തിരുനബി(സ്വ)യുടെ നയവും നിലപാടും വീക്ഷണവുമൊക്കെ കാരുണ്യത്തില്‍ അധിഷ്ഠിതമായിരുന്നു. മുന്നൂറിലധികം സ്ഥലങ്ങളില്‍ കാരുണ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആനാണ് തിരുനബി(സ്വ)യുടെ മാതൃക. തിരുനബി(സ്വ)യുടെ സ്വഭാവം വിശുദ്ധ ഖുര്‍ആന്‍ തന്നെയാണെന്ന സഹധര്‍മിണി ആഇശ(റ)യുടെ പ്രസ്താവന അതിനു സാക്ഷി. അഖില ലോകര്‍ക്കും കാരുണ്യമായിട്ടല്ലാതെ നാം അങ്ങയെ നിയോഗിച്ചിട്ടില്ലെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം വിശുദ്ധ ഖുര്‍ആന്‍ (21/107) പ്രസ്താവിച്ചിട്ടുണ്ട്. മുസ്ലിംകള്ക്ക് പുറമേ ഇതര മതാനുയായികളും മനുഷ്യര്‍ക്ക് പുറമേ ഇതര ജീവികളും ഭൂലോക വാസികള്‍ക്ക് പുറമേ ഇതരലോക നിവാസികളും ജീവികള്‍ക്ക് പുറമേ അചേതന വസ്തുക്കളും അഖില ലോകരി(ആലമി)ല്‍ ഉള്‍പ്പെടുന്നു.
പ്രബോധന വീഥിയില്‍ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍ പുലര്‍ത്തേണ്ട സമീപനം പുണ്യ റസൂല്‍(സ്വ)യോടുള്ള നേരിട്ടുള്ള കല്പനയിലൂടെ വിശുദ്ധഖുര്ആന് പഠിപ്പിക്കുന്നു: ‘അങ്ങ് മാപ്പ് നല്‍കുക, നന്മകല്പിക്കുക, അങ്ങയോട് ശത്രുത പുലര്‍ത്തുന്നത് അറിവില്ലായ്മ നിമിത്തമായതിനാല്‍ അവരുടെ ശത്രുതയോ അനുബന്ധഅക്രമ പ്രവര്‍ത്തനങ്ങളോ അങ്ങ് കണക്കിലെടുക്കരുത്’ (7/199).
ഇസ്ലാംമത പ്രബോധന രംഗത്ത് തിരുനബി(സ്വ) കൈവരിച്ച നിസ്സീമവും നിസ്തുലവുമായ നേട്ടത്തിന്റെ രഹസ്യം ശത്രുത പുലര്‍ത്തിയവരോടും അക്രമിച്ചവരോടും വധശ്രമം നടത്തിയവരോടുപോലും പുലര്‍ത്തിയ കാരുണാ കടാക്ഷമായിരുന്നെന്ന് വിശുദ്ധ ഖുര്‍ആന്‍ അടിവരയിടുന്നു: ‘അല്ലാഹുവിന്റെ കാരുണ്യം നിമിത്തം അങ്ങ് അവരോട് സൗമ്യത പുലര്‍ത്തി. അങ്ങ് പരുഷ പെരുമാറ്റക്കാരനും കഠിനഹൃദയനുമായിരുന്നെങ്കില്‍ അങ്ങയുടെ സമീപത്ത് നിന്ന് അവര്‍ ഓടി അകലുമായിരുന്നു. അതിനാല്‍ അവര്‍ക്ക് മാപ്പ് നല്‍കുക. അല്ലാഹുവിനോട് അവര്‍ക്കുവേണ്ടി മാപ്പ് ചോദിക്കുകയും ചെയ്യുക’ (3/159).
തിരുനബി(സ്വ)യോട് കഠിനശത്രുത പുലര്‍ത്തുകയും റസൂല്‍(സ്വ)യെ അപകടപ്പെടുത്താന്‍ സാധ്യമായതൊക്കെ പ്രവര്‍ത്തിക്കുകയും ചെയ്ത ഒട്ടനവധി ശത്രുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവിടുന്ന് അങ്ങോട്ട് ശത്രുത പുലര്‍ത്തിയില്ല. തന്നോട് ശത്രുത പുലര്‍ത്തിയവരോടും ഇസ്ലാമിക ദര്‍ശനങ്ങള്‍ സ്വീകരിക്കാത്തവരോടും കാരുണ്യത്തിന്റെ കേദാരമായ തിരുദൂതര്‍ പകയോ വിദ്വേഷമോ പുലര്‍ത്തിയില്ല. അവരോട് സഹതപിക്കുകയായിരുന്നു അവിടുന്ന്.
