പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ചെരിഞ്ഞിറങ്ങുന്ന ഇടനാഴിയിലൂടെ സുല്‍ത്വാന്‍ മുഹമ്മദ് ദര്‍വീശിനൊപ്പം നടന്നു. ദര്‍വീശിന്റെ ഓരോ വാക്കും അദ്ദേഹത്തിന്റെ മനസ്സില്‍ ഉത്സാഹം ജനിപ്പിച്ചു. പിതാക്കന്മാരുടെ ശേഷിപ്പുകള്‍ സൂക്ഷിച്ച മുറിയില്‍ പലവട്ടം കയറിയിട്ടുണ്ടെങ്കിലും ദര്‍വീശ് പറഞ്ഞ കഥകളൊന്നും ഇതുവരെ ആരും പറഞ്ഞു തന്നിരുന്നില്ല. അത്യധികം ആദരിക്കപ്പെടേണ്ടതാണ് അവയെന്ന് മുഹമ്മദിന്റെ യുവമനസ്സിന് തോന്നി.
ഇടനാഴി തീരുന്നിടത്ത് അവര്‍ നിന്നു. കുറേ നേരത്തേക്ക് ദര്‍വീശ് ഒന്നും പറഞ്ഞില്ല. നിശ്ശബ്ദത വിരസമായപ്പോള്‍ മുഹമ്മദ് ദര്‍വീശിന്റെ വസ്ത്രത്തില്‍ പിടിച്ചു പതുക്കെ കുലുക്കി. രണ്ടു കൈകളും മുഹമ്മദിന്റെ ചുമലുകളില്‍ വെച്ച് ദര്‍വീശ് മുട്ടുകുത്തിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുകയാണ്. യുവസുല്‍ത്വാന്റെ തലയില്‍ തടവിക്കൊണ്ട് അദ്ദേഹം പറഞ്ഞുതുടങ്ങി:
“മകനേ, നിന്റെ പിതാവ് സുല്‍ത്താന്‍ മുറാദ് വലിയ മനുഷ്യനായിരുന്നു. ജനങ്ങളെക്കുറിച്ച് അദ്ദേഹം കാര്യമായിത്തന്നെ ചിന്തിച്ചിരുന്നു. പരിശുദ്ധ ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊണ്ടാണ് അദ്ദേഹം ജീവിച്ചത്. സത്യമതത്തിന്റെ പ്രചാരണത്തിന് വേണ്ടി ഒട്ടനേകം ത്യാഗങ്ങള്‍ സഹിച്ചിട്ടുമുണ്ട് സുല്‍ത്വാന്‍.’
മുഹമ്മദ് വെറുതേ പുഞ്ചിരിച്ചു നിന്നതേയുള്ളൂ. ദര്‍വീശ് തുടര്‍ന്നു:
“മകനേ, ശ്രദ്ധിച്ചു കേള്‍ക്കണം. ഒരുപാട് മഹാന്മാരുടെ കൈകളില്‍ ഭദ്രമായിരുന്ന ദൗത്യമാണ് ഇപ്പോള്‍ നിനക്കു വന്നുചേര്‍ന്നിരിക്കുന്നത്. ഇത് അധികാരമാണെന്നതു കൊണ്ട് വളരെ സൂക്ഷിക്കണം. പോരാത്തതിന് നീ ചെറുപ്പക്കാരനുമാണ്. ഉത്തരവാദിത്തം മറക്കരുത്. പടിഞ്ഞാറുനിന്നും കിഴക്കുനിന്നും വന്ന ആക്രമണങ്ങളെ ചെറുത്ത് പടുത്തുയര്‍ത്തിയതാണ് ഈ സാമ്രാജ്യം. സുല്‍ത്വാന്‍ ഉസ്മാന്‍ തുടങ്ങി സ്നേഹനിധിയായ നിന്റെ പിതാവ് മുറാദ് വരെ അല്ലാഹുവിന്റെ ഔദാര്യത്തിന്റെയും പ്രൗഢിയുടെയും തണലില്‍ കഴിഞ്ഞവരാണ്. ഈ അധികാരം നമുക്ക് സ്വന്തമാവില്ല. ഒരു അമാനത്ത് സ്വത്ത് മാത്രമാണ്, അതുകൊണ്ട് സൂക്ഷിക്കുക.’
മഹത്തായ ഉസ്മാനിയ സാമ്രാജ്യത്തിന്റെ തുടക്കം തുര്‍ക്കുമെനിസ്ഥാന്‍ ഭാഗത്തു നിന്നു കുടിയേറി ഏഷ്യാ മൈനറില്‍ സ്ഥാനമുറപ്പിച്ച കായ് ഗോത്രത്തിലാണ്. മധ്യേഷ്യയിലെ ഇസ്‌ലാമിന്റെ വളര്‍ച്ചക്കിടയില്‍ അല്‍ത്തായ് പര്‍വതത്തില്‍ നിന്നും വന്ന ഓഗുസ് തുര്‍ക്കികളാണ് തുര്‍ക്കിഷ് ഭാഷ അവര്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. പിന്നീട് സെല്‍ജൂക്കുകള്‍ തുര്‍ക്കുമെനിസ്ഥാന്‍ ഭരിക്കുന്ന കാലത്ത് അവരെ പിന്തുണച്ചിരുന്ന ഗോത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു കായ് ഗോത്രം.
