മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ കാലത്ത്, ഇസ്‌ലാമിക ഭരണ നിയമങ്ങള്‍ നടപ്പിലായിരുന്ന ഭൂപ്രദേശങ്ങള്‍ പ്രവിശാലമായിരുന്നു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും നീണ്ടുകിടന്ന “സൂര്യനസ്തമിക്കാത്ത സാമ്രാജ്യ’മായിരുന്നുവത്. അന്ത്യദൂതരുടെ മൂന്നാം സ്ഥാനപതിയുടെ ഈ അധികാര വികാസവിജയത്തിന്റെ സവിശേഷ കാരണത്തെക്കുറിച്ച് ചരിത്ര നിരൂപകനായ അല്ലാമാ ഇബ്നുകസീര്‍ പറയുന്നു: “ഖുര്‍ആന്‍ പാരായണപഠന ശീലത്തിന്റെ ബറകത്താണതിനു നിമിത്തം. വിശുദ്ധ ഗ്രന്ഥം നഷ്ടപ്പെടാതെ, സമാഹരിച്ചു സമുദായത്തിനാകെ ലഭ്യമാക്കിയതിന്റെയും പുണ്യമാണത്.’
വിശുദ്ധ ഖുര്‍ആനിനോടു പുലര്‍ത്തിയ സ്നേഹാദരവുകളുടെ പുണ്യ ഫലം തന്നെയായിരുന്നു ഉസ്മാനിയ ഖിലാഫത്തിന്റെയും ഉജ്ജ്വല വളര്‍ച്ച. ഖിലാഫത്തുര്‍റാശിദക്കു ശേഷം മുസ്‌ലിം ചരിത്രത്തില്‍ അദ്വിതീയരായ സച്ചരിതര്‍ ഭരിച്ച ഇസ്‌ലാം പൂള്‍ (ദാറുല്‍ ഇസ്‌ലാം) സുല്‍ത്താന്മാരുടെ തുടക്കക്കാരനാണു ഉസ്മാനുല്‍ ഗാസി. അദ്ദേഹം ഉയരങ്ങള്‍ കീഴടക്കിയത് അല്ലാഹുവിന്റെ വചനത്തെ ആദരിച്ചതു കാരണമത്രെ… അതിഥിയായി കടന്നുചെന്ന ഒരു വീട്ടില്‍ അദ്ദേഹം ഒരു മുസ്വ്ഹഫ് കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടു. അതെന്താണെന്നു ആരാഞ്ഞപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു, അല്ലാഹുവിന്റെ കലാമാണെന്ന്. ഉടനെ അദ്ദേഹം പ്രതികരിച്ചു: അല്ലാഹുവിന്റെ കലാമിനു മുമ്പില്‍ നാം ഇരിക്കുന്നത് അദബല്ല’. അദ്ദേഹം ആ മുസ്വ്ഹഫിലേക്ക് തിരിഞ്ഞ് സുബ്ഹ് നിസ്കാര സമയമാകുവോളം നാവടക്കി എഴുന്നേറ്റുനിന്നു. സുബ്ഹായപ്പോള്‍ പുറത്തിറങ്ങി. വഴിയില്‍ ഒരു അപരിചിതനെ കണ്ടുമുട്ടി. “ഞാന്‍ താങ്കളെ കാത്തുനില്‍ക്കുകയാണ്. അല്ലാഹു താങ്കളെ ബഹുമാനിച്ചിരിക്കുന്നു. താങ്കള്‍ക്കും പുത്രപരമ്പരക്കും അവന്‍ അധികാര പദവികള്‍ നല്‍കിയിരിക്കുന്നു. അവന്റെ വിശുദ്ധ കലാമിനെ താങ്കള്‍ ആദരിച്ചതിനു പകരമാണിത്.’ അപരിചിതന്‍ അറിയിച്ചു.
