യാത്ര ചെയ്യാത്തവന്റെ അറിവിന് വിശ്വാസ്യതയില്ലെന്നു ജ്ഞാനികള്‍ പറയാറുണ്ട്. ഗുണം പ്രതീക്ഷിക്കരുതാത്ത നാലു വിഭാഗത്തിലൊന്ന് ഹദീസുകള്‍ തേടി യാത്രക്കൊരുങ്ങാതെ നാട്ടിലെ പഠനത്തിലവസാനിപ്പിച്ച് ഗ്രന്ഥരചനക്കൊരുങ്ങുന്നവരാണെന്ന് യഹ്യബ്നു മുഈന്‍(റ) ഉണര്‍ത്തിയിട്ടുണ്ട് (ഇബ്നുസ്വലാഹ്/മഅ്രിഫത്തു അന്‍വാഇ ഇല്‍മില്‍ ഹദീസ്).
നാട്ടിലെ അത്യാവശ്യ പഠനം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി നാടുവിടണമെന്നുപദേശിക്കുന്നത് ഹദീസ് ഗുരു ഹാഫിളു ഇബ്നുസ്വലാഹ് (റ). തുടക്കത്തില്‍ കത്തിപ്പടര്‍ന്നാല്‍ ഒടുവില്‍ വെട്ടിത്തിളങ്ങുമെന്ന ജീവിത സത്യത്തിലൂന്നി ജ്ഞാനമുറകള്‍ സര്‍വത്ര വരിച്ചു. അപ്രാപ്യമായ അകലങ്ങള്‍ അവരുടെ മനക്കരുത്തില്‍ കയ്യകലമായി അനുഭവപ്പെട്ടു. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ജ്ഞാനസദസ്സുകളിലെ ഏക ബിന്ദുവായി പരിണമിച്ചു. ഉറ്റവരും ഉടയവരും കണ്ണെത്താ ദൂരങ്ങളിലായിരുന്നപ്പോഴും ജ്ഞാനാന്വേഷകര്‍ക്ക് കിഴക്കുപടിഞ്ഞാറ് ചക്രവാളങ്ങള്‍ വിരല്‍ത്തുമ്പത്തായിരുന്നു.
“പത്നികളത്രങ്ങളപ്പടി ശാമിലും
കൂട്ടുമിത്രങ്ങളഖിലവും മിസ്വ്റിലും
ഞാനിപ്പോളിവിടെയൊറ്റക്ക് മര്‍വിലും
നാളെയെത്തിപ്പിടിക്കുവാന്‍ മക്കയും’
അതായിരുന്നു അവരുടെ കഥ.വിശ്രുതനായ ഇബ്നുല്‍ അഅ്റാബി (റ) (150231) ഭാഷാ വ്യാകരണം, വംശാവലി, സാഹിത്യം തുടങ്ങിയ മേഖലകളില്‍ വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ സദസ്സുകളില്‍ എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമായിരുന്നു. അവിടെയെത്തിയ അബുല്‍ അബ്ബാസ് സഅ്ലബ് തന്റെ അനുഭവം വിവരിക്കുന്നതു കാണുക:
ഇബ്നുല്‍ അഅ്റാബിയുടെ മജ്ലിസില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഏതാണ്ടു നൂറുപേര്‍ സദസ്സിലുണ്ടായിരുന്നു. അവര്‍ ഗുരുവര്യരോട് ചോദ്യമുന്നയിക്കുന്നു, വായിച്ചു കേള്‍പ്പിക്കുന്നു, മുന്നില്‍ ഒരു ഗ്രന്ഥവുമില്ലാതെ അദ്ദേഹം എല്ലാറ്റിനും മറുപടി നല്‍കുന്നു. അങ്ങനെ പത്തുപതിനേഴ് വര്‍ഷം ഞാനവിടെ പഠിച്ചു. ഇക്കാലമത്രയും അദ്ദേഹത്തിന്റെ കൈയില്‍ ഒരു “കിതാബ്’ കണ്ടിട്ടില്ല. ഒട്ടകങ്ങള്‍ക്ക് ചുമക്കാന്‍ മാത്രമുള്ളത് അദ്ദേഹം ജനങ്ങള്‍ക്ക് ഓതിക്കൊടുത്തിട്ടുണ്ട്. വിജ്ഞാനം അദ്ദേഹത്തില്‍ നിന്നും പെയ്തിറങ്ങുന്നപോലെ തോന്നും. മറ്റൊരാളിലും ഇങ്ങനെകണ്ടിട്ടില്ല.
