ആധുനിക കാലത്ത് സ്വന്തം താല്‍പര്യമാണ് മനുഷ്യന് എല്ലാറ്റിലും പ്രധാനപ്പെട്ടത്. ഇതല്ലാതെ മറ്റൊന്നും അവന്‍ പ്രകൃതിയില്‍ കാണുന്നില്ല. മനുഷ്യന്റെ ബുദ്ധി ഉപദേശിച്ചുകൊണ്ടിരിക്കുന്നത് അവനവന്റെ സുഖവും ക്ഷേമവും ഇഷ്ടാനിഷ്ടങ്ങളും കാത്തുകൊള്ളണമെന്നാണ്. എന്നാല്‍ ഈ ആഹ്വാനം അനുസരിക്കാനൊരുങ്ങിയാല്‍ മനുഷ്യസമൂഹത്തിന്റെ നാശമായിരിക്കും സംജാതമാവുക. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ബുദ്ധിയുടെ ഈ ആഹ്വാനം തള്ളിക്കളയേണ്ടിവരും. സ്വന്തം താല്‍പര്യവും സമൂഹ താല്‍പര്യവും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ സമൂഹ താല്‍പര്യത്തിനവന്‍ വഴങ്ങിക്കൊടുക്കേണ്ടിവരുന്നു. ഇങ്ങനെ വഴങ്ങണമെന്ന് മനുഷ്യനെ ഉപദേശിക്കുന്ന അവയവമേതാണ്, അവന്റെ ശരീരത്തില്‍? ആത്മീയതയുടെയും മതത്തിന്റെയും സന്ദേശം വ്യക്തികള്‍ക്കെന്നതിലേറെ മനുഷ്യവംശത്തിന്റെ പൊതുക്ഷേമത്തെയാണ് ഉന്നം വെക്കുന്നത്. എന്തിന് താന്‍ സ്വന്തം താല്‍പര്യങ്ങളെ വെടിഞ്ഞും പൊതു താല്‍പര്യത്തെ മാനിക്കണമെന്ന ചോദ്യത്തിന് ബുദ്ധിയും യുക്തിയും അവയില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രങ്ങളും ഉത്തരം തരില്ല. എന്നാല്‍ ഇസ്‌ലാം നല്‍കുന്ന മറുപടിയിതാണ്:

“കാലമാണ് സത്യം! സത്യം വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും പരസ്പരം സത്യമുപദേശിക്കുകയും പരസ്പരം ക്ഷമ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരൊഴികെ, മനുഷ്യരെല്ലാം വലിയ നഷ്ടത്തിലാണ്.’

ഇസ്‌ലാമില്‍ വ്യക്തികളല്ല യഥാര്‍ത്ഥത്തില്‍ വളരുന്നതും ജീവിക്കുന്നതും; വ്യക്തികളുടെ പാരസ്പര്യത്താല്‍ സുഭദ്രമായ മനുഷ്യസമൂഹങ്ങളാണ്. മനുഷ്യജീവിതത്തിനത്യന്താപേക്ഷിതമായ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ഇസ്‌ലാമിക നിയമം ചിലപ്പോള്‍ വടിയെടുക്കാന്‍ വരെ മിടുക്ക് കാണിച്ചതിന്റെ പൊരുളും അതത്രെ.

മുസ്‌ലിം ജീവിതം കൃഷി

മനുഷ്യരുടെ ഇഹലോക ജീവിതത്തെ കൃഷിപ്പണിയായി കാണുന്ന ഏക സമുദായമാണ് മുസ്‌ലിംകള്‍. “ഇഹലോകം പരലോകത്തിലേക്കുള്ള കൃഷിയിടമാകുന്നു’ എന്ന പ്രസിദ്ധമായ തിരുനബിവചനം മുസ്‌ലിം ജീവിതത്തെ കര്‍മോത്സുകമാക്കുന്നു. പരലോകത്ത് ഏറെ കൊയ്തെടുക്കാന്‍ ഇഹലോകത്ത് അഹോരാത്രം കൃഷി ചെയ്യുകയാണ് ഓരോ മുസ്‌ലിമും. പാഴ്ചിന്തകളില്‍ വ്യാപരിക്കാതെ, പാഴ്കര്‍മങ്ങളില്‍ മുഴുകാതെ, ഒന്നിന് എഴുന്നൂറ് വിളയുന്ന വിത്തുകള്‍ വിതച്ച് സസൂക്ഷ്മം അവയെ പരിപാലിക്കുകയാണ് സദാനേരവും. വിശ്വാസികളുടെ കൃഷി ജീവിതത്തെക്കുറിച്ച് അല്ലാഹു ഉദ്ബോധിപ്പിക്കുന്നു: “പരലോകത്തേക്കുള്ള കൃഷി ഉദ്ദേശിക്കുന്നവന് അല്ലാഹു കൂടുതല്‍ അഭിവൃദ്ധി നല്‍കുന്നു; ഭൗതിക ലോകത്തെ കൃഷിയാണുദ്ദേശിക്കുന്നതെങ്കില്‍ അവന് അതും അല്ലാഹു നല്‍കും. പക്ഷേ, പരലോകത്ത് യാതൊരു വിഹിതവും ലഭിക്കുന്നതല്ല’ (ശൂറാ/20).