ഭൂചലനം, പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ വിപത്തുകളിലൂടെ ശത്രുക്കളെ ഒന്നൊഴിയാതെ അല്ലാഹു നശിപ്പിക്കാതിരുന്നത് നബി(സ്വ)യുടെ സാന്നിധ്യം നിമിത്തമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചു: ‘അങ്ങ് അവരോടൊപ്പമുണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല’ (8/32). ‘മുഹമ്മദ് പ്രചരിപ്പിക്കുന്ന ഇസ്ലാം മതം നിന്റെ മതവും സത്യവുമാണെങ്കില് ആകാശത്തില്‍ നിന്നും ചൂട് കല്ല് വര്ഷിപ്പിച്ചോ മറ്റ് വ്യാപക കഠിന ശിക്ഷയിലൂടെയോ ഞങ്ങളെ നശിപ്പിക്കണം അല്ലാഹുവേ’ (ഖുര്‍ആന്‍ 8/32) എന്ന ഖുറൈശി തലവന്മാരില്പ്പെട്ട നള്റുബ്നുല്‍ ഹാരിസിന്റെ പ്രാര്‍ത്ഥനയ്ക്ക് മറുപടിയായിട്ടാണ് അല്ലാഹു തിരുനബി(സ്വ)യുടെ സാന്നിധ്യം ശത്രു സംഹാരശിക്ഷ ഇറക്കാന്‍ തടസ്സമാണെന്ന് പറഞ്ഞത്. ഇസ്ലാം മതം സത്യമാണെങ്കില്‍ അത് വിശ്വസിക്കാനും അനുസരിക്കാനും ഭാഗ്യം നല്‍കണേ എന്നാണ് നന്മയാഗ്രഹിക്കുന്ന നിഷ്പക്ഷമതിയായ ഏതൊരാളും പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ തിരുനബി(സ്വ)യോടുള്ള കടുത്ത വിരോധവും ശത്രുതയും നിമിത്തം ഇസ്ലാം സത്യമാണെങ്കില്‍ പോലും അത് പ്രചരിപ്പിക്കുന്നത് മുഹമ്മദ് നബി(സ്വ)യായതിനാല്‍ സത്യമതാനുയായി ആകുന്നതിനേക്കാള്‍ അല്ലാഹു കഠിന ശിക്ഷ ഇറക്കി നശിപ്പിക്കുന്നതാണ് അവര്‍ തെരഞ്ഞെടുത്തതും ഇഷ്ടപ്പെട്ടതും.
നബി(സ്വ)യോടുള്ള ശത്രുതയുടെ കാഠിന്യം കൃത്യമായി വായിച്ചെടുക്കാന്‍ പര്യാപ്തമാണീ പ്രാര്‍ത്ഥന. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ ശത്രുക്കളെ സംഹരിക്കില്ലെന്ന അല്ലാഹുവിന്റെ പ്രസ്താവനയുടെ രഹസ്യം പ്രവാചകര്‍(സ്വ)യുടെ ഒരു പ്രാര്‍ത്ഥനയാണ്. ബനൂമുആവിയ്യ മസ്ജിദില്‍ വന്ന് രണ്ട് റകഅത്ത് നിസ്കരിച്ച ശേഷം ദീര്‍ഘമായി അവിടുന്ന് ദുആ ഇരന്നു. ശേഷം സ്വഹാബികളോട് പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അവയില്‍ രണ്ടെണ്ണം സ്വീകരിക്കുകയും മുന്നാമത്തേത് തടയുകയും ചെയ്തു. കടുത്ത ക്ഷാമവും വരള്‍ച്ചയും നല്കി എന്റെ ജനതയെ നശിപ്പിക്കരുതേ എന്നായിരുന്നു ഒന്നാമത്തെ പ്രാര്‍ത്ഥന. ജലപ്രളയത്തില്‍ അവരെ മുക്കിക്കൊല്ലരുതേ എന്നായിരുന്നു രണ്ടാമത്തേത്. അവരണ്ടും സ്വീകരിച്ചു (മുസ്ലിം/2890).