ഒരിക്കല്‍, തന്റെ സദസ്സില്‍ രണ്ടുപേര്‍ പരസ്പരം സംസാരിക്കുന്നതു ശ്രദ്ധയില്‍ പെട്ട ഗുരുനാഥര്‍ ഒരാളോടു ചോദിച്ചു:
നീ എവിടെ നിന്നു വരുന്നു?
“ഞാന്‍ അസ്ബിജാബില്‍ നിന്ന്’
(ഇസ്ബീജാബെന്ന് ഇബ്നു ഖല്ലിഖാന്‍. ഏറ്റം വിദൂരത്തുള്ള ചൈനയോട് ചേര്‍ന്ന കിഴക്കന്‍ രാജ്യമാണിത്).
അടുത്തയാളോടും ചോദിച്ചു:
നീ എവിടുന്നാ?
“ഉന്ദുലൂസില്‍ നിന്ന്’
(അന്നത്തെ പടിഞ്ഞാറ് അവിടെ അവസാനിച്ചു).
ഇതു കേട്ടപ്പോള്‍ മഹാനവര്‍കള്‍ പാടിപ്പോയി:
പശ്ചിമം പൗരസ്ത്യം വെവ്വേറെ ദിക്കുകാര്‍
കൂട്ടുകാരിരുവരെ ജ്ഞാനം അടുപ്പിച്ചു
ഭിന്നമാം വസ്തുക്കള്‍ കാണുന്ന മാത്രയില്‍
ഛിന്നാതെയൊന്നായിത്തീരുന്നിതത്ഭുതം!
* * *
ഹാഫിള് അബൂഹാതിം ഇബ്നു ഹിബ്ബാന്‍ (റ 280354) അതിപ്രശസ്തനായ ഹദീസ് പണ്ഡിതനായിരുന്നു. ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഫഖീഹും ഗോളശാസ്ത്രജ്ഞനും വ്യൈ ശാസ്ത്രജ്ഞനുമായിരുന്നു. ഉസ്ബെകിസ്ഥാനിലെ സമര്‍ഖന്ദിലെ ഖാസിയായിരുന്നു. ഇമാം നസാഈ, ഇബ്നുസുഫ്യാന്‍, അബൂയഅ്ലാ, ഇബ്നു ഖുസൈമ തുടങ്ങിയ മഹാഗുരുക്കളില്‍ നിന്നും ഹദീസ് ശ്രവിച്ച ഭാഗ്യവാനാണ്. സുദീര്‍ഘമായ യാത്രക്കു ശേഷം സമര്‍ഖന്ദില്‍ സ്ഥിരവാസമാക്കിയ കാലത്താണ് കനപ്പെട്ട അറുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയത്. വിദ്യാര്‍ത്ഥികളും പണ്ഡിതന്മാരും ആ ഗ്രന്ഥങ്ങള്‍ ഗ്രന്ഥകാരനില്‍ നിന്നും നേരിട്ടു പഠിക്കാനായിരുന്നു അദ്ദേഹത്തെ തേടിവന്നിരുന്നത്.
