imam baihaqi (R)-malayalam

ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ ജനിച്ച് എഴുപതാണ്ടിലേറെ കാലം നീണ്ട ജ്ഞാനസപര്യകൊണ്ട് നിസ്തുലമായ ചരിത്രം രചിച്ച മഹാമനീഷിയാണ് ഇമാം ബൈഹഖി(റ). ഹിജ്‌റ 384-ല്‍ ശഅ്ബാന്‍ മാസത്തില്‍ നൈസാബൂര്‍ പ്രവിശ്യയിലെ ബൈഹഖ് പ്രദേശത്തായിരുന്നു ജനനം. അബൂബക്ര്‍ അഹ്മദ് അല്‍ ബൈഹഖി എന്നാണ് പൂര്‍ണനാമം. ജന്‍മനാട്ടിലേക്ക് ചേര്‍ത്തി ബൈഹഖി എന്നറിയപ്പെട്ടു. പ്രശസ്തനായ ഹദീസ്, ഫിഖ്ഹ്, അഖീദ പണ്ഡിതനായിരുന്നു. വിവിധ വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തു. മഹാനുഭാവന്റെ ജീവിതം ജ്ഞാന ശേഖരണ, വിതരണ, വിനിമയ, രചനകളാല്‍ ധന്യമായിരുന്നു.

നാലാം നൂറ്റാണ്ടിന്റെ അവസാനം വൈജ്ഞാനിക ചലനങ്ങളും സേവനങ്ങളും സജീവമായ കാലഘട്ടമായിരുന്നു. എന്നാല്‍ സാമൂഹികമായി പലതരം പ്രശ്‌നങ്ങളും അക്കാലത്തു നിലനിന്നിരുന്നു. മുസ്‌ലിം ലോകത്ത് ശത്രുക്കളുടെ ആക്രമണങ്ങളുടെയും അധീശത്വസ്ഥാപനത്തിന്റെയും ദുഃഖകരമായ രംഗങ്ങളുമുണ്ടായി. റോമന്‍ സാമ്രാജ്യത്തിന്റെ ആക്രമണം ഇതില്‍ പ്രധാനമാണ്.

ആദര്‍ശ രംഗത്ത് പുത്തന്‍ പ്രസ്ഥാനങ്ങളും വിവാദങ്ങളും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. ശീഇസവും റാഫിളത്തും അഹ്‌ലുസ്സുന്നയുടെ വിശ്വാസാചാരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ പിഴച്ച വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലം. ഇമാം ബൈഹഖിയെ പോലെയുള്ള ഒരു പ്രതിഭാധനന്റെ ഇടപെടല്‍ അനിവാര്യമായ കാലത്താണ് അദ്ദേഹത്തിന്റെ ജനനമെന്ന് ഈ പശ്ചാത്തലങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ ബോധ്യപ്പെടും.

നൈസാബൂര്‍

ഇമാമവര്‍കളുടെ ജന്മനാടായ ബൈഹഖ് ഉള്‍പെടുന്ന നൈസാബൂര്‍ അക്കാലത്തെ വൈജ്ഞാനിക കേന്ദ്രമായിരുന്നു. ദാറുസ്സുന്ന എന്ന അപരനാമത്തിലാണ് നൈസാബൂര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇമാം സഖാവി(റ) ഇതിന്റെ കാരണം വ്യക്തമാക്കിയത്, ധാരാളം ഹദീസ് പണ്ഡിത പ്രമുഖര്‍ പഠനവും പാഠനവും നടത്തിയ വൈജ്ഞാനിക കേന്ദ്രമായിരുന്നു അതെന്നാണ്.

