‘അശ്ശാരിഹുൽ മുഹഖിഖ്’ എന്ന സ്ഥാനപ്പേരിൽ ജ്ഞാനലോകത്ത് സുപ്രസിദ്ധനായ ഇമാം മഹല്ലി(റ) ജനിക്കുന്നത് ഹി: 791 (1389 സെപ്: 23)ൽ ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിലാണ്. ജലാലുദ്ദീൻ അബൂഅബ്ദില്ല മുഹമ്മദുബ്‌നു ശിഹാബുദ്ദീൻ അഹ്‌മദുബ്‌നു കമാലുദ്ദീൻ മുഹമ്മദുബ്‌നു ഇബ്‌റാഹീം അൽ മഹല്ലി(റ) എന്നാണ് മുഴുവൻ നാമം.
ശാഫിഈ മദ്ഹബിലെ അഗാധജ്ഞാനിയായ കർമശാസ്ത്ര പണ്ഡിതൻ, തഫ്‌സീർ, ഹദീസ്, നിദാനശാസ്ത്രം, വിശ്വാസശാസ്ത്രം, തർക്കശാസ്ത്രം, അറബി ഭാഷ തുടങ്ങിയ വിജ്ഞാനശാഖകളിലെല്ലാം പ്രവീണൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ലോകപ്രശസ്തനായി. തന്റെ ഗ്രന്ഥങ്ങൾ പ്രയോഗങ്ങളുടെയും വിഷയങ്ങളുടെയും സൂക്ഷ്മതകൊണ്ട് പ്രസിദ്ധവും പഠനാർഹവും ചിന്തനീയവുമാണ്. ഈജിപ്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ‘മഹല്ലത്തുൽ കുബ്‌റ’ എന്ന പ്രദേശത്തേക്ക് ചേർത്താണ് ‘മഹല്ലീ’ എന്നറിയപ്പെട്ടത്.

പഠനം, വളർച്ച
ഇമാം മഹല്ലി(റ) വളർന്നത് ജന്മനാടായ കൈറോവിൽ തന്നെയാണ്. ചെറുപ്പത്തിൽതന്നെ പഠനത്തിൽ അതീവ തൽപരനായിരുന്നു. ആദ്യം ഖുർആൻ പഠനമായിരുന്നു. ശേഷം ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കി. തുടർന്ന് മറ്റു വിജ്ഞാന ശാഖകളിലേക്ക് പ്രവേശിച്ചു.
ഹൃത്തടത്തിൽ ശമിക്കാത്ത ജ്ഞാനദാഹം പേറിയുള്ള അറിവന്വേഷണ യാത്രകൾ സമർത്ഥനായ ആ വിദ്യാർത്ഥിയെ പർവത സമാനരായ നിരവധി ഗുരുസവിധങ്ങളിലെത്തിച്ചു. ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ് എന്നിവ പഠിച്ചതും അവയിൽ അവഗാഹം നേടിയതും പ്രധാനമായും ഇമാം ശംസുദ്ദീനുൽ ബുർമാവി(റ), ഇമാം ബുർഹാനുൽ ബൈജൂരി(റ) എന്നിവരിൽ നിന്നാണ്.
