വിദ്യാഭ്യാസം കൊണ്ടേ മനുഷ്യനെ സംസ്കരിക്കാനാവൂ. ഒരു കലാലയം തുറക്കുമ്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ പ്രസക്തം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടു മാത്രമേ മേല്‍പറഞ്ഞ മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാവുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും അവ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ അഭാവമാണ്.
സമഗ്രവും സന്പൂര്‍ണവുമായ വിശുദ്ധ ഇസ്‌ലാം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രോത്സാഹിപ്പിച്ചു. ജ്ഞാന സന്പാദനത്തിന്റെ മൂല ഘടകങ്ങളാണല്ലോ എഴുത്തും വായനയും. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം തന്നെ “വായിക്കുക’ എന്ന കല്‍പനയിലാണ് തുടങ്ങുന്നത്. യുദ്ധത്തില്‍ തടവുകാരായി പിടിച്ച അഭ്യസ്ഥവിദ്യരായ ശത്രുക്കളോട് പ്രവാചകന്‍(സ്വ) പറഞ്ഞത് നിങ്ങള്‍ മുസ്‌ലിംകള്‍ക്ക് അക്ഷരജ്ഞാനം പഠിപ്പിക്കുകയാണെങ്കില്‍ മോചിപ്പിക്കാമെന്നായിരുന്നു. അക്ഷരജ്ഞാനത്തിന് മതവും പ്രവാചകാധ്യാപനങ്ങളും നല്‍കിയ പരിഗണനയാണിത് കാണിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാണ്. വിദ്യാര്‍ത്ഥിയും അധ്യാപകരും അറിവിന്റെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ സംസ്കാരത്തെ ശുദ്ധീകരിക്കുകയും മൂല്യചോരണം സംഭവിക്കാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയുമാണ് ചെയ്യുന്നത്. ഇതു കൊണ്ടാണ് കലാലയ മുറ്റങ്ങള്‍ സദാചാരത്തിന്റെ സീമകള്‍ ലംഘിക്കാതിരിക്കാനും അഴുക്കു പുരളാതിരിക്കാനും മുന്‍ഗാമികള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തിയത്. ഇമാം ശാഫിഈ(റ)വിനു വന്ദ്യഗുരു പഠിപ്പിച്ചത് ജ്ഞാനം സ്രഷ്ടാവിന്റെ പ്രകാശമാണെന്നാണ്. ശരിയായ ജ്ഞാനത്തിലേക്ക് വഴിനടത്താന്‍ ഒരു വിശ്വാസിക്ക് ഈ വരികള്‍ ധാരാളം. തിന്മയുടെ അഴുക്കു പുരണ്ട കാമ്പസ് മുറ്റങ്ങള്‍ ചവിട്ടി വരുന്ന നവകാല വിദ്യാര്‍ത്ഥി തലമുറകളെ ചെളിപുരളാന്‍ വിടാതിരിക്കുകയാണ് വേണ്ടത്.
നല്ല നാളെയുടെ സ്രഷ്ടാവ് കൂടിയാണ് വിദ്യാര്‍ത്ഥി. വരും തലമുറക്ക് ജ്ഞാനത്തിന്റെവെളിച്ചം കൊടുക്കേണ്ടവര്‍. അവന്റെ ആത്മീയ ജീവിതത്തിന്റെ നിറവാര്‍ന്ന പുസ്തകം വായിച്ചിട്ടു വേണം പുതിയ സമൂഹത്തിന് ജീവിക്കാന്‍. കാലവും ചുറ്റുപാടുകളും തിന്മകള്‍ക്കായി നിലവിളി കൂട്ടുമ്പോള്‍ സംശുദ്ധമായ ജീവിതം കൊണ്ട് തിരുത്തു കുറിക്കേണ്ടത് വിദ്യാര്‍ത്ഥിയുടെ ബാധ്യതയാണ്. ആത്മാവിനും സമൂഹത്തിനും അവന്റെ ജ്ഞാനത്തിന്റെ പ്രകാശം നല്‍കുമ്പോഴാണ് ഒരു നല്ല പൗരന്‍ രൂപപ്പെടുന്നത്. അറിവും അറിവു നല്‍കുന്ന പാഠവും തുടര്‍ന്നുള്ള അവന്റെ ജീവിത നടപ്പുകളും നല്ല രാഷ്ട്രത്തിന്റെയും സമൃദ്ധമായ നാളെയുടെയും സൃഷ്ടിപ്പിനു നിദാനമാണ്.