കര്‍മശാസ്ത്ര പണ്ഡിതര്‍, ഹദീസ് പണ്ഡിതര്‍ തുടങ്ങി വ്യത്യസ്ത വിജ്ഞാന മേഖലകളില്‍ പ്രവീണരായിരുന്ന, നൈസാബൂരിനെ ചൈതന്യമാക്കിയ 1375 മഹാന്‍മാരുടെ നാമങ്ങളും ചരിത്രവും ഇമാം ഹാകിം(റ) താരീഖ് നൈസാബൂരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ മാത്രം അവിടെ വന്ന് വിജ്ഞാനം നേടിയ 1135 പേരെയും അതില്‍ തന്റെ ഗുരുനാഥന്മാരായ 1000 നൈസാബൂര്‍ പണ്ഡിതരെയും അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിന് അനുബന്ധവും തുടര്‍ച്ചയുമായി ഇമാം അബ്ദുല്‍ ഗഫൂര്‍ അല്‍ഫാരിസി ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ട്. അതില്‍ നൈസാബൂരുകാരോ അവിടെ ജ്ഞാനസേവനമോ പഠനമോ നടത്തിയ 1699 പണ്ഡിതന്മാരെ പരിചയപ്പെടുത്തിയതു കാണാം. ധാരാളം വൈജ്ഞാനിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇമാം ബൈഹഖി(റ) ജീവിച്ച നാലും അഞ്ചും നൂറ്റാണ്ടുകള്‍ നൈസാബൂരിന്റെ പുഷ്‌കല ഘട്ടങ്ങളില്‍ പെട്ടതത്രെ.

 

പഠനം

ജനിച്ചുവളര്‍ന്ന പ്രദേശത്ത് വൈജ്ഞാനികമായ തുടിപ്പുകളും ചലനങ്ങളും ഇമാം ബൈഹഖി(റ) എന്ന ജ്ഞാനവിശാരദനെ സൃഷ്ടിച്ചെടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്. കുടുംബ സംബന്ധമായ വിശദ ചരിത്രം പക്ഷേ ലഭ്യമല്ല. അതിനാല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചരിത്രവും കാണാനാവുന്നില്ല. പതിനഞ്ച് വയസ്സാവുമ്പോള്‍ പ്രമുഖ പണ്ഡിതരുമൊന്നിച്ച് സഹവസിച്ച് വിജ്ഞാനം നേടിയെന്ന് ഹാഫിളുദ്ദഹബി ബൈഹഖി(റ)ന്റെ ചരിത്രം പറയുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്.

ബൈഹഖി(റ)യുടെ ജ്ഞാനാന്വേഷണത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്ന് മനസ്സിലാക്കാം. ജന്മനാട്ടില്‍ തന്നെ നടത്തിയ പഠനവും വ്യത്യസ്ത നാടുകളില്‍ സഞ്ചരിച്ച് മഹാരഥന്മാരായ ഗുരുനാഥരില്‍ നിന്ന് നടത്തിയതും. 15 വയസ്സുള്ളപ്പോള്‍ ശൈഖ് അബുല്‍ ഹസന്‍  മുഹമ്മദ് ബിന്‍ അല്‍ ഹസന്‍ അല്‍ അലവി(റ)വില്‍ നിന്നു തുടങ്ങിയ ഹദീസ് പഠനം ഒരായുഷ്‌കാലത്തെ തേജോമയമായ ജ്ഞാനബന്ധത്തിന്റെതായിരുന്നു. മഅ്‌രിഫത്തുസ്സനനി വല്‍ ആസാറിന്റെ ആമുഖത്തിലും ബയാനു ഖത്വ്ഇ മന്‍ അഖ്ത്വഅശ്ശാഫിഇയ്യയുടെ അന്ത്യത്തിലും മറ്റും തന്റെ പഠനത്തെക്കുറിച്ചും രീതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചതായി കാണാം.

‘ഞാന്‍ എന്റെ പഠനാരംഭത്തില്‍ തന്നെ നബി(സ്വ)യുടെ മഹദ്വചനങ്ങളും സംഭവങ്ങളും ദീനിന്റെ ചിഹ്നളും പ്രമാണങ്ങളുമായ സ്വഹാബത്തിന്റെ വചനങ്ങളും ശേഖരിക്കാന്‍ തുടങ്ങി. അവ ആരുടെ അടുത്താണോ അതുള്ളത് അവരില്‍ നിന്നു ഞാനത് കേട്ടു. അതിന്റെ നിവേദകരെയും വാഹകരെയും ഞാന്‍ നന്നായി പഠിച്ചറിഞ്ഞു. അവയില്‍ സ്വഹീഹും അല്ലാത്തതും മര്‍ഫൂഉം മൗഖൂഫും മൗസ്വൂലും മുര്‍സലുമെല്ലാം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ശരീഅത്തിന്റെ വിജ്ഞാനങ്ങള്‍ക്ക് സേവനം ചെയ്ത മഹാശയന്മാരായ ഇമാമുകളുടെ ഗ്രന്ഥങ്ങളില്‍ ഞാന്‍ ഊളിയിട്ടു. (മഅ്‌രിഫത്തുസ്സനനി വല്‍ ആസാര്‍).