ഹദീസ് ലോകത്തെ കരകാണാ സമുദ്രമായ ശൈഖുൽ ഇസ്‌ലാം ഇമാം ശിഹാബുദ്ദീനു ബ്‌നുൽ ഹജറിൽ അസ്ഖലാനി(റ)വിൽ നിന്നാണ് ഹദീസ് വിജ്ഞാനത്തിൽ പ്രാവീണ്യം നേടിയത്. മഹാനായ ഇമാം ജലാലുൽ ബുൽഖൈനി(റ), ഇമാം വലിയുദ്ദീൻ അബൂസർഅ(റ), ഇസ്സുദ്ദീനുബ്‌നു അബ്ദിൽ അസീസ്(റ), ശൈഖ് ജമാലുദ്ദീൻ അബ്ദില്ലാഹിബ്‌നു ഫളിലില്ലാഹ്(റ) എന്നിവരിൽ നിന്നും ഹദീസ് വിജ്ഞാനം നേടിയിട്ടുണ്ട്. അറബി ഭാഷ, വ്യാകരണം എന്നിവ സ്വായത്തമാക്കിയത് വിശ്വപ്രസിദ്ധരായ ഇമാം ശിഹാബുദ്ദീനുൽ അജീമി(റ), ശൈഖ് ശംസുദ്ദീൻ മുഹമ്മദുബ്‌നു ശിഹാബുദ്ദീൻ അഹ്‌മദ്(റ) എന്നിവരിൽ നിന്നാണ്. ഹനഫീ പണ്ഡിതനായ ഇമാം നാസ്വിറുദ്ദീൻ അബൂ അബ്ദില്ലാഹി മുഹമ്മദുബ്‌നു അനസ്(റ)വിൽ നിന്നാണ് ഇൽമുൽ ഫറാഇള്, ഗണിതശാസ്ത്രം എന്നിവ പഠിച്ചത്. മൻത്വിഖ്, ഇൽമുൽ ബയാൻ, ഇൽമുൽ മആനി തുടങ്ങിയ വിജ്ഞാന ശാഖകൾ നേടിയത് ഇമാം ബദ്‌റുദ്ദീനുബ്‌നു മഹ്‌മൂദ്ബ്‌നു മുഹമ്മദ്(റ)ൽ നിന്നാണ്. ഉസ്വൂലുൽ ഫിഖ്ഹും അദ്ദേഹത്തിൽ നിന്ന് അഭ്യസിച്ചു. വിശുദ്ധ ഖുർആന്റെ പ്രവിശാലമായ വ്യാഖ്യാന ലോകത്തേക്കെത്തിയത് മാലികീ മദ്ഹബുകാരനായ ഇമാം ശംസുദ്ദീൻ അബൂഅബ്ദില്ലാഹി മുഹമ്മദുബ്‌നു അഹ്‌മദ്(റ)ലൂടെയാണ്. അദ്ദേഹവുമായി വളരെ കൂടുതൽ കാലം സഹവസിച്ച് വിവിധ വിജ്ഞാന ശാഖകൾ സ്വന്തമാക്കി ഇമാം മഹല്ലി(റ). ‘ഉസ്വൂലുദ്ദീനി’ൽ വ്യുൽപത്തി നേടിയതും അദ്ദേഹത്തിൽ നിന്നുതന്നെ.
ശൈഖ് ശിഹാബുദ്ദീൻ അബുൽ അബ്ബാസ് (ഇബ്‌നുൽ ഇമാദ്-റ), ഇമാം ശംസുദ്ദീൻ അബുൽ ഖൈർ മുഹമ്മദുബ്‌നു മുഹമ്മദ്(റ), ഇമാം ശറഫു ദ്ദീൻ അബുത്വാഹിർ മുഹമ്മദുബ്‌നു മുഹമ്മദ്(റ), ഇമാം ശൈഖ് ബദ്‌റുദ്ദീൻ മുഹമ്മദുബ്‌നു അലീ(റ), ശൈഖ് കമാലുദ്ദീൻ അബുൽ ബഖാഅ മുഹമ്മദുബ്‌നു മൂസ(റ), ശൈഖ് ശിഹാബുദ്ദീൻ അഹ്‌മദുബ്‌നു അബീഅഹ്‌മദ്(റ), ശൈഖ് മജ്ദുദ്ദീൻ അൽബുർമാവി(റ), ശൈഖ് ശംസുദ്ദീൻ അബൂ അബ്ദില്ലാഹ് മുഹമ്മദുബ്‌നു അബീബക്കർ(റ), ശൈഖ് നിസാമുദ്ദീൻ യഹ്‌യബ്‌നു യൂസുഫ്(റ) തുടങ്ങിയവരും ഇമാം മഹല്ലി(റ)യുടെ ഉസ്താദുമാരിൽ ചിലരാണ്.

അധ്യാപനം
സൂക്ഷ്മജ്ഞാനിയും അതിബുദ്ധിശാലിയുമായിരുന്നു ഇമാം. കാര്യങ്ങളെ അവയുടെ പൂർണാർത്ഥത്തിൽ ഗ്രഹിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി അദ്ഭുതാവഹമായിരുന്നു. കുലീനമായ വ്യക്തിപ്രഭാവം, ബുദ്ധിസാമർത്ഥ്യം, അതിവേഗത്തിലുള്ള ഗ്രഹണശേഷി, വർധിച്ച ആരാധനാ കർമങ്ങൾ, വിഷയങ്ങളിലുള്ള കൃത്യത, തുളച്ച് കയറുന്ന ഓർമശക്തി തുടങ്ങിയ ഉത്തമ ഗുണങ്ങൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യതിരിക്തനാക്കി. തന്റെ പ്രതിഭാത്വത്തിൽ പൂർണ ബോധവാനായിരുന്ന അദ്ദേഹം അത് സമ്പൂർണമായി ദീനിവിജ്ഞാന പ്രചാരണത്തിന് മാറ്റിവെച്ച് മാതൃകയായി. ‘വജ്രത്തെയും തുളക്കുന്നത്’ എന്നായിരുന്നു സമകാലിക പണ്ഡിതർ അദ്ദേഹത്തിന്റെ ബുദ്ധിശക്തിയെ പ്രശംസിച്ചിരുന്നത്.
