വിശ്വാസികളുടെ ഹൃദയത്തിൽ എപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകൾ ഉണ്ടാവണം. അല്ലാഹുവിനോട് ഈമാനിക ബന്ധം സ്ഥാപിച്ചു ലഭിക്കുന്ന അഭിമാനം ഒരിക്കലൂം നശിച്ചു പോവുകയില്ല. കാരണം, അല്ലാഹു എന്നെന്നും ഉള്ളവനാണ്. എന്നാൽ, നശിച്ചുപോയേക്കാവുന്ന അഭിമാനമാണ് സമ്പത്ത് കൊണ്ടും മറ്റുമുള്ള അഭിമാനം. സമ്പത്തായാലും കുടുംബമായാലും അതെല്ലാം നശ്വരമാണല്ലോ. അല്ലാഹുവിനെ കുറിച്ച് ആലോചിക്കാതെ ദുനിയാവിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ മതിമറന്നാൽ ശാശ്വതമായി പരാജയപ്പെടാനിടയാകും.
ഖാദിസിയ്യ യുദ്ധം കഴിഞ്ഞു പിരിയുമ്പോൾ ഉമർ(റ) വിശ്വാസികളെ ഓർമപ്പെടുത്തി: നാം ഒരു ജനതയാണ്. ഇസ്‌ലാം കൊണ്ട് അല്ലാഹു നമുക്ക് അഭിമാനം നൽകിയിരിക്കുന്നു. അല്ലാഹു എന്തുകൊണ്ട് നമ്മെ പ്രതാപത്തിലാക്കിയോ അതല്ലാത്ത മറ്റൊന്ന് കൊണ്ട് ഒരാൾ ഇസ്സത്ത് ആഗ്രഹിച്ചാൽ അവനെ അല്ലാഹു നിസ്സാരനാക്കും.
സുൽത്താൻ ഹാറൂൻ റശീദ് ചരിത്രത്തിൽ അറിയപ്പെടുന്നത് നല്ല ഭരണാധികാരിയായാണ്. എന്നാൽ ആദ്യകാലത്ത് അദ്ദേഹത്തിന് അഹങ്കാരത്തിന്റെ ഭാവമുണ്ടായിരുന്നു. പിന്നീട് മാറ്റം വന്നതാണ്. ജുനൈദുൽ ബാഗ്ദാദി(റ) ഉദ്ധരിച്ച ഒരു ചരിത്രം കാണാം: ഒരു യാത്രയിൽ ചക്രവർത്തി ഒരു സാധു മനുഷ്യനെ കണ്ടു. അദ്ദേഹത്തോട് കുശലാന്വേഷണം നടത്തിയപ്പോൾ രാജാവ് ആഗ്രഹിച്ച മറുപടിയല്ല ലഭിച്ചത്. ഉടനെ, കൂടെയുള്ളവരോട് അയാളെ സമീപത്തെ ഒരു വീട്ടിലാക്കി കതക് പുറത്തുനിന്ന് പൂട്ടാൻ ഉത്തരവിട്ടു. അവരതനുസരിച്ചു. പിറ്റേന്ന് ഹാറൂൻ റഷീദ് അതിലെ വരുമ്പോഴുണ്ട് ആ മനുഷ്യൻ വീടിന്റെ പുറത്തു നിൽക്കുന്നു. താങ്കൾ എങ്ങനെ പുറത്തിറങ്ങിയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ് എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചതും പുറത്തേക്ക് കൊണ്ടു വന്നതും’. രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹത്തോട് മാപ്പു പറഞ്ഞു, ഖേദിച്ചു മടങ്ങി.
ഒരാൾ അല്ലാഹുവിനു ശരിക്ക് തഖ്‌വ ചെയ്തു ജീവിതം നയിച്ചാൽ ഏതു പ്രയാസകരമായ അവസ്ഥയിൽ നിന്നും നാഥൻ അവനു മോചനം നൽകും. സുൽത്താന്റെ പിന്നീടുള്ള ജീവിതത്തെ ഈ സംഭവം ഗണ്യമായി സ്വാധീനിക്കുകയുണ്ടായി.
എപ്പോഴും ദുആ ചെയ്യുന്നവരായിരിക്കണം വിശ്വാസികൾ. ചിലപ്പോൾ നാം ചോദിച്ചതിന് അല്ലാഹു ഉത്തരം നൽകിയേക്കില്ല. ചിലപ്പോൾ നൽകും. അതായിരിക്കും ഖൈർ. ദുആക്ക് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും പാരത്രിക പ്രതിഫലം ഉറപ്പാണ്.
ആഖിറത്തെ സംബന്ധിച്ച വിചാരം എപ്പോഴും നമ്മുടെ ഖൽബിലുണ്ടാകണം. അപ്പോൾ ദുൻയാവ് നമ്മുടെ പരമമായ ലക്ഷ്യമല്ലാതായി മാറും. സൃഷ്ടികളിലേക്കു മാത്രം ആശ്രയിച്ചു കഴിഞ്ഞാൽ ഇവിടെ പലതും നമുക്ക് ലഭിച്ചെന്ന് വന്നേക്കാം. പക്ഷേ, അതൊന്നും ശാശ്വതമല്ല. എന്നാൽ, അല്ലാഹുവിനെ മാത്രം ആശ്രയിച്ചാൽ ചിലപ്പോൾ നമുക്ക് ഈ ലോകത്ത് ഒന്നുംതന്നെ ലഭിച്ചെന്നു വരില്ല. എന്നാൽ, ഉന്നതമായ പ്രതിഫലം യഥാർത്ഥ ജീവിതമാകുന്ന പാരത്രിക ലോകത്ത് അവൻ കാത്തുവെച്ചിരിക്കും. അതാണല്ലോ അടിമക്ക് ഏറ്റവും ഗുണകരം.
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