കുരിശുയുദ്ധങ്ങളും കിഴക്കുനിന്നുള്ള മംഗോളിയരുടെ ആക്രമണങ്ങളും ശക്തിയായപ്പോള്‍ സെല്‍ജൂക്കുകള്‍ ക്ഷയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഒട്ടേറെ ഗോത്രങ്ങള്‍ തുര്‍ക്കുമെനിസ്ഥാനില്‍ നിന്ന് മറ്റു പലയിടങ്ങളിലേക്കും കുടിയേറ്റം തുടങ്ങി. പല ഗോത്രങ്ങളും നാടോടികളായി കഴിയാനാണ് ഇഷ്ടപ്പെട്ടത്. അക്കൂട്ടത്തിലായിരുന്നു ഏഷ്യാ മൈനറിലെത്തിയ കായ് ഗോത്രവും. പക്ഷേ, ശേഷിച്ച സെല്‍ജൂക്കുകളുടെ സഹായത്തോടെ ശക്തി സംഭരിച്ചു.
മംഗോളിയന്മാര്‍ സെല്‍ജൂക്കുകളില്‍ നിന്നും പിടിച്ചെടുത്ത പ്രദേശമായിരുന്നു ഏഷ്യാ മൈനറെങ്കിലും അവരുടെ കണ്ണെത്തുന്ന ഇടമായിരുന്നില്ല അത്. അങ്ങനെ 1299ല്‍ കായ് ഗോത്രത്തലവനായിരുന്ന ഉസ്മാന്‍ ഒന്നാമന്‍ തന്റെ സ്വാധീന മേഖലയെ “കായ്ബെയ്ലിക്’ സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചു. ബെയ്ലിക് എന്ന തുര്‍ക്കിഷ് പദത്തിന്റെ അര്‍ത്ഥം പ്രവിശ്യ എന്നാണ്. ഉസ്മാന്‍ ഒന്നാമന്റെ ഈ പ്രഖ്യാപനം ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ഏഷ്യയുടെയും മണ്ണില്‍ രാഷ്ട്രീയ സ്വാധീനം കെട്ടിപ്പടുത്ത ഒരു സാമ്രാജ്യത്തിന്റെ നാന്ദിയായി കണക്കാക്കുന്നു. ഈ ഉസ്മാന്റെ പേരില്‍ നിന്നുമാണ് ഒട്ടോമന്‍ എന്ന വാക്കുണ്ടായത്; ഉസ്മാനിയാ ഖിലാഫത്തും.
എന്നാല്‍ ഉസ്മാനി തുര്‍ക്കികള്‍ക്കും മുമ്പേ ഏഷ്യാ മൈനറില്‍ മുസ്‌ലിംകളെത്തിയിരുന്നു. റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഉത്തരാധികാരികളായിരുന്ന ബൈസന്റെയ്ന്‍ ചക്രവര്‍ത്തിമാര്‍ക്കും അവരുടെ സാമ്രാജ്യത്തിനും കടുത്ത വെല്ലുവിളിയായി മാറിയിരുന്ന സെല്‍ജൂക്ക് തുര്‍ക്കികളായിരുന്നു അവര്‍. 1071ലെ മാന്‍സികേര്‍ത് യുദ്ധത്തിലൂടെ കോന്യ തലസ്ഥാനമാക്കി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശക്തി അവരാര്‍ജിക്കുകയും ബൈസന്റെയ്ന്‍ സാമ്രാജ്യത്തിന്റെ ആണിക്കല്ല് ഇളക്കുകയും ചെയ്തു. പക്ഷേ, ബൈസന്റെയ്ന്‍ ചക്രവര്‍ത്തിയായിരുന്ന അലെക്സിയൂസ് കോംനയൂസ് കുരിശുയുദ്ധക്കാരെ കൂട്ടിനുവിളിച്ചു. (മധ്യപൗരസ്ത്യ ദേശങ്ങളില്‍ വളരുന്ന കത്തോലിക്കരല്ലാത്ത മതസഭാരാഷ്ട്ര സംവിധാനങ്ങളെ തകര്‍ക്കാന്‍ യൂറോപ്പിലെ ക്രൈസ്തവ നേതൃത്വം ഉഴിഞ്ഞിട്ട പ്രത്യേക മതസൈന്യമായിരുന്നു കുരിശുയുദ്ധക്കാര്‍.) ഇതോടെ സെല്‍ജൂക്കുകളുടെ സാമ്രാജ്യ വിപുലീകരണത്തെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ബൈസന്‍റയ്ന്‍കാര്‍ക്ക് കഴിഞ്ഞു. പിന്നീട് ഗോള്‍ഡന്‍ ഹോണില്‍ വെച്ച് സെല്‍ജൂക്കുകള്‍ മംഗോളിയര്‍ക്ക് കീഴടങ്ങി.
ഭരണാധികാരി ഉസ്മാന്‍ പിന്നീട് ഏഷ്യാമൈനര്‍ മുഴുവന്‍ തന്റെ അധികാരം വ്യാപിപ്പിച്ചു. സോഗത്തില്‍ നിന്നും ബര്‍സയിലേക്ക് തലസ്ഥാനം മാറ്റി സ്ഥാപിച്ചു. 1326ല്‍ ഉസ്മാന്‍ മരണമടഞ്ഞപ്പോള്‍ അതിസമര്‍ത്ഥനായിരുന്ന മകന്‍ ഒര്‍ഹാന്‍ ഭരണാധികാരിയായി.