ഹിജ്‌റ 399 മുതല്‍ ഞാന്‍ ഹദീസുകള്‍ എഴുതിത്തുടങ്ങി. പൗരസ്ത്യരായ ഏതാനും പണ്ഡിതരെ ഞാന്‍ കണ്ടുമുട്ടി. ഇബ്‌നുല്‍ അഅ്‌റാബിയ്യി, അസ്സ്വഫ്ഫാര്‍, അര്‍റസ്സാര്‍, അല്‍ അസ്വമ്മ്, ഇബ്‌നുല്‍ അഖ്‌റം തുടങ്ങിയവരെയും ഞാന്‍ കണ്ടെത്തിയിട്ടുണ്ട് (ബയാനു ഖത്വ്ഇമന്‍ അഖ്ത്വഅശ്ശാഫിഇയ്യ).

ഈ രണ്ടു ഗ്രന്ഥങ്ങളും ഇമാം ശാഫിഈ(റ)ന്റെയും ശാഫിഈ മദ്ഹബിന്റെയും മഹത്ത്വവും വിശദീകരണവും ആരോപണങ്ങള്‍ക്കുള്ള മറുപടിയുമാണ്. ഇതൊന്നും ആത്മകഥാപരമായ പരാമര്‍ശങ്ങളുടെ ഭാഗമല്ല. മഅ്‌രിഫത്തിന്റെ ആദ്യത്തില്‍ അല്‍പം വിശദമായി പരാമര്‍ശിച്ച സ്വാനുഭവമാണ്.

മക്കയും മദീനയും പരിസരങ്ങളിലുമായി ജ്ഞാനം തേടി നടത്തിയ യാത്രകള്‍ ഇമാമിനെ വലിയ അനുഭവ സമ്പത്തിന്റെ ഉടമയാക്കി മാറ്റി. ഹദീസിലും കര്‍മശാസ്ത്രത്തിലും അഖീദയിലും വ്യക്തിമുദ്ര പതിപ്പിച്ചതില്‍ ഈ യാത്രാനുഭവങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

 

ഗുരുനാഥന്മാര്‍

ഇസ്തറാബാദ്, അസദാബാദ്, ഇസ്ഫറാഈന്‍, ദാമിഗാന്‍, തംബിറാന്‍, ത്വൂസ്, ഖര്‍മീന്‍, മഹ്ര്‍ജാന്‍, നൗഖാന്‍, ഹമദാന്‍, ബഗ്ദാദ്, കൂഫ, ശത്ത്വുല്‍ അറബ്, റയ്യ്, മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം ജ്ഞാനവും ഗുരുനാഥന്‍മാരെയും തേടി സഞ്ചരിച്ചു. വ്യത്യസ്ത വിജ്ഞാനശാഖകളില്‍ വിശാരദന്മാരായ ഗുരുവര്യരുമായി സന്ധിക്കാനും ശിഷ്യത്വം സ്വീകരിക്കാനും ഇത് അവസരമേകി. തന്റെ ആദ്യത്തെയും ഗുരുക്കളില്‍ പ്രധാനി അബുല്‍ ഹസന്‍ മുഹമ്മദ് അല്‍ അലവി എന്നവരാണ്. പ്രശസ്ത മുഹദ്ദിസും ചരിത്രകാരനും പ്രശസ്തമായ അല്‍ മുസ്തദ്‌റക് ലിസ്സ്വഹീഹൈനിയുടെ കര്‍ത്താവുമായ അബൂഅബ്ദില്ലാഹി മുഹമ്മദുല്‍ ഹാകിമുന്നൈസാബൂരി, അബൂഅബ്ദിര്‍റഹ്മാനിസ്സലമി, അബൂബക്‌റിബ്‌നു ഫൗറക്, അബൂഅലിയ്യുര്‍റൂസ്ബാദി, അബൂസകരിയ്യല്‍ മുസക്കീ തുടങ്ങിയ പണ്ഡിത പ്രതിഭകള്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരില്‍ പെടുന്നു.