മുസ്‌ലിം വടവൃക്ഷങ്ങള്‍

അല്ലാഹുവിങ്കല്‍ നിന്നും “വിശുദ്ധ വചനം’ ഏറ്റെടുക്കുകയും അതിന്റെ ലക്ഷ്യം നിര്‍വഹിക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിംകള്‍. “വിശുദ്ധ വചനത്തെ അല്ലാഹു എങ്ങനെയാണ് ഉപമിക്കുന്നതെന്ന് താങ്കള്‍ കണ്ടില്ലേ? അത് ഉത്തമമായ ഒരു വൃക്ഷം പോലെയാകുന്നു. അതിന്റെ വേര് ഭൂമിയിലുറച്ചതും ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്നു വളര്‍ന്നതുമാണ്. അതിന്റെ നാഥന്റെ അനുവാദത്തോടെ, അത് എക്കാലത്തും ഫലം നല്‍കുന്നു’ (ഇബ്റാഹിം/24).

ഒരിക്കല്‍, ഒരു വിജ്ഞാന സദസ്സില്‍ നബി(സ്വ) പറഞ്ഞു: “വൃക്ഷങ്ങളുടെ ഗണത്തില്‍ പെട്ട ഒരു വൃക്ഷം. അതിന്റെ ഇലകള്‍ പൊഴിയാറില്ല. മുസ്‌ലിമിനെപ്പോലെയാകുന്നു അത്. ഏതാണ് ആ വൃക്ഷം? സദസ്സില്‍ നിന്നും അനുയോജ്യമായ പ്രതികരണം ലഭിച്ചില്ല. നബി(സ്വ) വെളിപ്പെടുത്തി. ഈത്തപ്പന. അതിശക്തമായ മരുക്കാറ്റിലും ഇലകള്‍ കൊഴിയാതെ, ആരാലും സംരക്ഷിക്കപ്പെടുന്നില്ലെങ്കിലും ലഭ്യമായവയില്‍ വെച്ചേറ്റവും പോഷകവീര്യമുള്ള പഴം ദാനം ചെയ്യുന്ന ഈത്തപ്പന പോലെയാണ് മുസ്‌ലിം. അവന്റെ വിശ്വാസവും സംസ്കാരവും പ്രോജ്ജ്വലമാണ്; തെളിഞ്ഞു കത്തുന്ന മുസ്‌ലിം വിളക്ക്.

അടിയുറപ്പുള്ള, സമൂഹത്തിലേക്ക് പടര്‍ന്നു പന്തലിച്ച ഫലദായിയായ മുസ്‌ലിം വടവൃക്ഷം അന്യരില്‍ അസൂയ ജനിപ്പിക്കുംവിധം ആകര്‍ഷണീയമാണ്. ഇഞ്ചീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെ: “ഒരു വിള. അത് അതിന്റെ കൂന്പ് പുറത്തുകാണിച്ചു. തുടര്‍ന്ന് അതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജ്ജിച്ചു. അങ്ങനെ കര്‍ഷകര്‍ക്ക് കൗതുകം ജനിപ്പിക്കും വിധം അതിന്റെ കാണ്ഡത്തിന്മേല്‍ (ഫലം വിതരണം ചെയ്യാന്‍ സജ്ജമായി) നിവര്‍ന്നുനിന്നു’ (ഫത്ഹ്/29).

ആ മരത്തെ സദാ ഫലം നല്‍കുന്ന, തണല്‍ വിരിക്കുന്ന വന്‍ വൃക്ഷമായി സ്വയം വളര്‍ത്തി വലുതാക്കുകയാണ് മുസ്‌ലിംകള്‍. ഓരോ വ്യക്തിയും സ്വയം വൃക്ഷമായി പരിലസിക്കുന്ന ഒരു സമൂഹത്തിന്റെ ഭദ്രതയും ക്ഷേമവും ഭാവനയില്‍ കണ്ടുനോക്കൂ. എത്ര മനോഹരം!

