മനുഷ്യന് ശാരീരിക പ്രവൃത്തിപോലെ മാനസിക പ്രവൃത്തിയും ഉണ്ട്. കര്‍മം ചെയ്യുന്നതിനു മുമ്പുള്ള മാനസിക വിചാരം ഉദാഹരണം. ഈ വിചാരം നാല് രീതിയില്‍ പ്രകടമാകും. അകാരണ ചിന്ത, അവിചാരിത വികാരം, വിശ്വസ്ത വിചാരം, സുദൃഢ താല്‍പര്യം (ഖാത്വിര്‍, മയ്ല്‍, ഇഅ്തിഖാദ്, ഹമ്മ്) എന്നിവയാണവ. ഇതില്‍ ഒന്നും രണ്ടും ശിക്ഷാര്‍ഹമല്ല. ഇവ മനഃപൂര്‍വം ഉല്‍ഭവിക്കുന്നതല്ല എന്നതാണ് കാരണം.
നബി(സ്വ) പറഞ്ഞു: മനഃപൂര്‍വമല്ലാതെയുള്ള ദുര്‍ചിന്തകള്‍ എന്റെ സമുദായത്തിന് മാപ്പാക്കപ്പെട്ടിരിക്കുന്നു.’
ചെയ്യണമെന്ന ഉദ്ദേശ്യമോ ഉറപ്പോ അകമ്പടിയാകാതെ ഉടലെടുക്കുന്നവയാണത്. ദോഷം ചെയ്യാനുള്ള വിശ്വസ്ത വിചാരവും സുദൃഢ താല്‍പര്യവും കുറ്റകരവും ശിക്ഷാര്‍ഹവുമാകുന്നു. അനിവാര്യമായും ചെയ്യുമെന്ന മനസ്സുറപ്പാണ് വിശ്വസ്ത വിചാരം. ഇത് മനഃപൂര്‍വമല്ലാതെയും സംഭവിക്കാം. മനഃപൂര്‍വമാണെങ്കിലാണ് ശിക്ഷാര്‍ഹമാകുന്നത്. നിര്‍ബന്ധിതമാണെങ്കില്‍ ശിക്ഷാര്‍ഹമല്ല.
ചെയ്യണമെന്ന സുദൃഢ താല്‍പര്യമാണ് ഹമ്മ്. ഇതും കുറ്റകരമാകുന്നു. പക്ഷേ, അല്ലാഹുവിനെ പേടിച്ച് ഖേദത്തോടെ ഒഴിവാക്കിയാല്‍ ഇതിന് പ്രതിഫലം ലഭിക്കും. ദുഷ്കര്‍മം വെടിഞ്ഞത് അല്ലാഹുവിനെ പേടിച്ചിട്ടല്ലെങ്കില്‍ ഒരു തിന്മ രേഖപ്പെടുത്തുന്നതുമാണ്. പ്രതിബന്ധങ്ങള്‍ കാരണം വെടിഞ്ഞാലും തിന്മ കിട്ടും. പ്രവൃത്തി താല്‍പര്യം മാനസിക കര്‍മമാണന്നതത്രെ ഇതിനു കാരണം.
നബി(സ്വ) പറഞ്ഞു: “രണ്ടു മുസ്‌ലിംകള്‍ വാളെടുത്ത് പരസ്പരം പോരാടി, ഒരാള്‍ കൊല്ലപ്പെട്ടു. എങ്കില്‍ കൊന്നവന്‍ നരകാവകാശിയാണ്. അതുപോലെ കൊല്ലപ്പെട്ടവനും നരകാവകാശി തന്നെ. ഇതുകേട്ട സ്വഹാബത്ത് ചോദിച്ചു: കൊല്ലപ്പെട്ടവനെങ്ങനെ…? അതേ, അവന്‍ എതിരാളിയെ കൊല്ലണമെന്നുദ്ദേശിച്ചിരുന്നു. സംഗതിവശാല്‍ സാധിക്കാതെ പോയതാണ്നബി(സ്വ)യുടെ മറുപടി.
