imam navavi R

വിജ്ഞാന തൃഷ്ണയുടെ വിടര്‍ന്ന നയനങ്ങളുമായി വിശുദ്ധ ഇസ്‌ലാമിനു കാവല്‍ നിന്ന വിശ്വവിഖ്യാത പണ്ഡിതനും ദാര്‍ശനികനുമായിരുന്നു ഇമാം നവവി(റ). തന്റെ ജ്ഞാനദാഹം ശമിപ്പിക്കാന്‍ ജന്മനാടായ ‘നവാ’ എന്ന കൊച്ചുഗ്രാമത്തിന് കഴിയുമായിരുന്നില്ല. ദാഹിച്ചുവലയുന്ന ഒരാള്‍ക്ക് ജലാശയം കണ്ടുപിടിക്കാതെ വയ്യല്ലോ. അപ്രകാരം വിജ്ഞാനദാഹി സഞ്ചരിച്ചേ പറ്റൂ. ഗതകാല പണ്ഡിതരുടെ ചരിത്രത്തില്‍ അനന്തമായ പ്രയാണങ്ങളുടെ സാഹസിക കഥകളുണ്ട്. അദൃശ്യ ലോകത്ത് നിന്ന് ക്ഷണം ലഭിച്ചിട്ടെന്ന പോലെ വിജ്ഞാനതൃഷ്ണയുടെ ചിറകിലേറി പുതിയ സങ്കേതങ്ങളിലേക്ക് പറന്ന് ചെല്ലുന്ന ദേശാടനപ്പക്ഷികളെ പോലെ ഇമാം നവവി(റ)യും വൈജ്ഞാനിക യാത്രയില്‍ സന്തോഷം കണ്ടെത്തി. നൂറ്റാണ്ടുകളായി ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസ കര്‍മങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രചാരത്തില്‍ വരുത്തിയത് ഇത്തരം യാത്രകളായിരുന്നു. അത്യഗാധമായ അറിവിന്റെ വഴികള്‍ തുറന്നുകിട്ടിയിതും പുതിയ വിജ്ഞാന ശാഖകള്‍ ലോകത്ത് വെളിച്ചം കണ്ടതും യാത്രകളിലൂടെയും അന്വേഷണങ്ങളിലൂടെയുമായിരുന്നല്ലോ.

ലോകമാകെ ഒഴുകിപ്പരന്ന ശൈഖവര്‍കളുടെ അറിവിന്റെയും ചിന്തയുടെയും അമൂല്യ സംഭാവനകള്‍ ഏതെങ്കിലും തരത്തില്‍ അനുഭവിക്കാത്തവരായി പില്‍ക്കാല സത്യവിശ്വാസികളില്‍ ആരുമുണ്ടാകാനിടയില്ല. അറിവിനു വേണ്ടിയുള്ള ത്യാഗങ്ങളും സമാനതകളില്ലാത്ത അന്വേഷണങ്ങളും ചിന്തകളും ശൈഖിനെ വ്യത്യസ്തനാക്കി. കൊച്ചു നാളുകളിലേ ഉണ്ടായിരുന്ന അടങ്ങാത്ത വിദ്യാദാഹം ചെറുപ്പത്തിലേ നാടുവിടാന്‍ പ്രേരിപ്പിച്ചു. പ്രാഥമിക പഠനത്തിന് ശേഷം പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. പിന്നീട് കര്‍മശാസ്ത്ര പഠനത്തില്‍ മുഴുകി. ഹിജ്‌റ 649-ല്‍ പിതാവിനോടൊപ്പം തുടര്‍ പഠനത്തിന് ഡമസ്‌കസിലേക്കു പോയി. വിശ്വ വിഖ്യാത പണ്ഡിതരുടെ സംഗമ സ്ഥലമായിരുന്നു അന്നവിടം. പത്തൊമ്പതാം വയസ്സില്‍ അവിടത്തെ പ്രശസ്തമായ ദാറുല്‍ ഹദീസിലും മദ്‌റസത്തുര്‍റവാഹിയ്യയിലും മറ്റുമായി പതിനെട്ടു വര്‍ഷം താമസിച്ചു പഠിച്ചു. നീണ്ട ഇരുപത് വര്‍ഷക്കാലത്തെ ദിനരാത്രങ്ങള്‍ വിജ്ഞാന സമ്പാദനത്തില്‍ മുഴുകിയതിനാല്‍ വൈജ്ഞാനിക-കര്‍മ രംഗങ്ങളില്‍ സമകാലികരെ അതിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നാണ് ദഹബി വിലയിരുത്തുന്നത്. ആറ് വര്‍ഷക്കാലം കഠിനമായ പരിശ്രമത്തിലൂടെയായിരുന്നു പഠനം. രണ്ട് വര്‍ഷം ശരീരം ഭൂമിയില്‍ തട്ടിച്ചിരുന്നില്ലെന്ന് ഇമാം നവവി(റ) തന്നെ അനുസ്മരിക്കുന്നതു കാണാം.

