Bulandshahar - malayalam

സിന്റെ പിന്നിലെ സീറ്റിലിരുന്ന രണ്ടാളുകൾ തമ്മിൽ ഘോരഘോരം തർക്കം നടക്കുകയാണ്. തിരിഞ്ഞുനോക്കാതെതന്നെയറിയാം ഒരാളുടെ കൈയിൽ രാഖി കെട്ടിയിട്ടുണ്ടാകും, കുറേ ചരടുകൾ വേറെയുമുണ്ടാകാം. ഭക്തിയും കടന്ന് പോകുന്ന കുറി തൊട്ടിട്ടുണ്ടാകും. അമർഷവും അതൃപ്തിയും ക്രൗര്യവും ഇടകലർന്ന മുഖഭാവമായിരിക്കും. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ടാകും. ശബ്ദത്തിൽ അൽപ്പം വിറയലും. മറ്റേയാളുടെ കൈയിൽ ചരടൊന്നുമുണ്ടാകില്ല. കുറി തൊട്ടിട്ടുണ്ടാകില്ല. മുഖത്തൊരു ചിരിയുണ്ടാകും. താൻ പറയുന്നത് നാലാൾ കേൾക്കണമെന്ന ആഗ്രഹം ആ ശബ്ദത്തിലുണ്ടാകും. വിഷയത്തിൽ നിന്ന് ചാടിച്ചാടി പോകും അയാൾ. വിഷയം ശബരിമലയാണ്. പിന്നെയത് രാമക്ഷേത്രമായി. ‘സുപ്രീം കോടതി വിധി മറികടക്കാൻ സംസ്ഥാന സർക്കാർ എന്ത് ചെയ്തു’വെന്ന് ചോദ്യം. ‘അങ്ങനെയെങ്കിൽ രാമക്ഷേത്രമുണ്ടാക്കാൻ എന്തേ ഓർഡിനൻസ് കൊണ്ടുവരാത്തതെ’ന്ന് മറുചോദ്യം. ഇപ്പോൾ രാമക്ഷേത്രത്തിന് ആരാണ് എതിര്? മുസ്‌ലിംകളോ? പൊളിച്ചപ്പോൾ അവരെന്തെങ്കിലും ചെയ്‌തോ? കോടതിയാണ് പ്രശ്‌നം അല്ലേ. ശബരിമലയിലും കോടതിയാണ് വിഷയം. ചരടില്ലാത്തയാൾ പറഞ്ഞുനിർത്തുമ്പോൾ കാവിയുടുത്തയാൾ  പരുങ്ങുന്നു. അൽപ്പ നേരത്തെ മൗനത്തിന് ശേഷം ‘നിങ്ങളതേ പറയൂ, മതേതരത്വം പറഞ്ഞ് ഹിന്ദുക്കളെ ദ്രോഹിക്കാൻ നടന്നോളൂ. എത്ര കാലം പറ്റിക്കുമെന്ന് നമുക്ക് നോക്കാം’. കേൾവിക്കാർ സ്തംഭിച്ച് നിൽക്കെ ബസ് പ്രധാന കവലയിൽ എത്തുന്നു. രണ്ട് പേരും ഇറങ്ങുന്നു.

തീപ്പൊരി തർക്കത്തിന്റെ ഈ ഇരുപത് മിനുട്ടിൽ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും അനുഭവിക്കുന്ന വെല്ലുവിളികൾ മുഴുവൻ അടങ്ങിയിരിക്കുന്നു.  ജനാധിപത്യ ഇന്ത്യ ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ശബരിമലയും രാമക്ഷേത്രവുമാണോ? നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽനിന്ന് രാജ്യം കരകയറിയിട്ടില്ല. സാമ്പത്തിക വളർച്ചാ നിരക്ക് കുത്തനെ താഴോട്ടാണ്. ഇന്ധന വിലയിലെ ചാഞ്ചാട്ടം ഭീകരമാണ്. ഒട്ടും തയ്യാറെടുപ്പില്ലാതെ നടപ്പാക്കിയ ഏക നികുതി സംവിധാനം സമസ്ത മേഖലയെയും താറുമാറാക്കിയിരിക്കുന്നു. ഭരിക്കുന്നവർ മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കിയിരിക്കുന്നു. റിസർവ് ബേങ്ക് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുള്ള നീക്കിയിരുപ്പ് പണം തന്നേതീരുവെന്ന് കേന്ദ്ര സർക്കാർ വാശിപിടിക്കുന്ന കാലം. തരാനൊക്കില്ലെന്ന് ഗവർണർക്ക് തീർത്തു പറയേണ്ടിവന്നു. ഒടുവിൽ ആർബിഐയും സർക്കാറും തമ്മിലുള്ള ബന്ധം നേരെയാക്കാൻ ഒരു സമിതിയെ വച്ചിരിക്കുകയാണ്. ഈ സമിതി ആർബിഐയെ വരിയുമെന്ന് ആർക്കും മനസ്സിലാകും. സിബിഐയിൽ നടക്കുന്നതും ഇത്തന്നെയാണ്.

