കേരളത്തിലെ പ്രശസ്തരായ ധാരാളം പണ്ഡിതന്മാരുടെ ഗുരുവര്യനും കർമ ശാസ്ത്രത്തിൽ പ്രത്യേകം അവഗാഹം ലഭിച്ചവരുമായിരുന്നു ശൈഖുനാ ഇമ്പിച്ചാലി മുസ്‌ലിയാർ കുറ്റിക്കാട്ടൂർ. ഇൽമ് വർധിക്കുന്നതിനനുസരിച്ച് താഴ്മയും വിനയവും വർധിക്കും എന്ന ആപ്തവാക്യം  അന്വർത്ഥമാക്കുന്നതായിരുന്നു മഹാനവർകളുടെ ജീവിതം. 1930-ൽ കുറ്റിക്കാട്ടൂരിലെ മണ്ണുങ്ങൽ തറവാട്ടിലെ പ്രമുഖനും പണ്ഡിതനുമായിരുന്ന  മുഹമ്മദ് മുസ്‌ലിയാരുടെ മകൻ മുഹമ്മദ് മൊല്ലയുടെയും പെരുമണ്ണയിലെ എടച്ചേരി ഹസ്സൻ കോയയുടെ പുത്രി ഇത്തീമയുടെയും പുത്രനായി ജനിച്ചു.

വിശുദ്ധഖുർആനും പ്രാഥമിക പഠനങ്ങളുമൊക്കെ സ്വന്തം പിതാവിൽ നിന്നു തന്നെയാണ് നേടിയത്. പത്ത്കിതാബ്, നിസ്‌കാരക്കണക്ക് എന്നിവയാണ് അന്നു ഖുർആനിനു പുറമേ ഓത്തുപള്ളിയിൽ പഠിപ്പിക്കപ്പെട്ടിരുന്നത്. പിതാവിൽ നിന്ന് പത്ത് കിതാബ് ഓതിയ ശേഷം പിതൃവ്യനും പണ്ഡിതപ്രമുഖനുമായിരുന്ന അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാരുടെ കൂടെ സൗത്ത് കൊടുവള്ളി കണിയാത്ത് പള്ളിയിൽ മുതഅല്ലിമായി ചേർന്നു. പിന്നീട് കാരന്തൂരിൽ പാത്തോളി അബൂബക്കർ മുസ്‌ലിയാരുടെ കൂടെ ഓതി താമസിച്ചു. ശേഷം പറമ്പത്ത് ജുമാമസ്ജിദിൽ അവറാൻ കുട്ടി മുസ്‌ലിയാരുടെ ദർസിൽ രണ്ടു വർഷം. പിന്നീട് പനയപ്പുറം, രാമനാട്ടുകര എന്നിവിടങ്ങളിലും പഠിച്ചു.

വാഴക്കാട് ദാറുൽ ഉലൂമിൽ പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ എന്നിവരുടെ കൂടെ രണ്ടു വർഷം പഠിച്ചു. പറവണ്ണ വാഴക്കാട് വിട്ടതോടെ തലക്കടത്തൂരിൽ സ്വദഖത്തുള്ള മുസ്‌ലിയാരുടെ ദർസിൽ രണ്ട് വർഷം പഠിച്ചു. പിന്നീട് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ കൂടെ വീണ്ടും പറമ്പത്ത് വന്ന് രണ്ട് കൊല്ലം. അവിടെ നിന്നാണ് വെല്ലൂരിൽ പോകുന്നത്. ശൈഖ് ആദം ഹസ്‌റത്ത് ആയിരുന്നു അന്ന് ബാഖിയാത്തിന്റെ പ്രിൻസിപ്പാൾ. അബ്ദുറഹീം ഹസ്‌റത്തും മറ്റു മഹാപണ്ഡിതന്മാരും അന്നവിടെയുണ്ടായിരുന്നു.