ബൈഹഖ് എന്ന ഗ്രാമത്തില്‍ നിന്നും നൈസാബൂരിന്റെ ഹൃദയഭൂമിയിലെ വൈജ്ഞാനിക കേന്ദ്രങ്ങളിലേക്കുള്ള യാത്ര അല്‍പം ദീര്‍ഘമുള്ളതായിരുന്നു. ഇമാം ഹാകിം(റ)ന്റെ ശിഷ്യത്വം സ്വീകരിക്കുന്നതവിടെ വെച്ചാണ്. ഹിജ്‌റ 405-ല്‍ ഇമാം ഹാകിം(റ) വഫാത്താവുന്നതിന് മുമ്പ് ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ഇമാം ബൈഹഖി(റ)ക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഹദീസ് പഠനത്തിന് സാധിച്ചത്. ഹാകിം(റ)ന് എഴുപത് പിന്നിട്ടിരുന്നു അപ്പോള്‍. ബൈഹഖി(റ)ന് 21 വയസ്സും. ഉസ്താദുമായി സഹവസിച്ച ഹ്രസ്വമായ ആ കാലയളവില്‍ അദ്ദേഹത്തില്‍ നിന്ന് പതിനായിരത്തിലധികം ഹദീസുകള്‍ മഹാന്‍ സ്വീകരിക്കുകയുണ്ടായി. നേരിട്ട് കേട്ടതും ആവര്‍ത്തിച്ചവയും ഇതിലുള്‍പ്പെടും. സുനനുല്‍ കുബ്‌റായില്‍ തന്നെ 8491 ഹദീസുകള്‍ ഹാകിം(റ) വഴി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അബൂസഈദുല്‍ മഹ്‌റജാനി, അബൂസഹ്‌ലുല്‍ മര്‍വസി, അബൂമുഹമ്മദില്‍ ഇസ്വ്ബഹാനി, അബൂഅലിയ്യുര്‍റുസ്ബാദീ, അബൂബക്‌റില്‍ ഖാളീ, അബുല്‍ ബസനില്‍ ബൈഹഖി (റ.അന്‍ഹും) തുടങ്ങിയ മഹാരഥന്മാരില്‍ നിന്നും ഹദീസും മറ്റു വിജ്ഞാനീയങ്ങളും കരഗതമാക്കിയത് നൈസാബൂരില്‍ വെച്ചുതന്നെയായിരുന്നു. ഇതുപോലെ സഞ്ചരിച്ച നാടുകളിലെല്ലാം ധാരാളം മഹാപണ്ഡിതരെ ഗുരുനാഥരായി വരിക്കാന്‍ അദ്ദേഹത്തിനായി.

മക്കയിലും മദീനയിലും വെച്ചു വിശ്വപ്രസിദ്ധരായ ധാരാളം ഗുരുക്കന്‍മാരുടെ കീഴില്‍ പഠനം നടത്താനും അവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനും ഹജ്ജ് സിയാറത്ത് വേളകള്‍ ഉപയോഗപ്പെടുത്തി. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും വെച്ച് ഉന്നത ശീര്‍ഷരായ ആലിമുകളുടെ ശിഷ്യത്വം സ്വീകരിച്ചു. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യദശാബ്ദങ്ങളിലായിരുന്നു ഇമാമവര്‍കളുടെ യാത്രകളും ഹദീസ് ശേഖരണവുമെല്ലാം. ഹിജ്‌റ 430-ന്റെ അവസാനത്തിലോ നാല്‍പതുകളിടെ തുടക്കത്തിലോ ആണ് ഈ ജ്ഞാനാന്വേഷണ യാത്രകള്‍ മഹാന്‍ അവസാനിപ്പിച്ചത്. പിന്നീട് രചനയിലേക്കു തിരിഞ്ഞു.

രചനകള്‍

വ്യത്യസ്ത വിജ്ഞാന ശാഖകളിലായി അമ്പതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ പലതും വാള്യങ്ങള്‍ നീണ്ടതും ഇന്നും പ്രസാധനത്തിലുള്ളതുമാണ്. ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ്, മനാഖിബ് തുടങ്ങിയവയിലെല്ലാം നിസ്തുലമായ രചനകള്‍ അദ്ദേഹം നടത്തി. ബൈഹഖി എന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മയിലെത്തുക താന്‍ ക്രോഡീകരിച്ച സുനനുല്‍ ബൈഹഖിയാണ്.