അറ്റമില്ലാത്ത വിജ്ഞാനത്തിനുടമയായിരുന്ന മഹാന് അവസരോചിതം അവ ഉപയോഗി ക്കുന്നതിൽ അദ്ഭുതാവഹമായ കഴിവായിരുന്നു. പണ്ഡിത ചർച്ചാവേദികളിലെല്ലാം ഇമാമിന്റെ കൃത്യ വും സുദൃഢവുമായ നിലപാടുകൾക്കായിരുന്നു മുൻതൂക്കം. സമകാലികനും വിശ്വപ്രസിദ്ധ പണ്ഡിതനുമായ ഇമാം സഖാവി(റ)വിന്റെ വാക്കുകൾ ശ്രദ്ധേയമാണ്: ‘ഇമാം മഹല്ലി(റ)യോടൊത്തുള്ള ചർച്ചകളിൽ അക്കാലത്തെ ഉന്നതപണ്ഡിതർ ഗുരുവിനു മുമ്പാകെയുള്ള ശിഷ്യരെന്ന പോലെ വിനയാന്വിതരാകുമായിരുന്നു. പണ്ഡിതരടക്കം സമൂഹത്തിലെ എല്ലാവരാലും അദ്ദേഹം ആദരിക്കപ്പെട്ടു.’
ജീവിതത്തിൽ അതീവ സൂക്ഷ്മത പുലർ ത്തിയിരുന്ന മഹല്ലി(റ)ക്ക് അല്ലാഹുവിന്റെ ചിന്തയിൽ ലയിച്ചുള്ള ആരാധന പ്രത്യേക ഹരമായിരുന്നു. നന്മ കൽപ്പിക്കുക, തിന്മയെ മുഖം നോക്കാതെ എതിർക്കുക എന്നതിൽ യാതൊരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. സ്വജനപക്ഷപാതികളും അക്രമകാരികളുമായ ഭരണാധികാരികൾക്കു മുമ്പിൽ അദ്ദേഹം നീതിയുടെയും സത്യത്തിന്റെയും ഗർജനമായി. അനീതിയുടെ വക്താക്കളായ ഭരണാധികാരികൾക്ക് മുഖം കൊടുത്തില്ല. ഏത് സാധാരണക്കാരനും മഹാനവർകളുടെ മജ്‌ലിസുകളിൽ അനുമതി ലഭിച്ചപ്പോൾ അത്തരം ഭരണാധികാരികൾക്ക് അത് നിഷേധിക്കപ്പെട്ടു. ജഡ്ജിമാർ, ഭരണാധികാരികൾ എന്നിവരുള്ള വേദികളിൽ നീതിപൂർണമായ വിധിപ്രഖ്യാപനത്തിന്റെയും നീതി നിർവഹണത്തിന്റെയും പ്രാധാന്യം സധീരം തുറന്നടിച്ചു. ഭരണാധികാരികളടക്കം എല്ലാവരും ഇമാമിനെ ആദരിക്കുകയും ആജ്ഞകൾക്കു വിധേയരാവുകയും ചെയ്തു.
ഇമാം മഹല്ലി(റ)നെ ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കാൻ രാജാവ് നിർബന്ധിക്കുകയുണ്ടായി. ‘നീതിപൂർണമായ വിധിപ്രഖ്യാപനത്തിന് സാധിച്ചില്ലെങ്കിലോ’ എന്ന ആധി കാരണം അദ്ദേഹം ഖാളി സ്ഥാനം വേണ്ടന്നുവെച്ചു. അതിനെ കുറിച്ച് ശിഷ്യന്മാരോട് മഹാൻ പറഞ്ഞത് ഇപ്രകാരമാണ്: ‘അനീതി സംഭവിച്ച് നരകത്തിൽ ചെന്നുവീഴാൻ എനിക്ക് വയ്യ’.