1949-ൽ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്ന് ബിരുദം നേടി. 1951-ലാണ് വിവാഹം. പിതൃവ്യനും ഗുരുനാഥനുമായിരുന്ന അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാരുടെ പുത്രി ഇയ്യാച്ചയാണ് ഭാര്യ. 1984-ൽ ചെറൂപ്പയിലെ കോഴിശ്ശേരി മഠത്തിൽ അബ്ദുൽ ഖാദറിന്റെ മകൾ ഖദീജയെ വിവാഹം ചെയ്തു. പതിനൊന്ന് മക്കളുണ്ട് ഉസ്താദിന്. 9 ആണും 2 പെണ്ണും. 1957-ൽ മുൻഷി പരീക്ഷ പാസായെങ്കിലും  ആ രംഗത്തേക്ക് തിരിഞ്ഞില്ല. 1968-ൽ ഹജ്ജ് തീർത്ഥാടനത്തിനു പോയി.

1989-ൽ സമസ്ത പുന:സംഘടിപ്പിച്ച ശേഷം മുശാവറയിലും ഫത്‌വാ കമ്മിറ്റിയിലും അംഗമായി. ഉള്ളാൾ ദർഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മദനി തങ്ങളെ കുറിച്ച് ഒരു മൗലിദ് ഗ്രന്ഥവും, മയ്യിത്ത് നിസ്‌കാര വിധികൾ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്വപരിശ്രമത്തിലൂടെ പഠിച്ചു.

കൊടുവള്ളി അധികാരിയുടെ പള്ളിയിലാണ് ആദ്യമായി ദർസ് ആരംഭിക്കുന്നത്. വെല്ലൂരിൽ നിന്ന് വിട്ടയുടനെ കൊടുവള്ളിയിൽ ദർസ് ഏറ്റെടുക്കുകയായിരുന്നു. ഒന്നര വർഷമേ അവിടെ നിന്നുള്ളൂ. അക്കാലത്ത് ആ ദർസിൽ പഠിച്ചിരുന്ന മുതഅല്ലിമുകളിൽ പ്രധാനിയാണ് മഹാനായ മടവൂർ സി എം വലിയുല്ലാഹി. 1950 അവസാനത്തിൽ തിരൂരങ്ങാടി വലിയ പള്ളിയിൽ മുദരിസായി നിയമിതനായി. പിന്നീട് പൂനൂരിനടുത്ത മങ്ങാട്, കോളിക്കൽ, പുത്തൂപ്പാടം, കുറ്റിക്കാട്ടൂർ, ഉരുളിക്കുന്ന്, ഉള്ളാൾ, ഇരിക്കൂർ എന്നിവിടങ്ങളിലെല്ലാം ദർസ് നടത്തി. ഏറ്റവുമധികം കാലം ചെലവഴിച്ചത് കോളിക്കൽ ജുമുഅത്ത് പള്ളിയിലാണ്. പതിനാല് കൊല്ലം. പിന്നെ പുത്തൂപാടത്തേക്കാണ് പോയത്. മൂന്നാം കൊല്ലം കോളിക്കലേക്ക് തന്നെ തിരിച്ചു വന്നു. ഇത്തവണ ഒരു വർഷമേ അവിടെ നിന്നുള്ളൂ. ശേഷം ഉള്ളാൾ കോളേജിൽ ചേർന്നു. ഏഴ് കൊല്ലത്തിലേറെ കാലം അവിടെ തുടർന്നു. 1983 മുതൽ കാരന്തൂർ സുന്നി മർക്കസിൽ സേവനമനുഷ്ഠിച്ചു. 1991-ൽ ആരോഗ്യപരമായ കാരണങ്ങളാൽ മർകസിൽ നിന്ന് പിരിയുകയായിരുന്നു.

