സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. കൂടുമ്പോൾ ഇമ്പം ലഭിക്കുന്നത് എന്നാണ് കുടുംബത്തിന് നൽകാവുന്ന അർത്ഥമെന്നു പറയാറുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്ചയും സന്തോഷവും കുളിർമയും ഉണ്ടാക്കിത്തീർക്കുമ്പോഴാണ് കുടുംബം യഥാർത്ഥത്തിൽ സമ്പൂർണമാകുക.

സമകാലത്ത് കുടുംബത്തിന്റെ മഹിമയും മേന്മയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഛിദ്രതയുടെ ശബ്ദകോലാഹലങ്ങളാണ് കുടുംബങ്ങളുടെ അകത്തളങ്ങളിൽ നിന്നു മുഴങ്ങുന്നത്. കുടുംബം ശിഥിലമാകുന്നതിന്റെ കണക്കുകൾ വർധിച്ചപ്പോഴാണ് യുഎൻഒ ചില പ്രഖ്യാപനങ്ങൾ നടത്തിയത്. 1993 സപ്തംബർ 15-ന് ചേർന്ന ഐക്യരാഷ്ട്ര സഭാംഗങ്ങളുടെ ഔദ്യോഗിക കൂടിക്കാഴ്ചയിൽ മെയ് 20 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ചു. മൂല്യം ചോർന്ന് പോകുന്ന കുടുംബ വ്യവസ്ഥയുടെ പ്രാധാന്യം ലോകത്തെ ഓർമിപ്പിക്കാനാണ് യുഎൻഒ ശ്രമിക്കുന്നത്.

മുസ്‌ലിം സമുദായത്തിന്റെ ഹൃദയമാണ് കുടുംബം. വൈയക്തിക ജീവിതത്തിന്റെ നാനാതലങ്ങളെ പരിപോഷിപ്പിച്ചെടുക്കാനുള്ള കർമ മണ്ഡലമാണ് കുടുംബ ജീവിതം. ജീവിത സമ്പർക്കങ്ങൾ മുഖ്യമായും കെട്ടിപ്പിണഞ്ഞിരിക്കുന്നത് കുടുംബവുമായാണ്. കുടുംബം ഒരു വ്യക്തിയുടെ ജീവിതത്തെ പല രീതികളിൽ സമീപിക്കുന്നതിനാൽ തന്നെ ഇസ്‌ലാം കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്.

കുടുംബജീവിത മനഃശാസ്ത്രം

സാമൂഹ്യ ജീവിയായ മനുഷ്യന് ഇതരരുമായുള്ള സമ്പർക്കം കൂടാതെ ജീവിക്കാനാകില്ല. പ്രകൃതിയിലെ ജീവജാലങ്ങൾ ആവാസ വ്യവസ്ഥയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതു പോലെ, മനുഷ്യ ജീവിതത്തിലെ പ്രായോഗിക മുന്നേറ്റത്തിന് ഇണ-തുണ ബന്ധം ആവശ്യമാണ്. ഇണയും തുണയുമായിട്ടല്ലാതെയുള്ള ലൈംഗിക ജീവനം പ്രകൃതി വിരുദ്ധവും പല സാമൂഹിക വിപത്തുകൾ വിളിച്ചുവരുത്തുന്നതുമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഒരു ഇണയുടെ സാന്നിധ്യം വേണം.

സ്രഷ്ടാവ് കനിഞ്ഞേകിയ അനുഗ്രഹങ്ങൾ എണ്ണിപ്പറയുന്നിടത്ത് ഇണ-തുണ ബന്ധത്തിന്റെ മഹിമ വിവരിക്കുന്നതിപ്രകാരം: ‘സമാധാനപരമായ ഒത്തുചേരലിന് നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കരുണയും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്’ (സൂറതു റൂം/21). ഇണ-തുണ ബന്ധത്തിലെ മാധുര്യം വിവരിക്കുന്ന ഖുർആൻ കുടുംബ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണമെന്നും വിവരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇസ്‌ലാമേതര മതങ്ങൾ പവിത്രമായി കാണുന്ന ബ്രഹ്മചര്യം, കന്യാസ്ത്രീത്വം, പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ഇസ്‌ലാം അനുകൂല നിലപാട് സ്വീകരിക്കാത്തത്.

കുടുംബത്തിലെ അംഗങ്ങൾക്ക് പരസ്പരം ഏറെ ബാധ്യതകളുണ്ട്. ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും മാതാപിതാക്കൾ സന്താനങ്ങളോടും സന്താനങ്ങൾ മാതാപിതാക്കളോടും കടപ്പെട്ടിരിക്കുന്നു. ഓരോ വിഭാഗവും കാര്യനിർവഹണത്തിൽ സമ്പൂർണത കൈവരിക്കുമ്പോഴാണ് കടപ്പാടുകൾ പരിപൂർണമായി പൂർത്തീകരിക്കാനാവുക. കൃത്യവിലോപങ്ങളിൽ രസം കണ്ടെത്തുന്നവർക്ക് കടപ്പാടുകളെയും കടമകളെയും പൂർത്തീകരിക്കാൻ കഴിയില്ല.

