128 കോടി ജനങ്ങൾ നിവസിക്കുന്ന ഇന്ത്യക്കാണ് ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനം; ഇതിൽ 14 ശതമാനം മുസ്‌ലികളാണ് – 18 കോടി. ഇന്ത്യയിലെ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടിട്ട് 40 വർഷം കഴിഞ്ഞെങ്കിലും 60  ശതമാനത്തിലേറെ ജനങ്ങൾക്കും ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമായിട്ടില്ല. 5.2 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ ഏതെങ്കിലും ബാങ്കിന്റെ ശാഖകളുള്ളൂ. നാമമാത്ര കർഷകർ, ഭൂരഹിത കർഷകത്തൊഴിലാളികൾ. സ്വയം തൊഴിൽ സംരംഭകർ, അസംഘടിത മേഖലാസംരംഭകർ, വംശീയ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, സാധാരണക്കാർ മുതലായവ വിഭാഗങ്ങൾക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യയിൽ ഇന്നും സാമ്പത്തിക പരിരക്ഷ  അന്യമാണ്.

നിർദിഷ്ടമായ പലിശ വ്യവസ്ഥയോടെയല്ലാതെ സാമ്പത്തിക സഹായം ലഭിക്കുന്ന പക്ഷം മേൽപറഞ്ഞ പ്രാന്തവൽകൃത സമൂഹങ്ങൾക്കും ചെറുകിട സംരംഭകർക്കും രാഷ്ട്രപുരോഗതിയുടെ ഏറ്റവും സ്വീകാര്യമായ വിഹിതം പങ്കു വയ്ക്കലാകും അത്. പലിശരഹിത വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകൾ  പ്രസക്തമാകുന്നത് ഇവിടെയാണ്. 50 ശതമാനം മുസ് ലിംകളും സാമ്പത്തിക പരിരക്ഷയ്ക്ക് പുറത്താണെന്ന് സച്ചാർ കമ്മിറ്റി ഊന്നി പറഞ്ഞിട്ടുണ്ട്. ഏറെ കാലമായി ചർച്ച ചെയ്യപ്പെടുന്ന സമ്പൂർണ സാമ്പത്തിക പരിരക്ഷ ഇസ്‌ലാമിക് ബാങ്കിങ് നിലവിൽ വരുന്നതോടെ യഥാർത്ഥമാക്കാം. ഭൂരിപക്ഷം മുസ് ലികളും ദരിദ്രരായതുകൊണ്ട് അവരുടെ വിശ്വാസ്യത ബാങ്കുകൾ പരിഗണിക്കുന്നില്ല. അവരെ ലക്ഷ്യം വച്ചുള്ള ബാങ്കിംങ് പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ അവരുടെ സമ്പത്ത് പ്രത്യുൽപാദനപരമായ രീതിയിൽ വിനിയോഗിക്കപ്പെടുന്നുമില്ല. ഇവിടെയാണ് ഇസ്‌ലാമിക് ബാങ്കിങിന്റെ വിപുലമായ സാധ്യതകൾ നാം കണ്ടെത്തുന്നത്. നിലവിലുള്ള ബാങ്കിങ് സമ്പ്രദായം മുസ് ലിംകൾ തൃപ്തികരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് വാദത്തിന് വേണ്ടി സമ്മതിക്കാമെങ്കിലും, ഹിതകരമായ മറ്റൊരു ബാങ്കിങ് സമ്പ്രദായം ലഭ്യമല്ലാത്തതുകൊണ്ടാണ് എന്ന് അംഗീകരിച്ചേ തീരൂ. ദേശസാൽകൃത ബാങ്കുകളിലെ വ്യക്തിഗത ബാങ്കിങ് അധികാരികൾ ഇതുസംബന്ധമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയ വസ്തുതകൾ ഇവയാണ്.

  1. മുസ്‌ലിംകളിൽ ഏറെ പേരും വായ്പാധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ ഒരു നിക്ഷേപവും നടത്തുന്നില്ല.
  2. അവരുടെ ശമ്പളം ഉൾപ്പെടെയുള്ള നിക്ഷേപങ്ങളുടെ പലിശ, ധർമ സ്ഥാപനങ്ങൾക്ക് സംഭാവന ചെയ്യുന്നു.
  3. സേവിങ്‌സ് എക്കൗണ്ടുകൾക്ക് പകരം പലിശ മുക്തമായ കറന്റ് അക്കൗണ്ടുകൾ ബാങ്കിങ്ങിന് ഉപയോഗിക്കുന്നു.