ദളിത് ന്യൂനക്ഷ സമൂഹം നിതാന്തമായ ഭയത്തിലാണ്. കർഷകർ പലതവണ തെരുവിലിറങ്ങിയിട്ടും അവരുടെ ആവശ്യങ്ങൾക്ക് ആരും ചെവികൊടുക്കുന്നില്ല. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുനർനിർമിക്കാൻ ഒരു വഴിയുമില്ലാതെ കൈ നീട്ടി യാചിക്കുകയാണ് സംസ്ഥാനം. സർവവും നഷ്ടപ്പെട്ട മനുഷ്യർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായിട്ടില്ല. 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ ഇപ്പറഞ്ഞ ഒരു പ്രശ്‌നവും ചർച്ചയിലേക്ക് വരുന്നില്ല.  എന്ത് ചർച്ച ചെയ്യണമെന്ന് എവിടെയോ വച്ച് നിശ്ചയിക്കപ്പെടുന്നു. ആ തീരുമാനത്തിലെ പാവകൾ മാത്രമാണ് തർക്കിച്ച് ഒച്ചയടച്ചു പോയ ആ മനുഷ്യർ.

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. എന്തായിരുന്നു ചർച്ച. കാഷായ വേഷധാരിയായ യുപി മുഖ്യമന്ത്രി തെലങ്കാനയിൽ പോയി പറഞ്ഞത് ബിജെപിക്ക് ഭൂരിപക്ഷം തരൂ, ഹൈദരാബാദിന്റെ പേര് മാറ്റിത്തരാമെന്നാണ്. രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരത്തിന്റെ പ്രതീകങ്ങളായ പേരുകളും സ്മാരകങ്ങളും തുടച്ചു നീക്കിയിട്ട് എന്താണ് ഇവിടുത്തെ ജനങ്ങൾക്ക് കിട്ടാൻ പോകുന്നത്? അവരുടെ ഏതെങ്കിലും ജീവൽ പ്രശ്‌നത്തിന് ഇത് പരിഹാരമാണോ? താജ്മഹൽ തേജോമഹാലയ ആണ് പോലും. അവിടെ പൂജ ചെയ്യാനിറങ്ങിയിരിക്കുകയാണ് ബജ്‌റംഗ്ദളുകാർ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ സർവ പ്രസംഗങ്ങളിലും കടുത്ത വർഗീയതയാണ് പ്രസരിപ്പിക്കുന്നത്. പ്രതിപക്ഷം ഈ കെണിയിൽ കുടുങ്ങുകയും അവരും മൃദുവായി ഇത്തരം ഭൂരിപക്ഷ  വൈകാരികതക്കൊപ്പം പോകുന്നുവെന്നുവെന്നതുമാണ് ഏറ്റവും വേദനാജനകം. തീവ്രവലതുപക്ഷ യുക്തികളുടെ ഒരു പ്രശ്‌നമതാണ്. അതിന്റെ വേരുകൾ എല്ലാ ജനാധിപത്യ മുളകളെയും വരിഞ്ഞു മുറുക്കി നശിപ്പിച്ച് കളയും.

ഈ ചർച്ചയിലെല്ലാം വർഗീയതയുടെ തീയുണ്ടെന്ന് കൂടി കാണണം. രാമക്ഷേത്രത്തിന്റെ വിപരീതത്തിൽ പള്ളിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശബരിമലയിലെ ഓരോ പ്രചാരണത്തിലും മുസ്‌ലിം, ക്രിസ്ത്യൻ എലമെന്റ് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. യുവതീ പ്രവേശനത്തിന് ഹരജിയുമായി പോയത് മുസ്‌ലിംകളാണെന്ന പ്രചാരണം ഇതിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കളുടെ പ്രതിനിധാനം ഏറ്റെടുത്ത് രാഷ്ട്രീയം കളിക്കുന്നവരെല്ലാം മറുപുറത്ത് ന്യൂനപക്ഷങ്ങളെ ചൂണ്ടുന്നുണ്ട്. അത്‌കൊണ്ട് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളെല്ലാം ഒരേ സമയം ജനാധിപത്യവിരുദ്ധവും മതേതര വിരുദ്ധവുമാണ്. ചർച്ചയുടെ ഊന്നൽ മാറ്റിയേ തീരൂ. രാജ്യത്തിന്റെ ഭരണഘടനയിലേക്കും നിയമവ്യവസ്ഥയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും ഊന്നൽ പറിച്ചു നടണം.

ജനാധിപത്യം കണക്കിലെ കളിയാണ്. ഭൂരിപക്ഷമാണ് പ്രശ്‌നം. നമ്പറൊത്താൽ പിന്നെ എന്തുമാകാം. ഹിറ്റ്‌ലറുടെ ജർമനിയിലും ജനാധിപത്യം തന്നെയായിരുന്നു. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പിൽ ജയിച്ചാണ് ഫാസിസ്റ്റ് ഭരണകൂടം സൃഷ്ടിച്ചത്. അക്ഷരാർത്ഥത്തിൽ ഭൂരിപക്ഷത്തിന്റെ നേതാവാകുകയാണ് ഹിറ്റ്‌ലർ ചെയ്തത്. എല്ലാതരം ന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുകയോ ആട്ടിയോടിക്കുകയോ ചെയ്താൽ ആര്യൻ രക്തമുള്ള ഭൂരിപക്ഷം മാത്രം അവശേഷിക്കും. അതായിരുന്നു ഹിറ്റ്‌ലറുടെ ദേശീയത. ഭിന്നശേഷിക്കാരെപ്പോലും നാടിന് കൊള്ളാത്ത ന്യൂനപക്ഷമായി ഹിറ്റ്‌ലർ കണ്ടു. ഈ ‘ജനാധിപത്യ’ത്തിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തിനുള്ള വ്യത്യാസം ഇവിടെ വിയോജിപ്പുകൾക്ക് ഇടമുണ്ട് എന്നതാണ്. ന്യൂനപക്ഷത്തെ കൂടി പരിഗണിക്കണമെന്ന നിർബന്ധം ഭരണഘടനാ ശിൽപ്പികൾക്കും ദേശീയ നേതാക്കൾക്കും ഉണ്ടായിരുന്നുവെന്നതാണ് ഇന്ത്യൻ ജനാധിപത്യത്തെ മനോഹരമാക്കുന്നത്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നതെന്താണ്? വിയോജിക്കാനുള്ള ഇടം ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സർക്കാറിനെ വിമർശിക്കുന്നത് ദേശത്തെ വിമർശിക്കലായി വായിക്കപ്പെടുന്നു. പ്രധാനമന്ത്രിയെ വിമർശിച്ചാൽ ദേശദ്രോഹിയാകുന്നു. ഭൂരിപക്ഷത്തിന്റെ വൈകാരികത കത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അങ്ങനെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് ചിന്ത. അപ്പോൾ ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്  രാഷ്ട്രം അസ്തമിക്കും. മതരാഷ്ട്രം ഉദിക്കും.

