വിശുദ്ധ മതം മനുഷ്യരിലേക്കെത്തിക്കാന്‍ അല്ലാഹു സ്വീകരിച്ച മാര്‍ഗമാണ് പ്രവാചകന്മാരുടെ നിയോഗം. ആദ്യമനുഷ്യന്‍ ആദം(അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ്വ) വരെയുള്ള ദീര്‍ഘ ശൃംഖല വഴി ഇതു സാധ്യമാവുകയുമുണ്ടായി. നബി(സ്വ)യുടെ ആഗമനത്തോടെ മതം സമ്പൂര്‍ണമാക്കപ്പെട്ടു (ഖുര്‍ആന്‍ 5/3). അതുകൊണ്ട് ഇനി പ്രവാചകന്മാരുടെ ആവശ്യം വരുന്നില്ല. അധ്വാനിച്ചോ പ്രാര്‍ത്ഥിച്ചോ നേടിയെടുക്കാനാവുന്ന ഒരു സിദ്ധിയല്ല പ്രവാചകത്വം. ഖുര്‍ആനിലും ഹദീസുകളിലും നിരവധി പ്രാര്‍ത്ഥനാ വാക്യങ്ങള്‍ കാണാം. സ്വര്‍ഗത്തിന്റെ അനന്തരാവകാശികളില്‍, ശുദ്ധിയുള്ളവരില്‍, സാത്വിക ദാസരില്‍, തഖ്വയുള്ളവരില്‍ ഒക്കെ ഉള്‍പ്പെടുത്താനുള്ള പ്രാര്‍ത്ഥനകള്‍ അവയില്‍ സുലഭമായുണ്ട്. എന്നാല്‍ ഉദ്ധരിക്കപ്പെട്ട പ്രാര്‍ത്ഥനാ വചനങ്ങളില്‍ ഒന്നില്‍ പോലും വ്യക്തമായ പരാമര്‍ശം പോവട്ടെ വ്യംഗ്യമായിട്ടും ‘എന്നെ ഒന്നു നബിയാക്കിത്തരേണമേ’ എന്ന ദുആ പഠിപ്പിച്ചിട്ടില്ല. നബി(സ്വ)യില്‍ നിന്നു ദീന്‍ മനസ്സിലാക്കിയ ഒന്നാം തലമുറ മുതല്‍ മതം കൈമാറിത്തന്ന വിശുദ്ധ പാതയില്‍ ഒരാളില്‍ നിന്നുപോലും നബിയായിത്തീരാനുള്ള പ്രാര്‍ത്ഥന ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
വലിയൊരു അനുഗ്രഹമാണ് പ്രവാചകത്വമെന്നതില്‍ അഭിപ്രായഭേദമില്ലല്ലോ. സമൂഹത്തിന് സര്‍വമാന ഗുണങ്ങളും മോഹിക്കുകയും അതിനായധ്വാനിക്കുകയും നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു നബി(സ്വ). പക്ഷേ, പ്രവാചകത്വമാകുന്ന മഹത്ത്വം അവര്‍ക്ക് നല്‍കേണമേ എന്ന് അല്ലാഹുവിനോട് അവിടുന്ന് അപേക്ഷിച്ചിട്ടേയില്ല. എന്തു കൊണ്ടാണിത്? അല്ലാഹുവിന്റെ പ്രത്യേക തീരുമാനപ്രകാരം അവന്‍ ഒരുക്കി തയ്യാറാക്കി നിയോഗിക്കുന്നതാണ് പ്രവാചകന്മാരെ എന്നതുകൊണ്ടു തന്നെ. പ്രത്യുത, ഭക്തി പുലര്‍ത്തിയോ ആരാധനകള്‍ വര്‍ധിപ്പിച്ചോ കരഞ്ഞുപറഞ്ഞോ നേടിയെടുക്കേണ്ടതല്ല അത്. ഖുര്‍ആന്‍ പറഞ്ഞല്ലോ, ‘തന്റെ പ്രവാചകത്വം എവിടെ സ്ഥാപിക്കണമെന്ന് അല്ലാഹുവിന് വ്യക്തമായറിയാം’ (6/125).
