ശാഫിഈ കർമശാസ്ത്ര സരണിയിലെ ശ്രദ്ധേയനായ പണ്ഡിത പ്രതിഭയാണ് ഇമാമുൽ ഹറമൈനി(റ). അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഇദ്ദേഹം ശാഫിഈ മദ്ഹബിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. സർവാംഗീകൃതവും പൊതുവെ ഉപയോഗിക്കുന്നതുമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ ശാഫിഈ ഇമാമിന്റെ വിവരണങ്ങളോട് ബന്ധപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വഹിച്ച പങ്ക് നിസ്തുലം. ഹിജ്‌റ 419 മുഹറം 18-ന് ഇറാഖിലെ നൈസാ ബൂരിന്റെ ഭാഗമായ ജുവൈൻ എന്ന ഗ്രാമത്തിലാണ് ജനനം. അബ്ദുൽ മലിക് എന്നാണ് യഥാർത്ഥ നാമം.
ഹറമൈനി(റ) തന്റെ കാലത്തെ പണ്ഡിതരുടെ നേതാവും കാലഘട്ടത്തിന്റെ അത്ഭുതവുമായിരുന്നു (ത്വബഖാത്തുൽ അസ്‌നവീ) അബുൽ മആലി, ളിയാഉദ്ദീൻ, ഇമാമുൽ ഹറമൈനി എന്നിങ്ങനെ അദ്ദേഹത്തിന്റെ വിശേഷണ നാമങ്ങൾ ശ്രദ്ധേയമാണ്. ഇമാമുൽ ഹറമൈനി എന്നതാണ് ഇവയിൽ ഏറെ പ്രസിദ്ധം. മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറമുകളിൽ ദർസ് നടത്തിയതിനാലാണ് ഇമാമുൽ ഹറമൈനി എന്ന വിശേഷണം ലഭിച്ചത്. നാലു വർഷക്കാലം ഹറമുകളിൽ വൈജ്ഞാനിക സേവനം നടത്തിയിട്ടുണ്ട്. ളിയാഉദ്ദീൻ എന്നാൽ മതത്തിന്റെ പ്രകാശം എന്നാണർത്ഥം. നേരന്വേഷിക്കുന്നവർക്ക് സംശയങ്ങൾ ദൂരീകരിക്കും വിധത്തിൽ പ്രമാണബന്ധിത മറുപടി നൽകിയിരുന്നതിനാലാണ് അങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്. ജ്ഞാനപ്രതിഭകളോട് ചേർത്തു പറയുന്ന അർത്ഥഗർഭങ്ങളായ അനേകം വിശേഷണങ്ങൾ പണ്ഡിതലോകം നൽകിയിട്ടുണ്ട്. ഫഖീഹ്(കർമശാസ്ത്ര വിശാരദൻ), അൽമുജ്തഹിദുൽ ഉസ്വൂലിയ്യ്(നിദാനശാസ്ത്ര ഗവേഷകൻ), അല്ലാമതുൽ മശ്‌രിഖ്(കിഴക്കിന്റെ മഹാജ്ഞാനി), അൽആലിമുസ്സാഹിദ്(ഭൗതിക പരിത്യാഗിയായ പണ്ഡിതൻ), അൽമുതവാളിഅ്(വിനയാന്വിതൻ), അത്തഖിയ്യ്(ഭക്തൻ) എന്നിവ ചിലതാണ്.
കർമശാസ്ത്രം, ആദർശ വിജ്ഞാനീയം, തർക്കശാസ്ത്രം, രാഷ്ട്ര വിജ്ഞാനം തുടങ്ങിയ വിജ്ഞാന ശാഖകളിൽ ഇമാമുൽ ഹറമൈനി(റ)ക്ക് തികഞ്ഞ അവഗാഹമായിരുന്നു.

