ഇമാം അബുൽ ഫതഹു സാവി(റ) അനുഭവ വിവരണം നടത്തുകയാണ്: ഒരിക്കൽ മസ്ജിദുൽ ഹറാമിലിരുന്ന് ഞാൻ ഉറക്കിലേക്ക് വഴുതി. തങ്ങൾ രചിച്ച ഗ്രന്ഥങ്ങളുമായി എത്തിയ പണ്ഡിതന്മാരാൽ നിബിഢമായ സദസ്സാണ് സ്വപ്നത്തിൽ കണ്ടത്. അടുത്തു കണ്ടവരോട് സദസ്സിനെ കുറിച്ചന്വേഷിച്ചപ്പോൾ മറുപടി കിട്ടി: മധ്യത്തിലുള്ളത് തിരുനബി(സ്വ)യാണ്. സ്വന്തം ഗ്രന്ഥങ്ങൾ തിരുമുമ്പിൽ വായിച്ച് അംഗീകാരം നേടാനായി വന്ന പണ്ഡിതന്മാരാണ് ചുറ്റും. നാല് മദ്ഹബിലെയും പണ്ഡിതന്മാർ ഓരോരുത്തരായി വന്ന് ഗ്രന്ഥങ്ങൾ പ്രവാചകർക്കു മുമ്പാകെ വായിച്ചു കൊണ്ടിരുന്നു. അവർക്കല്ലാം അവിടന്ന് അംഗീകാരം നൽകി. സദസ്സിലെ എല്ലാവരും അവരവരുടെ ഗ്രന്ഥങ്ങൾ വായിച്ച് അംഗീകാരം നേടി. അതുവരെ സദസ്സിന് പുറത്തുണ്ടായിരുന്ന പുത്തൻ വാദിയായ ഒരാൾ പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ച് എഴുതിയുണ്ടാക്കിയ വാറോല നബി(സ്വ)യുടെ മുമ്പിൽ വായിക്കാനായി അകത്തു കടക്കാൻ ശ്രമിച്ചപ്പോൾ സദസ്സിൽ നിന്നൊരു പണ്ഡിതൻ എഴുന്നേറ്റ് അദ്ദേഹത്തെ ആട്ടിയകറ്റി. മഹാനായ ഇമാം ഗസ്സാലി(റ) രചിച്ച വിശ്രുത ഗ്രന്ഥമായ ‘ഖവാഇദുൽ അഖാഇദ്’ എന്റെ കൈവശമുണ്ടായിരുന്നു. ഞാൻ വിനയ പുരസ്സരം അപേക്ഷിച്ചു: ‘യാ റസൂലല്ലാഹ്, ഇത് സുന്നത്ത് ജമാഅത്തിന്റെ വിശ്വാസം വിവരിച്ച് ഇമാം ഗസ്സാലി രചിച്ച കിതാബാണ്. അവിടുന്ന് എനിക്ക് അനുമതി നൽകിയാൽ ഞാനത് വായിക്കാം.’ അനുമതി ലഭിച്ചു. ഞാൻ വായന ആരംഭിച്ചു. ‘അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിക്കുന്നു. ഖവാഇദുൽ അഖാഇദ് എന്ന ഗ്രന്ഥമാണിത്. ഇതിൽ നാല് ഫസ് ലുകളുണ്ട്… രണ്ടാം വാചകത്തിന്റെ അർത്ഥം അത് നബി(സ്വ)യെ സാക്ഷ്യം വഹിക്കലാണ്. അധ്യാപന്റെ സഹായമില്ലാതെ കാര്യങ്ങളല്ലാം ഗ്രഹിച്ചവരായ, ഖുറൈശിയായ മുഹമ്മദ് നബി(സ്വ)യെ തന്റെ സന്ദേശവുമായി അല്ലാഹു സർവ അറബി, അനറബി, മനുഷ്യർ, ജിന്നുകൾ എല്ലാവരിലേക്കുമായി നിയോഗിച്ചു’. നബി(സ്വ)യുടെ മദ്ഹ് പറയുന്ന ഭാഗം വായിച്ചപ്പോൾ അവിടത്തെ മുഖം പ്രശോഭിതമായി. ‘ഗസ്സാലി എവിടെ?’ അവിടുന്ന് അന്വേഷിച്ചു. ‘ഞാനിവിടെയുണ്ട് റസൂലേ.’ ഇമാം വിനയാന്വിതനായി തിരുമുമ്പിലെത്തി സലാം പറഞ്ഞു. സലാം മടക്കിയ പ്രവാചകർ വിശുദ്ധ കരം ഇമാം ഗസ്സാലിക്ക് നീട്ടിക്കൊടുത്തു. ഇമാം തിരു കരം കവർന്ന് തുരുതുരാ ചുംബിച്ചു. പിന്നെ വിശുദ്ധ കരം തന്റെ ഇരു കവിളിലും വെച്ചു ബറകത്തെടുത്തു (തബ്‌യീനു കദ്ബിൽ മുഫ്തരി, മിർആതുൽ ജിനാൻ).
ഹുജ്ജതുൽ ഇസ്‌ലാം, സൈനുദ്ദീൻ എന്നീ സ്ഥാന നാമങ്ങൾ നൽകി വിശ്വാസി ലോകം ആദരിച്ച ഇമാം ഗസ്സാലി(റ) ജനിക്കുന്നത് ക്രി.വ 1059-ൽ ത്വൂസിലാണ്. സൽജൂഖികളുടെ പ്രതാപ കാലത്താണ് ഇമാമിന്റെ ജീവിതം. മധ്യേഷ്യയിൽ നിന്നു വന്ന് ഖുറാസാനിൽ താമസമുറപ്പിച്ച തുർക്കി വംശജരാണ് സൽജൂഖികൾ. മസ്ഊദ് ഗസ്‌നിയെ പരാജയപ്പെടുത്തി പിന്നീട് അവർ ഖുറാസാന്റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