നിക്ഷേപതോത്

അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി 11-ാം പദ്ധതിയിൽ വകയിരുത്തിയിരുന്ന 20,56,150 കോടി രൂപയിൽ 14,16,559 കോടി രൂപ പൊതു വിഹിതവും 6,19,591 കോടി രൂപ സ്വകാര്യ നിക്ഷേപവുമായിരുന്നു. എന്നാൽ സ്വകാര്യ നിക്ഷേപത്തിൽ 30 ശതമാനത്തിന്റെയും പൊതുവിഹിതത്തിൽ 20 ശതമാനത്തിന്റെയും കുറവുണ്ടായി. ഇതിന് വേണ്ടി ഭാരതസർക്കാർ ലോകബാങ്കിനെയും ഐ.എം.എഫിനെയും സമീപിച്ചിരുന്നു. അസൂത്രണ കമ്മീഷന്റെ അഭിപ്രായത്തിൽ 12-ാം പഞ്ചവൽസര പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമുള്ള നിക്ഷേപത്തിൽ 2017 വരെ 30 ശതമാനത്തിന്റെ കുറവ് -300 ബില്യൻ അമേരിക്കൻ ഡോളർ – ഉണ്ടായിരിക്കുന്നുവെന്നാണ്. അടിസ്ഥാന സൗകര്യവികസനഫണ്ടിന്റെ ഈ കുറവ് നികത്തുന്നതിന് ഇസ്‌ലാമിക് ബാങ്കിങിലെ ഉൽപ്പന്നങ്ങൾ സമർത്ഥമായി ഉപയോഗിക്കാവുന്നതാണ്. ദീർഘകാല ബോണ്ടുകൾ (സുകൂക്),  മുദാറബ ഫണ്ട് (ജൃീളശ േഘീ ൈടവമൃശിഴ), മുശാറക (ടവമൃല മിറ ഋൂൗശ്യേ എൗിറ) തുടങ്ങിയവ ഇതിനൊരു നല്ല ഉപാധിയായിരിക്കും. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി മുതലായ പാശ്ചാത്യ രാജ്യങ്ങളും മലേഷ്യ, ഇൻഡോനേഷ്യ മുതലായ പൗരസ്ഥ്യരാജ്യങ്ങളും ഇതേ പാത പിന്തുടർന്നത് തിളക്കമാർന്ന ഉദാഹരണങ്ങളാണ്. മധ്യപൗരസ്ഥ്യ ദേശത്തു നിന്നുള്ള ബൃഹത് നിക്ഷേപ സാധ്യതകൾ, ഇസ്‌ലാമിക സാമ്പത്യ ശാസ്ത്രത്തിലൂന്നിയ ബാങ്കിങ് രീതി നാം അവംലംബിക്കുകയാണെങ്കിൽ സമർത്ഥമായി പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്ത്യയിലെ ബാങ്കിങ് ഘടന

സമ്പൂർണമായും പലിശാധിഷ്ഠിതമാണ് ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായം. ഈ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 27 പൊതുമേഖലാ ബാങ്കുകളും 88 ഷെഡ്യൂൾഡ് ബാങ്കുകളും 31 സ്വകാര്യ ബാങ്കുകളും (ഈ വിഭാഗത്തിൽ സർക്കാർ ഓഹരി മൂലധനമല്ലാത്ത, അതുകൊണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ-ഓഹരിക്കമ്പോളം-ലിസ്റ്റ് ചെയ്ത് സ്വതന്ത്രമായി വിനിമയം ചെയ്യാവുന്ന ഓഹരികളിൽ നിലനിൽക്കുന്നവയുമാണ്), 38 വിദേശബാങ്കുകളും ആണ് ഇന്ത്യയിലെ ബാങ്കിങ് വ്യവസ്ഥിതി കൈകാര്യം ചെയ്യുന്നത്. എല്ലാ വിഭാഗത്തിനും കൂടി 53000 ശാഖകളും, 17000 എടിഎമ്മുകളുമുണ്ട്. ഷെഡ്യൂൾഡ് ബാങ്കുകളുടെ 67000 ശാഖകളുണ്ട് ഇന്ത്യയിൽ. എന്നാൽ എച്ച്.എസ്.ബി.സി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, സിറ്റി ബാങ്ക് തുടങ്ങിയ വിദേശബാങ്കുകൾക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിലും യൂറോപ്പ് അമേരിക്ക മുതലായ രാജ്യങ്ങളിലും പലിശരഹിത വിഭാഗങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.  ഭാരതസർക്കാർ അനുവദിക്കുന്ന പക്ഷം ഇന്ത്യയിലെ എല്ലാ ബാങ്കുകൾക്കും  ഇസ്‌ലാമിക സമ്പത് വ്യവസ്ഥയിലധിഷ്ഠിതമായ ബാങ്കിങ് വിഭാഗം പ്രവർത്തനക്ഷമമാക്കാവുന്നതാണ്.