മതസൗഹാർദം/മതേതരത്വം

മതസൗഹാർദവും മതേതരത്വവും രണ്ടാണ്. മതസൗഹാർദം ഒരു സാമൂഹിക ആശയമാണെങ്കിൽ മതേതരത്വം രാഷ്ട്രീയ ആശയമാണ്. വിവിധ മതക്കാരായ വ്യക്തികൾ തമ്മിലുള്ള ബന്ധമാണ് മതസൗഹാർദം. അത് ആരും ഉണ്ടാക്കുന്നില്ലെങ്കിലും ഉണ്ടായിക്കൊള്ളും. മതസൗഹാർദം ഊട്ടിയുറപ്പിക്കാൻ മുസ്‌ലിം നേതാവിന് ക്ഷേത്രത്തിൽ സ്വീകരണം നൽകേണ്ട കാര്യമില്ല. നോമ്പു മുറിച്ച് ഇതരമതസ്ഥനൊപ്പം ഭക്ഷണം കഴിച്ചല്ല മതസൗഹാർദം ഉണ്ടാക്കേണ്ടത്. മനുഷ്യർക്ക് പ്രശ്‌നങ്ങളുള്ളിടത്തോളം കാലം മതാതീതമായ സൗഹൃദം മനുഷ്യർ തമ്മിലുണ്ടാകും. മതങ്ങളിൽതന്നെ അതിനുള്ള പ്രചോദനങ്ങൾ എമ്പാടുമുണ്ട്. മെഡിക്കൽ കോളജിൽ പോയാൽ അത് കാണാം. പ്രളയ സമയത്ത് കണ്ടതും അതാണ്.

എന്നാൽ രാഷ്ട്രവും മതവും തമ്മിലുള്ള ബന്ധമാണ് മതേതരത്വം. രാഷ്ട്രത്തിന് ഏതെങ്കിലും മതത്തോട് പ്രീണനമോ വിദ്വേഷമോ ഇല്ലാതിരിക്കലാണ് മതേതരത്വം. എല്ലാ മതങ്ങൾക്കും തുല്യ പരിഗണന. ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമാകാം. എന്നാൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല. ഇസ്‌റാഈൽ ജൂത ഭൂരിപക്ഷ രാഷ്ട്രം മാത്രമല്ല. അത് ജൂതരാഷ്ട്രം തന്നെയാണ്. മതേതരത്വത്തിന്റെ പൗരസ്ത്യ വീക്ഷണവും പാശ്ചാത്യ വീക്ഷണവും വ്യത്യാസമുണ്ട്. 15-16 നൂറ്റാണ്ടിൽ യൂറോപ്പിൽ രൂപമെടുത്ത ആശയങ്ങളാണ് മതേതരത്വവും ജനാധിപത്യവും ദേശീയതയുമൊക്കെ. ചർച്ചിന്റെ കൊടുംക്രൂരതകളോടുള്ള പ്രതികരണമായിരുന്നു അവർക്ക് മതേതരത്വം. എന്തിലും ചർച്ച് ഇടപെട്ടു. അത്‌കൊണ്ട് മാർക്‌സിന് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയേണ്ടിവന്നു. ഫ്രഡറിക് നിഷേ പറഞ്ഞു: ദൈവം മരിച്ചിരിക്കുന്നു. നാഗരികതക്ക് വേണ്ടത് മതനിരാസമാണെന്ന് അവർ വാദിച്ചു. പൊതു മണ്ഡലത്തിൽ മതചിഹ്നങ്ങൾ പൂർണമായി തുടച്ചുമാറ്റലാണ് മതേതരത്വമെന്ന് പാശ്ചാത്യർ കരുതി. തുർക്കിയിലെ അതാതുർക്ക് ഏറ്റവും നല്ല ഉദാഹരണം.

