makkah mueseum -malayalam

വിശ്വാസികളുടെ രോമാഞ്ചമായ മക്കാ മണ്ണ് വിശ്വസ്തതയുടെ നാടാണ്. ലക്ഷക്കണക്കിന് വിശ്വാസികളുടെ ആശാകേന്ദ്രമായ മക്കത്തുൽ മുകറമയിലും പരിസരങ്ങളിലും ദൈവ കൃപ ലഭിച്ച മണ്ണ്. അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മക്ക ലക്ഷക്കണക്കിന് വിശ്വാസികൾ വർഗ്ഗ, വർണ്ണ, ലിംഗ വിവേചനമില്ലാതെ സ്രഷ്ടാവിനു മുന്നിൽ ഒരേ വസ്ത്രധാരണയിൽ പാപമോചനത്തിനായി സാഷ്ടാംഗം ചെയ്യുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലം. ഇങ്ങനെ ഒട്ടനവധി മഹത്വമാണ് മക്കത്തുൽ മുകറമയ്ക്ക്.

പാപപങ്കിലമായ തീർത്ഥാടകർക്ക് വിശുദ്ധ ഹജ്ജും ഉംറയും നൽകുന്ന ആത്മനിർവൃതി മാത്രമല്ല മക്കയിൽ ലഭിക്കുന്നത്. കാഴ്ചകളും ചരിത്രങ്ങളും കാണാനും പഠിക്കാനുമുണ്ട്. അത്തരത്തിൽ ഹറമൈനികളുടെ തിരുശേഷിപ്പുകളുടെ കഥ പറയുന്ന ഒന്നാണ് മക്ക മ്യൂസിയം. വിശുദ്ധ മസ്ജിദുൽ ഹറമിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ പഴയ മക്ക – ജിദ്ദ റോഡ് എന്നറിയപ്പെടുന്ന ഉമ്മുൽ ജൂദ് റോഡിലാണ് മക്ക മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഇരു ഹറമുകളുടെയും നവീകരണവുമായി ബന്ധപ്പെട്ട് മാറ്റപ്പെട്ട  തിരുശേഷിപ്പുകളുടെ വലിയ ശേഖരണമാണ് മ്യൂസിയത്തിലുള്ളത്. മുൻകാലങ്ങളിൽ തീർത്ഥാടകർക്ക് പകൽ സമയങ്ങളിൽ സന്ദർശനം അനുവദിച്ചിരുന്നെങ്കിൽ ഇപ്പോൾ വൈകിട്ട് 6 മുതൽ രാത്രി 8 മണിവരെയാണ് സന്ദർശന സമയം.

മ്യൂസിയത്തിന്റെ പ്രവേശന കവാടം മുതൽക്ക് തന്നെ ഹറമുകളുടെ കഥ പറയുന്നുണ്ട്. മനോഹരമായ പുൽച്ചെടികളാൽ സമൃദ്ധമായ മ്യൂസിയത്തിന്റെ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന പഴയ കാലത്ത് മസ്ജിദുൽ ഹറമിൽ ഉപയോഗിച്ചിരുന്ന കരിങ്കൽ തൂണുകൾ പ്രവേശന കവാടത്തിന് മുന്നിലായി കാണാം. മ്യൂസിയത്തിനകത്ത് കയറിയാൽ കാണുന്ന വിശുദ്ധ കഅ്ബയുടെ വിവിധ ഭാഗങ്ങൾ വിശ്വാസികളിൽ വല്ലാത്ത കൗതുകവും ആശ്ചര്യവും ഉണ്ടാകുന്നു. മ്യൂസിയത്തിന്റെ മധ്യഭാഗത്തായി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഗോവണി കാണാം. ഇത് 1825-ൽ വിശുദ്ധ കഅ്ബയുടെ വാതിലിന് മുന്നിലുണ്ടായിരുന്ന തേക്കിൻ തടി കൊണ്ട് നിർമ്മിച്ച ചവിട്ട് പടിയാണ്. പഴയ കാലത്ത് കഅബയുടെ അകത്ത് പ്രവേശിച്ചത് ഇതിലൂടെ ചവിട്ടി കയറിയായിരുന്നു.

