അബ്ദുർറഹ്‌മാൻ ഔഫിന്റെ വീട്ടിൽ ഇപ്പോഴും പ്രാർത്ഥന ഒടുങ്ങിയിട്ടില്ല. അവിടേക്ക് സാത്വികരായ മനുഷ്യരുടെ പ്രവാഹം നിലയ്ക്കുന്നില്ല. അവന്റെ ഖബറരികിൽ ആൾപ്പെരുമാറ്റമൊഴിയുന്നേയില്ല. ഔഫിന്റെ ഉറ്റവർ കണ്ണിരീനിടയിലൂടെ ആശ്വസിക്കുന്നത് അണമുറിയാത്ത ഈ പ്രാർത്ഥനയുടെ പേരിലാണ്. ആയിരക്കണക്കായ മനുഷ്യരുടെ നിസ്വാർത്ഥമായ തേട്ടങ്ങൾ അവർക്ക് ക്ഷമ പകരുന്നു, മുന്നോട്ട് ജീവിക്കാൻ കരുത്തു നൽകുന്നു. ഒറ്റക്കുത്തിന് ഔഫിനെ കൊന്നവനെ പിടികൂടുന്നതും കത്തി കൊടുത്തു വിട്ടവരെയും ഗൂഢമായി പദ്ധതികളൊരുക്കിയവരെയും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ കാര്യക്ഷമതയും രാഷ്ട്രീയ നേതൃത്വത്തിന്റെ ഐക്യദാർഢ്യവും കുത്തിയ കത്തി മറച്ചു പിടിക്കാൻ തത്രപ്പെടുന്നവരുടെ അപഹാസ്യമായ തന്ത്രങ്ങളും ഒന്നുമാകില്ല ആ കുടുംബത്തെ സ്പർശിക്കുന്നത്. രക്തസാക്ഷിയുടെ ഖബറകത്ത് വെളിച്ചമെത്തിക്കാൻ ശേഷിയുള്ള സദ് വചനങ്ങൾ എവിടെയൊക്കെയോ ഉരുവിടുന്നുവെന്നതാകും അവരുടെ സമാധാനം. പിന്നെ ആർക്കു വേണ്ടിയാണ് കല്ലൂരാവിയിലെ അബ്ദുറഹ്‌മാൻ ഔഫിന്റെ ചോരക്ക് മുന്നിൽ നിന്ന് നാം വിശകലനം നടത്തുന്നത്? എന്തിനാണ് നാം മുദ്രാവാക്യം മുഴക്കുന്നത്? എന്തിനാണ് പ്രതിഷേധ യോഗത്തിൽ ആവേശകരമായി സംസാരിക്കുന്നത്? എന്തിനാണ് കഠാര രാഷ്ട്രീയത്തിൽ പൊലിഞ്ഞുപോയവരെ ഓർമിക്കുന്നത്? കൊന്നവരെ അലോസരപ്പെടുത്താൻ വേണ്ടിയാണത്. സമാധാന സ്‌നേഹികൾ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കണം. കൊലയാളികളെ ഒറ്റപ്പെടുത്തണം. ഇനിയും കൊല്ലാനായി കത്തി അരയിൽ തിരുകി നടക്കുന്നവനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ആദർശത്തിൽ ഉറച്ച് മുന്നോട്ട് നീങ്ങാൻ ജീവിച്ചിരിക്കുന്നവർക്ക് കരുത്തു പകരുന്നു, ഔഫുമാരുടെ ഓർമയിൽ ഉണരുന്ന മുദ്രാവാക്യങ്ങൾ.