ഉഹ്ദ് യുദ്ധരണാങ്കളം. ശത്രുക്കളുടെ അക്രമത്തിനിരയായ പ്രവാചകര്‍(സ്വ)യുടെ മുമ്പല്ലുകള് പൊട്ടി. തിരുമുഖത്ത് മുറിവേറ്റു. ശിരോകവചം ഛിഹ്നഭിന്നമായി. അരുമ മകള്‍ ഫാത്വിമ(റ)യും മരുമകന് അലി(റ)വും തിരുനബി(സ്വ)ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്കി. അലി(റ) നബി(സ്വ)യുടെ മുഖത്തെ മുറിവിലേക്ക് വെള്ളം അല്പാല്പമായി ഒഴിച്ചു കൊടുത്തു. ഫാത്വിമ(റ) മുറിവില്‍ നിന്നും ഒഴുകുന്ന രക്തം മൃദുലമായി കഴുകിമാറ്റി. ശേഷം രക്തം നിലയ്ക്കുന്നതിനുവേണ്ടി പായ കരിച്ച് ചാരം എടുത്ത് മുറിവില്‍ പുരട്ടി. രക്തം നിലച്ചശേഷം തിരുനബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ മുഖത്ത് മുറിവേല്‍പ്പിച്ച ശത്രുകളുടെ മേല്‍ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുകയാണ്. എന്നിട്ട് പ്രാര്‍ത്ഥിച്ചു:’അല്ലാഹുവേ, എന്റെ ജനതയ്ക്ക് നീ മാപ്പ് നല്‍കണം. അവര്‍ അറിവില്ലാത്തവരാണ് (ത്വബ്റാനി/അല്‍ മുഅ്ജമുല്‍ കബീര്‍ 5862). തന്നെ കഠിനമായി അക്രമിച്ചവരെക്കുറിച്ച് ‘എന്റെ ജനത’ എന്ന തിരുനബി(സ്വ)യുടെ പ്രയോഗം വളരെ ഹൃദയസ്പൃക്കാണ്.
പിതൃവ്യന് അബൂത്വാലിബിന്റെ മരണാനന്തരം മക്കയിലെ ശത്രുക്കള്‍ തിരുനബി(സ്വ)യെ വളരെയധികം അക്രമിച്ചു. അഭയം ലക്ഷ്യം വെച്ച് ത്വാഇഫിലെ സഖീഫ് ഗോത്രത്തലവന്മാരെ സമീപിച്ചു. തിരുനബി(സ്വ)യുടെ അഭയാഭ്യാര്ത്ഥന തിരസ്കരിച്ച അവര്‍ പ്രവാചകരെ പരിഹസിക്കുകയും നിഷേധിക്കുകയും നിസ്സഹകരണം പ്രഖ്യപിക്കുകയും ചെയ്തു. തിരിഞ്ഞ് നടന്ന നബി(സ്വ)യെ അക്രമിക്കുന്നതിനായി അങ്ങാടിപ്പിള്ളേരെയും പോക്കിരികളെയും ഇളക്കിവിട്ടു. അവര്‍ തിരുദൂതരുടെ ചുറ്റും കൂടി കൂവിവിളിച്ചു. തെറിയഭിഷേകം നടത്തി. ഓരോ ചവിട്ടടി മുന്നോട്ട് വെക്കുമ്പോഴും കല്ല് വലിച്ചെറിഞ്ഞു. പാദം പൊട്ടി രക്തം ഒലിച്ചിറങ്ങി. കഠിനവേദന നിമിത്തം നടക്കാനാകാതെ നിലത്തിരുന്ന പ്രവാചകരെ അവര്‍ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട് വീണ്ടും കാലില്‍ കല്ലെറിഞ്ഞു. വളരെ അകലെയുള്ള ഒരു മുന്തിരിത്തോട്ടത്തില്‍ കയറി നബി(സ്വ) അഭയം പ്രാപിക്കുന്നതുവരെ അവര്‍ ഈ രീതിയില്‍ പിന്തുടര്ന്നു ആക്രമിച്ചുകൊണ്ടിരുന്നു. ഖുറൈശി ഗോത്രത്തലവന്മാരും തിരുനബി(സ്വ) യുടെ കഠിനശത്രുക്കളുമായ ഉത്ത്ബത്ത്, ശൈബത്ത് എന്നിവരുടേതായിരുന്നു പ്രസ്തുത തോട്ടം. അവര്‍ ഇരുവരും തോട്ടത്തില്‍ നിന്ന് ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബദ്ധവൈരികളായിരുന്നിട്ടും തിരുനബി(സ്വ)യുടെ ദയനീയാവസ്ഥ അവരുടെ കരളലിയിച്ചു. ഒരു കുല മുന്തിരി പറിച്ച് ഒരു പാത്രത്തില്‍ നബി(സ്വ)ക്ക് നല്കാന് അവര്‍ അടിമയായ അദ്ദാസിനോട് കല്പിച്ചു (സുഹൈലി/അല്റൗളുല് ഉനുഫ് 2/230231).