ദുഷ്ട താല്‍പര്യത്തിന്റെ പേരില്‍ മാത്രം നരകത്തില്‍ കടക്കാമെന്നത്രെ ഈ ഹദീസ് തെളിയിക്കുന്നത്. അക്രമമേറ്റ് മരിച്ചിട്ടുപോലും സ്ഥിതി ഇതാണെങ്കില്‍ മനസ്സറിഞ്ഞുള്ള കരുത്തുകളും താല്‍പര്യങ്ങളും ശിക്ഷാര്‍ഹമാകില്ലെന്ന് ഏതു ന്യായപ്രകാരമാണ് വിധിക്കുക. സദ്കര്‍മം കൊണ്ടും അങ്ങേയറ്റത്തെ ഖേദം കൊണ്ടും ഈ കുറ്റം പരിഹരിക്കാവുന്നതാണ്.
പൈശാചിക മന്ത്രങ്ങള്‍
പിശാചിന്റെ ചതിപ്രയോഗങ്ങളും കുതന്ത്രങ്ങളും അങ്ങേയറ്റം അപകടം പിടിച്ചവയാണ്. സദ്കര്‍മവേളയില്‍ നമ്മെ വഴിതെറ്റിക്കുന്നതിന് ഏഴു വിധത്തില്‍ അവന്‍ വേഷം കെട്ടിവരും. കര്‍മം ഉപേക്ഷിക്കണമെന്ന മന്ത്രമാകും ആദ്യത്തേത്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് കര്‍മത്തിനു നാം മുതിര്‍ന്നാല്‍ മറ്റൊരു സമയത്തേക്കു മാറ്റിവെച്ചേക്കൂ എന്നാകും പിശാചിന്റെ മന്ത്രം. അതും അതിജയിച്ചാല്‍ ധൃതിപ്പെട്ട് ചെയ്യാനാകും അവന്റെ പ്രേരണ. കര്‍മങ്ങള്‍ വിധി പ്രകാരം പാലിക്കുന്നതില്‍ പാളിച്ച വരുത്തുകയാണവന്റെ ഉദ്ദേശ്യം.
ഇതും അതിജീവിച്ചാല്‍ കര്‍മങ്ങള്‍ കൃത്യവും പൂര്‍ണവുമായി ചെയ്യാന്‍ തന്നെ ഇബ്ലീസ് നമ്മെ പ്രേരിപ്പിക്കും. ലോകമാന്യത്തിനിടം കണ്ടെത്തുകയാവും ഈ അവസരത്തില്‍ അവന്റെ തന്ത്രം. ഇവിടെയും അവനെ അതിജയിക്കാനായാല്‍ ചെയ്ത കര്‍മത്തിന്റെ പേരില്‍ ഉള്‍നാട്യത്തിന് പ്രേരിപ്പിക്കും. അവിടെയും രക്ഷപ്പെടുന്ന പക്ഷം ആത്മീയ പരിശ്രമത്തിന്റെ പേരില്‍ അവന്‍ നമ്മെ വഴിതെറ്റിക്കാനെത്തും. “നീ ആരാധനാ നിമഗ്നനാകുക, അവന്‍ നിനക്കു പ്രത്യക്ഷമാകും’ ഇത്തരം കാര്യങ്ങള്‍ മന്ത്രിച്ച് രിയാഇന്റെ അകത്തളത്തിലേക്ക് കടത്തിവിടാന്‍ അവന്‍ തക്കംപാര്‍ക്കും. അല്ലാഹുവില്‍ മാത്രം ബോധേന്ദ്രിയങ്ങള്‍ ലയിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പിശാചിന്റെ കുതന്ത്രത്തില്‍ നിന്നും നമുക്ക് പൂര്‍ണമായി രക്ഷപ്പെടാന്‍ കഴിയൂ.
എല്ലാ തന്ത്രങ്ങളും പൊളിയുന്നേടത്ത് അവന്‍ നടത്തുന്ന മന്ത്രമിതാകും: മനുഷ്യാ, നീ ഈ ചെയ്യുന്നതിനൊക്കെ എന്തര്‍ത്ഥമാണുള്ളത്. വിജയിയായിട്ടാണ് നിന്നെ പടച്ചതെങ്കില്‍ കര്‍മം ഉപേക്ഷിച്ചെന്നു കരുതി നിനക്കൊന്നും വരാന്‍ പോകുന്നില്ല, പരാജിതനായിട്ടാണ് പടച്ചതെങ്കിലോ കര്‍മങ്ങള്‍ നിനക്ക് ഒരു ഫലവും ചെയ്യുകയുമില്ല.
