കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷ പദവി വഹിക്കുന്ന ശൈഖുനാ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ അമ്പത് വർഷത്തിലേറെയായി സമസ്ത കേന്ദ്ര മുശാവറയിലെത്തിയിട്ട്. സമസ്തയെ നയിച്ച മഹോന്നത പണ്ഡിരായ കണ്ണിയത്ത് ഉസ്താദ്, താജുൽ ഉലമ, കോട്ടുമല ഉസ്താദ്, ശംസുൽ ഉലമ, നൂറുൽ ഉലമ തുടങ്ങിയ മുൻഗാമികൾക്കൊപ്പം പ്രവർത്തിക്കാനും അവരുടെയെല്ലാം ആശീർവാദവും പൊരുത്തവും ലഭിക്കാനും ഭാഗ്യമുണ്ടായ പണ്ഡിത ശ്രേഷ്ഠരാണ് അലിക്കുഞ്ഞി ഉസ്താദ്. റഈസുൽ ഉലമ, സുൽത്താനുൽ ഉലമ തുടങ്ങിയ സമകാലീനർക്കൊപ്പവും ആദർശരംഗത്ത് നിറവോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. വിനയവും ആത്മാർത്ഥതയും ഇൽമിനോടുള്ള ബഹുമാനവും എല്ലാത്തിലുമുപരി തിരുനബി(സ്വ)യോടുള്ള അങ്ങേയറ്റത്തെ ഇശ്ഖും മുഖമുദ്രയായുള്ള ഉസ്താദിന്റെ നിറപുഞ്ചിരിയോടെയുള്ള പെരുമാറ്റം ഏറെ ആകർഷകമാണ്.
ഉന്നത ശീർഷരായ പണ്ഡിതരുമായും സൂഫി വര്യന്മാരുമായും ചെറുപ്പത്തിലേ ബന്ധം സ്ഥാപിക്കുകയും അവരുടെ ഗുരുത്വവും തൃപ്തിയും നേടുകയും ചെയ്തു. പ്രായം എൺപത്തിയഞ്ച് പിന്നിട്ടതിന്റെ അവശതകളേറെയുണ്ട്. എങ്കിലും യുവാക്കൾക്കും ആവേശം പകരുന്ന ഊർജസ്വലതയുമായി കർമരംഗത്തുണ്ട് ലോക്ഡൗൺ കാലത്തും ഉസ്താദ്.
60 വർഷം പിന്നിട്ട ദർസ് ജീവിതത്തിനിടയിൽ ആയിരക്കണക്കിനു പണ്ഡിത പ്രതിഭകളെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവരിൽ ഖാളിമാരുണ്ട്, നേതാക്കളുണ്ട്, മുദരിസുമാരുണ്ട്. സേവന വഴിയിൽ വിദേശ രാഷ്ട്രങ്ങൾ വരെ നീളുന്ന ശിഷ്യപരമ്പര തന്നെയുണ്ട്. തന്റെ ഗുരുവര്യന്മാരെ പുർണമായി അനുസരിച്ചതിന്റെ ഫലമായി അല്ലാഹു കനിഞ്ഞേകിയ മഹാഭാഗ്യമാണ് വിശാലമായ ശിഷ്യസമ്പത്തെന്ന് ഉസ്താദ് പറയാറുണ്ട്.
ഈ പ്രായത്തിലും ആധുനിക പ്രബോധന സംവിധാനങ്ങൾക്കൊപ്പം ഷിറിയ ഉസ്താദുണ്ട്. കഴിഞ്ഞയാഴ്ച ശൈഖുനാ എപി ഉസ്താദിന്റെ ഓൺലൈൻ ദർസിന്റെ നൂറാംദിന പരിപാടി നടക്കുമ്പോൾ ഹൃദ്യമായൊരനുഭവമുണ്ടായി. ഓരോ ദിവസവും സൂമിലൂടെ വിവിധ സോണുകളിലുള്ളവരുമായി എപി ഉസ്താദ് സംസാരിക്കുന്ന പതിവുണ്ട്. അന്ന് ബംഗളൂരിലെ പ്രവർത്തകരായിരുന്നു സൂമിൽ. സംസാരത്തിനിടെ ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ സൂമിലൂടെ ഈ പരിപാടി വീക്ഷിക്കുന്നുണ്ടെന്നും അധിക ക്ലാസുകളിലും അദ്ദേഹം ഉണ്ടാവാറുണ്ടെന്നും കാന്തപുരം ഉസ്താദ് വളരെ താൽപര്യപൂർവം അറിയിക്കുകയും പരസ്പരം ദുആ വസ്വിയ്യത്ത് നടത്തുകയും ചെയ്തു.
ഉസ്താദിന്റെ പ്രഭാഷണം ഒരിക്കലെങ്കിലും കേട്ടവർക്കറിയാം ആരമ്പ പൂവായ മുത്ത് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന ആവർത്തിച്ചുള്ള പ്രയോഗം. തിരുദൂതരുടെ മദ്ഹ് ചൊല്ലാൻ വല്ലാത്തൊരു അനുഭൂതിയാണ് ശൈഖുനക്ക്. തിരുനാമം ഉച്ചരിക്കുന്നത് പോലും പ്രത്യേക ഗാംഭീര്യത്തോടെയാണ്. വേദി ഏതാണെങ്കിലും നബിമദ്ഹ് പറഞ്ഞേ അദ്ദേഹം പ്രഭാഷണം അവസാനിപ്പിക്കൂ. അതോടെ സദസ്സൊന്നായി ഇശ്ഖിൽ ലയിക്കുകയായി. റബീഉൽ അവ്വൽ ആഗതമാകുന്ന സാഹചര്യത്തിൽ സുന്നിവോയ്‌സിനു വേണ്ടി അലിക്കുഞ്ഞി ഉസ്താദുമായി സംസാരിച്ചു. ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

മീലാദ് മാസമാണ് വരുന്നത്. ഉസ്താദിന് ഏറ്റവും പ്രിയപ്പെട്ട ഹുബ്ബുറസൂൽ കൊണ്ട് തുടങ്ങാം?

ലോകമൊന്നായി ആരമ്പ പൂവായ മുത്ത് മുസ്ഥഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഇശ്ഖിൽ നിറയുന്ന മാസമാണല്ലോ പുണ്യ റബീഉൽ അവ്വൽ. വിശ്വാസികൾ എല്ലാ സമയത്തും മുത്ത് നബി തങ്ങളെ ഓർത്തുകൊണ്ടിരിക്കണം. നമ്മുടെ മക്കൾക്ക് അവിടത്തെ സ്‌നേഹം പറഞ്ഞുകൊടുക്കണം. നബിയോർക്ക് ഇഷ്ടമാകുന്ന നിലയിൽ ജീവിതം ക്രമപ്പെടുത്തണം. എപ്പോഴും മദ്ഹ് ചൊല്ലണം. സ്വലാത്ത് പതിവാക്കണം. പ്രവാചകരുടെ സന്താന പരമ്പരയായ അഹ്‌ലുബൈത്തിനെ നാം ഏറെ പ്രിയം വെക്കണം. അവരെ വിജയിക്കൂ. എന്റെ കുടുംബത്തിന്റെ കാര്യം നിങ്ങൾ ശ്രദ്ധിക്കണേ എന്ന് റസൂൽ(സ്വ) പ്രത്യേകം ഉണർത്തിയതാണ്.
സ്വലാത്ത് വർധിപ്പിക്കുന്നതിലൂടെ ഇരു ലോകത്തും വലിയ വിജയവും പദവികളും ലഭിക്കുന്നതിനു പുറമെ നമുക്ക് മുത്ത് നബിയെ സ്വപ്നത്തിലെങ്കിലും കാണാനുള്ള ഭാഗ്യമുണ്ടാകും. മേലായ റബ്ബിന്റെ വലിയ അനുഗ്രഹത്താൽ, പരപ്പനങ്ങാടിയിൽ ഓതുന്ന കാലത്ത് സ്വപ്നത്തിലൂടെ മുത്ത് നബി തങ്ങളെ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനു ശേഷം തിരുറൗള കാണണമെന്ന് വലിയ ആശയായിരുന്നു. ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ റൗള കാണിച്ചുതരണമെന്ന് കരഞ്ഞ് ദുആ ഇരന്നു. ഉപ്പയോടും ഉമ്മയോടുമൊത്ത് ഹജ്ജിനും മദീന സിയാറത്തിനും അതേവർഷം തന്നെ ഭാഗ്യമുണ്ടായി. പിന്നീട് പല പ്രതിസന്ധി ഘട്ടങ്ങളിലും തിരുദർശനം വലിയ ആശ്വാസമായിട്ടുണ്ട്. ഒന്നും മേന്മയായി പറയുകയല്ല, ഉസ്താദുമാരുടെയും മാതാപിതാക്കളുടെയും ഗുരുത്വവും പൊരുത്തവും നേടിയാലേ നമ്മുടെ ദുനിയാവും ആഖിറവും സലാമത്താവൂ.
നബി(സ്വ)യെ ഒരാൾ സ്വപ്നത്തിൽ ദർശിച്ചാൽ നബി തങ്ങളെ തന്നെയാണ് കണ്ടത്. കാരണം അവിടത്തെ രൂപത്തിൽ മറ്റൊരാളും വരില്ല. ഒരിക്കലെങ്കിലും ആ ദർശനമുണ്ടാകാൻ തേടിക്കൊണ്ടേയിരിക്കുക. ശരീരവും മനസ്സും ഇശ്ഖിനാൽ നിറയുമ്പോൾ നമ്മുടെ തേട്ടം മേലായ റബ്ബ് സ്വീകരിക്കാതിരിക്കില്ല. നബി തങ്ങളെ കാണാൻ എല്ലാവർക്കും ഭാഗ്യമുണ്ടാകട്ടെ.