ഇന്ത്യയിലെ പുതിയ കാൽവെപ്പുകൾ

(എ) റിസർവ് ബാങ്കിന്റെ പഠന സമിതി റിപ്പോർട്ട്

2005-ൽ കേന്ദ്ര സർക്കാറിന്റെ നിർദേശാനുസരണം, ഇന്ത്യയിൽ ഇസ്‌ലാമിക് ബാങ്കിങിന്റെ സാധ്യതകൾ പഠിക്കുവാൻ റിസർവ് ബാങ്ക് ഒരു പഠന സംഘത്തെ നിയോഗിക്കുകയുണ്ടായി. ഇസ്‌ലാമിക് ബാങ്കിങിൽ പ്രയോഗിക്കപ്പെടുന്ന സാമ്പത്തിക സങ്കേതങ്ങളെ സംബന്ധിച്ച കർമസമിതിയുടെ പഠനം എന്ന പേരിൽ 51 പേജുകളുള്ള ഒരു റിപ്പോർട്ട്  റിസർവ് ബാങ്കിന്റെ ഓപ്പറേഷൻസ് വിഭാഗം 2006-ൽ തന്നെ അതിന്റെ മുംബൈ കേന്ദ്ര ഓഫീസിൽ സമർപ്പിച്ചിരുന്നു. റിസർവ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ആനന്ദ് സിൻഹയാണ് ഈ പഠന സംഘത്തെ നയിച്ചിരുന്നത്. ഇസ്‌ലാമിക് ബാങ്കിങിന് വിവിധ രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ സാധ്യമാണെന്നും ഇവയിലെല്ലാം തന്നെ  സാമ്പത്തിക സഹായം സ്വീകരിക്കുന്നവരുടെ വ്യവസായ വാണിജ്യപ്രവർത്തനങ്ങളിൽ ബാങ്ക് ഒരു കക്ഷിയായി ചേരേണ്ടതാണെന്നും സമിതി നിരീക്ഷിച്ചു. അഥവാ, ബാങ്കു കൂടി മൂലധന നിക്ഷേപത്തിൽ പങ്കാളിയാകുന്നതാണ് ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം എന്നും സാമ്പ്രദായിക ബാങ്കിങ് വ്യവസ്ഥയിൽ നിന്ന്  തുലോം വ്യത്യസ്തമാണെന്നും അത് നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിക് ബാങ്കിങിലെ പല സങ്കേതങ്ങളും നിലവിലെ ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയിൽ പ്രയോഗക്ഷമമാക്കാൻ കഴിയുന്നില്ല എന്നും കണ്ടെത്തി. എന്നാൽ ജർമനി, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേതു പോലെ ജമൃഹശാലിമേൃ്യ ൃലഴൗഹമീേൃ്യ രവമിഴല കൊണ്ടു വന്നാൽ നിഷ്പ്രയാസം ഇന്ത്യയിൽ ഇതിനുള്ള തടസ്സം നീക്കാൻ കഴിയും.

(ബി) രഘുരാജൻ കമ്മിറ്റി റിപ്പോർട്ട്

സാമ്പത്തിക രംഗത്ത് ആവശ്യമായ പരിഷ്‌കരണങ്ങളെ പറ്റി പഠിക്കുവാൻ കേന്ദ്രഗവൺമെന്റ് ഒരു ഉന്നതാധികാര കമ്മിറ്റിയെ 2008-ൽ നിയോഗിക്കുകയുണ്ടായി. സി.എഫ്.എസ്.ആർ (കമ്മിറ്റി ഓൺ ഫിനാൻഷ്യൽ സെക്ടർ റിഫോംസ്) എന്ന പേരിൽ ഇസ്‌ലാമിക് ബാങ്കിങിന്റെ ഇന്ത്യയിലെ സാധ്യതാപഠനത്തിന്കൂടി ഊന്നൽ കൊടുത്ത ഈ സമിതിയെ നയിച്ചത് അന്താരാഷ്ട്ര സാമ്പത്തിക നിധി  (ഐഎംഎഫ്) യുടെ മുഖ്യധനകാര്യ വിദഗ്ദ്ധനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മുഖ്യ ഉപദേഷ്ടാവുമായ ശ്രീ രഘുരാം രാജു ആയിരുന്നു. ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായം ഇന്ത്യയിൽ അനുവദിക്കണമെന്ന് ഈ കമ്മിറ്റി നിർദേശിച്ചു. നമ്മുടെ മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻസിംഗ് രഘുറാം രാജുവിനെ 2013-ൽ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുകയും ചെയ്തിരുന്നു.