അല്ലാഹു സംരക്ഷണമേകിയാല്‍ ഈ സന്ദര്‍ഭത്തില്‍ നമുക്കവനോടിങ്ങനെ പ്രതികരിക്കാന്‍ കഴിയും: ഞാന്‍ ഒരു അടിമ മാത്രമാണ്. അടിമയുടെ ദൗത്യം ഉടമയുടെ കല്‍പനകള്‍ ശിരസ്സാവഹിക്കലാണ്. എന്റെ ഉത്തരവാദിത്തം ഞാന്‍ നിറവേറ്റുന്നു. ഇച്ഛിക്കും പോലെ പ്രവര്‍ത്തിക്കാനും വിധിക്കാനും എന്റെ യജമാനന് അവകാശമുണ്ടെന്ന് ഞാന്‍ അംഗീകരിക്കുന്നു.
ഈ വിധം പ്രതികരിക്കാനായാല്‍ നമുക്ക് രക്ഷ കിട്ടും. മറിച്ചാണെങ്കിലോ പരാജയം സുനിശ്ചിതം.
ശരീരേച്ഛ
കൂടുതല്‍ പേടിക്കേണ്ട ഒന്നാണ് ദേഹേച്ഛ. ആത്മീയ മാര്‍ഗത്തില്‍ വന്‍ വിലങ്ങുതടിയാണിത്. ആത്മാവിന്റെ ശത്രുക്കളില്‍ അതിശക്തനും. ദേഹേച്ഛക്കുള്ള ചികിത്സ ഏറെ ദുഷ്കരമാണ്. അകത്തുള്ള ശത്രുവായതിനാലാണിത്. കള്ളന്‍ കപ്പലിലായാല്‍ പ്രതിരോധം പ്രയാസമാകുമല്ലോ; ശല്യം കൂടുതലായിരിക്കുകയും ചെയ്യും. മനുഷ്യന്റെ ഏറ്റവും പ്രിയങ്കരനാണ് ദേഹേച്ഛ. പ്രിയപ്പെട്ടവന്റെ ന്യൂനതകള്‍ കണ്ണു ചിമ്മിക്കളയുക സ്വാഭാവികം. അവന്റെ ശല്യങ്ങള്‍ കഴിവതും കാണാതെയും കേള്‍ക്കാതെയുമിരിക്കാനേ നാം ശ്രമിക്കൂ. ദേഹേച്ഛയുടെ സ്ഥിതിയും ഇതുതന്നെ.
ഭക്തിയുടെയും സൂക്ഷ്മതയുടെയും കടിഞ്ഞാണില്‍ എപ്പോഴും ദേഹേച്ഛയെ തളച്ചിടണം. നല്ലതു ചെയ്യാനും ചീത്ത വെടിയാനും ഉപയുക്തമായ മാനസിക പിന്തുണ കിട്ടാന്‍ ഇതല്ലാതെ മാര്‍ഗമില്ല.
ശരീരേച്ഛയെ തളര്‍ത്താനും തകര്‍ക്കാനും ആത്മജ്ഞാനികള്‍ മൂന്നു വഴികള്‍ ഉപദേശിച്ചു കാണാം. ദുഷ്ട ഇച്ഛകള്‍ തടയുക, നന്നായി ആരാധന നിര്‍വഹിക്കുക, അല്ലാഹുവിന്റെ സഹായമഭ്യര്‍ത്ഥിക്കുക എന്നിവയാണവ. അല്ലാഹുവിന്റെ സഹായമിരക്കാതെ ശരീരേച്ഛയെ പ്രതിരോധിക്കാന്‍ ആര്‍ക്കുമാകില്ല.
ഇമാം ഗസ്സാലിറ);പറുദീസ/10 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