഭകളുടെ ജീവിതവും സംഭാവനകളും ആവർത്തിച്ചു വ്യക്തമാക്കുന്നത്. ശാസ്ത്രത്തിന്റെ അവകാശികൾ തങ്ങളാണെന്ന് വാദിക്കുന്നവരോട് സഹതപിക്കാനേ ശാസ്ത്രബോധമുള്ളവർക്ക് സാധിക്കൂ. രസതന്ത്രത്തിന്റെ ഇന്നലെകളെ സമ്പന്നമാക്കിയ ഇബ്‌നു ഹയ്യാനെ പോലുള്ള മുസ്‌ലിം പ്രതിഭകളാണ് ആധുനിക ശാസ്ത്രത്തിന് അടിത്തറപാകിയതെന്നത് നിസ്തർക്കം പറയാനാവും. അടിത്തറ ബലപ്പെട്ടതിനു ശേഷം മീതെ കെട്ടിപ്പടുത്ത പലരും അത് കീഴ്‌പ്പെടുത്തിയെന്നു മാത്രം. അന്നൊന്നും സമുദായത്തിൽ നിന്ന് പ്രതിഭാധനർ ഉയർന്നുവരികയോ വളർത്തിയെടുക്കാൻ ആസൂത്രിതമായ ശ്രമമോ ഉണ്ടായില്ലെന്നത് ഖേദകരമായ വസ്തുത. ഭാവി കാലവും ഈ നഷ്ടഭൂതത്തിന്റെ തുടരാവർത്തനമാകാതിരിക്കാൻ സമകാല മുസ്‌ലിം നേതൃത്വം ശ്രദ്ധയൂന്നേണ്ടതുണ്ട്. പുതിയ ജാബിർ ർ ബ്ൻ ഹയ്യാൻമാരുടെ വിയർപ്പും ജീവശ്വാസവും അലിഞ്ഞു ചേർന്നതാവട്ടെ ഭാവിയിലെ രസതന്ത്ര സംഭാവനകൾ.

ഡോ. മുഹമ്മദ് ഷബീർ ദേലംപാടി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