മുസ്‌ലിം ലീഗ് ഗുണ്ടകൾ എന്തിനാണ് ഔഫിനെ കൊന്നത്? ഒരു പ്രകോപനവുമില്ല. സംഘട്ടനവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് തോറ്റു. ഐഎൻഎൽ സ്ഥാനാർത്ഥി ജയിച്ചു. അത്രയേ ഉള്ളൂ. തോൽവി അംഗീകരിക്കാൻ വയ്യ. തോൽവിയെ സമചിത്തതയോടെ സ്വീകരിക്കാനുള്ള പരിശീലനം കൂടിയാണ് ജനാധിപത്യം. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് ഇത് മനസ്സിലാകില്ല. അവർ ജയിക്കാനായി മാത്രം ശീലിച്ചവരാണ്. ലീഗ് ഈ ശീലത്തിന്റെ തടവറയിലുള്ള പാർട്ടിയാണ്. സാമുദായിക വികാരത്തിന്റെ പച്ചവിരിച്ച വഴിയിലൂടെ അനായാസം നേടുന്ന വിജയങ്ങൾ അവരെ അഹങ്കാരികളാക്കി മാറ്റുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം ഈ പാർട്ടി ഉപയോഗിക്കുന്നത് മുസ്‌ലിം വൈകാരികതയാണല്ലോ. പണ്ഡിതരും സാത്വികരും സൃഷ്ടിച്ച സ്വത്വബോധത്തെ രാഷ്ട്രീയ മൂലധനമാക്കി മാറ്റുകയാണ് ലീഗ് ചയ്യുന്നത്.
‘ഇത് ഞങ്ങളുടെ കോട്ട, ഇവിടെ ഞങ്ങൾ പറയും, എന്ത് നടക്കണമെന്ന്’ ഇതാണ് ലൈൻ. അബ്ദുറർഹ്‌മാൻ ഔഫ് ഈ ആജ്ഞയെ ഭയപ്പെട്ടില്ല. ജനാധിപത്യപരമായി തന്നെ ആ ഹുങ്കിനെ വെല്ലുവിളിച്ചു, കക്ഷി രാഷ്ട്രീയം ഔഫിന്റെ മേഖലയായിരുന്നില്ല, അദ്ദേഹത്തിന് പൊതുസമ്മതിയുണ്ട്. ജനങ്ങൾക്കിടയിൽ അംഗീകാരമുണ്ട്. ആ സ്വാധീനം തനിക്കു ബോധിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി ഉപയോഗിച്ചു. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ അവരത് വകവെച്ചു കൊടുക്കില്ല. മുസ്‌ലിം സമൂഹത്തിൽ സ്വാധീനശക്തിയാകാൻ കെൽപ്പുള്ളവരെ ഒന്നുകിൽ അവർ കൊല്ലും. അല്ലെങ്കിൽ താറടിച്ച് വ്യക്തിഹത്യ ചെയ്യും. വിവാഹം മുടക്കും. ജോലിയിൽ നിന്ന് പിരിച്ചു വിടും. പള്ളികളിലും മദ്‌റസകളിലും കുഴപ്പമുണ്ടാക്കി പോലീസ് കേസിൽ കുടുക്കും. സർക്കാറിൽ നിന്നുള്ള ആനുകൂല്യങ്ങൾ നിഷേധിക്കും. സംഘടനാ പ്രവർത്തനത്തിന് തടസ്സം നിൽക്കും. ജാഥ കൈയേറും. യോഗം കലക്കും. സുന്നീ പ്രവർത്തകർ ഒന്നിനും കൊള്ളാത്തവരായിരുന്നുവെങ്കിൽ ലീഗിന് ഒരു പ്രശ്‌നവുമുണ്ടാകില്ല. രാഷ്ട്രീയമായോ മതപരമായോ വ്യക്തിത്വം പുലർത്തുന്നതാണ് ലീഗിന് സഹിക്കാനാകാത്തത്. അതുകൊണ്ട് ലീഗല്ലാതിരിക്കുക എന്നത് മാത്രം മതി മുസ്‌ലിമിനെ ശത്രുവായി കാണാൻ. മുസ്‌ലിം ലീഗിന്റെ കൊലക്കത്തിക്കിരയായവർ മുഴുവൻ മുസ്‌ലിംകളാണ്. 45 പേർ അങ്ങനെ മരിച്ചു വീണുവെന്നാണ് നിയമസഭാ കണക്ക്. അവരുടെ കൂടെയുള്ള ഇകെ വിഭാഗക്കാരുണ്ടല്ലോ, അവർ എന്നെങ്കിലുമൊരിക്കൽ നിവർന്നുനിന്ന് ലീഗിനോട് സംസാരിച്ചു നോക്കട്ടെ. അന്ന് അവരെക്കൊല്ലാനും കഠാര കൊടുത്തുവിടും.