ഒര്‍ഹാന്‍ രാജാവിന്റെ കാലത്ത് ബൈസന്‍റയ്ന്‍ സാമ്രാജ്യത്തിന്റെ ചില പ്രവിശ്യകളിലുണ്ടായിരുന്ന ആഭ്യന്തര ലഹള ഒതുക്കാന്‍ അവരദ്ദേഹത്തെ അങ്ങോട്ട് ക്ഷണിച്ചു. വലിയൊരു സൈന്യവുമായാണ് ഒര്‍ഹാന്‍ യൂറോപ്പിലേക്ക് കയറിയത്. 1345മുതല്‍ 1356 വരെ തുടര്‍ച്ചയായ ഇടപെടലുകളിലൂടെ സല്‍ജൂക്കുകള്‍ സൃഷ്ടിച്ച ചരിത്രം ഒര്‍ഹാന്‍ ആവര്‍ത്തിച്ചു. ബൈസന്റെയ്ന്‍ സാമ്രാജ്യത്തിന്റെ അടിത്തറയില്‍ വിള്ളലുണ്ടാക്കിക്കൊണ്ട് ഗലിപ്പൊളി എന്ന പ്രവിശ്യ അദ്ദേഹം പിടിച്ചെടുത്തു. 1360ല്‍അഡ്രിയാനോപ്പില്‍ കൂടി കൈയടക്കിയതോടെ ഉസ്മാനികള്‍ യൂറോപ്പില്‍ വലിയൊരു ശക്തിയായി.
ഒര്‍ഹാന് ശേഷം അധികാരത്തില്‍ വന്നത് മുറാദ് ഒന്നാമനാണ്. യുദ്ധതന്ത്രങ്ങളില്‍ അതിവിദഗ്ധനായിരുന്ന മുറാദിന്റെ കാലത്ത് ഒട്ടേറെ പ്രവിശ്യകള്‍ ബൈസന്റെയ്ന്‍ ആധിപത്യത്തില്‍ നിന്നൊഴിഞ്ഞുപോന്നു. സുല്‍ത്വാന്‍ എന്ന് ആദ്യമായി വിളിക്കപ്പെടുന്നത് അദ്ദേഹമാണ്. 1383ലായിരുന്നു ഈ പട്ടാഭിഷേകം. സൈനിക ശക്തിയേക്കാള്‍ കൂടുതല്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയത് നയതന്ത്രപരമായ നീക്കങ്ങളായിരുന്നു. താരതമ്യേന ചെറിയ സൈന്യവുമായാണ് അദ്ദേഹം യുദ്ധനീക്കങ്ങള്‍ നടത്തിയത്. 1385ല്‍ ബള്‍ഗേറിയയും 1389ല്‍ കൊസോവ യുദ്ധത്തില്‍ സെര്‍ബിയയും കീഴടങ്ങി. ബള്‍ഗേറിയയുടെ വീഴ്ച ബൈസന്റെയ്ന്‍കാരെ വല്ലാതെ നോവിച്ചു. സുല്‍ത്വാന്‍ മുറാദിനെ വകവരുത്തണമെന്നുറപ്പിച്ച അവര്‍ക്ക് കൊസോവ യുദ്ധത്തില്‍ അതിനുള്ള അവസരം വീണുകിട്ടി. സുല്‍ത്വാനെതിരെ ഉപചാപം നടത്തി; വധിച്ചു. യുദ്ധത്തില്‍ സുല്‍ത്വാന്‍ വീണെങ്കിലും സൈന്യം പതറിയില്ല. ഈ ആത്മധൈര്യവും വീര്യവും തന്നെയായിരുന്നു ഒട്ടോമന്‍ തുര്‍ക്കികളുടെ കരുത്തും. സാമര്‍ത്ഥ്യത്തിലും എ്യെത്തിലും സുല്‍ത്വാന്റെ കഴിവിലുമാണ് എല്ലാവരും വിശ്വസിച്ചത്. കഴിവുകെട്ടവനെ പിന്തുടര്‍ച്ചക്കാരനാക്കി വാഴിക്കാന്‍ ഒരു ഓട്ടോമന്‍ ഭരണാധികാരിയും തയ്യാറായിരുന്നില്ല. അതുപോലെ തന്നെ സുല്‍ത്വാനോട് പൂര്‍ണ വിധേയത്വം പുലര്‍ത്തിയിരുന്ന സൈന്യം സാമ്രാജ്യത്തിന്റെ അഖണ്ഡതയുടെ ഉറ്റ കാവല്‍ക്കാരുമായിരുന്നു.
മുറാദ് ഒന്നാമനു ശേഷം ബെയ്സീദ് അടുത്ത സുല്‍ത്വാനായി. യൂറോപ്പിലെ രാഷ്ട്രീയത്തേക്കാള്‍ അദ്ദേഹം ശ്രദ്ധിച്ചത് ഏഷ്യയിലെ തങ്ങളുടെ ജന്മദേശമടക്കമുള്ള മധ്യപൂര്‍വേഷ്യയുടെ നിയന്ത്രണമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം കിഴക്കോട്ടാണ് സൈന്യത്തെ നയിച്ചത്. 1403ല്‍ അദ്ദേഹം മംഗോളിയരോട് തോല്‍വി വാങ്ങി. ഇതോടെ ഒട്ടേറെ തുര്‍ക്കി ഭാഗങ്ങള്‍ മംഗോളിയക്കാര്‍ക്ക് കീഴിലായി.