ഇബ്‌നുല്‍ അത്താര്‍ പറഞ്ഞു: മുഴുവന്‍ സമയവും അറിവു ശേഖരണത്തിനും സല്‍കര്‍മ നിര്‍വഹണത്തിനും വിനിയോഗിച്ചിരുന്ന ഇമാം ദിവസം ഒരു തവണ മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത്താഴ സമയത്ത് ഒരു പ്രാവശ്യം വെള്ളവും കുടിക്കും. ഉറക്കം വരുമെന്ന് ഭയന്ന് ഒരിക്കലും തണുത്ത വെള്ളം കുടിച്ചിരുന്നില്ല. ഭക്ഷണത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുകയോ ഒരേ സമയം രണ്ട് തരം കറികള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. പിതാവ് എത്തിച്ചുകൊടുക്കുന്ന ഉണങ്ങിയ കാരക്ക, അത്തിപ്പഴം പോലുള്ള ലളിത ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. ഭൗതികമായ ആഡംബരങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ആരാധനാ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തുകയും അതിനായി ഏറെ സമയം വിനിയോഗിക്കുകയും ചെയ്യുമായിരുന്നു (ശദറാത്തുദ്ദഹബ് 5/353).

മദ്‌റസത്തുര്‍റവാഹിയ്യയിലെ പഠന കാലത്ത് തീരെ സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയിലായിരുന്നു താമസം. രണ്ടാമതൊരാള്‍ക്ക് കൂടി ഇരിക്കാന്‍ സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയില്‍ മേല്‍ക്കുമേല്‍ കിതാബുകള്‍ വെച്ച് അങ്ങേയറ്റം ഞെരുങ്ങി ജീവിച്ചു. ഇങ്ങനെയാണ് ചക്രവാളം മുഴുവന്‍ ദീനീ വിജ്ഞാനം കൊണ്ട് അദ്ദേഹം നിറച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമായിരുന്നു ആ ജീവിതം (അല്‍ ഇഅ്‌ലാം 2/241).

വൈജ്ഞാനിക ചിന്തകളില്‍ മുഴുകാത്ത ഒരു സമയവും മഹാന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടില്ല. രാപ്പകല്‍ ഭേദമന്യേ പഠന പര്യടനത്തിലും പര്യവേക്ഷണത്തിലും നിമഗ്നനായി. വല്ലപ്പോഴും ഉറക്കമോ മയക്കമോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ കിതാബിലേക്ക് ചേര്‍ന്നു നില്‍ക്കും. അതോടെ ഉണര്‍വും ഉന്മേഷവും ലഭിക്കും. ഇല്‍മുത്തഫ്‌സീര്‍, ഇല്‍മുല്‍ ഹദീസ്, ഫഖ്ഹ്, തസ്വവ്വുഫ്, അദബ് തുടങ്ങി സകല വിജ്ഞാന ശാഖകളിലും വ്യുല്‍പത്തി നേടി ലോക പ്രശസ്തിയിലേക്കുയര്‍ന്നത് ചുരുങ്ങിയ കാലത്തിനിടയിലായിരുന്നു. ഓരോ ദിവസവും വ്യത്യസ്തമായ പന്ത്രണ്ടു വിഷയങ്ങള്‍ പൂര്‍ണമായി പഠിക്കുകയും സംശയ നിവാരണം കണ്ടെത്തുകയും ചെയ്യും (അല്‍ ഇമാമുന്നവവി-ഡോ. അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്).

 

ഓര്‍മ ശക്തിയില്‍ അതിശയന്‍

ഒറ്റത്തവണ കേട്ടാല്‍ തന്നെ മനഃപാഠമാകുന്ന പ്രകൃതമായിരുന്നു ഇമാമിന്റേത്. ഈ അതീവ ബുദ്ധിവൈഭവവും ഓര്‍മ ശേഷിയും കാരണം മഹാഗുരുനാഥര്‍ പോലും ചെറുപ്പത്തിലേ ഇമാമിനെ ചൊല്ലിഅത്ഭുതം കൂറിയിരുന്നു. എത്ര കഠിന വിഷയങ്ങളും എളുപ്പം ഹൃദിസ്ഥമാക്കുന്നതില്‍ കഴിവു തെളിയിച്ചു.