പൗരസ്ത്യ മതേതരത്വം മതത്തിന് പൊതുമണ്ഡലത്തിലുള്ള ഇടം അതുപോലെ നിലനിർത്തലാണ്. സ്റ്റേറ്റ് പൗരൻമാരുടെ മതവിശ്വാസത്തിൽ ഇടപെടാൻ പാടില്ല. ഗാന്ധിജിയും ആസാദും നെഹ്‌റുവും അംബേദ്കറുമെല്ലാം പുറത്ത് പോയി പഠിച്ചവരാണ്. പക്ഷേ, അവർ അവിടെ കണ്ടത് അപ്പടി ഇവിടെ ആവർത്തിക്കുകയല്ല ചെയ്തത്. മറിച്ച് ഇന്ത്യക്ക് പാകമായ ഒന്ന് രൂപപ്പെടുത്തുകയായിരുന്നു. അത്‌കൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥക്ക് തികച്ചും വ്യത്യസ്തമായ ഒരു മതേതര സങ്കൽപ്പം രൂപപ്പെട്ടത്.  ഭരണഘടനയാൽ നിർവചിക്കപ്പെട്ടതാണ് ഇവിടെ മതേതരത്വം. നിയമവ്യവസ്ഥക്ക് മുന്നിൽ ഒരു മതത്തിനും പ്രത്യേക അവകാശങ്ങളില്ല. പൗരൻമാരുടെ വിശ്വാസം അവരുടേത് മാത്രമാണ്. അതിൽ രാഷ്ട്രം ഇടപെടില്ല. നമ്മുടെ പീനൽകോഡ് അടക്കമുള്ള എല്ലാ പൊതുനിയമങ്ങളും വിവേചനരഹിതമാണ്. ഉദാഹരണത്തിന്,  ലൈസൻസില്ലാതെ വണ്ടിയോടിച്ചാൽ ഞാൻ ഭൂരിപക്ഷ സമുദായക്കാരനാണ് എന്ന് പറയാനാകില്ല. പിഴയടച്ചേ മതിയാകൂ. ന്യൂനപക്ഷമായത്‌കൊണ്ടും നിയമത്തിന് മുന്നിൽ ഇളവുണ്ടാകില്ല.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തൊട്ട് എല്ലായിടത്തും മതേരത്വം ഒരു അടിസ്ഥാന ആശയമായി കാണാമെങ്കിലും ആ പദം ചേർത്തത് 1976-ലെ 42-ാം ഭേദഗതി പ്രകാരമാണ്. ആർട്ടിക്കിൾ 14 മുതൽ 18 വരെ നിയമത്തിന് മുന്നിലെ സമത്വം ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 25 വ്യക്തികൾക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 26 മതകാര്യങ്ങൾ നിർവഹിക്കാനുള്ള സ്ഥാപനങ്ങൾ നടത്താൻ അവകാശം നൽകുന്നു. പ്രത്യേക വ്യക്തിനിയമങ്ങൾ അനുവദിക്കുക വഴി മതസ്വത്വത്തെ കുറേക്കൂടി അംഗീകരിക്കുന്നു. അത്‌കൊണ്ട് ഇന്ത്യൻ മതേതരത്വത്തെ സംരക്ഷിക്കാൻ ആദ്യമായി വേണ്ടത് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കലാണ്. മതേതരത്വം ഒരു  രാഷ്ട്രീയ ആശയവും അത് സംരക്ഷിക്കാനുള്ള ശ്രമം രാഷ്ട്രീയ  പ്രവർത്തനവുമാണ്. ഭരണഘടന തിരുത്തിയെഴുതാൻ വെമ്പുന്നവർ രാഷ്ട്രീയ മേൽക്കൈ നേടരുത്. ഭൂരിപക്ഷ പ്രീണനത്തിലേക്ക് സർക്കാറുകൾ കൂപ്പുകുത്തരുത്. മനുസ്മൃതി വരരുത്. ചാതുർവർണ്യം വരരുത്. ത്രിവർണ പതാക പോയി കാവിധ്വജം വരരുത്. ദേശീയഗാനം പോയി വന്ദേമാതരം വരരുത്.

 

ഹിന്ദു/ഹിന്ദുത്വം

ഇന്ത്യൻ മതേതരത്വത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയെ ബഹുമാനിക്കാത്ത ഹിന്ദുത്വ ആശയഗതികളുടെ വ്യാപനമാണ്. ‘ഹിന്ദു’ ഉൾക്കൊള്ളലാണ്. ശാന്തതയാണ്. ബഹുസ്വരവുമാണ്. എന്നാൽ ഹൈന്ദവതയുടെ അപകടകരമായ രാഷ്ട്രീയ ആവിഷ്‌കാരമാണ് ‘ഹിന്ദുത്വം’. അത് ആട്ടിയോടിക്കലാണ്. നിഗ്രഹാത്മകമാണ്. ഏകശിലാത്മകതയാണ്. അത് ബഹുസ്വരതക്ക് എതിരാണ്. അത് മതരാഷ്ട്രത്തിൽ വിശ്വസിക്കുന്നു. അത്‌കൊണ്ടാണ് പശുവാദം മതേതരവിരുദ്ധമായ ഒരു ആശയമാകുന്നത്. പശുവിനെ ചില ഹൈന്ദവർ ഭക്തിയോടെ കാണുന്നു. അത് നിഷ്‌കളങ്കമായ ഒരു വിശ്വാസമാണ്. അതിനെ ഹിന്ദുത്വം എടുത്തുപയറ്റിയപ്പോൾ എന്തായി എന്ന് നോക്കൂ. ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉപാധിയായി. മുസ്‌ലിംകളുമായി ഒരു ബന്ധവുമില്ലാത്ത വിഷയമാണത്. എന്നിട്ടും മുസ്‌ലിംകൾ ക്രൂരമായി ആക്രമിക്കപ്പെട്ടു. അഖ്‌ലാഖ്, ജുനൈദ്, പഹ്‌ലുഖാൻ….അതിന്റെ ഇരകളായി. അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച പോലീസ് ഓഫീസറെ വകവരുത്താനായി ബുലന്ദ്ശഹറിൽ ഒരു കലാപംതന്നെ സൃഷ്ടിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