കാലമിതുവരെയുള്ള മുസ്‌ലിം ലോകത്തിന്റെ പൊതുവിശ്വാസമാണ് മുകളില്‍ ചേര്‍ത്തത്. വ്യത്യസ്തമാണ് മീര്‍സായികളുടെ ദര്‍ശനം. തങ്ങളുടെ നേതാവിനെ നബിയാക്കിയെടുക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. കഥകളിക്ക് കലാകാരനെ അലങ്കരിച്ചെടുക്കുന്നതുപോലെ അവര്‍ തയ്യാറെടുപ്പുകള്‍ നടത്തി. വിവിധ വിശേഷണങ്ങളും ഗുണങ്ങളും കുടുംബവും അദ്ഭുതങ്ങളും പറഞ്ഞുണ്ടാക്കി. പലവിധ പരിണാമങ്ങളും അടിച്ചേല്‍പ്പിച്ചു. വലിയ്യ്, മുജദ്ദിദ്, വിവിധ പൂര്‍വികരുടെ വ്യത്യസ്ത അവതാരം, നിഴല്‍നബി, സദൃശ്യനബി, ഈസനബി, മഹ്ദി ഇമാം, ശരീഅത്തില്ലാത്തതും ഉള്ളതുമായ നബി, മറിയംബീവി, ഇനിയൊരു നബി വരാനില്ലാത്ത അന്ത്യപ്രവാചകന്‍ എന്നിങ്ങനെയൊക്കെ വിവിധ രംഗവേഷങ്ങള്‍ മീര്‍സ കെട്ടിയാടുക തന്നെ ചെയ്തു. ശരിക്കും പറഞ്ഞാല്‍ ഒപ്പനക്കു നടുവിലെ കൃത്രിമ പുതിയാപ്ലയെ പോലെ ഇതിനൊക്കെയും അദ്ദേഹം നിന്നുകൊടുക്കുകയായിരുന്നു!
ലോക മുസ്‌ലിം ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് മീര്‍സയുടെ അവതരണത്തിലുണ്ടായത്. വിവിധ സന്ദര്‍ഭങ്ങള്‍ പല രൂപങ്ങളിലവതരിച്ച് ബുദ്ധിമുട്ടി നബി നാടകത്തിലേക്ക് വികസിച്ചുവരികയായിരുന്നു മീര്‍സാ ഗുലാം അഹ്മദ് ചെയ്തത്. ഖാദിയാനിസം ചര്‍ച്ചയുടെ പൂര്‍ണതക്ക് മീര്‍സയെയും അദ്ദേഹത്തിന്റെ പകര്‍ന്നാട്ടങ്ങളെയും കുറിച്ച് ലളിതമായി മനസ്സിലാക്കേണ്ടതുമുണ്ട്.
മീര്‍സബ്നു ചിറാഗ് ബീവി
പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ബട്ടാലാ താലൂക്കിലെ ഖാദിയാനില്‍ ഗുലാം മുര്‍തസയുടെയും ചിറാഗ്ബീവിയുടെയും മകനായി 1835ല്‍ മീര്‍സാഗുലാം അഹ്മദ് ജനിച്ചു. പലപ്പോഴും തന്റെ കുടുംബം പേര്‍ഷ്യന്‍, ചൈനീസ്, ഇസ്രയേലി, മുഗള്‍, ഫാത്വിമി എന്നിങ്ങനെ മീര്‍സ മാറ്റിപ്പറഞ്ഞിട്ടുണ്ടെങ്കിലും ഖറാചാര്‍ ബര്‍ലാസ് ആണ് മിര്‍സയുടെ ഔദ്യോഗിക കുടുംബം. ചെറിയകാലത്ത് ഏതാനും പഠനപ്രവര്‍ത്തനങ്ങള്‍ നടത്തി. പതിനഞ്ചാംവയസ്സില്‍ അമ്മാവന്റെ പുത്രി ഹുര്‍മത്ബീവിയെ വിവാഹം കഴിക്കുകയും പതിനാറ് പതിനെട്ട് വയസ്സുകളില്‍ രണ്ടു പുത്രന്മാര്‍ ഉണ്ടാവുകയും ചെയ്തു.
