ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കിയവര്‍ അദ്ദേഹത്തില്‍ നിന്നും അത് കരഗതമാക്കാന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അത് വഴി ധാരാളം അനുയായികളും ശിഷ്യന്‍മാരും അദ്ദേഹത്തിനുണ്ടായി. സുഫ്യാനുസ്സൗരി(റ), ഇമാം ഔസാഈ(റ), ഇമാം മാലിക് (റ), ഇമാം അബൂ ഹനീഫ(റ) തുടങ്ങിയവരെല്ലാം മതനിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്തിരുന്നെങ്കിലും ഇമാം ശാഫിഈ(റ)യോളം അനുയായികളുള്ളവരായിരുന്നില്ല എന്ന് ഇസ്ഹാഖ്ബ്നു റാഹവൈഹി(റ) പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ)യെപ്പോലെ പാണ്ഡിത്യം, ആത്മജ്ഞാനം, സാഹിത്യപാടവം, സ്ഥൈര്യം എന്നിവ നേടിയവരുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് അസംബന്ധമാണെന്ന് അബൂസൗര്‍(റ) പറഞ്ഞിട്ടുണ്ട്.   ഇസ്ഹാഖ്ബ്നു റാഹവൈഹി(റ) മക്കയിലായിരിക്കെ ഒരിക്കല്‍ ഇമാം അഹ്മദ്(റ), ‘അതുല്യനായ ഒരാളെ ഞാന്‍ നിനക്ക് കാണിച്ചു തരാ’മെന്ന് പറഞ്ഞ് കാണിച്ചു കൊടുത്തത് ഇമാം ശാഫിഈ(റ)യെയായിരുന്നു. ഇമാം ശാഫിഈ(റ)യുടെ കീര്‍ത്തി ലോകമെങ്ങും വ്യാപിക്കുകയും വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തിന്‍റെ മഹത്ത്വം അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. ഭരണാധികാരികളുടെ അടുത്തും അദ്ദേഹത്തിന്‍റെ പദവി വര്‍ധിച്ചു.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും മതവിധികള്‍ നിര്‍ദ്ധാരണം ചെയ്ത് ലോകത്തിന് വെളിച്ചം പകര്‍ന്ന ഇമാം ശാഫിഈ(റ)ന്‍റെ ഗവേഷണ സപര്യ സവിശേഷമായിരുന്നു. ശാഫിഈ ഇമാമിന്‍റെ സഹോദരിയില്‍ നിന്നു മകള്‍ വിവരിക്കുന്നു: ഒരു രാത്രി എകദേശം 30 പ്രാവശ്യമെങ്കിലും ഞങ്ങള്‍ ശാഫിഈ ഇമാമിന്‍റെ അടുത്തേക്ക് വിളക്കുമായി പോയിട്ടുണ്ട്. അദ്ദേഹം മലര്‍ന്ന് കിടന്ന് ചിന്തിക്കുകയായിരിക്കും. ഇടക്കിടെ ‘കുട്ടീ വിളക്ക് കൊണ്ടു വരൂ’ എന്നു പറയും. അപ്പോള്‍ അവര്‍ വിളക്കുമായി ചെല്ലും. ശാഫിഈ(റ) ചിലതെഴുതും. എന്നിട്ട് വിളക്ക് എടുക്കാന്‍ പറയും.’ڈ

ഇമാം ശാഫിഈ (റ)യുടെ ശിഷ്യത്വം സ്വീകരിച്ച ഹുമൈദീ(റ) അദ്ദേഹത്തോടൊപ്പം ഈജിപ്തിലേക്ക് പോവുകയുണ്ടായി. അവിടെ ഇമാം ശാഫിഈ(റ) മുകളിലും ഹുമൈദിയും മറ്റും താഴെയുമാണ് താമസിച്ചിരുന്നത്. ഒരു രാത്രി അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ മുകളില്‍ വെളിച്ചം കണ്ടു. വിളക്കണക്കാതെ ഉറങ്ങിപ്പോയതാവുമെന്ന് കരുതി അദ്ദേഹം പരിചാരകനെ ഉറക്കെ വിളിച്ചു. അപ്പോഴതാ എന്‍റെ ശബ്ദം കേട്ട് ശാഫിഈ(റ) എന്നോട് കേറി വരാന്‍ പറയുന്നു. ഞാന്‍ കയറിച്ചെന്നപ്പോള്‍ വിളക്ക് മാത്രമല്ല പേനയും കടലാസും ഉണ്ടായിരുന്നു. അപ്പോള്‍ ശാഫിഈ(റ) പറഞ്ഞു: ഞാനൊരു ഹദീസിന്‍റെ ആശയത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. അതെനിക്ക് മനസ്സിലായി അങ്ങനെ ഓര്‍മയില്‍ നിന്നും അത് പോവുമോ എന്ന് കരുതി വിളക്കിനാവശ്യപ്പെട്ടു. അങ്ങനെ ഞാനതു രേഖപ്പെടുത്തി. ഇമാം  ശാഫിഈ(റ) പറഞ്ഞുകൊടുത്തത് ഹുമൈദി(റ) എഴുതി എന്നും നിവേദനമുണ്ട്.

അധ്യാപനരംഗം

അധ്യാപനരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച സൗഭാഗ്യവാനാണ് ഇമാം ശാഫിഈ(റ). സഞ്ചരിച്ച രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന് ശിഷ്യ സമ്പത്തുണ്ട്. അനാദൃശമായ തന്‍റെ വൈജ്ഞാനിക പ്രഭാവത്തില്‍ തന്നിലേക്കാര്‍ഷിച്ച പ്രതിഭാശാലികളായ പണ്ഡിത പ്രമുഖര്‍ അവിടുത്തെ ശിഷ്യരില്‍ കാണാം. ഇമാം ശാഫിഈ(റ)വിന്‍റെ ശിഷ്യ സമ്പത്തിനെക്കുറിച്ച് ദാവൂദുള്ളാഹിരി എന്ന വിശ്രുത പണ്ഡിതന്‍ പറഞ്ഞത് ഇപ്രകാരമാണ്: ഇമാം ശാഫിഈ(റ)യുടെ ശിഷ്യസമ്പത്ത് ഇമാമിന്‍റെ മഹത്ത്വം വ്യക്തമാക്കുന്നതാണ്. മറ്റേതെങ്കിലും പണ്ഡിതര്‍ക്കോ ഫുഖഹാക്കള്‍ക്കോ അദ്ദേഹത്തെ പോലെയുള്ള ശിഷ്യസമ്പത്ത് ലഭിച്ചിട്ടില്ല. ഇബ്നുന്നദീം ഫിഹ്റസ്തിന്‍റെ 265 മുതല്‍ 269 കൂടിയ പേജുകളില്‍ ശിഷ്യന്മാരുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്.

