എത്രയേറെ പ്രകോപനങ്ങളുണ്ടായിട്ടും സമാധാനത്തിന്റെയും മാപ്പിന്റെയും വഴിയാണ് തിരുനബി(സ്വ) തെരഞ്ഞടുത്തത് എന്നത് റസൂലിന്റെ കൃപാകടാക്ഷത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്. അബൂ ശുറൈഹ്(റ) അംറ്ബ്നു സഈദ് (റ)വിനോട് പറഞ്ഞു: മക്കാവിജയത്തിന്റെ പിറ്റേദിവസം തിരുനബി(സ്വ)യില്‍ നിന്നും ഞാന്‍ നേരിട്ട് കേട്ട ഒരുകാര്യം അങ്ങയോട് പറയാം: “തിരുനബി(സ്വ)പ്രസംഗത്തില്‍ പറഞ്ഞു: മക്കയില്‍ കൊലപാതകവും യുദ്ധവുമൊക്കെ നിഷിദ്ധമാക്കിയത് അല്ലാഹുവാണ്. ജനങ്ങളുടെ തീരുമാനമല്ലത്. അവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കല്‍ ഒരു വിശ്വാസിക്കും അനുവദനീയമല്ല. മക്കയിലെ വൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കാന്‍ പാടില്ല. ആവശ്യമെങ്കില്‍ മക്കയില്‍ വെച്ച് യുദ്ധം ചെയ്യാമായിരുന്നു എന്ന് മനസ്സിലാക്കി മറ്റാരെങ്കിലും അവിടെ രക്തചൊരിച്ചില്‍ നടത്താനൊരുങ്ങുന്നെങ്കില്‍ അല്ലാഹു അവന്റെ പ്രവാചകന് ഒരു പകല്‍ സമയത്തേക്ക് മാത്രം നല്‍കിയ പ്രത്യേക അനുമതി മാത്രമായിരുന്നു അതെന്ന് നിങ്ങള്‍ അവരെ അറിയിക്കണം. അന്നേദിവസം തന്നെ മറ്റാര്‍ക്കും അനുമതി ഉണ്ടായിരുന്നില്ല. മക്കാവിജയത്തിന്റെ തലേദിവസത്തെപോലെ മക്കയുടെ പരിശുദ്ധി ഇന്നും നിലനില്‍ക്കുന്നു’ (ബുഖാരി/104).
മക്കാ വിജയദിവസം ഖുറൈശികള്‍ കഅ്ബാലയത്തിന് ചുറ്റും ഒരുമിച്ച് കൂടിയിരിക്കുകയാണ്. ബദ്ര്‍ രണാങ്കണത്തില്‍ നബി(സ്വ)യുടെ പിതൃവ്യപുത്രന്‍ ഉബൈദത്ത്(റ)നെ കൊലപ്പെടുത്തിയ ഘാതകര്‍, എക്കാലത്തും തനിക്ക് താങ്ങും തണലുമായിരുന്ന പിതൃവ്യന്‍ ഹംസ(റ)നെ ഉഹ്ദില്‍ വധിക്കുകയും ശേഷം അദ്ദേഹത്തിന്റെ മൃതശരീരം വെട്ടിക്കീറി കരള്‍ പുറത്തെടുത്ത് ചവച്ചുതുപ്പി അരിശം തീര്‍ത്തവര്‍, ഉഹ്ദില്‍ പ്രവാചകരെ മുറിവേല്‍പ്പിച്ചവര്‍, ഹിജ്റക്കുമുമ്പ് മര്‍ദിച്ചവര്‍, ശിഅ്ബ് അബീത്വാലിബില്‍ മൂന്ന് വര്‍ഷക്കാലം ഭക്ഷണവും വെള്ളവും മറ്റും തടഞ്ഞ് മുസ്‌ലിംകള്‍ക്കെതിരെ ഉപരോധം തീര്‍ത്തവര്‍, സുജൂദില്‍ കിടന്നപ്പോള്‍ ഒട്ടക്കത്തിന്റെ ചീഞ്ഞ് നാറിയ കുടല്‍ മാല വലിച്ച് തലയിലിട്ടവരുടെ പിന്‍തലമുറക്കാരൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ഈ കൊടും കുറ്റവാളികളെയും ബദ്ധവൈരികളേയും കുറിച്ചുള്ള നബി(സ്വ)യുടെ തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. ശത്രുക്കള്‍ വധശിക്ഷ ഉറപ്പിച്ച മട്ടിലാണ്. നബി(സ്വ)കടന്നുവന്നു കഅ്ബാലയം ത്വവാഫ് ചെയ്തു. ഉസ്മാന്‍ബ്നുത്വല്‍ഹ(റ)യുടെ കൈയില്‍ നിന്ന് താക്കോല്‍വാങ്ങി കഅ്ബാലയം തുറന്നു. ശേഷം കഅ്ബയുടെ വാതില്‍ക്കല്‍ വെച്ച് നബി(സ്വ) ശത്രുക്കളെ സംബോധന ചെയ്തു. അവരോട് ചോദിച്ചു: നിങ്ങള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
