നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതിരിക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ഇസ്‌ലാമിക കര്‍മശാസ്ത്രം ഇതെല്ലാം വിശദമായി അപഗ്രഥിക്കുന്നുണ്ട്.
കാലിന്റെ മുട്ട് വളയാതിരിക്കുക, കാലിന് ബാന്‍ഡേജ് ഇട്ടതിനാലോ മറ്റോ വളക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ പ്രകടമായ ഒരു കാരണവുമില്ലാതെ ചെറിയൊരു ഊരവേദനയോ മറ്റോ മൂലം പലരും കസേരയില്‍ നിസ്കരിക്കുന്നത് പള്ളികളിലെ വ്യാപക കാഴ്ചയാണ്. റുകൂഉം സുജൂദും കൃത്യമായി നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ പോലും തക്ബീറതുല്‍ ഇഹ്റാമില്‍ നില്‍ക്കാന്‍ കഴിയുമെങ്കില്‍ നിന്ന് തന്നെ നിര്‍വഹിക്കണമെന്നാണ് നിയമം. ഇത് പലരും പാലിക്കാറില്ല.
“റുകൂഉം സുജൂദും അവയുടെ കൃത്യരൂപത്തില്‍ ചെയ്യാന്‍ കഴിയാത്തവനും നിന്നു നിര്‍വഹിക്കേണ്ടവ നിര്‍ബന്ധമായും അങ്ങനെതന്നെ ചെയ്യണം. റുകൂഉം സുജൂദും സാധ്യമാവുന്ന രൂപത്തില്‍ നിര്‍വഹിക്കുക. മുതുകും പിരടിയും തലയും കുനിച്ചുകൊണ്ട് സാധ്യമായ നിലയില്‍ ചെയ്യണം. കാരണം കഴിയാത്ത ഒന്നിന്റെ പേരില്‍ കഴിയുന്നത് ചെയ്യാതിരിക്കാനാകില്ല. റുകൂഇന് കുനിയുന്നതിനേക്കാള്‍ കൂടുതല്‍ സുജൂദിന് കുനിയണമെന്നതും ശ്രദ്ധിക്കണം’ (തുഹ്ഫ 2/22).
വളഞ്ഞ് മാത്രമേ നില്‍ക്കാന്‍ കഴിയുകയുള്ളൂവെങ്കില്‍ നിര്‍ബന്ധമായും അങ്ങനെ നില്‍ക്കണമെന്നാണ് പ്രബലാഭിപ്രായം. എന്നിട്ട് റുകൂഇന് വേണ്ടി കുറച്ചുകൂടെ കുനിയുക. അല്ലാതെ ഉടന്‍ തന്നെ കസേരകളിലേക്കോ മറ്റു ഇരുത്തങ്ങളിലേക്കോ തിരിയരുത്.
എന്നാല്‍ ശക്തമായ പ്രയാസം കൊണ്ട് നില്‍ക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കരിക്കാവുന്നതാണ്. ഇരുത്തത്തില്‍ ഏറ്റവും ശ്രേഷ്ഠം ഇഫ്തിറാശിന്‍റേത് (വലതുകാല്‍പാദം നാട്ടിയും ഇടതുകാല്‍പാദം ചെരിച്ചും വെച്ച് അതിന്മേല്‍ ഇരിക്കുക). പിന്നെ തവര്‍റുക് (നാട്ടിവെച്ച വലതു കാല്‍പാദത്തിനു താഴെ കൂടി ചെരിച്ചുവെച്ച ഇടതു കാല്‍പാദം പുറത്തേക്ക് തള്ളി നിലത്ത് ഇരിക്കുക). ചമ്രം പതിഞ്ഞിരുന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെയുമാവാം. എന്നാല്‍ കാലുകള്‍ നീട്ടിവെച്ചുകൊണ്ട് ഇരുന്ന് നിസ്കരിക്കുക, രണ്ടു ചന്തിയില്‍ ഇരുന്ന് കാല്‍ നീട്ടിവെച്ച് (നായ ഇരിക്കുന്നതുപോലെ) നിസ്കരിക്കുക എന്നിവ കറാഹത്താണ്.