സുനനുല്‍ കുബ്‌റയില്‍ നബി(സ്വ)യുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍, സ്വഹാബത്തിലും താബിഉകളിലും ചെന്നെത്തി നില്‍ക്കുന്ന ഹദീസുകളുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അത് യഥാര്‍ത്ഥത്തില്‍ ഒരു ഹദീസ് കോശം തന്നെയാണ്. അതുകൊണ്ടാണ് അതുമാത്രം മതി ഒരാള്‍ക്ക് ഹദീസ് പഠിക്കാനെന്ന് പറയുന്നത്. സുനനുകളില്‍ ഒന്നാം സ്ഥാനത്തിന് ബൈഹഖി(റ)യുടെ സുനനിന് അര്‍ഹതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുമ്പ് തന്നെ സുനനുകള്‍ ക്രോഡീകരിക്കപ്പെട്ടതിനാല്‍ അങ്ങനെ മുന്തിച്ചുപറയാറില്ലെന്നു മാത്രം.

മഅ്‌രിഫത്തുസ്സുനനി വല്‍ ആസാര്‍ എന്ന ഗ്രന്ഥം ഒരു അമൂല്യ രചനയും ക്രോഡീകരണവുമാണ്. ഇമാം ശാഫിഈ(റ)യുടെ മദ്ഹബും അതിലെ വിധികളും പ്രമാണബന്ധുരമായി വിവരിക്കുന്ന ഒരു ശ്രദ്ധേയ രചനയാണിത്. ശാഫിഈ(റ) പ്രമാണമായി ഉദ്ധരിച്ച ഹദീസുകള്‍ അതിന്റെ സനദും നിവേദകരും ബലാബലവും വിവരിക്കുന്നതാണിത്. ഇമാം സുബ്കി(റ) പറയുന്നതിങ്ങനെ: ഇമാം ബൈഹഖിയുടെ മഅ്‌രിഫത്തുസ്സനനി വല്‍ ആസാര്‍ എന്ന ഗ്രന്ഥം എല്ലാ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതനും ആവശ്യമായതാണ്. എന്റെ പിതാവ് (തഖിയുദ്ദീനുസ്സുബ്കി-റ) മഅ്‌രിഫത്തുസ്സുനന്‍ എന്നതിന്റെ ആശയം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ‘ഇമാം ശാഫിഈ(റ)ന് ഹദീസിലും സ്വഹാബി വചനങ്ങളിലുമുള്ള അറിവ് എന്നാണത് (ത്വബഖാതുല്‍ കുബ്‌റാ).

മറ്റുചില ഗ്രന്ഥങ്ങളെക്കുറിച്ച് ഇമാം സുബ്കി(റ) തന്നെ പറയുന്നു: ഇമാം ശാഫിഈ(റ)യുടെ വാക്യങ്ങളും വചനങ്ങളും വിവരിക്കുന്ന അല്‍ മബ്‌സൂത്വ് എന്ന ഗ്രന്ഥം നിസ്തുലമായ ഒരു രചനയാണ്. ഈ വിഷയത്തില്‍ ഇത്‌പോലെ മറ്റൊന്നു രചിക്കപ്പെട്ടിട്ടില്ല. അല്‍ അസ്മാഉ വസ്സ്വിഫാത്ത് എന്ന ഗ്രന്ഥത്തിന് സമാനമായി മറ്റൊന്ന് എനിക്കറിയില്ല. കിതാബുല്‍ ഇഅ്തിഖാദ്, കിതാബുദലാഇലുന്നുബുവ്വ, തിതാബുശുഅബില്‍ ഈമാന്‍, കിതാബു മനാഖിബുശ്ശാഫിഈ, കിതാബുദ്ദഅ്‌വാതില്‍ കബീര്‍ ഇവയിലൊന്നിനും തുല്യമായി മറ്റൊന്നില്ലെന്ന് ഞാന്‍ സത്യം ചെയ്തു പറയുന്നു.