പശു ഒരു രാഷ്ട്രീയ ഉപകരണമാകുകയായിരുന്നു.  എതിർപക്ഷത്ത് മുസ്‌ലിംകളാണ് എന്ന ധ്വനിയാണ് ഉണ്ടാക്കിയത്. സത്യത്തിൽ അത് മനുഷ്യരുടെ ഉപജീവനവും തൊഴിലുമൊക്കെയായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമായിരുന്നു. ദളിതുകളാണ് പശുവാദത്തിന്റെ യഥാർത്ഥ ഇരകൾ. മാംസാഹാരം മുസ്‌ലിം വിഷയമാക്കി, പ്രതിരോധത്തിനായി ബീഫ് മേളകൾ നടത്തിയപ്പോൾ പശുരാഷ്ട്രീയം കളിക്കുന്നവർക്ക് സൗകര്യമാകുകയാണ് ചെയ്തത്.  ഇത്തരം  പിശകുകളാണ് മതേതര പ്രതിരോധത്തെ നിഷ്ഫലമാക്കുന്നത്, ഒരു വേള വിപരീതഫലമുളവാക്കുന്നത്.

സനാതന ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടും ഗാന്ധിജി ആർഎസ്എസിനും ഹിന്ദു മഹാസഭക്കും കൊല്ലപ്പെടേണ്ട വ്യക്തിയാകുന്നത് അദ്ദേഹം ഇന്ത്യൻ ദേശീയതയെ ബഹുസ്വരതയുടെ മഹത്തായ വിതാനത്തിലേക്ക് ഉയർത്തിയത്‌കൊണ്ടാണ്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെയും ദളിത് സമൂഹത്തെയും ദേശീയ മുഖ്യധാരയിൽ ചേർത്തുനിർത്താനാണ് ഗാന്ധിജി എക്കാലത്തും ശ്രമിച്ചത്. അങ്ങനെയാണ് അദ്ദേഹം രാഷ്ട്രപിതാവാകുന്നത്.

ഭരണഘടനയുടെ ദുരുപയോഗം

ഭരണഘടനയെ തന്നെയാണ് മതേതര വിരുദ്ധമായ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നത് എന്നതാണ് ഏറ്റവും അപകടകരമായ പ്രവണത. പശുവാദത്തിന് നിർദേശകതത്ത്വത്തിലെ ഒരു വരി ഉപയോഗിക്കും. ഏകസിവിൽ കോഡിനും നിർദേശകതത്ത്വത്തെയാണ് കൂട്ടുപിടിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ മൗലികാവകാശത്തെ ദുർബലപ്പെടുത്തിയാണ് ഇത് ചെയ്യുന്നതെന്നോർക്കണം. മതപ്രമാണങ്ങൾക്കനുസരിച്ചുള്ള വ്യക്തിനിയമം അനുവദിക്കുമ്പോൾ മതവിശ്വാസത്തെ ആദരിക്കുകയാണ് ഭരണഘടന ചെയ്യുന്നത്. എല്ലാ മതങ്ങളുടെയും വ്യക്തിത്വത്തെ അംഗീകരിക്കുകയെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യം. ഇത് രണ്ട് തരത്തിലാണ് സാധ്യമാകുന്നത്. ഒരു പ്രത്യേക മതത്തിന്റെ വിധിവിലക്കുകൾ രാജ്യത്തിന്റെ പൊതുനിയമങ്ങളുടെ അടിസ്ഥാനമായിക്കൂടെന്നതാണ് ഒരു തത്ത്വം. എന്നാൽ വ്യക്തിതലത്തിൽ ഓരോ മതവിശ്വാസിയും അവന്റെ വിശ്വാസ പൂർത്തീകരണത്തിന് അനിവാര്യമായി ആചരിക്കേണ്ട നിയമങ്ങൾക്ക് മേൽ ഭരണകൂടം തടസ്സങ്ങൾ സൃഷ്ടിക്കാതിരിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ഈ രണ്ട് തത്ത്വങ്ങളും ഏറ്റുമുട്ടലില്ലാതെ നിലനിൽക്കുന്നത്‌കൊണ്ടാണ് ഇവിടെ പൊതുസിവിൽ, ക്രിമിനൽ കോഡും പ്രത്യേക മതസ്ഥർക്ക് വ്യക്തിനിയമങ്ങളും നിലനിൽക്കുന്നത്. എന്നുവച്ചാൽ വ്യക്തി നിയമങ്ങൾ (പേഴ്‌സണൽ ലോ) പൗരൻമാരുടെ മതവൈവിധ്യത്തെ അംഗീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിലാണ് ഏകസിവിൽ കോഡിനായുള്ള മുറവിളി വിശകലനം ചെയ്യേണ്ടത്. ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം അസഹിഷ്ണുതയുടെ പ്രകടനമാണ്. ഏകീകൃത സിവിൽ കോഡ് ദേശീയ ആവശ്യമല്ല; രാഷ്ട്രീയ ആവശ്യമാണ്. ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാജ്യത്ത് സാധ്യമാകുന്നതിന്റെ അങ്ങേയറ്റം ഏകത്വം നമ്മുടെ നിയമവ്യവസ്ഥക്ക് ഇപ്പോഴുണ്ട്. നിയമത്തിന് മുമ്പിൽ എല്ലാവരും സമൻമാരാണ് എന്ന ഭരണഘടനാ തത്ത്വം നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന മൂല്യമാണ്. ക്രിമിനൽ കോഡും  ഇന്ത്യൻ പീനൽ കോഡും സിവിൽ പ്രൊസീജ്യർ കോഡും ക്രിമിനൽ പ്രൊസീജ്യർ കോഡുമെല്ലാം എല്ലാവർക്കും ബാധകമായതാണ്. ഇവയടക്കം ആയിരക്കണക്കായ നിയമങ്ങളും ശിക്ഷാ വിധികളുമെല്ലാം മതം, ജാതി, പ്രദേശം, സാമ്പത്തിക നിലവാരം തുടങ്ങിയ പരിഗണനകളിൽ നിന്ന് തികച്ചും മുക്തമാണ്. സമൂഹവുമായി വ്യക്തി ഇടപെടുന്ന മുഴുവൻ മേഖലകളിലും ഈ നിയമങ്ങളാണ് വാഴുന്നത്. അത്‌കൊണ്ടാണ് രാജ്യത്ത് നിയമവാഴ്ച (റൂൾ ഓഫ് ലോ) സാധ്യമാകുന്നത്. -മതപ്രമാണങ്ങൾക്കനുസരിച്ച് പാലിക്കപ്പെടേണ്ട തികച്ചും വ്യക്തിനിഷ്ഠമായ വിഷയങ്ങളിൽ മാത്രമാണ് വ്യക്തിനിയമങ്ങൾ ബാധകമായിട്ടുള്ളത്. ആരിലും വ്യക്തിനിയമം അടിച്ചേൽപ്പിക്കുന്നില്ല. മതവിശ്വാസിയും അയാളുടെ കുടുംബവും മറ്റൊരു മതവിശ്വാസിയുമായും അയാളുടെ കുടുംബവുമായും  തമ്മിലുള്ള ബന്ധത്തെയാണ് അത് നിർവചിക്കുന്നത്.