പൂർണനാമം മുഹമ്മദുബ്‌നു മുഹമ്മദു ബ്‌നു മുഹമ്മദുബ്‌നു അഹ്‌മദ്(റ). കുടുംബം പരമ്പരാഗതമായി നൂൽനൂൽപിലേർപ്പെട്ടിരുന്നതിനാൽ ‘ഗസ്സാലി’ എന്ന പേരിൽ അറിയപ്പെട്ടു. ഖുറാസാനിലെ ‘ഗസാൽ’ എന്ന ഗ്രാമത്തിലേക്ക് ചേർത്താണ് ഈ പേരിൽ അറിയപ്പെട്ടതെന്നും അഭിപ്രായമുണ്ട്. ദരിദ്ര കുടുംബത്തിലായിരുന്നു ഇമാമിന്റെ ജനനം. ഭക്തനും സൂഫിയുമായിരുന്ന പിതാവ് അധ്വാനിച്ച് കിട്ടിയത് കൊണ്ട് കുടുംബം പുലർത്തി. ഒരാളിൽ നിന്നും ഔദാര്യം സ്വീകരിച്ചിരുന്നില്ല.
മരണാസന്നനായപ്പോൾ സൂഫിയായ തന്റെ സുഹൃത്തിനോട് മക്കളായ മുഹമ്മദിനെയും അഹ്‌മദിനെയും സംരക്ഷിക്കാൻ വസ്വിയ്യത്ത് ചെയ്തു. തന്റെ കൈവശം ആകെയുണ്ടായിരുന്ന പണം സുഹൃത്തിനെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ പിതാവിന്റെ സുഹൃത്തിന്റെ സംരക്ഷണയിൽ ഇമാമും സഹോദരനും വളർന്നു. പിതാവ് ഏൽപ്പിച്ച പണം തീർന്നപ്പോൾ ചെലവിന് മാർഗം കാണാനാവാതെ ദരിദ്രനായ അദ്ദേഹം കുട്ടികളെ മദ്‌റസയിൽ ചേർത്തു. അവിടെ നിന്നു കിട്ടിയ ഭക്ഷണമാണ് പിന്നീടു വിശപ്പു മാറ്റാൻ സഹായകമായത്. മദ്‌റസ പഠനത്തിന് ശേഷം ജുർജാനിൽ നിന്ന് ഇമാം അബൂനസ്വ്‌റുൽ ഇസ്മാഈലി(റ)യിൽ നിന്നും, നൈസാബൂരിൽ വെച്ച് ഇമാമുൽ ഹറമൈനി(റ)യിൽ നിന്നും പഠനം നടത്തി. വിജ്ഞാനത്തിന്റെ മഹാസാഗരമായ ഇമാമുൽ ഹറമൈനി(റ)ന്റെ അരികിലുള്ള ദീർഘ കാലത്തെ പഠനം ഗസ്സാലി(റ)നെ ആ നൂറ്റാണ്ടിന്റെ സമുദ്ധാരകനാക്കി മാറ്റി.
സൽജൂഖ് ഭരണാധികാരി മാലിക് ഷായുടെ മന്ത്രി നിളാമുൽ മുൽകിന്റെ പണ്ഡിത സദസ്സിൽ ഇമാം ഗസ്സാലി(റ) അംഗമായിരുന്നു. മത വിഷയങ്ങൾക്കു പുറമെ തത്ത്വചിന്തയിലും അഗാധ ജ്ഞാനിയായിരുന്ന ഇമാമവർകൾ എല്ലാ സംവാദങ്ങളിലും വൈജ്ഞാനിക ചർച്ചകളിലും മുന്നിട്ടുനിന്നു. ഹിജ്‌റ 484-ൽ ബഗ്ദാദിലെ നിളാമിയ മദ്‌റസയുടെ തലവനായി നിയമിക്കപ്പെട്ടു.അന്ന് അദ്ദേഹത്തിന് 34 വയസ്സായിരുന്നു പ്രായം. അക്കാലത്ത് ഒരു പണ്ഡിതന് ലഭിക്കാവുന്ന ഏറ്റവും വലിയ പദവിയാണ് നിളാമിയയുടെ തലവനാവുക എന്നത്.
വിജ്ഞാനത്തിന്റെ മഹാഗോപുരമായ ഇമാമിനെ തേടി ജ്ഞാനദാഹികൾ ബഗ്ദാദിലേക്കൊഴുകി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ എല്ലാം ഒഴിവാക്കി മഹാനവർകൾ ഡമസ്‌കസിലേക്ക് പോയി. അവിടെ രണ്ടു വർഷം ഏകാഗ്രതയിലും ആത്മീയ പരിശീലനത്തിലും കഴിഞ്ഞ ശേഷം ബൈത്തുൽ മുഖദ്ദസിലേക്കും പിന്നീട് ഹജ്ജ് നിർവഹ ണാർത്ഥം മക്കയിലേക്കും യാത്രയായി. പിന്നീട് അലക്‌സാൺഡ്രിയയിലെത്തി പത്ത് വർഷം കഴിഞ്ഞു. ശേഷം സ്വദേശമായ ത്വൂസിൽ തിരിച്ചെത്തി വൈജ്ഞാനിക സേവനങ്ങളിൽ മുഴുകി. ഹി: 505 ജമാദുൽ ആഖർ 14-ന് തിങ്കളാഴ്ച ത്വൂസിന്റെ തലസ്ഥാന നഗരിയായ ത്വബറാനിൽ വെച്ച് വഫാതായി.