ശിഷ്യരുടെ കൂട്ടത്തില്‍  ഇമാം അഹ്മ്ദുബ്നു ഹമ്പല്‍(റ), അബൂ സൗര്‍, സഅ്ഫറാനി, കറാബീസി, ഹുമൈദീ, ബുവൈത്വീ, മുസ്നി, റബീഅ്, ഇബ്നുഹിശാം, ഹാഫിള് അഹ്മദുബ്നുസിനാന്‍,ഹാഫിള് ഹസനുല്‍ ഖവലാനി തുടങ്ങി ബുഖാരി, മുസ്‌ലിം, തിര്‍മുദി, നസാഈ, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങിയ ഹദീസ് ക്രോഡീകര്‍ത്താക്കളുടെ ഗുരുവര്യരടക്കമുള്ള മഹാന്‍മാരുണ്ട്. ഹുമൈദി, സുഫ്യാനുബ്നു ഉയൈന തുടങ്ങിയവര്‍ ഒരേ സമയം ഉസ്താദും ശിഷ്യരും ആയവരാണ്. ഹുമൈദി(റ) പറയുന്നു: ‘ഞാന്‍ ശാഫിഈ(റ)യെ ബസ്വറ വരെ അനുഗമിക്കുകയുണ്ടായി. അദ്ദേഹം എന്നില്‍ നിന്ന് ഹദീസ് പഠിക്കും. ഞാനദ്ദേഹത്തില്‍ നിന്ന് മസ്അലകളും പഠിക്കും. ശാഫിഈ മദ്ഹബില്‍ നിലനിന്ന ശിഷ്യഗണങ്ങളുടെ ചരിത്രവും സേവനവും വിവരിക്കുന്ന ഗ്രന്ഥങ്ങളാണ് ത്വബഖാതുശ്ശാഫിഇയ്യകള്‍. ഇമാം  താജുദ്ദീനുസ്സുബ്കി(റ)യുടെ അത്തബഖാത്തുല്‍ കുബ്റാ അതില്‍ ശ്രദ്ധേയമാണ്. അതിന്‍റെ രണ്ടാം ഭാഗത്തില്‍ 5 മുതല്‍ 18 കൂടിയ പേജുകളില്‍ ഇമാം ശാഫിഈ(റ)യുമായി സദസ്സില്‍ സംബന്ധിച്ച് ഹദീസും ഫിഖ്ഹും ഗ്രഹിച്ച ശിഷ്യരില്‍ പ്രമുഖരും ശാഫിഈ മദ്ഹബ്കാരുമായ 45 മഹാന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്.

സംവാദങ്ങള്‍

ഇമാം ശാഫിഈ(റ)യുടെ ധിഷണയും പ്രാഗത്ഭ്യവും സമകാലികരായ പണ്ഡിതരില്‍ സ്വാഭാവികമായ ചില സംശങ്ങളുണര്‍ത്തി. അതിനാല്‍ തന്നെ സത്യം ബോധ്യപ്പെടാന്‍ അവരില്‍ പലരും സംവാദത്തിന് തയ്യാറായി. സംവാദങ്ങളിലെല്ലാം ഇമാം ശാഫിഈ(റ) തന്‍റെ നിലപാടുകള്‍ ഖുര്‍ആനിന്‍റെയും തിരുസുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ തെളിയിച്ചു. ശിയാക്കാളോടും അവരുടെ നേതാവായ ബിശ്റുല്‍ മരീസിയോടും ഇമാം ശാഫിഈ(റ) സംവാദം നടത്തിയിട്ടുണ്ട്. സംവാദത്തിലെ സമര്‍ത്ഥന രീതിയും പ്രതിയോഗികളെ നേരിടുന്ന ശൈലിയും അനിതര സാധാരണമായിരുന്നു.  ഹാറൂനുബ്നു സഈദില്‍ ജൗലി(റ) ഒരു കല്‍ത്തൂണ് ചൂണ്ടിയിട്ട് പറഞ്ഞു: ‘ഇമാം ശാഫിഈ(റ) എങ്ങാനും ഈ കല്‍ത്തൂണ് മരമാണെന്ന് വാദിച്ച് സംവാദം നടത്തിയാല്‍ അദ്ദേഹമായിരിക്കും വിജയിക്കുക.’ ഇമാമവര്‍കളുടെ സംവാദ വൈഭവത്തിനുള്ള അംഗീകാരം.

അബൂസൗറിലെ പോലുള്ള പണ്ഡിതന്‍മാര്‍ക്ക് ഇമാം ശാഫിഈ(റ)യുടെ മൂല്യവും വൈജ്ഞാനികമായ ഉന്നതിയുമെല്ലാം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അബൂസൗര്‍(റ)നോടൊരിക്കല്‍ ഇമാം ശാഫിഈ(റ)യാണോ മുഹമ്മദ്ബ്നുല്‍ ഹസന്‍(റ)വാണോ വലിയ ഫിഖ്ഹ് പണ്ഡിതന്‍ എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: ‘ഇമാം ശാഫിഈ, മുഹമ്മദിനെക്കാളും അബൂ യൂസുഫിനെക്കാളും അബൂ ഹനീഫയെക്കാളും ഹമ്മാദിനെക്കാളും ഇബ്റാഹീമിനെക്കാളും അസ്വാദിനെക്കാളും ഉയര്‍ന്ന ഫിഖ്ഹ് പണ്ഡിതനാണ്.’

