കോവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവം നിത്യജീവിതത്തെ പോലെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും കീഴ്‌മേൽ മറിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ പഠനവും അധ്യാപനവുമെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെയായതിനാൽ കുട്ടികൾ സ്മാർട്ട്‌ഫോണിലും കമ്പ്യൂട്ടറിലും സജീവം. ഇന്റർനെറ്റിലെ ചതിക്കുഴികളും അപകടവും തിരിച്ചറിഞ്ഞില്ലെങ്കിൽ ഇളം തലമുറയിൽ ഭീതിയും ഭീകരതയും മൃഗീയതയും നിറയാൻ അത് കാരണമാകും. ഭയാനകമായ അവസ്ഥയിലേക്കാകും അത് പുതുതലമുറയെ കൊണ്ടെത്തിക്കുക.
സ്‌കൂൾ കോളേജ് പഠനങ്ങൾക്കായി ഇന്റർനെറ്റ് സംവിധാനങ്ങളുള്ള കമ്പ്യൂട്ടറുകളും സ്മാർട്ട്‌ഫോണും ടിവിയും കുട്ടികൾക്ക് നൽകാൻ നാം നിർബന്ധിതരാണ്. എന്നാൽ പഠനാവശ്യങ്ങൾക്ക് വേണ്ടി മാത്രമാണോ മക്കൾ ഇവ ഉപയോഗിക്കുന്നതെന്ന് പലരും അന്വേഷിക്കാറില്ല. അശ്ലീല ചുവയുള്ള വീഡിയോകൾ, ആളെ കൊല്ലും ഗെയിമുകൾ, സമയംകൊല്ലി കാർട്ടൂൺ ചിത്രങ്ങൾ, വൈകൃതം വിളമ്പുന്ന മറ്റനേകം കാഴ്ചകൾ, നഗ്‌നതാ പ്രദർശനങ്ങൾ വരെ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. പാഠ്യവിഷയങ്ങൾക്കിടയിൽ ഒന്ന് തൊട്ടാൽ മനുഷ്യന്റെ വിവേക ബുദ്ധിയെ മയക്കി കിടത്താനും വികാരങ്ങളെ തട്ടിയുണർത്താനും കാരണമാകുന്ന നിരവധി കാഴ്ചകളാണ് അവയോരോന്നിലും ദൃശ്യമാവുക. ധാർമിക ചിന്തയും സദാചാര ബോധവും മനസ്സിനെ നയിക്കുന്ന വിവേകശാലികൾക്കേ അതിൽ നിന്ന് മാറിനിൽക്കാനാകൂ. അല്ലാത്തവർ പുലരുവോളം വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമൊക്കെ അഭിരമിക്കും. വിവേകവും വികാരവും തമ്മിലുള്ള പോരാട്ടങ്ങളിൽ വിവേകം തോറ്റുപോകുന്നതാണ് പലപ്പോഴും കാണുക.
ഒരിക്കലെങ്കിലും ഉപയോഗിക്കുകയോ ആസ്വദിക്കുകയോ ചെയ്താൽ പിന്നെ അതിൽ നിന്ന് പുറത്തുകടക്കാൻ തോന്നാത്ത വിധത്തിലുള്ള സ്വാധീനം സോഷ്യൽ മീഡിയ കുട്ടികളിൽ സൃഷ്ടിക്കുന്നു. ആര് പറഞ്ഞാലും അനുസരിക്കാത്ത പ്രത്യേക സ്വഭാവത്തിന്റെ ഉടമകളായി കുട്ടികൾ മാറുന്നു. നിയന്ത്രിക്കുകയോ ഉപദേശിക്കുകയോ ചെയ്താൽ അവർ അസഹനീയത പ്രകടിപ്പിക്കും. ശകാരിച്ചാൽ അസ്വാഭാവികമായ രീതിയിലായിരിക്കും പ്രതികരണം. ബന്ധങ്ങൾ നഷ്ടമാവുകയും അലസത, ഭയം, നിരാശ, ക്രോധം, വിഷാദം, ഏകാന്തത തുടങ്ങിയവ അപകടകരമായി കൂടുകയും ചെയ്യും.