എന്നാൽ ശ്രീരാജുവിന്റെ മുൻഗാമിയായിരുന്ന ഡോ. സുബ്ബറാവു ആകട്ടെ നിലവിലുള്ള ചില ചട്ടങ്ങളുടെയും നിയമങ്ങളുടെയും നൂലാമാലകൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ ഇസ്‌ലാമിക് ബാങ്കിങ് അനുവദിക്കുന്നതിന് വിരുദ്ധാഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. രഘുറാം കമ്മിറ്റി റിപ്പോർട്ട് അതിനാൽ തന്നെ അപ്രയോഗികമെന്ന് തീരുമാനിച്ച് തള്ളികളയുകയും ചെയ്തു. ഡോ. സുബ്ബറാവുവിന്റെ നിർദേശം പിന്തുടർന്ന് അന്നത്തെ കേന്ദ്രഗവൺമെന്റും സദൃശമായ നിലപാട് സ്വീകരിക്കുകയാണുണ്ടായത്. അതിനാൽ 2013-ൽ റിസർവ് ബാങ്ക് ഗവർണറായി നിയമിതനായെങ്കിലും രഘുറാം രാജുവിന് ഇക്കാര്യത്തിൽ ക്രിയാത്മകമായ നിലപാട് എടുക്കുവാൻ കഴിഞ്ഞില്ല. ഇത് സംബന്ധമായി എടുത്ത് പറയത്തക്ക ഇടപെടൽ നടത്തിയത് വിഎസ് മുഖ്യമന്ത്രിയായ കേരള സർക്കാരാണ്. മുസ്‌ലിം വ്യക്തി നിയമാനുവർത്തിയായ  ഒരു ധനകാര്യ സ്ഥാപനം രൂപീകരിച്ചുവെങ്കിലും റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതിനാൽ അതിന് മുന്നോട്ടു പോകാൻ സാധിച്ചില്ലെന്നു മാത്രം. ധനകാര്യ മന്ത്രി തോമസ് ഐസക് ഈ വിഷയത്തിൽ ഏറെ പഠനം നടത്തിയിട്ടുണ്ട്.

(സി) 2013-ൽ റിസർവ് ബാങ്ക് കേരളത്തിൽ ഒരു എൻ.ബി.എഫ്.സി (ഹോൺ ബാങ്കിങ് ഫിനാൻസ് കമ്പനി) ആരംഭിക്കുന്നതിന് അനുമതി നൽകുകയുണ്ടായി. മുസ്‌ലിം  വ്യക്തിനിയമസൗഹൃദമായ രീതിയിൽ പ്രവർത്തനാനുമതി നൽകിയ ഈ നടപടി റിസർവ് ബാങ്കിന്റെ ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥക്കനുകൂലമായ നീക്കമായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ചേരമാൻ ഫിനാൻഷ്യൽ സർവീസസ് എന്ന പേരിൽ 1000 കോടി രൂപ ഓഹരി മൂലധനത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയിൽ 11 ശതമാനം ഓഹരി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ  (കെ.എസ്.ഐ.ഡി.ഡി) മുടക്കുന്നതും ബാക്കി സ്വകാര്യ നിക്ഷേപമായി സ്വീകരിക്കുന്നതുമാണ്.

(ഡി) 2012-  ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ വജാഹത് ഹബീബുല്ല കേന്ദ്ര ധനകാര്യ വകുപ്പിനെതിരെ സുപ്രീം കോടതിയിൽ ഇസ്‌ലാമിക് ബാങ്കിങിന് വേണ്ടി കേസ് ഫയൽ ചെയ്തത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ഉണർവ് നൽകിയിട്ടുണ്ട്.