ഇബ്നുഹിബ്ബാന്‍ ജനിച്ചത് അഫ്ഗാനിലെ കാബൂള്‍ പ്രവിശ്യയിലെ ബുസ്ത് പട്ടണത്തിലാണ്. അനേകം ജ്ഞാനതാരകങ്ങള്‍ ഉദയം ചെയ്ത അനുഗ്രഹീത പ്രദേശമാണത്. അന്നാട് പരിചയപ്പെടുത്തുന്ന യാഖൂതുല്‍ ഹമവി മഹാനവര്‍കളെ വര്‍ണിക്കുന്നതിപ്രകാരം:
അദ്ദേഹം നിരവധി ഹദീസുകള്‍ സന്പാദിച്ച മഹാജ്ഞാനിയും ശ്രേഷ്ഠ വ്യക്തിയുമാണ്. ധാരാളം യാത്രകളും ഗുരുനാഥന്മാരും അദ്ദേഹത്തിന്റെ സവിശേഷതയത്രെ. ഇല്‍മുല്‍ ഹദീസില്‍ നിപുണനായിരുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കുമറിയാം, മഹാന്‍ വിവിധ ജ്ഞാനങ്ങളുടെ മഹാസാഗരമാണെന്ന്. തന്റെ അല്‍മുസ്നദുസ്വഹീഹില്‍, “താശ്കന്റിനും ഇസ്കന്ദരിയ്യക്കുമിടയിലെ രണ്ടായിരം ഗുരുനാഥന്മാരെ നാം ഉദ്ധരിക്കുന്നു’ എന്നെഴുതിക്കാണാം. ഇബ്നു ഖുസൈമയാണ് പ്രധാന ഗുരു.
ജന്മനാടായ ബുസ്ത്, ഹറാത്ത്, മര്‍വ്, സിഞ്ച്, സുഗ്ദ്, ബന്‍സാ, നൈസാബൂര്‍, അര്‍ഗിയാന്‍, ജുര്‍ജാന്‍, റയ്യ്, കറജ്, അസ്കര്‍, തുസ്തര്‍, അല്‍അഹ്വാസ്, ഉബുല്ല, ബസ്വ്റ, വാസിഥ്, ബഗ്ദാദ്, കൂഫ, മക്ക, സാമര്‍, മൗസ്വില്‍, സിഞ്ചാര്‍, നസ്വീബയ്ന്‍, സര്‍ഗാമര്‍ഥാ, റാഫിഖ, റഖ്ഖ, മമ്പജ്, അലപ്പോ, മസ്വീസ്വ, അന്താകിയ, ഥര്‍സ്വൂസ്, സ്വയ്ദാ, ബൈഗൂത്ത്, ഹിംസ്, ദിമിശ്ഖ്, ബൈതുല്‍ മുഖദ്ദസ്, റംല, ഈജിപ്ത് തുടങ്ങിയ ഇസ്‌ലാമിക നഗരങ്ങളിലൂടെയായിരുന്നു ഇബ്നു ഹിബ്ബാന്റെ സഞ്ചാരം. ദേശാന്തര സഞ്ചാരിയായ ആ മഹാനുഭാവന്റെ ഓരോ കൃതികളും ഹദീസ് പഠിതാക്കളുടെ മുഖ്യാവലംബമാണിന്നും.
* * *
റഹ്ഹാല്‍, ജവ്വാല്‍ ഗണത്തില്‍ പ്രസിദ്ധനായ ഖുര്‍ആന്‍ പാരായണ വിദഗ്ധനായിരുന്നു അബുല്‍ ഖാസിം അല്‍ ഹുദലി (റ390465) ജനനം അങ്ങു പടിഞ്ഞാറ് മൊറോക്കോയിലെ കൊച്ചുനാടായ ബിസ്കിറയില്‍. വഫാത്ത് ഇങ്ങ് കിഴക്ക് നൈസാബൂരില്‍. വ്യത്യസ്ത ഖുര്‍ആന്‍ പാരായണ ശൈലി സ്വായത്തമാക്കുകയായിരുന്നു സഞ്ചാര ലക്ഷ്യം.
ഹിജ്റ 425നു ശേഷം, തന്റെ മുപ്പത്താറാം വയസ്സില്‍ യാത്ര തുടങ്ങി. ഹര്‍റാനിലെത്തി അന്നഖാശ് എന്ന വിശ്രുത കൃതിയുടെ കര്‍ത്താവ് അബുല്‍ ഖാസിം അസ്സൈദിയില്‍ നിന്നും ഓതി. പ്രധാന ഗുരു ഇദ്ദേഹമാണ്. ദമസ്കസില്‍ അഹ്വാസിയാണ് മുഖ്യഗുരു. ഖുര്‍ആന്‍ പാരായണ വിദഗ്ധനായ ഇബ്നുല്‍ ജസരി(റ) തന്റെ ഗായത്തുന്നിഹായില്‍ ഹുദലിയെ പരിചയപ്പെടുത്തുന്നുണ്ട്.