ശാഫിഈ(റ)യെ സംബന്ധിച്ചിടത്തോളം തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലുമെന്നപോലെ സംവാദവും മറുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലായിരുന്നില്ല. സത്യത്തിന്‍റെ മികവും അംഗീകാരവും വെളിപ്പെടുത്തലായിരുന്നു ലക്ഷ്യം. സദുദ്ദേശ്യപരമായിട്ടല്ലാതെ ഞാന്‍ ആരോടും വാദപ്രതിവാദം നടത്തിയിട്ടില്ലെന്ന് ഇമാം ശാഫിഈ(റ) ആണയിട്ട് പറഞ്ഞിട്ടുണ്ട്.

ഗ്രന്ഥങ്ങള്‍

ഇമാം ശാഫിഈ(റ)യുടെ ആദ്യ രചന രിസാലയാണ്. കര്‍മശസ്ത്രത്തിന്‍റെ നിദാന ശാസ്ത്രമേഖലയില്‍ ആദ്യത്തെ രചനയും രിസാലയാണ്.  സുപ്രസിദ്ധ പണ്ഡിതനും അക്കാലത്തെ ഹദീസ് വിശാരദനുമായിരുന്ന അബ്ദുറഹ്മാനുബ്നു മഹ്ദി(റ) ഇമാം ശാഫിഈ(റ)യുടെ യൗവന കാലത്ത് ഒരു കത്തെഴുതുകയുണ്ടായി. ഫിഖ്ഹിന്‍റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രിസാല തയ്യാറാക്കണമെന്നായിരുന്നു അതിലാവശ്യപ്പെട്ടത്. അങ്ങനെ ഇമാം ശാഫിഈ(റ) രിസാല ക്രോഡീകരിച്ചു. പണ്ഡിതലോകം വളരെയധികം പരിഗണന നല്‍കിയ ഗ്രന്ഥമാണ് രിസാല. അതിനെ അവര്‍ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. ഇമാം മുസ്നി(റ) പറയുന്നു: ഞാന്‍ രിസാല 500 പ്രാവശ്യം പാരായണം ചെയ്തിട്ടുണ്ട്. ഓരോ പ്രാവശ്യവും എനിക്കതില്‍ നിന്നും പുതിയതെന്തെങ്കിലും ലഭിക്കാതിരുന്നിട്ടില്ല. രിസാല പിന്നീട് ഈജിപ്തില്‍ വെച്ച് ശാഫിഈ(റ) മാറ്റി എഴുതിയിട്ടുണ്ടെന്ന് ഇമാം റാസി(റ) മനാഖിബുശ്ശാഫിഈയില്‍ പറഞ്ഞതു കാണാം.

 ഇറാഖിലായിരിക്കെ ഇമാം ശാഫിഈ(റ)യുടെ അംഗീകാരം വര്‍ധിച്ചു. ധാരാളം പഠിതാക്കളുണ്ടായി. അവിടെ വെച്ചാണ് ഹുജ്ജത് ക്രോഡീകരിക്കുന്നത്. ഇറാഖില്‍ വെച്ച് നല്‍കിയ ഫത്വകളും അവിടെ വെച്ച് നടത്തിയ സംവാദങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്. ഇമാം ശാഫിഈ(റ)യുടെ ഖദീമായ മദ്ഹബിനെ വിവരിക്കുന്നതുമാണിത്. ഇമാമവര്‍കളുടെ ശിഷ്യപ്രമുഖരായ നാല് മഹാന്മാര്‍ ഹുജ്ജത്ത് ഉദ്ധരിക്കുകയുണ്ടായി. ഇമാം അഹ്മദ് ബ്നു ഹമ്പല്‍(റ) അബൂസൗര്‍(റ), ഇമാം സഅ്ഫറാനി(റ), ഇമാം കറാബീസി (റ) എന്നിവരാണവര്‍. ഇമാം ശാഫിഈ(റ)യുടെ രിഹ്ലയില്‍ റബീഉബ്നു സുലൈമാന്‍ എന്നവരുടെ നിവേദനം ഉദ്ധരിച്ച കൂട്ടത്തില്‍ കിതാബുസ്സഅ്ഫറാന്‍ എന്ന 40 ഭാഗങ്ങളുള്ള ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഹുജ്ജത്തിന്‍റെ സഅ്ഫറാനിയുടെ നിവേദനമാണത്.

കിതാബുല്‍ ഉമ്മ്

ഇമാം ശാഫിഈ(റ)യുടെ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. ഉസ്വൂലിലും (നിദാന ശാസ്ത്രം) ഫുറൂഇലും (വിശദാംശങ്ങള്‍) ഗ്രന്ഥങ്ങളുണ്ട്. ഖാളി അബൂ മുഹമ്മദുല്‍ മര്‍വസി തഅ്ലീഖ് എന്ന കൃതിയുടെ ആമുഖത്തില്‍ ശാഫിഈ ഇമാം 113 ഗ്രന്ഥങ്ങള്‍ തഫ്സീര്‍, ഫിഖ്ഹ്, സാഹിത്യം എന്നിവയിലും മറ്റുമായി രചിച്ചതായി പറയുന്നുണ്ട്. ഇമാമവര്‍കള്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ചത് ഈജിപ്തില്‍ വെച്ചാണ്. രചനകളുടെ എണ്ണത്തില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കാണാം. മുഅ്ജമുല്‍ ഉദബാഇല്‍ യാഖൂതുല്‍ ഹമവി 147 ഗ്രന്ഥങ്ങളുടെ നാമങ്ങളുദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ കര്‍മശാസ്ത്രത്തിലെ ഓരോ കാണ്ഡങ്ങളെയും കിതാബുകള്‍ എന്ന പേരില്‍ ഇമാം ശാഫിഈ(റ) വെവ്വേറെ അവതരിപ്പിച്ചുള്ളതിനാലാണ് ഈ ആധിക്യമെന്ന് മനസ്സിലാക്കാം. കാരണം ഇബ്നുന്നദീം ഫിഹ്റസ്ത്തിലും യാഖൂതുല്‍ഹമവി മുഅ്ജമുല്‍ഉദബാഇലും എണ്ണിയിട്ടുള്ളവയിലധികവും അല്‍ ഉമ്മ് എന്ന വിശ്രുത ഗ്രന്ഥത്തില്‍ കാണാവുന്ന കര്‍മശാസ്ത്രത്തിലെ പ്രത്യേക അധ്യായങ്ങളാണ്.

ഇമാം ശാഫിഈ(റ)യുടെ ജീവിതത്തിലെ സുപ്രധാനഘട്ടമായിരുന്നു ഈജിപ്തിലേത്. ഇറാഖിലായിരിക്കെ ക്രോഡീകരിച്ച ഹുജ്ജത്ത് പരിഷ്കരിച്ചത് അക്കാലത്താണ്. പ്രധാനമായും അല്‍ ഉമ്മില്‍ ആണിത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ബൃഹത്തായ ക്രോഡീകരണത്തില്‍ അത്ഭുതപ്പെടുന്നവര്‍ക്ക് ഇസ്ഹാഖ്ബ്നു റാഹവൈഹി നല്‍കുന്ന മറുപടി ഇതാണ്: ‘അദ്ദേഹത്തിന് ആയുസ്സ് കുറവായതിനാല്‍ ബുദ്ധിയില്‍ അല്ലാഹു തീക്ഷ്ണത നല്‍കി.’

ഇമാം നവവി(റ) വിവരിക്കുന്നു: പതിനഞ്ചു വാള്യങ്ങളുള്ള ഉമ്മ്, ജാമിഉല്‍ മുസ്നില്‍ കബീര്‍, ജാമിഉല്‍ മുസ്നിസ്സഗീര്‍, മുഖ്തസ്വറുല്‍ കബീര്‍, മുഖ്തസ്വറുസ്സഗീര്‍, മുഖ്തസ്വറുല്‍ റബീഅ്, മുഖ്തസ്വറുല്‍ ബുവൈത്വി, മുഖ്തസ്വറുല്‍ ഹര്‍മല, കിതാബുല്‍ ഹുജ്ജ ഇവയാണ് ഖദീമ് എന്നറിയപ്പെടുന്നത്. അരിസാലതുല്‍ ജദീദ, അര്‍രിസാലത്തുല്‍ ഖദീമ അല്‍ അമാലി, അല്‍ ഇംലാഅ് തുടങ്ങിയ കിതാബുകള്‍ നിവേദനം ചെയ്തവരിലേക്ക് ചേര്‍ത്താണറിയപ്പെടുന്നത്.

മറ്റു വിജ്ഞാന ശാഖകള്‍

ഫിഖ്ഹിലും ഹദീസിലും മാത്രമായിരുന്നില്ല ഇമാം ശാഫിഈയുടെ വൈദഗ്ധ്യം. ഭാഷാ സാഹിത്യം, കവിത, ലക്ഷണശാസ്ത്രം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ലക്ഷണ ശാസ്ത്രത്തിലെ ഗ്രന്ഥങ്ങളന്വേഷിച്ച് ഞാന്‍ യമനിലേക്ക് യാത്ര ചെയ്യുകയും ക്രോഡീകരിക്കുകയുമുണ്ടായി എന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. ഇമാം ലക്ഷണ ശാസ്ത്ര വിജ്ഞാനമനുസരിച്ച് പറഞ്ഞവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പുലര്‍ന്നിരുന്നു. ഇല്‍മുന്നുജൂ(നക്ഷത്രശാസ്ത്ര)മിലും ഇമാം ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചിരുന്നു. അതദ്ദേഹം പഠിച്ചെങ്കിലും ഗുണകരമല്ലെന്ന് കണ്ട് പിന്നീടവയെല്ലാം കത്തിച്ച് നശിപ്പിക്കുകയായിരുന്നു. കുതിര സവാരി പരിചയിക്കുക എന്നത് ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. അതുമദ്ദേഹം വശത്താക്കി. ഇല്‍മുത്ത്വിബ്ബില്‍ അവഗാഹമുണ്ടായിരുന്ന മഹാനവര്‍കളുടെ വൈദ്യോപദേശങ്ങള്‍ ധാരാളം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അഹ്ലുബൈത്

 അഹ്ലുബൈതുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും ചര്‍ച്ചകളും നടത്തി ഭരണത്തിനെതിരെയും ഭരണത്തിനു വേണ്ടിയുമുള്ള കോലാഹലങ്ങള്‍ നടക്കുന്ന കാലഘട്ടമായിരുന്നു ഇമാം ശാഫിഈ(റ)യുടേത്. പക്ഷേ, സമകാലത്തെ രാഷ്ട്രീയ പ്രധാനമായ ഈ വിഷയത്തില്‍ തന്‍റെ നിലപാട് ഇമാമവര്‍കള്‍ നിര്‍ഭയം പ്രഖ്യാപിക്കുകയുണ്ടായി. അത് അവിടുത്തെ സത്യസന്ധമായ പ്രവാചകസ്നേഹത്തിന്‍റെ ഫലമായിരുന്നുതാനും. നബി(സ്വ)യും കുടുംബവും അവരെ സ്നേഹിക്കുന്നവരും ഭരണ വിരോധികളായി തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഒരു പ്രത്യേക സാമൂഹ്യാന്തരീക്ഷമായിരുന്നു അത്. അബ്ബാസിയ ഖലീഫമാരില്‍പെട്ട ഹാറൂന്‍ റഷീദടക്കം ശിയാക്കളുടെ തെറ്റായ നിലപാടു കാരണം പ്രവാചക കുടുംബത്തെ സ്നേഹിക്കുന്നവരെ തെറ്റിദ്ധരിച്ചിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തുന്നതിന് ശാഫിഈ വിരോധികളായ ആളുകള്‍ ഇമാമിന്‍റെ നിഷ്കളങ്കമായ പ്രവാചക കുടുംബ സ്നേഹത്തെ ഉപയോഗപ്പെടുത്തി.

