പൗരസ്ത്യ ഭാഷ, സംസ്കാരം, സാഹിത്യം, ചരിത്രം, മതം എന്നിവയെക്കുറിച്ച് പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ യൂറോപ്പിൽ ഉയർന്നുവന്ന ബൗദ്ധിക പ്രസ്ഥാനമാണ് ഓറിയന്റലിസമെന്ന് പൊതുവെ പറയാറുണ്ടെങ്കിലും അത് പ്രധാനമായും ഇസ്ലാമിനെ യാണ് ലക്ഷ്യം വെക്കുന്നതെന്നതു സുവിദിതമാണ്. ഓറിയന്റലിസം ചരിത്രത്തിൽ നടത്തിയ ഇടപെടലുകളിൽ നിന്നെല്ലാം ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുന്നതുമാണ്. മധ്യ നൂറ്റാണ്ടുകളിലുണ്ടായ ഇസ്ലാമിന്റെ അഭൂതപൂർവമായ വളർച്ചയും മുന്നേറ്റവും ക്രിസ്ത്യൻ പാതിരിമാരെ വളരെയധികം ഭയപ്പെടുത്തിയതിനെ തുടർന്നാണ് ഓറിയന്റലിസം പിറവിയെടുക്കുന്നത്. 1096-ൽ പോപ്പിന്റെ ആഹ്വാനത്തോടെ തുടക്കം കുറിക്കപ്പെട്ട കുരിശുയുദ്ധം 1270-ൽ സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ നേതൃത്വത്തിലുള്ള മുസ്ലിംകളുടെ വിജയത്തിൽ കലാശിച്ചതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ആയുധബലം കൊണ്ടും ആൾബലം കൊണ്ടും മുസ്ലിംകളെ തകർക്കാനാവില്ലെന്ന് മനസ്സിലാക്കിയ ശത്രുക്കൾ ദാർശനികമായ മറ്റൊരു ശ്രമത്തിനു നേതൃത്വം നൽകുകയായിരുന്നു.
യൂറോപ്പിലേക്കുള്ള ഇസ്ലാമിന്റെ മുന്നേറ്റം തടയുക എന്ന ഏക ലക്ഷ്യമായിരുന്നു ഓറിയന്റലിസ്റ്റുകൾക്കുണ്ടായിരുന്നത്. യൂറോപ്യരുടെ മനസ്സിൽ ഇസ്ലാമിനെക്കുറിച്ച് വികലമായ കാഴ്ചപ്പാട് സൃഷ്ടിക്കുക, മുസ്ലിംകളുടെ സംഘടിത ശക്തി ദുർബലപ്പെടുത്താൻ അവരുടെ തന്നെ വിശ്വാസത്തിൽ മായം ചേർക്കുക തുടങ്ങിയവയായിരുന്നു ഓറിയന്റലിസത്തിന്റെ പ്രധാന പദ്ധതികൾ. അങ്ങനെയാണ് ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും അറബി ഭാഷ സ്വായത്തമാക്കാനും വേണ്ടി യൂറോപ്പിൽ തന്നെ പഠനകേന്ദ്രങ്ങൾ സ്ഥാപിതമാകുന്നത്. മുസ്ലിംകളെ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുകയെന്ന ഗൂഢ ലക്ഷ്യവും ഇത്തരം പഠന കേന്ദ്രങ്ങൾക്കു പിന്നിലുണ്ടായിരുന്നു.
സായുധ സമരത്തിലൂടെ വിശുദ്ധ ഇസ്ലാമിന്റെ പ്രഭാവത്തെ നിഷ്പ്രഭമാക്കാൻ സാധ്യമല്ലെന്ന തിരിച്ചറിവുണ്ടായതോടെ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള പ്രവർത്തന മേഖലകൾ കണ്ടെത്തിയ ഓറിയന്റലിസ്റ്റുകൾ അവ വിജയിപ്പിച്ചെടുക്കുന്നതിൽ അശ്രാന്ത പരിശ്രമമാണ് നടത്തിയത്. ലോകത്താകമാനമുള്ള ഓറിയന്റലിസ്റ്റുകളെ സംഘടിപ്പിക്കാനും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേണ്ടി ബഹുമുഖ പദ്ധതികളാണ് അവർ ആവിഷ്കരിച്ചത്. പലപ്പോഴായി സംഘടിപ്പിക്കപ്പെടുന്ന സമ്മേളനങ്ങളിലാണ് ഓറിയന്റലിസ്റ്റുകളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 1873-ൽ പാരിസിലാണു ആദ്യ സമ്മേളനം നടന്നത്. ശേഷം 1906-ലെ കയ്റോ കോൺഫറൻസും 1908-ലെ എഡിൻബർഗ് കോൺഫറൻസും 1911-ലെ ലക്നൗ കോൺഫറൻസുമെല്ലാം ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ടവയാണ്.