ഖുര്‍ആന്‍ പാരായണ രീതികള്‍ തേടി അദ്ദേഹം നാടുകള്‍ ചുറ്റി. പാരായണ ശൈലികള്‍ പഠിക്കാന്‍ അദ്ദേഹത്തെപോലെ ദീര്‍ഘയാത്ര ചെയ്ത ഈ സമുദായത്തിലെ മറ്റൊരാളെ എനിക്കറിയില്ല. അദ്ദേഹത്തെ പോലെ ധാരാളം ഗുരുനാഥന്മാരെ കണ്ടുമുട്ടിയ മറ്റൊരാളെയും കാണാനാവില്ല. ഹുദലി തന്റെ “അല്‍കാമില്‍’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ഈ ജ്ഞാനശാഖയില്‍ ഞാന്‍ സന്ധിച്ച ശൈഖുമാര്‍ മൊത്തം 365 പേര്‍ വരും! മൊറോക്കോയുടെ പടിഞ്ഞാററ്റത്തു നിന്നും ഇങ്ങു കിഴക്ക് ഫര്‍ഗാന കവാടം വരെ, ഇടതും വലതും മലയും കടലും പരിഗണിച്ചാല്‍, ഈ വഴിയില്‍ എന്നേക്കാള്‍ മികച്ച ഒരാള്‍ മുസ്‌ലിം നാടുകളിലെവിടെയെങ്കിലും ഉണ്ടെന്നറിവായാല്‍ അദ്ദേഹത്തെ തിരഞ്ഞു ഞാന്‍ പുറപ്പെടും.
അതായിരുന്നു ശ്രേഷ്ഠ ഗുരുക്കളുടെ മനക്കരുത്ത്, ഇബ്നുമാകൂലയുടെ കഥ കേള്‍ക്കുക. അദ്ദേഹം വ്യാകരണമാണ് മുഖ്യമായും പഠിപ്പിച്ചത്. ഇല്‍മുല്‍ കലാമിലും ഫിഖ്ഹിലും നിപുണനാണ്. നൈസാബൂരിലെ നിസാമിയ്യ മദ്റസയില്‍ നിസാമുല്‍ മുല്‍ക് അദ്ദേഹത്തെ നിയമിച്ചു. അവിടെ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു. നഹ്വ്, സ്വര്‍ഫ്, പാരായണ പ്രശ്നങ്ങള്‍ എന്നിവയില്‍ മുഖ്യ അധ്യാപകനായിരുന്നിട്ടും അദ്ദേഹം അബുല്‍ ഖാസിമുല്‍ ഖുശൈരി(റ)യുടെ സദസ്സില്‍ പങ്കെടുത്ത് ഉസ്വൂല്‍ പഠിച്ചു. വ്യാകരണ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഇമാം ഖുശൈരി ഇബ്നു മാകൂലയെയും ആശ്രയിച്ചു. വലിയ ശൈഖുമാര്‍ പരസ്പരം ജ്ഞാനം വിനിമയം ചെയ്തു.
ഹുദലിയുടെ 122 ശൈഖുമാരുടെ നാമങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ വിവരിച്ച ശേഷം ഹാഫിള് ദഹബി പറയുന്നു: അത്ര പ്രശസ്തരല്ലാതിരുന്നിട്ടും അവരുടെ പേരുകള്‍ ഞാനിവിടെ എഴുതിയത്, മുന്‍ഗാമികളായ മഹത്തുക്കളുടെ ജ്ഞാനാന്വേഷണ ത്വര മനസ്സിലാക്കട്ടെയെന്നു കരുതിയാണ്.’ പ്രഗത്ഭരും പ്രശസ്തരുമല്ലെങ്കിലും നിസ്സാര വിവരങ്ങള്‍ക്കുപോലും ആരെയും സമീപിക്കാന്‍ അവര്‍ക്കു വൈമനസ്യമുണ്ടായിരുന്നില്ല.