ഒരിക്കല്‍ പ്രിയപത്നി ആഇശ(റ) തിരുദൂതരോട് ആരാഞ്ഞു: ഉഹ്ദ് രണാങ്കണത്തില്‍ അങ്ങേക്ക് ഏല്ക്കേണ്ടിവന്നതിനേക്കാള് കഠിനമായ അക്രമം ശത്രുക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ടോ?
അവിടുന്ന് പറഞ്ഞു: ‘അതേ, സഖീഫ് ഗോത്രത്തലവനായ ഇബ്നു അബ്ദിയാലീലിനോടും മറ്റും അഭയം ചോദിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പീഡനത്തിന് വിധേയമായ ദിവസമായിരുന്നു. തകര്‍ന്ന മനസ്സുമായി അവിടെ നിന്നും മടങ്ങി. ഖര്‍നുസ്സആലിബ് എന്ന സ്ഥലത്തെത്തിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ എനിക്ക് ആശ്വാസമായത്. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു മേഘക്കൂട്ടം എനിക്ക് തണലിനായി നിഴലിട്ടിരിക്കുന്നു. മേഘത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ അതില്‍ ജിബ്രീല്‍(അ) ഉണ്ട്. ഉടന്‍ ജിബ്രീല്‍(അ) എന്നെ വിളിച്ച് പറഞ്ഞു: ‘അങ്ങയുടെ ജനത ചെയ്ത അതിക്രമങ്ങള്‍, അവരുടെ മറുപടി എന്നിവയ്ക്കൊക്കെ അല്ലാഹു സാക്ഷിയാണ്. അതിനാല്‍ മലകളുടെ സംരക്ഷണ ചുമതലയുള്ള മാലാഖയെ അല്ലാഹു അങ്ങയുടെ സമീപത്തേക്ക് അയച്ചിട്ടുണ്ട്. അങ്ങയോട് ഇത്രയും കഠിനവും ക്രൂരവുമായി പെരുമാറിയ ജനതയെ അങ്ങ് കല്പിക്കുന്ന രീതിയില്‍ ശിക്ഷിക്കുന്നതിനായാണ് പ്രസ്തുത മലക്കിനെ അയച്ചിട്ടുള്ളത്.’
ശേഷം പ്രസ്തുത മാലാഖ എന്നെ വിളിച്ച് സലാം പറഞ്ഞ് ചോദിച്ചു: ‘അങ്ങ് എന്താണോ ഇഛിക്കുന്നത് ഞാനത് ചെയ്യാം. അങ്ങ് സമ്മതിക്കുകയാണെങ്കില്‍ മക്കയുടെ ഇരുവശങ്ങളിലായുള്ള രണ്ട് ഭീമന് പര്‍വതങ്ങള്‍ അവരുടെ മേല്‍ മറിച്ചിട്ട് ഒന്നടങ്കം അവരെ നശിപ്പിച്ചുകളയാം.’ തിരുനബി(സ്വ)പറഞ്ഞു: ‘അരുത്, അവരെ ശിക്ഷിക്കരുത്. മറിച്ച്, അവരുടെ സന്താന പരമ്പരയില്‍ ആരെങ്കിലും ഒരാള്‍ ഏകദൈവവിശ്വാസിയാകുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത് (ബുഖാരി/321).