ഭരണഘടനയുടെ നാലാം ഭാഗത്ത് പ്രതിപാദിക്കുന്ന നിർദേശകതത്ത്വങ്ങളിൽ ഏകസിവിൽ കോഡിനെക്കുറിച്ച് പരാമർശമുണ്ട് എന്നതാണ് കോഡ് ഏകീകരണത്തിനായി വാദിക്കുന്ന ന്യായാധിപൻമാരും രാഷ്ട്രീയ നേതാക്കളും പൗരസമൂഹക്കാരുമെല്ലാം ഉയർത്തിക്കാണിക്കുന്നത്. ഇവിടെ, നിർദേശകതത്ത്വങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനയിലെ 36 മുതൽ 51 വരെ വകുപ്പുകളിലായാണ് നിർദേശകതത്ത്വങ്ങൾ പ്രതിപാദിക്കുന്നത്. ‘രാജ്യത്താകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമിക്കണ’മെന്ന് 44-ാം വകുപ്പ് നിർദേശിക്കുന്നു.

രാഷ്ട്രം അഥവാ ഭരണകൂടം അതിന്റെ പ്രയാണത്തിനിടെ കൈവരിക്കേണ്ട ലക്ഷ്യങ്ങളെന്നാണ് നിർദേശകതത്ത്വങ്ങളെ (ഡയറക്ടീവ് പ്രിൻസിപ്പിൾസ്) നിർവചിച്ചിട്ടുള്ളത്. ഐറിഷ് റിപ്പബ്ലിക്കിന്റെ ഭരണഘടനയിൽ നിന്നാണ് ഇതിന്റെ പ്രചോദനം. വിപ്ലവ ഫ്രാൻസിന്റെ മനുഷ്യാവകാശ പ്രഖ്യാപനവും അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും ഇത്തരമൊരു ഭാഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ ഭരണഘടനകൾക്കൊന്നിനും ഇന്ത്യയിലുള്ളത് പോലെ വ്യവസ്ഥാപിതവും വിശദവുമായ മൗലികാവകാശങ്ങളില്ലെന്ന് മനസ്സിലാക്കണം. അത്‌കൊണ്ട്തന്നെ ഇന്ത്യൻ ഭരണഘടനയിൽ ഇങ്ങനെയൊന്ന് വേണമോയെന്ന് ഭരണഘടനാ നിർമാണ സമിതിയിൽ കാര്യമായി ചർച്ചയായതാണ്. പാശ്ചാത്യ രാജ്യങ്ങളെ അപ്പടി പകർത്തുന്നതായിപ്പോയി നിർദേശകതത്ത്വങ്ങളെന്ന വിമർശനംപോലും ഉയർന്നുവന്നു. മൗലികാവകാശങ്ങളുമായി ഇവ ഏറ്റുമുട്ടുമോയെന്ന ഭയം ഭരണഘടനാ ശിൽപ്പികൾക്ക് തന്നെയുണ്ടായിരുന്നു. ഈ പ്രശ്‌നം ഒഴിവാക്കാൻ അത്യന്തം പ്രാധാന്യമേറിയ വ്യവസ്ഥ എഴുതിച്ചേർത്തു. 37-ാം വകുപ്പ് പ്രകാരം നിർദേശകതത്ത്വങ്ങൾ ‘ന്യായവാദാനർഹമാ’യിരിക്കുമെന്നതാണ് ആ വ്യവസ്ഥ. എന്നുവച്ചാൽ അവ നടപ്പാക്കാൻ സുപ്രീം കോടതിയുൾപ്പെടെയുള്ള ഇന്ത്യൻ കോടതികൾക്ക് അധികാരമില്ലെന്ന്തന്നെ. മൗലികാവകാശങ്ങളുടെ കാര്യം ഇതിന് നേരെ വിപരീതമാണ്. അത് നടപ്പായിക്കിട്ടാൻ പൗരൻമാർക്ക് കോടതികളെ സമീപിക്കാം. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന ഘട്ടത്തിൽ ഇടപെടാനും എക്‌സിക്യൂട്ടീവിനെ ഇക്കാര്യത്തിൽ തിരുത്താനും കോടതികൾക്ക് അധികാരമുണ്ട്.