* * *
യാത്രയുടെ പ്രാധാന്യവും അവ നല്‍കുന്ന ആനന്ദവും അനുഭവിച്ചറിയാന്‍ അലസത കാണിക്കുന്നവരെ തട്ടിയുണര്‍ത്തുന്ന ത്യാഗകഥകളാണ് നാമിതുവരെ വായിച്ചത്. വിശുദ്ധ ദീനിന്റെ സംരക്ഷണാര്‍ത്ഥം ജീവിതം സമര്‍പ്പിച്ച ആ ത്യാഗീവര്യരുടെ മഹല്‍സേവനങ്ങള്‍ എന്നും നന്ദിയോടെ സ്മരിക്കാം. അവരവരുടെ ധീരവീര സാഹസിക യാത്രാ ചരിത്രത്തിലൂടെയെങ്കിലും അല്‍പം സഞ്ചരിക്കാം. വിശ്രുതനായ ഹാകിമുന്നൈസാബൂരി(റ) ഹദീസ് സേവകരെ പരിചയപ്പെടുത്തിയത് എത്ര വികാരോദ്ദീപകമാണ്:
പൊളിഞ്ഞുവീഴേണ്ട വീടുകളിലും അടിസ്ഥാനാവശ്യങ്ങളിലും അഭിരമിക്കുന്നതിനേക്കാള്‍ മരുപ്പറമ്പുകളും വിജനഭൂതലങ്ങളും സഞ്ചരിച്ചു തീര്‍ക്കാനാണവര്‍ താല്‍പര്യം കാണിച്ചത്. ജ്ഞാനത്തിന്റെയും വൃത്താന്തങ്ങളുടെയും വക്താക്കളോടൊപ്പമുള്ള സഹവാസവും യാത്രാ ദുരിതങ്ങളുമാണവരെ സുഖിപ്പിച്ചത്. റൊട്ടിക്കഷ്ണങ്ങളും ദ്രവിച്ച വസ്ത്രങ്ങളുമാണുണ്ടായിരുന്നതെങ്കിലും ഹദീസുകള്‍ സമാഹരിക്കുന്നതില്‍ അവര്‍ ഹൃദയ സംതൃപ്തിയനുഭവിച്ചു. മസ്ജിദുകളായിരുന്നവരുടെ വീടുകള്‍. മസ്ജിദിലെ തൂണുകളായിരുന്നു അവരുടെ ചാരുകസേരകള്‍, മസ്ജിദിലെ മുടഞ്ഞ ഓലപ്പായകളായിരുന്നു അവര്‍ക്ക് പരവതാനികള്‍, അവര്‍ ദുന്‍യാവിനെ ഒന്നടങ്കം പുറകോട്ടു തള്ളി. രചനയായിരുന്നു അവര്‍ക്ക് പോഷകാഹാരം. അവലംബ ഗ്രന്ഥങ്ങളുമായി ഒത്തുനോക്കലായിരുന്നു അവരുടെ രാക്കഥാ മജ്ലിസുകള്‍, ജ്ഞാന ചര്‍ച്ചകള്‍ അവരുടെ ആശ്വാസകേന്ദ്രങ്ങളായിരുന്നു. മഷിത്തുള്ളികളായിരുന്നു അവര്‍ക്ക് അറേബ്യന്‍ സുഗന്ധങ്ങള്‍, ഉറക്കമില്ലായ്മയാണവരുടെ സുഖസുഷുപ്തി, തീ കായാനുള്ള നെരിപ്പോടുകളാണ് നിറവിളക്കുകള്‍, ചരല്‍ക്കല്ലുകള്‍ തലയിണകളും. പ്രാധാന്യമേറിയ സനദുകള്‍ ലഭിക്കുമെങ്കില്‍ കഷ്ടപ്പാടുകളത്രയും അവരുടെ ഗണനയില്‍ എ്വെര്യമാണ്. അവരന്വേഷിക്കുന്ന വിജ്ഞാനം നഷ്ടമാകുന്നത് മറ്റെന്തുസുഖ സൗകര്യങ്ങളുണ്ടെങ്കിലും വലിയ വിപത്തായിക്കണ്ടു. തിരുചര്യ നല്‍കുന്ന ആനന്ദമായിരുന്നു അവരുടെ ഉള്ളകം നിറയെ. ഏതു പ്രതിസന്ധിയും സംതൃപ്തിയോടെ എതിരേല്‍ക്കാന്‍ അവര്‍ പ്രാപ്തരായിരുന്നു. തിരുചര്യ പഠിക്കുന്നതിലാണവരുടെ സന്തോഷം; ജ്ഞാന സദസ്സുകള്‍ ആഹ്ലാദവും. അഹ്ലുസ്സുന്ന അവരുടെ ഉത്തമ സഹോദരങ്ങളായിരുന്നു. നിഷേധികളും നൂതന മാര്‍ഗികളും അവര്‍ക്ക് ബദ്ധവൈരികളും (മഅ്രിഫത്തു ഉസ്വൂലില്‍ ഹദീസ്).