മഹാനായ ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് കഅ്ബയുടെ പുനർനിർമാണ സമയത്ത് ഇബ്രാഹീം നബി കല്ലുകൾ അടുക്കി വെക്കാൻ കയറി നിന്ന പ്രവാചകരുടെ തിരുപാദ സ്പർശനമേറ്റതിന്റെ അടയാളം പതിഞ്ഞ കല്ലിന്റെ പഴയ കാല ആവരണം കഅ്ബയുടെ പുനർനിർമാണ കഥകൾ സമ്മാനിക്കുന്നുണ്ട്. മസ്ജിദുൽ ഹറമിൽ ഉപയോഗിച്ചിരുന്ന പഴയ തൂണുകളും ഖുർആൻ ലിഖിത കല്ലുകളും മറ്റും ഇവിടെ കാണാൻ സാധിക്കും. പുരാതന നാണയങ്ങൾ, കുടിക്കാനും അംഗശുദ്ധിവരുത്താനും വെള്ളം സാക്ഷിച്ചുവെച്ചിരുന്ന തോൽപാത്രങ്ങൾ, പഴയകാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ നാല് ഭാഗത്തുള്ള ചുമരുകളിൽ പഴയ കാലത്തെ ഹറമുകളുടെ ചിത്രം സന്ദർശകർക്ക് പല പഴയ കഥകളും മുൻഗാമികളുടെ തീർത്ഥാടന യാത്ര അനുഭവങ്ങളും കാണിച്ചുതരുന്നു.

അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് നീക്കം ചെയ്ത പഴയ വാതിൽ, ഹിജ്‌റ 852-ൽ മംലൂക്ക് സുൽത്താന്മാരുടെ പേര് കൊത്തിയെഴുതിയ മസ്ജിദുൽ ഹറമിലെ സ്ലാബിന്റെ അടരുകൾ, ഉസ്മാൻ ബ്‌നു അഫ്ഫാൻ(റ)വിന്റെ കാലത്ത് എഴുതപ്പെട്ട ഖുർആനിന്റെ കോപ്പി തുടങ്ങിയവ മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഹിജ്‌റ 631-ൽ അബ്ബാസിയ്യ ഖലീഫ അബീ ജഅഫർ അൽ മൻസൂർ അൽ മുൻതസിർ ബില്ലാഹിന്റെ കാലത്ത് മത്വാഫ് (പ്രദക്ഷിണ സ്ഥലം) ന്റെ നിർമാണം നടത്തിയതിന്റെ രേഖകൾ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്.