 

പുതിയ പ്രവണത 

ഇവിടെ ഏറ്റവും പുതുതായി കാണുന്ന ഒരു പ്രവണത സമത്വത്തിനുള്ള അവകാശം ഉപയോഗിച്ച് മതസ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ദുർബലമാക്കുകയെന്നതാണ്. വ്യക്തിനിയമങ്ങൾ സമത്വത്തിന് എതിരാണെന്നാണ് വാദം. ന്യായാധിപൻമാർ ഗുരുതരമായ വളച്ചൊടിക്കലാണ് നടത്തുന്നത്. യൂനിറ്റിയാണ് ഭരണഘടന മുന്നോട്ട്‌വെക്കുന്ന തത്ത്വം. യൂനിഫോമിറ്റിയല്ല.  ആർട്ടിക്കിൾ 14 മുതൽ 18 വരെയുള്ള സമത്വവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ലക്ഷ്യം കേവല സമത്വം കൊണ്ടുവരലല്ല. ആയിരുന്നുവെങ്കിൽ സംവരണം അനുവദിക്കുമായിരുന്നില്ല. കശ്മീരിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവിയും ഉണ്ടാകുമായിരുന്നില്ല. സംരക്ഷിത വിവേചനത്തിൽ (പ്രൊട്ടക്ടീവ് ഡിസ്‌ക്രിമിനേഷൻ) വിശ്വസിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. സമത്വത്തിനായുള്ള അവകാശത്തിന് ഭരണഘടന ഇത്ര പ്രാമുഖ്യം നൽകിയതിന്റെ പശ്ചാത്തലവും മനസ്സിലാക്കേണ്ടതാണ്. കൊടികുത്തി വാണ ജാതീയതയാണ് അതിന്റെ പശ്ചാത്തലം. അയിത്താചാരം ഇന്നും പലനിലയിൽ തുടരുകയാണ്. സാക്ഷാൽ അംബേദ്കറിന് ബുദ്ധമതം സ്വീകരിക്കേണ്ടി വന്നുവല്ലോ.

സ്വവർഗ രതി കുറ്റമായി കാണുന്ന ഐപിസി 377 റദ്ദാക്കിയത് ആർട്ടിക്കിൾ 14, 15 വകുപ്പുകൾ അടിസ്ഥാനമാക്കിയാണ്. വിവാഹേതര ലൈംഗിക ബന്ധം നിരോധിക്കുന്ന ഐപിസി 497 റദ്ദാക്കിയതും ഇതേ സമത്വത്തിന്റെ കണ്ണിലൂടെയാണ്. ശബരിമല വിധിയും ഇങ്ങനെതന്നെയായിരുന്നു. രാജ്യത്തെ മതസമൂഹങ്ങളെയും മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെയും കടുത്ത ഭീതിയിലാഴ്ത്തുകയാണ് കോടതികൾ ചെയ്യുന്നത്.

മതമൂല്യങ്ങൾക്കെതിരായ വിധി പുറപ്പെടുവിക്കാൻ മതാധ്യാപനങ്ങളെതന്നെ ഉപയോഗിക്കുകയെന്നതാണ് മറ്റൊരു തന്ത്രം. മുത്വലാഖ് മതത്തിൽ മോശമായ കാര്യമാണല്ലോ, പിന്നെങ്ങനെ നീതിന്യായ വ്യവസ്ഥയിൽ നല്ലതാകും എന്നതാണ് കോടതിയുടെ ചോദ്യം. ഇത് അജ്ഞതയാണ്. വളച്ചൊടിക്കലാണ്. മുത്വലാഖ് നിരോധിക്കുകയല്ല. വിരോധിക്കുകയാണ് മതം ചെയ്തത്. അത് ഒരു എമർജൻസി എക്‌സിറ്റ്  ആണ്. പഞ്ചായത്ത് റോഡല്ല. സ്വവർഗ രതി ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിഷിദ്ധമാണല്ലോ. എന്തേ അത് കോടതി കണ്ടില്ല? നിസ്‌കരിക്കാൻ പള്ളി നിർബന്ധമില്ലെന്ന ഫാറൂഖി കേസിലെ പരാമർശത്തിലും മതതത്ത്വത്തെ ദുരുപയോഗം ചെയ്തത് കാണാം. ഇസ്‌ലാമിക ശരീഅത്തിന് മേൽ കൈവച്ചപ്പോഴൊക്കെ കോടതികൾ ഇത്തരത്തിലുള്ള വളച്ചൊടിക്കലുകൾ നടത്തിയിട്ടുണ്ട്. പൊതുആരോഗ്യത്തിനും ക്രമത്തിനും വിരുദ്ധമായതൊന്നും ശരീഅത്ത് തത്ത്വങ്ങളില്ലെന്നിരിക്കെ ഇത്തരം കടന്നുകയറ്റങ്ങൾക്ക് കോടതിയും സർക്കാറും നീങ്ങുമ്പോൾ വെല്ലുവിളി നേരിടുന്നത് ഇന്ത്യൻ മതേതരത്വമാണ്.