വളരെ ലളിതമായ ജീവിതമായിരുന്നു. മർക്കസിൽ നിന്ന്, ഇന്ന് ഐ.ഐ.എം സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി കുറ്റിക്കാട്ടൂരിലേക്ക് ദിവസവും രാവിലെയും വൈകുന്നേരവും നടന്നാണ് പോയിരുന്നത്. മഹല്ലി, തുഹ്ഫ തുടങ്ങിയ ഫിഖ്ഹി കിതാബുകളായിരുന്നു അദ്ദേഹം കൂടുതൽ ദർസ് നടത്തിയിരുന്നത്. 1983-ൽ ഞങ്ങൾ മർകസിൽ മഹല്ലി ഓതുന്ന സമയത്താണ് ഇമ്പിച്ചാലി ഉസ്താദ് ഇരിക്കൂറിൽ നിന്ന് മർക്കസിലേക്ക് സ്വദർ മുദരിസായി വരുന്നത്. ഞങ്ങൾക്ക് മഹല്ലി ഒന്നാം ഭാഗം ഉസ്താദാണ് തുടങ്ങിയത്. വായനയും അർത്ഥം പറയുന്ന രീതിയും മസ്അല വിവരിക്കലും വളരെ ആകർഷകവും ഒപ്പം ലളിതവുമായിരുന്നു.

മുൻ ബെഞ്ചിലിരിക്കുകയും ചിലപ്പോഴൊക്കെ സംശയങ്ങൾ ചോദിക്കുകയും ചെയ്തിരുന്ന ഞങ്ങളോട് വളരെ താൽപര്യം കാണിച്ചിരുന്നു ഉസ്താദ്. അവിടുത്തെ സ്‌നേഹ വാത്സല്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. അഹ്മദ് കോയ ശാലിയാത്തിയെ സിയാറത്ത് ചെയ്യാൻ ഇടക്കിടെ ചാലിയത്ത് പോകുമായിരുന്നു. ഒന്നുരണ്ടു തവണ ഞാനും കൂടെ പോയിട്ടുണ്ട്. അകവും പുറവും ശുദ്ധമായിരുന്നു. ജാഢകളില്ല. എല്ലാം ചോദിക്കാം. ഉസ്താദ് ചുരുക്കിയേ പറയൂ. അത് കൃത്യമായിരിക്കും.

ഇസ്‌ലാമിക കർമ ശാസ്ത്രത്തിലെ ഏറെ സങ്കീർണമായ ഫറാഇളിന്റെ മസ്അലകൾ, ജംഉൽ ജവാമിഇന്റെ രണ്ടാം ഭാഗം, മസാലികുൽ ഇല്ലത്ത് തുടങ്ങിയവ ഉസ്താദിന്റെ അടുത്തു നിന്ന് ഓതിയത് പ്രത്യേക അനുഭവമായിരുന്നു. ബുദ്ധിമാന്മാരെയും മിത ബുദ്ധിയുള്ളവരെയും മാത്രമല്ല ഗ്രാഹ്യശേഷിയിൽ അൽപം പിറകിലുള്ളവരെയും അദ്ദേഹം പരിഗണിച്ചിരുന്നു.

മുത്വവ്വലിലെ തുഹ്ഫ ദർസും അതീവ ഹൃദ്യമായിരുന്നു. തുഹ്ഫയിൽ ശാരിഹ് പറഞ്ഞ മസ്അല വിവരിച്ച് തഹ്ഖീക്കാക്കി കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾക്കിടയിൽ നിന്നു തുരുതുരാ ചോദ്യങ്ങളുടെ വരവായിരിക്കും. കുട്ടികളിൽ ചിലരെല്ലാം ഹാശിയയും ശർവാനി

യും മറ്റും ഉന്നയിച്ച സംശയങ്ങളായിരിക്കും ചോദിക്കുന്നത്. എല്ലാറ്റിനും വ്യക്തവും രസകരവുമായ ഉത്തരം ലഭിക്കും. പണ്ഡിതർക്കിടയിൽ അഭിപ്രായ ഭിന്നതയുള്ള വിഷയമാണെങ്കിൽ ‘മുഅ്തമദ്’ വിശദീകരിച്ച ശേഷം ‘അങ്ങനെ കൂട്ടിക്കോ’ എന്ന് പറയും. അത് കേട്ടാലറിയാം വിഷയം തഹ്ഖീഖാക്കിപ്പറഞ്ഞതാണെന്ന്. ഉസ്താദിന്റെ ഗ്രാഹ്യ പാടവവും ഫിഖ്ഹിലുള്ള നിപുണതയും മറ്റു ഉലമാക്കൾക്കിടയിലും പ്രസിദ്ധം. റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെയും കേരളം കണ്ട മഹാപണ്ഡിതരിൽ മുൻനിരയിലുള്ള സ്വദഖത്തുള്ള മുസ്‌ലിയാരുടെയും  പറവണ്ണയുടെയും ശിഷ്യനാണ് ഇമ്പിച്ചാലി ഉസ്താദ്. കാസർഗോഡ് ഖാളിയായിരുന്ന അവറാൻ മുസ്‌ലിയാരും അവിടുത്തെ ഗുരുവര്യരാണ്.