ഏഷ്യാമൈനറില്‍ അവശേഷിച്ചിരുന്ന ഭാഗത്ത് പിന്നീട് ഭരണം തുടര്‍ന്നത് ബെയ്സീദിന്റെ മകന്‍ മുഹമ്മദ് സുല്‍ത്വാനായിരുന്നു. സാമ്രാജ്യത്തിന്റെ നഷ്ടപ്രതാപങ്ങളുടെ വീണ്ടെടുപ്പായിരുന്നു സുല്‍ത്വാന്‍ മുഹമ്മദിന്റെ ലക്ഷ്യം. എന്നാല്‍ റുമേലിയ (യുറോപ്യന്‍ ഭാഗം) വിട്ടുകളയാനും ഉദ്ദേശ്യമുണ്ടായിരുന്നില്ല. അദ്ദേഹം പിതാമഹന്‍ ഒര്‍ഹാന്‍ യൂറോപ്പിലേക്കുള്ള പ്രവേശന കേന്ദ്രമായി കണ്ട അഡ്രിയാനോപോളിനെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ മുഴുവന്‍ തലസ്ഥാനമാക്കിക്കൊണ്ട് യൂറോപ്പിലേക്കുള്ള ശ്രദ്ധ കൂടുതല്‍ കണിശമാക്കി. മംഗോളിയരെ തുരത്താന്‍ പര്യാപ്തമായ ഒരു സൈന്യത്തെ തയ്യാറാക്കിയ മുഹമ്മദ് സുല്‍ത്വാന്‍ മധ്യ പൂര്‍വേഷ്യയില്‍ ആധിപത്യം നേടിയെടുത്തു. അതിനിടക്ക് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ സെര്‍ബിയയെ വരുതിയില്‍ കൊണ്ടുവരാനായി കിഴക്കന്‍ യൂറോപ്പിലേക്ക് സൈന്യത്തെ നയിക്കുകയും ചെയ്തു. 1423ല്‍ മുഹമ്മദ് മരണപ്പെട്ടപ്പോള്‍ മുറാദ് രണ്ടാമന്‍ സുല്‍ത്വാനായി.
സുല്‍ത്വാന്‍ മുറാദിനെ കാത്തിരുന്നത് വലിയ തിരിച്ചടികളായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ ഒത്താശയിലും ആശിര്‍വാദത്തിലും സൈനികമായി ഒന്നിച്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഹോളണ്ട്, അല്‍ബേനിയ, വലാക്കിയ തുടങ്ങിയവ ഒട്ടോമന്‍ അധീനമേഖലയില്‍ വിമത കലാപമുണ്ടാക്കി. ഒട്ടേറെ പ്രവിശ്യകളില്‍ നിന്നുള്ള തുര്‍ക്കിയുടെ പിന്മാറ്റത്തിലാണത് കലാശിച്ചത്. പ്രജാക്ഷേമ തല്‍പരനായിരുന്ന സുല്‍ത്വാന്‍ ഒട്ടേറെ നല്ല ഭരണപരിഷ്കാരങ്ങളും നടത്തിയിരുന്നു. 1450ല്‍ അദ്ദേഹം മരണപ്പെടുമ്പോള്‍ ഭരണമേറ്റെടുക്കാന്‍ യൗവനത്തിലേക്ക് കാലൂന്നിയ മുഹമ്മദ് ഫാതിഹ് മാത്രമാണുണ്ടായിരുന്നത്. അതിസമര്‍ത്ഥനായ ഇദ്ദേഹത്തിനു കീഴിലാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ 1453ല്‍ കീഴടങ്ങുന്നത്.
1462ല്‍ ടോപ്കാപി കൊട്ടാരം പണികഴിപ്പിച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് തലസ്ഥാനം മാറ്റിയ അദ്ദേഹം തെക്കന്‍ ഗ്രീക്ക് പ്രദേശങ്ങളും ബാള്‍ക്കന്‍ മേഖലകളും ഏതന്‍സും പിടിച്ചടക്കി. 1480ല്‍ ഇറ്റലിയുടെ പ്രവിശ്യകളെ ലക്ഷ്യമാക്കി നീങ്ങിയ മുഹമ്മദ് സുല്‍ത്വാന്‍ തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതില്‍ ഏറെ വിജയിച്ചു. തുര്‍ക്കികളുടെ വീരനായകനായ മുഹമ്മദുല്‍ ഫാതിഹ് ആ വര്‍ഷം ഇഹലോകം വെടിഞ്ഞു. ജൂതനായ വ്യൈനെ പാട്ടിലാക്കിയ റോമക്കാര്‍ വിഷം കൊടുത്താണ് സുല്‍ത്വാനെ കൊന്നതെന്ന് കരുതുന്നു.
മുഹമ്മദ് ഫാതിഹിന് ശേഷം കരുത്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെട്ടത് പൗത്രനായ സാലിം ആണ്. അക്കാലത്ത് ഗ്രീസ്, ലിബിയ, ടുണീഷ്യ, ഈജിപ്ത്, സൈപ്രസ് പ്രദേശങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന വന്‍ ശക്തിയായി ഓട്ടോമന്‍ സാമ്രാജ്യം മാറിയിരുന്നു. ഈജിപ്തിലുണ്ടായിരുന്ന അധിനിവേശ ശക്തികളെ തുരത്തി ഓട്ടോമന്‍ അധീനതയിലേക്ക് ഈജിപ്തിനെ ചേര്‍ത്തത് ഇദ്ദേഹമാണ്. അറേബ്യന്‍ നാടുകളിലേക്കും സാലിം ഒന്നാമന്‍ ലക്ഷ്യമിട്ടു. ഇറാന്‍ ഭരണാധികാരിയായിരുന്ന ഷാ ഇസ്മാഈലിനെയും ഇറാനില്‍ തന്നെയുള്ള സഫാഹദ് രാജാക്കന്മാരെയും കല്‍ദ്രിയന്‍ യുദ്ധത്തിലൂടെ പരാജയപ്പെടുത്തുകയും അധികാര വിപുലീകരണം നടത്തുകയും ചെയ്തു. പോര്‍ച്ചുഗീസുമായുള്ള കിടമത്സരങ്ങള്‍ക്ക് ഓട്ടോമന്‍കാര്‍ തയ്യാറായത് ഇക്കാലത്തു തന്നെ. ഈ സ്പര്‍ദ്ധ അടുത്ത സുല്‍ത്വാനായി വന്ന സുലൈമാന്റെ കാലത്ത് കടല്‍ നിയന്ത്രണത്തില്‍ തര്‍ക്കങ്ങളും യുദ്ധങ്ങളുമൊക്കെയുണ്ടാക്കി.