ഇപ്പോൾ ചില ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും ഇസ്‌ലാമിക് ബാങ്കിങ് തത്ത്വങ്ങൾക്കടിസ്ഥാനമായി വർത്തിക്കുന്നുണ്ടെങ്കിലും അവയൊക്കെയും ബാങ്കിങ്ങേതര ധനകാര്യസ്ഥാപനങ്ങളായാണ് കരുതി പോരുന്നത്. അതുകൊണ്ടു തന്നെ അവയ്ക്ക് ഏറെ പരിമിതികളുണ്ട്. ചിലതു സൂചിപ്പിക്കാം.

  1. നിക്ഷേപങ്ങൾ ആവശ്യപ്പെടാനോ സ്വീകരിക്കാനോ (സാമ്പ്രദായിക സേവിങ്‌സ് ബാങ്ക്/ കറന്റ് അക്കൗണ്ടുകൾ പോലെ) സാധ്യമല്ല.
  2. നിലവിലുള്ള ബാങ്കിങ് സമ്പ്രദായത്തിലെ നടപ്പു രീതികൾക്കനുസൃതമായി പ്രവർത്തിക്കാൻ സാധിക്കാത്തതുകൊണ്ട് ഇത്തരം സ്ഥാപനങ്ങൾക്ക് ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് മുതലായ ധനവിനിമയോപകാരങ്ങൾ നൽകാൻ കഴിയില്ല.
  3. എൻ.ബി.എഫ്.സികൾക്ക് നിക്ഷേപ ഇൻഷ്വറൻസും ഋണ ബാധ്യത സംരക്ഷണവും ലഭ്യമാക്കാൻ കഴിയില്ല.

ഇസ്‌ലാമിക് ബാങ്കിങ്ങിനുള്ള തടസ്സങ്ങൾ

എ. നിയമ പരമായ തടസ്സങ്ങൾ

  1. ഇന്ത്യയിലെ ബാങ്കിങ് സമ്പ്രദായം രൂപപ്പെടുത്തിയിരിക്കുന്നത് 1949-ലെ ബാങ്കിങ് കമ്പനീസ് ആക്ട് 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട്, 1881-ലെ നെഗോഷ്യസ്ൾ ഇൻസ്ട്രുമെൻസ് ആക്ട്, 1961-ലെ കോ ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് എന്നിവ പ്രകാരമാണ്. ഈ നിയമങ്ങളനുസരിച്ച് പലിശരഹിത ബാങ്കിങ് സംവിധാനത്തിന് സാധ്യതയില്ല; അത്തരം സംവിധാനത്തിന് ഒരു ഇടവും അനുവദിക്കുന്നുമില്ല.
  2. 1949-ലെ ഇന്ത്യൻ ബാങ്കിങ് കമ്പനീസ് ആക്ടിലെ 5(ബി), 5 (സി) വകുപ്പുകൾ പ്രകാരം ബാങ്കുകൾ ലാഭ നഷ്ട വിഹിത വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിക്കുന്നതും നടത്തുന്നതും നിരോധിക്കപ്പെട്ടിരിക്കുന്നു. ടി ആക്ടിലെ 8-ാം വകുപ്പ് പ്രകാരം ഒരു ബാങ്കിങ് സ്ഥാപനവും പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാവരജംഗമങ്ങൾ വാങ്ങുക, വിൽക്കുക, വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്യുക ഇവയൊക്കെയും നിരോധിക്കപ്പെട്ടിരിക്കുന്നു.
  3. ടി ആക്ട് 9-ാം വകുപ്പ് പ്രകാരം സ്വകാര്യ ആവശ്യത്തിനല്ലാതെ ഒരാൾക്കും സ്ഥാവര സ്വത്ത് ഉപയോഗിക്കുവാൻ അനുവദിക്കുന്നില്ല, ഇത് ഇസ്‌ലാമിക് ബാങ്കിങ്ങിലെ ഇജാറ (പാട്ടവ്യവസ്ഥ) എന്ന രീതിക്ക് വിരുദ്ധമാണ്.
  4. ടി ആക്ട് 21-ാം വകുപ്പ് പ്രകാരം നിക്ഷേപങ്ങൾക്ക് പലിശ കൊടുക്കൽ അനിവാര്യമാണ്. ഇത് ഇസ്‌ലാമിക് ബാങ്കിങ് ലക്ഷ്യത്തിന് വിരുദ്ധമാണ്.
  5. 1934-ലെ റിസർവ് ബാങ്ക് ആക്ടിന്റെ വകുപ്പ് 17 പ്രകാരവും 1949-ലെ ബാങ്കിങ് കമ്പനീസ് ആക്ടിന്റെ സെക്ഷൻ 24 പ്രകാരവും ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ നിശ്ചിത വിഹിതം സർക്കാരിന്റെയും പൊതുമേഖലയിലെയും കടപത്രങ്ങളിൽ നിക്ഷേപിച്ചിരിക്കണം. ഈ നിക്ഷേപങ്ങൾ നിർബന്ധമായും പലിശ സ്വീകരിക്കേണ്ടവയാണ്. അതായത് ഓരോ ബാങ്കും കരുതൽ ധന നിക്ഷേപ അനുപാതവും നിമയാനുസൃതമുള്ള സഞ്ചിതധനാനുപാതവും (ഇമവെ ഞലലെൃ്‌ല ഞമശേീ മിറ ടമേശേീിമൃ്യ ഘശൂൗശറശശ്യേ ഞമശേീ) നിലനിർത്തേണ്ടതുണ്ട്. എന്നാൽ ഇസ്‌ലാമിക് ബാങ്കിങിൽ മൂലധന നിക്ഷേപ സ്വഭാവമുള്ള എക്കൗണ്ടുകൾ ഉണ്ടായിരിക്കേണ്ടി വരുന്നതു കൊണ്ട് മേൽപറഞ്ഞ സി.ആർ, ആർ, എസ്.എൽ.ആർ മുതലായ അനുപാതങ്ങൾ നിലനിറുത്താൻ ബുദ്ധിമുട്ടായിരിക്കും. കാരണം നിക്ഷേപങ്ങൾ പൂർണമായും സ്ഥാവരസ്വത്തുക്കളിലോ മൂലധന നിക്ഷേപ സംരംഭങ്ങളിലോ നിക്ഷേപിക്കുകയാണല്ലോ.