അവര്‍ പറഞ്ഞു: “സഹോദരന്റെയും പിതൃവ്യന്റെയും സഹനശീലനും കാരുണ്യവാനുമായ പുത്രനാണ് അങ്ങ് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.’ അവര്‍ മൂന്നു തവണ ആവര്‍ത്തിച്ചു പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ പൊതുമാപ്പിനു വേണ്ടിയുള്ള യാചനയായിരുന്നു അത്. നബി(സ്വ) പ്രഖ്യാപിച്ചു: “എന്റെ സഹോദരന്‍ യൂസഫ് (അ) തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ച സഹോദരങ്ങളോട് പറഞ്ഞവാചകം തന്നെയാണ് ഞാനും പറയുന്നത്. ഇന്ന് നിങ്ങളോട് യാതൊരുവിധ പ്രതികാര നടപടിയുമില്ല, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. അവന്‍ അത്യുന്നതനായ കാരുണ്യവാനാണ്. അതിനാല്‍ നിങ്ങള്‍ സ്വതന്ത്രരാണ്.’
ഈ സംഭവത്തിന് സാക്ഷിയായ സല്ലാമുബ്നു മിസ്കീന്‍(റ)പറയുന്നു: “ഖബറില്‍ നിന്നും പുനര്‍ജനിക്കുന്ന പ്രതീതിയായിരുന്നു അപ്പോള്‍ ശത്രുക്കളില്‍ കണ്ടത്’ (ബൈഹഖി/സുനനുല്‍ കുബ്റാ:18739, ഫത്ഹുല്‍ ബാരി:8/18). മക്കാവിജയദിവസത്തെ ഈ പൊതുമാപ്പ് പ്രഖ്യാപനം നിമിത്തം മുസ്‌ലിംകള്‍ ശത്രുക്കളെ തടവില്‍ പിടിച്ചില്ല. അവരുടെ സ്വത്തുക്കള്‍, ഭവനങ്ങള്‍ ഒന്നും യുദ്ധ മുതലായി പിടിച്ചെടുത്തതുമില്ല. എല്ലാം അവര്‍ക്ക് തന്നെ തിരിച്ച് കൊടുത്തു.
തിരുനബി(സ്വ)ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ട ശത്രുക്കളെ അല്ലാഹു ഒരിക്കല്‍ വരള്‍ച്ച നല്‍കി താക്കീത് ചെയ്തു. കഠിനക്ഷാമം നിമിത്തം ഭക്ഷണം ലഭിക്കാതെ മരണം നേരില്‍ കണ്ട ചിലര്‍ മൃഗങ്ങളുടെ തോലും ശവവും എല്ലും വരെ ആഹരിച്ചു. അന്ന് ശത്രുത്തലവനായിരുന്ന അബൂസ്ഫ്യാന്റെ നേതൃത്വത്തില്‍ മക്കാനിവാസികളായ ഒരു സംഘമാളുകള്‍ നബി(സ്വ)യെ സമീപിച്ച് മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. ദയാലുവായ പ്രവാചകര്‍(സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു. തുടര്‍ച്ചയായ ഏഴ് ദിവസം ശക്തമായ മഴപെയ്തു. മഴ അമിതമായതിനാല്‍ മഴക്കെടുതി ഭയപ്പെട്ട അവര്‍ തിരുനബി(സ)യെ സമീപിച്ച് പ്രളയക്കെടുതി ബോധിപ്പിച്ചു. മക്കയുടെ ചുറ്റുഭാഗത്തുള്ള മലന്പ്രദേശങ്ങളിലേക്കും മറ്റും മഴ മാറ്റുന്നതിനു വേണ്ടി തിരുനബി(സ്വ) ദുആ ചെയ്ത് അവരെ ആശ്വസിപ്പിച്ചു (ബൈഹഖി/സുനനുല്‍ കുബ്റ:6658).