ഒരു വൃക്ഷക്കൊമ്പ് മുറിച്ചെടുത്ത് അതിന്റെ അറ്റത്ത് ഒരു തൂവാല കെട്ടാനും അപരിചിതന്‍ നിര്‍ദേശിച്ചു, പതാകയായി ഉപയോഗിക്കാന്‍. അവിടെ മറ്റു ചില അപരിചിതരും ഒത്തുകൂടി. അവരൊന്നിച്ച് ബലാജിക്കിലേക്ക് ആദ്യ മുന്നേറ്റത്തിനു പുറപ്പെട്ടു. അല്ലാഹുവിന്റെ സഹായത്താല്‍ ബലാജിക് കീഴടക്കി. ഉസ്മാന്‍ താമസംവിനാ സുല്‍ത്താന്‍ പദവിയിലെത്തി. തന്റെ കാലശേഷം പുത്രന്‍ അധികാരമേല്‍ക്കുകയും ഇലാഹീ സഹായത്താല്‍ ഒട്ടേറെ ഭൂപ്രദേശങ്ങള്‍ കീഴടക്കുകയും ചെയ്തു. അങ്ങനെ ഉസ്മാനിയ്യ ഖിലാഫത്ത് വളരുകയാണ്, ഇക്കാലം വരേക്കും. പൂര്‍വ പിതാവ് വിശുദ്ധ ഖുര്‍ആനോട് ആദരവു പുലര്‍ത്തിയതിന്റെ ഫലമായിട്ട്…’ ഇസ്തംബൂളിലിരുന്ന് വിശുദ്ധ ഖുര്‍ആന് വ്യാഖ്യാനം തയ്യാറാക്കുന്നതിനിടയില്‍ അല്ലാമാ ഇസ്മാഈല്‍ ഹിഖി(റ) ഉസ്മാനിയ്യ സാമ്രാജ്യ വളര്‍ച്ചയുടെ അടിസ്ഥാന കാരണത്തെക്കുറിച്ച് ആവര്‍ത്തിച്ചെഴുതുകയുണ്ടായി (തഫ്സീര്‍ റൂഹുല്‍ ബയാന്‍).
അല്ലാഹുവിന്റെ വാഗ്ദാനമായിരുന്നു ഉസ്മാനിയ്യ ഭരണമെന്ന് വിശുദ്ധ ഖുര്‍ആനിലെ അഗാധ പൊരുളറിയുന്നവര്‍ പ്രഖ്യാപിച്ചു. ആകാശ ഭൂമികളിലെ ഗോപ്യസംഗതിയൊന്നുപോലും സുവ്യക്തരേഖയില്‍ നിന്നും വിട്ടുപോയിട്ടില്ല എന്നു സാരമുള്ള ഖുര്‍ആന്‍ സൂക്തത്തിന്റെ (നംല്/75) വ്യാഖ്യാനത്തില്‍ അല്ലാമാ മുഹമ്മദ് ആലൂസി കുറിച്ചുവെച്ചു: “സുവ്യക്ത രേഖയെന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ എന്നും അഭിപ്രായമുണ്ട്. അതില്‍ എല്ലാ ഗോപ്യവും അടക്കം ചെയ്തിട്ടുണ്ട്. അവസാനം വരുന്നവരുടേതടക്കം എട്ടു സുല്‍ത്താന്മാരുടെയും പേരുകളും അവരുടെ ഭരണകാലയളവും സൂറത്തുല്‍ ഫാതിഹയില്‍ നിന്നും കണ്ടെടുത്ത അഗാധ ജ്ഞാനിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അന്ത്യനാള്‍ വരേക്കും അല്ലാഹു ആ മഹത്തായ ഭരണം നിലനിറുത്തുമാറാകട്ടെ; മുസ്‌ലിംകളുടെ ക്ഷേമത്തിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവരെ അല്ലാഹു തുണക്കട്ടെ’ (റൂഹുല്‍ മആനി, ആലൂസി).
ലോക മുസ്‌ലിംകള്‍ അഭിപ്രായ ഭേദമന്യേ (ഖലീഫക്കെതിരെയുള്ള നജ്ദിയന്‍ വിപ്ലവമൊഴിച്ചാല്‍) ഉസ്മാനിയ്യ ഖലീഫമാരെ അംഗീകരിച്ചു ഉടമ്പടി ചെയ്തു. സുല്‍ത്താന്‍ സലീം ഹിജ്റ 918ല്‍, ഖാളി സ്വലാഹുദ്ദീന്‍(റ)യുടെ എഴുത്തുമായി, മുസ്ലിഹ് ബേഗ് എന്നു പേരുള്ള തന്റെ പ്രതിനിധിയെ ഹറമുകളിലെ പണ്ഡിതപ്രമുഖരെ കാണാനയച്ചു. അന്നത്തെ ഹറം സ്ഥാനപതി ശരീഫ് ബറകാത്ത്, തന്റെ പുത്രന്‍ അബീനമാ ശരീഫ് എന്നിവരെ പ്രതിനിധി സന്ദര്‍ശിച്ചു. അവര്‍, ഹറമുകളിലെ ഉലമാക്കളുടെ അംഗീകാരത്തോടെ, സുല്‍ത്താന്‍ സലീമിന്റെ ഖിലാഫത്ത് അംഗീകരിച്ചു ബൈഅത്തു ചെയ്തു. അതു പിന്നീടും തുടര്‍ന്നു. ഇരുഹറമുകളിലെയും ഭരണാധികാരികളും ഉലമാക്കളും അതാതു കാലത്തെ ഉസ്മാനി സുല്‍ത്താന്മാരെ പിന്തുണച്ചു (അല്‍ഫുതൂഹാതുല്‍ ഇസ്‌ലാമിയ്യ, അല്ലാമാ സൈനീ ദഹ്ലാന്‍).