അഴിമതിയും പീഡനങ്ങളും അക്രമ പ്രവര്‍ത്തനങ്ങളുമില്ലാത്ത ഒരു രാജ്യം സാധിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു മാറ്റങ്ങള്‍ തുടങ്ങണം. അവരാണു നാളെയുടെ പൗരന്മാര്‍. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉന്നമനങ്ങള്‍ക്കു മുന്നില്‍നടക്കേണ്ടത് ഈ പൗരന്‍മാരാണ്. എന്നാല്‍ എല്ലാ മേഖലകളിലും സംഭവിച്ച മൂല്യച്യുതി നമ്മുടെ കലാലയങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയും സാംസ്കാരിക തകര്‍ച്ചക്കുള്ള പുതിയ വഴികള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.
മദ്യവും മയക്കുമരുന്നും കലാലയങ്ങളുടെ ദൗര്‍ബല്യമായിക്കഴിഞ്ഞ പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ അരക്ഷിതാവസ്ഥയുടെ നിഴലിലാണ് പുതച്ചുറങ്ങുന്നത്. “സര്‍വ തിന്മകളുടെയും താക്കോലാണ് മദ്യ’മെന്ന് പരാമര്‍ശിച്ച വിശുദ്ധമതത്തിന്റെ ചില സഹചാരികള്‍ പോലും ലഹരി നുണഞ്ഞ് ജീവിതം തുലക്കുന്നതാണ് ഏറെ ദുഃഖകരം. ബുദ്ധിയും വിവേകവും നശിപ്പിക്കുകയും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം രോഗങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കള്‍ എന്തിനുപയോഗിക്കുന്നുവെന്നതിന് വ്യക്തമായ മറുപടിയില്ല.
ഗുരുക്കളുടെ തണലില്‍ സുരക്ഷിതമായിരുന്നു പോയകാലത്തെ വിദ്യാര്‍ത്ഥിത്വമെങ്കില്‍ വര്‍ത്തമാനകാല വിദ്യാര്‍ത്ഥിക്ക് അത് നഷ്ടപ്പെട്ടിരിക്കുന്നു. അധ്യാപകനെ ഘരാവോ ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് പുതിയ നൂറ്റാണ്ടിന്റെ ഉല്‍പന്നങ്ങള്‍. അധ്യാപികയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയെ ബലാല്‍കാരം നടത്തുന്ന അധ്യാപകരും നിറഞ്ഞുനില്‍ക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ചിത്രങ്ങളാണ് കലാലയങ്ങള്‍ നല്‍കുന്നത്. സര്‍വാദരങ്ങളും നല്‍കപ്പെട്ട മഹനീയ വ്യക്തിത്വങ്ങളുമായിരുന്നു മുന്‍കാലങ്ങളിലെ ഗുരുക്കള്‍. വിദ്യാര്‍ത്ഥിയെ അക്ഷരജ്ഞാനത്തിന്റെ ലോകത്തേക്ക് തെളിക്കാനും ആത്മാര്‍ത്ഥത കാണിച്ചിരുന്ന മഹനീയ വ്യക്തിത്വങ്ങളായിരുന്നു അവര്‍. യുവത്വത്തിന്റെ ധാര്‍മിക പ്രസരിപ്പുള്ള വിദ്യാര്‍ത്ഥിത്വത്തെ സൃഷ്ടിക്കുക എന്നത് ഒരു ഗുരുവിന്റെ സവിശേഷതയാണ്. അവര്‍ക്ക് സംസ്കാര ബോധത്തിന്റെയും സാമൂഹിക സേവനങ്ങളുടെയും തിളക്കം ലഭിക്കുന്നത് ഗുരുവിനോടുള്ള ആദരവിന്റെയും ബഹുമാനത്തിന്റെയും ഹേതുവായിട്ടാണ്. ഇക്കാലത്ത് പൂര്‍ണമായും വിസ്മരിക്കപ്പെട്ട ബഹുമതികളാണ് ഇവ രണ്ടും. ജ്ഞാന സന്പാദനത്തിന് പ്രാപ്തിയും കഴിവും സ്വായത്തമാക്കുന്നതിലും സമൂഹത്തിന് കൈമാറുന്നതിലും ആധുനിക വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്നതിന്റെയും പിന്നില്‍ നഷ്ടപ്പെട്ട ഗുരുശിഷ്യ ബന്ധത്തെ നമുക്ക് വായിച്ചെടുക്കാനാവും.
ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള ഇടത്താവളമായി വിദ്യാര്‍ത്ഥി ജീവിതം പരിവര്‍ത്തിക്കപ്പെട്ടു എന്നതാണ് പുതിയകാലത്തെ കലാലയങ്ങളിലെ അതിഭീകരമായ മറ്റൊരു പ്രശ്നം. കുത്തഴിഞ്ഞ ലൈംഗികതക്ക് അവസരങ്ങളൊരുക്കുന്ന തീവ്രപ്രണയങ്ങളുടെ കരുവാളിച്ച മുഖമാണ് കലാലയങ്ങള്‍ക്കുള്ളത്. കാമ്പസ് ചുവരുകളില്‍ കുറിച്ചു വെച്ച കപട പ്രണയങ്ങളുടെ ചീഞ്ഞുനാറുന്ന രക്തവും ചലവും ഇതു സാക്ഷ്യപ്പെടുത്തും. കലാലയങ്ങളിലെ പ്രണയങ്ങള്‍ തിന്മയാണെന്നതിനു തെളിവാണ് പ്രണയവും ലൈംഗികതയും തമ്മിലുള്ള ബന്ധം. കുടുംബത്തെയും സ്വന്തത്തെയും മറന്ന് അനിയന്ത്രിതമായ ജീവിത സംവിധാനത്തിലേക്ക് തള്ളിവിടുന്ന പ്രണയങ്ങള്‍ അതിരുവിടുന്ന കാമ്പസ് ജീവിതത്തെയാണ് ഓര്‍മപ്പെടുത്തുന്നത്.
സഹപാഠിയെ തന്റെ അധികാര വലയത്തില്‍ മെരുക്കി നിര്‍ത്തുന്ന അഹങ്കാരത്തിന്റെ ബലപ്രയോഗമായ റാഗിംഗ് കാമ്പസിന്റെ മറ്റൊരു ദുരന്തം. കൊല വിളി ഉയര്‍ത്തി കോളേജ് മുറ്റങ്ങളില്‍ ഭീകരതസൃഷ്ടിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളുടെ പുതിയ ചിത്രങ്ങളാണ്.
കക്ഷിരാഷ്ട്രീയത്തിനു വിധേയപ്പെട്ടു കഴിയുന്ന സംഘടനകളാണ് കലാലയങ്ങളില്‍. അക്രമാസക്തമായ സമരങ്ങള്‍ക്ക് വിദ്യാര്‍ത്ഥിത്വത്തെ പ്രേരിപ്പിക്കുക എന്ന അജണ്ടയാണ് മിക്ക സംഘടനകളും കൈമാറുന്നത്. വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സാമൂഹിക സേവന മനസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നതും ഗുരുതരം തന്നെ.
എന്തുകൊണ്ടാണ് നമ്മുടെ കലാലയ ജീവിതങ്ങള്‍ ഇത്രമാത്രം ജീര്‍ണിച്ചത്? അതിന്റെ കാരണങ്ങളന്വേഷിച്ച് തിരുത്ത് കുറിക്കല്‍ പ്രബോധകന്റെ ബാധ്യതയാണ്. തുടക്കത്തില്‍ പരാമര്‍ശിച്ച മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തേത്, വിദ്യഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെട്ടുവെന്നതാണ്. കച്ചവട ലോബികള്‍ക്ക് കളിക്കളവും വിത്തിറക്കാനുള്ള കൃഷിയിടവുമായി വിദ്യാഭ്യാസത്തെ മാറ്റിയതു മുതലാണ് വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത മങ്ങിപ്പോയത്. കച്ചവടക്കാരില്‍ നിന്ന് പൊള്ളുന്ന വിലകൊടുത്തു വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്യുക എന്നതിലപ്പുറമൊന്നും ഇതിലില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ധരിച്ചതാണ് ഈ ദുരന്തഹേതു.