നബി(സ്വ)യെ മാരണം ചെയ്ത് വകവരുത്താന്‍ ശ്രമിച്ച ലബീദുബ്നുല്‍ അഅ്സ്വം, ആട്ടിറച്ചിയില്‍ വിഷം കലര്‍ത്തിക്കൊടുത്ത് തിരുദൂതരെ കൊല്ലാന്‍ ശ്രമിച്ച ജൂത സ്ത്രീ സൈനബ് ബിന്‍തുല്‍ ഹാരിസ്, ദാത്തുരിഖാഅ് യുദ്ധം കഴിഞ്ഞ് മടക്കയാത്രയില്‍ നട്ടുച്ചക്ക് മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന തിരുനബി(സ്വ)യെ മരത്തില്‍ തൂക്കിയിട്ടിരുന്ന വാള്‍ കൈവശപ്പെടുത്തി വധിക്കാന്‍ ശ്രമിച്ച ഗൗറസുബ്നുല്‍ ഹാരിസ്, സ്വഹാബത്തിന്റെ സമക്ഷത്തില്‍ നബി(സ്വ)യെ അവഹേളിച്ച ജൂതപണ്ഡിതന്‍ സൈദ്ബ്നു സഅ്നത്, വിശുദ്ധ മക്കയിലും ഹുനൈന്‍ യുദ്ധവേളയിലും പുണ്യ മദീനയിലും നബി(സ്വ)യെ വധിക്കാന്‍ ശ്രമിച്ച ഫുളാലത്ത്, ശൈബത്ത്, ഉമൈര്‍, മുസ്‌ലിംകള്‍ക്കിടയിലും മുസ്‌ലിം സൈന്യത്തിലുമൊക്കെ ഭിന്നിപ്പുണ്ടാക്കുകയും തിരുപത്നി ആഇശ(റ)യെ കുറിച്ച് വ്യഭിചാരാരോപണം നടത്തുകയും ചെയ്ത കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ്, തിരുദൂതരോട് നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ട ധിക്കാരി ദുല്‍ഖുവൈസ്വിറത്ത് തുടങ്ങിയവര്‍ക്കൊക്കെ അവിടുന്ന് മാപ്പ് നല്‍കുകയായിരുന്നു. അക്കാരണത്താല്‍ അവരില്‍ പലരും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു.
ശത്രുക്കളിലാരെങ്കിലും അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ പ്രവാചകനാണെന്നുമുള്ള സത്യസാക്ഷ്യം മൊഴിഞ്ഞു ഇസ്ലാം സ്വീകരിച്ചാല്‍ അവരുടെ രക്തവും സമ്പത്തും മാനവും സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന തിരുനബി(സ്വ)യുടെ പൊതു വിളംബരം ശത്രുക്കളോടുള്ള കൃപയുടെ മറ്റൊരുദാഹരണമാണ്. ഇസ്ലാം അംഗീകരിക്കുന്നതോടെ അതിന് മുമ്പ് ചെയ്തിട്ടുള്ള മുഴുവന്‍ തിന്മകളും മാപ്പാക്കുന്നത് നബി(സ്വ)യുടെ ദര്‍ശനത്തിനുമാത്രം അവകാശപ്പെട്ടതാണ്.