ഓറിയന്റലിസ്റ്റുകളുടെ കുപ്രചാരണങ്ങൾക്കു വേഗത കൂട്ടാൻ പ്രസിദ്ധീകരണ വിഭാഗവുമുണ്ട്. യനാബീഉശ്ശർഖ് എന്ന പേരിൽ 1856-ൽ ജോസഫ് ഫോൺ ഹാമറാണ് ആദ്യമായി ഒരു മാഗസിൻ പുറത്തിറക്കിയത്. Der Islam (1910), Mir Islama (1912), ജേർണൽ ഓഫ് ഇസ്ലാമിക് വേൾഡ്, ജേർണൽ ഓഫ് ആസ്റ്റിഖ് സൊസൈറ്റി (ബംഗാൾ), ജേർണൽ ഓഫ് ഓറിയന്റൽ സൊസൈറ്റി (അമേരിക്ക), ജേർണൽ ഓഫ് ഓറിയന്റൽ സൊസൈറ്റി(ജർമനി), ജേർണൽ ഓഫ് ഇസ്ലാം (1930) എന്നിവയെല്ലാം പിന്നീട് പ്രസിദ്ധീകൃതമായി.
ഓറിയന്റലിസ്റ്റ് അജണ്ടകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല സംഘടനകൾക്കും അവർ രൂപ കൽപ്പന നൽകി. റോയൽ ആസ്റ്റിഖ് സൊസൈറ്റി ഫോർ ബ്രിട്ടൺ ആന്റ് അയർലന്റ് (1822), അമേരിക്കൻ ഓറിയന്റൽ സൊസൈറ്റി (1842), ജർമൻ ഓറിയന്റൽ സൊസൈറ്റി(1845), ദ മിഡിൽ ഈസ്റ്റ് സ്റ്റഡീസ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (1966), ബ്രിട്ടീഷ് സൊസൈറ്റി ഫോർ മിഡ് ഈസ്റ്റേൺ സൊസൈറ്റീസ് (1976) എന്നിവയെല്ലാം ഇത്തരത്തിൽ രൂപീകൃതമായ സംഘടനകളാണ്.
ഓറിയന്റലിസ്റ്റ് ദുഷ്പ്രചാരണങ്ങൾ മുഴുവൻ നാടുകളിലും ശാസ്ത്രീയമായി പ്രയോഗവൽക്കരിക്കുന്നതിനു വേണ്ടി പല ഭാഗങ്ങളിലായി വ്യത്യസ്ത സ്ഥാപനങ്ങളും അവർ പടുത്തുയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ മുഹമ്മദൻ കോളേജ് ഡൽഹി(1792), ടുണീഷ്യയിൽ കുല്ലിയതു ബോർജാദ് (1841), ഈജിപ്തിൽ അൽ മഅ്ഹദുൽ ഫറാൻസിലിൽ ആസാറിശ്ശർഖിയ്യ, കയ്റോ (1880), പാക്കിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി, ലാഹോർ (1882), മൊറോക്കോയിൽ മഅ്ഹദുദ്ദിറാസാതിൽ മഗ്രിബിയ്യ അൽ ഉല്യാ രിബാത്വ് (1921), ബംഗ്ലാദേശിൽ ധാക്ക യൂണിവേഴ്സിറ്റി(1921), സിറിയയിൽ അൽ മഅ്ഹദുൽ ഫറൻസി(1922), സിറിയൻ യൂണിവേഴ്സിറ്റി (1923), ഇറാനിൽ അൽ മഅ്ഹദുൽ ഫറൻസി അൽ ഈറാനി (1948), ലബനാനിൽ സെന്റ് ജോസഫ് യൂണിവേഴ്സിറ്റി തുടങ്ങിയവയെല്ലാം ഓറിയന്റലിസ്റ്റുകൾ നിർമിച്ച സ്ഥാപനങ്ങളാണ്.
ഓറിയന്റലിസ്റ്റ് കുപ്രചാരണങ്ങൾ വ്യാപകമാക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ സംവിധാനങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തിയായിരുന്നു പിന്നീടുള്ള അവരുടെ പ്രവർത്തനങ്ങൾ. ഇസ്ലാമികാദർശങ്ങളുടെ സുന്ദര മുഖം വികൃതമാക്കുന്നതിനു വേണ്ടി ഓറിയന്റലിസ്റ്റുകൾ പരസ്പരം മത്സരിക്കുന്ന രംഗമാണ് പിന്നീട് ലോകത്ത് പ്രകടമായത്. വിശുദ്ധ ഖുർആനിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നത് മതത്തിന്റെ അടിത്തറയിളക്കാനുള്ള എളുപ്പ വഴിയാണെന്ന് മനസ്സിലാക്കിയ അവർ അതിനുള്ള കുതന്ത്രങ്ങളും മെനഞ്ഞു. ‘ഈ ഗ്രന്ഥം മുഹമ്മദ് നിർമിച്ചുണ്ടാക്കിയതും സ്വന്തമായി രചിച്ചതുമാണ്, അസ്വീകാര്യമായ സിദ്ധാന്തമാണിതിലെ പരാമർശമെന്നതിൽ സന്ദേഹമില്ല’ എന്നാണ് ജോർജ് സൈൽ എഴുതിയ ഖുർആൻ വ്യാഖ്യാനത്തിന്റെ (1736) ആമുഖത്തിൽ രേഖപ്പെടുത്തിയത്. ‘ജൂത ക്രൈസ്തവ ഉൽപത്തിയിൽ നിന്നും പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും സൃഷ്ടിച്ചെടുത്ത ഗ്രന്ഥമാണ് ഖുർആൻ’ എന്നായിരുന്നു റിച്ചാർഡ് ബെല്ലിന്റെ കണ്ടെത്തൽ.