രചനാ ലോകം

മതവിദ്യ പിൽകാലക്കാർക്ക് കൈമാറാൻ വിജ്ഞന്മാർ അവലംബിച്ച പ്രധാന വഴിയാണ് ഗ്രന്ഥരചന. വൈജ്ഞാനിക പ്രതിഭയായ ഗസ്സാലി(റ)യുടെ തൂലിക വിശ്രമരഹിതമായി ചലിച്ചുകൊണ്ടേയിരുന്നു. അറബിയിലും മാതൃഭാഷയായ പേർഷ്യനിലുമായി നിരവധി ഗ്രന്ഥങ്ങൾ പിറന്നു. വിവിധ വിജ്ഞാന ശാഖകളിലായി അത് വ്യാപരിച്ചു. ഇമാമവർകളുടെ രചനാശൈലി ഹൃദ്യമാണ്. കാവ്യാത്മകവും. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അവയുടെ വായനാ ക്ഷമതക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഇമാമിന്റെ ഗ്രന്ഥങ്ങൾ ആധുനിക കാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന പൗരാണിക മുസ്‌ലിം ഗ്രന്ഥങ്ങളിൽ പെടുന്നു. വിവിധ ജ്ഞാനശാഖകളിലായി നൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നാനൂറിൽപരം ഗ്രന്ഥങ്ങൾ ഇമാം രചിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും വേണ്ടത്ര തെളിവുകൾ ലഭ്യമല്ല. അതേസമയം തങ്ങളുടെ രചനക്ക് പ്രചാരം കിട്ടുന്നതിന് വേണ്ടി പല ഗ്രന്ഥകാരന്മാരും സ്വന്തം രചനകൾ ഇമാം ഗസ്സാലി(റ)ന്റെ പേരിൽ പ്രസിദ്ധ പ്പെടുത്തിയിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്.
അഞ്ചാം നൂറ്റാണ്ടിന്റെ മുജദ്ദിദായ ഇമാം ഗസ്സാലി(റ) തന്റെ സമുദ്ധാരണ പ്രവർത്ത നങ്ങൾക്ക് ആയുധമാക്കിയത് തൂലികയായിരുന്നു. കർമശാസ്ത്രം, നിദാന ശാസ്ത്രം, തർക്ക ശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രം, തസ്വവ്വുഫ് തുടങ്ങി നിരവധി ജ്ഞാനശാഖകളിൽ പ്രൗഢമായ രചനകൾ ഇമാമിന്റേതായുണ്ട്.

ഇഹ്‌യാ ഉലൂമിദ്ദീൻ

ഇമാം ഗസ്സാലി(റ)ന്റെ മാസ്റ്റർ പീസ് രചന യാണിത്. വിജ്ഞാന രംഗത്തുള്ളവരുടെ നാവിന്മേൽ തത്തിക്കളിക്കുന്ന ശ്രദ്ധേയ കൃതി. പ്രാമാണികതയിൽ ഊന്നിനിന്നാണ് ഗസ്സാലി(റ) ഇഹ്‌യയുടെ രചന നിർവഹിച്ചത്. മതത്തിന്റെ സർവ തലങ്ങളെയും സ്വാംശീകരിക്കുന്ന വിജ്ഞാന കർമകാണ്ഡങ്ങളുടെ മഹാ ചക്രവാളമാണത്. നൂറ്റാണ്ടുകൾ ഏറെ കഴിഞ്ഞിട്ടും ഇഹ്‌യ തത്ത്വജ്ഞാനങ്ങളുടെ പറുദീസയായി ഇന്നും നിലകൊള്ളുന്നു. പണ്ഡിത ലോകത്തിന്റെ പ്രശംസയും അംഗീകാരവും വേണ്ടുവോളം ലഭിച്ചു ഇഹ്‌യക്ക്. ഇമാം സുബ്കി(റ) കുറിക്കുന്നു: ‘ഇഹ്‌യയേക്കാൾ ചിന്തോദ്ദീപകമായ മഹദ് വചനങ്ങളും പ്രാമാണിക തെളിവുകളും കൊണ്ട് സമൃദ്ധമായ മറ്റൊരു ഗ്രന്ഥം ആരും രചിച്ചതായി എനിക്കറിയില്ല.’ അബൂബക്കറുൽ ഖാസറൂനി(റ) പറയുന്നു: ‘ഇഹലോകത്തെ വിദ്യകളെല്ലാം നശിച്ചു പോയാലും ഇഹ്‌യ അവശേഷിക്കുന്നുവെങ്കിൽ അതിലൂടെ സർവ വിജ്ഞാനത്തെയും പുനരുദ്ധരിക്കാൻ കഴിയും.’
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) അദ്കിയയിൽ പറയുന്നു: ‘സഹോദരാ, ഇഹ്‌യ പാരായണം ചെയ്യുക. അതിൽ സർവ രോഗത്തിനും ശമനമുണ്ട്’. ആത്മീയവും ഭൗതികവും അനുഷ്ഠാനപരവുമായ ആശയ വൈജാത്യങ്ങളെ മതത്തിന്റെ അടിസ്ഥാന ശാസ്ത്രത്തിലൂടെ വിവരിക്കുന്ന സവിശേഷ രചനാശൈലിയാണ് ഗസ്സാലി ഇമാം ഇഹ്‌യയിൽ സ്വീകരിച്ചിരിക്കുന്നത്.
ബാഗ്ദാദിലെ ഉന്നത പദവി ഉപേക്ഷിച്ച് ഇമാം നീണ്ട ദേശസഞ്ചാരത്തിൽ ഏർപ്പെട്ടപ്പോഴാണ് ഈ അനുഗൃഹീത രചന നടക്കുന്നത്. നാല് വാള്യങ്ങളുള്ള ഈ ഗ്രന്ഥത്തിലൂടെ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പുനരുജ്ജീവനമാണ് ഗസ്സാലി(റ) ലക്ഷ്യമാക്കുന്നത്. വിശ്വാസം, അനുഷ്ഠാനങ്ങൾ, ആത്മസംസ്‌കരണം, പെരുമാറ്റ മര്യാദകൾ, വിജ്ഞാനം, മരണാന്തര ജീവിതം, സാമ്പത്തിക ഇടപാടുകൾ, വ്യാപാരം, വിവാഹം, സ്‌നേഹം, സാഹോദര്യം, ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള ഉത്തരവാദിത്വം, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ തുടങ്ങി ദീനുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെല്ലാം ഇഹ്‌യയുടെ ഇതിവൃത്തങ്ങളാണ്.
കാലഘട്ടം ആവശ്യപ്പെട്ട ചരിത്ര ദൗത്യനിർ വഹണമാണ് ഇഹ്‌യയുടെ രചനയിലൂടെ ഇമാം ഗസ്സാലി(റ) നിർവഹിച്ചത്. ഇമാമിന്റെ കാലത്ത് സമൂഹത്തിന് സംഭവിച്ച അപചയമാണ് ഇത്തരമൊരു രചനക്ക് പ്രചോദനമായതെന്ന് ആമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ആളുകളുടെ വലുപ്പം നോക്കാതെ ദീൻ തുറന്ന് പറയുക എന്ന അടിസ്ഥാനപരമായ ഉത്തരവാദിത്വം ചില പണ്ഡിതന്മാർ നിർവഹിക്കാതിരിക്കുകയും അവർ അധികാ രികളുടെ താൽപര്യത്തിനൊത്ത് മതവിധി പറയുന്നവരായി അധ:പതിക്കുകയും ചെയ്യുന്നത് കണ്ട് ഇമാം വേദനിക്കുന്നുണ്ട്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പണ്ഡിതന്മാർ സത്യം മൂടിവെക്കുമ്പോൾ ജനങ്ങൾക്ക് അത് അറിയാൻ കഴിയില്ല. മുൻഗാമികൾ പഠിപ്പിച്ച യഥാർത്ഥ സന്മാർഗം പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി ആരാധനാ കർമങ്ങൾ, നടപടി ക്രമങ്ങൾ, നാശത്തിലേക്ക് നയിക്കുന്നവ, രക്ഷാമാർഗങ്ങൾ എന്നീ നാല് ഖണ്ഡങ്ങൾ ഉൾകൊള്ളുന്ന, ഓരോ ഖണ്ഡത്തിലും പത്ത് അധ്യായങ്ങളടങ്ങുന്ന ഒരു ഗ്രന്ഥം രചിക്കുകയാണ് എന്ന് ഇമാം വിവരിച്ചു.
പരക്കെ സ്വീകാര്യത നേടിയ ഈ നിസ്തുല ഗ്രന്ഥത്തിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനമുയരുകയുണ്ടായി. തങ്ങൾക്കെതിരെയുള്ള ശക്തമായ വിമർശനമായി ഇമാമിന്റെ സമകാലികരായ ചില പണ്ഡിതന്മാർ ഇഹ്‌യയെ നോക്കിക്കാണുകയുണ്ടായി. സ്‌പെയ്‌നിൽ ഇഹ്‌യയുടെ പ്രതികൾ അഗ്‌നിക്കിരയാക്കപ്പെട്ടു. അബുൽ ഹസൻ ഇബ്‌നു ഹിർസഹിം, ഇഹ്‌യക്കെതിരെ വലിയ വിമർശനം തന്നെ ഉന്നയിച്ചു. സുന്നത്തിനെതിരെയുള്ള പുത്തൻവാദമാണ് ഈ രചന എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. തൊട്ടടുത്ത ദിവസം അദ്ദേഹം തിരുനബി(സ്വ)യെ സ്വപ്നം കണ്ടു. അവിടത്തോടൊപ്പം അബൂബക്കർ(റ), ഉമർ(റ) എന്നിവരുമുണ്ട്. ഇഹ്‌യയും പിടിച്ച് ഇമാം ഗസ്സാലി(റ)യുമുണ്ടവിടെ. ഇബ്‌നു ഹിർസഹീമിനെ കണ്ടപ്പോൾ ഇമാം ഗസ്സാലി(റ) നബി(സ്വ)യോട് പരാതി പറഞ്ഞു: ‘ഇദ്ദേഹം എന്റെ ഇഹ്‌യയെ അനാവശ്യമായി വിമർശിക്കുന്നുണ്ട്. അപ്പോൾ നബി(സ്വ) ഇഹ്‌യ വാങ്ങി പരിശോധിച്ചു. സ്ഖലിതമുക്തമായ രചനയാണതെന്ന് അംഗീകാരം നൽകുകയും അതിനെ വിമർശിച്ച ഇബ്‌നു ഹിർസഹിമിന് ശിക്ഷ നൽകാൻ ഉത്തരവിടുകയും ചെയ്തു. അദ്ദേഹം ഉറക്കിൽ നിന്ന് ഉണർന്നപ്പോഴും കിട്ടിയ ശിക്ഷയുടെ പാട് ശരീരത്തിൽ കാണാമായിരുന്നു (ഇർശാദുൽ യാഫിഈ, ത്വബഖാതുൽ കുബ്‌റ).