ഒരിക്കല്‍ ആയുധധാരികളായ എണ്‍പതോളം ഖുറൈശി പടയാളികള്‍ തന്‍ഈം പര്‍വതത്തിന്റെ ഭാഗത്ത് കൂടെ ഇറങ്ങിവന്നു. നബി(സ്വ)യെയും അനുയായികളെയും ചതിച്ചുകൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അവരെക്കുറിച്ച് തിരുനബി(സ്വ)ക്ക് വിവരം ലഭിച്ചതിനാല്‍ ഏറ്റുമുട്ടല്‍ ഇല്ലാതെ തന്നെ അവരെ മുസ്ലിം സൈന്യം കീഴടക്കി പ്രവാചകസമക്ഷത്തില് ഹാജരാക്കി. തിരുനബി(സ്വ) അവരെ പൊതുമാപ്പ് നല്കി വിട്ടയച്ചു (മുസ്ലിം/1808).
മറ്റൊരിക്കല്‍ തിരുനബി(സ്വ)യും സ്വഹാബത്തും ഖുര്‍ആന്‍ വിശേഷിപ്പിച്ച ഹുദൈബിയ്യയിലെ മരച്ചുവട്ടില്‍ ഇരിക്കുകയാണ്. റസൂല്‍(സ്വ)യുടെ സവിധത്തില്‍ വെച്ച് അലിയ്യ്(റ) ഹുദൈബിയ്യ സന്ധിയുടെ കരട് രൂപരേഖ തയ്യാറാക്കുകയാണ്. പൊടുന്നനെ മുപ്പതോളം ആയുധധാരികളായ യുവപോരാളികള്‍ അവര്‍ക്ക് നേരെ ചാടിവീണു. ഉടന്‍ നബി(സ്വ) അവരുടെ അക്രമത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അല്ലാഹുവിനോട് ദുആ ചെയ്തു. ശത്രുപോരാളികള്ക്ക് കണ്ണ് കാണാതെയായി. മുസ്ലിംകള് അവരെ തടവുകരായി പിടികൂടി. തിരുനബി(സ്വ) അവരോട് ചോദിച്ചു: ‘നിങ്ങള്‍ ഉഭയകക്ഷി കരാര്‍ അനുസരിച്ചോ മുസ്ലിംകള് നല്കിയ സുരക്ഷിതത്വം അനുസരിച്ചോ വന്നവരാണോ? അവര്‍ പറഞ്ഞു: അല്ലാഹു സാക്ഷി. ഞങ്ങള്‍ അങ്ങനെ വന്നവരല്ല. (ശത്രുതയനുസരിച്ച് റസൂലിനെയും അനുയായികളെയും വധിക്കാന്‍ വന്നവരാണ്). എന്നിട്ടും നബി(സ്വ) അവരെ നിരുപാധികം വിട്ടയച്ചു (തഫ്സീറുല്‍ ഖാസിന് 6/203).
എഴുപതോ എണ്‍പതോ ഖുറൈശി ശത്രുക്കള്‍ മുസ്ലിംകളെ നാല് ഭാഗത്ത് നിന്നും വളഞ്ഞ് വധിക്കാന്‍ ശ്രമം നടത്തി. ഹുദൈബിയ്യ ഉടമ്പടി ചെയ്യുന്നതിനായി ഇരുകക്ഷികളുടെയും പ്രതിനിധികള്‍ ശ്രമിക്കുന്ന വേളയിലായിരുന്നു ഇത്. ശത്രുക്കളുടെ ആസൂത്രണത്തെകുറിച്ച് രഹസ്യ വിവരം ലഭിച്ച മുസ്ലിംകള് അവരെ പിടികൂടി. നബി(സ്വ)അവരെ നിരുപാധികം മാപ്പ് നല്കി വിട്ടയച്ചു. അവര്‍ മോചിതര്‍ (ഉതഖാഅ്)എന്ന് അറിയപ്പെടുന്നു (തഫ്സീറുല്‍ ഖുര്‍ത്വുബി16/281). ഉംറ നിര്‍വഹിക്കാനായി വിശുദ്ധ മക്കയിലെത്തിയ നബി(സ്വ)യോടൊപ്പമുണ്ടായിരുന്ന അനുയായികളില്‍ ചിലര്‍ ഏതാനും ശത്രുക്കളെ പിടികൂടി. പക്ഷേ, നബി(സ്വ) അവരെ നിരുപാധികം വിട്ടയച്ചു (ശയശറ). പ്രവാചകാനുചരന്മാരില് പെട്ട സനീം(റ)വിനെ ഹുദൈബിയ്യ മലമടക്കുകള്‍ വെച്ച് ശത്രുക്കള്‍ അന്പെയ്തു വധിച്ചു. വിവരമറിഞ്ഞ അവിടുന്ന് ഒരു കുതിര