ഇംറാനുബ്നു ഹുസൈന്‍(റ)ല്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസാണ് നില്‍ക്കാന്‍ കഴിയാത്തവന് എങ്ങനെ നിസ്കരിക്കാം എന്നു പഠിപ്പിക്കുന്നത്. മൂലക്കുരു കാരണം നിസ്കാരത്തില്‍ നില്‍ക്കാന്‍ പ്രയാസപ്പെട്ട അദ്ദേഹത്തോട് നബി(സ്വ) പറഞ്ഞു: നിന്നാണ് നിങ്ങള്‍ നിസ്കരിക്കേണ്ടത്. അതിന് കഴിയില്ലെങ്കില്‍ ഇരിക്കുക. അതിനും കഴിയില്ലെങ്കില്‍ കിടന്ന് നിസ്കരിക്കുക (മുഗ്നി 1/153).
ഫത്ഹുല്‍ മുഈന്‍ പറയുന്നതിങ്ങനെ: ശക്തമായ പ്രയാസം കാരണം നില്‍ക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കരിക്കാം. നില്‍ക്കുന്നത് കാരണം താങ്ങാനാവാത്ത പ്രയാസം അനുഭവപ്പെടുക, ഭക്തി കുറഞ്ഞുപോവുന്ന രൂപത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയൊക്കെ ഇരുന്ന് നിസ്കരിക്കാനുള്ള സാഹചര്യങ്ങളാണ്. നില്‍ക്കാന്‍ കഴിയാതെ ഇരിക്കുന്നവന് ഏറ്റവും ഉത്തമം ഇഫ്തിറാശിന്റെ ഇരുത്തമാണ്.
സാധാരണയില്‍ താങ്ങാന്‍ കഴിയാത്ത പ്രയാസങ്ങളാണ് ഇവിടെയൊക്കെ ഇരിക്കാന്‍ കാരണമായി പറയുന്നത്. ആ ഇരുത്തം തന്നെ മേല്‍പറഞ്ഞ രൂപത്തിലാവണം. തക്ബീറത്തുല്‍ ഇഹ്റാമിന് നില്‍ക്കാന്‍ കഴിയുന്നവര്‍ അങ്ങനെതന്നെ ചെയ്യലും നിര്‍ബന്ധമാണ്. ഇമാം മഹല്ലി(റ) പറയുന്നു: തക്ബീറത്തുല്‍ ഇഹ്റാമിന്റെ സമയത്ത് നില്‍ക്കാന്‍ കഴിയുന്നവര്‍ അതിന് വേണ്ടി നില്‍ക്കല്‍ നിര്‍ബന്ധമാണ്. റൗളയുടെയും മറ്റും അഭിപ്രായവും ഇങ്ങനെതന്നെ (1/144).
നിന്ന് നിസ്കരിക്കുന്നവര്‍ എങ്ങനെ നില്‍ക്കണമെന്നിടത്ത് തന്നെ കൃത്യമായ രൂപം പഠിപ്പിക്കുന്നുണ്ട്. മുതുക് നിവര്‍ത്തിപ്പിടിച്ച് നില്‍ക്കലാണ് നിര്‍ത്തത്തിന്റെ കൃത്യതയെന്ന് ഇമാം നവവി(റ) പറയുന്നു. “നിര്‍ത്തത്തില്‍ മുതുകെല്ല് നിവര്‍ത്തണമെന്നതാണ് പരിഗണനീയം. അപ്പോള്‍ നില്‍ക്കാന്‍ കഴിവുള്ളവന്‍ ഏതെങ്കിലുമൊരു ഭാഗത്തേക്ക് ചാഞ്ഞോ റുകൂഇന്റെ ഭാഗത്തേക്ക് കുനിഞ്ഞോ നില്‍ക്കാന്‍ പാടുള്ളതല്ല. അങ്ങനെയുള്ള നിര്‍ത്തത്തില്‍ നിസ്കാരം ശരിയാവില്ല എന്നതാണ് പ്രബലാഭിപ്രായം. എന്നാല്‍ പ്രായാധിക്യം കാരണമോ മറ്റോ മുതുകെല്ല് വളഞ്ഞ് പ്രയാസപ്പെടുന്നവര്‍ സാധ്യമാകുംവിധം നിന്നാല്‍ മതി. നിവര്‍ന്ന് നിന്ന് നിസ്കരിക്കാന്‍ കഴിയുന്നവര്‍ വടിയിലോ മറ്റോ ചാരിനിന്ന് നിസ്കരിച്ചാല്‍ പോലും നിസ്കാരം ശരിയാവില്ല എന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം’ (ശറഹുല്‍ മുഹദ്ദബ് 3/261).