ഹാഫിള് റാമഹുര്‍മൂസി(റ) ഖുര്‍ആന്‍ഹദീസ് പണ്ഡിതന്മാരെ എത്ര ഹൃദയസ്പൃക്കായ ഭാഷയിലാണെന്നോ വര്‍ണിക്കുന്നത്.
“വിശുദ്ധ ഖുര്‍ആനും ദൃഢസ്തംഭങ്ങളായ തിരുസുന്നത്തും വ്യാഖ്യാനിക്കുന്ന ജ്ഞാനോദ്ധരണികള്‍ കടഞ്ഞെടുക്കപ്പെട്ട പ്രത്യേക സംഘത്തെയാണ് അല്ലാഹു ഏല്‍പ്പിച്ചിരിക്കുന്നത്. അവ തേടിപ്പിടിക്കാനും രേഖപ്പെടുത്തിവെക്കാനും അല്ലാഹു അവര്‍ക്ക് ഉതവിനല്‍കി. പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും അവര്‍ക്ക് അല്ലാഹു കരുത്തുനല്‍കി. അവ വായിക്കുന്നതും പഠിക്കുന്നതും അല്ലാഹു അവര്‍ക്ക് ഇഷ്ടകരമാക്കി. പ്രയാസങ്ങള്‍ ലഘൂകരിച്ചു. പാര്‍പ്പും പ്രയാണവും സുഗമമാക്കി. സമ്പത്തും ശരീരവും വിനിയോഗിക്കുന്നതും ലളിതമാക്കി.’
“അവര്‍ അതിനാല്‍ നാടുകള്‍ തോറും യാത്ര ചെയ്യുന്നു. ഓരോ താഴ്വരകളിലും അവര്‍ ജ്ഞാനത്തില്‍ മുങ്ങുന്നു. ജഡപിടിച്ച്, ദ്രവിച്ച വസ്ത്രമണിഞ്ഞ്, ശൂന്യവയറോടെ, വരണ്ട ചുണ്ടുകളോടെ, നിറം വിളറിയ നിലയില്‍, മെലിഞ്ഞൊട്ടിയ ശരീരവുമായി… അവര്‍ പ്രയാണം തുടരുകയാണ്. അവര്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ; ജ്ഞാനം നേടുക. അതിനെ വഴികാട്ടിയായി അവര്‍ കണക്കാക്കുന്നു, വിശപ്പും ദാഹവും അവരെ വഴിമുടക്കുകയില്ല. ശ്യൈവും വേനലും മടുപ്പിക്കില്ല.