ഇസ്തിഗാസ

മഹാന്മാരോടുള്ള സഹായാർത്ഥന എന്ന ഇസ്തിഗാസ പുണ്യകർമമാണെന്നത് മുസ്‌ലിം ലോകത്ത് അവിതർക്കിതമായ കാര്യമാണ്. വിശുദ്ധ ഖുർആൻ, തിരുഹദീസ് തുടങ്ങി ഇസ്‌ലാമിക പ്രമാണങ്ങളിൽ അതിന് തെളിവുകൾ കാണാം. മുൻഗാമികളായ മഹാന്മാർ ഇസ്തിഗാസ ചെയ്തവരും അത് പ്രോത്സാഹിപ്പിച്ചവരുമാണ്. എന്നാൽ വിശ്വാസികൾക്കിടയിൽ വിഭാഗീയതയുടെ വിത്ത് പാകി കടന്നുവന്ന പുത്തൻവാദികൾ ഇസ്തിഗാസ ശിർക്കാണെന്ന് ജൽപ്പിച്ചു പ്രമാണങ്ങളെ ചോദ്യം ചെയ്യുകയുണ്ടായി.
അത്തരക്കാരുടെ വായടപ്പിച്ച് ഇമാം ഗസ്സാലി(റ) ഒരു ഹദീസ് ഇഹ്‌യയിൽ കൊണ്ടുവരുന്നുണ്ട്: ‘ആഇശ(റ)യിൽ നിന്നു നിവേദനം. അബൂബക്കർ(റ) ‘സുൻഹ്’ എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന് കുതിരപ്പുറത്തേറി പള്ളിയിൽ വന്നു. ജനങ്ങളോട് ഒന്നും സംസാരിക്കാതെ അദ്ദേഹം ആഇശ(റ)യുടെ വീട്ടിൽ കടന്ന് പുതപ്പിട്ട് മൂടിയ നബി(സ്വ)യുടെ അരികിൽ വന്ന് മുഖത്തെ വസ്ത്രം നീക്കി. തിരുനബിയെ ചുംബിച്ച് കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു രണ്ട് മരണം അങ്ങേക്ക് ഒരുമിച്ച് കൂട്ടിയിട്ടില്ല. അങ്ങേക്ക് അവൻ കണക്കാക്കിയ മരണം അങ്ങ് വരിച്ചിരിക്കുന്നു. അങ്ങയുടെ രക്ഷിതാവിന്റെ അരികിൽ ഞങ്ങളുടെ കാര്യം പറയുക. അങ്ങയുടെ മനസ്സിൽ ഞങ്ങളുണ്ടാവണം.’
വഫാതിന് ശേഷം അമ്പിയാക്കൾ കേൾക്കുകയില്ല എന്നും അവരോട് സഹായം ചോദിക്കൽ പാടില്ലാത്തതാണെന്നും വാദിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന ഹദീസാണിത്. ഇതേ ആശയം മറ്റൊരു ഗ്രന്ഥത്തിലും ഇമാം പറയുന്നുണ്ട്. ‘അമ്പിയാക്കളുടെയും മഹാന്മാരുടെയും ദർഗകളുമായി സാമീപ്യം പുലർത്തുന്നതിന്റെ ലക്ഷ്യം സിയാറത്തും സഹായം തേടലുമാണ്. നബിമാരുടെയും മറ്റു മഹാന്മാരുടെയും ആത്മാക്കളോട് അല്ലാഹുവിൽ നിന്നുള്ള പാപമോചനവും ആവശ്യപൂർത്തീകരണ വും ആവശ്യപ്പെടലാണ് സഹായം തേടൽ. ഇതിന് ശഫാഅത്ത് തേടൽ എന്നാണ് പറയുക. ഇതുണ്ടാവാൻ ഒരു ഭാഗത്തു നിന്ന് സഹായം തേടലും മറുഭാഗത്ത് നിന്ന് സഹായിക്കലുമുണ്ടാവേണ്ടതുണ്ട്. ദർഗ സന്ദർശനത്തിന് ഈ രണ്ട് ഘടകങ്ങളുമു ണ്ടാകുന്നതിനാൽ വലിയ പ്രതിഫലമുണ്ട്. അഭൗതിക മാർഗത്തിലൂടെ സിയാറത്ത് ചെയ്യപ്പെടുന്ന മയ്യിത്തിനോട് ഒരാൾ സഹായം തേടുന്നപക്ഷം അതൊരിക്കലും അനാവശ്യമാകുന്നില്ല. അതു വലിയ പ്രതിഫലാർഹമായ കാര്യമാണന്നതിൽ തർക്കമില്ല (അൽമള്‌നൂൻ: 113).