നാലര മാസം കൊണ്ട് തന്‍ബീഹ് എന്ന വിശ്വോത്തര  ഗ്രന്ഥവും ഏഴര മാസം കൊണ്ട് മുഹദ്ദബിന്റെ പ്രധാന ഭാഗങ്ങളും മനഃപാഠമാക്കി. ശൈഖ് കമാലുദ്ദീന്‍ ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ മേല്‍ നോട്ടത്തില്‍ ശര്‍ഹ് എഴുതാനാരംഭിച്ചു. പിന്നീട് അതിവേഗത്തിലായിരുന്നു എഴുത്തുകള്‍. പ്രസക്തമായ മദ്ഹബുകളുടെ അഭിപ്രായ വ്യത്യാസങ്ങളും സ്വഹാബാക്കള്‍ക്കും താബിഉകള്‍ക്കും ഇടയിലുണ്ടായിരുന്ന മദ്ഹബുകളും അദ്ദേഹത്തിനറിയാമായിരുന്നു. ശാഫിഈ കര്‍മശാസ്ത്ര ധാരയിലെ മുഴുവന്‍ അടിസ്ഥാന നിയമങ്ങളും വ്യാഖ്യാന വിശദീകരണങ്ങളും നന്നായി വശമുണ്ടായിരുന്നു.

ആവര്‍ത്തിച്ചു പാരായണം ചെയ്തു പഠിക്കുന്ന പ്രകൃതക്കാരനായിരുന്നതിനാല്‍ മറവിയെന്ന പ്രശ്‌നം ഉണ്ടായിരുന്നതേയില്ല. ഇമാം ഗസ്സാലി(റ)യുടെ വസ്വീത്വ് എന്ന വിഖ്യാത ഗ്രന്ഥം നാനൂറ് തവണ അദ്ദേഹം ആവര്‍ത്തിച്ചു വായിക്കുകയുണ്ടായി (അല്‍ മിന്‍ഹജുസ്സവിയ്യി 1/61).

യാത്രയില്‍ പോലും മനഃപാഠമാക്കിയത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സഹപാഠികളില്‍ അത്ഭുതം ജനിപ്പിച്ചിരുന്നതായി ഇമാം സഖാവി ഉദ്ധരിക്കുന്നു. ആറ് വര്‍ഷം കഠിന തപം ചെയ്തുകൊണ്ടുള്ള ത്യാഗപരിശ്രമത്തിലൂടെയുള്ള പഠനമായിരുന്നു തന്റെ ഉയര്‍ച്ചക്കു നിദാനമെന്ന് ഇമാം തന്നെ അനുസ്മരിക്കുകയുണ്ടായി. ഇമാം യാഫിഈ(റ) പറയുന്നു: ആയുസ്സിലും സമയത്തിലും ബറകത്ത് നല്‍കപ്പെട്ട മഹാനാണ് ഇമാം നവവി(റ). അല്ലാഹുവിന്റെ പ്രത്യേക പരിഗണന മഹാനു ലഭിച്ചിരുന്നു. ആ പരിഗണനയുടെ ബറകത്താണ് ജീവിതത്തിലും രചനയിലും പ്രകടിതമായത്. അതുകൊണ്ടാണ് സര്‍വ നാടുകളിലും സകല ജനങ്ങളും മഹാന്റെ കിതാബുകള്‍ നെഞ്ചോട് ചേര്‍ക്കുന്നത് (മിര്‍ആതുല്‍ ജിനാന്‍, 4/185).