ഇമാം ശിഹാബുൽ കൂറാനി(റ)നെ ഇമാം കണ്ടുമുട്ടുകയും അദ്ദേഹത്തിന് ശേഷം ‘മദ്‌റസതു ബർഖൂഖിച്ച’യിൽ കർമശാസ്ത്രത്തിന്റെ ആഴം തൊട്ടുള്ള പ്രസിദ്ധ ദർസ് ആരംഭിക്കുകയും ചെയ്തു. ‘അൽബദ്‌റുത്വാലിഅ’ എന്ന ഇമാം സുബ്കി (റ)ന്റെ ജംഉൽ ജവാമിഇനെ വ്യാഖ്യാനിച്ചുകൊണ്ടുള്ള തന്റെ പ്രസിദ്ധ രചനക്ക് നിമിത്തമായത് പ്രസ്തുത കൂടിക്കാഴ്ചയാണ്.
ശൈഖുൽ ഇസ്‌ലാം ഇബ്‌നു ഹജറിൽ അസ്ഖലാനി(റ)ന്റെ വഫാതിന് ശേഷം ‘മദ്‌റസതുൽ മുഅയ്യിദിയ്യ’യിൽ മുദരിസായി നിയമിതനായി. അതോടെ ഭൂഖണ്ഡാതിർത്തികൾ ഭേദിച്ചുകൊണ്ട് ഇമാമിന്റെ പ്രശസ്തി പരന്നു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെയും ഫത്‌വ തേടുന്നവരുടെയും ബറകത്ത് മോഹിക്കുന്നവരുടെയും സഞ്ചയംതന്നെ ഇമാമിനെ തേടിയെത്തി.
നിരവധി കറാമത്തുകളുടെ ഉടമയാണദ്ദേഹം. വസ്ത്രം, വാഹനം തുടങ്ങി എല്ലാത്തിലും മിതത്വം സ്വീകരിച്ചു. ഇമാം സഖാവി(റ) കുറിച്ചു: ‘അധ്യാത്മിക രംഗത്ത് ‘വിലായത്തി’ന്റെ പദവിയിലേക്കുയർന്ന മഹല്ലി(റ) മുഴുവൻ വൈജ്ഞാനിക ശാഖകളിലും അവഗാഹം നേടിയിരുന്നു. വസ്ത്രവ്യാപാരമായിരുന്നു മഹാൻ ഉപജീവന മാർഗമായി കണ്ടെത്തിയിരുന്നത്. ആദ്യ ഘട്ടങ്ങളിൽ തുണിക്കടകളിൽ നേരിട്ട് കച്ചവടം നടത്തിയിരുന്നു. പിന്നീട് തനിക്ക് പകരം കച്ചവടം നിയന്ത്രിക്കാൻ ഒരാളെ ഏൽപ്പിച്ചു. ഇടക്കിടെ അവിടെ ചെന്ന് മേൽനോട്ടം നിർവഹിച്ചു. ഇതോടെ ഗ്രന്ഥരചന, അധ്യാപനം, ആരാധന എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിച്ചു. നിരവധി തവണ ഹജ്ജ് ചെയ്തിട്ടുണ്ട്. ഇബ്‌നു ഇമാദ്(റ) അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘അറബികളിലെ തഫ്താസാനി’ എന്നാണ്.
നിരവധി ശിഷ്യസമ്പത്തിന്റെ ഉടമയാണ് ഇമാം മഹല്ലി(റ). പിൽകാലത്ത് ലോകത്തിന് ദിശ കാണിച്ച പണ്ഡിതകുലപതികൾ പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഇമാം സകരിയ്യൽ അൻസ്വാരി(റ), ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി(റ), ഇമാം നൂറുദ്ദീൻ അബുൽ ഹസൻ അസ്സംഹൂദി(റ), ശൈഖ് ബുർഹാനുദ്ദീൻ ഇബ്‌റാഹീം(റ), ശൈഖ് ശിഹാബുദ്ദീൻ അബുൽഫത്ഹ്(റ), ശൈഖ് ഖൈറുദ്ദീൻ അബുൽ ഖൈർ(റ), ശൈഖ് കമാലുദ്ദീൻ അബുൽ ഫള്ൽ(റ), ശൈഖ് സ്വലാഹുദ്ദീൻ മുഹമ്മദ്(റ), ശൈഖ് ശംസുദ്ദീൻ അബുൽ ബറകാത്ത് മുഹമ്മദ്(റ), ശൈഖ് നജ്മുദ്ദീനുബ്‌നു ശറഫുദ്ദീൻ മുഹമ്മദ്(റ), ശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ്(റ), ശൈഖ് ഇമാദുദ്ദീൻ അബുൽഫിദാ അഹ്‌മദ്(റ) തുടങ്ങി എണ്ണമറ്റ പ്രഗത്ഭ ശിഷ്യരെ വളർത്തിയെടുക്കാൻ അദ്ദേഹത്തിനായി.