കായ്കനികളുള്ള നല്ല നാട്

ജലാര്‍ദ്രവും സസ്യനിബിഡവുമല്ലാത്ത ഭൂമിയെ മൃതഭൂമി എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത് (7/57). വരണ്ടഭൂമിയെന്നു മറ്റൊരിടത്ത് വിളിച്ചു (32/27). സസ്യശാമളമല്ലാത്ത നാടിനെ മരിച്ച നാട് എന്നും ഖുര്‍ആന്‍ പേരിട്ടു (43/11). കായ്കനികള്‍ വിളയുന്ന നാടാണ് ഖുര്‍ആന്‍ ഭാഷയില്‍ നല്ലനാട്, സുന്ദരനാട്. അല്ലാഹു അരുളുന്നു: രക്ഷിതാവിന്റെ അനുമതിയോടെ സസ്യങ്ങള്‍ നന്നായി മുളച്ചുവളരുന്നു നല്ല നാട്ടില്‍; എന്നാല്‍ ചീത്ത നാട് ഫലദായകമല്ലാത്ത വൃക്ഷങ്ങളല്ലാതെ ഉദ്പാദിപ്പിക്കുകയില്ല (അഅ്റാഫ്/56). ഇത്തരം നാട്ടിലെ ജീവിതം പ്രയാസകരമാണ്. കൃഷിയൊട്ടും ഇല്ലാത്ത മക്കാ മരുഭൂമിയില്‍ കുടുംബത്തെ പാര്‍പ്പിക്കുന്നതിലെ മനോവിഷമം ഇബ്റാഹിം നബി(അ) അല്ലാഹുവിനോടു പറയുന്നത് ഖുര്‍ആനിലുണ്ട് (ഇബ്റാഹിം/37). കായ്കനികള്‍ തരാത്ത കേവലവൃക്ഷങ്ങള്‍ മാത്രം വളരുന്ന നാട്ടിലെ ജീവിതം ദുസ്സഹമാണ് (സബഅ്/15,16).

സസ്യലതാദികള്‍ ദൈവാനുഗ്രഹം

ഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ പ്രകടമാക്കുന്നത് സസ്യങ്ങളും വൃക്ഷങ്ങളുമാണ്. ജീവന്‍ പ്രദാനം ചെയ്യുന്നത് ആകാശത്തില്‍ നിന്നും വിരുന്നുവരുന്ന ജലമാണല്ലോ. അല്ലാഹു ആകാശത്തുനിന്നും ജലം വര്‍ഷിപ്പിച്ച്, ഭൂമിയെ സസ്യശ്യാമള കോമളമാക്കി മാറ്റുന്നു. ആകാശം പിതാവും ഭൂമി മാതാവുമാണെന്നു പറയാം. ആകാശം ഭൂമിയെ ജലാര്‍ദ്രമാക്കുമ്പോള്‍ ഭൂമി സസ്യങ്ങളെ പ്രസവിക്കുന്നു. ഭാര്യയെ കൃഷിയിടമെന്നു വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് പ്രത്യുല്‍പാദന പരമായ ഈ സാദൃശ്യം നിമിത്തമായിരിക്കണം. ഏതായാലും അല്ലാഹുവിന്റെ മഹാ ഔദാര്യമാണ് ഭൂമിയിലെത്തുന്ന ജലവും ഭൂമി പ്രസവിക്കുന്ന സസ്യങ്ങളും. അല്ലാഹു ആകാശത്തുനിന്നും ജലം വര്‍ഷിപ്പിക്കുകയും തന്നിമിത്തം നിര്‍ജീവമായിരുന്ന ഭൂമിയെ ജീവത്താക്കുകയും ചെയ്തു. കേട്ടുമനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ചില അടയാളങ്ങളുണ്ട് (നഹ്ല്‍/65).