കുടുംബ പശ്ചാത്തലം

വിത്തു ഗുണം പത്തു ഗുണം എന്ന പ്രയോഗം ഇമാമുൽ ഹറമൈനി(റ)യുടെ കാര്യത്തിൽ കൃത്യമാണ്. കുടുംബ പശ്ചാത്തലവും താൻ വളർന്ന സാഹചര്യവും ആ പ്രതിഭക്ക് വളക്കൂറുള്ളതായിരുന്നു. അബ്ദുല്ലാഹിബ്‌നു യൂസുഫുൽ ജുവൈനിയാണ് പിതാവ്. റുക്‌നുൽ ഇസ്‌ലാം (ഇസ്‌ലാമിന്റെ ഘടകം/സ്തംഭം) എന്ന അപരനാമത്തിനുടമയായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ പ്രാർത്ഥനയും ജീവിതചര്യയും സൂക്ഷ്മതയുമാണ് ഇമാമിന്റെ ജീവിത വിജയത്തിനും ഉന്നതിക്കും നിദാനം. സമകാലത്തെ നിരുപമനായ പണ്ഡിതനും പരിത്യാഗിയും ആരാധനകളിലും ഇസ്‌ലാമിക ചിട്ടകളിലും കണിശക്കാരനുമായിരുന്നു അദ്ദേഹം. കർമശാസ്ത്രം, വ്യാകരണം, ഭാഷാസാഹിത്യം തുടങ്ങിയവയിൽ നിപുണനായിരുന്നു. കണിശമായ ആത്മീയ ജീവിതം നയിച്ച അദ്ദേഹത്തിന്റെ സവിധത്തിൽ എല്ലാവരും വിനയാന്വിതരാകുമായിരുന്നു. ബഗ്ദാദിലും മറ്റും വിദ്യ തേടിയ ശേഷം സ്വന്തം നാടായ നൈസാബൂരിലേക്ക് തിരിച്ചെത്തി. ഹിജ്‌റ 407 ലായിരുന്നു ഇത്. തുടർന്ന് അവിടെ ദർസ് നടത്തിയും ഫത്‌വ നൽകിയും ഗ്രന്ഥം രചിച്ചും കഴിഞ്ഞു.
പരിത്യാഗത്തിലും സൂക്ഷ്മതയിലും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു. തന്റെ വീടിന്റെയും അടുത്ത വീടിന്റെയും ചുമർ ഒന്നായിരുന്നു. അയൽവാസിക്ക് കൂടി പങ്കാളിത്തമുള്ളതിനാൽ ആ ചുമരിൽ അദ്ദേഹം ചാരിയിരിക്കുമായിരുന്നില്ല. അതിൽ എന്തെങ്കിലും തട്ടിയോ മുട്ടിയോ ശബ്ദം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചു. അത് അയൽവാസിക്കൊരു ശല്യമായാലോ! സകാത്ത് വർഷത്തിൽ രണ്ടു പ്രാവശ്യം നൽകും. ആദ്യം നൽകിയപ്പോൾ സ്വീകരിച്ചത് അവകാശിയല്ലെങ്കിലോ, നിയ്യത്ത് മറന്നിരുന്നുവെങ്കി ലോ എന്നായിരുന്നു ചിന്ത.
ഒരു രാത്രി അദ്ദേഹം ഖലീലുല്ലാഹി ഇബ്‌റാഹീം(അ)നെ സ്വപ്നം കണ്ടു. കാലുകൾ മുത്താനായി അദ്ദേഹം മുന്നോട്ടാഞ്ഞപ്പോൾ ഇബ്‌റാഹീം(അ) അതിനനുവദിച്ചില്ല. പക്ഷേ, പിന്നീടെന്ത് സംഭവിച്ചു എന്ന് അബൂമുഹമ്മദ് പറയുന്നു: ഞാൻ ഖലീലുല്ലാഹിയുടെ പിൻഭാഗത്ത് കൂടി ചെന്ന് രണ്ട് കാൽ മടമ്പുകളിൽ ചുംബിച്ചു. ആ സ്വപ്നത്തിന്റെ വ്യാഖ്യാനം ഞാൻ ഇങ്ങനെ മനസ്സിലാക്കുന്നു: എന്റെ പിൻഗാമികളിൽ ബറകത്തും ഉയർച്ചയും ഉണ്ടാകും. ഈ സംഭവം ഉദ്ധരിച്ച ശേഷം ഇമാം സുബ്കി(റ) എഴുതി: ഇമാമുൽ ഹറമൈനിയെ പോലള്ളൊരു സന്താനത്തെ ലഭിക്കുന്നതിനേക്കാൾ ബറകത്തും ഉന്നതിയും എന്താണുള്ളത്! (ത്വബഖാതുസ്സുബ്കി).

പരിശുദ്ധവും സൂക്ഷ്മവും അനുഗൃഹീതവുമായ ജീവിതമായിരുന്നു ഇമാമിന്റെ പിതാവിന്റേതെന്ന് പറഞ്ഞല്ലോ. തനിക്കിണങ്ങിയ ഒരു സഹധർമിണിയെ തന്നെയാണ് അദ്ദേഹം ജീവിത പങ്കാളിയാക്കിയതും. താൻ കൂലിവേല ചെയ്തു നേടിയ വേതനം കൊണ്ട് വാങ്ങിയ ഒരടിമ സ്ത്രീയായിരുന്നു അവർ. സച്ചരിതയും വിനീതയും ഭക്തയുമായിരുന്നു മഹതി. പാണ്ഡിത്യവും ജനകീയതയും സ്വീകാര്യതയും ഉണ്ടായിട്ടും ഒരു കുലീന വനിതയെ വേൾക്കാൻ അദ്ദേഹം തയ്യാറായില്ല. തന്റെ ആത്മീയ ജീവിതത്തിന് തുണയാകുന്ന ഒരു വനിതയാകണം ജീവിതപങ്കാളി എന്ന് അദ്ദേഹം തീരുമാനിച്ചു. ഹലാലായത് മാത്രം ഭക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും കണിശത കാണിച്ചു. അബദ്ധത്തിലോ അശ്രദ്ധയിലോ, ഹലാലാണെന്ന് ഉറപ്പില്ലാത്ത ഒന്നും തന്റെയോ കുടുംബത്തിന്റെയോ വയറ്റിൽ കടക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അത് ഉറപ്പാക്കണമെങ്കിൽ മറ്റൊരു കുടുംബത്തിൽ നിന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യം ഉണ്ടായിക്കൂടാ. ബന്ധുക്കളില്ലാത്ത അടിമ സ്ത്രീയെ ഇണയാക്കുമ്പോൾ അത്തരമൊരു സാഹചര്യം ഇല്ലാതാവുകയാണ്. സൂക്ഷ്മതയുടെ ദൃഢീകരണത്തിന് മഹാൻ സ്വീകരിച്ച മാർഗമായിരുന്നു ഇത്.
മഹതി ഗർഭിണിയായപ്പോഴും പ്രസവാനന്തരവും അദ്ദേഹം കൂടുതൽ ജാഗ്രത പുലർത്തി. തന്റേതല്ലാത്ത ഒന്നും കുഞ്ഞിന്റെ രക്തത്തിലും ശരീരത്തിലും പ്രവേശിക്കരുതെന്നദ്ദേഹം ശഠിച്ചു. കുടുംബിനിയും അതിനു സന്നദ്ധയായിരുന്നു. ഉമ്മയും ഉപ്പയും ഒരുപോലെ കുഞ്ഞിനെ ശ്രദ്ധിക്കുന്ന കാലം. അദ്ദേഹം വീട്ടിൽ ഇല്ലാത്ത നേരം, ഉമ്മ എന്തോ ആവശ്യത്തിന് കുഞ്ഞിന്റെ അടുത്ത് നിന്ന് മാറിയ സന്ദർഭത്തിൽ കുട്ടി കരഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ കുഞ്ഞിന് മുലപ്പാൽ നൽകി. ഇത് കണ്ടു കൊണ്ടെത്തിയ പിതാവ് കുഞ്ഞിനെ വാങ്ങി ഛർദിപ്പിച്ചു. ആ സ്ത്രീയുടെ പാലിന്റെ അവശിഷ്ടം പുറത്തു കളയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇത്രമേൽ സൂക്ഷ്മതയോടെയാണ് ഇമാമുൽ ഹറമൈനിയെ കുടുംബം വളർത്തിയത്. ഭക്തിയും സൂക്ഷ്മതയും പ്രതിബദ്ധതയും ആത്മീയതയും സമ്മേളിച്ച കുടുംബാന്തരീക്ഷം ഇമാമുൽ ഹറമൈനി(റ)യെ പോലൊരു മഹാപണ്ഡിതനെ സമ്മാനിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