ഇസ്ലാം മതത്തിന്റെ പേരു തന്നെ മുഹമ്മദനിസം എന്നു മാറ്റി പരിചയപ്പെടുത്താനും ഓറിയന്റലിസ്റ്റുകൾ ശ്രമം നടത്തി. ഇതിനു പിന്നിലും ഒരു കുതന്ത്രമുണ്ട്. യേശുക്രിസ്തു സ്ഥാപിച്ച മതമെന്ന നിലക്കു ക്രിസ്തുമതമറിയപ്പെടുന്നത് പോലെ മുഹമ്മദ് നബിയിലേക്ക് ചേർത്തു പറഞ്ഞാൽ ഇസ്ലാമും പ്രവാചകൻ സ്ഥാപിച്ച മതമാണെന്നു വരുത്തിത്തീർക്കാമെന്ന ചിന്തയായിരുന്നു അത്. വിഗ്നോർഡ് പാംഫ്ലെറ്റും ബോസ്വർത്ത് സ്മിത്തും ‘മുഹമ്മദനിസം” എന്ന പേരിൽ പുസ്തകങ്ങൾ എഴുതിയതും വില്യം കുക്ക് ടെയ്ലർ തന്റെ കൃതിക്ക് ‘ഹിസ്റ്ററി ഓഫ് മുഹമ്മദനിസം ആൻഡ് ഇറ്റ്സ് സെക്റ്റ്സ്’ എന്നു നാമകരണം ചെയ്തതുമെല്ലാം ഇത്തരം കുടില തന്ത്രങ്ങളുടെ ഉദാഹരണങ്ങളാണ്.
വിശ്രുത ഓറിയന്റലിസ്റ്റായ ജൂലിയാൻ തുറന്നെഴുതുന്നു: ‘മുസ്ലിംകളുടെ മതത്തിന്റെ സ്ഥാപകനായ മുഹമ്മദ് ലോകം കീഴടക്കാനും മറ്റു മതക്കാരെയെല്ലാം തന്റെ മതക്കാരാക്കി മാറ്റാനും അനുയായികൾക്ക് ആഹ്വാനം നൽകി. ഇവരും ക്രിസ്ത്യാനികളും തമ്മിൽ എന്തൊരു അന്തരമാണ്! കാരണം, ഈ അറബികൾ ബലം കൊണ്ടാണ് അവരുടെ മതത്തെ വളർത്തിയെടുത്തത്. അവർ ജനങ്ങളോട് ഇങ്ങനെ പറഞ്ഞു: നിങ്ങൾ ഒന്നുകിൽ മുസ്ലിമാവുക, അല്ലെങ്കിൽ മരിക്കുക’. അതേസമയം, ക്രിസ്ത്യാനികൾ ജനങ്ങളുടെ മനം കവർന്നത് നിഷ്കളങ്കമായ സ്നേഹം കൊണ്ടുമാണ്”(ഫ്രാൻസിന്റെ ചരിത്രം).
മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വത്തെ വിലയിടിച്ചു കാണിക്കുന്നതു മതത്തിന്റെ അന്തസത്തയെ പ്രതികൂലമായി ബാധിക്കുമെന്നു കണക്കു കൂട്ടിയ ശത്രുക്കൾ അവിടുത്തെ വിശുദ്ധ വ്യക്തിത്വത്തെ കുറിച്ചു പല വിധത്തിലുള്ള ആരോപണങ്ങളും ഉന്നയിച്ചു. പ്രവാചകൻ ചമഞ്ഞ് ജനങ്ങളെ വശീകരിച്ചു വഞ്ചിക്കുന്ന ഒരു വ്യക്തിയായും ഹിംസയുടെ മതം പ്രചരിപ്പിക്കുകയും അതുവഴി വിശാലമായ ഒരു സാമ്രാജ്യം പണിതുയർത്തുകയും ചെയ്ത ക്രൂരനായും പലരും തിരുനബി(സ്വ)യെ ചിത്രീകരിച്ചു.