സുല്‍ത്വാന്‍ സുലൈമാന്റെ ഭരണത്തിന് കീഴിലാണ് ഒട്ടോമന്‍ സാമ്രാജ്യം അതിന്റെ ഉത്തുംഗതയിലെത്തിയത്. ഏകദേശം 52 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചതായിരുന്നു സുല്‍ത്വാന്‍ സുലൈമാന്റെ കാലത്തെ തുര്‍ക്കി സാമ്രാജ്യം. സൈനിക മികവുകൊണ്ടും നയതന്ത്ര നീക്കങ്ങളിലെ പക്വതകൊണ്ടും പേരെടുത്ത സുല്‍ത്വാന്‍ കലാസാംസ്കാരികവൈജ്ഞാനിക രംഗത്തും രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തി. നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്ന സുലൈമാന്‍ അറബി കാലിഗ്രാഫി കലാരംഗത്ത് മികവുറ്റ രചനകളുണ്ടാവുന്നതിന് കാരണക്കാരനായി. ഓട്ടോമന്‍ തുര്‍ക്കികള്‍ ഫ്രഞ്ചുകാരുമായുണ്ടാക്കിയ സഖ്യം ശക്തവും മികവുറ്റതുമായിരുന്നു. നെയ്സി, കോര്‍സ്കോ തുടങ്ങിയ പ്രവിശ്യകളുടെ നിയന്ത്രണത്തിന് വേണ്ടിയായിരുന്നു ഫ്രഞ്ചുകാര്‍ ഉസ്മാനികളോട് സഹായം തേടിയത്. ബര്‍ബറോസ, ഹയറദ്ദീന്‍ പാഷ തുടങ്ങിയ സമര്‍ത്ഥരായ സൈനിക കമാന്‍ഡര്‍മാരുടെ സഹായത്തോടെ യൂറോപ്പിന്റെ രാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിച്ചുപോന്നത് സുല്‍ത്വാനായിത്തീര്‍ന്നു. ഹബ്സ്ബര്‍ഗിലെ റോമാ ചക്രവര്‍ത്തിയായിരുന്ന ഫെര്‍ഡിനന്‍റിന് ഫ്രഞ്ച്ഉസ്മാനിയ സൈനിക സംഖ്യം വലിയ തലവേദനയായിരുന്നു.
1526ല്‍ മോഹകാന്‍ യുദ്ധത്തില്‍ വെച്ച് ബെല്‍ഗ്രേഡ് പിടിച്ചെടുക്കുകയും ഹംഗറിയന്‍ ഭരണത്തെ കാല്‍ക്കീഴിലാക്കുകയും ചെയ്തു. വിജയാവേശത്തില്‍ ആസ്ട്രിയന്‍ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന സുല്‍ത്വാന് പക്ഷേ വിയന്നയില്‍ കാലിടറി. പരാജയം രുചിച്ച സുല്‍ത്വാന്‍ സുരക്ഷിതമായി പിന്മാറി. ബഗ്ദാദിന്റെ നിയന്ത്രണം പിടിച്ചെടുത്ത് പൗരസ്ത്യ ദേശത്ത് മുസ്‌ലിം ലോകത്തിന്റെ നായകത്വം നേടുകയുമുണ്ടായി.
സുലൈമാന്റെ കാലത്ത് പോര്‍ച്ചുഗീസുകാരുമായി നിരന്തരം കലഹിക്കുകയും ഇന്ത്യന്‍ മഹാ സമുദ്രത്തിലെ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി സമരം നടത്തുകയും ചെയ്തു. സോമാലിയയുടെ അധികാരം പോര്‍ച്ചുഗീസുകാരില്‍ നിന്നും പിടിച്ചെടുത്ത ഖലീഫ യൂറോപ്പിലെ എല്ലാ ശക്തികളുടെയും പേടിസ്വപ്നമായി. ഏകദേശം ഒന്നരക്കോടി മുസ്‌ലിംകള്‍ ഉസ്മാനിയ ഖിലാഫത്തിന് കീഴില്‍ സുല്‍ത്വാന്‍ സുലൈമാന്റെ കാലത്തുണ്ടായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു. ലോക ജനസംഖ്യ വളരെ കുറവായിരുന്ന കാലത്താണിതെന്നോര്‍ക്കണം.
ഇസ്‌ലാം മതത്തിന്റെ പ്രചാരണത്തില്‍ ഓട്ടോമന്‍കാര്‍ നല്‍കിയ സംഭാവനകള്‍ വിവരണാതീതമാണ്. ഇസ്‌ലാമികാശയങ്ങളില്‍ ജീവിക്കുകയും ഒരു പരിധിവരെ സത്യമതത്തിന്റെ വിധിവിലക്കുകളില്‍ നിന്ന് വ്യതിചലിക്കാതിരിക്കുകയും ചെയ്ത ഉസ്മാനികള്‍ മാടമ്പിത്തത്തിന്റെയും അജ്ഞതയുടെയും ഇരുട്ടില്‍ വീണ യൂറോപ്പിന് നവോത്ഥാന വെളിച്ചം പകര്‍ന്നു. ഉസ്മാനികളുടെ ബഹുസ്വര കാഴ്ചപ്പാടുകളും മാനുഷിക മൂല്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യവും യൂറോപ്യരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. ബൈസന്റെയ്ന്‍റോമാസാമ്രാജ്യങ്ങളുടെ കിരാതവും അരാജത്വ പൂര്‍ണവുമായ ഭരണങ്ങളില്‍ പൊറുതിമുട്ടുകയായിരുന്നു അവര്‍. കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികള്‍ പോലും നിശിതമായി അവമതിക്കപ്പെടുമായിരുന്ന ഭരണാന്തരീക്ഷം ഇതര സഭക്കാര്‍ക്ക് അസ്വീകാര്യമായിരുന്നു. അതുകൊണ്ട് തന്നെ ഉസ്മാനികളുടെ ഭരണത്തില്‍ ജനങ്ങള്‍ കൂടുതലായി ഇസ്‌ലാമില്‍ ശാന്തി കണ്ടെത്തി.