അറുപതാണ്ട് ദർസുമായി കഴിയുന്ന ഉസ്ദാദിന് ലോക്ഡൗൺ പുതിയ അനുഭവമാണല്ലോ?

തീർച്ചയായും. എനിക്കു മാത്രമല്ല, ലോകത്തിനു തന്നെ ഇതൊരു പുതിയ അനുഭവമാണ്. ഒരു ചെറിയ വൈറസിനു മുമ്പിൽ ജനങ്ങൾ പകച്ചു നിൽക്കുകയാണ്. മനുഷ്യനെത്ര നിസ്സാരനാണെന്ന് ഭരണാധികാരികളെയും പ്രജകളെയും ഒരുപോലെ മേലായ റബ്ബ് തആലാ പഠിപ്പിച്ചിരിക്കുകയാണല്ലോ. അല്ലാഹുവിന്റെ ഖളാഇൽ വിശ്വസിക്കുന്ന നാം ഏതവസരത്തിലും പ്രാർത്ഥനയിലും ഇസ്തിഗ്ഫാറിലും സജീവമാകണം.
ലോക്ഡൗൺ ശരിക്കും ഹബ്‌സ്(തടങ്കൽ) തന്നെയാണ്. ഓതിക്കൊടുക്കാൻ അവസരമൊത്തു വന്നിരുന്നെങ്കിലെന്നാണ് വലിയ ആശ. മുതഅല്ലിമുകൾക്ക് ചെല്ലിക്കൊടുത്തും കഴിയുന്ന തരത്തിൽ ആളുകൾക്ക് ഉറുദി പറഞ്ഞുകൊടുത്തുമാണല്ലോ ഇത്രയും കാലം കഴിഞ്ഞുപോന്നത്. റമളാനിന് കുറെ മുന്നേ ദർസ് പൂട്ടേണ്ടിവന്നു. നോമ്പ് കഴിഞ്ഞാൽ അവസ്ഥ മാറി ദർസ് തുറക്കാൻ കഴിയുമെന്നായിരുന്നു അന്നത്തെ കണക്കുകൂട്ടൽ. പക്ഷേ അടച്ചിടൽ നീണ്ടുപോവുകയാണ്. എന്ത് ചെയ്യാനാൺ റബ്ബിന്റെ ഖളാഅല്ലേ നടക്കൂ. ഈ സ്ഥിതി മാറി ദർസുകളും മദ്‌റസകളും പള്ളികളുമെല്ലാം പഴയ പോലെ പ്രവർത്തിക്കാവുന്ന കാലം വേഗം മടങ്ങി വരട്ടെയെന്ന് ദുആ ഇരക്കാം.

എങ്ങനെയൊക്കെയാണ് ഈ ലോക്ഡൗൺ നാളുകൾ ഉസ്താദ് മുന്നോട്ട് നീക്കുന്നത്?

ശിഷ്യൻമാരും മറ്റും ഓൺലൈനായി ചില നസ്വീഹത്തിന് അവസരമൊരുക്കുന്നു. നേരിട്ട് കാണാൻ പറ്റില്ലെങ്കിലും കാലത്തിനനുസരിച്ചുള്ള ഇത്തരം സംവിധാനങ്ങൾ വലിയ ഖൈറാണ്. സമസ്ത കേന്ദ്ര മുശാവറ യോഗം ഒന്നിലേറെ തവണ ഓൺലൈനായി കൂടാനൊത്തതും വലിയ ബറകത്താണ്. പൊസോട്ട് തങ്ങളുടെ ഉറൂസിലും മറ്റുമെല്ലാം ചെറിയ നസ്വീഹത്ത് നടത്താനും ഇതു വഴി പറ്റി. എപി ഉസ്താദിന്റെ ദർസ് കേൾക്കാൻ സൗകര്യം കിട്ടിയതും വലിയ കാര്യം തന്നെ. എപി ഉസ്താദിന്റെ ദർസിൽ ഇരിക്കുന്നത് നല്ലൊരു അനുഭവം തന്നെയാണല്ലോ.

പള്ളികൾ മാസങ്ങളോളം അടഞ്ഞുകിടന്നു. ഇപ്പോഴും നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനം. ആത്മീയ രംഗത്ത് ഈ അവസ്ഥ വലിയ ക്ഷീണമുണ്ടാക്കില്ലേ?

പറയാനുണ്ടോ?! നാടിന്റെ വിളക്ക് കെട്ടുപോയ അവസ്ഥയാണ്. എത്രയും വേഗത്തിൽ പഴയ സ്ഥിതിയിലെത്തട്ടെ. പക്ഷേ അതും പറഞ്ഞ് നമുക്ക് ആത്മീയ മാർഗങ്ങളിൽ നിന്ന് മാറിനിൽക്കാനാവില്ലല്ലോ. ഇത്തരം ദുരന്തകാലത്ത് നാം കുറെക്കൂടി പടച്ചവനിലേക്ക് അടുക്കണം. നമ്മുടെ വീടുകൾ മസ്ജിദിന് സമാനം ആത്മീയ കേന്ദ്രങ്ങളാകണം. കുടുംബത്തോടൊപ്പം കൂടാൻ കൂടുതൽ സമയമുണ്ടല്ലോ. ഭാര്യയെയും മക്കളെയും ഉറ്റവരെയും ഒരുമിച്ചുകൂട്ടി ദിക്‌റും സ്വലാത്തും മറ്റു വിർദുകളും അധികമാക്കണം.
ലോക്ഡൗൺ തുടങ്ങിയത് മുതൽ ഇതു വരെ എല്ലാ ദിവസവും മഗ്‌രിബിനു ശേഷം ഞങ്ങളുടെ വീട്ടിൽ മൻഖൂസ് മൗലിദ് ഓതാറുണ്ട്. രണ്ട് ഹദീസെങ്കിലും ഓതാത്ത ദിവസമുണ്ടായിട്ടില്ല. വബാഅ് പോലുള്ള പകർച്ച വ്യാധികൾക്കും മറ്റു ബലാഉകൾക്കും വലിയ പരിചയാണ് മൻഖൂസ് മൗലിദ്. അത് പോലെ സ്വലാത്തുകളും.
(ഉസ്താദിന്റെ പതിവ് വിർദുകളും മറ്റു ഐച്ഛിക ആരാധനകളുമെല്ലാം ലോക്ഡൗൺ സമയത്തും ഒരു മാറ്റവുമില്ലാതെ തുടരുന്നതായും ദർസില്ലാത്തതും ആളുകളെ കാണാൻ പറ്റാത്തതുമാണ് വലിയ ദു:ഖമെന്നും ചെറുമകൻ അനസ് സിദ്ദീഖി പറഞ്ഞു.)

പുതിയ പ്രവർത്തകർക്ക് ഉസ്താദിന്റെ ജീവിതം അറിയണമെന്നാഗ്രഹമുണ്ട്. കുടുംബം, കുട്ടിക്കാല ഓർമകൾ പങ്കുവെച്ചാൽ…?

1935 മാർച്ച് 4ന് കാസർകോടിന്റെ വടക്കൻ ഗ്രാമങ്ങളിലൊന്നായ കുമ്പളക്കടുത്ത ഒളയം എന്ന സ്ഥലത്ത് മുക്രി അബ്ദുൽ ഖാദിർ ഹാജിയുടെയും മറിയം ഉമ്മയുടെയും മകനായാണ് ഞാൻ ജനിച്ചത്. നാട്ടിൽ പാരമ്പര്യമായി മതപാഠശാല നടത്തിയിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. പ്രാഥമിക പഠനം നൽകുന്നവർക്കു അന്ന് വിളിച്ചിരുന്ന പേരായിരുന്നു മുക്രി എന്നത്. ഉപ്പയുടെ ആറ് സഹോദരന്മാരും മുക്രിമാരായിരുന്നു. ഉപ്പയുടെ ഉപ്പ കുഞ്ഞഹ്‌മദ് എന്നവരും അദ്ദേഹത്തിന്റെ പിതാവ് ഫഖ്‌റുദ്ദീൻ എന്നവരും മുക്രിമാരായിരുന്നു.

ഓത്ത് പള്ളികൾ അസ്തമിച്ചെങ്കിലും ഇന്നും മുക്രിമാരുണ്ടല്ലോ. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം?
ഇന്ന് മുഅദ്ദിനിനെയോ പള്ളിയിൽ ചെറിയ സേവനങ്ങൾ ചെയ്യുന്നവരെയോ ഒക്കെയാണ് മുക്രി എന്ന് നമ്മൾ വിളിക്കുന്നത്. അന്ന് മുഅദ്ദിൻ എന്ന നിലക്കല്ല മുക്രിമാരെ കണ്ടിരുന്നത്. ചെറിയ കുട്ടികൾക്ക് ഇൽമ് പകർന്നുകൊടുക്കുന്നതിനു പുറമെ ഖത്തീബായും മറ്റു ദീനീപരമായ നേതൃത്വമായുമെല്ലാം മുക്രിമാരാണ് പ്രവർത്തിച്ചിരുന്നത്. ഞങ്ങളുടെ ഒളയത്ത് മുമ്പേ പള്ളിയുണ്ട്. അവിടെയാണ് പിതാമഹന്മാർ മുക്രിമാരായി സേവനം ചെയ്തിരുന്നത്.