കിതാബുല്‍ ഖിലാഫിയ്യാത്ത് പോലെ ആ ഇനത്തില്‍ മറ്റൊന്ന് മുമ്പുണ്ടായിട്ടില്ല. ഫിഖ്ഹിലും ഹദീസിലും അഗാധജ്ഞാനമുള്ള ഒരാള്‍ക്കല്ലാതെ സാധ്യമാകാത്ത സ്വതന്ത്രവും മൗലികവുമായ ഹദീസീ സരണിയാണിത്. കിതാബു മനാഖിബുല്‍ ഇമാം അഹ്മദ്, കിതാബു അഹ്കാമില്‍ ഖുര്‍ആന്‍ ലിശ്ശാഫിഈ, കിതാബുദ്ദഅ്‌വാതുസ്സഗീര്‍, കിതാബുല്‍ ബഅ്‌സി വന്നുശൂര്‍, കിതാബുസ്സുഹ്ദുല്‍ കബീര്‍, കിതാബുല്‍ ആദാബ്, കിതാബുല്‍ അസ്‌റാ, കിതാബുസ്സുനനിസ്സഗീര്‍, കിതാബുല്‍ അര്‍ബഈന്‍, കിതാബുഫളാഇലുല്‍ ഔഖാത്ത് തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ട്. ഇവയെല്ലാം വളരെ ഫലപ്രദവും ക്രമനിബദ്ധവും വിഷയക്രമീകൃതവുമാണ്. അത്തരത്തില്‍ മറ്റൊരാളും മുമ്പ് തയ്യാറാക്കിയിട്ടില്ലെന്ന് ജ്ഞാനമുള്ളവരെല്ലാം സാക്ഷീകരിക്കും (ത്വബഖാത്തുശ്ശാഫിഇയ്യതില്‍ കുബ്‌റാ).

ഹാഫിളുദ്ദഹബി ഇമാം ബൈഹഖി(റ)യുടെ ഗ്രന്ഥങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം എഴുതി: ബൈഹഖി(റ)യുടെ രചനകളെല്ലാം മഹത്തായ സ്ഥാനമുള്ളവയാണ്. ധാരാളം ഫലങ്ങളുള്ളവയും. ഇമാം അബൂബക്ര്‍(ബൈഹഖി ഇമാം)യെ പോലെ രചനകള്‍ മേന്മയേറിയതാക്കിയ ആളുകള്‍ അപൂര്‍വമാണ്. അതിനാല്‍ തന്നെ അവയെ പരിഗണിക്കല്‍ പണ്ഡിതന്മാര്‍ക്ക് അനിവാര്യമത്രെ (സിയറു അഅ്‌ലാമിന്നുബലാഅ്).

 

പാണ്ഡിത്യം, സേവനം

ഇമാമവര്‍കള്‍ക്ക് സമുദായത്തില്‍ ലഭിച്ച സ്വീകാര്യതയും രചിച്ച ഗ്രന്ഥങ്ങളും നിരവധി ഗുരുനാഥന്മാരും ജ്ഞാനാന്വേഷണയാത്രകളും ശിഷ്യഗണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പാണ്ഡിത്യം വിളിച്ചറിയിക്കുന്നതാണ്. ആഴമേറിയ ആ പാണ്ഡിത്യത്തെ ജ്ഞാനലോകം എല്ലാ നിലയിലും അംഗീകരിച്ചു. ശാഫിഈ മദ്ഹബും അശ്അരീസരണിക്കും മഹാന്‍ ചെയ്ത സേവനങ്ങള്‍ വളരെ വലുതാണ്. തന്റെ അനുയായികളില്‍ പെട്ട ഫഖീഹ് മുഹമ്മദ്ബ്‌നു അഹ്മദ്(റ) ഇമാം ശാഫിഈ(റ)നെ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. ഇത് ഇമാം ബൈഹഖി(റ)തന്നെ പറഞ്ഞതായി പുത്രനും ശൈഖുല്‍ ഖുളാത്ത് എന്ന പേരില്‍ വിശ്രുതനുമായ അബൂഅലിയ്യുല്‍ ബൈഹഖി(റ) ഉദ്ധരിച്ച ഒരു സംഭവം ഹാഫിളുദ്ദഹബി ഉദ്ധരിച്ചതിങ്ങനെ: ശാഫിഈ(റ)നെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. ഇമാമിന്റെ കയ്യില്‍ മഅ്‌രിഫയുടെ ഏതാനും ഭാഗങ്ങളുമുണ്ടായിരുന്നു. അതിനെ കുറിച്ച് ശാഫിഈ(റ) പറഞ്ഞു; ഇന്ന് ഞാന്‍ ആ ഫഖീഹിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഏഴു ഭാഗങ്ങള്‍ നേടുകയുണ്ടായി (സിയറു അഅ്‌ലാമിന്നുബലാഅ്). ഇമാം ബൈഹഖി(റ) മഅ്‌രിഫത്തുസ്സുനനി വല്‍ ആസാറിന്റെ ഏഴു ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു ഇത്. ശാഫിഈ(റ) തന്റെ ശിഷ്യപരമ്പരയില്‍ തനിക്കും തന്റെ വിചാരധാരക്കും അനുകൂലമായി പ്രവര്‍ത്തിച്ചതിന് നല്‍കിയ അംഗീകാരമായി ഇതിനെ കാണാം.