പണ്ഡിതന്മാരെയും വിജ്ഞാന സദസ്സുകളെയും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്ന ഉസ്മാനികള്‍ വിസ്തൃതമായ മദ്റസകളുണ്ടാക്കി. സുന്നീ വിശ്വാസികളായിരുന്ന അവരില്‍ ഉല്‍പതിഷ്ണുത്വത്തിന് ഇടമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പൈതൃക സമ്പന്നമായ മൂല്യങ്ങളില്‍ അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. ബഹുസ്വരതക്കും അവര്‍ പ്രാധാന്യം നല്‍കി. അതുകൊണ്ടു തന്നെ ഭരണാധികാരികള്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സെമിനാരികള്‍ക്കും അനുമതി നല്‍കുകയുണ്ടായി. റസിഡന്‍ഷ്യല്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരത്തിലുള്ള 3,000 സ്ഥാപനങ്ങള്‍ ഉസ്മാനിയ ഭരണത്തിനു കീഴിലുണ്ടായിരുന്നുവെന്ന് രേഖകള്‍ പറയുന്നു.
സാമ്രാജ്യത്തിന്റെ ഭരണം കേന്ദ്രീകൃതാടിസ്ഥാനത്തിലായിരുന്നു. സുല്‍ത്വാനായിരിക്കും തലവന്‍. സുല്‍ത്വാനെ സഹായിക്കാന്‍ മന്ത്രിമാരും സമര്‍ത്ഥരായ ഉദ്യോഗസ്ഥവൃന്ദവും കൂടെയുണ്ടാകും. പ്രധാനമായും സൈനികം, പൊതുഭരണം എന്നിങ്ങനെ രണ്ടു വിഭാഗമായിട്ടായിരുന്നു ഭരണ പ്രവര്‍ത്തനങ്ങള്‍. പ്രജാക്ഷേമം കാര്യക്ഷമമാക്കുന്നതിനും വിസ്തൃതമായ സാമ്രാജ്യത്തിന്റെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും പ്രാദേശിക ഭരണ സംവിധാനങ്ങളുമുണ്ടായിരുന്നു. പ്രവിശ്യയിലെ ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും സുല്‍ത്വാനോട് പൂര്‍ണമായി കൂറ് പുലര്‍ത്തിയിരുന്നു. കഴിവിന്റെയും സാമര്‍ത്ഥ്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഭരണ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഫലവത്തായ ഭരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.
1870കളോടെ പൂര്‍ണ രാജാധികാരത്തില്‍ നിന്ന് ഭരണഘടനാ ബന്ധിതമായ രാജാധിപത്യത്തിലേക്ക് ഒട്ടോമന്‍ വ്യവസ്ഥിതി മാറുകയുണ്ടായി. ഭരണകാര്യങ്ങളിലുടനീളം “ദിവാന്‍’ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അഗ്രഗണ്യരായ പണ്ഡിതന്മാരും വലിയ സ്വാധീനം ചെലുത്തിയിരുന്നു. പണ്ഡിതന്മാരുടെ ഇടപെടലുകള്‍ സുല്‍ത്വാന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. നിയാമക സംവിധാനങ്ങളിലായിരുന്നു ഉലമാഇന്റെ സ്വാധീനം കൂടുതലുണ്ടായിരുന്നത്.
സുല്‍ത്വാനായിരുന്നു എല്ലാ സൈനിക സുരക്ഷാ സംവിധാനങ്ങളുടെയും അധിപന്‍. അതിസമര്‍ത്ഥരും നൂതനമായ യുദ്ധതന്ത്രങ്ങളില്‍ വിദഗ്ധരുമായിരുന്നു ഒട്ടോമന്‍ സൈനികര്‍. ആയുധങ്ങള്‍ വേഗത്തില്‍ വഴക്കിയെടുക്കാനുള്ള അവരുടെ കഴിവ് അദ്ഭുതകരമാണെന്ന് തോമസ് അര്‍നാള്‍ഡ്. രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിറ്ററേനിയനിലും ചെങ്കടലിലും ഓട്ടോമന്‍ നാവികസേന തന്നെയായിരുന്നു ആധിപത്യത്തില്‍.
സിപാഹികള്‍ എന്നാണ് കാലാള്‍പട അറിയപ്പെട്ടിരുന്നത്. മൊത്തത്തില്‍ സൈന്യവും ഇങ്ങനെ വിളിക്കപ്പെട്ടു. ജനസ്സറി സന്പ്രദായം ഉസ്മാനികളുടെ സവിശേഷതയായിരുന്നു. പ്രധാനമായും യൂറോപ്പില്‍ നിന്നുള്ള ക്രിസ്തീയ ചെറുപ്പക്കാരെയാണ് ജനസ്സറി സൈനിക തസ്തികകളിലേക്ക് എടുത്തിരുന്നത്. പ്രത്യേകമായ സൈനിക പരിശീലനക്കളരികള്‍ക്കൊടുവിലാണ് ഇവര്‍ സൈന്യത്തിന്റെ ഭാഗമാവുക. ഓട്ടോമന്‍ തുര്‍ക്കുകളുടെ സൈന്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമായിരുന്നു വീരശൂര പരാക്രമികളായിരുന്ന ജനസ്സറികള്‍.