കീമിയാഉസആദ

ഇമാം ഗസ്സാലി(റ) തസ്വവ്വുഫിനെ സമീപിച്ചത് മുൻഗാമികളെ അപേക്ഷിച്ച് അഴമേറിയ ദാർശനിക വ്യാഖ്യാനം നൽകിയാണ്. ഇഹ്‌യക്ക് ഇമാമവർ കൾ തന്നെ പേർഷ്യൻ ഭാഷയിലെഴുതിയ സംഗ്രഹമാണ് കീമിയാഉസആദ. രസതന്ത്രത്തിന്റെ ആദിരൂപമായ ആൽക്കെമിയുടെ പേർഷ്യൻ/ അറബി രൂപമാണ് കീമിയ എന്നത്. സംസ്‌കരണ ത്തിലൂടെ സാധാരണ ലോഹത്തെ സ്വർണ്ണ മാക്കുന്ന വിദ്യയാണ് ആൽക്കമി എന്നാണ് കരുതപ്പെട്ടിരുന്നത്. മനുഷ്യനെ സംസ്‌കരിച്ച് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വിദ്യ എന്ന അർത്ഥത്തിലാണ് തസ്വവ്വുഫിനെ ആൽക്കെമി എന്ന് വിശേഷിപ്പിക്കുന്നത്. അസംസ്‌കൃതനായ മനുഷ്യനെ സംസ്‌കൃതനാക്കാനുതകുന്ന കാര്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥം എന്ന നിലക്കാണ് ഗസ്സാലി(റ) ഇങ്ങനെ നാമകരണം ചെയ്തത്. സആദ എന്നാൽ വിജയം/ആനന്ദം. ആനന്ദത്തിന്റെ രസതന്ത്രം. നാലു ഖണ്ഡങ്ങളിലായി 40 അധ്യായങ്ങളാണ് ഇതിൽ ക്രമീകരിച്ചിട്ടുള്ളത്. വിവിധ ലോക ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അൽമുൻഖിദു മിനള്ളലാൽ

‘പിഴച്ച വഴിയിൽ നിന്ന് രക്ഷപ്പെടൽ’ എന്നാണ് ഗ്രന്ഥനാമത്തിനർത്ഥം. ഇമാമിന്റെ ആത്മകഥാംശമുള്ള രചനയായി ഇതിനെ ഗണിക്കാം. വിവിധ ചിന്താസരണികൾ പിന്നിട്ട് തസ്വവ്വുഫിന്റെ തീരത്തണഞ്ഞ ഗസ്സാലി(റ)നോട് ഒരു ശിഷ്യൻ കത്തെഴുതി പ്രധാനമായും നാല് ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. സൈദ്ധാന്തിക ദൈവ ശാസ്ത്രത്തിൽ നിന്ന് എന്ത് പഠിച്ചു? സത്യാന്വേഷണത്തെ ഗുരുവിനെ അനുകരിക്കുന്നതിൽ പരിമിതപ്പെടുത്തിയ അധ്യാപനങ്ങളിൽ നിന്ന് എന്ത് പഠിച്ചു? തത്ത്വചിന്തകളെ തമസ്‌കരിച്ചത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് സൂഫി ആശയങ്ങളെ പൂർണമായും സ്വീകരിച്ചത്?
ഈ നാല് ചോദ്യങ്ങൾക്കുള്ള വിശദമായ മറുപടിയാണീ രചന. തന്റെ സത്യാന്വേഷണ ഘട്ടത്തിലുണ്ടായ ആത്മസംഘർഷങ്ങൾ കൃത്യമായി വിവരിക്കുന്നുണ്ട് ഇമാം. മറ്റു ചിന്താസരണികളേക്കാൾ സൂഫിസത്തിന്റെ മേന്മയും സത്യം ഗ്രഹിക്കാൻ നബിമാരിൽ വിശ്വസിക്കണമെന്നും അതിന്റെ അനിവാര്യതയും ഹൃദയസ്പർക്കായി ഗസ്സാലി(റ) വിശദീകരിക്കുന്നു. നിറഞ്ഞൊഴുകുന്ന വിവിധ നദികൾ സംഘർഷ കലുഷിതമായ മഹാസമുദ്രത്തിൽ കൂടിച്ചേരുന്നു. പിന്നീട് ആ മഹാസമുദ്രം ശാന്തമാവുകയും ചെയ്യുന്നു. അതുവഴി തന്റെ ജീവിത യാത്രകളെ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഇമാം.