കമ്പ്യൂട്ടറോ മൊബൈലോ കിട്ടിയാൽ ചില കുട്ടികളുടെ പ്രധാന ഹോബി കാർട്ടൂൺ ചിത്രങ്ങൾ കാണലാണ്. ഗ്രാഫിക്‌സ് ഡിസൈൻ കൊണ്ട് വർണശബളമായ അമാനുഷിക കഥാപാത്രങ്ങൾ നിറഞ്ഞ പ്രോഗ്രാമുകൾക്ക് മുമ്പിൽ ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്നു അവർ. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പഠന വൈകല്യങ്ങളുമാണ് ഇത് സൃഷ്ടിക്കുന്നത്. ബ്രിട്ടണിലെ സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ പഠനം പറയുന്നത് ആനിമേഷൻ കാർട്ടൂൺ ചാനലുകൾ കുട്ടികളെ നശിപ്പിക്കുന്നുവെന്നാണ്. വായനയിൽ നിന്നും പഠനത്തിൽ നിന്നും നിർമാണാത്മകമായ ചിന്തയിൽ നിന്നും കുട്ടികളെ വഴിതെറ്റിക്കാൻ അവയ്ക്ക് വേഗം സാധിക്കുന്നു.
വീഡിയോ ഗെയിമുകളാണ് കുട്ടികളുടെ പ്രധാന വിനോദം. അവരുടെ ജീവിതത്തെ നിർണയിക്കാനും നിയന്ത്രിക്കാനും പ്രാപ്തിയുള്ള ഗെയിമുകൾ ചാനലുകളിലും സോഷ്യൽ മീഡിയകളിലും സുലഭമാണ്. ചിലത് അക്രമണ സ്വഭാവമുള്ളതും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നതുമാണ്. ഉയർന്ന സാങ്കേതിക മികവോടെയും പുത്തൻ മാറ്റങ്ങളോടെയും ഗെയിമുകൾ അവതരിപ്പിച്ച് ഉപയോഗിക്കുന്നവരെ തൃപ്തരാക്കുന്ന തന്ത്രമാണ് സ്രഷ്ടാക്കൾ പ്രയോഗിക്കുന്നത്. അതിനാൽ മണിക്കൂറുകളോളം കമ്പ്യൂട്ടറിനും സ്മാർട്ട്‌ഫോണിനും മുന്നിൽ ചടഞ്ഞിരിക്കാൻ കുട്ടികൾക്ക് ഹരമാണ്.
ഗെയിമുകൾ സൃഷ്ടിച്ച സാമൂഹ്യ ദുരന്തങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ പറയാൻ കഴിയും. പബ്ജി ഗെയിം നിരോധിക്കുന്നതിന്റെ അൽപം മുമ്പ് പങ്കാളിക്കൊപ്പം ജീവിക്കാൻ വേണ്ടി അഹമ്മദാബാദിൽ ഒരു യുവതി നവജാത ശിശുവിനെയും ഭർത്താവിനെയും ഉപേക്ഷിക്കുകയുണ്ടായി. പബ്ജി കളിക്കാൻ പറ്റാത്തതിനായിരുന്നു മറ്റൊരു യുവതി വിവാഹ മോചനം ആവശ്യപ്പെട്ടത്. ബ്ലൂവെയിൽ എന്ന ഇന്റർനെറ്റ് ഗെയിമാണ് ഇവയിൽ സമീപ കാലത്തെ വലിയ അപകടകാരി. അമ്പതാം ദിവസം കളിക്കാരൻ ആത്മഹത്യക്ക് നിർബന്ധിതനാവുന്ന വിധത്തിലാണ് ഇതിന്റെ ഓരോ ഘട്ടത്തിലെയും ടാസ്‌ക് സംവിധാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ബ്ലൂവെയിൽ മരണം റിപ്പോർട്ട് ചെയ്തത് പോയ വർഷം നാം വായിച്ചതാണ്.