ഉസ്മാനികളുടേത് കാര്യക്ഷമമായ ഇസ്‌ലാമിക ശരീഅത്താണെന്ന് കാരന്‍ ആംസ്ട്രോങും അഭിപ്രായപ്പെടുന്നു. തന്റെ വേല യലേേലൃ ളീൃ ഴീറ എന്ന പുസ്തകത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. അമുസ്‌ലിംകള്‍ക്ക് കാനൂന്‍ എന്ന പ്രത്യേക നിയമവ്യവസ്ഥയും ഉസ്മാനികള്‍ തയ്യാറാക്കി. പ്രധാനമായും മൂന്നു തരത്തിലാണ് കോടതികളുണ്ടായിരുന്നത്. ഒന്ന് മുസ്‌ലിംകളുടേത്. രണ്ട്, അമുസ്‌ലിംകളുടേത്. മൂന്നാമത്തേത് കച്ചവടഇടപാടുകളിലെ തര്‍ക്ക പരിഹാരങ്ങള്‍ക്കും.
അതിനൂതനവും കാര്യക്ഷമവുമായി ഈ കോടതികള്‍ ഖാസിമാരുടെ മേല്‍നോട്ടത്തിലായിരുന്നു. അവരെ സഹായിക്കാന്‍ മുഫ്തി എന്നു വിളിക്കപ്പെടുന്ന പണ്ഡിതരുണ്ടാകും. ജുഡീഷ്യറി മുഴുവന്‍ കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ നിയന്ത്രണങ്ങളിലായിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ സമര്‍ത്ഥരായ പണ്ഡിതരെ സുല്‍ത്വാന്‍ സാമ്രാജ്യത്തിന്റെ ഉദ്യോഗസ്ഥരായാണ് പരിഗണിച്ചിരുന്നത്. ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കിപ്പോന്ന ഉസ്മാനികളുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് സംതൃപ്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉസ്മാനികളുടെ കാലത്ത് കലയും സാഹിത്യവും അതിന്റെ പാരമ്യതയിലെത്തി. ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ക്കും ഓട്ടോമന്‍ തുര്‍ക്കികള്‍ പ്രയത്നിച്ചു. പ്രത്യേകിച്ചും സാമ്രാജ്യം രാഷ്ട്രീയമായി പാരമ്യതയിലായിരുന്നപ്പോള്‍. സുല്‍ത്വാന്‍ സുലൈമാന്റെ കീഴില്‍ ഒട്ടേറെ ഗവേഷണ പരിപാടികള്‍ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജോര്‍ജിയസ് അമിറൂത്സസ് എന്ന ഗ്രീക്ക് പണ്ഡിന്റെ സഹായത്തോടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്യുകയും ഗവേഷണ പഠനങ്ങള്‍ക്ക് ലൈബ്രറികളും മറ്റും സ്ഥാപിക്കുകയും ചെയ്തു. അഹ്മദ് നദീ ഇഫന്‍ദിയെ പോലുള്ള കവികള്‍ അക്കാലത്ത് സാഹിത്യ പഠനങ്ങളുടെ പ്രചാരകരായി. ഔലിയ സല്‍ബിയെ പോലുള്ള കവികള്‍ തങ്ങളുടെ രചനകള്‍ മനോഹരമായി കാലിഗ്രാഫിയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു.
ഓട്ടോമന്‍ തുര്‍ക്കികളുടെ വാസ്തുശില്‍പകല മനോഹരവും പ്രചാരം നേടിയതുമായിരുന്നു. ബൈസന്റെയ്ന്‍, സ്വഫാവിദ്, അറബ്,സെല്‍ജൂക്ക്, യൂറോപ്യന്‍ സങ്കല്‍പങ്ങളുടെ അതിമനോഹരമായ സങ്കലനമായിരുന്നു അത്. 1462ല്‍ ഇസ്തംബൂളില്‍ സുല്‍ത്വാന്‍ മുഹമ്മദ് രണ്ടാമന്‍ തലസ്ഥാനം സ്ഥാപിച്ചപ്പോള്‍ പണിത ടോപ്കാപ്പി കൊട്ടാരം തന്നെ തുര്‍ക്കിഷ് നിര്‍മാണ വിദ്യയുടെ ഉദാത്തമായ സ്മാരകമാണ്.
നാല് നൂറ്റാണ്ടോളം ഈ മോഹന മാളിക ഉസ്മാനിയ ഖിലാഫത്തിന്റെ ഭരണ സിരാകേന്ദ്രമായി നിലകൊണ്ടു. 1853ല്‍ സുല്‍ത്വാന്‍ അബ്ദുല്‍ മദൂസ് പുതിയ കൊട്ടാരം പണികഴിപ്പിക്കുന്നതുവരെ ഓരോ സുല്‍ത്വാന്റെയും കേന്ദ്രം ഇത് തന്നെയായിരുന്നു. നിലവില്‍ 300 മുറികളുള്ള ടോപ്കാപ്പി ഒരു കോട്ട കണക്കെ വിസ്തൃതമായിരുന്നു. നാലു മുറ്റങ്ങളുള്ള കൊട്ടാരത്തിന്റെ ഒരു മുറ്റത്താണ് ഹാഗിയ സോഫിയെന്ന കൂറ്റന്‍ ആരാധനാലയമുണ്ടായിരുന്നത് (പിന്നീടത് മുസ്തഫ കമാല്‍ പാഷ മ്യൂസിയമാക്കി). അന്തപുര സമുച്ചയങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും പുറമെ വലിയ ലൈബ്രറികളും തടവറകളും ശിക്ഷാസ്ഥലങ്ങളും കുതിരാലയങ്ങളുമടക്കം മികച്ച സൗകര്യങ്ങള്‍ കൊട്ടാരത്തിലുണ്ടായിരുന്നു.