ഇസ്‌ലാമിക ഭരണകൂടചരിത്രം കൃത്യമായറിയുന്ന ഏതൊരാളും സമ്മതിക്കുന്ന ഖണ്ഡിതമായ ഒരു കാര്യമുണ്ട്; സച്ചരിതരായ ആദ്യ ഖുലഫാക്കളുടെ കാലശേഷം നിലവില്‍വന്ന സകല ഭരണകൂടങ്ങളേക്കാളും ഉത്തമമായതാണ് ഉസ്മാനിയ്യ സാമ്രാജ്യമെന്ന യാഥാര്‍ത്ഥ്യം. ജ്ഞാനികള്‍ ഇക്കാര്യത്തില്‍ ഏകകണ്ഠരാണ്. കാരണം, അവര്‍ അഹ്ലുസ്സുന്നയുടെ പാതയില്‍ ചരിക്കുന്നവരാണ്. ശരിയായ വിശ്വാസം ഉള്‍ക്കൊള്ളുന്നവരാണ്, അഹ്ലുസ്സുന്നയെ സഹായിക്കുന്നവരാണ്, സ്വഹാബത്തിനെയും അഹ്ലുബൈത്തിനെയും ഉലമാക്കളെയും ഔലിയാക്കളെയും ആദരിക്കുന്നവരുമാണ്. അവര്‍ക്കിടയില്‍ വ്യതിചലനമോ നവവാദങ്ങളോ ഇല്ല. കേളികേട്ട വിജയങ്ങളും സമരൗത്സുക്യവും ധാരാളം യുദ്ധമുന്നേറ്റങ്ങളും അവര്‍ക്ക് സ്വന്തമായി പറയാനുണ്ട്. ഇസ്‌ലാമിക ശിആറുകളെ വിശിഷ്യാ ശ്രേയസ്സേറിയ ഇരുഹറമുകളെ പരിപാലിക്കുന്നവരാണവര്‍…’ ചരിത്ര ജ്ഞാനിയായ സാത്വികന്‍ അല്ലാമാ സൈനി ദഹ്ലാന്‍ വ്യക്തമാക്കുകയുണ്ടായി (അല്‍ഫുതൂഹാത്).
അല്ലാമാ സ്വലാഹുദ്ദീനുസ്വഫ്ദി(റ) പറഞ്ഞു: ഉസ്മാനിയ്യാ സുല്‍ത്താന്മാരുടെ ശക്തിയും അധികാരവും അന്ത്യനാള്‍ വരെയും നിലനില്‍ക്കേണ്ടതായിട്ടുണ്ട്. ഇമാം മഹ്ദിയോടൊപ്പം ദീന്‍ ശാക്തീകരണ ശ്രമങ്ങളില്‍ അവരുണ്ടാകണം. അതിനാല്‍ അവര്‍ക്കുവേണ്ടി ദുആ ചെയ്യണം. അവര്‍ക്കെതിരെ സമരത്തിനിറങ്ങുന്നവര്‍ വഴികെട്ടവരാണ്. ഇസ്‌ലാമിക അധികാരം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ദീന്‍ വെളിപ്പെടുത്താനും ബിദ്അത്തുകള്‍ക്ക് അന്ത്യം കുറിക്കാനും അവരെ പിന്തുണക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാകുന്നു (അല്‍ഫുതൂഹാത്).
അതിലളിതമായ പദ്ധതികളിലൂടെ ശത്രുക്കള്‍ ഉസ്മാനിയ ഖിലാഫത്തിനെതിരെ പ്രവര്‍ത്തിച്ചു, ഒടുവില്‍ അതു ദുര്‍ബലമായി.