ഫൈസ്വലുത്തഫ്‌രീഖ
ബൈനൽ ഇസ്‌ലാമി വസ്സൻദഖ

ഒരു ശിഷ്യന്റെ കത്തിന് ഇമാമവർകൾ നൽകിയ വിശദമായ മറുപടിയാണ് ഈ കിതാബ്. ഗസ്സാലി(റ)വിന്റെ ഇഹ്‌യ അടക്കമുള്ള പല രചനകളും പുറത്തുവന്നതോടെ ചിലർ അദ്ദേഹത്തി നെതിരെ ശത്രുതാപരമായ വിമർശനം ഉന്നയിച്ചു. ഇൽമുൽ കലാമിൽ അശ്അരി ത്വരീഖത്തിൽ നിന്ന് വിഭിന്നമായ ചില വീക്ഷണങ്ങൾ ഇമാം ഗസ്സാലി അവതരിപ്പിച്ചിരുന്നു. വീക്ഷണ വ്യത്യാസങ്ങളും ആശയ സംവാദങ്ങളും ചർച്ചകളും പണ്ഡിതന്മാർക്കിടയിൽ അസാധാരണമല്ല. അൽപജ്ഞാനികൾ അതിൽ കയറി പക്ഷംപിടിച്ച് പണ്ഡിതന്മാരെ തരംതിരിച്ച് അധിക്ഷേപിക്കുന്നത് മഹാ അപകടമാണ്. അത്തരക്കാരിൽപ്പെട്ട ചിലർ ഇമാമിനെതിരെ പരിഹാസം ചൊരിയുന്നത് ഒരു ശിഷ്യൻ കേൾക്കാനിടയായി. അദ്ദേഹം വേദനയോടെ ഇക്കാര്യം വന്ദ്യഗുരുവിനെ കത്തെഴുതി അറിയിച്ചു. കത്ത് വായിച്ച ഇമാം പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസങ്ങൾ വരുന്ന വഴി രസകരമായ ഒരു ഉപമയിലൂടെ വിവരിച്ചുകൊണ്ട് ശിഷ്യന് മറുപടി കുറിച്ചു: ഒരാൾ ദൂരെ നിന്ന് ഒരു ചൂട്ട് കത്തിച്ച് വരുന്നുവെന്ന് സങ്കൽപ്പിക്കുക. പല ഘട്ടങ്ങളിലായി അദ്ദേഹത്തെ കാണുന്ന പലരും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ പലതായിരിക്കും. അകലെ നിന്ന് ചൂട്ടുമായി വരുന്ന അദ്ദേഹത്തെ കണ്ടയാൾ പറയുക ‘ഒരു പ്രകാശ ഗോളം നേർരേഖയിൽ വരുന്നതായി ഞാൻ കണ്ടു’ എന്നായിരിക്കും. എന്നാൽ അദ്ദേഹം ചൂട്ട് ആഞ്ഞ് വീശുന്ന ഘട്ടത്തിൽ കണ്ട വ്യക്തി പറയും; ‘ഒരു പ്രകാശ ഗോളം മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നതായി ഞാൻ കണ്ടു’. ചൂട്ട് എതിർദിശയിലേക്ക് വീശുന്ന സമയത്ത് അയാളെ കാണാനിടയായ വ്യക്തി പറയുന്നത് ‘ഒരു പ്രകാശ ഗോളം ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കുന്ന ത് ഞാൻ കണ്ടു’ എന്നായിരിക്കും. ഇവിടെ മൂന്ന് പേരും പറഞ്ഞത് ശരിയാണ്. മൂവരും മൂന്ന് സമയത്താണ് അത് കണ്ടതെന്നു മാത്രം. ഈ വസ്തുത മനസ്സിലാക്കാതെ അവരെ ഗ്രൂപ്പ് തിരിഞ്ഞ് ആക്ഷേപിക്കുന്നത് നിരർത്ഥകമാണ്. ഇത്തരം നിരർത്ഥകമായ തർക്കങ്ങളിൽ ഏർപ്പെടു ന്നവരെ നേർവഴിയിൽ എത്തിക്കുക പ്രയാസകരമാണ്. ഇമാം വിശദീകരിക്കുന്നു: വസ്തുക്കൾക്ക് അഞ്ച് തരത്തിലുള്ള അസ്ഥിത്വങ്ങളുണ്ട്. ദൃശ്യ വസ്തുക്കൾ, സങ്കൽപ വസ്തുക്കൾ, ധാരണയിൽ നിൽക്കുന്നവ, ബുദ്ധിയിലുള്ളത്, സാദൃശ്യ വസ്തുക്കൾ എന്നിവയാണവ. ഇവ ഗ്രഹിച്ചാൽ അഭിപ്രായ ഭിന്നതകളിലുള്ള തർക്കങ്ങൾ ഒഴിവാക്കാം. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം കുഫ്ർ ആരോപിക്കുന്നതിനെതിരെ ഗസ്സാലി(റ) ഈ രചനയിൽ ശക്തമായ നിലപാടെടുത്തു.