ഈ അസഹിഷ്ണുതയുടെ യഥാർത്ഥ മാതൃക എവിടെയാണുള്ളത്? ഈ പാർട്ടിയുടെ ആദ്യ പദമായ മുസ്‌ലിമിലുണ്ടോ? മതത്തിൽ ബലാത്കാരമില്ലെന്നാണ് ഖുർആന്റെ അധ്യാപനം (2/256. സഹിഷ്ണുതയാണ് അതിന്റെ അടിത്തറ. ദീനാനുകമ്പയാണ് ജീവിതപാത. മധ്യമ മാർഗമാണ് അതിന്റെ വഴി. കരുണയാണ് വികാരം. ഇന്ത്യയിൽ അസഹിഷ്ണുതയുടെയും ഉൻമൂലത്തിന്റെയും ഒരേയൊരു രാഷ്ട്രീയ മാതൃക അഭിനവ ഹിന്ദുത്വയാണ്. മഹാത്മാ ഗാന്ധിയെ കൊന്നുതള്ളിയതാണല്ലോ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകം. ആർഎസ്എസ് മുന്നോട്ടുവെച്ച രാഷ്ട്രീയ ഹിന്ദുത്വയെ ഹിന്ദു മതം ഉപയോഗിച്ചു തന്നെ നേരിട്ടു ഗാന്ധിജി. അദ്ദേഹം പുതിയൊരു രാമ സങ്കൽപ്പം മുന്നോട്ടുവെച്ചു. ഹൈന്ദവതയുടെ ലക്ഷണം ഉൾക്കൊള്ളലാണെന്ന് പഠിപ്പിച്ചു. ഖിലാഫത്ത് സമരം ദേശീയ സമരത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു. ഉമറിന്റെ ഭരണത്തിൽ മാതൃകയുണ്ടെന്ന് പറയാൻ മടിച്ചില്ല. സ്വയമൊരു സനാതന ഹിന്ദുവായി പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയം രൂപപ്പെടുത്തിയത്. ഹിന്ദുത്വയുടെ ഒന്നാം നമ്പർ ശത്രുവായി അദ്ദേഹം. പ്രാർത്ഥനാ നിരതനായി നിന്ന ഗാന്ധിയെ കൂപ്പുകൈയിൽ തോക്കൊളിപ്പിച്ച് നാഥുറാം വിനായക് ഗോഡ്‌സേ കൊന്നു. ഹിന്ദുത്വക്ക് വേണ്ടി അസ്സൽ ഹിന്ദുവിനെ കൊന്നു. ഇവിടെ അതേ അസഹിഷ്ണുതയുടെ ആൾക്കൂട്ടമായി മുസ്‌ലിം ലീഗ് മാറുന്നു. അസ്സൽ മുസ്‌ലിമിനെ കൊല്ലുന്നു. ലീഗിന്റെ കഠാര രാഷ്ട്രീയത്തിന്റെ ഇരകളെ നോക്കൂ. തൊപ്പി വെച്ച്, അഞ്ചു നേരം നിസ്‌കരിച്ച്, മതപ്രബോധനത്തിൽ ഏർപ്പെട്ട്, ശാന്തരായി ജീവിച്ച പരമ്പരാഗത മുസ്‌ലിംകൾ. മതത്തിലെ തീവ്രവാദ വേര് പിഴുതെറിയാൻ പരിശ്രമിച്ചവർ.