ഇമാം ശാഫിഈ(റ)യുടെ നിലപാട് വ്യക്തമായിരുന്നു. ഇമാമത്ത് ഖുറൈശികള്‍ക്കാണ് എന്ന് പഠിപ്പിക്കുന്ന ഹദീസിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ആ നിലപാട്. അത് അബ്ബാസിയ്യയാലും അമവിയ്യായാലും ഹാശിമിയ്യായാലും പ്രശ്നമല്ല. ഏത് കുടുംബമെന്നതല്ല ഏത് ഗോത്രമാണ് എന്നതാണ് പ്രശ്നം. അത് പക്ഷേ, അക്കാലത്തെ ഭരണവിഭാഗവും പ്രതിപക്ഷവും വിപ്ലവകാരികളും അംഗീകരിക്കുന്നതായിരുന്നില്ല. അതിനാല്‍ തന്നെ പലരും പ്രവാചക കുടുംബത്തോടുള്ള സ്നേഹം പരസ്യമായി പ്രഖ്യാപിക്കാന്‍ ഭയപ്പെട്ടിരുന്നു.

ഇമാം ശാഫിഈ(റ)യുടെ ഈ നിലപാട് പക്ഷപാതപരമായിരുന്നില്ല. സത്യവിശ്വാസത്തിന്‍റെ അനിവാര്യത മാത്രമായിരുന്നു. അഹ്ലുബൈത്തിനോടുള്ള സ്നേഹം മറയാക്കി അദ്ദേഹത്തെ ശീഇയാക്കാനും റാഫിളി ആക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു. അപ്പോള്‍ ഇമാം ശാഫിഈ(റ) നിലപാട് വ്യക്തമാക്കിയതിങ്ങനെ: നിശ്ചയം അബൂബക്കര്‍(റ) നാഥനാല്‍ നിശ്ചിതനായ ഖലീഫയാണ്. അബൂഹഫ്സും (ഉമര്‍) നന്മയില്‍ അത്യാര്‍ത്തിയുള്ളവര്‍ തന്നെയാണ്. നാഥന്‍ സാക്ഷി, ഉസ്മാന്‍(റ) ശ്രേഷ്ഠവ്യക്തിത്വമാണ്. നിശ്ചയം അലി(റ)വിന്‍റെ ശ്രേഷ്ഠത അതി വിശിഷ്ടമാണ്. ഇവരൊക്കെയും ജനനായകരാണ്. അവരുടെ മാതൃക നാം പിന്തുടരണം. അവരില്‍ ആരിലെങ്കിലും കുറവ് കാണുന്നവരെ അല്ലാഹു ശപിക്കട്ടെ.’ ഈ പ്രഖ്യാപനത്തില്‍ അദ്ദേഹത്തിന്‍റെ നിഷ്പക്ഷ നിലപാടാണ് വ്യക്തമാകുന്നത്.

നിഷ്പക്ഷത വ്യക്തമാക്കിയിട്ടും റാഫിളിയെന്ന ആരോപണം പ്രചരിപ്പിച്ചവരോട് നിശ്ചയ ദാര്‍ഢ്യത്തോടെത്തന്നെ മഹാന്‍ പ്രതികരിക്കുകയുണ്ടായി എന്ന് ശിഷ്യന്‍ റബീഅ്(റ) പറയുന്നു: ‘യാത്രക്കാരേ, യൂഫ്രട്ടീസ് നദിയിലെ ജലപ്രവാഹം പോലെ മിനായിലേക്ക് ഹാജിമാര്‍ പ്രവഹിക്കുന്ന സമയത്ത്, മിനായിലെ മുഹസ്സബില്‍ നിന്ന് അവിടെ ഖൈഫിന്‍റെ താഴ്വരയില്‍ അര്‍ധരാത്രിക്ക് ശേഷമുള്ള എല്ലാവരോടും നബി(സ്വ)യുടെ കുടുംബത്തെ സ്നേഹിക്കുന്നത് സത്യവഴിയുടെ തിരസ്ക്കാരമാണെങ്കില്‍ മനുഷ്യ-ജിന്ന് വര്‍ഗമേ അറിയുക. ഞാനൊരു റാഫിളിയാണ് എന്ന് വിളിച്ച് പറയൂ.’ പ്രവാചകസ്നേഹം സ്മരിക്കുന്നതും പ്രകടിപ്പിക്കുന്നതുമായ പദ്യഗദ്യങ്ങള്‍ ഇമാമവര്‍കളുടേതായി ഏറെ കാണാനാവും.