അനുകൂല സാഹചര്യം

ഇമാമുൽ ഹറമൈനി(റ)യുടെ പാണ്ഡിത്യത്തെ ചിട്ടപ്പെടുത്തുന്നതിൽ അക്കാലത്തെ പണ്ഡിതരുടെ നിറസാന്നിധ്യത്തിന് പങ്കുണ്ട്. പ്രഗത്ഭ പണ്ഡിതരിൽ നിന്ന് വിദ്യാഭ്യാസവും ആത്മീയ പരിചരണവും നേടാൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ വിവരങ്ങളും ചിന്തകളും ഏറ്റെടുക്കാനും അവയെ കൂടുതൽ ആളുകളിലേക്ക് വിനിമയം ചെയ്യാനും പ്രമുഖരായ ശിഷ്യരുടെ നിരതന്നെ അദ്ദേഹത്തിനുണ്ടായി എന്നതും ഇമാമിനെ ചരിത്ര പുരുഷനാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.
ഇമാമുൽ ഹറമൈനി(റ) ജനിക്കുമ്പോൾ പിതാവ് നൈസാബൂരിൽ മുദരിസും മുഫ്തിയുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിന്റെ വൈജ്ഞാനിക സേവനം കണ്ടു വളരാൻ അദ്ദേഹത്തിനു സാധിച്ചു. വല്യുപ്പയായ യൂസുഫുൽ ജുവൈനിയും സമകാലത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. പിതാവിന്റെ ഗുരുനാഥന്മാരിൽ അദ്ദേഹവും ഉണ്ടെന്ന് യാഖൂതുൽ ഹമവീ(മുഅജമുൽ ബുൽദാനിൽ) രേഖപ്പെടുത്തിയിട്ടുണ്ട്. പിതൃസഹോദരനായ അലിയ്യുബ്‌നു യൂസുഫുൽ ജുവൈനി, ശൈഖുൽ ഹിജാസ് എന്നറിയപ്പെട്ട കർമശാസ്ത്ര പണ്ഡിതനായിരുന്നു. ആത്മീയതയിൽ ചാലിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതും. കിതാബുസ്സൽവ എന്ന പേരിൽ ഒരു സ്വൂഫീ ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്. ഇങ്ങനെ കുടുംബ സാഹചര്യവും സാമൂഹ്യാന്തരീക്ഷവും ഇമാമുൽ ഹറമൈനി(റ)ക്ക് വളരാനാവശ്യമായ പോഷണം നൽകുന്നതായിരുന്നു.

പണ്ഡിതരുടെ നിറസാന്നിധ്യം

വ്യത്യസ്ത വിജ്ഞാന മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച പണ്ഡിതരുടെ കാലത്താണ് ഇമാമിന്റെ ജീവിതം. ബഹുമുഖ പ്രതിഭകളായ അൽബിറൂനി, അബ്ദുല്ലാഹിൽ ഖസാസീ, അബൂ ഉസ്മാനസ്സാബൂനീ, ഇമാം ബൈഹഖി, അബുൽ ഖാസിമിൽ ഫൂറാനീ, ഇബ്‌നു അബ്ദിൽബർറിൽ ഖുർത്വുബി, ഖത്വീബുൽ ബഗ്ദാദി, ഇമാം ഖുശൈരി, അബുൽ ഖാഹിറിൽ ജുർജാനീ, ഹുസൈനുസ്സൗസനീ, റാഗിബുൽ ഇസ്വ്ബഹാനീ, ഇമാം റുഅ്‌യാനീ തുടങ്ങിയവരോട് സഹവസിക്കാനും സഹപാഠിയാകാനും ഇമാമുൽ ഹറമൈനി(റ)ക്കവസരമുണ്ടായി. ധാരാളം ഗ്രന്ഥങ്ങൾ സംഭാവന ചെയ്തവരാണിവരിലധികവും.