സദാചാര വിരുദ്ധനും കുടില മനസ്കനുമായി ചിലർ മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തിയപ്പോൾ മറ്റു ചിലർ മനോരോഗിയായി ചിത്രീകരിക്കാനും ധാർഷ്ട്യം കാണിച്ചു. ‘മുഹമ്മദ് എന്ന കപട വേഷധാരി’ എന്നാണ് 1632-ൽ അന്തരിച്ച ബെഡ്പെലിന്റെ ഒരു പുസ്തകത്തിന്റെ പേരു തന്നെ.
നബി(സ്വ) ജനിച്ചയുടൻ തന്നെ പിതാമഹനായ അബ്ദുൽ മുത്ത്വലിബ് നൽകിയ നാമകരണമാണ് മുഹമ്മദ് എന്ന ചരിത്ര യാഥാർത്ഥ്യത്തെ പോലും ശത്രുക്കൾ തകിടം മറിക്കാൻ ശ്രമം നടത്തി. മദീനയിലേക്കുള്ള പലായനത്തിന് ശേഷമാണ് പ്രവാചകർ(സ്വ) മുഹമ്മദ് എന്ന നാമം സ്വീകരിച്ചതെന്നാണ് അലോയിസ് സ്പെൻജെറിന്റെ വാദം. ദമസ്കസുകാരനായ ഓറിയന്റലിസ്റ്റ് ജോൺ, പ്രവാചകനെ ദൈവവിരോധിയും കള്ളനുമായാണ് തന്റെ ഉല വമലൃലശെയൗ െഎന്ന പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. ഇറ്റാലിയൻ എഴുത്തുകാരനായ ഡാന്റെ അൽഗിയരി മുഹമ്മദ് നബി(സ്വ)യെ നരകവാസിയായാണ് തന്റെ ‘ദ ഡിവൈൻ കോമഡി’ എന്ന കൃതിയിൽ ചിത്രീകരിച്ചത്. വിശുദ്ധ ഖുർആൻ പ്രവാചകൻ രചിച്ചതാണെന്നും ഹദീസ് നബി(സ്വ)യുടെ ജീവിത കാലത്തിനു ശേഷം വ്യക്തികൾ നിർമിച്ചതാണെന്നും അദ്ദേഹം എഴുതിവെച്ചു. ചില പ്രധാന ആശയങ്ങളും സംഭവ കഥകളുമടക്കം പ്രവാചകൻ ജൂതമതത്തിൽ നിന്നു മോഷ്ടിച്ചിട്ടുണ്ടെന്നാണ് ‘
What has Muhammed Received from judaism?’എന്ന പുസ്തകത്തിൽ എബ്രഹാം ഗീഗർ ആരോപിക്കുന്നത്.
മുഹമ്മദ് നബി(സ്വ)യുടെ കുട്ടിക്കാലത്തു നടന്ന ഹൃദയം പിളർന്ന സംഭവം വിശകലനം ചെയ്ത് അവിടുന്ന് ഒരു അപസ്മാര രോഗിയാണെന്ന നികൃഷ്ടമായ ആരോപണമാണ് ഓറിയന്റലിസ്റ്റ് ചരിത്രകാരനായ വില്യം മൂർ ഉന്നയിച്ചത് (ഠവല ഘശളല ീള ങൗവമാാലറ). തിരുനബി(സ്വ)ക്ക് ദിവ്യസന്ദേശം (വഹ്യ്) ലഭിക്കുമ്പോൾ ചില ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും നെറ്റിയിൽ വിയർപ്പ് പ്രകടമാകാറുണ്ടായിരുന്നുവെന്നുമുള്ള നിരീക്ഷണമാണ് തിരുനബിക്ക് അപസ്മാരമായിരുന്നുവെന്ന കണ്ടെത്തലിലേക്ക് അലയോ സ്പ്രെഞ്ചറിനെ നയിച്ചത്.
പാശ്ചാത്യരായ ഇസ്ലാം ഗവേഷകർ പോലും പ്രവാചകന് അപസ്മാരമുണ്ടായിരുന്നുവെന്ന വാദത്തെ നിരാകരിച്ചിട്ടുണ്ടെന്നതാണ് സത്യം. മുഹമ്മദ് നബിയെ അപസ്മാര രോഗിയെന്ന് വിളിക്കുകയാണെങ്കിൽ അർധ ബോധാവസ്ഥയിലോ ഹിപ്നോട്ടിക് നിദ്രാവസ്ഥയിലോ ഉള്ളവരും കൈകാൽ കോച്ചിപ്പിടുത്തമുള്ളവരുമെല്ലാം അപസ്മാര രോഗികളാണെന്ന് പറയേണ്ടി വരുമെന്നാണ് സ്വീഡിഷ് ഗവേഷകനായ ടോർ ആന്റേർഡ് അഭിപ്രായപ്പെട്ടത്. മുഹമ്മദ് നബി(സ്വ) അപസ്മാര രോഗിയാണെന്ന പ്രചാരണം പ്രവാചകനു നേരെയുള്ള തരംതാണ ആക്ഷേപം മാത്രമാണെന്നും അതിനു യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് വില്യം മോണ്ട് ഗോമറി വാട്ട് വിലയിരുത്തിയിട്ടുണ്ട്. ഏതു വില കുറഞ്ഞ ആരോപണം നടത്തിയും പ്രവാചകർ(സ്വ)യെ മനുഷ്യ മനസ്സുകളിൽ നിന്ന് മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഇതെന്നു ഏതൊരാൾക്കും വ്യക്തമാകുന്നതാണ്.