അയ്യുഹൽ വലദ്

‘ഹേ, കുട്ടീ’ എന്നർത്ഥം വരുന്ന ഈ ചെറുഗ്രന്ഥം ഇമാം ഗസ്സാലി(റ) ഒരു ശിഷ്യനെ ഉപദേശിച്ചുകൊണ്ട് എഴുതിയ കത്താണ്. കർമ രഹിതമായ അറിവ് പ്രയോജനരഹിതമാണെന്നും പഠനം കൊണ്ടുള്ള ലക്ഷ്യം പരലോക വിജയമല്ലാതെ പ്രശസ്തിയോ മറ്റു ഭൗതിക നേട്ടങ്ങളോ ആവരുതെന്നും ഇമാം ഇതിലൂടെ ശിഷ്യനെ ഉപദേശിക്കുന്നു. ധാരാളം അറിവുള്ള ഒരാൾ മരുഭൂമിയുടെ വിജനതയിൽ എത്തിപ്പെട്ടവനെ പോലെയാണ്. അദ്ദേഹത്തിന്റെ കൈവശം നല്ല വാളുണ്ട്. പക്ഷേ തന്നെ ആക്രമിക്കാൻ വരുന്ന സിംഹത്തിനു മുമ്പിൽ ആ വാള് ഉപയോഗപ്പെടുന്നില്ല. എങ്കിൽ ആ വാള് കൊണ്ടെന്ത് നേട്ടം? കർമരഹിതമായ അറിവും ഇതുപോലെ ഉപയോഗശൂന്യമാണ്. ശരീരം പക്ഷിക്കൂട് പോലെയാണ്. അത് തുറക്കുന്നപക്ഷം പക്ഷി പറന്നകലും. മൃഗങ്ങളെ പോലെ മനുഷ്യൻ അധ:പതിക്കരുത്.
തുടർന്ന് ഇമാം ശിഷ്യനെ ഇങ്ങനെ തെര്യപ്പെടുത്തുന്നു: മോനേ, ആത്മീയോന്നതി തേടി സഞ്ചരിക്കുമ്പോൾ നാല് കാര്യങ്ങൾ അനുവർത്തിക്കുകയും നാല് കാര്യങ്ങൾ ഉപേക്ഷിക്കുകയും വേണം. അനുവർത്തിക്കേണ്ടവ ഇവയാണ്: 1. അല്ലാഹുവിനെ സ്‌നേഹിക്കുക. 2. ജനങ്ങളെ സേവിക്കുക. 3. ആത്മീയ വളർച്ചയെ ത്വരിതപ്പെടുത്തുന്ന നല്ല ഗ്രന്ഥങ്ങൾ പാരായണം ചെയ്യുക. 4. ഒരു വർഷത്തേക്ക് ആവശ്യമായ ജീവിത വിഭവങ്ങൾ മാത്രം ശേഖരിക്കുക. വർജിക്കേണ്ട നാല് കാര്യങ്ങൾ: 1. ആരുമായും തർക്കത്തിൽ ഏർപ്പെടാതിരിക്കുക. 2. അവനവനെ മറന്ന് മറ്റുള്ളവരെ ഉപദേശിക്കരുത്. 3. അധികാരികൾ, പണക്കാർ എന്നിവരെ അവർ അർഹിക്കാത്ത വിധം പ്രശംസിക്കരുത്. 4. പ്രമാണിമാരുടെ സമ്മാനങ്ങളും സഹായങ്ങളും സ്വീകരിക്കരുത്.
പഠനം പൂർത്തിയാക്കിയ ഒരു ശിഷ്യൻ തന്റെ അറിവ് എങ്ങനെ പരലോകത്തെ ശാശ്വത വിജയത്തിനായി ഉപയോഗപ്പെടുത്താമെന്ന് അന്വേഷിച്ച് കത്തെഴുതിയപ്പോഴാണ് ഇമാമിന്റെ ഈ ഗ്രന്ഥം പിറക്കുന്നത്.

മഖാസ്വിദുൽ ഫലാസിഫ

അറബ് മുസ്‌ലിം ലോകത്ത് തത്ത്വചിന്ത ആധിപത്യമുറപ്പിച്ച കാലത്താണ് ഗസ്സാലി(റ)ന്റെ വൈജ്ഞാനിക പടയോട്ടം നടക്കുന്നത്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും പണ്ഡിതന്മാർ അവ ഗഹനമായി പഠിക്കുകയും ചെയ്തു. ഇമാം ഗസ്സാലി(റ)വും തത്ത്വചിന്ത പഠന വിധേയമാക്കി. അടിസ്ഥാനപരമായി മതചിന്തകനും ആത്മജ്ഞാനിയും കർമശാസ്ത്രജ്ഞനുമായ ഇമാം തന്റെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട ഒരു പഠന മേഖല ശരിയാംവണ്ണം പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് തത്ത്വചിന്തയിലും അതിന്റെ ഉപവിഷയമായ തർക്കശാസ്ത്രത്തിലും പാണ്ഡിത്യം നേടിയതും അതിൽ ഗ്രന്ഥരചന നടത്തിയതും.
ശത്രുവിന്റെ ആയുധം കൈവശപ്പെടുത്തി നിരായുധനാക്കിയ ശേഷം ആക്രമിക്കുക എന്ന ഏറ്റവും സുശക്തമായ ശൈലിയാണ് ആദർശ പ്രതിരോധ രംഗത്ത് ഗസ്സാലി(റ) സ്വീകരിച്ചത്. അതിനായി അദ്ദേഹം തത്ത്വശാസ്ത്രം പഠിച്ച് നിരൂപണാത്മകമായ ഗ്രന്ഥരചന നടത്തി. തർക്കശാസ്ത്രത്തിൽ ‘മിഅ്‌യാറുൽ ഇൽമി ഫീ ഫന്നിൽ മൻത്വിഖ്, മിഹാഖുന്നള്ർ ഫിൽമൻത്വിഖ് എന്നീ രചനകൾ നടത്തി.
എന്തിന് താൻ തത്ത്വചിന്ത പഠിച്ചു എന്നതി ന് ഇമാമവർകൾ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്: ‘വിജ്ഞാനത്തിന്റെ ഏതൊരു ശാഖയുടെയും വക്താക്കൾക്ക് പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടുപിടിക്കണമെങ്കിൽ ആ വിജ്ഞാനശാഖയിൽ അഗാധ പാണ്ഡിത്യമുണ്ടാവണം. അതിനാൽ തത്ത്വചിന്താ പഠനത്തിനായി ഞാൻ തയ്യാറെടുത്തു. പഠനത്തിലൂടെ എന്താണ് അവരുടെ തന്ത്രങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന അവരുടെ പ്രയോഗ കൗശലങ്ങൾ എന്തെല്ലാം? ഇവയെല്ലാം ഞാൻ ശരിക്ക് ഗ്രഹിച്ചു’ (അൽമുൻഖിദ്). എന്നാൽ ഈ വസ്തുത മനസ്സിലാക്കാതെ ചിലർ ഇമാമിന് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹം യവന ചിന്തയിൽ വീണുപോയന്നും വ്യാപകമായി പ്രചരിപ്പിച്ചു.