ഭൂമി വരണ്ടു നിര്‍ജീവമായതു നിനക്കു കാണാം. പിന്നെ നാം അതിന്മേല്‍ ജലം ചൊരിഞ്ഞാല്‍ അത് വിറകൊള്ളുകയും വികസിക്കുകയും ഇമ്പമേറിയ സകലയിനം ചെടികള്‍ മുളപ്പിക്കുകയും ചെയ്യുന്നു (ഹജ്ജ്/17). ആകാശത്തുനിന്നും ജലം വര്‍ഷിപ്പിച്ചവനാണവന്‍. നിങ്ങള്‍ക്കുള്ള കുടിവെള്ളം അതില്‍ നിന്നാണു ലഭിക്കുന്നത്. അതില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് കാലികളെ തീറ്റാനുള്ള പുല്ലുകളും ലഭിക്കുന്നു. ജലം മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും മറ്റെല്ലാ പഴവര്‍ഗങ്ങളും അവന്‍ മുളപ്പിച്ചുതരുന്നു. ചിന്തിക്കുന്നവര്‍ക്ക്, നിശ്ചയമായും അതില്‍ ചില പാഠങ്ങളുണ്ട് (നഹ്ല്‍/10,11). പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങള്‍, ഈത്തപ്പന, വിവിധയിനം കായ്കനികളുള്ള കൃഷികള്‍, പരസ്പരം സദൃശ്യവും അല്ലാത്തതുമായ ഒലീവും മാതളവുമെല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാണ്. അവയോരോന്ന് കായ്ക്കുമ്പോഴും അവയുടെ പഴങ്ങള്‍ നിങ്ങള്‍ ഭുജിച്ചുകൊള്‍ക. വിളവെടുപ്പു ദിവസം അതിലുള്ള ദാനബാധ്യത നിങ്ങള്‍ നിര്‍ഹവിക്കുക. ദുര്‍വ്യയമരുത്. ദുര്‍വ്യയക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (അന്‍ആം/11).

കൃതജ്ഞരല്ലെങ്കില്‍ അനുഗ്രഹം നഷ്ടമാകും

അനുഗ്രഹത്തിന് നന്ദി ചെയ്യുക മനുഷ്യരുടെ കടമയത്രെ. കൃതജ്ഞര്‍ക്ക് അധികാനുഗ്രഹം ലഭിക്കും. പക്ഷേ, മനുഷ്യരില്‍ ഏറെയും കൃതഘ്നരാണ്. “നിശ്ചയം, മനുഷ്യന്‍ തന്റെ നാഥനോട് മഹാ നന്ദികേടു കാണിക്കുന്നവനാകുന്നു’ (അല്‍ആദിയാത്ത്/5). നന്ദികെട്ടവരെ അല്ലാഹു ശിക്ഷണം ചെയ്യാറുണ്ട്; അവര്‍ ഉണര്‍ന്നുചിന്തിക്കാനും മനസ്താപമുള്ളവരായി തിരിച്ചുവരാനും വേണ്ടി. “നിശ്ചയമായും ഭൂതലത്തില്‍ വളരുന്ന സസ്യവൃക്ഷാദികള്‍ ഭൂമിക്കുള്ള സൗന്ദര്യമാക്കി നാം സംവിധാനിച്ചതാണ്. മനുഷ്യരില്‍ ആരാണ് ഉത്തമമായി കര്‍മങ്ങള്‍ ചെയ്യുകയെന്നു പരീക്ഷിച്ചറിയുവാനായിട്ട്. എന്നാല്‍, മനുഷ്യരുടെ നന്ദികേടു നിമിത്തം ഭൂമുഖത്തുള്ളവയെല്ലാം പിന്‍വലിച്ച് ഭൂമിയെ കൃഷിയോഗ്യമല്ലാത്ത, ചെടികള്‍ മുളക്കാത്ത ഒരു മൊട്ടക്കുന്നാക്കി മാറ്റുന്നതും നാം തന്നെ (അല്‍കഹ്ഫ്/7,8). ഇപ്രകാരം നന്ദികേടു നിമിത്തം സമൃദ്ധമായ കൃഷിഭൂമികള്‍ മനുഷ്യന് നഷ്ടപ്പെട്ട വ്യക്തമായ മുന്നനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അനുസ്മരിക്കുന്നു.

ആകാശഭൂമികള്‍ സൃഷ്ടിക്കുകയും ആകാശത്തുനിന്ന് ജലം വര്‍ഷിച്ചു തരുകയും ചെയ്തത് അല്ലാഹു. എന്നിട്ട് കൗതുകമേറിയ തോട്ടങ്ങള്‍ ഉദ്പാദിപ്പിച്ചതും അവന്‍ തന്നെ. എന്നിരിക്കെ അവനു പുറമെ പരദൈവങ്ങളെ ആരാധിക്കുന്നതാണ് അവന്‍ കാണുന്ന ഏറ്റവും ക്രൂരമായ നന്ദികേട്. “അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല’ അല്ലാഹു ഖണ്ഡിതമായി മനുഷ്യരുടെ കഴിവില്ലായ്മ വെളിപ്പെടുത്തുന്നു. അവന്‍ ചോദിച്ചു: അല്ലാഹുവിനോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ ഇതു ചെയ്തുതരാന്‍ (നംല്/60)? പക്ഷേ, ചിലര്‍ ബഹുദൈവ പൂജകരായി നല്ല നാടുകള്‍ നശിപ്പിച്ചു കളഞ്ഞു. സൂറതു അല്‍കഹ്ഫില്‍ വിവരിച്ച ഒരു ഉദാഹരണം ഇങ്ങനെ:

“താങ്കള്‍ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ടു വ്യക്തികള്‍. അവരിലൊരാള്‍ക്ക് നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ പ്രദാനം ചെയ്തു. തോട്ടങ്ങളെ ഈത്തപ്പന മരങ്ങള്‍ കൊണ്ട് നാം വലയം ചെയ്തു. ഇരു തോട്ടങ്ങള്‍ക്കിടയില്‍ ധാന്യകൃഷിയും നാം സംവിധാനിച്ചു. ഇരുതോട്ടങ്ങള്‍ അവയുടെ ഫലങ്ങള്‍ നല്‍കി. ഒരു തോട്ടവും ക്രമക്കേടു കാണിച്ചില്ല. ഇരു തോട്ടങ്ങള്‍ക്കിടയിലൂടെ ഒരു നദിയും നാം ഒഴുക്കിയിട്ടുണ്ടായിരുന്നു. തോട്ടമുടമക്ക് ധാരാളം ഫലം ലഭിച്ചു. ആദായവും. അയാള്‍ തന്റെ കൂട്ടുകാരനോട് സംഭാഷണമധ്യേ പറഞ്ഞു: ഞാനാകുന്നു നിന്നേക്കാള്‍ സമ്പന്നന്‍, സംഘബലമുള്ളവന്‍. ആത്മദ്രോഹം ചെയ്തുകൊണ്ട് അവന്‍ ഒരിക്കല്‍ തന്റെ തോട്ടത്തില്‍ കടന്നു. അയാള്‍ ഇങ്ങനെ ആത്മഗതം ചെയ്തു. ഒരിക്കലും ഇവയൊന്നും നശിച്ചുപോകുമെന്ന് ഞാന്‍ കരുതുന്നില്ല. അന്ത്യനാള്‍ നിലവില്‍ വരുമെന്നും ഞാന്‍ നിനക്കുന്നില്ല. ഇനി ഞാന്‍ എന്റെ നാഥനിലേക്ക് മടക്കപ്പെടുകയാണെങ്കില്‍ പോലും (ഉറപ്പില്ല) ഇതിനേക്കാള്‍ ഉത്തമമായ ഒരിടമായിരിക്കും വാസസ്ഥലം. അയാളുടെ കൂട്ടുകാരന്‍ സംഭാഷണത്തിനിടെ ഓര്‍മപ്പെടുത്തി: മണ്ണില്‍ നിന്നും തുടര്‍ന്ന് ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും പിന്നെ ശരീര വൈകല്യമില്ലാത്ത മനുഷ്യനായി നിന്നെ രൂപപ്പെടുത്തുകയും ചെയ്ത അല്ലാഹുവെ നീ നിഷേധിക്കുകയാണോ? എന്നാല്‍ ഞാന്‍ പറയട്ടെ, അവന്‍ അഥവാ അല്ലാഹുവാകുന്നു എന്റെ റബ്ബ്. ഞാന്‍ എന്റെ നാഥനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. താങ്കള്‍ തോട്ടത്തില്‍ കടന്ന സമയത്ത് മാശാ അല്ലാഹ് ലാ ഖുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹു ഉദ്ദേശിച്ചത് സംഭവിക്കുന്നു, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ബലവും ഉണ്ടാകുന്നില്ല) എന്നു പറഞ്ഞുകൂടായിരുന്നോ? നിന്നേക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി താങ്കള്‍ എന്നെ കാണുന്നുവെങ്കിലും എന്റെ നാഥന്‍ എനിക്ക് താങ്കളുടെ തോട്ടത്തേക്കാള്‍ ഉത്തമമായതു നല്‍കിയാലോ. താങ്കളുടെ തോട്ടത്തിനു നേരെ ആകാശത്തുനിന്നും അവന്‍ വല്ല ശിക്ഷ അയക്കുകയും അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്താലോ. അല്ലെങ്കില്‍ അതിലെ വെള്ളം ഒരിക്കലും കണ്ടുപിടിച്ചു കൊണ്ടുവരാന്‍ കഴിയാതാകത്തക്കവണ്ണം വറ്റിയാലോ. (സുഹൃത്ത് ആശങ്കപ്പെട്ടതുപോലെ സംഭവിച്ചു) അവന്റെ ഫലസമൃദ്ധിയും ആദായവും നാശത്തില്‍ വലയം ചെയ്യപ്പെട്ടു. തോട്ടങ്ങള്‍ അവയിലെ പന്തലുകളോടെ നിലംപതിച്ചു. അവിടെ ചെലവഴിച്ച മൂലധനം നഷ്ടപ്പെട്ടതോര്‍ത്ത് അവന്‍ ഇരുകൈകളും മലര്‍ത്തി. അവന് നഷ്ടബോധമുണ്ടായി. അബദ്ധം തിരിച്ചറിഞ്ഞു. അവന്‍ പറഞ്ഞു: എന്റെ നാഥനോട് മറ്റാരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അല്ലാഹുവിന് പുറമെ അവന്‍ പ്രതീക്ഷയര്‍പ്പിച്ച യാതൊരു ശക്തിയും അവനെ സഹായിക്കാനുണ്ടായില്ല. അവന് സ്വയം പ്രതിസന്ധിയെ അതിജയിക്കാന്‍ കഴിഞ്ഞതുമില്ല (അല്‍കഹ്ഫ്/3243). നാടിന്റെ ആത്യന്തികക്ഷേമം ഏകദൈവാശ്രയത്തിലും അവന്റെ അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞത ചെയ്യുന്നതിലുമാണ്. അഹങ്കാരവും താന്‍പൊരിമയും അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തും. മേല്‍ സംഭവത്തില്‍, തോട്ടമുടമ പരദൈവങ്ങളുടെ വിഗ്രഹങ്ങള്‍ പൂജിച്ചതായി കാണുന്നില്ല. ആത്മപൂജയും പുനര്‍ജന്മ നിഷേധവുമായിരുന്നു അയാളുടെ നന്ദികേട്. ഭൂമിയിലെ ഏറ്റവും വ്യാപകമായ ബഹുദൈവികതയും ആത്മപൂജയാണ്.