ആദര്‍ശ സമീപനങ്ങള്‍

ഇമാം ശാഫിഈ(റ) ബിദ്അത്തുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ള വാഗ്വാദത്തിന് കൃത്യവും കണിശവുമായ  പരിഹാരമെന്ന നിലയില്‍ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അത് വഴി അച്ചടക്കബോധമുള്ള ആദര്‍ശ സമൂഹത്തിന് അങ്കലാപ്പിന്‍റെ സാഹചര്യമൊഴിവായി. ഇമാമിന്‍റെ ശിഷ്യരില്‍ പ്രമുഖനായ ഹര്‍മല(റ)യില്‍ നിന്നു ഉദ്ധരണം:ڇ’ബിദ്അത്ത് രണ്ട് തരമാണ്. പ്രശംസനീയമായ ബിദ്അത്തും ആക്ഷേപിതമായ ബിദ്അത്തും. സുന്നത്തിനോട് യോജിച്ച് വന്നത് പ്രശംസനീയവും സുന്നത്തിന് വിരുദ്ധമായത് ആക്ഷേപകരവുമാണ്. അതിന് അദ്ദേഹം ഉമര്‍(റ) തറാവീഹ് ജമാഅത്ത് ഏകീകരണ കാര്യത്തില്‍ പറഞ്ഞതാണ് തെളിവായി സ്വീകരിച്ചത്. ഈ വാക്കിന്‍റെ ആശയം വിശദീകരിച്ചുകൊണ്ട് ഇബ്നു റജബില്‍ ഹമ്പലി(റ) പറയുന്നു: ‘ഇമാം ശാഫിഈ(റ)യുടെ വാക്കിന്‍റെ ഉദ്ദേശ്യം ഇതാണ്. ആക്ഷേപിക്കപ്പെടുന്ന ബിദ്അത്ത് എന്നാല്‍ ശരീഅത്തില്‍ നിന്നും അവലംബമാക്കാവുന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ്. അതാണ് ശരീഅത്തിന്‍റെ ഭാഷയില്‍ ബിദ്അത്ത്. അപ്പോള്‍ പ്രശംസനീയമായ ബിദ്അത്ത് എന്നാല്‍ സുന്നത്തിനോട് യോജിച്ച് വന്നതാണ്. അഥവാ സുന്നത്തില്‍ നിന്ന് അവലംബിക്കാവുന്ന അടിസ്ഥാനമുള്ളത്. കേവല ഭാഷാപരമായി മാത്രമാണ് ഇവ ബിദ്അത്ത് എന്ന് പറയപ്പെടുന്നത്. മതത്തിന്‍റെ ഭാഷയിലല്ല. കാരണം അത് സുന്നത്തിനോട് യോജിച്ചതാണ്.’ ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്ന ഹദീസ് ഇമാം ബൈഹഖിയാണ്. പുതുതായി ചെയ്യുന്ന കാര്യങ്ങള്‍ രണ്ട് വിധമാണ്. ഒന്നാമത്തേത് ഖുര്‍ആനോടോ സുന്നത്തോടോ സദ്ചര്യയോടൊ ഇജ്മാഇനോടോ എതിരാവുന്ന പുതിയ കാര്യങ്ങള്‍. ദുര്‍മാര്‍ഗമെന്ന് പറഞ്ഞ ബിദ്അത്ത് അതാണ്. രണ്ടാമത്തേത് പണ്ഡിതര്‍ എതിര്‍ത്തിട്ടില്ലാത്ത നല്ല കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയതാണ്. അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. അനാചാരമായിരുന്നെങ്കില്‍ പണ്ഡിതര്‍ എതിര്‍ക്കുമെന്നുറപ്പാണ്.

കാവ്യപ്രതിഭ

ഇമാം ശാഫിഈ(റ)യുടെ സാഹിത്യ സിദ്ധിയുടെ നിദര്‍ശനമാണ് അവിടുത്തെ കവിതകള്‍. എന്നാല്‍ കവിതകളിലും സംവാദത്തിലും ഉപയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങള്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ ഇല്ല എന്നത് അദ്ദേഹത്തിന്‍റെ ഔചിത്യബോധവും അനുവാചകരോടുള്ള കാരുണ്യവുമാണ് വ്യക്തമാക്കുന്നത്. ശിഷ്യന്‍ റബീഅ് പറയുന്നു: ‘ഇമാമവര്‍കള്‍ ഞങ്ങളോട് ചര്‍ച്ചകളില്‍ നടത്തുന്നത് പോലെയുള്ള അറബി പ്രയോഗങ്ങളെങ്ങാനും അവിടുത്തെ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല.’

ഇമാം ശാഫിഈ(റ) ഇങ്ങനെ പാടിയിട്ടുണ്ട്:ڇകവിത പണ്ഡിതര്‍ക്ക് മോശമായിരുന്നില്ലെങ്കില്‍ ഞാനിന്ന് ലബീദിനെക്കാള്‍ വലിയ കവിയാകുമായിരുന്നു. അത് ആത്മശാസ്ത്രപ്രധാനവും സ്വത്വബോധ പ്രധാനവുമാണ്. ഇമാമിന്‍റെ പല കവിതകളും നിമിഷക്കവിതകളായിരുന്നതിനാല്‍ അവസരോചിതം പാടിയതാണ്. ത്വബഖാതില്‍ ഇവയില്‍ ചിലത് ഉദ്ധരിച്ചിട്ടുണ്ട്.

ജീവിത പ്രകൃതി

ഇമാം ശാഫിഈ(റ)യുടെ ജീവിതക്രമം വളരെ മാതൃകപരവും ക്രമനിബദ്ധവുമായിരുന്നു. ഇമാം നവവി(റ) പറയുന്നു: ‘ഇബാദത്തുകളിലെ കഠിനപരിശ്രമം, സൂക്ഷ്മതയുടെ മാര്‍ഗമവലംബിക്കല്‍, ഉദാര ശീലം, ഭൗതിക പരിത്യാഗം തുടങ്ങിയവ അദ്ദേഹത്തിന്‍റെ വിശിഷ്ട ജീവിത ശീലവും സ്വഭാവമാണ്. രാത്രി മൂന്നായി ഭാഗിച്ച് ഒരു ഭാഗം രചനക്കും ഒരു ഭാഗം നിസ്കാരത്തിനും ഒരു ഭാഗം ഉറങ്ങാനും വിനിയോഗിച്ചു.’