ഹിജ്‌റ 65-ൽ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്റെ കാലത്ത് നിർമ്മിച്ച വിശുദ്ധ കഅ്ബയുടെ മരം കൊണ്ട് നിർമിച്ച അകത്തെ തൂണ് സന്ദർശകർ വലിയ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. സ്വർഗീയ കല്ല്, വിശ്വാസികളുടെ പാപക്കറയേറ്റ് കറുത്തുപോയ ഹജറുൽ അസ്‌വദിന്റെ ലോഹാവരണം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന ഇബ്രാഹീം നബി(അ)യുടെ ജീവിതത്തിൽ പിഞ്ചോമന മകനായ ഇസ്മായീൽ നബി(അ)യെയും ഉമ്മ ഹാജറ ബീവി(റ)യെയും വിശുദ്ധ കഅ്ബാലയത്തിനു സമീപത്ത് തനിച്ചാക്കി യാത്ര തിരിക്കുന്നു. മകൻ ഇസ്മാഈൽ(അ) ദാഹത്തിന്റെ കാഠിന്യത്താൽ വാവിട്ട് കരയുന്ന രംഗം. ബീവി ഹാജറ(റ) സഫ മർവ മലഞ്ചെരിവിലൂടെ വെള്ളത്തിനായി ഓടുന്നു. കഅ്ബയുടെ സമീപത്ത് കിടത്തിയ പിഞ്ചുമകൻ ഇസ്മായിൽ നബി കരഞ്ഞു കാലിട്ടടിച്ച സ്ഥലത്ത് വെള്ളം ഉറവ് പൊട്ടുന്നു. മാഅ് സംസം വിശ്വാസികളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ സംസം എന്തിനു കുടിച്ചോ അത് അതിനുള്ളതാണ് എന്ന അദ്ധ്യാപനം സംസം വെള്ളത്തിന്റെ മഹത്വം വിളിച്ചോതുന്നു. ഹിജ്‌റ 14 -ാം നൂറ്റാണ്ടിലുള്ള സംസം കിണറിന്റെ ആൾമറയും ഹിജ്‌റ 1299-ൽ വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന തൊട്ടിയും കയറും സന്ദർശകർ വലിയ കൗതുകത്തോടെയാണ് നോക്കി കാണുന്നത്. കഅ്ബാലയത്തിന്റെ പൂട്ടും താക്കോലും ഹിജ്‌റ 64-ൽ ഉപയോഗിച്ച മരത്തിന്റെ തൂണുകളുടെ ചെറിയ ഭാഗങ്ങൾ, കല്ലുകളിൽ കൊത്തിവെച്ച കൈയെഴുത്തുകൾ, ഹിജ്‌റ 984-ൽ മസ്ജിദുൽ ഹറാമിന്റെ വാതിലിന്റെ ആർച്ചുകൾ തുടങ്ങിയ നിരവധി തിരുശേഷിപ്പുകൾ ഇവിടെയുണ്ട്.

തീർത്ഥാടകരുടെ മനംനൊന്ത പ്രാർത്ഥനയ്ക്ക് മൂക സാക്ഷിയായ വിവിധ രാജ്യങ്ങളിൽ നിർമ്മിച്ച കിസ്‌വ (കഅ്ബയുടെ മുകളിൽ വിരിക്കുന്നത്)യുടെ ഭാഗങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ഇന്ത്യയിൽ നിന്ന് ചുവന്ന നിറത്തിലുള്ള കിസ്‌വ നിർമ്മിച്ചതിന്റെ ഭാഗം മ്യൂസിയത്തിൽ കാണാം. പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലുള്ള കിസ്‌വകളുടെ ചെറിയ ഭാഗങ്ങളുമുണ്ട്. പഴയകാലത്ത് കിസ്‌വ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന നെയ്ത്തുപകരണങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഹിജ്‌റ 998-ൽ സുൽത്താൻ മുറാദ് മൂന്നാമന്റെ കൽപന പ്രകാരം നിർമ്മിച്ച മസ്ജിദ് നബവിയുടെ ഉസ്മാൻ മിമ്പറിന്റെ വാതിൽ, മസ്ജിദ് നബവിയുടെ പ്രധാന വാതിലിന്റെ താഴികക്കുടം, ഹിജ്‌റ 14-ാം നൂറ്റാണ്ടിൽ മസ്ജിദു നബവിയിൽ ഉപയോഗിച്ചിരുന്ന മിനാരങ്ങളും സന്ദർശകർക്ക് വലിയ അനുഭവങ്ങളും അത്ഭുതവും നൽകുന്നു. ഇരു ഹറമുകളുടെ ചരിത്രത്തിന്റെ സുന്ദരമായ നേർക്കാഴ്ചയാണ് മ്യൂസിയം. ചുരുക്കത്തിൽ, ചരിത്രാന്വേഷകർക്ക് സമൃദ്ധമായ പഠന ശേഖരണമാണ് ഇമാറത്തുൽ ഹറമൈൻ എന്ന മക്ക മ്യൂസിയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരസ്‌കാരങ്ങൾ മക്ക മ്യൂസിയത്തിന് ലഭിച്ചിട്ടുണ്ട്.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