ഇതിലൊതുങ്ങാതെ 53-ആം വയസ്സില്‍ (1888ല്‍) പതിനാറുകാരിയായ മുഹമ്മദീ ബീഗത്തെ വിവാഹം കഴിക്കാന്‍ മീര്‍സ അതിയായി ആഗ്രഹിച്ചു. ഇതു നടന്നുകിട്ടാന്‍ കുറേ പ്രവചനങ്ങളും വഹ്യുകളും അവതരിപ്പിച്ചു. നാലായിരം രൂപയുടെ സ്വത്ത് വകകള്‍ക്ക് ഒപ്പുവെക്കാന്‍ ചെന്ന മുഹമ്മദീബീഗത്തിന്റെ പിതാവ് അഹ്മദ് ബേഗിനു മുമ്പില്‍ മീര്‍സ വിവാഹക്കാര്യത്തില്‍ വാശി പിടിച്ചു. അല്ലെങ്കില്‍ പിതാവ് മൂന്നു വര്‍ഷത്തിനകവും ഭര്‍ത്താവ് രണ്ടര വര്‍ഷത്തിനകവും മരണപ്പെടുമെന്നും കുടുംബഛിദ്രതയുണ്ടാവുമെന്നും രണ്ടാം വിവാഹമായിട്ടെങ്കിലും മുഹമ്മദീ ബീഗത്തെ മീര്‍സക്ക് ലഭിക്കുമെന്നും നിരന്തര ‘വഹ്യു’കള്‍ മീര്‍സ പരസ്യപ്പെടുത്തി. ഈ കല്യാണമാണ് തന്റെ യഥാര്‍ത്ഥ അടയാളമെന്നു പോലും മീര്‍സ പ്രഖ്യാപിച്ചു (ആയീനയേ കമാലാതെ ഇസ്‌ലാം, പേ 286,288).
എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണുണ്ടായത്. മുഹമ്മദീ ബീഗത്തെ ലഭിക്കാന്‍ അവരുടെ ബന്ധുവിന്റെ വിവാഹമോചനവും ഭീഷണികളുമടക്കം പല സമ്മര്‍ദങ്ങള്‍ മീര്‍സ നടത്തിയെങ്കിലും മുഹമ്മദീ ബീഗത്തിന്റെ വിവാഹവും മീര്‍സ മരിച്ചിട്ടും പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യവും സുന്ദരമായി നിറവേറുകയാണുണ്ടായത്. തന്റെ യഥാര്‍ത്ഥ തെളിവ് അങ്ങനെ ദയനീയമായി പര്യവസാനിച്ചു!
വക്കീല്‍ പരീക്ഷയടക്കം ചില പഠനപരിപാടികള്‍ പുനഃരാരംഭിച്ചെങ്കിലും കൂടുതല്‍ മുന്നോട്ടുപോവാനായില്ല. വിട്ടുമാറാത്ത തലകറക്കവും മൂത്രസ്രാവവും പിടിപെട്ട് മീര്‍സക്ക് ജീവിതം ദുസ്സഹമായിത്തീര്‍ന്നു. നൂറിലധികം പ്രാവശ്യം ഒരു രാത്രിതന്നെ മൂത്രമൊഴിക്കേണ്ടി വന്നുവത്രെ. അത്തരമൊരാള്‍ സ്ഥായിയായ ഉറക്കച്ചടവില്‍ പറഞ്ഞുകൂട്ടിയ ജല്‍പനങ്ങള്‍ക്ക് ഒരു മതത്തിന്റെ രൂപവും ക്രമങ്ങളും കൈവന്നത് ആളും അര്‍ത്ഥവും നല്‍കി സഹായിക്കാന്‍ ഇസ്‌ലാംവിരോധികള്‍ തയ്യാറായതുകൊണ്ടുമാത്രം.