ഖുറാസാൻ പ്രവിശ്യ പൊതുവേ നാഗരികമായും സാംസ്‌കാരികമായും വൈജ്ഞാനികമായും ഉയർന്ന നിലവാരത്തിലായിരുന്നു. വ്യത്യസ്ത മതവിശ്വാസങ്ങളുള്ളവരും പ്രസിദ്ധരായ പണ്ഡിതരും ചിന്തകരും അവിടെ കഴിഞ്ഞിരുന്നു. സ്വന്തം ആദർശവും നിലപാടുകളും വെച്ചു പുലർത്തുമ്പോൾ തന്നെ മറ്റു സംസ്‌കാരങ്ങളും നാഗരികതകളും പഠിക്കാനും മനസ്സിലാക്കാനും മുന്നോട്ടു വരുന്നവരും ഉണ്ടായിരുന്നു. മതപരമായ പ്രാധാന്യമോ പങ്കാളിത്തമോ നിർവഹിക്കാത്ത, പൊതുവിജ്ഞാന മേഖലകളിൽ ശ്രദ്ധേയമായ സംഭാവന നൽകിയ പ്രതിഭകളും അവിടെയുണ്ടായിരുന്നു. മതവ്യതിയാന മതനിരാസ സ്വഭാവമുള്ളവരുണ്ടെങ്കിലും മതവിരുദ്ധമോ മുസ്‌ലിം വിരുദ്ധമോ ആയ പ്രവർത്തനങ്ങൾ മുഅ്ത്തസിലീ പക്ഷത്തുനിന്ന് മാത്രമേ അനുഭവപ്പെട്ടിരുന്നുള്ളു. ഇബ്‌നു ഹസ്മിള്ളാഹിരി, അബൂ യഅ്‌ലൽ ഹമ്പലീ തുടങ്ങിയ വിഘടിതരും ഇബ്‌നു മസ്‌കവൈഹി, ഇബ്‌നുസീന, ഇബ്‌നുബുൻദാൻ തുടങ്ങിയ ദാർശനികരും അക്കാലത്ത് ജീവിച്ചിരുന്നവരാണ്. വിജ്ഞാന കുതുകികളെ സംബന്ധിച്ചിടത്തോളം വിപുലമായ ജ്ഞാനാന്വേഷണത്തിന് പ്രേരകമാവുന്ന ഘടകങ്ങളാണിവയെല്ലാം. ഇമാമുൽ ഹറമൈനി(റ)യുടെ വൈജ്ഞാനിക മണ്ഡലം വിപുലമായതിൽ ഈ സാഹചര്യത്തിനും പങ്കുണ്ട്. ഉസ്വൂലുദ്ദീനിലും ഇൽമുൽ കലാമിലും ഗ്രന്ഥങ്ങൾ രചിക്കാൻ അദ്ദേഹത്തിന് സന്ദർഭമൊത്തു.

വിദ്യാഭ്യാസം, ഗുരുനാഥർ

പ്രാഥമിക വിദ്യാഭ്യാസം കുടുംബത്തിൽ നിന്നാണ് നേടിയത്. കർമശാസ്ത്ര പഠനാരംഭം പിതാവിൽ നിന്നായിരുന്നു. പഠനത്തിലും ചർച്ചയിലും സംശയ ദൂരീകരണത്തിലും മകന്റെ താൽപര്യവും കാര്യങ്ങൾ ഗ്രഹിക്കുന്നതിനുള്ള ആവേശവും കഠിനാധ്വാനവും പിതാവിനെ ആകർഷിച്ചു. അദ്ദേഹം പുത്രനെ നന്നായി പ്രോത്സാഹിപ്പിച്ചു. ചെറിയ പ്രായത്തിൽ തന്നെ ശാഫിഈ സരണി സ്വായത്തമാക്കി. പിതാവിന്റെ ഗ്രന്ഥങ്ങളായ ശറഹു രിസാലതിശ്ശാഫിഈ, കിതാബുൽ ഫുറൂഖിൽ ഫിഖ്ഹിയ്യ, കിതാബുത്തൽഖീസ്വി ഫീ ഉസ്വൂലിൽ ഫിഖ്ഹ,് തഫ്‌സീറുൽ കബീർ, കിതാബുത്തബ്‌സ്വിറ ഫിൽ വസ്‌വസ തുടങ്ങിയവ പാരായണം ചെയ്തു.
തുടർന്ന് അബുൽ ഖാസിമിൽ ഇസ്ഫറായീനീ(റ)യിൽ നിന്ന് നിദാനശാസ്ത്രം പഠിച്ചു. അബൂബക്‌റിൽ ഇസ്ബഹാനീ(റ), അബൂസഅദിന്നള്‌റാവീ(റ), അബൂഹാസിമിൽ മുസക്കീ(റ), മൻസ്വൂറുബ്‌നു റാമിശ് അബൂഅബ്ദില്ലാഹിൽ മുസക്കീ(റ) അബൂസഅ്ദ്(റ), ഇബ്‌നുഅലിയ്യക്(റ), അബ്ദുറഹ്‌മാനുന്നീലീ(റ), അബൂനുഐമൽ ഇസ്വ്ബഹാനീ(റ) തുടങ്ങിയവരിൽ നിന്ന് ഹദീസുകളും ഹദീസ് ഗ്രന്ഥങ്ങളും പഠിച്ചു. പലരും ഇജാസത്ത് നൽകി. അബൂഅബ്ദില്ലാഹിൽ ഖബാസീ(റ)യുടെ സവിധത്തിൽ നിന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ നൈപുണ്യം നേടി. ശൈഖ് അബുൽ ഹസൻ അൽമുജാശിഈ(റ)യിൽ നിന്ന് വ്യാകരണശാസ്ത്രം നുകർന്നു.
ഇമാം അബുൽ ഹസൻ അൽഅശ്അരി(റ), ഖാളീ അബൂബക്‌റിൽ ബാഖില്ലാനി(റ) തുടങ്ങിയ വിശ്വാസശാസ്ത്ര വിശാരദരുടെ ജ്ഞാനസാഗരത്തിൽ നിന്നു വേണ്ടുവോളം കരസ്ഥമാക്കി. അബൂഅലിയ്യിൽ ജുബ്ബാഈ അടക്കമുള്ളവരുടെ മുഅ്തസില ചിന്തകൾ പഠിച്ച് നിരൂപണവും ഖണ്ഡനവും നടത്തി. കർമശാസ്ത്രത്തിൽ ശാഫിഈ സരണിയുടെ നെടും തൂണുകളായ ഇമാമുമാരുടെ ജ്ഞാനങ്ങളിൽ നിന്നു ധാരാളമായി നേടിയെടുത്തു. തന്റെ ഗ്രന്ഥങ്ങളിൽ അവരിൽ പലരുടെയും പേരുകൾ അവസരോചിതം പരാമർശിച്ചതു കാണാം. അബൂഹാമിദിൽ ഇസ്ഫറായീനീ(റ), അബൂഹമ്മാദിൽ മർവസീ(റ), ഇബ്‌നുൽ ഹദ്ദാദ്(റ), അബൂബക്‌റിൽ ഖാളി(റ), അഹ്‌മദ്ബ്‌നു സുറൈജ്(റ) തുടങ്ങിയ ശാഫിഈ പണ്ഡിതരുടെ വിജ്ഞാന ലോകവും ആവാഹിച്ചെടുത്തു. ഇതിന്റെയെല്ലാം ഫലമായി ശാഫിഈ ഫിഖ്ഹിന്റെ ഉപകേന്ദ്രമെന്ന നിലയിൽ പരിഗണിക്കാവുന്ന നിഹായതുൽ മത്വ്‌ലബ് അടക്കമുള്ള ഗ്രന്ഥങ്ങൾ രചിക്കാനദ്ദേഹത്തിനായി. മറ്റു വിജ്ഞാനീയങ്ങളിലും മഹാൻ പ്രാവീണ്യം നേടി. യാത്രാസൗകര്യങ്ങളുടെ പരിമിതി നിലനിൽക്കെ തന്നെ വിലയേറിയ സംഭാവനകൾ സമൂഹത്തിനദ്ദേഹം കൈമാറി. അധ്യാപനത്തിലൂടെയും ഗ്രന്ഥങ്ങളിലൂടെയും സംവാദങ്ങളിലൂടെയും അവയെ ദീനിനനു കൂലമാക്കി ഉപയോഗിച്ചു.