രചനകൾ
വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളു ത്തിയ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ ആ തൂലികയിൽ നിന്ന് വിരചിതമായിട്ടുണ്ട്. അറിവിന്റെ ലോകത്ത് സജീവ ചർച്ചകൾക്കും പഠനങ്ങൾക്കും നിരന്തരം വിധേയമാക്കപ്പെടുന്നവയാണ് ഇമാമിന്റെ രചനകൾ. കുറഞ്ഞ വാക്കുകളിൽ വിശാല ആശയങ്ങൾ ഉൾകൊള്ളുന്നുവെന്നത് അവയുടെ പ്രത്യേകതയാണ്.
സമകാലീനരടക്കം പണ്ഡിതലോകം ഒന്ന ടങ്കം ഇരുകൈയും നീട്ടി ആ ഗ്രന്ഥങ്ങൾ സ്വീകരിച്ചുവെന്നത് അവയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ ആഴമാണ് കാണിക്കുന്നത്. ഇമാം സഖാവി(റ) തന്റെ ഗുരുവായ ഇമാം ഇബ്‌നു ഖളിർ(റ)ന്റെ ദർസിൽ വെച്ച് ഇമാം മഹല്ലി(റ)ന്റെ ഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ട്. സഖാവി(റ) പറയുന്നു: ‘എന്റെ ഗുരു മഹല്ലി ഇമാമിന്റെ ഗ്രന്ഥങ്ങളുടെ ആശയ ഗംഭീര്യത, സമഗ്രത എന്നിവയെ കുറിച്ച് ധാരാളം പുകഴ്ത്താറുണ്ട്. ഗുരുവിൽ നിന്ന് അവകൾ എണ്ണമറ്റ ആളുകൾ പഠിക്കുകയും ചെയ്തിട്ടുണ്ട്’. ഇമാം വനാഈ(റ)ൽ നിന്ന് ശംസുൽ ബാമി(റ) മഹല്ലി(റ)ന്റെ ഗ്രന്ഥങ്ങൾ പഠിക്കുകയും അവ ശാമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹമാണ് ആ ഗ്രന്ഥങ്ങൾ ആദ്യമായി ശാമിലെത്തിച്ചത്. അവിടെ വെച്ച് തന്റെ ശിഷ്യർക്ക് അവ പഠിപ്പിക്കാൻ അദ്ദേഹം പ്രത്യേകം താൽപര്യപ്പെട്ടിരുന്നു. ഇമാം മഹല്ലി(റ)ന്റെ ജീവിത കാലത്ത് തന്നെ അഗ്രേസരരായ പണ്ഡിതർ അവരുടെ ക്ലാസുകളിൽ സവിശേഷസ്ഥാനം നൽകി അദ്ദേഹത്തിന്റെ കിതാബുകൾ പരിഗണിച്ചിരുന്നു. മഹാന് ലഭിച്ച അപൂർവ ബഹുമതിയായി വേണം ഇതിനെ കാണാൻ. ഇമാമിന്റെ രചനകളിൽ ചിലത് പരിചയപ്പെടാം.

കൻസുർറാഗിബീൻ ശർഹു മിൻഹാജു ത്വാലിബീൻ: ഇമാം നവവി(റ)ന്റെ കർമശാസ്ത്ര ഗ്രന്ഥം മിൻഹാജിന്റെ വിശദീകരണമാണിത്. ‘ഉമൈറ’ എന്ന പേരിൽ പ്രസിദ്ധനായ ശിഹാബുദ്ദീനിൽ ബർലസി(റ), ശൈഖ് അഹ്‌മദുൽ ഖൽയൂബി(റ) എന്നിവരുടെ പ്രൗഢമായ വിശദീകരണക്കുറിപ്പോടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഈ ഗ്രന്ഥം കേരളത്തിലെ മതകലാലയങ്ങളിലടക്കം നിത്യസാന്നിധ്യമാണ്. വൈജ്ഞാനിക രംഗത്തുള്ളവരുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്ന ഒരു നാമമായി ‘ഇമാം മഹല്ലി’ മാറിയതിന്റെ പ്രധാന കാരണം ‘മഹല്ലി’ എന്ന അറിയപ്പെടുന്ന ഈ കിതാബാണ്.