ഇമാം നവവി(റ) തുടരുന്നു: നില്‍ക്കാന്‍ കഴിവുള്ളവന്‍ നിര്‍ത്തത്തിലല്ലാതെ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലിയാല്‍ നിസ്കാരം ശരിയാവില്ലെന്നാണ് അബൂമുഹമ്മദ്(റ) തബ്സ്വീറയില്‍ പറയുന്നത്. നിര്‍ത്തത്തിലല്ലാതെ അവന്റെ തക്ബീറത്തുല്‍ ഇഹ്റാമിന്റെ അല്‍പഭാഗം സംഭവിച്ചാല്‍ പോലും നിസ്കാരം ശരിയാവില്ല. തക്ബീര്‍ പൂര്‍ണമായും നിര്‍ത്തത്തില്‍ തന്നെയാവണം.
സുന്നത്ത് നിസ്കാരങ്ങളില്‍ നില്‍ക്കാന്‍ കഴിവുള്ളവന് പോലും ഇരുന്ന് ചെയ്യാം. പക്ഷേ, നിന്ന് നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിന്റെ പകുതി മാത്രമേ അവന് ലഭിക്കൂ എന്നു മാത്രം. ഹദീസില്‍ കാണാം: “ഒരാള്‍ക്ക് നിന്ന് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അതാണ് ശ്രേഷ്ഠം. ഇരുന്ന് നിസ്കരിക്കുന്നവന് നിന്ന് നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിന്റെ പകുതിയും കിടന്ന് നിസ്കരിക്കുന്നവന് ഇരുന്ന് നിസ്കരിക്കുന്നവന്റെ പ്രതിഫലത്തിന്റെ പകുതിയുമാണ് ലഭിക്കുക’ (ബുഖാരി).
ഇന്നു കാണുന്ന കസേര നിസ്കാരങ്ങള്‍ മിക്കതും മേല്‍പറഞ്ഞ അടിസ്ഥാനത്തില്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. കൃത്യമായ ഒരു കാരണവുമില്ലാതെ കസേര വലിച്ചിട്ടാണ് പലരുടെയും നിസ്കാരം. കൂടുതല്‍ സമയം നില്‍ക്കാന്‍ പ്രയാസമുള്ളവരുംനിര്‍ത്തത്തിലെ ഫര്‍ളുകള്‍ ചെയ്യേണ്ടത് നിന്നുകൊണ്ടാവണമെന്നതും പലരും പരിഗണിച്ച് കാണുന്നില്ല.
നമ്മുടെ പള്ളികളില്‍ എങ്ങനെ ഈ കസേരകളെത്തി എന്നതുതന്നെ ആശ്ചര്യകരമാണ്. അറേബ്യന്‍ നാടുകളില്‍ നിന്നായിരിക്കണം ഇതിന്റെ ഇറക്കുമതി. കസേര നിസ്കാരങ്ങളെ പൂര്‍ണമായും തള്ളുന്നില്ലെങ്കിലും ഇതിന്റെ മതകീയ മാനങ്ങള്‍ പരിഗണിക്കാനും ശ്രദ്ധിക്കാനും മറന്നുപോകരുത്. നില്‍ക്കാന്‍ കഴിയാത്തവന്‍ തന്നെ ഏറ്റവും ശ്രേഷ്ഠകരമായ മറ്റു ഇരുത്തരൂപങ്ങള്‍ കഴിയില്ലെങ്കില്‍ മാത്രമേ കസേരകള്‍ ഉപയോഗപ്പെടുത്താവൂ. കസേര നിസ്കാരത്തിലെ ഏതാനും കാര്യങ്ങളാണ് സൂചിപ്പിച്ചത്. വിവിധ ഭാഗങ്ങള്‍ അധികരിച്ചുള്ള വിശദ ചര്‍ച്ചകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്.
അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