ബി. കടങ്ങളോടും ഓഹരി ഫണ്ടുകളോടുമുള്ള വിവേചനാ പൂർണമായ സമീപനം

ലാഭനഷ്ടങ്ങളെ സന്തുലിതമായി പങ്കുവയ്ക്കുന്ന വ്യവസ്ഥയിൽ വർത്തിക്കുന്ന ഇസ്‌ലാമിക ബാങ്കിങ് സമ്പ്രദായത്തിൽ ലാഭ നഷ്ടപങ്കാളിത്ത വ്യവസ്ഥയിൽ നിക്ഷേങ്ങൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ സാമ്പ്രദായിക രീതി അനുസരിച്ച് ലാഭത്തിന്മേൽ ആദായ നികുതി ചുമത്തുകയും മൂലധന വ്യവസ്ഥയിന്മേൽ ഈടാക്കപ്പെടുന്ന പലിശയെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായം ഇസ്‌ലാമിക് ബാങ്കിങിന് അനുകൂലമല്ല. ആദായ നികുതി ഈയിടെ 20 ശതമാനത്തിൽ നിന്നു 30 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.

സി. മുദാറബ സമ്പ്രദായത്തിൽ വ്യവസായത്തിലെ നഷ്ടം മൂലധന നിക്ഷേപത്തിൽ നിന്നും കുറയ്ക്കുന്നതു മൂലം നിക്ഷേപകന് മുടക്കുമുതൽ നഷ്ടം വരുത്തുന്നു. കൂടാതെ ലാഭ വിഹിതം കുറയ്ക്കുന്നതിന് വേണ്ടി സംരംഭകൻ തെറ്റായ കണക്കുകൾ നൽകിയേക്കുമെന്നു കരുതപ്പെടുന്നു. ഇത്തരം കൃത്രിമങ്ങൾ തടയാനുള്ള വ്യവസ്ഥാപിത രീതികൾ ഇന്ത്യയിൽ സുലഭമല്ലതാനും. ഇസ്‌ലാമിക് ബാങ്കിങ് സമ്പ്രദായത്തിൽ ഇത്തരം കൃത്രിമങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും ഓരോ ബാങ്കിലും സൂക്ഷ്മ നിരീക്ഷകരുണ്ടായിരിക്കും.

ഡി. വായ്പാ യോഗ്യത:

സമ്പ്രദായിക ബാങ്കുകളിൽ ഇടപാടുകാരുടെ വായ്പ നൽകപ്പെടുവാനുള്ള യോഗ്യത ഉറപ്പു വരുത്തുന്നതിന് വിവിധ സംഘങ്ങളെ നിയോഗിക്കുന്നുണ്ട്. ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങളിൽ അത്തരം ഏജൻസികളെ ഇന്ത്യയിൽ നിയോഗിച്ചുകാണാറില്ല.

ഇ. സുതാര്യത:

മറ്റേതൊരു സംവിധാനത്തിലുമെന്ന പോലെ ഇസ്‌ലാമിക് ബാങ്കിങിലും ബന്ധപ്പെട്ട വാണിജ്യ വ്യവസായ സംരംഭങ്ങളിലെ പ്രവർത്തനങ്ങളുടെ സുതാര്യതയിലും ആധികാരികത അനിവാര്യമാണ്. വ്യവസ്ഥാപിത കണക്ക് സൂക്ഷിപ്പ് രീതി, രേഖകളുടെയും പ്രമാണങ്ങളുടെയും സൂക്ഷിപ്പുമായി ബന്ധപ്പെട്ടമേഖലകളിൽ പരിശീലനം സിദ്ധിച്ച ജോലിക്കാർ, സാമ്പത്തിക വൈദഗ്ധ്യം, ശാസ്ത്രീയവും അനുക്രമകവുമായ വരവ് ചെലവ് കണക്കുകളും വാർഷിക റിപ്പോർട്ടുകളും, ലാഭവിതരണത്തിലെ സുതാര്യതയും സത്യസന്ധതയും, നിലവിലെ നിയമവാഴ്ചയോടും സമ്പ്രദായങ്ങളോടുമുള്ള വിധേയത്വം, ഇസ്‌ലാമിക ശരീഅത്തിനോടുള്ള കൂറും വിധേയത്വവും എല്ലാം നിക്ഷേപകർക്ക് ഈ സമ്പ്രദായത്തിൽ വിശ്വാസവും അഭിനിവേശവും ഉണ്ടാക്കാൻ അനിവാര്യമാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ പറയപ്പെട്ട കാര്യങ്ങളിലൊന്നും ഭാരത സർക്കാർ നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ല.

പരിഹാര മാർഗങ്ങൾ

ലോകത്ത് 48-ഓളം രാജ്യങ്ങളിൽ ഏകദേശം പൂർണമായ രീതിയിലും 30-ഓളം രാജ്യങ്ങളിൽ ഭാഗികമായും ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലായിട്ടുണ്ട്. ഇതിൽ ജർമനി, ഇംഗ്ലണ്ട്, ലക്‌സംബർഗ്, ഓസ്ട്രിയ തുടങ്ങിയ 20-ഓളം അമുസ്‌ലിം രാജ്യങ്ങളാണെന്നും മനസ്സിലാക്കണം. ഇവിടെ എല്ലാം മുമ്പ് സൂചിപ്പിച്ചതു പോലെ നിയമപരമായ പ്രശ്‌നങ്ങൾ (ഞലഴൗഹമീൃ്യേ ജൃീയഹലാ)െ  നിലനിൽക്കുന്നുണ്ടായിരുന്നുവെങ്കിലും ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കാൻ ആവശ്യമായ നിയമ നിർമാണങ്ങളും നിയമ ഭേദഗതികളും ത്വരിതപ്പെടുത്തി പ്രശ്‌ന പരിഹാരം കാണുകയാണുണ്ടായത്. ഇതേ മാർഗം അവംലംബിച്ചാൽ ഇന്ത്യയിലും ഇസ്‌ലാമിക് ബാങ്കിങിനുള്ള മുഖ്യ പ്രതിബന്ധമായ നിയമ പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ.