 

ഭരണഘടന

കാത്തുസൂക്ഷിക്കുക

ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതിയെ വലിയ പരുക്കില്ലാതെ നിലനിർത്താനുള്ള മൂല്യ സ്രോതസ്സ്തന്നെയാണ് ഭരണഘടന. അതിന്റെ ആമുഖം തൊട്ടുള്ള എല്ലാ പ്രഖ്യാപനങ്ങളും ആ ദൗത്യം നിർവഹിക്കുന്നു. എന്തെല്ലാം കുറവുകളുണ്ടെങ്കിലും, ഇന്ത്യൻ ജനതയിൽ അടിഞ്ഞുകൂടാനിടയുള്ള മതരാഷ്ട്രവാദ സമീപനങ്ങളെ ഭരണഘടന ദീർഘദർശനം ചെയ്യുന്നുണ്ട്. അതിനെ കണ്ടംവച്ച കോട്ടെന്നും അഭിഭാഷകരുടെ പറുദീസയെന്നും വൈദേശികമെന്നും ആക്ഷേപിക്കുന്നവരുടെ ലക്ഷ്യം തുറന്നു കാണിക്കുകതന്നെ വേണം. പാശ്ചാത്യ മൂല്യബോധത്തിനനുസരിച്ചല്ല ജഡ്ജിമാർ ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടത്. ഭരണഘടന അക്ഷരങ്ങൾ മാത്രമല്ല, അതിന് ആശയങ്ങളുടെ ആത്മാവ് കൂടിയുണ്ടെന്ന് ന്യായാധിപർ മനസ്സിലാക്കണം.

അപ്പോഴും ആത്മവിശ്വാസത്തോടെ പറയാനാകും,  ചരിത്രം മതേതര ചേരിയോടൊപ്പമാണെന്ന്. ഇന്ത്യയിൽ നൂറ്കണക്കിന് കലാപങ്ങളും നുണ പ്രചാരണങ്ങളും വർഗീയ വിഭജന തന്ത്രങ്ങളും അരങ്ങേറിയിട്ടും ഇന്നും ശക്തമായ മതനിരപേക്ഷ പൊതുസമൂഹം നിലനിൽക്കുന്നുവെന്നത് ആവേശകരമായ വസ്തുതയാണ്. ഈ സമൂഹത്തെ സംരക്ഷിച്ച് നിർത്താൻ പക്ഷേ, ഇന്ന് ആഘോഷിക്കപ്പെടുന്ന മതേതര കക്ഷികളെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിയായിരിക്കില്ല. അവയിൽ പലതും ഫ്യൂഡൽ ബോധ്യങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ്. മൃദുഹിന്ദുത്വത്താൽ മലിനമാണ് അവയുടെ മതേതരത്വം. മാത്രമല്ല വർഗീയതയുടെ കൂടെപ്പിറപ്പായ സാമ്രാജ്യത്വവുമായി സാമ്പത്തിക, രാഷ്ട്രീയ മുൻഗണനകളിൽ കൈകോർക്കുന്നവരാണ് അവർ. അത്‌കൊണ്ട് ഇത്തരം മുഖ്യധാരാ സംഘടനകളെ തിരുത്തുകയെന്ന ബാധ്യതകൂടി യഥാർത്ഥ മതേതര സമൂഹത്തിന്റെ ചുമലിലുണ്ട്. ഭീകരരോടൊപ്പം ചേരാൻ പുറപ്പെട്ട് പോകുന്നവരും അത്തരക്കാർക്ക് പ്രത്യയശാസ്ത്ര പിൻബലമൊരുക്കുന്നവരും അവർക്ക് സംരക്ഷണ കവചമൊരുക്കുന്ന സമുദായ പാർട്ടിക്കാരും മതേതര ചേരിയെ ദുർബലമാക്കുകയാണ് ചെയ്യുന്നത്.

ഇരകളുടെ ഐക്യം സാധ്യമാകണം. അതിന് മുമ്പ് ഇരകൾ സ്വന്തത്തിലേക്ക് നോക്കാൻ തയ്യാറാകണം. ഫാസിസ്റ്റുകളുടെ രാഷ്ട്രീയ വിജയവും അവർ ഉണ്ടാക്കുന്ന പ്രകോപനങ്ങളും എന്നിൽ ഏത് തരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കുന്നത്? പ്രതിവർഗീയത എന്നിൽ പ്രവർത്തിക്കുന്നുണ്ടോ? അതോ പ്രതികരിക്കാനാകാത്ത ഭയവും മരവിപ്പുമാണോ ഉണ്ടാക്കുന്നത്? ദളിതനായ എന്നിൽ തീവ്രസ്വത്വബോധമാണോ ഉണ്ടാകുന്നത്? പ്രതിരോധ നിരയിൽ ഒരാൾക്ക് ചെയ്യാനാകുന്നത് ഞാൻ ചെയ്യുന്നുണ്ടോ? ഫാസിസത്തെ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾക്ക് ശരിയായ ഉത്തരത്തിൽ എത്തിച്ചേരുമ്പോൾ മതേതരത്വം പുതിയ ഭാഷ കണ്ടെത്തുകതന്നെ ചെയ്യും. ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതാത്തിടത്തോളം കാലം ഭരണകൂടത്തിന് ഭീകരമാകുന്നതിന് പരിധിയുണ്ട്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