ഇനി മീര്‍സയുടെ പരിണാമ ഘട്ടങ്ങളില്‍ ചിലത് സ്വന്തം വാക്കുകളില്‍ നിന്നു വായിക്കാം: ‘ഞാന്‍ അവതാരമാകുന്നു; ഹിന്ദുക്കളുടെ എല്ലാ അവതാരങ്ങളെക്കാളും മഹാനായ രാധാകൃഷ്ണന്റെ അവതാരമാകുന്നു. ക്രിസ്ത്യാനികള്‍ക്ക് ഞാന്‍ യേശുക്രിസ്തുവാണ്’ (ലക്ചര്‍ സിയാല്‍കോട്ട്, പു 33,34). ‘കൃഷ്ണാ, രുദ്രഗോപാലാ നിന്റെ മഹത്ത്വം ഗീതയില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് എനിക്ക് വഹ്യുണ്ടായി’ (അതേ പുസ്തകം പു 34). ”ഞാന്‍ ആദമും നൂഹും ഇബ്റാഹീമും ഇസ്ഹാഖും യഅ്ഖൂബും ഇസ്മാഈലും മൂസയും ദാവൂദും ഈസയും കൃഷ്ണനെന്ന പ്രവാചകനുമാണ്” (തതിമ്മയേ ഹഖീഖത്തുല്‍ വഹ്യ്, പു 84,85). ”എന്റെ അവയവങ്ങള്‍ അല്ലാഹുവിന്‍റേതാകുന്നു. പുതിയ പ്രപഞ്ചവ്യവസ്ഥിതി കരുതി ഞാന്‍ ആകാശവും ഭൂമിയും പടച്ചു. നക്ഷത്രങ്ങള്‍കൊണ്ട് ഭംഗിയാക്കി. പിന്നീട് ആദമിനെ സൃഷ്ടിച്ചു. അങ്ങനെ നാം സ്രഷ്ടാവായിരിക്കുന്നു” (ആയിനയേ കമാലാതേ ഇസ്‌ലാം, പേ 565).
കൃഷ്ണന്‍, യേശു തുടങ്ങി തനിക്കറിയാവുന്ന ഓരോരുത്തരുടെയും അവതാരമാണെന്ന് അവകാശപ്പെടുകയാണിവയില്‍. ഒന്നുകൂടി മുന്നോട്ടുനീങ്ങി എല്ലാംപടച്ച സ്രഷ്ടാവും അയാള്‍തന്നെയാണെന്നും!
സ്ഥിരതയില്ലാത്ത ഒരാളുടെ ജല്‍പനങ്ങളാണ് മീര്‍സയുടെ വഹ്യുകള്‍ എന്ന് തിരിച്ചറിയാന്‍ ചില വൈരുദ്ധ്യങ്ങള്‍ കാണുക: ‘ശപിക്കുക എന്നത് വിശ്വസ്തരുടെ (സ്വിദ്ദീഖ്) നടപടിയല്ലെന്ന്’ പ്രഖ്യാപിച്ച (ഇസാലയേ ഔഹാം, 660) മീര്‍സതന്നെ, തന്റെ ശത്രുക്കള്‍ക്കെതിരെ ആയിരംപ്രാവശ്യം ശാപം ചൊരിഞ്ഞിരിക്കുന്നു (നൂറുല്‍ഹഖ് 118122). ആയിരം ശാപമുണ്ടാവട്ടെ എന്ന് മൊത്തത്തില്‍ പരാമര്‍ശിക്കുകയൊന്നുമല്ല അയാള്‍ ചെയ്തത്. ഒന്നുമുതല്‍ ക്രമനമ്പരിട്ട് ‘ലഅ്നത്ത്’ എന്നുവ്യക്തമാക്കി ആയിരം ശാപം എറിഞ്ഞുകൊടുക്കുക തന്നെ. ഇദ്ദേഹം വിശ്വസ്തനല്ലെന്നതിന് ഒന്നാന്തരം ദൃഷ്ടാന്തമാണിത്.