പരദ്രോഹചിന്തയും ഭയരാഹിത്യവും നിമിത്തം അനുഗ്രഹങ്ങള്‍ പിന്‍വലിക്കപ്പെടുമെന്നതിന് ദൃഷ്ടാന്തമായി അല്ലാഹു പറഞ്ഞുതന്ന മറ്റൊരു സംഭവമാണ് അസ്ഹാബുല്‍ ജന്നയുടേത് (തോട്ടമുടമകളുടെ കഥ). ധാരാളമായി ചെടികള്‍/വൃക്ഷങ്ങള്‍ വളരുന്ന തോട്ടമാണ് ജന്ന. യമനിലാണ് സംഭവം. ഈസാ നബി(അ)ന്റെ ആകാശാരോഹണ ശേഷമായിരുന്നുവത്. വേദക്കാരനും ഉദാരശീലനും സദാചാര തല്‍പരനുമായ ഒരു സദ്വൃത്തന്‍റേതായിരുന്നു തോട്ടം. ഫലം കൊയ്യുമ്പോള്‍ ഒരു ഭാഗം ദരിദ്ര ജനങ്ങള്‍ക്ക് ദാനം ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം മക്കള്‍ തോട്ടമുടമകളായി. പിതാവിന്റെ ഉത്കൃഷ്ട പൈതൃകം പിന്തുടരാന്‍ അവര്‍ കൂട്ടാക്കിയില്ല. ദീനദയാലുത്വം അവരില്‍ അല്‍പം പോലുമില്ലായിരുന്നു. ബുദ്ധിയും യുക്തിയും എന്പാടുമുണ്ടായിരുന്ന അവര്‍ ചിന്തിച്ചത് സാധുജനത്തിന് നല്‍കിയിട്ട് നമുക്കെന്തു ലഭിക്കാന്‍ എന്നായിരുന്നു. ഇത്തരം ന്യായവാദങ്ങള്‍ നന്ദികെട്ടവരുടെ അടയാളമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട് (യാസീന്‍/47). പഴം പറിക്കുന്ന ദിവസം സാധുജനങ്ങള്‍ വന്നുകൂടും. അതിനുമുന്പ് എല്ലാം പറിച്ചെടുത്ത് സ്ഥലം വിടണമെന്ന് അവര്‍ ശട്ടംകെട്ടി. പക്ഷേ, പ്രസ്തുത ദിവസം പുലര്‍ച്ചെ തോട്ടത്തിലെത്തിയ മുതലാളിമാര്‍ തലയില്‍ കൈവെച്ചുപോയി. ചുഴലിക്കാറ്റില്‍ എല്ലാം നാട്ടില്‍ പാറിപ്പറന്നുവെന്നും ഇടിത്തീ ബാധിച്ച് സകലതും നശിച്ചുവെന്നും പറയുന്നു. സൂറതു ഖലം 17 മുതല്‍ 33 വരെ സൂക്തങ്ങള്‍ പ്രസ്തുത കൃഷിപാഠമാണ് മനുഷ്യരെ പഠിപ്പിക്കുന്നത്.