ഇസ്‌ലാമിക് ബാങ്കിങ് നടപ്പിൽ വരുത്തുന്ന കാര്യത്തിൽ മേൽ പറഞ്ഞ തടസ്സങ്ങളൊക്കെയും ഇന്ത്യയിലും വിദേശത്തുമുള്ള ഇസ്‌ലാമിക സാമ്പത്യശാസ്ത്രകാരന്മാരുടെയെല്ലാം ഉൽക്കണ്ഠക്ക് വിഷയീഭവിച്ചിരുന്നു. ഇച്ഛാശക്തിയുള്ളിടത്തേ മാർഗങ്ങൾ തുറന്നു കിട്ടുകയുള്ളൂ എന്നാണല്ലോ. എന്നിരുന്നാലും ഇസ്‌ലാമിക് ബാങ്കിങ് എന്ന ആശയം അധികാരി വർഗത്തിനു മുമ്പിൽ കാര്യക്ഷമമായി എങ്ങനെ അവതരിപ്പിക്കണമെന്നതാണ് നിർണായകമായ പ്രശ്‌നം. ജനാധിപത്യരാജ്യമെന്ന നിലയിൽ  ഇത് ഇവിടെ നടപ്പാക്കുന്നപക്ഷം താമസം വിനാ അതിനു പൊതുവായ സ്വീകാര്യത ലോകം മുഴുവൻ ലഭിച്ചേക്കാം. ഒരു പക്ഷേ, ഇന്ന് അത് മുസ്‌ലിംകൾക്ക് മാത്രം ആവശ്യമുള്ള ഒരു സംഗതി എന്നാണ് കരുതപ്പെടുന്നതെങ്കിലും, യഥാർത്ഥത്തിൽ ഇന്ത്യയിലെ ജനസാമാന്യത്തിന് അനുഗ്രഹമായി ഭവിച്ചേക്കും. അതിന് പൊതുസമൂഹത്തിന് മുന്നിൽ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തെ സവിസ്തരം  പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. ഏറ്റവും പ്രയോഗക്ഷമവും സുഭദ്രവും സാമൂഹ്യ നീതിക്ക് ഉതകുന്നതുമായ ഒരു സനാതന വ്യവസ്ഥിതി ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രമാണെന്ന് തെളിയിക്കാൻ, ഇത് പ്രയോഗവൽക്കരിച്ച് വിജയിച്ച രാജ്യങ്ങളുടെ ഉദാഹരണങ്ങൾ സവിസ്തരം നിരത്തണം. അങ്ങനെ മാത്രമേ ഇസ്‌ലാമിക് ബാങ്കിങിന്റെ വിപുലമായ സാധ്യത ഇന്ത്യക്ക് ഉപയുക്തമാക്കാൻ കഴിയുകയുള്ളൂ. ഇന്ത്യയുടെ സുദൃഢമായ ജനാധിപത്യഭൂമികയിൽ നിന്നുകൊണ്ട് തന്നെ പുതിയ നയപരിപാടികളുടെ തണലിൽ ഇസ്‌ലാമിക് ബാങ്കിങിന് അനുകൂലമായ പരിസ്ഥിതിയും ജീവനും ഊന്നലും ലഭിച്ചേക്കും. വിദേശത്ത് പ്രവർത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകളുടെ സഹകരണത്തോടെയോ അല്ലാതെയോ അത് നിലവിൽ വരുത്തുവാനുള്ള ശ്രമം സർവാത്മനാ ആരംഭിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ സത്വരശ്രദ്ധ അടിയന്തരമായി പതിയേണ്ട മറ്റൊരു സംഗതി, ഈ സംരംഭത്തെ തികച്ചും ഇസ്‌ലാമികമായി വിലയിരുത്തുവാനും പ്രയോഗക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തുവാനുമുള്ള ഒരു ഇസ്‌ലാമിക് റെയ്റ്റിങ് ഏജൻസിയെ നിയോഗിക്കുക എന്നതാണ്. ഈ വ്യവസ്ഥിതിക്കെതിരെയുള്ള നിക്ഷിപ്ത താൽപര്യക്കാരെ ഒഴിവാക്കാൻ ഇത് മാത്രമാണ് മാർഗം. അപകീർത്തിപ്പെടുത്താനും നിലവിൽ വരാതിരിക്കാനും അനവരതം ശ്രമിച്ച് അതിന്റെ ലക്ഷ്യവും നന്മകളും സമൂഹത്തിനന്യമാക്കി ഇല്ലായ്മ ചെയ്യാൻ മാത്രമാണ് വിവാദമാക്കുന്നവർ ലക്ഷ്യമിടുന്നത്. അതേ സമയം തന്നെ ഇസ്‌ലാമിക സമ്പത് വ്യവസ്ഥയെപ്പറ്റിയും  പ്രായോഗിക മാതൃകകളെ പറ്റിയുമുള്ള ആഴത്തിലുള്ള പഠനവും ഗവേഷണവും ഇത് നടപ്പിൽ വരുത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും നിവാരണമാർഗങ്ങൾ ആരായുന്നതിനുമുള്ള ഗവേഷണങ്ങളും നീക്കങ്ങളും അടിയന്തര പ്രാധാന്യത്തോടെ കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഈ രംഗത്ത് ദുഷ്ട ലാക്കോടെ പ്രവർത്തിക്കുന്ന കപടന്മാരെയും കള്ളനാണയങ്ങളെയും തുറന്ന് കാണിക്കാൻ നമുക്കാവുകയും വേണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