റബീഅ്(റ) ഇമാമിന്‍റെ വീട്ടില്‍ കുറേ താമസിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘അല്‍പമല്ലാതെ ഇമാം ഉറങ്ങിയിരുന്നില്ല. എല്ലാ ദിവസവും ഒരു ഖത്തം ഖുര്‍ആന്‍ ഓതിയിരുന്നുڈ. ഇമാം ശാഫിഈ(റ) പറയുന്നു: ڇഞാന്‍ തീരെ കളവ് പറഞ്ഞിട്ടില്ല. സത്യം ചെയ്തിട്ടില്ല. ചൂടിലും തണുപ്പിലും യാത്രയിലും നാട്ടിലും വെള്ളിയാഴ്ച കുളി  ഒഴിവാക്കിയിട്ടില്ല.  ഭംഗിയുള്ള മുഖവും നല്ല സ്വഭാവവും ഏവര്‍ക്കും പ്രിയങ്കരനുമായിരുന്നു. മാന്യമായ വേഷ വിധാനമുള്ളവരായിരുന്നു. ഇടതുകയ്യില്‍ മുഹമ്മദ്ബ്നു ഇദ്രീസിന് വിശ്വസ്തനായി അല്ലാഹു മതി രക്ഷകന്‍ എന്ന മുദ്രയുള്ള മോതിരം ധരിച്ചിരുന്നു. ഗാംഭീര്യമേറിയ ആ മുഖത്ത് നോക്കി വെള്ളം കുടിക്കാന്‍ പോലും ശിഷ്യന്മാര്‍ ഭയന്നിരുന്നു. ആകാര സൗഷ്ഠവം മഹാനെ ശ്രദ്ധേയനാക്കി. നീണ്ട കഴുത്ത്, മൃദുലമായ കവിള്‍ത്തടം, മുഖത്ത് മാംസവും രോമവും കുറഞ്ഞവരും താടിക്ക് മൈലാഞ്ചി ചായം കൊടുക്കുന്നവരുമായിരുന്നു. ശബ്ദ മാധുരിയും ആകാരഭംഗിയും ബുദ്ധിമാഹാത്മ്യവും സല്‍സ്വഭാവമുള്ളവരായിരുന്നു.’

അത്യുദാരനായിരുന്നു. മഹാന്‍റെ ദാനങ്ങളുടെ കഥകളനവധിയാണ്. ത്യാഗപൂര്‍ണവും പൂര്‍ണസമര്‍പ്പിതവുമായ ജീവിതമായിരുന്നുവെന്ന് ചുരുക്കം.

ഉപദേശങ്ങള്‍

മഹാന്‍റെ കവിതകള്‍  ഉപദേശങ്ങളുടെ രത്നഹാരങ്ങളാണ്. ഹൃദ്യവും വശ്യവും കാവ്യസൗകുമാര്യതയും ഒത്തിണങ്ങിയ വരികള്‍. വിദ്യാര്‍ത്ഥികളോട്, പൊതുജനങ്ങളോട്, ശിഷ്യന്മാരോട്, സുഹൃത്തുക്കളോട്, ദരിദ്രരോട്, പണ്ഡിതരോട്, സമ്പന്നരോട് തുടങ്ങി ജീവിതത്തിന്‍റെ മുഴുവന്‍ മേഖലയിലുമുള്ളവരെയും സ്പര്‍ശിക്കുന്നതാണവിടുത്തെ ഉപദേശങ്ങള്‍. മര്യാദകള്‍, ആചാരങ്ങള്‍, ശീലങ്ങള്‍, സ്വഭാവങ്ങള്‍, ആവശ്യങ്ങള്‍, അത്യാവശ്യങ്ങള്‍, കര്‍മശാസ്ത്രം, ആത്മശാസ്ത്രം, ശിക്ഷണ ശാസ്ത്രം പോലുള്ള വിഷയങ്ങളിലെല്ലാം ഇമാമവര്‍കളുടെ കവിത വ്യാപിച്ച് കിടക്കുന്നു.

ഈജിപ്തിലാണ് മഹാന്‍ അവസാനം കഴിഞ്ഞത്. അത് സംഭവ ബഹുലവും ത്യാഗപൂര്‍ണവും ജ്ഞാനപ്രശോഭിതവുമായ കാലഘട്ടമായിരുന്നു. ജീവിതത്തിന്‍റെ ശേഷിപ്പ് ഉപകാരപ്രദവും മൂല്യവത്തുമായിത്തീരുന്ന വിധം ആ ജീവിതം അവിടെ ക്രമനിബദ്ധമായി പ്രപഞ്ചനാഥന്‍ സംവിധാനിച്ചു. ഈജിപ്തില്‍ പ്രഗല്‍ഭ പണ്ഡിതനും സമ്പന്നനുമായിരുന്ന അബ്ദുല്ലാഹിബ്നു അബ്ദില്‍ഹകമിന്‍റെ അതിഥിയായാണ് കഴിഞ്ഞത്. മുകളില്‍ സൂചിപ്പിച്ചതു പോലെ ക്ലാസുകളും രചനകളും ഇബാദത്തുമായി കഴിഞ്ഞ് അമൂല്യമായ ജ്ഞാനഭണ്ഡാരങ്ങള്‍ ലോകത്തിന് സമ്മാനിച്ചു.

അസൂയാലുക്കള്‍ അദ്ദേഹത്തിന്‍റെ മരണത്തിന് വേണ്ടി വരെ പ്രാര്‍ത്ഥിച്ചതായി ചരിത്രത്തില്‍ കാണാം. ആ പശ്ചാത്തലത്തിലാണ് പ്രസിദ്ധമായ തമന്നാരിജാലുന്‍.. എന്ന കവിത പാടുന്നത്. അസൂയാലുക്കളുടെ അടിയേറ്റതിനാലാണ് അന്ത്യമുണ്ടായതെന്ന് ഗ്രന്ഥങ്ങളില്‍ കാണാം.

ഈജിപ്തിലേക്കുള്ള യാത്രക്ക് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള രണ്ട് വരി കവിതയില്‍ വേര്‍പാടിന്‍റെ സൂചനയുണ്ടായിരുന്നു. സാധാരണഗതിയില്‍ ഒരു മനുഷ്യന്‍റെ ആയുസ്സിന്‍റെ അന്ത്യത്തിലായിരുന്നില്ലല്ലോ അന്ന് ഇമാമവര്‍കള്‍. പക്ഷേ, തന്‍റെ അന്ത്യം അവിടുന്ന് മുന്നില്‍ കണ്ടപോലെ, നാലുവര്‍ഷക്കാലം കൊണ്ട് ധാരാളം ദീനീസേവനം ചെയ്തുതീര്‍ത്തു. ആ കവിത ഇങ്ങനെ ഭാഷാന്തരം നടത്താം: ‘എന്‍റെ ആത്മാവ് ഈജിപ്തിലെത്താന്‍ തുടിക്കുകയാണ്. ഈജിപ്തിനേക്കാള്‍ താഴ്ന്നതും ദാരിദ്ര്യവും ദുരിതവും നിറഞ്ഞതുമായ നാട്ടില്‍നിന്നും വിജയത്തിനും ഐശ്വര്യത്തിനും വേണ്ടിയാണോ ഈ യാത്ര, അതോ മരണത്തിലേക്കോ.’