ഉമ്മയെ അനുസ്മരിക്കുമ്പോൾ ഉസ്താദ് പലപ്പോഴും ഏറെ വാചാലനാകുന്നതായി ശിഷ്യന്മാർ പറയാറുണ്ട്?

അവരാണല്ലോ നമ്മുടെ പ്രഥമ ഗുരുനാഥർ. ഉപ്പയെയും ഉമ്മയെയും കണ്ടാണ് നാം ആദ്യമെല്ലാം പഠിക്കുന്നത്. ഉമ്മയുടെ തർബിയത്ത് വേണ്ടുവോളം എനിക്കു കിട്ടിയിട്ടുണ്ട്. വളരെ ചെറുപ്രായത്തിൽ ഉമ്മയോടൊപ്പം ഹജ്ജിന് പോകാൻ അവസരമുണ്ടായി. ത്വവാഫിനിടയിൽ അൽപ സമയം ഉമ്മ കൂട്ടം തെറ്റി. കുറേനേരം അന്വേഷിച്ചു നടന്നു. അവസാനം കണ്ടുകിട്ടി. സ്വർണപ്പാത്തിക്ക് താഴെ ഇരുകരവും ഉയർത്തി കരഞ്ഞ് ദുആ ചെയ്യുന്ന ഉമ്മയെയാണ് കണ്ടത്. എന്റെ മോനെ ഒരു ഉഖ്‌റവിയ്യായ പണ്ഡിതനാക്കണേ എന്നായിരുന്നു ഉമ്മയുടെ കാര്യമായ ദുആ. ഞാനന്ന് ഉമ്മയുടെ പിറകിൽ നിന്ന് കരഞ്ഞ് ആമീൻ പറഞ്ഞു. ദുആക്ക് ഇജാബത്തുള്ള ആ സ്ഥലത്തു വെച്ച് ഉമ്മയുടെ കരഞ്ഞുള്ള തേട്ടം അല്ലാഹു സ്വീകരിക്കാതിരിക്കുമോ.

ഉപ്പ നാട്ടിലെ വലിയ കച്ചവടക്കാരനായിരുന്നു എന്ന് കേട്ടിട്ടുണ്ട്?

അന്ന് ഒളയം, ഉപ്പള പരിസരങ്ങളിലൊക്കെ കപ്പലിൽ ജോലി ചെയ്യുന്ന ധാരാളം ആളുകളുണ്ടായിരുന്നു. സീമേൻ എന്നത് അന്ന് നാട്ടിൽ വലിയ സ്ഥാനമുള്ള ജോലിയായിരുന്നു. കപ്പൽ ജോലിയുമായുള്ള നാടിന്റെ ബന്ധം കാരണമായാകാം എന്റെ വാപ്പയും കുറേക്കാലം കപ്പലിൽ പണിയെടുത്തിരുന്നു. വർഷത്തിൽ നിശ്ചിത മാസം ജോലി, പിന്നീട് നാട്ടിൽ എന്നതായിരുന്നു ശൈലി. ഉപ്പ വരുമ്പോൾ മിഠായികളും കളിപ്പാട്ടങ്ങളും കൊണ്ടുവരുന്നത് ഇന്നും മായാതെ മനസ്സിലുണ്ട്. കടലിലെ കൊടും തണുപ്പും കഷ്ടതകളുമെല്ലാം ഉപ്പ ഞങ്ങളുമായി പങ്കുവെക്കുമായിരുന്നു. ഇത് കേട്ട് അവസാനം മക്കളെല്ലാം കൂടി ഉപ്പയോട് ഇനി കപ്പലിൽ പോകേണ്ടെന്ന് തീർത്തുപറഞ്ഞു.
അങ്ങനെ ഉപ്പ നാട്ടിലൊരു പലചരക്ക് കച്ചവടം തുടങ്ങി. പിന്നീട് ചായക്കടയും തുറന്നു. പത്ത് മക്കളിൽ ഏഴാമനാണ് ഞാൻ. എന്റെ മൂത്ത സഹോദരന്മാരെല്ലാം ഉപ്പയുടെ വഴിയിൽ കച്ചവടത്തിലേക്കു തിരിഞ്ഞു. അവരെല്ലാം അത്യാവശ്യം സമ്പാദ്യമുള്ളവരായപ്പോൾ കുമ്പോൽ പൂക്കോയ തങ്ങൾ ഉപ്പയോട് കച്ചവടം നിറുത്താൻ പറഞ്ഞു. സയ്യിദുമാരെ അതിരറ്റ് സ്‌നേഹിച്ചിരുന്ന ഉപ്പ അതോടെ കച്ചവടം നിറുത്തി വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
പാരമ്പര്യമായി മുക്രി കുടുംബമായതിനാൽ ഉപ്പയെയും എല്ലാവവരും അബ്ദുറഹ്‌മാൻ മുക്രി എന്നാണ് വിളിച്ചിരുന്നത്. നല്ല മതബോധവും ഉള്ളതിനനുസരിച്ച് എല്ലാവരെയും സഹായിക്കുന്ന സ്വഭാവക്കാരനുമായിരുന്നു. പണ്ഡിതരെയും മുതഅല്ലിമുകളെയും ഏറെ ഇഷ്ടം വെച്ചിരുന്നു. ഉമ്മയെപ്പോലെ ഉപ്പയുടെയും വലിയ ആഗ്രഹമായിരുന്നു ആൺ മക്കളിൽ ഇളയവനായ ഞാൻ നല്ലൊരു ആലിമാവണമെന്നത്. ഉപ്പ കച്ചവടത്തിലേക്ക് തിരിഞ്ഞതിനാൽ പാരമ്പര്യ മുക്രിയാവാൻ കഴിഞ്ഞില്ലെന്നതും ഇതിനൊരു നിമിത്തമായി.
തൊണ്ണൂറ് വയസ്സ് ജീവിച്ചു ഉപ്പ. ഒരു റബീഉൽ അവ്വൽ 12 വെള്ളിയാഴ്ചയായിരുന്നു വഫാത്ത്. ഞങ്ങൾ മക്കളെല്ലാം ഖുർആൻ ഓതിക്കൊണ്ടിരിക്കെയായിരുന്നു മരണം. ഞാനന്ന് പരപ്പനങ്ങാടിയിൽ പഠിക്കുകയാണ്. അന്ത്യം മുൻകൂട്ടി കണ്ടതുപോലെ മൂത്ത മകനെ ബോംബെയിൽ നിന്ന് കമ്പിയടിച്ച് വരുത്തിച്ചു. പൈസ കൊണ്ടു വന്നിട്ടുണ്ടോ എന്ന് ഇക്കാക്കനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം നോട്ടിന്റെ കെട്ടുകൾ തന്നെ ഉപ്പയുടെ കയ്യിൽ വെച്ചുകൊടുത്തു. അപ്പോൾ ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു; ഇത് ഇപ്പോൾ ആവശ്യമായി വരും. നീ കയ്യിൽ വെച്ചോ.
അങ്ങനെ ഉപ്പ മരിച്ചപ്പോൾ ഖത്തപ്പുര കെട്ടി ഖബറിനടുത്ത് ഖുർആൻ ഓതിച്ചു. അന്ന് 15 രൂപയാണ് ഓതുന്നവർക്ക് ഹദ്‌യ കൊടുത്തിരുന്നതെങ്കിലും ഞാൻ പറഞ്ഞതനുസരിച്ച് ജ്യേഷ്ഠൻ കുഞ്ഞിപ്പ 40 രൂപ കൊടുത്തു. നിങ്ങൾ ഇങ്ങനെ കൊടുത്താൽ പാവപ്പെട്ടവർ ഓതിക്കാൻ എന്ത് ചെയ്യുമെന്ന് ചിലർ ചോദിച്ചതും ഓർക്കുന്നു. എന്റെ ഭാര്യ മറിയം അന്ന് ഗർഭിണിയാണ്. ആൺകുട്ടിയാണെങ്കിൽ ഉപ്പയുടെ പേര് വിളിക്കണമെന്ന് ഉപ്പ എന്നോട് പറഞ്ഞിരുന്നു. അതനുസരിച്ച് മൂത്ത കുട്ടിക്ക് അബ്ദുറഹ്‌മാൻ എന്ന് പേരിട്ടു.
ഉമ്മ മരിച്ചപ്പോഴും ഏഴ് ദിവസം ഖത്തപ്പുര കെട്ടി. ഉമ്മയുടെ സ്വർണാഭരണങ്ങൾ വിറ്റാണ് ചടങ്ങുകളെല്ലാം നടത്തിയത്. ഞങ്ങളാരും സ്വർണം ഓഹരിയെടുത്തില്ല. അതൊക്കെ ഉമ്മയുടെ പരലോക ഗുണത്തിനായി ചെലവാക്കി. സാമ്പത്തികമായി മെച്ചമില്ലാത്ത അന്നൊക്കെ ഖത്തപ്പുരകൾ എങ്ങും സജീവമായിരുന്നു. ഇന്ന് പണമുള്ളവരും അത്തരം നന്മകളിൽ സജീവമല്ലെന്നത് ഖേദകരമാണ്.