തിരുനബി(സ്വ)യുടെ വ്യക്തിത്വം കണ്ടും അവിടുത്തെ വിശുദ്ധ ഖുർആൻ പാരായണം കേട്ടും ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതു കണ്ട ശത്രുക്കൾ മുഹമ്മദ് നബി(സ്വ)യുമായി ആളുകൾ അടുക്കുന്നതു തന്നെ തടയാനുള്ള തന്ത്രങ്ങളാലോചിച്ചതിനു സമാനമായ ശൈലി തന്നെയാണ് ഓറിയന്റലിസ്റ്റുകളും സ്വീകരിച്ചത്. ഒരു ഹജ്ജ് വേളയിലാണ് അങ്ങനെ ഒരാലോചന ഖുറൈശികൾക്കിടയിൽ നടന്നത്. ഖുറൈശി പ്രമുഖരെല്ലാം ഒത്തുകൂടിയ സംഗമമായിരുന്നു അത്. വയോധികനായ വലീദുബ്നു മുഗീറയായിരുന്നു പ്രധാന വ്യക്തിത്വം. അവരുടെ ചർച്ചയുടെ സംക്ഷിപ്തമിങ്ങനെ വായിക്കാം:
നമുക്ക് മുഹമ്മദ് ഒരു ജ്യോത്സ്യനാണെന്ന് പറയാം.
വലീദ്: അതുശരിയല്ല. ദൈവമാണേ! അയാൾ ജ്യോത്സ്യനല്ല; നാം ഒരു പാട് ജ്യോത്സ്യന്മാരെ കണ്ടതാണ്.
നമുക്ക് മുഹമ്മദ് ഭ്രാന്തനാണെന്ന് പറയാം.
വലീദ്: അയാൾ ഭ്രാന്തനൊന്നുമല്ല; ഭ്രാന്തൊക്കെ നമ്മൾ എത്രയോ കണ്ടതല്ലേ.
എന്നാൽ കവിയാണെന്ന് പറയാം.
വലീദ്: അയാൾ കവിയുമല്ല. കവിതയൊക്കെ നന്നായി അറിയുന്നവരല്ലേ നാം?
എന്നാൽ മാരണക്കാരനാണെന്ന് പറഞ്ഞാലോ?
വലീദ്: അയാൾ മാരണക്കാരനല്ലല്ലോ; എത്രയോ മാരണക്കാരെയും അവരുടെ മാരണ തന്ത്രവും നമുക്ക് പരിചയമുള്ളതല്ലേ?
എന്നാൽ പിന്നെ എന്താണു പറയുക?
വലീദ്: സത്യം! അദ്ദേഹത്തിന്റെ വചനത്തിന്, ദൈവമാണേ, നല്ല മധുരമുണ്ട്. അതിന്റെ വേര് ഈത്തപ്പനയുടേത് പോലെ ശക്തവും ശാഖകൾ ഈന്തപ്പനയുടെ
പാകമായ ഫലങ്ങൾക്ക് തുല്യവുമാണ്. അതിനാൽ നമുക്ക് വേണമെങ്കിൽ മുഹമ്മദ് മാരണം ചെയ്യുന്നവനാണെന്ന് പറഞ്ഞു നോക്കാം. ഒരാളെ തന്റെ സഹോദരനിൽ നിന്നും ഭാര്യയെ ഭർത്താവിൽ നിന്നും വ്യക്തിയെ കുടുംബത്തിൽ നിന്നും അകറ്റുന്ന വാദവുമായാണല്ലോ അയാൾ രംഗത്തു വന്നിട്ടുള്ളത്.
വലീദിന്റെ ഈ അഭിപ്രായം എല്ലാവരും സമ്മതിച്ചു. എന്നിട്ട് ഹാജിമാർ വരുന്ന വഴിയിലിരുന്ന് ഈ ‘മാരണക്കാരനെ’ക്കുറിച്ച് താക്കീത് നൽകികൊണ്ടിരുന്നു. ഇതു സംബന്ധമായി അവതരിച്ചതാണ് സൂറത്തുൽ മുദ്ദസ്സിറിലെ 11 മുതൽ 16 വരെയുള്ള സൂക്തങ്ങൾ. ‘എന്നെയും ഞാൻ ഏകനായി സൃഷ്ടിച്ചവനെയും നീ വിട്ടേക്കുക. അവന് ഞാൻ സമൃദ്ധമായ സമ്പത്തും സന്നദ്ധരായ സന്തതികളെയും ഉണ്ടാക്കി കൊടുത്തു. നല്ല സൗകര്യങ്ങളും ഞാൻ അവന് ഒരുക്കിക്കൊടുത്തു. പിന്നെയും ഞാൻ കൂടുതൽ നൽകണമെന്ന് അവർ ആഗ്രഹിക്കുന്നു. തീർച്ചയായും അവൻ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനാണ്” (ഇബ്നു ഹിശാം 1/136).