അധ്യാപനം, ശിഷ്യൻമാർ

ഇമാമിന്റെ വൈജ്ഞാനിക സേവന വിജയത്തിന്റെ അടയാളങ്ങളായിരുന്നു പ്രഗത്ഭരായ ശിഷ്യന്മാർ. 20-നടുത്തു പ്രായമുള്ളപ്പോൾ നൈസാബൂരിൽ മുദരിസായി. പിതാവിന്റെ പിൻഗാമിയായിട്ടായിരുന്നു നിയമനം. തുടർന്നും വിശദ പഠനവും ഗവേഷണവും ദർസും ഉപദേശവുമായി കഴിഞ്ഞു. വിജ്ഞാന സമ്പാദനത്തിനെന്ന പോലെ അധ്യാപനത്തിനും യാത്രകൾ നടത്തി. നൈസാബൂരിൽ നിന്ന് ബഗ്ദാദിലേക്കും ഇസ്ഫഹാനിലേക്കും മറ്റു പ്രദേശങ്ങളിലേക്കും തിരിച്ചു. അവിടങ്ങളിലെ മഹാ പ്രതിഭകളുമായി സമ്പർക്കപ്പെടുകയും വൈജ്ഞാനിക ചർച്ച നടത്തുകയും ചെയ്തു.
ഹുജ്ജതുൽഇസ്‌ലാം അബൂഹാമിദിൽ ഗസാലി(റ), അബുൽ ഹസൻ ഇമാദുദ്ദീൻ(റ), ഇമാം അബൂനസ്വ്‌റിൽ ഖുശൈരി(റ), അബുൽഹസൻ അബ്ദുൽ ഗാഫിർ അൽഫാരിസീ(റ), ഇമാം അബുൽമുളഫ്ഫർ അൽഖവ്വാഫീ(റ), അബ്ദുൽ കരീം അദ്ദാബിഗാനീ(റ) തുടങ്ങിയവർ ശിഷ്യപ്രമുഖരും വിലപ്പെട്ട ഗ്രന്ഥങ്ങൾ സമർപ്പിച്ചവരുമാണ്. കിടയൊത്ത പ്രതിഭാധനരായ വിദ്യാർത്ഥികൾ ഒരേ സമയം മഹാന്റെ ദർസിലുണ്ടായിരുന്നു. ശിഷ്യരുടെ ഉയർച്ചയും വളർച്ചയും അതിയായി ആഗ്രഹിച്ച ഗുരുവര്യൻ വിദ്യാർത്ഥികൾക്കിടയിലെ ആരോഗ്യകരമായ ചർച്ചകളെയും സംവാദങ്ങളെയും പ്രോത്സാഹിപ്പിച്ചു. സംവാദത്തിനും ആശയ സമർത്ഥനത്തിനും പരിശീലനം നൽകി.
നൈസാബൂരിലെ അധ്യാപന കാലത്ത് ചില പ്രയാസങ്ങൾ നേരിട്ടു. പുത്തൻവാദികളുടെ സ്വാധീനത്തിലകപ്പെട്ട ഭരണാധികാരികളുടെ വിരോധവും ഉപദ്രവവും ഇമാമിനു നേരെയുമുണ്ടായി. ഇമാം ഖുശൈരി(റ) അടക്കമുള്ള ശിഷ്യരുമായി നൈസാബൂരിൽ നിന്നു മാറിനിന്നു. ബഗ്ദാദിലേക്കും പിന്നീട് ഹറമൈനിയിലേക്കും യാത്രയായി. അവിടങ്ങളിൽ പഠനവും വൈജ്ഞാനിക വിനിമയവും സജീവമാക്കി. ഹറമൈനിയിലെ ജീവിതം ഇമാമവർകളുടെ ആത്മീയതയെ കൂടുതൽ ഊർജസ്വലമാക്കി. തന്റെ പ്രാർത്ഥനയും മോഹവും പോലെ നൈസാബൂരിൽ ബിദ്അത്തുകാരുടെ കുഴപ്പം അവസാനിക്കുകയും ഭരണാധികാരി സുന്നികൾക്കനുകൂലമാവുകയും ചെയ്തപ്പോഴാണ് നാലു വർഷത്തെ ഹറമൈനി വാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചത്.
പിന്നീട് നിളാമിയ്യയിൽ സേവനം കേന്ദ്രീകരിച്ചു. സ്വസ്ഥവും അനുകൂലവുമായ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി ദർസ് നടത്തുന്നതോടൊപ്പം വിലയേറിയ ഗ്രന്ഥരചന കൾക്കും സമയം ചെലവിട്ടു. നാനാഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ ദർസിലേക്ക് വിദ്യാർത്ഥികൾ പ്രവഹിച്ചു. മുന്നൂറിലധികം വിദ്യാർത്ഥികൾ ഓരോ സമയത്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭരണാധികാരികളുടെ സഹകരണവും സഹായവും കൊണ്ട് ശാഫിഈ സരണിയും അഹ്‌ലുസ്സുന്നയുടെ വിശ്വാസശാസ്ത്രവും സമ്പന്നമാക്കിയ ഗ്രന്ഥങ്ങൾ പുറത്തുവന്നു.