മൂന്നാമത്തേത് ജോബ് ഓറിയന്‍റഡ് എജ്യുക്കേഷനാണ്. ഒരു വിദ്യാര്‍ത്ഥിയെ നല്ല മനുഷ്യനാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുക, ആദര്‍ശങ്ങള്‍ക്ക് മൂര്‍ച്ച നല്‍കുക, മനുഷ്യ ബന്ധത്തെ ദൃഢമാക്കുക, മനുഷ്യാഭിമുഖ്യത്തെ നിരന്തരം സജീവമാക്കുക തുടങ്ങിയവയെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാധ്യമാകേണ്ടതാണ്. സാംസ്കാരിക പ്രബുദ്ധതയോട് കീഴ്പ്പെട്ടാണ് മറ്റെല്ലാ കാര്യങ്ങളെയും നാം കാണേണ്ടത്. അതിനു പകരം സാംസ്കാരിക പ്രബുദ്ധത തുലയട്ടെ, മനുഷ്യ ബന്ധങ്ങള്‍ നശിക്കട്ടെ, എന്‍റേതു മാത്രമായ ആഡംബര ജീവിതം എന്ന കാഴ്ച്ചപ്പാട് രൂപപ്പെടുന്നതില്‍ ജോലി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് വലിയ സ്വാധീനമുണ്ട്. ഇവകളെയെല്ലാം ചെറുത്തു തോല്‍പിച്ചേ മതിയാവൂ.
തിന്മയുടെ സുഖിപ്പിക്കുന്ന തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങുന്ന കലാലയത്തെയും വിദ്യാര്‍ത്ഥികളെയും നോക്കി നെറ്റിചുളിച്ചു കൊണ്ട്, “നാശം’ എന്നു പറഞ്ഞു ദാഇകള്‍ക്ക് ചാടിക്കടന്ന് പോവാന്‍ സാധിക്കില്ല. തിന്മകള്‍ക്ക് നേരെ കണ്ണടക്കാനോ ഈ സമൂഹം ഇനി നന്നാവില്ലെന്ന അഡ്ജസ്റ്റ്മെന്‍റ് മനഃശാസ്ത്രം വിളന്പാനോ അല്ല നാം മുതിരേണ്ടത്. ലഘുലേഖകള്‍, ലേഖനങ്ങള്‍ പോലുള്ള സ്ഥിരം പ്രബോധനോപാധികള്‍ക്കപ്പുറത്ത് പ്രായോഗികമായി എന്തെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് കാര്യക്ഷമമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
തിരുത്ത്
ഭൗതിക വിദ്യാഭ്യാസത്തിലും വരെ അവഗാഹമുള്ള ദഅ്വാ വിദ്യാര്‍ത്ഥികള്‍ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ട് കലാലയ മുറ്റത്തേക്ക് കടന്നു ചെല്ലാന്‍ തയ്യാറാണങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. പാപികളായ തങ്ങളെ തിരുത്താന്‍ ഇടക്കു കയറി വന്ന പുണ്യാളന്മാരാണ് ഈ തലേകെട്ടുകാര്‍ എന്ന് സഹപാഠികള്‍ക്ക് അനുഭവപ്പെടരുത്. നല്ല കൂട്ടുകാരനും സഹപാഠിയുമെന്ന തലത്തിലേക്ക് നമുക്ക് മാറാന്‍ കഴിയണം. കാമ്പസിലെ പൊതുപ്രവര്‍ത്തനങ്ങളിലും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലുമെല്ലാം നിറഞ്ഞ് നിന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജീവിക്കണം. സഹപാഠിയുടെ മനസ്സറിഞ്ഞു തരം പോലെ തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ നമുക്കാവണം. പൊതുകലാലയങ്ങളില്‍ എത്തിപ്പെടുന്ന മതവിദ്യാര്‍ത്ഥികള്‍ അനുവര്‍ത്തിക്കുന്ന ഒളിജീവിതം വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.