ഹിജ്റവര്‍ഷം 204 റജബ്മാസം ഇരുപത്തെട്ടിനായിരുന്നു മഹാനവര്‍കളുടെ വേര്‍പാട്. വ്യാഴാഴ്ച അസ്തമിച്ച രാത്രിയായിരുന്നു വെള്ളിയാഴ്ച അസ്വ്റിന് ശേഷമാണ് ഖബറടക്കം നടന്നത്. ആദ്യം ജുമുഅക്ക് ശേഷം മറവ് ചെയ്യാന്‍ തീരുമാനിച്ചത് അസ്വ്റിന് ശേഷത്തേക്ക് മാറ്റുകയായിരുന്നു. അതിന് കാരണമിതായിരുന്നു:

അക്കാലത്തെ മഹാനായ ആത്മീയാചാര്യനായിരുന്ന അസീസി(റ) ഇമാമവര്‍കള്‍ വഫാതായ രാത്രി ഒരു സ്വപ്നം കാണുകയുണ്ടായി. നബി(സ) വഫാതാവുന്നതും കുളിപ്പിക്കുന്നതും അസ്വറ് നിസ്കാരാനന്തരം ജനാസകൊണ്ടുപോവുന്നതുമായിരുന്നു അത്. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിന് ശാഫിഈ ഇമാമവര്‍കള്‍ വഫാതായ വിവരവും ജുമുഅക്ക് ശേഷം ജനാസയെടുക്കുന്നവിവരവും അറിഞ്ഞു. അപ്പോഴദ്ദേഹം തന്‍റെ സ്വപ്നവിവരവും അസ്വ്റിനുശേഷം ജനാസയെടുക്കുന്നതായിട്ടുള്ള വിവരവും അറിയിച്ചു. അതേസമയം തന്നെ ഒരു സ്ത്രീയുടെ ജനാസ കൊണ്ടുപോവുന്നതായും അദ്ദേഹം കണ്ടിരുന്നു. അങ്ങനെ ഭരണാധികാരി, ജുമുഅക്ക്ശേഷം ജനാസയെടുക്കുന്നത് അസ്വ്റിനു ശേഷത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. അപ്രകാരം നടക്കുകയും ചെയ്തു. അപ്പോള്‍ ഒരു സ്ത്രീയുടെ ജനാസയുമുണ്ടായിരുന്നു.

നഫീസത്തുബീവി(റ)യുടെ വീട്ടുപടിക്കലൂടെ വന്‍ജനാവലിയുമായുള്ള അന്ത്യയാത്ര ഖറാഫതുസ്സുഗ്റാ വരെയെത്തിച്ചേര്‍ന്നു. അവിടെ ഇപ്പോള്‍ തുര്‍ബതുശ്ശാഫിഈ എന്നറിയപ്പെടുന്ന സ്ഥലത്ത് ആ പൂമേനി ഖബറടക്കം ചെയ്തു. അബ്ദുല്ലാഹില്‍ ഹാഫിള്(റ) പറയുന്നു: ‘ഈജിപ്തില്‍ ഇമാം ശാഫിഈ(റ)യുടെ ഖബ്റിനു മുകളില്‍ ഇബ്റാഹീം നബി(അ) വരെയുള്ള പിതൃപരമ്പര രേഖപ്പെടുത്തിയത് ഞാന്‍ കണ്ടിട്ടുണ്ട്.’

മറവ്ചെയ്ത ശേഷം ഈജിപ്തിലെ വിശ്വാസികള്‍ നാല്‍പതുദിനരാത്രങ്ങള്‍ നിരന്തരം അവിടെ സിയാറത്ത് നടത്തിയിരുന്നു. വലിയ തിരക്കനുഭവപ്പെടുന്നതിനാല്‍ വളരെ കഷ്ടപ്പെട്ട് മാത്രമേ അങ്ങോട്ടെത്തിച്ചേരാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇപ്പോഴും ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വിശ്വാസികള്‍ അങ്ങോട്ട് സിയാറത്ത് യാത്ര നടത്തുന്നുണ്ട്. അവിടെ നിരന്തരം സിയാറത്ത് സജീവമാണ്.

പ്രധാന അവലംബം

ശര്‍ഹുല്‍ മുഹദ്ദബ്, ഇമാം നവവി(റ)

താരീഖു ബഗ്ദാദ്, ഖതീബുശ്ശിര്‍ബീനി(റ)

ത്വബഖാതുല്‍ കുബ്റാ, ഇമാം സുബ്കി(റ)

ഹില്‍യതുല്‍ ഔലിയാഅ്, അബൂനുഐം(റ)

തഹ്ദീബുത്തഹ്ദീബ്, ഇബ്നുഹജര്‍(റ)

വഫയാതുല്‍ അഅ്യാന്‍, ഇബ്നുഖല്ലികാന്‍

മുഅ്ജമുല്‍ ഉദബാഅ്, യാഖൂതുല്‍ ഹമവി(റ)

തവാലിത്തഅ്സീസ്, ഇബ്നുഹജര്‍(റ)

മനാഖിബുശ്ശാഫിഈ(റ), ഇമാം ബൈഹഖി(റ)

ശദറാതുദ്ദഹബ്, ഇബ്നുല്‍ ഇമാദ്(റ)

ദീവാനുശ്ശാഫിഈ(റ)

ആദാബുശ്ശാഫിഈ(റ), അബൂഹാതമുര്‍റാസി(റ)

ശാഫിഈ ഇമാം-2/അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