ഇമാം നവവി(റ)യുടെ ജ്ഞാന ജീവിതത്തെ പണ്ഡിതര്‍ മൂന്ന് ഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. 1. അതീവ താല്‍പര്യത്തോടെയും കഠിനാധ്വാനത്തോടെയുമുള്ള അന്വേഷണത്തിന്റെ കാലഘട്ടം. ദാഹിച്ചുവലയുന്നവന്‍ ജലസംഭരണി അന്വേഷിക്കുന്നതു പോലെ വിജ്ഞാന സമ്പാദനത്തിന് വേണ്ടി ജാഗ്രതയോടെ ഓടി നടന്ന ആദ്യത്തെ ആറു വര്‍ഷമായിരുന്നിത്. 2. സര്‍വ വിജ്ഞാനീയങ്ങളും സ്വായത്തമാക്കിയ അവരസം. ജ്ഞാനത്തിന്റെ വിശാലമായ അറകള്‍ അദ്ദേഹത്തിനു തുറക്കപ്പെട്ടതും അത് അനുഗ്രഹീതമായ ഒരു സംസ്‌കാരമായി മാറിയതും ഈ രണ്ടാം ഘട്ടത്തിലാണ്. പന്ത്രണ്ടു വ്യത്യസ്ത വിഷയങ്ങള്‍ ഒരേ സമയം പഠിച്ചെടുത്തതും ഇമാം പ്രസിദ്ധിപ്പെട്ടുവരുന്നതും ഈ കാലത്തുതന്നെ. 3. ഹിജ്‌റ 660 മുതലുള്ള കാലഘട്ടം. മുപ്പത് വയസ്സു മുതല്‍ വിയോഗം വരെയുള്ള അനര്‍ഘാവസരമായിരുന്നു ഇത്. അധ്യാപനത്തിലും ഗ്രന്ഥരചനയിലും ആരാധനകളിലും കൂടുതല്‍ കേന്ദ്രീകരിച്ചതും സജീവമായതുമായ സന്ദര്‍ഭങ്ങളായിരുന്നു ഇത്. സമയത്തിലും രചനയിലും പ്രത്യേക ബറകത്ത് ലഭിച്ചത് ഈ ഘട്ടത്തിലാണ്. ദിക്കുകള്‍ ഭേദിച്ച് തന്റെ ചിന്തകള്‍ സര്‍വ നാടുകളിലേക്കും വ്യാപിച്ചതും പാണ്ഡിത്യത്തിന്റെയും ആത്മീയ നേതൃത്വത്തിന്റെയും അനുഗ്രഹീത പുരസ്‌കാരം മഹാനെ തേടിയെത്തിയതും അപ്പോഴായിരുന്നു. ഔലിയാക്കളില്‍ അതിപ്രധാനിയായ ഖുതുബിന്റെ സ്ഥാനത്തേക്ക് ശൈഖവര്‍കള്‍ ഉയര്‍ത്തപ്പെട്ടു. ആത്മീയ ശിക്ഷണത്തിലൂടെയും ആരാധനാ മുറകളിലൂടെയും അത്യുന്നത സ്ഥാനം അലങ്കരിച്ച അവസരമായിരുന്നു ഇത്.

 

പ്രധാന ഗുരുനാഥര്‍

അബൂഇബ്‌റാഹീം ഇസ്ഹാഖുബ്‌നു അഹ്മദുബ്‌നി ഉസ്മാനില്‍ മഗ്‌രിബി(റ), ഖാളീ അബുല്‍ ഫത്ഹ് ഉമറുബ്‌നി തിബ്‌രീസി(റ), ശൈഖ് ഫഖ്‌റുദ്ദീനുല്‍ മാലികി(റ), അബുല്‍ അബ്ബാസ് അഹ്മദുബിന്‍ സാലിം(റ), അല്ലാമാ അബൂശാമ(റ) എന്നിവര്‍ ഇല്‍മുത്തഫ്‌സീര്‍, ഇല്‍മുല്‍ ഹദീസ്, ഇല്‍മുല്‍ ഫിഖ്ഹ്, ഇല്‍മുല്ലുഗാത് തുടങ്ങിയവയിലെ പ്രധാന ഗുരുക്കന്മാരാണ്. ശൈഖ് യാസീന്‍ ഇബ്‌നു യൂസുഫില്‍ മറാകിശി(റ)യാണ് പ്രധാന ആത്മീയ ഗുരുനാഥന്‍. ഏത് വിജ്ഞാനീയത്തിലും അവഗാഹം നേടിയവരെ അന്വേഷിച്ചുകണ്ടെത്തി അവരില്‍ നിന്ന് അതിവേഗം അത് പഠിച്ചെടുക്കുക എന്നതായിരുന്നു മഹാന്റെ രീതി. ഗുരുനാഥന്മാരുടെയെല്ലാം അഭിമാനപാത്രമാകാനും ഈ ഉത്തമ ശിഷ്യനു സാധിക്കുകയുണ്ടായി. പ്രധാന വ്യാകരണശാസ്ത്ര ഗ്രന്ഥമായ അല്‍ഫിയയുടെ പദ്യത്തിലെ ‘വറജുലുന്‍ മിനല്‍ കിറാമി ഇന്‍ദനാ’ എന്ന പരാമര്‍ശം നവവി(റ)യെ കുറിച്ച് അഭിമാനം പങ്കുവെച്ച് ഗ്രന്ഥകര്‍ത്താവും ഇമാമിന്റെ ഉസ്താദുമായ മുഹമ്മദ് ഇബ്‌നു മാലിക്(റ) നടത്തിയതാണെന്നു പ്രസിദ്ധം. തിരുനബി(സ്വ) മുതല്‍ തന്റെ ഗുരുപരമ്പരയിലെ പതിനെട്ടാമത്തെ യാളാണ് ഇമാം നവവി(റ).