ഓത്തുപള്ളി ഓർമകൾ?

മുട്ടം ജുമാ മസ്ജിൽ സേവനം ചെയ്തിരുന്ന മൂസ മുക്രിക്കയിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മയിൽ നിന്നുമാണ് ഞാൻ ഓത്ത് പഠിക്കുന്നത്. ചേടിമണ്ണ് തേച്ച് പിടിപ്പിച്ച് തണലിൽ വെച്ച് ഉണക്കിയെടുക്കുന്ന മരപ്പലകയിലാണ് പാഠങ്ങൾ എഴുതുക. അതു നോക്കി ഓത്ത് പഠിക്കും. എഴുതാൻ പ്രത്യേകതരം ഖലം ഉണ്ടായിരുന്നു. ആദ്യം അക്ഷരങ്ങൾ പഠിപ്പിക്കും. പിന്നെ കൂട്ടിയെഴുതാനും. അതു കഴിഞ്ഞാണ് ഖുർആൻ പഠിപ്പിക്കുക.
രാവിലെ മുതൽ ഉച്ചവരെ ഓത്തുണ്ടാകും. മുക്രിക്ക എന്നറിയപ്പെടുന്ന ഈ ഉസ്താദുമാർക്ക് ശമ്പളമൊന്നുമില്ല. വ്യാഴാഴ്ചകളിൽ പഠിതാക്കൾ വീടുകളിൽ നിന്ന് കൊണ്ടുവന്നു കൊടുക്കുന്ന തുച്ഛമായ പൈസയോ അരിയും സാധനങ്ങളുമൊക്കെയാണ് ആകെയുള്ള വരുമാനം. എത്രയായാലും അവർ തൃപ്തിപ്പെടും.
മൂസ മുക്രിക്കാക്ക് സ്‌കൂളിലും ജോലിയുണ്ടായിരുന്നു. അന്ന് മാസ ശമ്പളം അഞ്ച് രൂപയാണ്. മൂസ മുക്രിക്കാന്റടുത്ത് സ്‌കൂളിൽ അഞ്ചാം തരം വരെ കന്നട മീഡിയം പഠിക്കാനും എനിക്ക് അവസരമുണ്ടായി. എന്നെ ഓത്തു പഠിപ്പിച്ച ഖദീജ ഹജ്ജുമ്മ പത്ത് പതിനഞ്ച് വർഷം മുമ്പാണ് മരണപ്പെട്ടത്. പഅല്ലാഹു അവരുടെ ഖബർ വെളിച്ചമാക്കട്ടെ.

ദർസ് പഠനത്തിലേക്ക് തിരിയുന്നതെപ്പോഴാണ്, ആദ്യകാല ഉസ്താദുമാർ ആരൊക്കെയാണ്?

ഒളയം ഖത്തീബായിരുന്ന മുഹ്‌യിദ്ദീൻ മുസ്‌ലിയാരിൽ നിന്നു പത്ത് കിത്താബ് ഓതിയാണ് ദർസ് പഠനം തുടങ്ങുന്നത്. മീസാൻ, സൻജാൻ, അവാമിൽ, തഖ്‌വീമുല്ലിസാൻ തുടങ്ങിയവയും അദ്ദേഹത്തിൽ നിന്നു തന്നെ ഓതി. മകൻ നല്ല മുസ്‌ലിയാരാകണമെന്ന ഉപ്പയുടെ അഭിലാഷവും എന്റെ താൽപര്യവും കാരണമായിരിക്കണം എന്നെ എടക്കാട് ദർസിൽ ചേർക്കാൻ ഉസ്താദിനെ പ്രേരിപ്പിച്ചത്. എടക്കാട് മുദരിസായിരുന്ന ചന്തേര കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയടുക്കൽ രണ്ടര വർഷം ഓതി. ശേഷം പൈവളിഗെ ഹാജി മുഹമ്മദ് മുസ്‌ലിയാരുടെ പൊസോട്ട് ദർസിൽ ചേർന്നു.
തളിപ്പറമ്പ് ഖുവ്വത്തിൽ ഇകെ അബൂബക്കർ മുസ്‌ലിയാർ സേവനം ചെയ്യുന്ന സമയത്ത് അവിടെ മുദരിസുമാരായിരുന്ന ഇകെ ഹസൻ മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, മടവൂർ സിഎം വലിയ്യുല്ലാഹി എന്നിവരിൽ നിന്നെല്ലാം പഠിക്കാൻ സാധിച്ചു. രണ്ടര കൊല്ലം അങ്ങനെ ചെലവിട്ടു.

നാട്ടിൽ നിന്ന് വിട്ട് എടക്കാടാണല്ലോ ആദ്യം പഠിക്കുന്നത്. അന്നത്തെ ഓർമകൾ?

194950ലാണ് എടക്കാട് ദർസിൽ പഠിച്ചത്. അൽഫിയ്യ, ഫത്ഹുൽ മുഈൻ, സനൂസി, ബൈത്ത് കിത്താബ് എന്നിവ അവിടെ നിന്നാണ് പഠിച്ചത്. സൂഫിവര്യനായ എടക്കാട് കുഞ്ഞഹ്‌മദ് കുട്ടി മുസ്‌ലിയാർ അക്കാലത്തെ അറിയപ്പെടുന്ന ആലിമാണ്. വെള്ള താടിയുള്ള ഉസ്താദിന്റെ വെളുത്ത മുഖം ഇപ്പോഴും മനസ്സിലുണ്ട്. രാത്രി രണ്ട് മണിക്ക് എഴുന്നേറ്റ് ഉസ്താദ് തഹജ്ജുദ് നിസ്‌കരിക്കാനാരംഭിക്കും. ദീർഘനേരം കരഞ്ഞ് ദുആ ഇരക്കും.
ജനസ്വീകാര്യനായിരുന്നു ഉസ്താദ്. അങ്ങാടിയിലൂടെ അദ്ദേഹം നടന്നുപോകുമ്പോൾ അമുസ്‌ലിംകൾ പോലും എഴുന്നേറ്റ് നിന്ന് ആദരിക്കുന്നതു കാണാം. മന്ത്രത്തിനും ആശ്വാസവാക്കുകൾക്കുമെല്ലാം വലിയ ഫലമായിരുന്നു. മന്ത്രിക്കാനുള്ള വെള്ളവും നൂലുമെല്ലാമായി ഉസ്താദിനെ സമീപിക്കുന്നവരിൽ മറ്റു മതവിശ്വാസികളും ധാരാളം ഉണ്ടായിരുന്നു.
നാട്ടിൽ അത്യാവശ്യം സൗകര്യങ്ങളോടെ ജീവിച്ച എനിക്ക് പുതിയ സ്ഥലം പുതുമയുള്ള അനുഭവമായിരുന്നു. പഠനം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒരുനാൾ ഉസ്താദ് എന്നോട് ചോദിച്ചു: മോനേ, നീ ഓതാൻ വേണ്ടി വന്നത് എന്തിനാണ്? എനിക്കറിയില്ല. ബാപ്പ പറഞ്ഞയച്ചത് കൊണ്ടാണ് ഞാൻ വന്നത് എന്നായിരുന്നു എന്റെ മറുപടി.
ഉടൻ ഉസ്താദ് തിരുത്തി: മോനേ, അങ്ങനെ പറയരുത്. അല്ലാഹുവിനെ അറിയാനാണ് മതപഠനത്തിന്റെ വഴി തിരഞ്ഞെടുത്തതെന്നാണ് പറയേണ്ടത്. ഉസ്താദിന്റെ ഉപദേശം എന്റെ കണ്ണ് തുറപ്പിച്ചു. ഏത് പ്രവർത്തനത്തിനിറങ്ങുമ്പോഴും ഇഖ്‌ലാസ് പ്രധാനമാണെന്ന വലിയ പാഠമാണ് ഉസ്താദ് പകർന്നുതന്നത്.
ഉസ്താദിന്റെ എളിയ ഖാദിമാകാനും എനിക്ക് അവസരം കിട്ടി. വസ്ത്രങ്ങൾ നന്നായി അലക്കി നീലം മുക്കി ഉസ്താദ് കാണുന്ന വിധത്തിൽ അയലിൽ ഉണക്കാനിടും. ഉസ്താദിന്റെ മനസ്സിൽ നമ്മൾക്കൊരിടം വേണമെന്ന ചിന്തയിലാണ് അതുചെയ്യുന്നത്. ആഗ്രഹിച്ച പോലെ തന്നെ ഉസ്താദിന്റെ പൊരുത്തം വേണ്ടുവോളം ലഭിച്ചു. രണ്ട് വർഷത്തെ പഠന ശേഷം പിരിഞ്ഞു പോകാൻ സമ്മതം തന്നപ്പോൾ ഉസ്താദ് പറഞ്ഞു: വർഷത്തിൽ രണ്ട് തവണ, കഴിയില്ലെങ്കിൽ ഒരു വട്ടമെങ്കിലും എന്നെ കാണാൻ വരണം. ആ വാക്ക് പാലിച്ച് എല്ലാ കൊല്ലവും കാണാൻ പോവുമായിരുന്നു. പരപ്പനങ്ങാടിയിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ ഉസ്താദിനെ കാണാൻ ചെന്നപ്പോൾ ക്ഷീണമാണ്. ഇനി നാം തമ്മിൽ കണ്ടുകൊള്ളണമെന്നില്ലെന്നും ദുആ ഇരക്കണമെന്നും പറഞ്ഞു. എന്റെ മനസ്സിനെ വല്ലാതെ ഉലച്ച സംഭവമായിരുന്നുവത്.
ഒരു മാസം കഴിഞ്ഞ് എനിക്ക് ഹജ്ജിനവസരം കിട്ടിയപ്പോൾ ഉസ്ദാദിനെ വീണ്ടും പോയി കണ്ടു.അപ്പോൾ അദ്ദേഹം കിടപ്പിലായിരുന്നു. ഉസ്താദിന്റെ അവസ്ഥ കണ്ട് മനസ്സിൽ വല്ലാത്തൊരു ബേജാറ്. അന്ന് അവിടെ തങ്ങി. ആ രാത്രി പ്രിയപ്പെട്ട ഉസ്താദ് വഫാതായി. അവസാന സമയത്ത് കൂടെ നിൽക്കാനും ഖിദ്മത്ത് ചെയ്യാനും സാധിച്ചു. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞാണ് തിരിച്ചുപോന്നത്.
ശഅ്ബാനിൽ ദർസ് പൂട്ടിയാൽ തസ്വവ്വുഫ് ഗ്രന്ഥമായ ഇർശാദുൽ യാഫിഈ പഠിക്കാൻ വലിയ മുദരിസുമാർ എടക്കാട് ഉസ്താദിന്റെയടുക്കൽ വരുമായിരുന്നു. അക്കാരണത്താൽ ഉസ്താദ് യാഫി മൊയ്‌ല്യാർ എന്നും വിളിക്കപ്പെട്ടിരുന്നു. മഹാനർക്കൊപ്പം അല്ലാഹു നമ്മളെയും പ്രിയക്കാരെയും സ്വർഗത്തിലെത്തിക്കട്ടെ.