ഒന്നാം ലോക മഹായുദ്ധാനന്തരം, ഖലീഫയെ വഞ്ചിച്ച ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മലബാറില്‍ പണ്ഡിതരോഷം ഉയര്‍ന്നു. പ്രതിഷേധ സമരങ്ങളുടെ നയവും ന്യായവും വ്യക്തമാക്കിക്കൊണ്ട് അല്ലാമാ ആമിനുമ്മാന്‍റകത്ത് ഫരീദ് കുട്ടി മുസ്ലിയാര്‍ ഗ്രന്ഥമെഴുതി; മുഹിമ്മാതുല്‍ മുഅ്മിനീന്‍. “ഈ പറഞ്ഞതുകൊണ്ട്, അറിയപ്പെട്ട ഉസ്മാനിയ്യായ സുല്‍ത്താന്മാര്‍ ഹഖായ ഖിലാഫത്തിന്റെ അഹ്ലുകാരാകുന്നു, അവരീന്നുള്ള ഒരു ഖലീഫയുടെ രാജശക്തി ശേഷി കെടുന്നതുകൊണ്ടും മേല്‍ശക്തി നീങ്ങിപ്പോകുന്നതു കൊണ്ടും കാഫിരീങ്ങള്‍ അവരെ ചിറപിടിക്കല്‍ കൊണ്ടും അവരെ വിലായത്ത് ബാഥിലാകുന്നതല്ല. അവര്‍ ഖിലാഫത്തിനെതൊട്ട് നീങ്ങേണ്ടുന്നതുമല്ലെന്ന് തുഹ്ഫ എന്ന കിതാബില്‍ രണ്ടു സ്ഥലത്ത് വിസ്തീര്‍ണമായി പറഞ്ഞതിനാല്‍ അറിയപ്പെട്ടിരിക്കുന്നു’ (മുഹിമ്മാതുല്‍ മുഅ്മിനീന്‍).
ഖിലാഫത്തിനെതിരെയുള്ള കരുനീക്കങ്ങള്‍ക്കു ഊര്‍ജം പകര്‍ന്ന ബ്രിട്ടീഷ് ഭരണകൂടത്തോട് സ്വാഭാവികമായ ശത്രുത വേണമെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു: “ലോകര്‍ ഒരുമിച്ചുകൂടി നില്‍ക്കുന്ന ഖലീഫക്ക് എതിരായി ലോകരെ കൂട്ടം പിരിക്കാന്‍ വന്നവന്‍ ആരായാലും അവനെ നിങ്ങള്‍ വാള്‍കൊണ്ട് കൊട്ടിക്കൊള്‍വീന്‍. എന്നിരിക്കുമ്പോള്‍ ഞമ്മളെ ഈ സമാനില്‍ ഉസ്മാനിയ്യായ സുല്‍ത്താന്‍ തന്നെയാണ് ഖലീഫ; ആ ഖലീഫനോട് എതിര്‍ക്കുന്ന ശത്രുക്കളായ കാഫീരീങ്ങളോടും ഇസ്‌ലാമീങ്ങളോടും ഞങ്ങള്‍ എതിര്‍ക്കുന്നതും കഴിയുമ്പോലെ അമര്‍ത്തുവാന്‍ ഒരുങ്ങേണ്ടതും ആവശ്യമാകുന്നു’ (മുഹിമ്മാതുല്‍ മുഅ്മിനീന്‍).
മുഹിമ്മാത്ത് എഴുതിയ ഫരീദ് മുസ്ലിയാരെ പിടിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ലുക്ഔട്ട് നോട്ടീസ് തന്നെ പുറപ്പെടുവിച്ചു. മുഹിമ്മാത്ത് നിരോധിച്ചു, കണ്ടുകെട്ടി. പത്തുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞ അദ്ദേഹം മക്കയിലേക്ക് കടക്കുകയും പിന്നീട് ത്വാഇഫില്‍ മരണപ്പെടുകയും ചെയ്തു.
താനൂര്‍ ഖിലാഫത്ത് കമ്മിറ്റിയുടെ ചെലവില്‍ പ്രസിദ്ധീകരിച്ച മുഹിമ്മാത്തിന്റെ മൂന്നാം പതിപ്പില്‍, ഗ്രന്ഥം പരിശോധിച്ചു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, കേരളത്തിലെ സമകാലികരായ മഹാ പണ്ഡിതന്മാര്‍ ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, പാനായിക്കുളത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അമ്പലത്തു വീട്ടില്‍ മൈലശ്ശേരി സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, കൂട്ടായി ജുമുഅത്ത് പള്ളി മുദരിസ് ബാവ മുസ്ലിയാര്‍ എന്നിവരുടെ കുറിപ്പുകള്‍ കാണാം. ഇക്കാരണത്താല്‍ അവരെ ബ്രിട്ടീഷ് പോലീസ് താക്കീത് ചെയ്തുവിട്ടതു ചരിത്രം. ആ ധീര പണ്ഡിതന്മാരുടെ നേതൃത്വത്തിലാണു പിന്നീട് സമസ്ത രൂപപ്പെടുന്നത്.

സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