കൊന്നുതള്ളി മേൽക്കൈ ഉറപ്പിക്കുന്നതിന്റെ മറ്റൊരു മാതൃക വഹാബിസമാണ്, മൗദൂദിസമാണ്. ഹിജാസിലും കർബലയിലും ആയിരക്കണക്കായ വിശ്വാസികളെ കൊന്ന് ആ കബന്ധങ്ങൾക്കും ചോരക്കും മേലാണല്ലോ വഹാബി മതം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൗദൂദിസവും അറബ്, ആഫ്രിക്കൻ ലോകത്ത് ഇഖ്‌വാനും കൊന്നും കൊല്ലാൻ പ്രചോദനമേകിയും തന്നെയാണ് വളർന്നത്. അതുകൊണ്ട് മുസ്‌ലിം നാമത്തിൽ ആളെ കൊല്ലാനിറങ്ങുന്ന സകല ഭീകരവാദികൾക്കും സലഫിസവും മൗദൂദിസവും പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കുന്നു. വഹാബിസത്തിന്റെ വിത്ത് കേരളത്തിൽ വിതച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഒത്താശയിലാണ്. മുസ്‌ലിംകൾ പരിഷ്‌കരിക്കപ്പെടേണ്ട ജംഗിൾ മാപ്പിളകളാണെന്ന ബ്രിട്ടീഷ് വാദത്തിന്റെ മെഗാഫോണാവുകയായിരുന്നു ഐക്യസംഘം അടക്കമുള്ള വഹാബി പരീക്ഷണങ്ങൾ. പിന്നീട് ഈ രക്ഷാകർതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുത്തു. സുന്നീ നേതാക്കളെ നേതൃനിരയിൽ ‘ഇരുത്തി’ വഹാബിസത്തിന് വെള്ളവും വളവും നൽകുകയാണ് ആ പാർട്ടി ചെയ്തത്. മഹാഭൂരിപക്ഷം വോട്ടർമാരും പരമ്പരാഗത വിശ്വാസികളായിട്ടും ലീഗിന്റെ അജൻഡ നിശ്ചയിച്ചത് വഹാബികളായിരുന്നു.
എന്തുകൊണ്ടാണ് സുന്നീ പ്രവർത്തകരെ ലീഗ് ലക്ഷ്യം വെക്കുന്നത്. ചുരുങ്ങിയത് മൂന്ന് കാരണങ്ങൾ നിരത്താം. ഒന്നാമത്തെ കാരണം മതപരമാണ്. യഥാർത്ഥ മതബോധം മുന്നോട്ടു വെക്കുന്നവരാണ് സുന്നികൾ. മതത്തിലെ എല്ലാതരം തീവ്രവാദ സ്രോതസ്സുകളെയും അവർ ശക്തിയുക്തം എതിർക്കുന്നു. വഹാബിസത്തിനും മൗദൂദിസത്തിനുമെതിരായ പോരാട്ടമാണ് ആ വിശ്വാസി സംഘത്തെ സൃഷ്ടിച്ചത്. എന്നാൽ ലീഗ് എക്കാലത്തും മതത്തിലെ ശൈഥില്യങ്ങളെ പ്രോത്സാഹിപ്പിച്ചു. പരമ്പരാഗത മുസ്‌ലിംകളുടെ പണ്ഡിത സഭയെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി. അപ്പോൾ കാന്തപുരവും സംഘവും യഥാർത്ഥ മതം ഉയർത്തിപ്പിടിക്കാൻ പണ്ഡിതസഭ പുനഃസംഘടിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ലീഗിന്റെ ചോരക്കൊതി. രണ്ടാമത്തെ കാരണം രാഷ്ട്രീയമാണ്. മതചിഹ്നങ്ങൾ, മതസ്ഥാപനങ്ങൾ, മതസ്വത്വം എല്ലാം തരാതരം എടുത്തു പയറ്റി ലീഗ് കളിക്കുന്ന രാഷ്ട്രീയത്തിന്റെ അധാർമികതയും നീതികേടും സുന്നീ സമൂഹം തുറന്നുകാട്ടുന്നു. ലീഗ് പരിമിതികൾക്കിടയിൽ നിശ്ശബ്ദമായിരിക്കുമ്പോൾ ഫാസിസത്തിനെതിരെ അവർ ശക്തമായ ആശയപ്രചാരണം നടത്തുന്നു. മുസ്‌ലിം രാഷ്ട്രീയബോധം മുസ്‌ലിം ലീഗ് പറയുന്നത് മാത്രമല്ലെന്ന് അവർ മനോഹരമായി സ്ഥാപിക്കുന്നു. ലീഗിന് നിയന്ത്രിക്കാനാകാത്ത വോട്ട് ബേങ്ക് സൃഷ്ടിക്കുന്നു. യഥാർത്ഥ മതവിശ്വാസിയുടെ രാഷ്ട്രീയ ഇടപെടലിന് പുതിയ വഴി തുറക്കുന്നു. ഇത് മറികടക്കാൻ ലീഗിന്റെ കൈയിൽ ആശയമില്ലാത്തതിനാൽ അവർ കത്തിയെടുക്കുന്നു. മൂന്നാമത്തേത് ജീവകാരുണ്യമാണ്. വോട്ടും അധികാരവും പിടിച്ചെടുക്കുകയെന്ന ആത്യന്തിക ലക്ഷ്യം മുൻനിർത്തി ജീവകാരുണ്യ രംഗത്ത് ലീഗ് സൃഷ്ടിച്ചെടുത്ത ചില പതിവുകളുണ്ട്. പ്രവാസികൾ അടക്കമുള്ള മനുഷ്യസ്‌നേഹികളുടെ വിയർപ്പിന്റെ ഫലമായ പണം ലീഗിന്റെ രാഷ്ട്രീയ മൂലധനമായി മാറുകയാണ് ചെയ്യാറുള്ളത്. അവിടെയാണ് എസ്‌വൈഎസ് സാന്ത്വനവും ഐസിഎഫുമെല്ലാം നിരുപാധിക സേവനത്തിന്റെ മാതൃകകൾ തീർത്തത്. ഈ സാന്ത്വനം പ്രവർത്തകരെ പൊതുസമൂഹം വിശ്വാസത്തിലെടുക്കുന്നു. നോക്കൂ, നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. എങ്ങനെയും അധികാരം പിടിക്കാനുള്ള ജീവൻമരണ പോരാട്ടമാണ് നടക്കുക. സൂക്ഷിക്കണം, ജീവൻമരണമെന്നതിലെ മരണമെന്നതിന് ആലങ്കാരികമല്ലാത്ത അർത്ഥവുമുണ്ട്!
അമ്പലക്കണ്ടി അബ്ദുൽ ഖാദിറും കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ പുത്രൻ കുഞ്ഞുവും മണ്ണാർക്കാട് കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസയും നൂറുദ്ദീനുമൊക്കെ കൊല്ലപ്പെട്ടത് സുന്നികൾക്കിടയിലെ ശാഖാപരമായ തർക്കത്തിന്റെ അനന്തരഫലമാണെന്ന് പറഞ്ഞാണ് ലീഗുകാർ ഒഴിഞ്ഞു മാറാറുള്ളത്. അതൊരു കുളം കലക്കൽ വിദ്യയാണ്. ആ വിദ്യ കല്ലൂരാവിയിൽ ഏറ്റില്ല. ഔഫ് വധത്തിൽ അറസ്റ്റിലായ മുഖ്യപ്രതി ഇകെ വിഭാഗത്തിന്റെ സജീവ പ്രവർത്തകനാണ്. അതിനേക്കാളേറെ അയാൾ കത്തി അരയിൽ കൊണ്ടുനടക്കുന്ന ലീഗുമാണ്. ഒരു പക്ഷേ ഈ കൊലപാതക പദ്ധതി അൽപ്പം കൂടി വൈകിപ്പിക്കുകയും ഒരു പള്ളിത്തർക്കമോ കൊടിത്തർക്കമോ സൃഷ്ടിക്കുകയും ചെയ്തിരുന്നുവെങ്കിൽ എപി-ഇകെ തർക്കത്തിന്റെ കണക്കിൽ ഈ അരുംകൊലയും എഴുതി പൊതുസമൂഹത്തെ പറ്റിക്കാൻ സാധിക്കുമായിരുന്നു. അതുണ്ടാകാത്ത വിധം രാഷ്ട്രീയ ഫാസിസം വിസിബിളായിരുന്നു കല്ലൂരാവിയിൽ. ഔഫിന് മേൽ വന്നുപതിച്ച ഡിവൈഎഫ്‌ഐ മേൽവിലാസം ആ അർത്ഥത്തിൽ പൊതുസമൂഹത്തിന് മുന്നിൽ സംഭവത്തിന്റെ രാഷ്ട്രീയമാനം സ്ഥാപിക്കുന്നതിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. വല്ലാത്തൊരു ഒറ്റപ്പെടൽ ലീഗ് അനുഭവിച്ചു. മംഗലാപുരം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് കൊലയാളിയെന്ന പച്ചനുണ ഇറക്കിനോക്കി. അയാളുടെ ദേഹത്ത് മുറിവുകൾ ‘സൃഷ്ടിക്കാൻ’ സിനിമയെ വെല്ലുന്ന മേക്ക് ഓവർ നടത്തി. അയാളുടെ ഇല്ലാ മുറിവുകളുണങ്ങുന്നതിനു വേണ്ടി വലിയ വിജ്ഞൻമാരും സയ്യിദൻമാരും പ്രാർത്ഥന നടത്തി; നടത്താൻ ആഹ്വാനിക്കുകയും ചെയ്തു! ഒടുവിൽ പോലീസിന്റെ പിടിയിലായപ്പോൾ എല്ലാ നുണയും പൊളിഞ്ഞു. അങ്ങനെ അപ്പടി പൊളിഞ്ഞ നാടകത്തിന് ഒരു അന്ത്യരംഗമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതായിരുന്നു ഔഫിന്റെ വീട് സന്ദർശനം. നല്ലത്, പ്രാർത്ഥനയെ ആരും തള്ളിപ്പറയില്ല. കൊലയാളി സംഘടനയുടെ നേതാവിനെയും സ്വീകരിച്ചാദരിക്കാനുള്ള ഹൃദയവിശാലത ആ കുടുംബത്തിന്റെ ആദർശത്തിലുണ്ടെന്ന തിളക്കമാർന്ന യാഥാർത്ഥ്യവും ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഔഫ് വധത്തിന് ശേഷം വന്ന വീഡിയോ യുദ്ധങ്ങളും 89 നെ വീണ്ടും പ്രശ്‌നവത്കരിക്കലുകളും ഒരിക്കൽ കൂടി സുന്നീ തർക്കത്തിന്റെ നാളുകൾ സൃഷ്ടിച്ചെടുക്കാനുള്ള കുതന്ത്രമാണെന്ന് തിരിച്ചറിയണം. കൊലക്കത്തി ഒളിപ്പിക്കാനുള്ള ഓരോരോ സൂത്രപ്പണികൾ. എത്ര ഒളിപ്പിച്ചാലും ആ കഠാരയിലെ ചോര പുറത്തേക്ക് പടർന്നു നിൽക്കും.
കൊലപാതക രാഷ്ട്രീയത്തിന്റെ കുളിമുറിയിൽ പല പാർട്ടികളും നഗ്നരാണ്. അത് എല്ലാവർക്കുമറിയാവുന്ന കാര്യവുമാണ്. എന്നാൽ മുസ്‌ലിം ലീഗിന്റെ കഠാരയിലെ ചോര ഇറ്റിറ്റു വീഴുന്ന ഈ ഘട്ടത്തിൽ അങ്ങനെ വിശാലാർത്ഥത്തിൽ ചർച്ച ചെയ്യുന്നത് ലീഗിനെ രക്ഷിച്ചെടുക്കുന്നവർക്കൊപ്പം ചേരലായിപ്പോകും. ഇപ്പോഴത്തെ ശുഹൈബ്, ശുക്കൂർ വിലാപങ്ങളെ അങ്ങനെ കൂടി കാണേണ്ടിയിരിക്കുന്നു. സത്യത്തിൽ എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ് പാർട്ടി ഗ്രാമങ്ങൾ എന്ന് വിളിക്കപ്പെടുന്ന സർവാധിപത്യ കേന്ദ്രങ്ങൾ. ‘ഹരിത ഭൂമിയിലേക്ക് സ്വാഗതം’ / ‘ഇത് ചെങ്കോട്ട’/ ‘അയോധ്യ-ശിവജി നഗർ’ എന്നൊക്കെ ബാനറുകൾ ഉയർന്നു നിൽക്കുന്ന ഗ്രാമകവാടങ്ങളുണ്ട്. അവയിൽ പലതും അവകാശവാദങ്ങളാണെങ്കിൽ ചിലതെങ്കിലും അക്ഷരാർത്ഥത്തിൽ അങ്ങനെയാണ്. നിങ്ങൾക്ക് ഈ പച്ചക്കൊടി പിടിക്കാൻ സാധിക്കില്ലെങ്കിൽ ഇങ്ങോട്ട് കടക്കേണ്ടതില്ല എന്ന ഉഗ്രശാസന തന്നെയാണ് അവിടങ്ങളിൽ ഈ ബാനറിന്റെ അർത്ഥം. ഇതര ആശയഗതികൾക്ക് അവിടെ ഇടമേ ഇല്ല. മറ്റൊരു കൊടിയും അവിടെ ഉയർത്താനാകില്ല. ആരെങ്കിലും തലപൊക്കിയാൽ കഴുത്തരിഞ്ഞുകളയും. ലീഗിന്റെ പാർട്ടി ഗ്രാമങ്ങളെ ജീവകാരുണ്യത്തിന്റെയും ആത്മീയ കൂട്ടായ്മകളുടെയും ചിറകിനുള്ളിൽ ഒളിപ്പിക്കുന്നതിനാൽ അങ്ങനെയൊന്നില്ലെന്ന് തോന്നിപ്പിക്കാൻ അവർക്ക് സാധിക്കാറുണ്ട്. എട്ടിക്കുളത്ത് ഉള്ളാൾ തങ്ങൾ മറപെട്ട് കിടക്കുന്നിടത്തെ പള്ളിയിൽ ജുമുഅ തുടങ്ങാൻ നോക്കിയപ്പോൾ ഉണ്ടാക്കിയ സംഘർഷം മാത്രം പഠിച്ചാൽ ലീഗ് ഭൂരിപക്ഷ കേന്ദ്രങ്ങളിൽ നടക്കുന്ന ഫാസിസം മനസ്സിലാകും. സ്ത്രീകളെ ഇറക്കി അന്യരെ സ്പർശിച്ച് വുളു മുറിപ്പിക്കൽ സമരം വരെ നടന്നു അവിടെ.
ഒറ്റക്കുത്തിന് കൊല്ലാൻ കൈയറപ്പു തീർന്നവർ പാർട്ടികളുടെ വിലപ്പെട്ട സ്വത്താണ്. നേതാക്കളുടെ അടുപ്പക്കാരാണവർ. അപൂർവം കേസുകളിൽ മാത്രമേ ഈ വിശിഷ്ട സേനാനികൾ ജയിലിൽ പോകാറുള്ളൂ. ജയിലിൽ പോകേണ്ടവരുടെ പട്ടിക പാർട്ടി തയ്യാറാക്കിയിട്ടുണ്ടാകും. കൊന്നവർ പരിശീലനം സിദ്ധിച്ചവരാണ്. അടുത്ത ലക്ഷ്യത്തിനായി അവർ പുറത്ത് തന്നെ വേണം. അവരുടെ കാര്യങ്ങൾ മുഴുവൻ പാർട്ടി നോക്കും. കൊന്നവന്റെ കുടുംബത്തെ അവന്റെ പാർട്ടിയും മരിച്ചവന്റെ കുടുംബത്തെ അവന്റെ പാർട്ടിയും ദത്തെടുക്കും. ഒരു കൊലയാളിയെയും തള്ളിപ്പറയില്ല. കേസ് പാർട്ടി നടത്തും. രക്തസാക്ഷി മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന മുദ്രാവാക്യത്തിന് ജീവിച്ചിരിക്കുന്നവർ പകരം ചോദിക്കുമെന്ന ആക്രോശം കൂടിയുണ്ട്. കൊലപാതകത്തിന്റെ പെരുക്കം മുറിഞ്ഞു പോകില്ല. വരമ്പത്ത് കൂലിയെന്ന് നേതാക്കൾ പ്രസംഗിക്കും. അണികൾ ആവേശഭരിതരാകും. കണ്ണൂരിൽ കൊലപാതക പരമ്പരക്ക് തുടക്കം കുറിച്ചത് ദക്ഷിണ കാനറയിൽ നിന്നെത്തിയ ആർഎസ്എസുകാരാണ്. തീർച്ചയായും സിപിഎമ്മിന് പ്രതിരോധിക്കേണ്ടിവന്നു. അത് പഴയ കഥ. പ്രതിരോധം മെല്ലെ പ്രത്യാക്രമണമായി. മിക്ക പാർട്ടികളും ആയുധശേഖരണം നടത്തി. ബോംബുണ്ടാക്കി. സ്വന്തം ക്രിമിനലുകളെ വളർത്തിയെടുത്തു. അവർ പാർട്ടികളേക്കാൾ വളർന്നു. സമാധാനത്തിനായി നടക്കുന്ന ആത്മാർത്ഥ ശ്രമങ്ങളെ ഈ ക്രിമിനലുകൾ അട്ടിമറിക്കുന്ന സ്ഥിതി വന്നു. ഒരു ഘട്ടത്തിൽ ക്വട്ടേഷൻ കൊലപാതകങ്ങളിലേക്ക് പോലും രാഷ്ട്രീയ കുരുതി വഴിമാറി.