സുന്ദരനാട്, പൊറുക്കുന്ന നാഥന്‍

പ്രപഞ്ചനാഥന്‍ നല്ല നാടെന്ന് പേരെടുത്ത് പരാമര്‍ശിച്ച സുന്ദരനാടായിരുന്നു സബഅ്. ദേശവാസികളുടെ ധിക്കാരം നിമിത്തം ആ നാടിന്റെ സമ്പദ്സമൃദ്ധിയഖിലം വിനഷ്ടമായി. നിശ്ചയം, സബഅ് ദേശക്കാര്‍ക്ക് അവരുടെ നിവാസഭൂമിയില്‍ മഹാപാഠമുണ്ടായിരുന്നു. അതായത്, നാട്ടിന്റെ വലതും ഇടതും രണ്ടു വലിയ തോട്ടങ്ങളുണ്ടായിരുന്നു അവര്‍ക്ക്. അല്ലാഹു അവരോട് നിര്‍ദേശിച്ചു. നിങ്ങളുടെ നാഥന്‍ പ്രദാനം ചെയ്ത ഭക്ഷണത്തില്‍ നിന്നും നിങ്ങള്‍ക്ക് ഭുജിക്കാം. അവന് നിങ്ങള്‍ കൃതജ്ഞത ചെയ്യണം. എന്തു നല്ലൊരു നാട്. അബദ്ധങ്ങള്‍ പൊറുക്കാന്‍ സന്നദ്ധനായ രക്ഷിതാവും’ (സബഅ്/15).

അറ്യോ ഉപദ്വീപിന്റെ തെക്കുഭാഗത്തായി സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് യമന്‍. യമനിലെ പ്രാചീന നിവാസികളായ അറബി ഗോത്രങ്ങളെ വളരെക്കാലം ഭരിച്ച ഖഹ്ഥാനി വംശജരുടെ വംശപിതാവായ ഖഹ്ഥാന്റെ പ്രപൗത്രനാണ് സബഅ്. ശരിയായ പേര് അബ്ദുശംസ്, സൂര്യദാസന്‍. ഇദ്ദേഹത്തിനു ശേഷമാണ് സബഅ് ഗോത്രം എന്നറിയപ്പെടാന്‍ തുടങ്ങിയത്. യമനിന്റെ തലസ്ഥാനമായ സ്വന്‍ആയില്‍ നിന്നും മൂന്നു മര്‍ഹല ദൂരത്തുള്ള മഅ്രിബ് എന്ന പ്രദേശത്തായിരുന്നു സബഅ് നിവസിച്ചിരുന്നത്. നാടിന്റെ വലതും ഇടതും രണ്ടു പര്‍വതങ്ങളുണ്ട്. ഇരുപര്‍വതങ്ങളില്‍ നിന്നും കുത്തിയൊഴുകുന്ന മഴവെള്ളം സമതലത്തിലെ കൃഷികള്‍ പാടേ നശിപ്പിക്കുകയായിരുന്നു പതിവ്. പരിഹാരമെന്നോണം ഇരു പര്‍വതങ്ങള്‍ക്കിടയില്‍ 150 അടി ഉയരവും 300 അടി നീളവുമുള്ള ഒരു അണക്കെട്ട് പണിതു. ആധുനിക നിര്‍മാണ വിദഗ്ധരെ അമ്പരപ്പിക്കുന്നതായിരുന്നുവത്. അങ്ങനെ ജലപ്രവാഹം നിയന്ത്രിച്ച്, വിശാലമായ സബഅ് സമതലത്തില്‍ 4800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കൃഷിയോഗ്യമാക്കി. താഴ്വരകളുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ കൃഷിത്തോട്ടങ്ങളുണ്ടായി. അന്നാട്ടുകാര്‍ക്ക് ജലക്ഷാമം ഓര്‍മയായിമാറി. ധാരാളം ധാന്യങ്ങള്‍, എങ്ങും പഴവര്‍ഗങ്ങള്‍. സമൃദ്ധിയിലും സൗന്ദര്യത്തിലും സബഅ് ദേശം മറ്റു നാടുകളെ തോല്‍പ്പിച്ചുകളഞ്ഞു. സ്ത്രീകള്‍ക്ക് മറക്കുടകളില്ലാതെ തൂങ്ങിക്കിടക്കുന്ന വൃക്ഷശിഖരങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാമായിരുന്നുവെന്നും പ്രയാസമൊട്ടുമില്ലാതെ കുട്ടയിലേക്ക് പഴങ്ങള്‍ കൈകൊണ്ട് പറിച്ചിടാമായിരുന്നുവെന്നും സമൃദ്ധിയുടെ വലുപ്പം വിവരിച്ചവര്‍ പറയുന്നു. അവരില്‍ ഖതാദ(റ)വും ഉള്‍പ്പെടുന്നു. അന്തരീക്ഷം പരിശുദ്ധമായതിനാല്‍ അന്നാട്ടില്‍ അക്കാലത്ത് ഈച്ച, മൂട്ട തുടങ്ങിയ പ്രാണികള്‍ വരെ ഇല്ലായിരുന്നുവത്രെ. പക്ഷേ, അവരുടെ പിന്‍ഗാമികള്‍ അല്ലാഹുവിനോട് ധിക്കാരം ചെയ്തു. സുലൈമാന്‍ നബിയുടെ കാലമായപ്പോഴേക്കും അവര്‍ സൂര്യപൂജകരായി മാറിയിരുന്നു. ഭരണം സ്ത്രീയെ ചുമതലപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അല്ലാഹു പറഞ്ഞു:

എന്നാല്‍ അവര്‍ ദൈവനിര്‍ദേശം പാലിക്കാതെ പിന്തിരിഞ്ഞുകളഞ്ഞു. അപ്പോള്‍ അണക്കെട്ട് തകര്‍ത്ത് ജലപ്രവാഹത്തെ നാം അവര്‍ക്കുനേരെ അയച്ചു. അവരുടെ ഇരു തോട്ടങ്ങളും (വീടുകളും) നശിച്ചു. പിന്നീട് ആ രാജ്യത്ത് കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം വാകമരങ്ങളും എലന്തവൃക്ഷവും വളരുന്ന രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്കു പകരം നല്‍കി’ (സബഅ്/16).

കായ്കനികളില്ലാത്ത നാട് മനുഷ്യവാസത്തിനു കൊള്ളുമോ? 1843ല്‍ ആര്‍നോ എന്ന ഫ്രഞ്ച് ഗവേഷകന്‍ സബഇലെ മഅ്റബ് അണക്കെട്ടിന്റെയും തദ്ദേശീയരുടെ വീടുകളുടെയും ജലസേചന തോടുകളുടെയും അവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കുകയുണ്ടായി.

ഭൂമിയില്‍ സസ്യലതാദികള്‍ സമൃദ്ധമായി വളരാന്‍, കൃഷി വിജയകരമായി നിലനില്‍ക്കാന്‍ മനുഷ്യര്‍ ആദ്യം ദൈവകൃതജ്ഞനായിരിക്കണം. അളവിലും തൂക്കത്തിലും കുറവു വരുത്തിയാല്‍ ചെടി മുളക്കുന്നത് തടയപ്പെടുമെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്. കൃഷി വിശ്വാസിക്ക് പരലോകത്തേക്കുള്ള കൃഷിയുടെ ഭാഗമാണ്. പരലോകം വിസ്മരിച്ച്, കൃഷിയില്‍, ലാഭത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മതപ്രചാരണ പ്രതിരോധ ബാധ്യത വിസ്മരിക്കുകയും ചെയ്യുന്നതും അനുഗ്രഹ ദാതാവിനോടുള്ള നന്ദികേടാണ്. കടമായി വിറ്റ സാധനം കുറഞ്ഞ വിലയ്ക്ക് തിരിച്ചുവാങ്ങിയും കന്നുകാലികളുടെ വാലില്‍ പിടിച്ചു നടന്നും കൃഷി കൊണ്ട് സംതൃപ്തരായും എന്നാല്‍ മതത്തിനുവേണ്ടിയുള്ള ശക്തമായ ശ്രമങ്ങള്‍ ഉപേക്ഷിച്ചും നിങ്ങള്‍ മുന്നോട്ടുപോയാല്‍ അല്ലാഹു നിങ്ങള്‍ക്കുമേല്‍ നിന്ദ്യത/അധമത്വം/പിന്നാക്കാവസ്ഥ ചുമത്തുന്നതാണ്. നിങ്ങള്‍ മതത്തിന്റെ താല്‍പര്യത്തിലേക്കു തിരിച്ചുവരാത്തിടത്തോളം ആ പതിതാവസ്ഥ ഒഴിഞ്ഞുപോകില്ലതിരുദൂതര്‍(സ്വ) താക്കീതുചെയ്തു.

സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