ശാഫിഈ(റ)യുടെ മനാഖിബുകള്‍ വിവരിക്കുന്ന മനാഖിബുശ്ശാഫിഈ(റ) എന്ന ഗ്രന്ഥം അദ്ദേഹം ഇമാമിനെക്കുറിച്ചു രചിച്ച വിശാലമായ പഠനവും ചരിത്രവുമാണ്.

അശ്അരി സരണിക്ക് വേണ്ടിയും മഹാനവര്‍കള്‍ ശക്തമായി നിലകൊള്ളുകയുണ്ടായി. അഹ്‌ലുസ്സുന്നത്തിനെതിരെയും അശ്അരികള്‍ക്കെതിരെയും പ്രവര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അബ്ദുല്‍ മലിക് അല്‍ കന്‍ദറി എന്ന സര്‍ക്കാറുദ്യോഗസ്ഥന് ശക്തമായ താക്കീത് നല്‍കി ഇമാമവര്‍കള്‍ കത്തെഴുതുകയുണ്ടായി. അത് അയാള്‍ മാനിച്ചില്ലെന്നു മാത്രമല്ല സ്വാധീനമുപയോഗിച്ച് സുന്നികള്‍ക്കെതിരെ അതിക്രമം തുടരുകയും ചെയ്തു. പക്ഷേ കത്തിന്റെ തുടര്‍ച്ചയും പ്രതിഫലനവുമെന്നോണം അലബ് അര്‍സലാന്റെ ഭരണകാലത്ത് കന്‍ദറിയെ തല്‍സ്ഥാനത്ത് നിന്നു നീക്കുകയും ശിക്ഷിക്കുകയുമുണ്ടായി. പകരം നിളാമുല്‍ മുല്‍കിനെ മന്ത്രിയായി നിയമിച്ചു. നിളാമുല്‍ മുല്‍കിന്റെ കാലത്ത് ശാഫിഈ സരണിക്കും വക്താക്കള്‍ക്കും വലിയ സഹായം ലഭിക്കുകയുണ്ടായി (മജല്ലത്തുല്‍ ജാമിഅതില്‍ ഇസ്‌ലാമിയ്യ, ലക്കം 44).

 

ജീവിതം

ഇമാം സുബ്കി(റ) പറയുന്നു: അദ്ദേഹം മുസ്‌ലിം നേതാക്കളിലും ഇമാമുമാരിലും എണ്ണപ്പെട്ട മഹാനാണ്. മുഅ്മിനീങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നവരിലും അല്ലാഹുവിന്റെ യഥാര്‍ത്ഥവും സുദൃഢവുമായ പാശത്തിലേക്കും മാര്‍ഗത്തിലേക്കും ജനങ്ങളെ ക്ഷണിക്കുന്ന ഉന്നതനും മഹാനുമായ പണ്ഡിത ശ്രേഷ്ഠന്‍. ഹാഫിളും കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലും നിപുണനായ പണ്ഡിതനുമായിരുന്നു. ഭൗതിക പരിത്യാഗിയും സൂക്ഷ്മതയുള്ള ജീവിതം നയിച്ചവരും അല്ലാഹുവിന് വഴിപ്പെടുന്ന വിഷയത്തില്‍ മുന്‍പന്തിയിലുള്ളയാളുമാണ്. ശാഫിഈ സരണിക്ക് അതിന്റെ നിദാനവിഷയങ്ങളും ശാഖാവിഷയങ്ങളും ഒരുപോലെ പരിഗണിച്ച് വലിയ സേവനം ചെയ്തു. ചുരുക്കത്തില്‍ ജ്ഞാനവിഷയങ്ങളില്‍ മഹാപര്‍വതം തന്നെയായിരുന്നു അദ്ദേഹം (ത്വബഖാത്തുല്‍ കുബ്‌റ).

ഇബ്‌നു അസാക്കിര്‍(റ) പറഞ്ഞു: അദ്ദേഹം മഹാന്മാരായ പണ്ഡിതന്മാരുടെ രീതിയില്‍ ജീവിച്ചു. ഐഹികമായതില്‍ മോഹമില്ലാതെ ഉള്ളതിലും കുറഞ്ഞതിലും സംതൃപ്തനായി. പരിത്യാഗത്തിലും സൂക്ഷ്മതയുള്ള ജീവിതത്തിലും അന്തസ്സുകണ്ടെത്തുകയു ചെയ്തു (തബ്‌യീനു കദിബില്‍ മുഫ്തരി).