ഗ്രന്ഥങ്ങൾ

ഇമാമുൽ ഹറമൈനി(റ)യുടെ വിജ്ഞാനവും ഭരണാധികാരികൾക്കും പണ്ഡിതർക്കും സമൂഹത്തിനുമിടയിൽ അദ്ദേഹത്തിന്റെ സ്ഥാനവും സ്വാധീനവും ഉന്നതവും വിപുലവുമായിരുന്നു. കർമശാസ്ത്രം, നിദാനശാസ്ത്രം, തർക്കശാസ്ത്രം, രാഷ്ട്രമീമാംസ, ആദർശ ശാസ്ത്രം തുടങ്ങിയവ യിലെല്ലാം അദ്ദേഹം നിസ്തുലമായ യോഗ്യത കരസ്ഥമാക്കി. ശാഫിഈ കർമശാസ്ത്രത്തിൽ ഇമാമിന്റെ സേവനങ്ങളും ഗ്രന്ഥങ്ങളും അമൂല്യങ്ങളാണ.് നിഹായതുൽ മത്വ്‌ലബ് ഫീ ദിറായതിൽ മദ്ഹബ് ഒരു മഹാത്ഭുതം തന്നെ. മുനാളറതുൻ ഫിൽഇജ്തിഹാദി ഫിൽഖിബ്‌ല, മുനാളറതുൻ ഫീ സിവാജിൽ ബിക്ർ, അസ്സിൽസില, രിസാല ഫിൽഫിഖ്ഹ്, രിസാല ഫിത്തഖ്‌ലീദ് എന്നിവ കർമശാസ്ത്ര ഗ്രന്ഥങ്ങളാണ്. നിദാനശാസ്ത്രത്തിലെ അമൂല്യ രചനയായ കിതാബുൽ ബുർഹാൻ ഇമാമുൽ ഹറമൈനി(റ)യുടേതാണ്. ശാഫിഈ(റ)യുടെ രിസാലക്ക് ശേഷം എഴുതപ്പെട്ട ഈ വിഷയത്തിലെ ആദ്യ ഗ്രന്ഥം എന്ന പ്രത്യേകത കൂടി ഇതിനവകാശപ്പെട്ടതാണ്. അൽവറഖാത്ത്, മുഗീസുൽ ഖൽഖ്, അൽഇർശാദ് എന്നിവയും തന്റെ നിദാനശാസ്ത്ര ഗ്രന്ഥങ്ങളാണ്. അൽഇർശാദ്, രിസാല, കിതാബുശ്ശാമിൽ, അൽഅഖീദതുന്നിളാമിയ്യ, ലുമഉൽ അദില്ല, മുഖ്തസ്വറു ഇർശാദിൽ ബാഖില്ലാനി, കിതാബുത്തൽഖീസ്വ്, മസാഇലുൽ ഇമാം അബ്ദുൽഹഖിശ്ശിഖ്‌ലി എന്നീ ഗ്രന്ഥങ്ങൾ ഉസ്വൂലുദ്ദീനിലും രചിച്ചു. ശിഫാഉൽ ഗലീൽ ഫീ ബയാനി മാ വഖഅ ഫിത്തൗറാത്തി വൽ ഇൻജീലി മിനത്തബ്ദീൽ എന്ന ഗ്രന്ഥവും ഈ ശാഖയിലെണ്ണാം. പൂർവ വേദങ്ങളിലെ തിരിമറികളാണിതിന്റെ ഉള്ളടക്കം. തർക്കശാസ്ത്രത്തിലും മദ്ഹബ് പഠന ശാഖയായ ഇൽമുൽ ഖിലാഫിലും അദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധേയമാണ്. അവസരോചിത ഖുതുബകളുടെ സമാഹാരവും ഒരു ഉപദേശകാവ്യവും ഗ്രന്ഥങ്ങളിലുണ്ട്. രാഷ്ട്രതന്ത്രം വിവരിക്കുന്ന ഗ്രന്ഥമാണ് ഗിയാസുൽ ഉമം. ഇമാം മാവർദി(റ)യു ടെ അൽഅഹ്കാമുസ്സുൽതാനിയയാണ് ഈ വിഷയത്തിൽ ഒരു സമകാലിക ഗ്രന്ഥം. അശ്അരീ അഖീദയും ശാഫിഈ ഫിഖ്ഹും ബന്ധപ്പെട്ട ഖണ്ഡന മണ്ഡനങ്ങളാണ് പൊതുവെ ഗ്രന്ഥങ്ങളുടെ ഉള്ളടക്കം.