 

വിസ്മയം തീര്‍ത്ത രചനാജീവിതം

വിവിധ വിജ്ഞാന ശാഖകളിലായി നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അവയൊന്നും ഭൗതികമായ ലാഭേച്ഛയോടെയായിരുന്നില്ല. അത് മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ഉന്നമനത്തിനും പുരോഗതിക്കും പരലോക രക്ഷക്കുമായി നീക്കിവെച്ചു.

ഗഹനമായ വിഷയങ്ങള്‍ ഇമാമിനെ പോലെ ലളിതസുന്ദരമായി അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ വിരളമാണ്. കര്‍മശാസ്ത്രത്തില്‍ റൗളതുത്വാലിബീന്‍, മിന്‍ഹാജുത്വാലിബീന്‍, മജ്മൂഅ്(ശറഹുല്‍ മുഹദ്ദബ്) തുടങ്ങിയവ ഏറ്റവും പ്രസിദ്ധമാണ്. ശറഹുല്‍ മുഹദ്ദബ് രിബയുടെ അധ്യായം വരെ മാത്രമേ ഇമാമിന്റേതായിട്ടുള്ളൂ. ശര്‍ഹു മുസ്‌ലിം, അല്‍ അദ്കാര്‍, രിയാലുസ്വാലിഹീന്‍, ഖുലാസ്വ, അര്‍ബഈന ഹദീസ് തുടങ്ങിയവ ഹദീസില്‍ അദ്ദേഹത്തിന്റെ അനുഗ്രഹീത രചനകളാണ്. ഈളാഹുല്‍ മനാസിക്, ഈജാസ് തുടങ്ങി ഹജ്ജിന്റെ മുറകള്‍ വിവരിക്കുന്ന നാല് ഗ്രന്ഥങ്ങളുമുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിലെ ആധികാരിക രേഖകളായി സര്‍വാംഗീകാരം നേടിയ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ത്വബഖാത് എന്നിവ ഇമാമിന്റെ സുപ്രധാന രചനകളാണ്. അല്‍ ഇര്‍ശാദ്, അത്തഖരീബു വത്തയ്‌സീര്‍ എന്നിവ ഹദീസ് വിജ്ഞാനീയത്തിലെ സംഭാവനകളാണ്. അത്തിബ്‌യാന്‍ ഫീ ആദാബി ഹമലത്തില്‍ ഖുര്‍ആന്‍, ദഖാഇഖുല്‍ മിന്‍ഹാജ്, അല്‍ മുബ്ഹമാത്ത്, തഹ്‌രീറു അല്‍ഫാളിത്തന്‍ബീഹ്, അത്തഹ്ഖീഖ് തുടങ്ങിയ ചെറുതും വലുതുമായ ഒട്ടേറെ രചനകള്‍ വേറെയുമുണ്ട്. ഇമാം ജീവിച്ച മൊത്തം ദിവസങ്ങളും രചിച്ച ഗ്രന്ഥങ്ങളുടെ പേജുകളും ഒത്തുനോക്കിയാല്‍ ഒരു ദിവസത്തിന് ഒരു കുര്‍റാസ അല്ലെങ്കില്‍ രണ്ടു കുര്‍റാസ എന്ന തോതിലുണ്ടാകുമെന്നാണ് പണ്ഡിത നിരീക്ഷണം.