റോഡ്വെൽ എന്ന ഓറിയന്റലിസ്റ്റ് വിശുദ്ധ ഖുർആൻ പരിഭാഷപ്പെടുത്തിയപ്പോൾ ഖുർആനിന്റെ ഘടനയെ പൂർണമായും മാറ്റിമറിക്കുന്ന ശൈലിയാണ് സ്വീകരിച്ചത്. ഫാതിഹയിൽ തുടങ്ങി സൂറത്തുന്നാസിൽ സമാപിക്കേണ്ടതിനു പകരം സൂറത്തുൽ അലഖിൽ തുടങ്ങി സൂറത്തുൽ മാഇദയിൽ അവസാനിക്കുന്ന വിധത്തിലാണ് പരിഭാഷ തയ്യാറാക്കിയത്. സാധാരണ ക്രമത്തിൽ നിന്നു വിഭിന്നമായി ഖുർആനിന്റെ അവതരണ ക്രമമാണ് താൻ പരിഭാഷയിൽ സ്വീകരിച്ചതെന്നാണ് റോഡ്വെൽ പറഞ്ഞത്. ഇന്നത്തെ മുസ്വ്ഹഫുകളിൽ കാണുന്ന ക്രമീകരണത്തിനു യാതൊരു അടിസ്ഥാനവുമില്ലെന്ന അദ്ദേഹത്തിന്റെ വാദം ഖുർആൻ ക്രോഡീകരണത്തിനു നേതൃത്വം നൽകിയ സൈദുബ്നു സാബിത്ത്(റ)വിനെ പോലുള്ള സമുന്നതരായ സ്വഹാബികൾ നബി(സ്വ)യിൽ നിന്ന് പഠിച്ചറിഞ്ഞ് പ്രയോഗിച്ച രീതി ശരിയല്ലെന്ന് വരുത്തിത്തീർക്കാനുള്ള നിഗൂഢ ശ്രമവുമാണ്.
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പൗരസ്ത്യ പഠന വിഭാഗം പ്രൊഫസറായിരുന്ന റോഡ്വെല്ലിന്റെ പരിഭാഷ ആദ്യമായി പുറത്തിറങ്ങുന്നത് 1861-ലാണ്. ജോർജ് സെയ്ൽ ഹൽമാൻ, മറാക്തസി മുതലായ ഓറിയന്റലിസ്റ്റുകളുടെ ലാറ്റിൻ, ഇംഗ്ലീഷ്, ജർമൻ പരിഭാഷകളെയാണ് ഇദ്ദേഹം തന്റെ കൃതിക്കു വേണ്ടി അവലംബിച്ചത്. ഈ പരിഭാഷക്കു ആമുഖമെഴുതിയ റവ. മാർ ഗോളിയത്ത് ജൂത-ക്രൈസ്തവരുടെ മതഗ്രന്ഥങ്ങളിൽ നിന്നും അറബി നാടോടിക്കഥകൾ, കവിതകൾ, കെട്ടുകഥകൾ എന്നിവയിൽ നിന്നും കടമെടുത്തതാണ് ഖുർആനിന്റെ ഉള്ളടക്കമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുനബി(സ്വ) അബൂത്വാലിബിനോടൊപ്പം നടത്തിയ യാത്രയിൽ ബഹീറ എന്ന ക്രിസ്ത്യൻ പുരോഹിതനെ കണ്ടുമുട്ടിയതും അവർ തമ്മിലുണ്ടായ സംസാരവുമെല്ലാം കെട്ടുകഥകൾ മാത്രമാണെന്നും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ബൈബിളിന്റെ അറബിക് കോപ്പി നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നുവെന്നും അതിന്റെ സ്വാധീനമാണ് ക്രിസ്തു മതത്തെക്കുറിച്ചുള്ള പരാമർശം ഖുർആനിലുണ്ടാവാൻ കാരണമെന്നുമുള്ള ആരോപണവുമുണ്ട്.