‘മുഹമ്മദ്നബി(സ്വ) അന്ത്യപ്രവാചകനാണെന്നും നബിക്കുശേഷം ഒരു പ്രവാചകന്‍ വരില്ലെ’ന്നും തുറന്നെഴുതിയ (ഇസാലയേ ഔഹാം 614) മീര്‍സതന്നെ ഇക്കാര്യം പൂര്‍ണമായി വിസ്മരിച്ച് പിന്നീടു പറഞ്ഞതിങ്ങനെ: ‘പതിനാലാം നൂറ്റാണ്ടില്‍ നിയുക്തനായ ഞാന്‍ ഏറ്റവും അവസാനത്തവനാകുന്നു’ (തദ്കിറത്തുശ്ശഹാദതൈന്‍ 35).
നബിവാദവുമായി പ്രത്യക്ഷപ്പെട്ടാല്‍ സമ്പൂര്‍ണമായി തിരസ്കരിക്കപ്പെടുമെന്ന് മീര്‍സക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് മുന്‍കാല പ്രവാചകന്‍ ഈസാ(അ) അന്ത്യസന്ദര്‍ഭത്തില്‍ ഇറങ്ങിവരുമെന്ന മുസ്‌ലിം വിശ്വാസത്തില്‍ ഇദ്ദേഹം കേറിപ്പിടിച്ചത്. അതുസംബന്ധമായുള്ള ഹദീസുകളും ഈസാ(അ)ന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പണ്ഡിതവചനങ്ങളും ദുര്‍വ്യാഖ്യാനം നടത്തുകയാണ് അവസാന കൈ ആയി മീര്‍സ എടുത്തുപയോഗിച്ച തന്ത്രം. അതിനുവേണ്ടി ഈസ(അ) മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതിന്റെ മുമ്പ്, താന്‍ നബിയാണെന്നു പരസ്യപ്പെടുത്തി ഇരുപതു വര്‍ഷത്തോളവും ഈസ(അ) ആകാശത്ത് ജീവിച്ചിരിക്കുകയാണെന്ന് മീര്‍സ തുറന്നു പറഞ്ഞിരുന്നു.
അദ്ദേഹം എഴുതി: ‘ഈ ആയത്ത് (അസ്വഫ്/10) ഹസ്രത് മസീഹിനെ കുറിച്ചുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ ഒരു പ്രവചനമാണ്. ഇസ്‌ലാമിന്റെ വാഗ്ദത്ത വിജയം മസീഹ് മുഖേന വെളിപ്പെടും. അദ്ദേഹം രണ്ടാമതും ലോകത്ത് വരുന്നതോടെ അദ്ദേഹത്തിന്റെ കരങ്ങളാല്‍ ഇസ്‌ലാം മതം ചക്രവാള സീമകള്‍ ലംഘിച്ച് വ്യാപിക്കും… (ബറാഹീനെ അഹ്മദിയ്യ). ആകാശത്ത് ജീവിച്ചിരിക്കുന്ന ഈസാ(അ) തിരിച്ചുവരുമെന്ന് വ്യക്തമാക്കിയതാണിത്. രണ്ടാം വരവ് എന്ന് തെളിച്ചെഴുതുകയും ചെയ്തിട്ടുണ്ട്.
ഹസ്രത്ത് മസീഹ്(അ) ഉഗ്രപ്രതാപത്തോടെ ലോകത്തിറങ്ങും. അദ്ദേഹം അസത്യത്തിന്റെയും മാലിന്യത്തിന്റെയും പൊടിപടലങ്ങളില്‍ നിന്ന് എല്ലാ മാര്‍ഗവും വൃത്തിയാക്കുമെന്നും മീര്‍സ എഴുതി (ബറാഹീനെ അഹ്മദിയ്യ).
