നബി(സ്വ)യുടെ പ്രബോധിതർ എന്നതു കൊണ്ടു മാത്രം ഇതരസമൂഹങ്ങൾക്കില്ലാത്ത നിരവധി ശ്രേഷ്ഠതകളുള്ളവരാണ് ഉമ്മത്ത് മുഹമ്മദിയ്യ. അവർക്കാണ് സൃഷ്ടി ശ്രേഷ്ഠരുടെ ദഅ്വത്തിനു സാക്ഷിയാകാനായത്. അവർ വഴിയാണ് ഇസ്ലാം ലോകവ്യാപകമായി അന്ത്യദിനം വരെയും നിലനിൽക്കുന്നത്. ദൈവിക ഗ്രന്ഥങ്ങളിൽ അത്യുന്നതമായ ഫുർഖാനുൽ അളീമിന്റെ വാഹകരും അവരാണ്. എല്ലാത്തിലുമുപരി പരിശുദ്ധ ദീനിന്റെ സംപൂർത്തിക്ക് നാഥൻ തിരഞ്ഞെടുത്തത് അവരെയാണ്. എല്ലാം, ഈ സമൂഹത്തെ സത്യത്തിലേക്കു നയിച്ച കരുണയുടെ ദൂതരുടെ പ്രത്യേകതകൾ. അവിടുത്തെ സാന്നിധ്യം ഈ സമൂഹത്തെ സർവരെക്കാളും ഉന്നതിയിലെത്തിച്ചു. പൂർവിക പ്രവാചകന്മാരുടെ ദഅ്വതിനു തെളിവു നൽകാനുള്ള യോഗ്യത തന്നെ സർവാധിരാജൻ അവർക്കു നൽകി. അന്ത്യദിനത്തിന്റെ മഹാപ്രളയത്തിലും ദജ്ജാലിന്റെ പ്രലോപനങ്ങളിലും പെട്ടുലയാതെ സത്യത്തിന്റെ തിരിനാളം ഉയർത്തിപ്പിടിക്കാനും അവരുണ്ടാകും. തിരുദൂതരുടെ അനുയായികളായി നാളെ പരലോകത്ത് ആത്മാഭിമാനത്തോടെ, കൈകാലുകളും മുഖവും പ്രകാശം പൊഴിച്ച് നാമുണ്ടാവും. എല്ലാം നമ്മുടെ നായകന്റെ പുണ്യം- സ്വല്ലല്ലാഹു അലാ മുഹമ്മദ്(സ്വ).
മുഹമ്മദീയ സമൂഹത്തിന്റെ പരമോന്നതി വിശദീകരിക്കുന്ന നിരവധി ഖുർആൻ-ഹദീസ് വചനങ്ങളുണ്ട്. വിവിധ ഗ്രന്ഥങ്ങളുമുണ്ട്. ഇസ്ലാമിക ചരിത്രവും സംസ്കാരവും പുരസ്കരിച്ച് ഗ്രന്ഥരചന നടത്തിയവരും ഇതേകുറിച്ച് പ്രാധാന്യപൂർവം ചർച്ച ചെയ്തിട്ടുണ്ട്. അത്തരം ദീർഘ പഠനങ്ങളെയും പ്രമാണവചനങ്ങളെയും മാറ്റിവെച്ച് സൂറത്ത് അഅ്റാഫ് 154-ാം വചനം വിശദീകരിച്ച് ഇമാം ഖതാദ(റ)യിൽ നിന്ന് ഇബ്നു കസീർ ഉദ്ധരിക്കുന്ന ഒരു സംഭവം മാത്രം ഇവിടെ ചേർക്കാം. മൂസാ നബി(അ) തന്റേതാക്കി തരേണമേ എന്ന് അല്ലാഹുവോട് യാചിക്കുന്ന പ്രത്യേക വിശേഷണമുള്ള സമൂഹത്തെക്കുറിച്ച് അത് നബി(സ്വ)യും ഉമ്മത്താണെന്ന അല്ലാഹുവിന്റെ പ്രത്യുത്തരത്തിൽ കാര്യങ്ങളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. ഈ സംഭവത്തിൽ മഹാൻ എണ്ണിപ്പറയുന്ന ഓരോ ഗുണം കൊണ്ടും നാഥൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. സംഗ്രഹമിങ്ങനെ:
മൂസാ(അ) തൗറാത്തുമായി വന്ന് അത് പാരായണമാരംഭിച്ചപ്പോൾ അതി ശ്രേഷ്ഠരായ ഒരു സമൂഹത്തെ തന്റെ വേദത്തിൽ കാണാനിടയാകുന്നു. സ്വാഭാവികമായും അത് തന്റെ സമൂഹമാകാൻ അവിടുന്ന് അഭിലഷിച്ചു. മഹാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു: ‘നാഥാ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ ഞാൻ തൗറാത്തിൽ കണ്ടു. അവരെ എന്റെ സമൂഹമാക്കിത്തരണം’. അല്ലാഹു പറഞ്ഞു: ഇല്ല, അത് മുഹമ്മദ് നബിയുടെ ഉമ്മത്തുകളാണ്. മൂസാ(അ) തുടർന്നു: നാഥാ, എന്റെ ഗ്രന്ഥത്തിൽ ഞാനൊരു സമൂഹത്തെ ദർശിക്കുന്നു. അവർ ഒടുവിലാണ് ലോകത്തെത്തുന്നതെങ്കിലും ഒന്നാമതായി സ്വർഗപ്രവേശം നേടും. അവരെയെങ്കിലും എന്റെ ഉമ്മത്തുകളാക്കണം. പഴയ മറുപടി തന്നെ അല്ലാഹു ആവർത്തിച്ചു: അത് താങ്കളുടെ സമൂഹമല്ല, മുഹമ്മദ് നബിയുടേതാണ്. മൂസാ നബി(അ) പാരായണം തുടർന്നു. വ്യത്യസ്ത വിശേഷണങ്ങളുമായി നമ്മുടെ സമുദായത്തെക്കുറിച്ച് കാണുമ്പോഴെല്ലാം അത് വ്യത്യസ്തരായ ഓരോരോ വിഭാഗങ്ങളാണെന്ന ധാരണയിൽ മഹാൻ പ്രാർത്ഥന തുടർന്നു കൊണ്ടിരുന്നു. വേദഗ്രന്ഥം മനഃപാഠമായി സൂക്ഷിക്കുന്ന, പൂർവികർ നോക്കിയാണ് അത് പാരായണം ചെയ്തതെങ്കിൽ അവർ ഓർമയിൽ നിന്ന് വായിക്കുന്നവരാണ്- അങ്ങനെ ഒരു വിഭാഗത്തെക്കുറിച്ചും തൗറാത്ത് പറയുന്നു. അവരെ എന്റെ സമൂഹമാക്കി തരേണം. ആദ്യ വേദത്തെയും അന്ത്യവേദത്തെയും ഒരുപോലെ വിശ്വസിക്കുകയും അധർമത്തിന്റെ വകുപ്പുകളോരോന്നിനോടും ധർമസമരം നടത്തി ഒടുവിൽ ദജ്ജാലിനോടു തന്നെയും പോരാട്ടത്തിലേർപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗം, മുൻഗാമികളുടെ ദാനധർമങ്ങൾ സ്വീകാര്യമായെങ്കിൽ ഉപരി ലോകത്തു നിന്ന് അഗ്നിയിറങ്ങി അത് കരിച്ചു കളയുകയും തിരസ്കരിച്ചാൽ വന്യമൃഗങ്ങളും പക്ഷികളും ഭക്ഷിച്ചു തീർക്കുകയുമായിരുന്നു പതിവ്. എന്നാൽ സ്വദഖകൾ ഭക്ഷിക്കാൻ അവകാശമുള്ള, സമ്പന്നരിൽ നിന്ന് സ്വീകരിച്ച് ദരിദ്രർക്ക് ഉപയോഗിക്കാൻ അനുമതിയുള്ള ഒരു സമൂഹം, ഒരു നന്മ ഉദ്ദേശിച്ച് അത് ചെയ്യാനായില്ലെങ്കിലും പ്രതിഫലം ലഭിക്കുന്നവരും കരുതിയ കാര്യം പ്രവർത്തിക്കുക കൂടി ചെയ്താൽ പത്തു മുതൽ എഴുപതു വരെ ഇരട്ടി ഫലം ലഭിക്കുന്നവരുമായ വിഭാഗം, ഇതേ പ്രകാരം തിന്മ വിചാരിക്കുന്നതു കൊണ്ടു മാത്രം ശിക്ഷ ലഭിക്കാതെ ദോഷം പ്രവർത്തിച്ചവർക്കു അതിന്റെ തോതനുസരിച്ചു മാത്രം ശിക്ഷ ലഭിക്കുന്നവരുമായ വർഗം, ഉത്തരം ലഭിക്കുന്നവരും കൊടുക്കുന്നവരുമായവർ, ശിപാർശ ലഭിക്കുന്നവരും നൽകുന്നവരുമായവർ ഇങ്ങനെ ഓരോ ഗുണങ്ങളും വാഴ്ത്തി അവരെ എന്റെ ഉമ്മത്തുകളാക്കണമെന്ന് മൂസാ(അ) ആവശ്യപ്പെടുന്നു. അപ്പോഴൊക്കെയും അല്ലാഹു ഒരേയൊരു മറുപടി മാത്രം നൽകി- അത് മുഹമ്മദ് നബി(സ്വ)യുടെ അനുയായികളാണ്!