പരിഭാഷയുടെ ആദ്യഭാഗം മുതൽ തന്നെ അദ്ദേഹം ദുർവ്യാഖ്യാനവും ആരംഭിച്ചിട്ടുണ്ട്. ബിസ്മിയുടെ ഉത്ഭവം ജൂതന്മാരിൽ നിന്നാണെന്നും തിരുനബി(സ്വ)യുടെ സമകാലീനനും എന്നാൽ കൂടുതൽ പ്രായവുമുള്ള കവി, ഉമയ്യത്താണ് ആദ്യമായി ഖുറൈശികൾക്കു ബിസ്മി പഠിപ്പിച്ചതെന്നുമുള്ള ശുദ്ധ അസംബന്ധവും പരിഭാഷയിൽ നിരത്തിയിട്ടുണ്ട്. അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്കു കച്ചവടാവശ്യാർത്ഥമുള്ള യാത്രയിലുടനീളം മുഹമ്മദ് നബി(സ്വ)ക്ക് ജൂത ക്രിസ്ത്യൻ വേദഗ്രന്ഥങ്ങളുമായി പരിചയപ്പെടാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് മുഹമ്മദ് നബി(സ്വ) ബിസ്മി സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയതെന്നും ഖുർആനിലെ ഒമ്പതാം അധ്യായമൊഴികെയുള്ളവയുടെ തുടക്കത്തിൽ പിന്നീട് അതിനെ ചേർക്കുകയായിരുന്നുവെന്നുമാണ് റോഡ്വെല്ലിന്റെ ജൽപനങ്ങൾ.
വിശുദ്ധ ഖുർആനിലെ സൂക്തങ്ങളെ മുഴുവൻ ക്രിസ്ത്യൻ വിശ്വാസത്തിനനുസരിച്ച് ദുർവ്യാഖ്യാനിക്കാനും റോഡ്വെൽ ശ്രമം നടത്തി. ‘ഓ ഈസാ, തീർച്ചയായും താങ്കളെ നാം പിടികൂടുകയും എന്റെ അടുത്തേക്ക് ഉയർത്തുകയും സത്യനിഷേധികളിൽ നിന്ന് രക്ഷപ്പെടുത്തുകയും ലോകാവസാനം വരെ സത്യനിഷേധികളേക്കാൾ താങ്കളെ പിന്തുടർന്നവരെ ഉന്നതരാക്കുകയും ചെയ്യും’ എന്ന സൂറത്തു ആലു ഇംറാനിലെ 55-ാമത്തെ സൂക്തത്തെ ദുർവ്യാഖ്യാനിച്ച് ‘ഞാൻ നിന്നെ മരിപ്പിക്കും’ എന്നു പരിഭാഷപ്പെടുത്തുകയും അടിക്കുറിപ്പിൽ ഈസാനബി(അ) മരിച്ചുപോയി എന്ന് വ്യക്തമായി എഴുതുകയും ചെയ്തിട്ടുണ്ട്.
ഇസ്റാഅ്, മിഅ്റാജ് എന്നിവയെ സ്വപ്നമായിട്ടാണ് റോഡ്വെൽ വ്യാഖ്യാനിച്ചിട്ടുള്ളത്. തിരുനബി(സ്വ)യുടെ ജീവിതത്തിലുണ്ടായ അനിതര സാധാരണമായ ഈ സംഭവങ്ങളെ കേവലം സ്വപ്നമാണെന്നു പറയുന്നതും യുക്തിക്ക് നിരക്കാത്തതാണ്. അല്ലാഹു വിശുദ്ധ ഖുർആനിൽ ‘തന്റെ അടിമയെ രാപ്രയാണം നടത്തിച്ചു’ എന്നു പരാമർശിച്ചതിൽ നിന്നു തന്നെ കേവലം ആത്മാവിന്റെ പ്രയാണമല്ല ഇസ്റാഉം മിഅ്റാജുമെന്ന് ഏതൊരാൾക്കും ഗ്രഹിക്കാവുന്നതാണ്. കാരണം ‘തന്റെ അടിമയുടെ ആത്മാവിനെ രാപ്രയാണം നടത്തിച്ചു’ എന്നല്ലല്ലോ ഖുർആനിന്റെ പ്രയോഗം. മാത്രമല്ല, അടിമ എന്നർത്ഥമുള്ള ‘അബ്ദ്”എന്ന പദം ഭൗതിക ശരീരവും ആത്മാവും കൂടിയതിനാണ് ഭാഷയിൽ പ്രയോഗിക്കുകയെന്ന് പണ്ഡിന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:’ശരീരവും ആത്മാവും ഉൾക്കൊള്ളുന്നതിനാണ് അബ്ദ് എന്ന പദം പ്രയോഗിക്കുന്നത്’ (ഇബ്നു കസീർ 2/263).