അനിവാര്യമെങ്കില്‍ യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പോടെ അറുപത് ദൗത്യസംഘങ്ങളെ നബി(സ്വ) അയച്ചിട്ടുണ്ട്. അവയില്‍ 27 ദൗത്യ സംഘങ്ങളോടൊപ്പം നബി (സ്വ)യും പുറപ്പെട്ടു. പല കാരണങ്ങളാല്‍ ഏറ്റുമുട്ടല്‍ അനിവാര്യമായ 9 സ്ഥലങ്ങളില്‍ നബിതങ്ങള്‍ നേരിട്ട് പോര്‍ക്കളത്തില്‍ ഇറങ്ങുകയും ചെയ്തു. ഉഹ്ദ് യുദ്ധം കൊടുമ്പിരികൊണ്ട വേളയില്‍ തന്നെ ലക്ഷ്യം വെച്ച് പാഞ്ഞ് വന്ന ഉബയ്യുബ്നു ഖലഫിന്റെ കഴുത്തില്‍ ഹാരിസുബ്നു സ്വിമത്ത് (റ)വിന്റെ കുന്തം വാങ്ങി ആത്മരക്ഷാര്‍ത്ഥം കുത്തുകയുണ്ടായി. യുദ്ധം കഴിഞ്ഞ് ശത്രുക്കള്‍ മക്കയിലേക്ക് മടങ്ങുന്ന വഴിമധ്യേ സരിഫില്‍ വെച്ച് ഉബയ്യ് മരണപ്പെട്ടു. കൊല ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല, ശത്രുവിനെ തടയുകയാണ് അവിടുന്ന് ഉദ്ദേശിച്ചത്. ബദ്ര്‍ യുദ്ധത്തില്‍ ഏഴുപത് ശത്രുതലവന്മാരെ യുദ്ധത്തടവുകാരായി പിടിച്ചെങ്കിലും അവരെ വധിക്കുകയല്ല ചെയ്തത്. വിട്ടയക്കുകയായിരുന്നു. പോര്‍ക്കളത്തിലിറങ്ങുന്ന യോദ്ധാക്കളെ മാത്രം നേരിടുക എന്നതായിരുന്നു തിരുനബി(സ്വ)യുടെ യുദ്ധനയം. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, ദുര്‍ബലര്‍, സിവിലിയന്മാര്‍ എന്നിവരെ അക്രമിക്കരുതെന്ന് തിരുനബി(സ്വ) പോരാളികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യസുരക്ഷ, അമുസ്‌ലിംകളടക്കമുള്ള പൗരന്‍മാരുടെ സുരക്ഷ തുടങ്ങിയ നിര്‍ണായക ഘട്ടത്തില്‍ ആത്മരക്ഷാര്‍ത്ഥമാണ് തിരുനബി(സ്വ) സൈനിക സംഘങ്ങള്‍ക്ക് സമരാനുമതി നല്‍കിയിരുന്നത്. ഇസ്ലാം മതപ്രബോധനാര്‍ത്ഥം അയയ്ക്കുന്ന ദൗത്യ സംഘങ്ങളെ അഭിമുഖീകരിച്ച് കൊണ്ട് തിരുനബി(സ്വ) പറയാറുള്ള ഉപദേശം: “ഞാന്‍ കാരുണ്യമായിട്ട് നിയോഗിക്കപ്പെട്ടവനാണ്. അതിനാല്‍ എന്റെ പ്രതിനിധികളെന്ന നിലയില്‍ നിങ്ങള്‍ ഇസ്ലാം മതദര്‍ശനങ്ങള്‍ പ്രബോധനം ചെയ്യുക’.
രാജ്യത്തെ ഭരണസംവിധാനത്തെ പരസ്യമായി ചോദ്യം ചെയ്യുകയോ നിന്ദിക്കുകയോ വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തതിന്റെ പേരില്‍ പത്തോളം പേരെ വധിക്കാന്‍ നബി(സ്വ) ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നും ആറുപേരും തെറ്റുകളില്‍ നിന്ന് മടങ്ങുകയും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് മാപ്പ് നല്‍കി. മറ്റ് നാലുപേരെ മാത്രമാണ് ഹിജ്റക്കുശേഷമുള്ള ദീര്‍ഘമായ പത്ത് വര്‍ഷത്തിനുള്ളില്‍ വധിച്ചത്. ഇത് തിരുനബി(സ്വ)യുടെ കരുണ കടാക്ഷത്തിനപവാദമല്ല. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലക്കാണ്. അത് രാജ്യത്തെ പൗരന്‍മാരോടുള്ള കരുണയും നന്‍മയും ആണ്.