പരപ്പനങ്ങാടിയിലെ പഠനത്തെ കുറിച്ച്?

എടക്കാട് നിന്ന് പരപ്പനങ്ങാടിയിലേക്കാണ് ഞാൻ പോയത്. സമസ്ത മുശാവറാംഗമായ പ്രമുഖ പണ്ഡിതൻ കാടേരി അബുൽ കമാൽ മുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. അൽബയാൻ പത്രാധിപർ കൂടിയായിരുന്ന അദ്ദേഹം മലയാള സാഹിത്യത്തിൽ കഴിവ് തെളിയിച്ച പണ്ഡിതരിലൊരാളാണ്. പിൽക്കാലത്ത് നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും സമസ്തയുടെ പ്രസിഡന്റായിത്തീരുകയും ചെയ്ത നൂറുൽ ഉലമ എംഎ ഉസ്താദിനു വരെ എഴുത്തിൽ പ്രചോദനം കാടേരി ഉസ്താദായിരുന്നു. നിങ്ങൾ എഴുതിക്കോളൂ, നമ്മൾ തിരുത്തി ത്തരാം എന്ന് പറഞ്ഞ് എഴുതാൻ പ്രേരിപ്പിച്ച കാര്യം എംഎ ഉസ്താദ് അനുസ്മരിക്കുന്നത് കേട്ടിട്ടുണ്ട്.
ചെറുപ്പമായതിനാൽ കാടേരി ഉസ്താദിന്റെ ദർസ് കിട്ടിയില്ല. ഉസ്താദിന്റെ മകനാണ് ഓതിത്തന്നത്. 1951ലാണ് ഇത്. ഒരു വർഷമേ അവിടെ നിന്നുള്ളൂ. പിന്നെ നാടിനു സമീപം പൊസോട്ട് ജുമുഅത്ത് പള്ളിയിൽ പൈവളിഗെ മുഹമ്മദ് ഹാജി ഉസ്താദിന്റെ ദർസിൽ ഒരു കൊല്ലം പഠിച്ചു. പിറ്റേ വർഷം തളിപ്പറമ്പ് ഖുവ്വത്തിലേക്ക് ഉപരിപഠനത്തിന് പോയി.

ഖുവ്വത്ത് കാലവും ഹസൻ മുസ്‌ലിയാരുടെ തദ്‌രീസും എങ്ങനെയായിരുന്നു?

ശംസുൽ ഉലമ ഇകെ ഉസ്താദായിരുന്നു ഖുവ്വത്തിലെ മുദരിസെങ്കിലും മുതിർന്ന വിദ്യാർത്ഥികൾക്കു മാത്രമേ അദ്ദേഹം ക്ലാസെടുത്തിരുന്നുള്ളൂ. മുതിർന്ന ശിഷ്യന്മാരാണ് ചെറിയവർക്ക് ക്ലാസെടുക്കുക. സ്വസഹോദരൻ കൂടിയായ ഹസൻ മുസ്‌ലിയാരെയാണ് എനിക്കോതിത്തരാൻ ശംസുൽ ഉലമ ഏൽപിച്ചത്. വിദ്യാർത്ഥി എന്നതിലുപരി ഇരുത്തം വന്ന ഒരു മുദരിസിന്റെ എല്ലാ മികവും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ചുറുചുറുക്കോടെ പഠിപ്പിക്കും. നാട്ടിൽ പോകണമെന്ന് പറയുമ്പോൾ സമ്മാനമായി രണ്ട് രൂപ എനിക്ക് തരുമായിരുന്നു.
ഞങ്ങളെ പഠിപ്പിക്കുന്നതോടൊപ്പം നന്നായി അധ്വാനിച്ചു പഠിക്കുക കൂടി ചെയ്യുന്ന വിദ്യാർത്ഥിയായിരുന്നു ഹസൻ മുസ്‌ലിയാർ. സഹപാഠികളെല്ലാം ഉറങ്ങി രാവേറെ ചെല്ലുമ്പോഴും അദ്ദേഹം ചിമ്മിനി വിളക്കിനു മുമ്പിൽ മുത്വാലഅയിലായിരിക്കും. ഇബാറതുകൾ അത്യാവശ്യം മന:പാഠമാക്കി അതിന്റെ വിശദീകരണങ്ങളും ഇഅ്തിറാളുകളും പരിശോധിച്ച് ആസ്വദിച്ചുള്ള പഠനം തന്നെയായിരുന്നു മൂപ്പരുടേത്. ആദർശധീരതയുടെ പര്യായമായി പിൽക്കാലത്ത് സുന്നീ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ അദ്ദേഹം ഈ നിലയിൽ ഊതിക്കാച്ചിയെടുത്ത പൊന്ന് തന്നെയായിരുന്നു.

ഖുവ്വത്തിൽ മടവൂർ ശൈഖിനു കീഴിൽ പഠിച്ചതായും നിങ്ങൾ പരസ്പരം വലിയ സ്‌നേഹത്തിലായിരുന്നെന്നും കേട്ടിട്ടുണ്ട്?

അതേ. ഹസൻ മുസ്‌ലിയാർ ഉപരി പഠനത്തിനു പോയപ്പോഴാണ് ശംസുൽ ഉലമ എന്നെ മറ്റൊരു മുതിർന്ന മുതഅല്ലിമായ മടവൂർ അബൂബക്കർ മുസ്‌ലിയാരെ ഓതിത്തരാൻ ഏൽപിക്കുന്നത്. അന്നേ വലിയ വറഇലാണ് മൂപ്പരുടെ നടത്തം. ഹസൻ മുസ്‌ലിയാരോടൊപ്പം അദ്ദേഹവുമുണ്ടാകും രാത്രിക്കാല പഠനത്തിന് കൂട്ടായി. ഇരുവരും വലിയ കൂട്ടുകാരായിരുന്നു. അദ്ദേഹത്തിന്റെ ദർസും ഏറെ ആകർഷണീയമായിരുന്നു. നല്ല ശുദ്ധമായ ഭാഷയിൽ ആരെയും പിടിച്ചിരുത്തുന്ന സംസാരമാണ്. വശ്യമായ പെരുമാറ്റവും. ഒരു കറാഹത്ത് പോലും മൂപ്പരിൽ കാണാൻ കഴിയില്ല. മറ്റു വിദ്യാർത്ഥികൾക്ക് ആദരവ് കലർന്ന ഭയമായിരുന്നു അദ്ദേഹത്തോട്. പിന്നീട് ഉപരിപഠനത്തിനായി മൂപ്പർ ബാഖിയാത്തിലേക്ക് പോയി. മഹാനവർകളെ പിന്നീട് നാം കാണുന്നത് മടവൂർ ശൈഖ് എന്ന അവസ്ഥയിലാണല്ലോ. പിൽക്കാലത്ത് പലപ്പോഴും അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു. വലിയ സ്‌നേഹ ബന്ധമായിരുന്നു.

കോളേജ് ശൈലിയിലായിരുന്നോ അന്ന് ഖുവ്വത്ത്?