ശരീരമില്ലാതെ ആത്മാവ് മാത്രമാണ് ഇസ്റാഅ് നടത്തിയതെന്ന പരാമർശം ബുദ്ധിപരവുമല്ല. കാരണം, അങ്ങനെയായിരുന്നുവെങ്കിൽ അതിൽ നുബുവ്വത്തിന്റേയോ രിസാലത്തിന്റേയോ യാതൊരു തെളിവുകളുമുണ്ടാവുമായിരുന്നില്ല. മാത്രമല്ല, ആത്മാവിനു മാത്രം പോകാൻ ബുറാഖ് എന്ന വാഹനത്തിന്റെ ആവശ്യമെന്താണ്? ഇനി ഇതൊരു സ്വപ്ന കാര്യമാണെങ്കിൽ സത്യനിഷേധികൾക്ക് നബി(സ്വ)യെ നിഷേധിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. കാരണം ഒരു വർഷത്തെ വഴി ദൂരമുള്ള സ്ഥലങ്ങളിൽ പോലും നിമിഷാർധത്തിൽ പോയി വരുന്നത് സ്വപ്നത്തിൽ സ്വാഭാവികമാണ്. ഒരു മാസത്തെ വഴിദൂരമുള്ള സ്ഥലത്ത് ഒറ്റ രാത്രി കൊണ്ട് സ്വപ്നത്തിൽ പോയിവരുന്നതിൽ പിന്നെ എന്ത് അതിശയമാണുള്ളത്?.
ഇസ്റാഅ് – മിഅ്റാജ് വാർത്ത ജനങ്ങൾക്കൊരു പരീക്ഷണം തന്നെയായിരുന്നു വെന്നാണ് ചരിത്രം പറയുന്നത്. സംഭവം നടന്ന പിറ്റേ ദിവസം പ്രഭാതത്തിൽ നബി(സ്വ) ഈ വൃത്താന്തം ജനങ്ങളോട് പറഞ്ഞപ്പോൾ അവരിൽ ഭൂരിഭാഗവും ഇങ്ങനെയാണു പറഞ്ഞത്: ‘അല്ലാഹുസത്യം, ഇത് വല്ലാത്ത ഒരത്ഭുതം തന്നെ. മക്കയിൽ നിന്ന് ശാമിലേക്ക് ഒട്ടകപ്പുറത്ത് ഒരു മാസം സഞ്ചരിക്കാനുള്ള വഴിദൂരമുണ്ട്. തിരിച്ച് ഒരു മാസവും. ഒറ്റ രാത്രി കൊണ്ട് മുഹമ്മദ് അവിടെ പോയി മക്കയിൽ തിരിച്ചെത്തിയെന്നതു അതിശയകരം തന്നെ! (ഇബ്നു ഹിഷാം 2/4). വാർത്ത കേട്ട പലരും പരിഹസിച്ചു തുടങ്ങി. പലരും നാശത്തിലകപ്പെട്ടു. അവർ അബൂബക്കർ(റ)വിന്റെ സവിധത്തിലെത്തി. കാര്യം വിശദീകരിച്ചു. ഉടനെ അബൂബക്കർ(റ) ചോദിച്ചു: ‘അവിടുന്ന് അങ്ങനെ പറഞ്ഞോ?”’അതേ!” അവർ മറുപടി പറഞ്ഞു. സിദ്ദീഖ്(റ)വിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ‘അവിടുന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമാണ്. ഇതിനേക്കാൾ വിദൂരമായതും ഞാൻ വിശ്വസിക്കുന്നതാണ്” (ദലാഇലുൽ ബൈഹഖി).
ഖുർആനിന്റെ വിവിധ ഭാഷകളിലുള്ള പരിഭാഷകൾക്കു പുറമെ തഫ്സീറുൽ ബൈളാവി, തഫ്സീറു ഇബ്നി കസീർ, തഫ്സീറു ത്വബരി, തുടങ്ങിയ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളും സ്വഹീഹുൽ ബുഖാരി പോലെയുള്ള ഹദീസ് ഗ്രന്ഥങ്ങളും ശൈഖ് അബൂ ഇസ്ഹാഖുശ്ശീറാസിയുടെ തൻഖീഹ്, ഇബ്നുസീനയുടെ റസാഇൽ, ഇമാം ഹനഫിയുടെ ഉംദതു അഖീദതി അഹ്ലുസുന്നത്തി വൽ ജമാഅ തുടങ്ങിയ ഗ്രന്ഥങ്ങളുമെല്ലാം ഓറിയന്റലിസ്റ്റുകൾ ഫ്രഞ്ച്, ലാറ്റിൻ, ഇംഗ്ലീഷ്, ഗ്രീക്ക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വാക്കുകൾക്ക് അർത്ഥഭേദം നൽകിയും വസ്തുതാ വിരുദ്ധമായ വിവരണങ്ങൾ അടിക്കുറിപ്പിൽ ചേർത്തും വികലമായ വ്യാഖ്യാനങ്ങൾ ബോധപൂർവം നടത്തിയും തങ്ങളുടെ സ്ഥാപിത താൽപര്യത്തെ സംരക്ഷിക്കാനുള്ള തീവ്ര പ്രയത്നമായിരുന്നു ഇവയെല്ലാം.
(തുടരും)