“തീര്‍ച്ച, പിശാച് നിങ്ങളുടെ ശത്രുവാണ്, നിങ്ങള്‍ അവനെ ശത്രുവാക്കണം, അവന്‍ കത്തിജ്വലിക്കുന്ന നരകാഗ്നിയിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നതെ’ന്ന് ഖുര്‍ആന്‍ (35/6) വിശേഷിപ്പിച്ച പിശാചിനു പോലും തിരുനബി(സ്വ) മാപ്പ് നല്‍കിയതു ചരിത്രം. സകാത്ത് മുതലിന് കാവല്‍ക്കാരനായി റസൂല്‍(സ്വ) അബൂഹുറൈറ(റ)വിനെ നിയമിച്ചു. അര്‍ദ്ധരാത്രിയില്‍ അത് മോഷ്ടിക്കാന്‍ ശ്രമം നടത്തിയ ആളെ അദ്ദേഹം പിടികൂടി. ദാരിദ്ര്യം കാരണമാണ് മോഷണത്തിന് മുതിര്‍ന്നതെന്നും ഇനി ആവര്‍ത്തിക്കുകയില്ലെന്നും കരാര്‍ ചെയ്ത് ഒന്നാം ദിവസം അയാള്‍ രക്ഷപ്പെട്ടു. പക്ഷേ പിറ്റേ ദിവസവും അതിനടുത്ത ദിവസവും അയാള്‍ ശ്രമം ആവര്‍ത്തിച്ചു. ദയനീയമായ വിശദീകരണം കേട്ടപ്പോള്‍ കരളലിഞ്ഞ അബൂഹുറൈറ(റ) മൂന്നാം ദിവസവും അയാളെ വിട്ടയച്ചു. ശേഷം തിരുനബി(സ്വ)യെ വിവരം ധരിപ്പിച്ചു. “മൂന്ന് ദിവസവും മോഷണം നടത്തിയത് ആരാണെന്നറിയുമോ?’ നബി(സ്വ) ചോദിച്ചു. അബൂഹുറൈറ (റ): “അറിയില്ല.’ തിരുദൂതര്‍(സ്വ): “അത് പിശാചാണ്’ (ബുഖാരി/231). മറ്റൊരിക്കല്‍ പിശാച് വീണ്ടും വന്നാല്‍ പിടിച്ച് കെട്ടി തന്റെ സമക്ഷത്തില്‍ ഹാജരാക്കാനോ ശിക്ഷ നല്‍കാനോ കല്‍പിക്കാതെ പ്രവാചകര്‍(സ്വ) പൊതുമാപ്പ് നല്‍കുകയായിരുന്നു.
ഖുറൈശി പ്രതിനിധികള്‍ മുന്നോട്ട് വെച്ച മുസ്‌ലിംകളുടെ അവകാശം ഹനിക്കുന്നതെന്ന് തോന്നുന്നതടക്കമുള്ള മുഴുവന്‍ നിബന്ധനകളും ഹുദൈബിയ സന്ധിയില്‍ തിരുനബി(സ്വ) അംഗീകരിച്ചത് ശത്രുക്കളോട് വളരെ കാരുണ്യമായിപെരുമാറിയതിനുള്ള മറ്റൊരു ഉദാഹരണമാണ്. പീഡനം അസഹ്യമായതിനെ തുടര്‍ന്ന് ബഹുദൈവാരാധകരായ ശത്രുക്കള്‍ക്കെതിരില്‍ ശാപ പ്രാര്‍ത്ഥന നടത്താന്‍ റസൂല്‍(സ്വ)യോട് ചിലര്‍ ആവശ്യപ്പെട്ടപ്പേള്‍ “തീര്‍ച്ച, ഞാന്‍ ശാപപ്രാര്‍ത്ഥന നടത്താനായി നിയോഗിക്കപ്പെട്ടവനല്ല. കാരുണ്യമായി മാത്രം നിയോഗിക്കപ്പെട്ടവനാണ്’ (മുസ്‌ലിം/599) എന്ന മറുപടി മറ്റൊരുദാഹരണം. പത്തു വര്‍ഷത്തെ പരിചാരകനായിരുന്ന അനസ് (റ) അനുസ്മരിക്കുന്നു: “അവിടുന്ന് ചീത്തപറയുകയോ, ശപിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങളില്‍ ആരെയെങ്കിലും ശാസിക്കേണ്ടി വന്നാല്‍ അവനെന്ത് പറ്റി, സുജൂദ് വര്‍ധിപ്പിക്കാന്‍ അല്ലാഹു അവന് ഭാഗ്യം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ചെയിതിരുന്നത്’ (ബുഖാരി/6031).