ഹദീസുകളോരോന്നും പരിശോധിച്ചു വകതിരിക്കുന്നു അവര്‍. ആരോഗ്യമുള്ളതും രോഗാതുരമായതും പ്രബലമായതും ദുര്‍ബലമായതും തീക്ഷ്ണമായ നിരൂപണബുദ്ധിയോടെ, തുളച്ചുകയറുന്ന വീക്ഷണ ശേഷിയിലൂടെ, സത്യം ഉള്‍ക്കൊള്ളുന്ന ഹൃദയങ്ങളോടെ, വ്യാജന്മാരുടെ കൃത്രിമോക്തികളും നിഷേധികളുടെ നിര്‍മാണവും സന്ദേഹികളുടെ മറച്ചുവെക്കലും ബാധിക്കാതെ. അവരെ നീ കാണുന്നത് രാത്രിയാണെങ്കില്‍ കേട്ടതു പകര്‍ത്തിയെഴുതുന്നതില്‍ ഏര്‍പ്പെടുകയായിരിക്കും അവര്‍. ശേഖരിച്ചത് വകതിരിക്കുകയായിരിക്കും. മിനുസമേറിയ മെത്തവിരികള്‍ വെടിഞ്ഞ്, കൊതിപ്പിക്കുന്ന മെത്തകള്‍ ഉപേക്ഷിച്ച്, ക്ഷീണം അവരെ ഉറക്കാന്‍ ശ്രമിക്കുമ്പോള്‍, വിരലുകള്‍ക്കിടയില്‍ നിന്നും എഴുത്താണികള്‍ നിലത്തു വീഴുമ്പോള്‍ ഭയചകിതരായി അവര്‍ ഞെട്ടിയുണരുന്നു. അത്യധ്വാനം അവരുടെ മുതുകെല്ലില്‍ വേദനയുണ്ടാക്കുമ്പോള്‍, ഉറക്കമിളപ്പ് തലച്ചോറിന്റെ ശ്രദ്ധ തിരിക്കുമ്പോള്‍ ശരീരത്തില്‍ നീരോട്ടമുണ്ടാക്കാന്‍ അവര്‍ ഒരല്‍പം നീണ്ടുനിവര്‍ന്നു കിടക്കാറുണ്ട്. ഉറക്കം കീഴ്പെടുത്താതിരിക്കാന്‍ അവര്‍ ഇടക്കിടെ കിടപ്പിടം മാറ്റുകയും ചെയ്യും. കണ്‍പോളകളില്‍ അവര്‍ കൈ ഉരസുന്നതു നിനക്കു കാണാം, പിന്നെ ആര്‍ത്തിയോടെ എഴുതാന്‍ തുടങ്ങും. അപ്പോള്‍ നീ മനസ്സിലാക്കുക, അവരാണ് ഇസ്‌ലാമിന്റെ കാവല്‍ഭടന്മാര്‍, രാജാധിരാജന്റെ ഖജാന സൂക്ഷിപ്പുകാര്‍.
ജീവിതാവശ്യങ്ങള്‍ നിര്‍വഹിച്ചാലുടനെ അവര്‍ വീടുവിട്ടു പോരുന്നു. മസ്ജിദില്‍ നിലയുറപ്പിക്കുന്നു. ജ്ഞാനസമ്മേളനങ്ങള്‍ ഭംഗിയായി ഏറ്റെടുത്തു നടത്തുന്നു. വിനയത്തിന്റെ പഴങ്കുപ്പായമണിഞ്ഞ്, സര്‍വസമ്മതരായി, ആരെയും ഉള്‍ക്കൊള്ളുന്ന വിശാലഹൃദയരായി, ഭവ്യതയോടെ ഭൂമിയില്‍ നടക്കുന്നു. അയല്‍ക്കാരെ ദ്രോഹിക്കില്ല, അപമാനമുണ്ടാക്കുന്ന കാര്യത്തോട് അവര്‍ അടുക്കില്ല. വല്ലവനും വ്യതിചലിച്ചാല്‍, മതത്തില്‍ ആരെങ്കിലും പരിധി വിട്ടുപോയാല്‍ മടയില്‍ നിന്നും സിംഹം പുറത്തിറങ്ങുന്ന പോലെ അവര്‍ ഇറങ്ങുന്നു; ഇസ്‌ലാമിക ചിഹ്നങ്ങളെ അവര്‍ പ്രതിരോധിക്കുന്നു…’
ജ്ഞാനികളെക്കുറിച്ച് ഹാഫിളിന് പറഞ്ഞിട്ടു മതിയാകുന്നില്ല. ജ്ഞാനം ആര്‍ജിക്കാന്‍ യാത്ര ചെയ്യാത്തവരോട് അദ്ദേഹത്തിന് അമര്‍ഷമാണ്.