ഒരു വലിയ കോളേജിന്റെ എല്ലാ പ്രൗഢിയുമുള്ള ദർസായിരുന്നു ഖുവ്വത്ത്. മുതഅല്ലിമുകൾക്ക് വീടുകളിൽ തന്നെയായിരുന്നു ഭക്ഷണം ഏർപ്പെടുത്തിയിരുന്നത്. ചെലവു വീടുകളിലേക്ക് കിലോമീറ്ററുകൾ നടക്കണം. എന്റെ ചെലവ് വീട് വളരെ ദൂരെയായിരുന്നു. ളുഹർ നിസ്‌കരിച്ച് ഉച്ച ഭക്ഷണത്തിനു പോയാൽ തിരിച്ചെത്തുമ്പോൾ അസ്വർ വാങ്ക് വിളിച്ചിരിക്കും. ഇതു കാരണം പഠന സമയം കുറെ നഷ്ടപ്പെടുന്നു. ഈ പ്രയാസം മാനേജരോട് പറഞ്ഞപ്പോൾ ആ വീട്ടുകാർക്ക് നിങ്ങളെത്തന്നെ വേണമെന്ന് നിർബന്ധമാണെന്ന് പറഞ്ഞു. അങ്ങനെ ത്യാഗം സഹിച്ചും അവിടേക്ക് തന്നെ ചെലവിന് പോയി. ഏറെ അനുഭവങ്ങൾ നൽകിയതും അതേസമയം വളരെ ത്യാഗം നിറഞ്ഞതുമായിരുന്നു രണ്ട് വർഷത്തെ ഖുവ്വത്ത് കാലം.

ഇടക്കാലത്ത് പഠനം നിറുത്തി ഖത്തീബായി ജോലി ചെയ്തിരുന്നു അല്ലേ?

ശരിയാണ്. അതിനൊരു കാരണമുണ്ട്. തളിപ്പറമ്പിലെ പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഒരു സംഭവമുണ്ടായി. ഒളയം ഖതീബായ മൊയ്തീൻ മുസ്‌ലിയാർ ഹജ്ജിനു വേണ്ടി ഒരു വർഷം ലീവെടുക്കുന്ന വിവരമറിഞ്ഞപ്പോൾ മുമ്പ് രണ്ടോ മൂന്നോ തവണ അവിടെ ഖുതുബ നടത്തിയിരുന്നതിനാൽ നാട്ടുകാരും കുടുംബക്കാരുമെല്ലാം താൽകാലിക ഖതീബായി നിൽക്കണമെന്ന് എന്നോട് നിർബന്ധം പിടിച്ചു. ഉപ്പയും ഉമ്മയും ഒളയത്തുകാരായതിനാൽ നാട്ടുകാരധികവും കുടുംബക്കാരുമാണ്.
പക്ഷേ അന്ന് ഒളയത്ത് ഖതീബാകണമെങ്കിൽ വലിയൊരു പണ്ഡിതന്റെ മുമ്പിൽ ഖുത്വുബ ഓതി അദ്ദേഹം അംഗീകരിക്കണം. എന്നെ പരിശോധിക്കാൻ വരുന്നത് കുമ്പള ഖാളി മുഹമ്മദ് മുസ്‌ലിയാരാണ്. ജ്യേഷ്ഠൻ വിവരമറിഞ്ഞപ്പോൾ വീട്ടിൽ വന്ന് ആശങ്കപ്പെട്ടു. ഖുത്വുബ ശരിയായില്ലെങ്കിൽ നാട്ടുകാരുടെ മുമ്പിൽ കുടുംബത്തിനു നാണക്കേടാകുമെന്ന ഭയമായിരുന്നു അഭിമാനിയായ ജ്യേഷ്ഠന്. അദ്ദേഹത്തെ ശാന്താക്കാൻ വേണ്ടി ഞാൻ പറഞ്ഞു: ഖാളിയാർ എന്റെ ഖുത്വുബ അംഗീകരിക്കും. മൂപ്പർ ഖുത്വുബ ശരിവെച്ചാൽ നിന്റെ വാച്ച് എനിക്ക് തരുമോ? വളരെ ഉയർന്ന ദറജക്കാർക്ക് മാത്രമേ അന്നൊക്കെ വാച്ചുണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലാക്കണം. ജ്യേഷ്ഠൻ അത് സമ്മതിച്ചു.
വെള്ളിയാഴ്ച ജുമുഅയുടെ സമയമായപ്പോൾ കുമ്പള ഖാളിയാർ സ്ഥലത്തെത്തി. എല്ലാവരുടെയും ശ്രദ്ധ പുതിയ ഖത്തീബിലാണ്. മുഅദ്ദിൻ മആശിറ വിളിച്ചു. ആത്മവിശ്വാസത്തോടെ മിമ്പറിൽ കയറി കഴിയുന്ന കോലത്തിലൊക്കെ നന്നാക്കി ഖുത്വുബ ഓതി. ഖാസിയാർ ഇമാമത്ത് നിന്ന് നിസ്‌കരിച്ചു. ശേഷം ഖാസിയാരുടെ പ്രഖ്യാപനം: മുസ്‌ലിയാരുടെ ഖുത്വുബ നന്നായിരിക്കുന്നു. അതു കൊണ്ടാണ് ഞാൻ നിസ്‌കാരത്തിന് ഇമാമത്ത് നിന്നത്. അല്ലെങ്കിൽ ഞാൻ ഖുത്വുബ വേറെ ഓതുമായിരുന്നു.
ഖതീബായി തിരഞ്ഞെടുക്കപ്പെട്ടതിനേക്കാൾ എനിക്ക് ആശ്വാസം തോന്നിയത് നാട്ടുകാരുടെ മുമ്പിൽ കുടുംബത്തിന്റെ മാനം കാക്കാൻ കഴിഞ്ഞതിലായിരുന്നു. ഈ സാഹചര്യമറിയുന്നതു കൊണ്ടാണ് ജ്യേഷ്ഠൻ ആദ്യം വേണ്ടെന്നു പറഞ്ഞതും. ഏതായാലും വിലപിടിച്ച ആ വാച്ച് അദ്ദേഹം എനിക്ക് അഴിച്ചുതന്നു. ജീവിതത്തിലാദ്യമായി കിട്ടുന്ന വലിയ അംഗീകാരമായിരുന്നു അത്. 1955ലാണ് ഇത്.

പഠനത്തിന് ജോലി തടസ്സം സൃഷ്ടിച്ചോ?

ഞാൻ പറഞ്ഞില്ലേ. ഇത്തരമൊരു സാഹചര്യത്തിൽ ഇരുപതാം വയസ്സിലാണ് നാട്ടിൽ ഖതീബും മുദരിസും സദർ മുഅല്ലിമുമൊക്കെയായി സേവന രംഗത്തിറങ്ങേണ്ടിവന്നത്. എങ്കിലും പഠനം വഴിയിൽ ഉപേക്ഷിച്ചില്ല. ഒളയത്തു നിന്ന് ഇച്ചിലങ്കോട് ദർസിലേക്ക് പുഴയുടെ തീരത്തുകൂടി നടന്ന് പോയാണ് പൈവളിഗെ മുഹമ്മദ് മുസ്‌ലിയാരിൽ നിന്ന് പ്രധാന കിതാബുകൾ ഓതിത്തീർക്കുന്നത്. രാവിലെ പോയാൽ ളുഹ്‌റിനാണ് തിരിച്ചെത്തുക.
കുമ്പോലിലെ പ്രധാന മുദരിസും പിൽക്കാലത്ത് എന്റെ ഭാര്യാപിതാവുമായിത്തീർന്ന കാഞ്ഞങ്ങാട് അബൂബക്കർ മുസ്‌ലിയാരിൽ നിന്നും ഓതിപ്പഠിക്കാൻ അവസരം കിട്ടി. ആ വർഷം തന്നെ മൂന്ന് മാസം നെല്ലിക്കുന്ന് ദർസിൽ പഠിച്ചു. സാധാരണ നിലയിൽ ജോലിയിൽ പ്രവേശിച്ചാൽ പിന്നെ അങ്ങനെതന്നെ തുടരുകയാണല്ലോ പതിവ്. ജോലിയിൽ തുടരവെ പഠനം നിറുത്താതെ മുന്നോട്ട് കൊണ്ടുപോകാനായത് തൗഫീഖ് കൊണ്ടു മാത്രമാണ്. പിന്നെ ഉസ്താദുമാരുടെ ഗുരുത്വവും പൊരുത്തവും.

അപ്പോൾ കുടുംബത്തിന്റെ സാഹചര്യം?