ഹിറാഗുഹയില്‍ വെച്ച് അവതരിച്ച വിശുദ്ധ ഖുര്‍ആനിലെ പ്രഥമ വചനങ്ങളുമായി വീട്ടിലേക്ക് തിരിച്ചെത്തിയ നബി(സ്വ)യോട് പ്രിയ പത്നി ഖദീജ(റ) അവിടുത്തെ പഞ്ച വിശേഷഗുണങ്ങള്‍ എടുത്ത് പറഞ്ഞ് ആശംസിച്ചിട്ടുണ്ട്. “അല്ലാഹു ഒരിക്കലും അങ്ങയെ പരാജയപ്പെടുത്തുകയില്ല. കാരണം, കുടുംബബന്ധം പുലര്‍ത്തുക, മറ്റുള്ളവന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുക, ദരിദ്രന് വേണ്ടി അധ്വാനിക്കുക, അതിഥിയെ സല്‍കരിക്കുക, ദുരിത ബാധിതരെ സഹായിക്കുക എന്നീ ഗുണങ്ങളുള്ള ആളാണ് അങ്ങ്’ (ബുഖാരി/3). നാല്‍പ്പതാം വയസ്സില്‍ പ്രബോധന ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് തന്നെയുള്ള തിരുനബി (സ്വ)യുടെ വിശേഷഗുണങ്ങളാണിവ. താന്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക ദര്‍ശനങ്ങള്‍ അംഗീകരിച്ച മുസ്‌ലിംകള്‍ക്കിടയിലല്ല പ്രസ്തുത ജീവകാരുണ്യസാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്തതെന്ന് ഉറപ്പാണ്. അതെല്ലാം ഏറ്റുവാങ്ങിയത് അന്യരായിരുന്നു.
ബിംബാരാധകര്‍, അഗ്നിയാരാധകര്‍, ജൂതര്‍, ക്രിസ്ത്യാനികള്‍ തുടങ്ങി ബഹുദൈവാരാധകരായ തന്റെ ശത്രുക്കളോടുള്ള ഇത്തരം സമീപനം അവരുടെ മതത്തിനോ കര്‍മങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ ഉള്ള അംഗീകാരമായിരുന്നില്ല. ഇസ്‌ലാമേതര മതങ്ങളും അവയുടെ വിശ്വാസഅനുഷ്ഠാനങ്ങളും തെറ്റാണെന്നും ഇസ്ലാം മാത്രമാണ് സത്യമതമെന്നും അവയുപേക്ഷിച്ച് ഇസ്ലാം സ്വീകരിക്കണമെന്നും ഉറക്കെ പറയുന്നതോടൊപ്പമായിരുന്നു തിരുനബി(സ്വ)യുടെ ഈ സമീപനം. മതം ഏതായാലും മനുഷ്യരെല്ലാവരും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സൃഷ്ടികളായതിനാല്‍ ഭൗതികലോകത്തെ കരുണ്യം അവര്‍ക്ക് തടയേണ്ടതില്ല, അവരെ സത്യമതത്തിലേക്ക് നയിക്കാനുള്ള നിമിത്തങ്ങളില്‍ ഒന്നാണ് ശത്രുക്കളോടുമുള്ള ഉദാത്തവും നിസ്തുലവുമായ നിലപാടുകള്‍. ഇതാണ് പ്രവാചകര്‍ ജീവിതത്തിലൂടെ പകര്‍ന്നതും പഠിപ്പിച്ചതും.

ഹദീസ്പാഠം/എഎ ഹകീം സഅദി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