നാല്‍പത്തി നാലോ നാല്‍പത്തിയഞ്ചോ വര്‍ഷം മാത്രം ജീവിച്ച ഒരാള്‍ക്ക് ഇത്രയേറെ വിജ്ഞാനം ആര്‍ജിക്കാനും ഗ്രന്ഥരചന നടത്താനും സാധിക്കുന്നത് അസാധാരണം തന്നെയാണ്. സമയത്തില്‍ ബറകത്ത് ലഭിച്ചതിനാലും കറാമത്ത് കൊണ്ടും മാത്രം സാധ്യമായതാണിത്. ഇമാമവര്‍കള്‍ കിതാബ് രചിക്കുന്നതിനിടെ വിളക്കണഞ്ഞുപോയപ്പോള്‍ തന്റെ കൈവിരല്‍ പ്രകാശിച്ചതും രചന പൂര്‍ത്തീകരിക്കും വരെ അതു നിലനിന്നതും പ്രസിദ്ധമാണ്. മഹാന്റെ രചനക്ക് എക്കാലത്തും ലഭിച്ചുകൊണ്ടിരുന്ന സ്വീകാര്യതയും കറാമത്തിന്റെ ഭാഗം തന്നെ. ഇമാം നവവി(റ) എന്തു പറഞ്ഞുവെന്ന് തര്‍ക്ക വിഷയങ്ങളില്‍ അന്വേഷിക്കുന്ന ആധുനികരും പൗരാണികരുമായ പണ്ഡിതര്‍ കുറച്ചൊന്നുമല്ല. ചെറു രചനകള്‍ പോലും ആ മഹാപണ്ഡിതനുമായി കടപ്പെട്ടിരിക്കുന്നു.

അക്ഷരാര്‍ത്ഥത്തില്‍, വേണ്ടവിധം ഊണും ഉറക്കവുമില്ലാത്ത, ജീവിതത്തിന്റെ സുഖങ്ങളറിയാത്ത, വൈവാഹിക ജീവിതം പോലും ആസ്വദിക്കാന്‍ കഴിയാത്ത ജ്ഞാന തപസ്യയായിരുന്നു മഹാന്‍ നിര്‍വഹിച്ചിരുന്നത്. ഡമസ്‌കസിലെത്തിയ ശേഷം ഹജ്ജിനും ഉംറക്കും സിയാറത്തിനും അത്യാവശ്യ കുടുംബ സന്ദര്‍ശനത്തിനുമല്ലാതെ പുറത്തു പോകാത്ത ധന്യജീവിതം. വിജ്ഞാനത്തിന്റെ മഹാമേരുവായിരുന്നിട്ടും ഇമാം ശാഫിഈ(റ)നെ പിന്‍പറ്റുകയും ഇമാമിന്റെ മദ്ഹബിന് സേവനം ചെയ്യുന്നതില്‍ വ്യാപൃതനാവുകയും ചെയ്തു. കൈറോയിലേക്ക് ഇമാം ശാഫിഈ(റ)യുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ പോയപ്പോള്‍ ഖുബ്ബ കണ്ട മാത്രയില്‍ സ്‌നേഹാദര സമ്മിശ്രമായ വികാരത്തള്ളിച്ചയില്‍ മുന്നോട്ട് പോകാനാകാതെ അവിടുന്ന് പറഞ്ഞതിങ്ങനെ: ശാഫിഈ(റ) ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവിടുന്ന് താമസിക്കുന്ന ഖൈമ കണ്ടാല്‍ ഞാനവിടെ നില്‍ക്കും. ഒരടി മുന്നോട്ട് നീങ്ങില്ല. അദബും വിനയവും കാരണം അവിടുന്ന് സിയാറത്ത് ചെയ്തു തിരിച്ചു പോന്നു (തര്‍ജുമത്തുന്നവവി ലില്‍ ഇമാമുസ്സഖാവി, പേ. 82).

ശൈഖുല്‍ ഇസ്‌ലാം, ഉസ്താദുല്‍ മുതഅഖ്ഖിരീന്‍, ഹുജ്ജത്തുല്ലാഹി അലല്ലാഹിഖീന്‍ എന്നെല്ലാം ഇമാം വിശേഷിപ്പിക്കപ്പെട്ടു. ഒരു നിമിഷവും നാഥന്റെ വഴിയിലല്ലാതെ ചെലവഴിച്ചില്ല. അഹ്‌ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി അവസാന ശ്വാസം വരെ അക്ഷീണം പരിശ്രമിച്ചു. എല്ലാം കൊണ്ടും പകരക്കാരില്ലാത്ത അനുഗ്രഹീത ജീവിതമായിരുന്നു നവവി(റ)ന്റേത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