അദ്ദേഹം പരിത്യാഗിയും ഐഹികമായതില്‍ നിന്ന് വളരെ കുറച്ച് സ്വീകരിച്ചവരും ഇബാദത്തും തഖ്‌വയും അധികരിച്ചവരുമായിരുന്നു (അല്‍ബിദായത്തുവന്നിഹായ).

പാണ്ഡിത്യത്തിന്റെ മികവ് വൈജ്ഞാനിക സേവനങ്ങളില്‍ മാത്രമൊതുങ്ങിയില്ല. സ്വന്തം ജീവിതത്തില്‍ അതിന്റെ കൃത്യമായ പ്രയോഗം നടത്തി വിജയിക്കാന്‍ അദ്ദേഹത്തിനാവുകയുണ്ടായി.

 

ശാഫിഈ മദ്ഹബില്‍ വ്യുല്‍പത്തി നേടിയവര്‍ മാത്രമല്ല മദ്ഹബില്‍ പഠനം നടത്തുന്നവരെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണെന്ന് പറയാം. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ആശ്രയത്വം തന്നെ കാരണം. അര നൂറ്റാണ്ടിലധിക കാലം അദ്ദേഹത്തിന് ജ്ഞാനവിതരണാവസരമുണ്ടായി. അക്കാലത്തെല്ലാം പ്രഗത്ഭരായ ശിഷ്യന്മാര്‍ മഹാനില്‍ നിന്ന് ഹദീസ് കേള്‍ക്കുകയും വിജ്ഞാനം നുകരുകയും ചെയ്തു.

പുത്രനായ ഇമാം അബൂ അലിയ്യുല്‍ ബൈഹഖി അശ്ശാഫിഈ, ഇമാം അബൂനസ്വ്‌റില്‍ ഖുശൈരീ, അബൂ അബ്ദില്ലാഹില്‍ ഫറാവീ, അബുല്‍ മുളഫ്ഫറുല്‍ ഖുശൈരീ, പൗത്രനായ അബുല്‍ ഹസന്‍ അല്‍ ബൈഹഖി, അബൂഅബ്ദില്ലാഹില്‍ ബൈഹഖി അശ്ശാഫിഈ, അബൂമുഹമ്മദുല്‍ ഖുവാരി അല്‍ ബൈഹഖി, അബുല്‍ ഹസനിദ്ദുഹ്ഹാനിന്നൈസാബൂരി, അബുല്‍ മആലില്‍ ജുര്‍ജാനി തുടങ്ങി പ്രശസ്തരായ  പണ്ഡിത ശ്രേഷ്ഠര്‍ മഹാന്റെ ശിഷ്യസഞ്ചയത്തിലുണ്ട്. ധാരാളം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്യുകയും ശിഷ്യസമ്പത്തുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

 

വഫാത്ത്

ഒരായുഷ്‌കാലം മുഴുവന്‍ ദീനീ വിജ്ഞാനങ്ങളുടെ പോഷണത്തിനും പ്രചാരണത്തിനും പ്രസരണത്തിനും സമര്‍പ്പിച്ച മഹാന്റെ വിയോഗം മുസ്‌ലിം ലോകത്തെ കണ്ണീരണിയിച്ചു. ഹിജ്‌റ 458 ജുമാദല്‍ ഊലാ പത്തിനായിരുന്നു അത്. ബൈഹഖില്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക സേവനം നടത്തുമ്പോള്‍ ആ ഗ്രാമത്തിന്റെ അസൗകര്യവും വിജ്ഞാന കുതുകികള്‍ക്കുള്ള പ്രയാസവും കണക്കിലെടുത്ത് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനഘട്ടത്തില്‍ നൈസാബൂരിലായിരുന്നു താമസം. അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. എങ്കിലും ജനാസ ബൈഹഖിലേക്കു കൊണ്ടുവരികയും അവിടെ മറമാടുകയും ചെയ്തു. മഹാന്റെ ബറകത്ത് കൊണ്ട് നമ്മുടെ പരലോകം അല്ലാഹു പ്രകാശിപ്പിക്കട്ടെ.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