പടയാളി സംഘത്തെ അയച്ചു. അവര്‍ പന്ത്രണ്ട് അക്രമികളെ തടവിലാക്കി തിരുസവിധത്തില്‍ ഹാജരാക്കി. നബി(സ്വ) ആരാഞ്ഞു: ഞാനും നിങ്ങളുമായി നിരാക്രമണ കരാര്‍ നിലവിലുണ്ടോ? ഇല്ലെന്ന് അവര്‍ മറിപടി പറഞ്ഞു (അവര്‍ കഠിന ശത്രുകള്‍ തന്നെയാണ്). എന്നിട്ടും നബി(സ്വ) അവര്‍ക്ക് മാപ്പ് നല്ക്കി വിട്ടയച്ചു (ശയശറ).
ശത്രു പീധനത്തിന്റെ കാഠിന്യത്താല്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ട നബി(സ്വ) അല്ലാഹു നല്കിയ നിര്‍ദേശമനുസരിച്ച് മദീനയിലേക്ക് പലായനം ചെയ്തു. ചുരുങ്ങിയ കാലയളവിന് ശേഷം സ്വദേശമായ വിശുദ്ധ മക്കയിലേക്ക് തിരിച്ച് വന്ന് മക്കാവിജയത്തിലൂടെ ശത്രുക്കളെ അതിജയിച്ച തിരുനബി(സ്വ) വര്‍ണനാതീതമായ അക്രമങ്ങള്‍ നടത്തിയിരുന്ന കൊടിയ ശത്രുക്കളോട് കൈകൊണ്ട നിലപാടുകള്‍ അവിടുത്തെ കരുണാകടാക്ഷത്തിന്റെ മകുടോദാഹരണങ്ങളാണ്. ഒരുകാലത്ത് ശത്രുക്കളുടെ തലവനും പിന്നീട് ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്ത അബൂസുഫ്യാന്(റ) അബ്ബാസ് (റ) വിന്റെ അഭയം സ്വീകരിച്ച് തിരുസന്നിധിയില്‍ ഹാജരായപ്പോള്‍ തിരുനബി(സ്വ)യുടെ ദീര്‍ഘകാല ജീവിതത്തിലെ പൊതുമാപ്പിനെകുറിച്ചാണ് വാചാലനായതും ആശ്ചര്യഭരിതനായതും. ‘ഞാനും എന്റെ മതാപിതാക്കളും അങ്ങേക്ക് ദണ്ഡമാണ് പ്രവാചകരേ, അങ്ങയുടെ സഹനം അത്ഭുതകരമാണ്. അങ്ങയുടെ ഔദാര്യം അതിമഹത്താണ്. അങ്ങയുടെ പൊതുമാപ്പ് അതിശ്രേഷ്ഠവും (ഇബ്നു അസാകിര്‍ 23/ 450).
മക്കാവിജയത്തോടനുബന്ധിച്ച് കൂട്ട നരഹത്യക്കും ശത്രുസംഹാരത്തിനും തിരുനബി(സ്വ) നേതൃത്വം നല്‍കുമെന്നാണ് പലരും ധരിച്ചത്. ഉമര്‍(റ) അബൂസുഫ്യാന്റെ കഥകഴിക്കാന്‍ നബി(സ്വ)യോട് അനുമതി തേടുകയും ചെയ്തു. മറ്റ് പലരും പല അക്രമികളെയും വകവരുത്താന്‍ നബി(സ്വ)യുടെ ആജ്ഞ പ്രതീക്ഷിക്കുകയായിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. അബൂസുഫ്യാന് അഭയം കൊടുത്ത അവിടുന്ന് അദ്ദേഹദ്തിന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു: ‘അബൂസുഫ്യാന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ സുരക്ഷിതരാണ്. ആയുധം വെച്ചവരും സുരക്ഷിതരാണ്. സ്വന്തം വീടിന്റെ വാതില്‍ അടച്ചവരും സുരക്ഷിതരാണ്’ (മുസ്ലിം/1780). മുസ്ലിംകളെ അരച്ചു കുടിക്കാന്‍ മാത്രം വ്യൈം ഉള്ളിലൊതുക്കിയ ശത്രുക്കള്‍ക്കാണ് ഈ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.