വിശാലമായ ലക്ഷ്യവും ആദർശവുമുള്ള പ്രസ്ഥാനങ്ങളായിരുന്നു ഇന്ന് കൊലവിളി നടത്തുന്ന പാർട്ടികളെല്ലാം. കോൺഗ്രസ് പ്രസ്ഥാനമായിരുന്നു, കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ഇന്ന് ഇവരെല്ലാം വെറും പാർട്ടികളായി അധഃപതിച്ചിരിക്കുന്നു. അധികാര രാഷ്ട്രീയം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. അതുകൊണ്ട് ആശയത്തെ ആശയം കൊണ്ട് നേരിടാനുള്ള ആത്മവിശ്വാസം അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അധികാര നഷ്ടം സഹിക്കാനാകാത്ത സ്ഥിതിയിലേക്ക് ഈ പാർട്ടികൾ മാറുന്നത് അതുകൊണ്ടാണ്. ഭയപ്പെടുത്തിയും അക്രമാസക്തമായ ആവേശം നിലനിർത്തിയും മാത്രമേ മുന്നോട്ട് പോകാനാകൂ എന്ന നിലയിലാണ് ഈ പാർട്ടികൾ. അധികാര രാഷ്ട്രീയത്തിന്റെ ഉപോത്പന്നമാണ് കഠാര രാഷ്ട്രീയം. ബഹുകക്ഷി സംവിധാനമാണ് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് പറയാറുണ്ട്. ഉൾപ്പാർട്ടിയിലോ പാർട്ടികൾ തമ്മിലോ ജനാധിപത്യപരമായ ബന്ധം സാധ്യമല്ലെങ്കിൽ വോട്ടെടുപ്പ് ആഘോഷങ്ങൾക്കപ്പുറം എന്ത് ജനാധിപത്യ മൂല്യമാണ് ഈ നാട്ടിലുണ്ടാവുക? ഗാന്ധിജിയെ കൊന്നവരുടെ പ്രത്യയശാസ്ത്രം വീണ്ടും വീണ്ടും അധികാരത്തിൽ വരുമ്പോൾ ഇത് എന്തുതരം ജനാധിപത്യമാണ്. ഫാസിസ്റ്റ് ഉള്ളടക്കമുള്ള പാർട്ടികളാണ് പ്രതിപക്ഷത്തുള്ളതെങ്കിൽ എങ്ങനെയാണ് ഫാസിസത്തെ നേരിടാനാവുക. അബ്ദുർഹ്‌മാൻ ഔഫിനെ കൊല്ലാതെ വിടാനുള്ള കാരുണ്യം മുസ്‌ലിം ലീഗിനില്ലെങ്കിൽ ഏത് ഫാസിസത്തോടാണ് അവർ യുദ്ധം പ്രഖ്യാപിക്കുന്നത്? സത്യവിശ്വാസിയെ കൊന്നതിനുള്ള കഠോര ശിക്ഷ ആ പാർട്ടിലെ മനുഷ്യസ്‌നേഹികളിൽ പതിക്കാതിരിക്കട്ടെ.

മുസ്തഫ പി എറയ്ക്കൽ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