തിന്മകളെ പേടിച്ച് ഒളിക്കുന്നവന്‍ ഭീരുവാണ്. സക്രിയമായി കാമ്പസ് കാലം പൂര്‍ത്തീകരിക്കുമ്പോള്‍ തന്നെ തന്റെ മതകീയമായ സ്വത്വം കൈവെടിയാതിരിക്കാന്‍ നാം കാണിക്കുന്ന ആര്‍ജ്ജവമാണ് യഥാര്‍ത്ഥ ധീരത. കലാലയത്തിലെ മാതൃകാ വിദ്യര്‍ത്ഥിയായിക്കഴിഞ്ഞ പ്രബോധകന്‍ പറയുന്നതും ജീവിച്ച് കാണിക്കുന്നതുമെല്ലാം പ്രബോധിതര്‍ പിന്തുടരും. അങ്ങനെ കലാലയ മുറ്റത്തെ അഴുക്ക് ക്രമേണ മാറ്റിയെടുക്കാന്‍ സാധിക്കും. മതത്തിന്റെ ആശയങ്ങളും മതം വിഭാവനം ചെയ്യുന്ന ആത്മീയ ധാരയുമൊക്കെ പഴഞ്ചനാണെന്ന തെറ്റിദ്ധാരണയായിരുന്നു പണ്ട് ഭൗതിക വിദ്യാര്‍ത്ഥികള്‍ ഇവയോടെല്ലാം അകലം പാലിക്കാന്‍ കാരണം. എന്നാല്‍ ഇന്നത് ഏറെക്കുറേ അപ്രത്യക്ഷമായിട്ടുണ്ട്. മതമീമാംസയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമെടുക്കുന്ന ദഅ്വാ വിദ്യാര്‍ത്ഥികള്‍ ഭൗതിക വിദ്യഭ്യാസ രംഗത്തും വളരെ മുന്നിലാണെന്ന തിരിച്ചറിവ് പൊതു സമൂഹത്തിനുണ്ട്. കലാലയ വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഈ തെറ്റിദ്ധാരണ നീക്കിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ നാം പറയുന്നത് ഉള്‍കൊള്ളാന്‍ അവരുണ്ടാവും.
കലാലയങ്ങളില്‍ അധ്യാപകരായി കടന്നു ചെല്ലാനും മതപ്രബോധകര്‍ക്ക് അവസരങ്ങളുണ്ടാവും. അത്തരം അവസരങ്ങളും പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. അധ്യാപകനാവുമ്പോള്‍ തന്നെ കലാലയത്തിലെ മാതൃകയാവാന്‍ പ്രബോധകന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹൃദയം കൊണ്ട് ഹൃദയത്തിലേക്ക് അധ്യാപനം നടത്തി തിരുത്തലുകള്‍ നല്‍കാന്‍ കഴിയണം.
ആധുനികതയുടെ അതിപ്രസരത്തില്‍ സംഭവിച്ച സാംസ്കാരിക അപചയം വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും പഴയ പ്രതാപ കാലത്തേക്ക് വിദ്യാര്‍ത്ഥിയെ വഴി നടത്താനും ഇതെല്ലാം അനിവാര്യമാണ്. പാരമ്പര്യ ഇസ്‌ലാമിന്റെ സംസ്കാരത്തില്‍ ചൂഴ്ന്ന് നിന്നുകൊണ്ട് തന്നെ കോര്‍ഡോവയും ബഗ്ദാദുമെല്ലാം ആര്‍ജ്ജിച്ചെടുത്ത വിദ്യഭ്യാസ വിപ്ലവങ്ങള്‍ കലാലയത്തിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാം. സാമൂഹിക സേവന പ്രവര്‍ത്തനത്തില്‍ നാം സജീവമായി പങ്കുചേരുന്നതും നേതൃത്വം നല്‍കുന്നതുമെല്ലാം വിദ്യാര്‍ത്ഥികളെ നമ്മിലേക്കാകര്‍ഷിക്കുന്ന ഘടകങ്ങളാവും.
കാമ്പസിലേക്കും വിദ്യാര്‍ത്ഥികളിലേക്കും ഇറങ്ങിച്ചെല്ലുക എന്നു പറയുമ്പോള്‍ ചില വെല്ലുവിളികള്‍ നാം നേരിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. മതവിദ്യാര്‍ത്ഥിയുടെ സംസ്കാരവും വേഷവും സൂക്ഷിച്ചു കൊണ്ട് തന്റെ വ്യക്തിത്വത്തിന് പോറലേല്‍ക്കാതെ സക്രിയമാവുകയെന്നത് ശ്രമകരമായ കാര്യം തന്നെ. എന്നാല്‍, പ്രബോധനത്തിനായി നീക്കിവെച്ച ഒരു വേഷമില്ലെന്നും സാഹചര്യം പോലെ ഔചിത്യപൂര്‍വം ആവശ്യമെങ്കില്‍ നല്ലവേഷങ്ങള്‍ സ്വീകരിക്കാമെന്ന വിശാലമായ ചിന്ത പാപമൊന്നുമല്ല.
മുഹമ്മദ് സല്‍മാന്‍ തോട്ടുപൊയില്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