ഖതാദ(റ) വിശദീകരിക്കുന്നു: ഇത്രയുമായപ്പോൾ മൂസാനബി(അ) തൗറാത്ത് മാറ്റി വെച്ച് മറ്റൊരു പ്രാർത്ഥന നടത്തുകയുണ്ടായി: നാഥാ, എന്നെ മുഹമ്മദീയ സമൂഹത്തിലെ ഒരാളായി മാറ്റിത്തരേണമേ… (തഫ്സീർ ഇബ്നുകസീർ 3/479).
പൂർവിക പ്രവാചകന്മാരിൽ ഉന്നതനായ മൂസാ(അ), ഈ ഉമ്മത്തിനെക്കുറിച്ച് സ്വന്തം വേദത്തിൽ നിന്ന് കൃത്യമായി മനസ്സിലാക്കിയപ്പോൾ നമ്മിൽപ്പെട്ട ഒരാളാവാൻ മോഹിച്ചതും അങ്ങനെ ആക്കിത്തരാൻ റബ്ബിനോടു പ്രാർത്ഥിച്ചതുമാണിത്. ഈ സമൂഹത്തിന് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അല്ലാഹു നൽകിയ ഗുണവിശേഷങ്ങളുടെ വിശദീകരണം കൂടിയാണ് ഈ സംഭവം. സൂറതുൽ ഹജ്ജിന്റെ അവസാന സൂക്തത്തിൽ പരാമർശിക്കുന്നതുപോലെ പൂർവിക സമൂഹത്തിനുണ്ടായിരുന്ന അതികഠിനമായ മതനിയമങ്ങൾ ലഘൂകരിച്ചതടക്കം മറ്റനവധി പ്രത്യേകതകൾ ഉമ്മത് മുഹമ്മദിനുണ്ട്. ഒന്നും നമ്മുടെ മിടുക്ക് കൊണ്ടല്ല. മറിച്ച് നമ്മെ നൻമയുടെ തീരത്തെത്തിച്ച, എപ്പോഴും നമുക്കായി പ്രാർത്ഥിച്ച, നമ്മെ നരകാഗ്നിയിൽ നിന്ന് ഊരക്കെട്ടിനു പിടിച്ചു രക്ഷപ്പെടുത്തുന്ന, അതി തീവ്രവും കഠിനവുമായ നിരവധി സന്ദർഭങ്ങളിൽ കഷ്ടപ്പാടുകളനുഭവിച്ചിട്ടും അല്ലാഹു നൽകിയ പ്രത്യേക പ്രാർത്ഥനാധികാരം വിനിയോഗിക്കാതെ നാളെ ഈ സമൂഹത്തിനു ശിപാർശ നൽകാനായി അത് മാറ്റിവെച്ച, നമ്മുടെ പാപങ്ങളും ഭാരവും ഇറക്കിവെച്ചു തന്ന തിരുദൂതരുടെ കാരണത്താൽ മാത്രം. ഇമാം ബൂസ്വീരി(റ) പറഞ്ഞല്ലോ, അവന്റെ മതത്തിലേക്ക് ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയായ നബി(സ്വ)യെ കൊണ്ട് നാഥൻ നമ്മെ ക്ഷണിച്ചതിനാൽ നാം ഏറ്റവും ഉന്നതമായ സമൂഹമായി തീർന്നിരിക്കുന്നു. അതേ, എല്ലാവരും ആദരിക്കുകയും പരലോകത്ത് പ്രകാശം പൊഴിക്കുകയും ചെയ്യുന്ന ഉമ്മത്ത് മുഹമ്മദ് -സ്വല്ലല്ലാഹു അലൈഹിവസല്ലം.
മുഹമ്മദ് മിൻഹാജ്