ലംഉല്ലവാമിഅ ശർഹു ജംഇൽ ജവാമിഅ: നിദാനശാസ്ത്രത്തിൽ ഇമാം താജുദ്ദീനുസ്സുബ്കി(റ) രചിച്ച ജംഉൽ ജവാമിഇന്റെ വിശദീകരണ ഗ്രന്ഥമാണിത്. ഇതിന് നിരവധി പണ്ഡിതർ വിശദീകരണങ്ങളെഴുതിയിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ), അല്ലാമ ഇബ്‌നു ഖാസിമുൽ ഇബാദി(റ), ശൈഖുൽ ഇസ്‌ലാം കമാലുദ്ദീനുബ്‌നു അബീശരീഫ്(റ), ശൈഖ് അലിയുന്നജ്ജാരി(റ), ശൈഖ് ശിഹാബുദ്ദീനുൽ ബർലസി(ഉമൈറ-റ), ശൈഖ് അബ്ദുറഹ്‌മാനിൽ ബുന്നാനി(റ), ഇമാം ഹസനുൽ അത്വാർ(റ) തുടങ്ങിയവർ ഉദാഹരണം.
തഫ്‌സീറുൽ ഖുർആനിൽ കരീം: പ്രൗഢമായ ഖുർആൻ വ്യാഖ്യാനഗ്രന്ഥമാണിത്. പക്ഷേ അത് പൂർത്തിയാകും മുമ്പേ ഇമാം മരണപ്പെട്ടു. പിന്നീട് ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി(റ)വാണ് ഇത് പൂർത്തീകരിച്ചത്. അതിനാൽ ഈ തഫ്‌സീർ ഗ്രന്ഥം ‘ജലാലൈനി’ എന്ന പേരിൽ അറിയപ്പെടുന്നു.
ശർഹുൽ വറഖാത്ത്: ഉസ്വൂലുൽ ഫിഖ്ഹിൽ ഇമാമുൽ ഹറമൈനി(റ) രചിച്ച കിതാബുൽ വറഖാത്തിന്റെ വ്യാഖ്യാന ഗ്രന്ഥമാണിത്. വൈജ്ഞാനിക ലോകത്ത് ഏറെ പ്രസിദ്ധവും നിരവധി ചർച്ചകൾക്ക് വിധേയമായതുമായ ഈ ഗ്രന്ഥം ലോകമതപാഠശാലകളിൽ അതീവ പ്രാധാന്യത്തോടെ അഭ്യസിക്കുന്നു. ഇമാം ശിഹാബുദ്ദീനുൽ ഖൽയൂബി(റ) അടക്കം നിരവധി പണ്ഡിതർ ഇതിന് ടിപ്പണി നിർവഹിച്ചിട്ടുണ്ട്.
ശർഹ് മുഖ്തസ്വർ ലിൽ ബുർദ, അൻവാറുൽ മുളിയ്യ, അൽ ഖൗലുൽ മുഫീദ് ഫിന്നൈലിസ്സഈദ്, അത്വിബ്ബുന്നബവി, കിതാബുൻ ഫിൽജിഹാദ്, കിതാബുൻ ഫിൽ മനാസിക് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ട്.
ലോകത്തിന് ദിശ കാണിച്ച ജ്ഞാന ചക്രവർത്തി ഇമാം മഹല്ലി(റ) ഇഹലോകവാസം വെടിഞ്ഞത് ഹി: 864-ലാണ്. റമളാൻ പകുതിക്ക് ശേഷം ഒരു ശനിയാഴ്ചയാണ് മരണത്തിലേക്ക് നയിച്ച രോഗം ആരംഭിച്ചത്. മാസങ്ങളോളം രോഗഗ്രസ്തനായ ആ വിജ്ഞാന ഗോപുരം മുഹർറം ആറിന് വിടവാങ്ങി. ആ വിയോഗത്തിൽ വിശ്വാസിലോകം അതിയായി ദു:ഖിക്കുകയും ഇമാമിന്റെ അപദാനങ്ങൾ ധാരാളമായി വാഴ്ത്തുകയും ചെയ്തു. ബാബുനസ്വ്‌റിൽ വെച്ച് വൻജനാവലി ജനാസ നിസ്‌കാരം നിർവഹിച്ചു. മാതാപിതാക്കളുടെ ചാരത്താണ് ഇമാമിനെ മറവ് ചെയ്തത്.

അസീസ് സഖാഫി വാളക്കുളം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