യാത്രികരെ വിമര്‍ശിക്കുന്നവന്‍ യാത്രയിലനുഭവിക്കുന്ന സുഖത്തിന്റെ തോതറിഞ്ഞിരുന്നെങ്കില്‍, നാടുപേക്ഷിക്കുന്ന വേളയിലുള്ള ഉത്സാഹത്തിന്റെ ലഹരി മനസ്സിലാക്കിയിരുന്നെങ്കില്‍! ജ്ഞാന നിര്‍ഝരിയിലും യാത്രാസങ്കേതങ്ങളിലും താഴ്ന്നും ഉയര്‍ന്നുമുള്ള പ്രദേശങ്ങളിലും ഓരോ നിമിഷവും ചെലവഴിക്കുമ്പോഴും, ഭൂമിയിലെ ജനവാസ കേന്ദ്രങ്ങളും ചതുപ്പുനിലങ്ങളും തോപ്പുകളും പറമ്പുകളും കാണുമ്പോഴും വ്യത്യസ്ത മുഖങ്ങളോരോന്നും കണ്ടുമറയുമ്പോഴും പക്ഷിയുടെ മധുരസ്വരങ്ങള്‍ ശ്രവിക്കുമ്പോഴും, അമൂല്യമായ പ്രകൃതി കൗതുകങ്ങള്‍ നേരില്‍ ദര്‍ശിക്കുമ്പോഴും, ഭാഷാ വര്‍ണഭേദങ്ങള്‍ അനുഭവിക്കുമ്പോഴും, തോട്ടങ്ങളുടെയും ചുറ്റുമതിലുകളുടെയും നിഴലില്‍ വിശ്രമിക്കുമ്പോഴും, മസ്ജിദിലിരുന്ന് ഭക്ഷിക്കുമ്പോഴും, മരുന്നു കഴിക്കുമ്പോഴും രാത്രിഎത്തിയേടത്ത് കിടന്നുറങ്ങുമ്പോഴും, അര്‍ഹിക്കുന്ന ആദരവുകളെല്ലാം മാറ്റിവെച്ച് അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവരോടൊപ്പം പാര്‍ക്കുമ്പോഴും ശരീരാവയവങ്ങളോരോന്നും അനുഭവിക്കുന്ന ആനന്ദത്തിന്റെ അളവറിഞ്ഞിരുന്നെങ്കില്‍! സ്വപ്നം സഫലമാകുമ്പോള്‍ ഹൃദയത്തിലെത്തുന്ന സന്തോഷത്തിന്റെ, ലക്ഷ്യസ്ഥാനം പ്രാപിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തിന്റെ വലുപ്പമറിഞ്ഞിരുന്നെങ്കില്‍, താന്‍ ശ്രമിച്ചുകൊണ്ടിരുന്നതും ദീര്‍ഘയാത്ര നടത്തിയതും ഫലത്തിലാവുകയും ഉന്നത ജ്ഞാനസദസ്സുകളുടെ നേതൃത്വം കൈവരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അവാച്യമായ ആനന്ദമെന്തന്നറിഞ്ഞിരുന്നെങ്കില്‍, ഒരാളും ജ്ഞാന യാത്രയുടെ ഫലത്തെ ചോദ്യം ചെയ്യില്ലായിരുന്നു…. ഭൗതിക ലോകത്തെ മുഴുവന്‍ സുഖാനന്ദവും സമ്മേളിക്കുന്നു ആ ജ്ഞാന സമ്മേളനങ്ങളുടെ സൗകുമാര്യതയില്‍. ധൈഷണിക ചര്‍ച്ചകളുടെ മധുരിമയില്‍, അവിടം ലഭിക്കുന്ന മഹിതമായ ആശയങ്ങളുടെ ലഭ്യതയില്‍… അതാഗ്രഹിക്കുന്നവര്‍ക്ക് അവ വസന്തത്തിലെ പുഷ്പോദ്യാനത്തേക്കാള്‍ നയനമനോഹരമാണ്, വാദ്യമേളങ്ങളുണ്ടാക്കുന്ന സ്വരമാധുരിയേക്കാള്‍ ഇമ്പമാര്‍ന്നതാണ്, സ്വര്‍ണപ്പതക്കങ്ങളേക്കാള്‍ മൂല്യമേറിയതാണ്. വിമര്‍ശകര്‍ക്കും ആക്ഷേപകര്‍ക്കും നഷ്ടപ്പെടുന്നതും ഇവയെല്ലാം തന്നെ.’
നാട്ടിലെ പഠനം കൊണ്ട് മതിയാക്കുന്നവരെ മഹാഗുരുവിന് ഒട്ടും ഇഷ്ടമില്ല.
ജ്ഞാനയാത്ര/7
സ്വാലിഹ് പുതുപൊന്നാനി