തഹാഫുതുൽ ഫലാസിഫ

അക്കാലത്ത് പ്രധാന വെല്ലുവിളിയായിരുന്ന തത്ത്വചിന്തയെ കൃത്യമായി പഠിച്ച് അവരുടെ അടിവേരറുക്കുന്ന ഖണ്ഡന രചനയാണിത്. തത്ത്വചിന്തയെ ശാസ്ത്രീയമായി വിമർശിക്കുന്ന ആദ്യ ഗ്രന്ഥവും ഇതാണ്. അരിസ്റ്റോട്ടിലിന്റെ ചിന്താധാരയെ അപ്രതിരോധ്യമായി ഗസ്സാലി(റ) ഈ ഗ്രന്ഥത്തിലൂടെ പൊളിച്ചെഴുതുന്നു. ഇരുപത് വിഷയങ്ങളിൽ തത്ത്വചിന്തകരുമായുള്ള അഭിപ്രായ ഭിന്നത ഇമാം ഇതിൽ അവതരിപ്പിക്കുകയുണ്ടായി. ആദ്യം തത്ത്വചിന്തകരുടെ വാദം അവതരിപ്പിച്ച് ശേഷം അതിനെ കൃത്യമായി ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. അതിന് മറുഭാഗം ഉന്നയിക്കാൻ സാധ്യതയുള്ള വാദങ്ങളും അവയ്ക്കുള്ള മറുപടിയും ഗ്രന്ഥത്തിൽ ക്രമീകരിച്ചിരിക്കുന്നു. അവസാനം തന്റെ നിലപാട് സ്പഷ്ടമാക്കി സംഗ്രഹിക്കുകയും ചെയ്യുന്നു.

മിശ്കാതുൽ അൻവാർ

വിശുദ്ധ ഖുർആനിലെ സൂറത്തുന്നൂറിന്റെ വ്യാഖ്യാനമാണിത്. ആ സൂറത്തിലെ പ്രകാശം, വിളക്കുമാടം, സ്ഫടികം, വിളക്ക്, എണ്ണ, മരം എന്നീ പ്രതീകങ്ങളുടെയും, അല്ലാഹുവിന് പ്രകാശത്തിന്റെയും ഇരുട്ടിന്റേതുമായ എഴുപതിനായിരം മറകളുണ്ട് എന്ന് തുടങ്ങുന്ന ഹദീസിന്റെ സാരാംശവും ചോദിച്ച ശിഷ്യന് നൽകിയ ശ്രദ്ധേയ മറുപടിയാണീ കൃതി.

ജവാഹിറുൽ ഖുർആൻ

ഖുർആനിലെ രത്‌നങ്ങളും മുത്തുകളുമാണിതിലെ പരാമർശം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ഔദാര്യങ്ങളുമാണ് ഖുർആനിലെ രത്‌നങ്ങൾ എന്നത് കൊണ്ട് ഇമാം അർത്ഥമാക്കുന്നത്. ഈ ഗണത്തിൽ 763 സൂക്തങ്ങൾ അദ്ദേഹം എണ്ണുന്നുണ്ട്. മനുഷ്യർക്ക് അല്ലാഹുവിനോടുള്ള കടപ്പാടുകളെ സൂചിപ്പിക്കുന്ന വചനങ്ങളാണ് ഖുർആനിലെ മുത്തുകൾ എന്നത് കൊണ്ടർത്ഥമാക്കുന്നത്. 741 വചനങ്ങളാണ് ഈ ഗണത്തിൽ ഇമാം ഉൾപ്പെടുത്തിയിട്ടുള്ളത്.

ബിദായതുൽ ഹിദായ

സന്മാർഗലബ്ധിക്ക് ഒരാൾ എങ്ങനെ ഒരുങ്ങണമെന്ന് വിവരിക്കുന്ന ഗ്രന്ഥമാണിത്. ശാഫിഈ മദ്ഹബിലെ ഇമാമിന്റെ പ്രധാന കർമശാസ്ത്ര ഗ്രന്ഥങ്ങളാണ് അൽബസ്വീഥ്, അൽവസീഥ്, അൽവജീസ് എന്നിവ. പേര് സൂചിപ്പിക്കും പോലെ കർമശാസ്ത്ര മസ്അലകളുടെ വിശദ രൂപമാണ് ബസീത്വ്. വസീത്വ് അവയുടെ സംഗ്രഹവും വജീസ് രത്‌നച്ചുരുക്കവുമാണ്. ബയാനുൽ ഖൗലൈനി ലിശ്ശാഫിഈ, തഅ്‌ലീഖുൻ ഫീ ഫുറൂഇൽ മദ്ഹബ്, ഖുലാസ്വതുർറസൂൽ, ഇഖ്തിസ്വാറുൽ മുഖ്തസ്വർ, മജ്മൂഉൽ ഫതാവ എന്നിവയും ഇമാമി കർമശാസ്ത്ര ഗ്രന്ഥങ്ങളാണ്.

അൽമഖ്‌സ്വനൽ അഖ്‌സ്വ, ജവാഹിറുൽ ഖുദ്‌സ്, മിൻഹാജുൽ ആബിദീൻ, അഖ്‌ലാഖുൽ അബ്‌റാർ, മിഅ്‌റാജുസ്സാലികീൻ, നസ്വീഹതുൽ മുലൂക് തുടങ്ങിയവ തസ്വവ്വുഫിലെ മറ്റു രചനകളാണ്.

തഹ്‌സീറുൽ മഅ്ഖദ്, ശിഫാഉൽ അലീൽ, അൽമൻഖൂൽ, അൽമുൻതഖാ ഫീ ഇൽമിൽ ജദൽ, മുസ്തസ്ഫാ, ഇൽജാമുൽ ആവാം, ഇഖ്തിസ്വാദ്, മുസ്തള്ഹിരി ഫീ റദ്ദി അലൽ ബാത്വിനിയ്യ, രിസാലതുൽ ഖുദൂസിയ്യ, അൽഖൗലുൽ ജമീൽ ഫീ റദ്ദി അലാ മൻ ഗയ്യറൽ ഇഞ്ചീൽ, അർബഈൻ, അൽഅസ്മാഉൽ ഹുസ്‌ന, അൽഇഖ്തിസ്വാദു ഫിൽ ഇഅ്തിഖാദ്, അസ്‌റാറു മുആ മലാതിദ്ദീൻ… തുടങ്ങി അറിവിന്റെ ലോകത്തെ സമ്പന്നമാക്കിയ ഇമാം ഗസ്സാലി(റ)ന്റെ രചനകൾ നിരവധിയാണ്.

അസീസ് സഖാഫി വാളക്കുളം

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