കുടുംബം നോക്കാൻ ജോലിയിൽ തുടരേണ്ട സാഹചര്യമൊന്നും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പിറ്റേ കൊല്ലം ഖതീബ് സേവനം അവസാനിപ്പിച്ച് ദർസിലേക്കു മടങ്ങി. 1956 മുതൽ 62 വരെ ഏഴു വർഷത്തോളം പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ കോട്ടുമല അബൂബക്കർ മുസ്‌ലിയാരുടെ കീഴിൽ പഠിക്കാൻ ഭാഗ്യമുണ്ടായി. പനയത്തിൽ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ ദർസ് ഏറെ പ്രസിദ്ധി നേടിയതാണ്. എഴുപത് മുതഅല്ലിമുകളുണ്ട് അന്നവിടെ. എന്റെ അറിവിൽ ചാലിയത്തും തലക്കടത്തൂരും മാത്രമേ അത്ര വലിയ ദർസുള്ളൂ. യുവത്വ സമയത്ത് കോട്ടുമല ഉസ്താദ് പകർന്നു നൽകിയ ആത്മീയ ശിക്ഷണമാണ് എന്റെ എല്ലാ വളർച്ചയുടെയും ആണിക്കല്ല്. ബിദ്അത്തിനെതിരെ സിംഹഗർജനം മുഴക്കിയ കോട്ടുമല ഉസ്താദ് എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. (അതു പറയുമ്പോൾ ഉസ്താദിന്റെ കണ്ണ് നിറയുന്നത് കണ്ടു.)

കോട്ടുമല ഉസ്താദിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉസ്താദ് വിതുമ്പിയല്ലോ. അദ്ദേഹവുമായി വല്ലാത്ത അടുപ്പമായിരുന്നു അല്ലേ?

തീർച്ചയായും. വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കണ്ടിരുന്ന മികച്ച സ്വഭാവത്തിനുടമായിരുന്നു കോട്ടുമല ഉസ്താദ്. സമസ്തയുടെ ഉന്നത സാരഥിയുമാണല്ലോ. നല്ല പ്രസംഗ വൈഭവമുണ്ടായിരുന്നു ഉസ്താദിന്. അന്ന് ഒളയത്തും മറ്റും ഉറൂസിന് വഅള് പറയാൻ വരുമായിരുന്നു. തെളിമലയാളത്തിലുള്ള പ്രഭാഷണം കേട്ടിരുന്നുപോകും. പ്രസംഗത്തിലെ വിഷയങ്ങൾ നമ്മൾ ഒരിക്കലും മറന്നുപോകില്ല. ഉഖ്‌റവിയ്യായ ആലിമീങ്ങളുടെ സ്വഭാവമാണ് പുത്തനാശയക്കാരോട് അങ്ങേയറ്റത്തെ വെറുപ്പ്. ഉസ്താദിൽ ഇത് തെളിഞ്ഞു കാണാമായിരുന്നു. പൊതുവെ ആക്ഷേപ വാക്കുകൾ ഉപയോഗിക്കാത്ത ഉസ്താദ് മൗദൂദികളെ കുരുത്തംകെട്ട ഖൗമ് എന്നാണ് വിശേഷിക്കുക. സമുദായത്തെ വഴിതെറ്റിക്കുന്നവരോടുള്ള വെറുപ്പിന്റെ ഭാഗമായിരുന്നു ഇത്. ക്ഷീണവും തളർച്ചയും വകവെക്കാതെ നിരന്തരമായ ദീനീ പ്രവർത്തനത്തിൽ ഹരം കണ്ടത്തിയിരുന്നു മഹാൻ.
പ്രസംഗത്തിനും മറ്റും പോകുമ്പോൾ ഖാദിമായി ഞാനും കൂടെ ചെല്ലും. പൊതുവെ സൗമ്യനായി കാണുന്ന ഉസ്താദ് ആദർശ കാര്യത്തിൽ രോഷം കൊള്ളുന്നത് എത്രയോ വട്ടം അനുഭവിക്കാനായിട്ടുണ്ട്. കർണാടക അതിർത്തി പ്രദേശമായ ബോൾമാറിൽ പരിപാടി കഴിഞ്ഞ് ദീർഘയാത്ര ചെയ്ത് മലപ്പുറത്തെ വീട്ടിലെത്തുമ്പോൾ രാവിലെ എട്ട് മണി കഴിഞ്ഞിരുന്നു. അപ്പോളാണ്, ബാപ്പാക്ക് ഇന്ന് പത്തു മണിക്ക് മലപ്പുറം കുന്നുമ്മല്ലിൽ പ്രസംഗിക്കാനുണ്ടല്ലോ എന്ന് മകൻ ഓർമിപ്പിക്കുന്നത്. ക്ഷീണം വകവെക്കാതെ ഉടനെ അവിടേക്ക് പുറപ്പെട്ടു. അന്നത്തെ പ്രഭാഷണത്തിൽ ഉസ്താദിന്റെ ഗർജനം ഇന്നും കാതുകളിൽ മുഴങ്ങുന്നു: ബിദ്അത്തുകാരെ ഞങ്ങൾ ശക്തമായി എതിർക്കും. അവസാന തുള്ളി രക്തം ചിന്തുന്നത് വരെയും ഞങ്ങൾ എതിർക്കുകതന്നെ ചെയ്യും. അതിലാർക്കും സംശയം വേണ്ട. അപ്പോൾ സദസ്സിൽ നീണ്ട തക്ബീർ. ശരിക്കും കോരിത്തരിപ്പിക്കുന്ന ആ പ്രസംഗ ശൈലി എനിക്ക് വലിയ പ്രചോദനമായിട്ടുണ്ട്.
ഉസ്താദിന്റെ കീഴിൽ പഠിക്കുമ്പോൾ പല പള്ളികളിലും വഅളിന് പോകാൻ എനിക്ക് അവസരമുണ്ടായി. ഉസ്താദിന് പകരം ചില സ്റ്റേജ് വഅ്‌ളുകൾക്കു പോകാൻ കഴിഞ്ഞതും വലിയ അനുഗ്രഹമായി കണക്കാക്കുന്നു.

ആറു വർഷത്തോളം പരപ്പനങ്ങാടിയിൽ ഓതിപ്പഠിച്ചല്ലോ. അന്നത്തെ മറക്കാനാവത്ത അനുഭവങ്ങൾ വിവരിക്കാമോ?

പനയത്തെ പള്ളിയിൽ 70 മുതല്ലിമുകൾ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. ഞങ്ങൾക്കെല്ലാം മഹല്ലിലെ വീടുകളിലായിരുന്നു ഭക്ഷണം. ചെലവു കുടി എന്നാണ് പറയുക. കുട്ടികൾ വീടുകളിൽ ചെന്ന് കഴിക്കും, ഉസ്താദിന് പള്ളിയിലേക്ക് കൊണ്ടുവരും. എല്ലാവരും പള്ളിയിൽ തന്നെയാണ് താമസം. ഇന്ന് ചെറിയൊരു സ്ഥാപനം നടത്തുന്നതിന്റെ ബുദ്ധിമുട്ട് നമ്മൾക്കെല്ലാം അറിയാം. പക്ഷേ, അന്ന് ഈ രൂപത്തിൽ ചെലവ് ചുരുക്കി മതപഠനത്തിന് അവസരമുണ്ടാക്കിയ പൂർവികരെ ഓർക്കുമ്പോൾ അതൊരു വലിയ വിപ്ലവം തന്നെയാണെന്ന് സമ്മതിച്ചുപോവും.
വിശേഷ ദിവസങ്ങളിൽ ചെലവ് കുടിക്കാർക്ക് ഭക്ഷണ ശേഷം അൽപ സമയം ഉപദേശം നൽകുന്ന പതിവുണ്ടായിരുന്നു. എന്നിട്ട് ദുആ ചെയ്തു പിരിയും. വലിയ ദഅ്‌വത്താണ് ഇതുവഴി സാധ്യമാകുന്നത്. നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും മാത്രമല്ല ചെയ്തിരുന്നത്. ചെറിയ കിതാബുകൾ ഓതിക്കൊടുക്കുക വരെ ചെയ്തിരുന്നു. സ്ത്രീകൾ മറയുടെ അപ്പുറത്തിരുന്ന് കേൾക്കുകയും മുതഅല്ലിമിനോട് സംശയങ്ങൾ തീർക്കുകയും ചെയ്യും. തനിക്കറിയാത്ത കാര്യങ്ങൾ ഉസ്താദിനോട് ചോദിച്ച് പിറ്റേന്ന് പറഞ്ഞുകൊടുക്കും. പത്ത് കിതാബ് ഓതിത്തരണമെന്നാണ് എന്റെ ചെലവു കുടിക്കാർ ആവശ്യപ്പെട്ടിരുന്നത്. ഉസ്താദിന്റെ സമ്മതത്തോടെ ഓതിക്കൊടുത്തു.
അൽപം വിഷമമുണ്ടാക്കിയ ഒരു സംഭവം പറയാം. എന്റെ രാത്രിയിലെ ചെലവ് കുടിക്കാരൻ പലപ്പോഴും മദ്യപിക്കുമായിരുന്നു. ഞാൻ ഭക്ഷണത്തിന് ചെല്ലുമ്പോൾ അയാൾ വീട്ടിനകത്തേക്ക് കയറിപ്പോകും. അവിടെ ഭക്ഷണത്തിനു പോകുന്നത് എനിക്കു വലിയ ബുദ്ധിമുട്ടായി. പക്ഷേ ഉസ്താദ് തിരഞ്ഞടുത്തു തന്ന വീടായതിനാൽ പോകാതിരിക്കാൻ വയ്യ. വീട് മാറ്റിത്തരാൻ ഉസ്താദിനോട് പറയാനും പേടി. വീട്ടിലെ മറ്റുള്ളവർ നല്ലവരായിരുന്നു. അയാളുടെ കുടി മാറിക്കിട്ടാൻ കുട്ടി ദുആ ഇരക്കണമെന്ന് വീട്ടുകാരി കണ്ണീരോടെ പറയും. ഞാൻ എല്ലാ ദിവസവും ഭക്ഷണം കഴിഞ്ഞ് ദുആ ചെയ്യും. അല്ലാഹുവിന്റെ അനുഗ്രഹത്താൽ കുറച്ചു കാലത്തിനു ശേഷം അദ്ദേഹം മദ്യപാനം പൂർണമായി നിറുത്തി. പിന്നീട് ഹജ്ജിനും പോയി. വീട്ടുകാർക്കെന്ന പോലെ എനിക്കും വലിയ സന്തോഷമായിരുന്നു ആ അനുഭവം.
രസകരമായൊരു അനുഭവം കൂടി: എനിക്ക് ഉച്ച ഭക്ഷണം ആദ്യം ബയാനിയ്യ പ്രസ്സുടമ ടികെ അബ്ദുല്ല മൗലവിയുടെ വീട്ടിലായിരുന്നു. പിന്നീട് ചേക്കുട്ടി ഹാജി എന്നയാളുടെ വീട്ടിലേക്ക് മാറി. ചേക്കുട്ടി ഹാജിക്ക് പിതാവിൽ നിന്ന് അനന്തരമായി കിട്ടിയ പഴയൊരു തോണിയുണ്ടായിരുന്നു. പുഴയിൽ കെട്ടിയിടുന്ന തോണി ജീവികൾ കരണ്ട് ഓട്ടയാക്കും. അതിലൂടെ വെള്ളം കയറാതിരിക്കാൻ മരക്കഷ്ണം വെച്ച് നന്നാക്കും. കുറേ കാലം ചെന്നപ്പോൾ അനന്തരം കിട്ടിയ പഴയ തോണിയിൽ കഷ്ണം വെച്ചതു മാത്രം ബാക്കിയായി. പുത്തൻ പ്രസ്ഥാനക്കാരെ കുറിച്ച് പ്രസംഗിക്കുമ്പോൾ ഈ തോണിയെ ഉദാഹരിക്കാറുണ്ട്. പാരമ്പര്യമായി കിട്ടിയ യഥാർത്ഥ ഇസ്‌ലാമിൽ ബിദ്അത്തുകാർ പുതിയത് ഓരോന്ന് കൂട്ടിച്ചേർത്ത് അവസാനം കണ്ടംവെച്ചത് മാത്രം ബാക്കിയാവുകയും ഇസ്‌ലാം അവരിൽ ഇല്ലാതാവുകയും ചെയ്യുന്നു. ചേക്കുട്ടിയുടെ തോണി പോലെയാണല്ലോ എല്ലാ പുത്തൻ വാദികളുടെയും അവസ്ഥ.