യാഥാർത്ഥ്യത്തിന്റെ പ്രതിനിർമിതികളാണ് ഗെയിമുകൾ. പരിധിയില്ലാത്ത വിനോദമാണതിന്റെ ഉള്ളടക്കം. ജീവിതമെന്ന സത്യത്തിൽ നിന്ന് കമ്പ്യൂട്ടർ നിർമിതമായ അമാനുഷിക കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന മായിക ലോകത്ത് കുട്ടികൾ പ്രതിഷ്ഠിക്കപ്പെടുന്നതോടെ ആ കഥാപാത്രങ്ങളെ അനുകരിക്കാൻ അവർ ഉത്സുകരാകുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ വിവരണാതീതമാണ്.
അശ്ലീലവും വൈകൃതവും നിറഞ്ഞ കാഴ്ചകൾ പ്രദാനിക്കുന്ന യൂട്യൂബ് പോലുള്ളവയാണ് കുട്ടികളിലെ മറ്റൊരു ജ്വരം. ഗുണത്തിന്റെ പതിന്മടങ്ങാണ് യൂട്യൂബിലെ ദൂഷ്യങ്ങൾ. വിവേകികൾക്കേ അതു തിരിച്ചറിയാനും പക്വമായി സമീപിക്കാനുമാകൂ. മൃദുല മനസ്സിനുടമകളായ കുട്ടികൾ കൗതുകത്തിന് നോക്കി തുടങ്ങിയതാകും. പിന്നെപ്പിന്നെ അതിന്റെ അഡിക്റ്റായി മാറുന്നു. ലൈംഗിക അരാജകത്വം, മയക്കുമരുന്ന്, അക്രമ വാസന തുടങ്ങി എല്ലാ അധാർമികതകളും കുട്ടികളിൽ നാമ്പെടുക്കാൻ ഇത്തരം വിഡിയോ ആസ്വാദനം കാരണമാകും.
മന:ശാസ്ത്രജ്ഞരുടെ വീക്ഷണ പ്രകാരം ഗുരുതരമായ പാർശ്വഫലങ്ങളാണ് ഇവയെല്ലാം കുട്ടികളിൽ സൃഷ്ടിക്കുന്നത്. നിർമാണാത്മകമായ ഒന്നും ചെയ്യാൻ കഴിയാത്ത അലസരും പ്രകോപിതരുമാക്കി മക്കളെ ഇത് അധ:പതിപ്പിക്കും. വിഷാദ രോഗവും മാനസിക വിഭ്രാന്തിയും ഉണ്ടാക്കും. ഒരു സ്ഥലത്ത് ഒരുപാട് സമയമിരിക്കുന്നതും സ്‌ക്രീനിലേക്ക് അധികനേരം നോക്കിനിൽക്കുന്നതും തലച്ചോറിനും കണ്ണിനും നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. വൈകാരികമായ ബലക്ഷയത്തിനും കാരണമാകും.
കുട്ടികൾക്ക് പഠനാവശ്യത്തിന് കമ്പ്യൂട്ടറും സ്മാർട്ട്‌ഫോണും നൽകണം. അതോടൊപ്പം ജാഗ്രത്തായ ഇടപെടലും വേണം. എങ്കിൽ വലിയ അപകടങ്ങളിൽ നിന്ന് മക്കളെ നമുക്ക് രക്ഷിക്കാനാകും. ഓൺലൈൻ ആക്ടിവിറ്റികൾ തിരിച്ചറിയാൻ ഇടക്കിടെ വെബ് ഹിസ്റ്ററി പരിശോധിച്ച് അവരുടെ ഇഷ്ടസൈറ്റുകൾ മനസ്സിലാക്കണം. തെറ്റായ ദിശയിലേക്കാണ് സഞ്ചാരമെങ്കിൽ അതിന്റെ ദൂഷ്യത ബോധ്യപ്പെടുത്തി സൗമ്യമായി തിരുത്തണം. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ഫ്രണ്ട്‌സിനെയും അവരുമായുള്ള കൂട്ടുകെട്ടും ചാറ്റിങ് രീതിയും നിരീക്ഷിക്കണം. തെറ്റിലേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളെ സംബന്ധിച്ച അമിത വിശ്വാസവും സ്വാതന്ത്ര്യവും അപകടമാണെന്നറിയുക.

മുസ്തഫ സഖാഫി കാടാമ്പുഴ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