ഏകദേശം ഹാഗിയ സോഫിയയുടെ രൂപഘടനയില്‍ തന്നെ നിര്‍മിക്കപ്പെട്ട മനോഹരമായ ഓട്ടോമന്‍ നിര്‍മിതിയാണ് ബ്ലൂമോസ്ക് (അഹ്മദ് മസ്ജിദ്). സെദാഫര്‍ മുഹമ്മദ് ആഗയെന്ന ശില്‍പിയുടെ കരവിരുതലാണ് ഈ കൂറ്റന്‍ പള്ളി യാഥാര്‍ത്ഥ്യമായത്. നിറയെ താഴികക്കുടങ്ങളുള്ള പള്ളിയുടെ പ്രധാന ആകര്‍ഷണീയതയും അതുതന്നെ. ഇതില്‍ പ്രധാന മകുടത്തിന് 33 മീറ്റര്‍ വ്യാസവും 43 മീറ്റര്‍ ഉയരവുമുണ്ട്. പടുകൂറ്റന്‍ ക്യൂബുകളിലായാണ് പള്ളിയുടെ അടിസ്ഥാന നിര്‍മിതി. അതില്‍ മകുടങ്ങള്‍ കയറ്റിവെച്ചതു പോലെയാണ് ക്രമീകരണം. 20,000 ഓടുകള്‍ പാകിയിട്ടുണ്ട് മസ്ജിദിന്റെ അകത്ത്. മറ്റൊരു ആകര്‍ഷണീയത തുര്‍ക്കി നിര്‍മാണവിദ്യയുടെ സൂക്ഷ്മതയില്‍ പ്രത്യേകം അലങ്കരിച്ചിട്ടുള്ള മനോഹരമായി ചിത്രപ്പണി ചെയ്ത ഇരുനൂറിലധികം ചില്ലുജാലകങ്ങളാണ്. ഇവയിലൂടെ സൂര്യപ്രകാശം അകത്തേക്ക് കടത്തുമ്പോഴുള്ള മനോഹാരിത അവര്‍ണനീയം. നിറയെ ഖുര്‍ആനിക വചനങ്ങളുടെ കാലിഗ്രാഫിയും കാണാം. മസ്ജിദിന്റെ എവിടെ നിന്ന് നോക്കിയാലും മിമ്പറും മിഹ്റാബും കാണുന്ന പാകത്തിന് സൂക്ഷ്മവും സമര്‍ത്ഥവുമായാണ് മുഹമ്മദ് ആഗ ഇതിന്റെ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. അകത്ത് പാകിയിരിക്കുന്ന കല്ലുകള്‍ക്ക് നീല നിറമുള്ളതിനാലാണ് മസ്ജിദിന് ബ്ലൂമോസ്ക് എന്നു പേരുവന്നത്. ഉസ്മാനികളുടെ പ്രതാപം വിളിച്ചോതുന്ന ഒട്ടേറെ നിര്‍മിതികള്‍ ഇന്നും ഇസ്തംബൂളിലും ഇതര നഗരങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്നു.
ഇസ്ലാമും അതിന്റെ പ്രഭാവവും ഏഷ്യയിലൊതുങ്ങണമെന്ന് ശഠിച്ചിരുന്ന യൂറോപ്പിന്റെ മതാന്ധതയെയും റോമക്കാരുടെ അഹങ്കാരത്തെയും കുടഞ്ഞെറിഞ്ഞാണ് ഓട്ടോമന്‍ സാമ്രാജ്യം യുഗങ്ങളായി വളര്‍ന്നത്. ബാര്‍ബേറിയനുകളുടെ കലാപങ്ങള്‍ക്കൊപ്പം ഉസ്മാനിയ ഖിലാഫത്തിന്റെ വളര്‍ച്ചയും ഇസ്‌ലാമിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും പോപ്പിനെയും ഭരണാധികാരികളെയും വല്ലാതെ ചൊടിപ്പിച്ചിരുന്നു. മിക്ക യൂറോപ്യന്‍ ശക്തികളുടെയും നിലനില്‍പ് ഭീഷണി നേരിട്ടു. വാസ്കോഡ ഗാമ ഗുഡ്ഹോപ് വഴി ഇന്ത്യയിലേക്ക് നടത്തിയ കടല്‍ യാത്രയോടെയാണ് പോര്‍ച്ചുഗലിനും മറ്റും തെല്ലൊരാശ്വാസമുണ്ടായത്. അതുവരെ ഉസ്മാനികളോട് പിടിച്ചുനില്‍ക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു.
അരക്കോടിയോളം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകടന്ന ഉസ്മാനിയ സാമ്രാജ്യം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വന്‍കരകളില്‍ സ്വാധീനമുള്ള സാമ്രാജ്യമായി വളര്‍ന്നു. ലോക മുസ്‌ലിംകളുടെ കേന്ദ്രമായി മാറിയ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ ഭരണത്തലവന്‍ വിശ്വാസികള്‍ക്കു ഖലീഫയായി. ഒന്നാം ലോക മഹായുദ്ധം വരെ അതായിരുന്നു സ്ഥിതി. 1924 മാര്‍ച്ച് മൂന്നിലെ അതാതുര്‍ക്കിന്റെ നിയമ നിര്‍മാണത്തോടെയാണ് തുര്‍ക്കി ഖിലാഫത്തിന് അന്ത്യമായത്. തൊണ്ണൂറു തികഞ്ഞിട്ടും അതൊരു നഷ്ടവും നൊമ്പരവുമായി ലോക മുസ്‌ലിംകളില്‍ നീറിപ്പടരുന്നു.

നൂറുദ്ദീന്‍ മുസ്തഫ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