ഈസാ(അ) ഇറങ്ങുക എന്നാല്‍ മറ്റൊരാള്‍ മഹാനുഭാവന്റെ സ്വഭാവ ഗുണങ്ങളിലായിത്തീരുകയെന്നാണെന്ന് പില്‍ക്കാലത്ത് മീര്‍സായികള്‍ വാദിക്കുന്നുവെങ്കിലും ‘വഹ്യി’ന്റെ അടിസ്ഥാനത്തില്‍ മീര്‍സ പറഞ്ഞിരുന്നത് ആകാശത്തുനിന്ന് സര്‍വവിജ്ഞാനങ്ങളോടെയും ഈസാ(അ) ഇറങ്ങിവരുമെന്നു തന്നെയായിരുന്നു (ആയിനേ കമാലാതേ ഇസ്‌ലാം, പേ 409). ഈസാ(അ) ഭരണാധികാരിയായി തിരിച്ചുവരുമെന്നുപോലും മീര്‍സ എഴുതുകയുണ്ടായി.
നബിയാണെന്നു വാദിച്ചിരുന്ന കാലഘട്ടങ്ങളില്‍ ‘വഹ്യടിസ്ഥാനത്തില്‍’ നടത്തിയിരുന്ന ഈ പ്രവചനങ്ങള്‍ പക്ഷേ, പില്‍ക്കാലത്ത് ഖാദിയാനിക്ക് ബാധ്യതയായിത്തീര്‍ന്നത് സ്വാഭാവികം. വരാനിരിക്കുന്ന ഈസാ(അ) താന്‍ തന്നെയാണെന്ന് സമര്‍ത്ഥിക്കാന്‍ ഇതു വലിയ തടസ്സം സൃഷ്ടിച്ചു. അങ്ങനെ ഈസാ(അ) ജീവിച്ചിരിപ്പില്ലെന്നതിനു മഴപോലെയുള്ള വഹ്യ് നിര്‍മിച്ചുകൊണ്ട് മീര്‍സ ചുവടുമാറ്റം നടത്തി. തദാവശ്യാര്‍ത്ഥം മുമ്പു പറഞ്ഞതൊക്കെയും വിഴുങ്ങുകയോ ന്യായീകരിച്ചൊപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തു (ഹഖീഖതുല്‍ വഹ്യ്/149).
ഇങ്ങനെയുള്ള ചുളിവുകള്‍ സൃഷ്ടിച്ച്, ദുര്‍വ്യാഖ്യാനങ്ങള്‍ നെയ്ത് നബിയാകാന്‍ കഷ്ടപ്പെടേണ്ട ദൗര്‍ബല്യം എന്തായാലും പൂര്‍വിക പ്രവാചകന്മാരില്‍ ആര്‍ക്കുമുണ്ടായിട്ടില്ല. അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച സമയത്ത് പ്രവാചകത്വം ലഭിക്കുകയാണുണ്ടായത്. അതിന്റെ മുമ്പ് പലവിധ ഘട്ടങ്ങള്‍ തരണം ചെയ്ത്, അവതാരങ്ങളായി അഭിനയിച്ച്, രാമനും കൃഷ്ണനും കളി നടത്തി അവസാനം ഈസബ്നു മറിയ(അ)മില്‍ പരകായ പ്രവേശം നടത്തിയല്ല അവരാരും നബിമാരായത്. കഷ്ടമെന്നല്ലാതെന്തു പറയാന്‍, മീര്‍സക്ക് നബിക്കളി നടത്താന്‍ ഇതും അപ്പുറവും വേണ്ടി വന്നു. പച്ചപ്പകലെന്നാല്‍ കടുകട്ടി പാതിര എന്നപോലെ മീര്‍സബ്നു ചിറാഗ് ബീവി എന്നാല്‍ ഈസബ്നു മറിയം ബീവി എന്നു വിശ്വസിക്കാന്‍ മതപ്രമാണങ്ങളില്‍ ചെറുജ്ഞാനമെങ്കിലുമുള്ളവര്‍ക്കാര്‍ക്കും കഴിയില്ല തന്നെ!
(തുടരും)

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