മക്കാവിജയത്തിന്റെ മുന്നോടിയായി തിരുദൂതരും അനുയായികളും മര്റുദ്ദഹ്റാന് എന്ന സ്ഥലത്ത് തമ്പടിച്ച ശേഷം ഒാരോ സൈനിക തലവന്മാരുടെ നേതൃത്വത്തില്‍ സംഘങ്ങളായി വിശുദ്ധമക്കയിലേക്ക് പ്രവേശിക്കുകയാണ്. അബ്ബാസ്(റ) അബൂസുഫ്യാനെ ഹത്വ്മുല് ഖൈയ്ല് എന്ന സ്ഥലത്ത് നിര്‍ത്തി മുസ്ലിംകളുടെ പടുകൂറ്റന്‍ പ്രകടനം കാണിച്ചു കൊടുക്കുകയാണ്. ഏകദേശം അവസാനമായി സഅ്ദ്ബ്നു ഉബാദത്ത്(റ)വിന്റെ നേതൃത്വത്തില്‍ അന്‍സ്വാരികളുടെ സംഘം അബൂസുഫ്യാന്റെ സമീപത്ത് എത്തിയപ്പോള്‍ സഅ്ദ്(റ) അബൂസുഫ്യാനോട് പറഞ്ഞു: ‘ഇന്ന് കൂട്ടക്കൊലയുടെ ദിവസമാണ്. കൊലപാതകം നിഷിദ്ധമായ മക്കയില്‍ ഇന്ന് കൊലപാതകം അനുവദിക്കപ്പെടുന്ന ദിവസവുമാണ്. ശത്രുക്കളായ ഖുറൈശികളെ നിന്ദിക്കുന്ന ദിവസവുമാണ്’. ഇത് കേട്ട അബൂസുഫ്യാന് പറഞ്ഞു: ‘ഒരു പക്ഷേ വ്യാപക നാശത്തിന്റെ ദിവസമായിരിക്കും’.
പിന്നീടാണ് റസൂല്‍(സ്വ) അടങ്ങുന്ന സംഘം കടന്നുവരുന്നത്. സുബൈറുബ്നുല്അവ്വാം(റ)വാണ് പതാക വഹിക്കുന്നത്. നബി(സ്വ) അബൂസുഫ്യാന്റെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു: സഅ്ദ് പറഞ്ഞത് അങ്ങയുടെ അറിവോട് കൂടിയാണോ? എന്താണ് സഅ്ദ് പറഞ്ഞതെന്ന് നബി(സ്വ)അന്വേഷിച്ചു. സഅ്്ദ്(റ)വിന്റെ വാക്കുകള്‍ വിശദീകരിച്ച അബൂസുഫ്യാനോട് പ്രവാചകര്‍(സ്വ) പറഞ്ഞു: ‘അത് ശരിയല്ല. ഇന്ന് കാരുണ്യത്തിന്റെയും പൊതുമാപ്പിന്റെയും ദിവസമാണ്. ഇന്ന് അല്ലാഹു വിശുദ്ധ കഅ്ബാലയത്തെ ആദരിക്കുന്ന ദിവസവുമാണ്. ഖുറൈശികള്‍ക്ക് അഭിമാനമാകുന്ന ദിവസമാണ്.’
പ്രസ്തുത സംസാരത്തിന്റെ പേരില്‍ സഅ്ദ് (റ)വിനെ അന്‍സ്വാരി നേതൃത്വത്തില്‍ നിന്നും മാറ്റുകയും പതാക അദ്ദേഹത്തിന്റെ മകന് കൂടിയായ ഖയ്സ്(റ)വിനെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു (ബുഖാരി/4280, ഇബ്നു അസാകിര്‍ 23/450).
ഹദീസ്പാഠം/എഎ ഹകീം സഅദി