ഉസ്താദിന്റെ പ്രമുഖ ശിഷ്യന്മാരിൽ ഇ.കെ ഹസൻ മുസ്‌ലിയാർ, മടവൂർ സി.എം. വലിയുല്ലാഹി, കാന്തപുരം ഉസ്താദ്, കാസർഗോഡ് ഖാളിയായിരുന്ന ടി.എം ബാവ മുസ്‌ലിയാർ, പാറന്നൂർ ഇബ്‌റാഹീം മുസ്‌ലിയാർ, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ, ഇ.കെ മുഹമ്മദ് ദാരിമി തുടങ്ങിയവർ ഉൾപ്പെടുന്നു.

കാന്തപുരം എ.പി ഉസ്താദ്, കെ.എം ഉസ്താദ് തുടങ്ങിയവരുടെ കൂടി ശിഷ്യരായ ഞങ്ങൾക്ക് അവരുടെ ഗുരുവര്യരായ ഇമ്പിച്ചാലി ഉസ്താദിനെ  ഗുരുവായി കിട്ടിയതിലൂടെ മഹാഭാഗ്യത്തോടൊപ്പം ആലിയായ ‘സനദു’ം ലഭിച്ചു. മഹാനായ സി.എം. മടവൂർ അവർകളെ സന്ദർശിക്കാൻ ഉസ്താദ് ഇടക്കിടെ പോകുമായിരുന്നു. ആ യാത്രയുടെ വിവരണങ്ങൾ ഞങ്ങൾക്ക് ക്ലാസിന് ശേഷം പറഞ്ഞു തരികയും ചെയ്യും.

ഇടിയങ്ങര ശൈഖ് മഖാമും മഹാന്റെ അഭയകേന്ദ്രമായിരുന്നു. ഇടക്ക് അവിടെയും സന്ദർശിക്കും. ശൈഖിന്റെ കറാമത്തുകൾ പറഞ്ഞ് തരും. ഇങ്ങനെ മഹാത്മാക്കളോട് വലിയ ആദരവു പുലർത്തി.  യാത്രകളിൽ ദിക്‌റാണു ജോലി. ആരോടും ഒരു പരിഭവവുമില്ല. ഒരു പുൽകൊടിയെ പോലും നോവിച്ചുമില്ല.

വ്യാജ ത്വരീഖത്തായ നൂരിഷക്കാരുടെ പിഴവുകൾ ഉസ്താദ് ഗൗരവത്തോടെയാണ് കണ്ടിരുന്നത്. ഇതര ഭാഷയിലുള്ള ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കാൻ കഴിയുന്നവരെയും തർക്ക വിഷയങ്ങൾ പഠിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുമായിരുന്നു. ഏറ്റവും സൗമ്യമായി പറഞ്ഞിട്ടും അവിടുത്തെ വാക്കുകൾ വിദ്യാർത്ഥികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. 1992 ജനുവരി 19 ഞായർ (1412 റജബ് 14)നായിരുന്നു വഫാത്ത്. 70 വയസ്സുണ്ടായിരുന്നു. വഫാത്തുവരെ സമസ്തയുടെ ഉപാധ്യക്ഷ പദവി അലങ്കരിച്ചു. ഉസ്താദിന്റെ ദറജ നാഥൻ വർധിപ്പിക്കട്ടെ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