കൈവെച്ച മേഖലകളിലെല്ലാം സമൂഹത്തിന് അവലംബവും പ്രചോദനവുമാകുന്ന അടയാളപ്പെടുത്തലുകൾ ഇമാം നടത്തി. ക്രിയാത്മകമായ ചർച്ചകളും ചൂടേറിയ വിവാദങ്ങളും പലപ്പോഴുമുണ്ടായി. എന്നാൽ അടിസ്ഥാനപരമായി ശാഫിഈ-അശ്അരീ സരണികളെ ശക്തിപ്പെടുത്തുകയും വിളംബരപ്പെടുത്തുകയുമാണ് ഇമാം ചെയ്തത്. നിഹായതുൽ മത്വ്‌ലബ് ശാഫിഈ ഫിഖ്ഹിന്റെ ഉപകേന്ദ്രമായി മാറി എന്നത് സമൂഹം അദ്ദേഹത്തെ സ്വീകരിച്ചതിന് വ്യക്തമായ തെളിവത്രെ.
എന്റെ മദ്ഹബിന്റെ സഹായി എന്ന് ഇമാം ശാഫിഈ(റ) വിശേഷിപ്പിച്ച ഇഷ്ടശിഷ്യനാണ് ഇമാം മുസ്‌നി(റ). അദ്ദേഹം ഇമാം ശാഫിഈ(റ)യുടെ വചനങ്ങളും വിവരണങ്ങളും അടുക്കിവെച്ച് സമർപ്പിച്ചതാണ് മുഖ്തസ്വറുൽ മുസ്‌നി. ശാഫിഈ മദ്ഹബിന്റെ സംക്ഷിപ്തമാണത്. അഥവാ വിശാലമായ ശാഫിഈ ഫിഖ്ഹിനെ രണ്ടു ചട്ടക്കുള്ളിൽ ക്രമനിബദ്ധമായി ഒതുക്കി വെക്കുകയായിരുന്നു മുസ്‌നി(റ). ഇതിനു വ്യാഖ്യാനമായി രചിക്കപ്പെട്ട കൃതികളിൽ പ്രധാനപ്പെട്ടത് ഇമാമുൽ ഹറമൈനി(റ)യുടെ നിഹായതുൽ മത്വ്‌ലബും ഇമാം മാവർദി(റ)യുടെ അൽഹാവിൽ കബീറുമാണ്. ഇതിൽ നിഹായയാണ് കൂടുതൽ പണ്ഡിതസ്വീകാര്യത നേടിയത്. പിൽക്കാലത്ത് ശാഫിഈ സരണിയിൽ വിരചിതമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ കൂടുതലും ചെന്നെത്തുന്നത് നിഹായതുൽ മത്വ്‌ലബിലാണ്. മുഖ്തസ്വറുൽ മുസ്‌നിയെ ഇമാമുൽ ഹറമൈനി(റ) നിഹായതുൽ മത്വ്‌ലബിലൂടെ വ്യാഖ്യാനിച്ചു. ശാഫിഈ സരണിയെ കുറിച്ച് അറിയണമെന്നാഗ്രഹിക്കുന്നവർക്ക് അവരുടെ ആവശ്യത്തിന്റെ അറുതി എന്നാണ് ഇതിന്റെ അർത്ഥം. നിഹായയെ ഇമാം ഗസ്സാലി(റ) അൽബസീത്വ്, അൽവസീത്വ്, അൽവജീസ് എന്നിവയിലൂടെ സംഗ്രഹിച്ചു. ഇതിൽ അൽവജീസിന് എഴുതപ്പെട്ട സംഗ്രഹങ്ങളിൽ പ്രധാനമാണ് ഇമാം റാഫിഈ(റ)യുടെ അൽമുഹർറർ. ഇതിനെ ഇമാം നവവി(റ) മിൻഹാജിലേക്ക് ചുരുക്കി തയ്യാറാക്കി. മിൻഹാജിനെ ഇമാം സകരിയ്യൽ അൻസ്വാരീ(റ) വീണ്ടും സംഗ്രഹിച്ച് അൽമൻഹജ് രചിച്ചു. ഇമാം നവവി(റ)വിന്റെ മിൻഹാജിന് നൂറിലധികം വ്യാഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ഇമാം സുബ്കി(റ), ഇമാം സുയൂത്വീ(റ), ഇമാം മഹല്ലി(റ), ഇമാം അസ്‌നവി(റ), ഇമാം ഖത്വീബുശ്ശിർബീനി(റ), ഇമാം അദ്‌റഈ(റ), ഇമാം ബുൽഖീനി(റ), ഇമാം റംലി(റ), ഇമാം ഇബ്‌നുൽ മുലഖിൻ(റ), ഇമാം ഇബ്‌നുൽ ഇമാദ്(റ), ഇമാം സകരിയ്യൽ അസ്വാരി(റ), ഇബ്‌നുഹജറിനിൽ ഹൈതമി(റ), മുഹമ്മദ് റംലി(റ) തുടങ്ങിയവർ വ്യാഖ്യാതാക്കളിൽ പ്രമുഖരത്രെ. ഇവയിൽ ഇമാം മഹല്ലി(റ)യുടെ കൻസുർറാഗിബീൻ, ഖത്വീബുശ്ശിർബീനി(റ)യുടെ മുഗ്‌നിൽ മുഹ്താജ്, ഇമാം റംലി(റ)യുടെ നിഹായതുൽ മുഹ്താജ്, ഇബ്‌നുഹജറിൽ ഹൈതമി(റ)യുടെ തുഹ്ഫതുൽ മുഹ്താജ് എന്നിവക്കാണ് കൂടുതൽ പ്രചാരം. ഇമാം റാഫിഈ(റ) വജീസിനെഴുതിയ വലിയ വ്യാഖ്യാനമാണ് ശറഹുൽ കബീർ. അതിനെ ഇമാം നവവി(റ) സംഗ്രഹിച്ചതാണ് റൗളതുത്ത്വാലിബീൻ. ഇതിനും വ്യാഖ്യാനങ്ങളും സംക്ഷേപങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. എല്ലാം ചെന്നുചേരുന്നത് നിഹായയിലാണ്. അതുകൊണ്ട് തന്നെ ശാഫിഈ സരണിയുടെ ഉപകേന്ദ്ര സ്ഥാനം നിഹായതുൽ മത്വ്‌ലബിനാണെന്ന് മനസ്സിലാക്കാം.
ഇമാം തന്നെ പറയുന്നു: മുത്ത്വലിബിയായ ശാഫിഈ ഇമാമിന്റെ മദ്ഹബിന്റെ സംസ്‌കരണമാണിത്. ശാഫിഈ സരണിയെ അതിന്റെ ചൈതന്യം സംരക്ഷിച്ചും പ്രഭാവം പ്രസരിപ്പിച്ചും നിലനിർത്തുക എന്നതാണ് നിഹായുടെ ദൗത്യം. ശാഫിഈ സരണിയിൽ അവലംബമായ നവവീ(റ), റാഫിഈ(റ) എന്നിവരുടെ മാതൃഗ്രന്ഥമാണ് നിഹായതുൽ മത്വ്‌ലബ്.