ദയൂബന്ദിൽ ഉപരിപഠനത്തിനു പോകുന്നത് എപ്പോഴാണ്?

കോട്ടുമല ഉസ്താദിന്റെ ഉപദേശപ്രകാരമാണ് ഉപരിപഠനത്തിനായി ദയൂബന്ദിൽ പോയത്. അക്കാലത്ത് വെല്ലൂർ ബാഖിയാത്തിലേക്കോ യുപിയിലെ ദയൂബന്ദിലേക്കോ ആണ് എല്ലാവരും ഉപരിപഠനത്തിനു പോകാറുള്ളത്. ഉത്തരേന്ത്യൻ ജീവിതവുമായി അടുത്തിടപഴകാൻ ഇത് സഹായിച്ചു. സെലക്ഷൻ പരീക്ഷ കഠിനമായിരുന്നു. യോഗ്യതയുണ്ടെങ്കിലേ പ്രവേശനം കിട്ടൂ. മുല്ലാഹസനാണ് വായിക്കാൻ തന്നത്. ബൈളാവി ഓതിയിട്ടുണ്ടോ എന്നും ചോദിച്ചു. ഏതായാലും സെലക്ഷൻ കിട്ടി.
ദൗറത്തുൽ ഹദീസിലാണ് ചേർന്നത്. ഖാരി മുഹമ്മദ് ത്വയ്യിബായിരുന്നു അന്ന് പ്രൻസിപ്പാൾ. സിഹാഉസ്സിത്ത, ശമാഇലുത്തുർമുദി, മുവത്വ തുടങ്ങിയവയായിരുന്നു പഠിക്കാനുണ്ടായിരുന്നത്. ഓരോ കിതാബിനും വെവ്വേറെ ഉസ്താദുമാരാണ്. മൗലാനാ ഇബ്‌റാഹീം സാഹിബാണ് സദർ മുദരിസ്.
ഇന്ത്യചൈന യുദ്ധം നടക്കുന്ന സമയമാണ്. സ്ഥാപനത്തിലെ ഉസ്താദുമാരെല്ലാം കോൺഗ്രസുകാരായിരുന്നു. ചൈനാ വിരുദ്ധ സമരത്തിൽ ഉസ്താദുമാരോടൊപ്പം വിദ്യാർത്ഥികളും അണിനിരക്കുമായിരുന്നു. സ്ഥാപനത്തിന് അന്ന് സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. ദാറുൽ ഉലൂമിന്റെ പ്രചാരണാർത്ഥം പ്രിൻസിപ്പാൾ ഇംഗ്ലണ്ട്ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തുമായിരുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവുമായി സംസാരിച്ചത് മുമ്പൊരിക്കൽ പറഞ്ഞതോർക്കുന്നു?

1962 ആഗസ്റ്റ് 15നായിരുന്നു അത്. സ്വാതന്ത്ര്യ ദിനമായതിനാൽ സ്ഥാപനത്തിന് അവധിയായിരുന്നു. ഡൽഹി കാണാൻ പോകാമെന്ന് ഞങ്ങൾ കുറച്ച് വിദ്യാർത്ഥികൾ തീരുമാനിച്ചു. ഡൽഹിയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് നെഹ്രുവിന്റെ വലിയ ബംഗ്ലാവ് കാണുന്നത്. ഒരു കൗതുകത്തിന്, ഗേറ്റിലുള്ള പട്ടാളക്കാരനോട് പ്രധാന മന്ത്രിയെ കാണാൻ ആഗ്രഹം പറഞ്ഞു. അപേക്ഷ നൽകി മൂന്ന് ദിവസം കഴിഞ്ഞു വരാനായിരുന്നു അയാളുടെ നിർദേശം. ഉർദു അറിയാവുന്നത് കൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളുടെ അടുത്ത സുഹൃത്ത് ഖാരി മുഹമ്മദ് ത്വയ്യിബിന്റെ വിദ്യാർത്ഥികൾ കാണാൻ വന്നിട്ടുണ്ടെന്ന് ഒന്ന് ഫോൺ ചെയ്ത് പ്രധാനമന്ത്രിയോട് പറയാമോ എന്നു ചോദിച്ചു. അത്ഭുതമെന്നു പറയാം. നെഹ്രുവിന്റെ അനുമതി കിട്ടി. അപ്പോൾ കാവൽക്കാരൻ പറഞ്ഞു: നിങ്ങൾ പുറത്ത് ഇരിക്കുക. സമയമാകുമ്പോൾ പ്രധാനമന്ത്രി പുറത്തേക്കു വരും. അദ്ദേഹം വരുമ്പോൾ നിങ്ങൾ എഴുന്നേറ്റ് നിൽക്കരുത്. അദ്ദേഹത്തിനത് ഇഷ്ടമല്ല.
പറഞ്ഞതു പോലെ നെഹ്രു വന്നു. ഞങ്ങളുമായി സംസാരിച്ചു. ഒന്നിച്ച് ഫോട്ടോയെടുത്തു. സന്തോഷത്തോടെ ഞങ്ങളെ യാത്രയാക്കി.
ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ 20 മിനുട്ട് പ്രസംഗവും കേൾക്കാൻ സാധിച്ചിട്ടുണ്ട്. എന്റെ മക്കളേ, സഹോദരങ്ങളേ തുടങ്ങിയ സ്‌നേഹ സംബോധനയോട് കൂടിയ ആകർഷക പ്രസംഗമാണ് അദ്ദേഹത്തിന്റേത്.
രണ്ട് വർഷത്തെ ദയൂബന്ദ് പഠനം പൂർത്തിയാക്കി നേരെ മുംബൈയിലേക്കാണ് ഞാൻ പോയത്. എന്റെ ജ്യേഷ്ഠൻ കുഞ്ഞിപ്പ അവിടെയാണല്ലോ ബിസിനസ്. അദ്ദേഹം പറഞ്ഞു: ഈജിപ്തിൽ പഠിക്കാൻ പോകുന്നുവെങ്കിൽ എല്ലാ സൗകര്യവും ചെയ്തു തരാം. പക്ഷേ ഞാൻ സ്‌നേഹപൂർവം അതു നിരസിച്ചു. ഇനി കുട്ടികൾക്ക് ഓതിക്കൊടുക്കാനാണ് താൽപര്യമെന്ന് പറഞ്ഞു. അങ്ങനെ നാട്ടിലേക്ക് തിരിച്ചു.

(അടുത്ത ലക്കം: ദർസും സമസ്ത അനുഭവങ്ങളും)

താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാർ ഷിറിയ /പി ബി ബഷീർ പുളിക്കൂർ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