മാതൃകാ ജീവിതം

ഇമാമുൽ ഹറമൈനി(റ)യുടെ ജീവിതം മാതൃകായോഗ്യമായിരുന്നു. ശാഫിഈ സരണിയും അശ്അരീ സരണിയും അംഗീകരിക്കുന്നവർക്ക് തീർക്കാനാവാത്ത കടപ്പാട് ഇമാമിനോടുണ്ട്. വിജ്ഞാനത്തിലെന്ന പോലെ ആത്മീയതയിലും ഭക്തിയിലും പാരമ്പര്യം സംരക്ഷിക്കുക മാത്രമല്ല, ശേഷക്കാർക്ക് അനുകരണീയമായൊരു പൈതൃകം ഇമാം സംഭാവന ചെയ്യുകയുമുണ്ടായി. ഇമാമിന്റെ സ്വഭാവവും സംസ്‌കാരവും സമീപന രീതികളും അച്ചടക്കവും നിർവഹണവും കൃത്യതയും കണിശതയും സൂക്ഷ്മതയും ചേർന്നതായിരുന്നു. ആത്മശിക്ഷണ മുറകളും ദിനചര്യകളും തന്റെ വൈജ്ഞാനിക യോഗ്യതകൾക്കും പരിചരണ സൗഭാഗ്യത്തിനും അനുസരിച്ചായിരുന്നു. വിനയം, സഹകരണം, കൂട്ടുത്തരവാദിത്വം തുടങ്ങിയവയിൽ ശിഷ്യന്മാരോട് പോലും അദ്ദേഹത്തിന് വിവേചനമുണ്ടായില്ല. ഓരോരുത്തരെയും വേണ്ടവിധം പരിഗണിച്ച് വളരാനും ഉയരാനും അവസരമൊരുക്കി. ശിഷ്യർക്കിടയിൽ ചർച്ചകളും വാഗ്വാദങ്ങളും ചൂടുപിടിക്കുമ്പോൾ ആരോഗ്യകരമായ പ്രോത്സാഹനം ഇമാം നൽകി.

അംഗീകാരം

ഇമാമിനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നതിൽ പണ്ഡിതലോകം ഒരു ലോപവും കാണിച്ചില്ല. ചരിത്രകാരന്മാരെല്ലാം മഹത്ത്വം തുളുമ്പുന്ന വിശേഷണങ്ങൾ കൊണ്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഒന്നും അതിശയോക്തിപരമല്ല. ഏത് അളവുകോൽ കൊണ്ടളന്നാലും ഇമാമിൽ കൃത്യമായിരുന്നു. ഇമാം സുബ്കി(റ) ത്വബഖാതുശ്ശാഫിഇയ്യയിൽ വിശദമായി ഇമാമുൽ ഹറമൈനി(റ)യെ പരിചയപ്പെടുത്തി. ശാഫിഈ കർമശാസ്ത്ര പണ്ഡിതരുടെ ചരിത്ര ഗ്രന്ഥങ്ങളിലും ഇതര ചരിത്ര രചനകളിലും ഇമാമിന് മുന്തിയ പരിഗണന നൽകിയത് കാണാം.

വഫാത്ത്
ഒരായുഷ്‌കാലത്തെ ധന്യമായ ജീവിതം ഹിജ്‌റ 478 റബീഉൽ ആഖിർ 25 ബുധനാഴ്ച രാത്രി അവസാനിച്ചു. വലിയ ജനാവലി അന്ത്യകർമങ്ങളിൽ പങ്കുകൊണ്ടു. പുത്രൻ ഇമാം ഖാസിം നിസ്‌കാരത്തിന് നേതൃത്വം നൽകി. വീട്ടിൽ തന്നെയാണ് മറവ് ചെയ്തത്. പിന്നീട് വർഷങ്ങൾക്ക് ശേഷം പിതാവിന്റെ സമീപത്തേക്ക് മാറ്റി മറവ് ചെയ്യുകയുണ്ടായി.

അവലംബം:
ത്വബഖാത്തുസ്സുബ്കി
ത്വബഖാത്തുബ്‌നിൽ മുലഖിൻ
ത്വബഖാത്തുൽ ഇസ്‌നവീ
മുഅ്ജമുൽ ബുൽദാൻ-യാഖൂതുൽഹമവി
അൽഅൻസാബ്-സംആനീ
ശദറാതുദ്ദഹബ്-ഇബ്‌നുൽ ഇമാദ് അൽഹമ്പലി
വഫയാതുൽ അഅ്‌യാൻ-ഇബ്‌നു ഖല്ലിഖാൻ
അൽഅഅലാം-സർകലീ

അലവിക്കുട്ടി ഫൈസി എടക്കര

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