ഭാര്യാഭർതൃ ബന്ധം

ഇണകൾ പരസ്പരം ഉടയാടകളാണ്. വിശുദ്ധ ഖുർആൻ ഇണയെ ഉടയാടയോടാണ് ഉപമിച്ചത്. ഇണകൾ തമ്മിൽ സ്‌നേഹത്തിലും സൗഹാർദത്തിലും വർത്തിക്കണം. ഛിദ്രതയുടെയും ശൈഥില്യത്തിന്റെയും ഘട്ടങ്ങൾ വരുന്നതിനെ തൊട്ട് ശ്രദ്ധിക്കണം. പൊതുമണ്ഡലങ്ങളിൽ സ്‌നേഹവാത്സല്യ പ്രകടനങ്ങൾ നടത്തി ജീവിക്കുന്ന പലരും വീട്ടകങ്ങളിൽ ഈ കാഴ്ചപ്പാട് വെച്ച് പുലർത്തുന്നില്ലെന്നത് ഖേദകരമാണ്. സമൂഹമധ്യേ പകൽ മാന്യരായി ജീവിക്കുന്ന എത്രയാളുകളാണ് വീടിന്റെ അകത്തളങ്ങളിൽ ക്രൂരമായി പെരുമാറുന്നത്!

പ്രവാചകർ(സ്വ) പറഞ്ഞു: നിങ്ങളിൽ ഉത്തമർ സ്വന്തം ഭാര്യമാരെ ഉത്കൃഷ്ട സ്വഭാവത്തിൽ സമീപിക്കുന്നവരാണ്. ഞാൻ അത്തരക്കാരിൽ പെട്ടവനാകുന്നു (തിർമുദി).

ഉത്കൃഷ്ട മാതൃകകളുടെ നിറകുടമായ പ്രവാചകർ(സ്വ) ഭാര്യമാരോട് ഉത്തമരീതിയിലാണ് പെരുമാറിയിരുന്നത്. വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റും ഭാര്യമാരെ സഹായിച്ച തിരുനബി(സ്വ) അവരോടൊപ്പം തമാശയിലേർപ്പെടാനും സന്തോഷിപ്പിക്കാനും വീട്ടുകാര്യങ്ങളിൽ ഒപ്പം നിൽക്കാനും സമയം കണ്ടെത്തി.

ഭാര്യമാർ ഭർത്താക്കന്മാരോട് നല്ല രീതിയിൽ പെരുമാറണം. കുടുംബം പോറ്റാൻ വേണ്ടി പ്രയാസപ്പെടുന്ന ഭർത്താവിന് ആശ്വാസമേകുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. വിശ്വാസികളുടെ ഉമ്മയായ ബീവി ഖദീജ(റ) ലോകർക്ക് മുമ്പിൽ മാതൃകകൾ സമ്മാനിച്ചിട്ടുണ്ട്. പ്രവാചക ലബ്ധിയുടെ പ്രാരംഭദശയിൽ ഹിറാഗുഹയിൽ വെച്ച് ജിബ്‌രീൽ(അ) നബിയെ സമീപിച്ച രീതി സുവിദിതമാണ്. മഹോന്നതമായൊരു പദവി നൽകി പ്രവാചകനെ അല്ലാഹു സ്വീകരിച്ചപ്പോൾ ബീവി ഖദീജ(റ) പകർന്ന സമാശ്വാസത്തിന്റെ വാക്കുകൾ മഹത്തരം: ‘അങ്ങ് നിരാശപ്പെടേണ്ടതില്ല. സർവശക്തൻ അങ്ങയോട് കൂടെയാണ്. നിങ്ങൾ കുടുംബ ബന്ധം ചേർക്കുന്നവരും ദുർബലരെ സഹായിക്കുന്നവരും നിരാലംബർക്ക് വേണ്ടി പ്രവർത്തിക്കുന്നവരും അതിഥികൾക്ക് കുളിർമയേകുന്നവരുമാണ്’ (ബുഖാരി/3).

ഭർത്താക്കന്മാരോട് നന്ദികേട് കാണിക്കുന്നവരായി സ്ത്രീകൾ മാറരുത്. മിഅ്‌റാജ് യാത്രയിൽ നരകത്തിൽ അധികവും സ്ത്രീകളെ കണ്ട് തിരുനബി(സ്വ) കാരണമന്വേഷിച്ചു. അവരിൽ സിംഹ ഭാഗവും ഭർത്താക്കന്മാരോട് നന്ദികേട് കാണിച്ചവരാണെന്നായിരുന്നു മറുപടി കിട്ടിയത്.

ശിഥിലമാകുന്ന ബന്ധങ്ങൾ

ബന്ധങ്ങളെല്ലാം ബന്ധനങ്ങളായി മാറുകയാണിന്ന്. കേരള ഹൈകോടതി പുറത്തുവിട്ട കണക്ക് പ്രകാരം 1,96,000 വിവാഹമോചന കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവാഹ മോചനങ്ങളും കുടുംബ തർക്കങ്ങളും മുൻ വർഷങ്ങളേക്കാൾ ഇരട്ടിയായാണ് വർധിച്ചത്. കോടതി മുറികളിൽ തദ്വിഷയങ്ങൾക്ക് വേണ്ടി കയറിയിറങ്ങുന്നവർ അനവധിയാണ്. 2005-ൽ 8456 കുടുംബ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിൽ 2011-ൽ 44982 ആയി വർധിച്ചു. കുടുംബ പ്രശ്‌ന പരിഹാരങ്ങൾക്ക് വേണ്ടി കുടുംബ കോടതികളിലും മറ്റും കയറിയിറങ്ങിയ ഇന്ത്യക്കാർ 23.43 ലക്ഷം വരുമെങ്കിൽ, അതിൽ എട്ടു ശതമാനവും കേരളത്തിൽ നിന്നുള്ളവരാണ്.

സാമൂഹിക പ്രശ്‌നങ്ങളെ ഇല്ലാതെയാക്കാൻ ആധുനിക വിദ്യാഭ്യാസത്തിന് സാധിക്കുന്നില്ലെന്നതാണ് സത്യം. സാമൂഹിക ശാസ്ത്രജ്ഞരുടെ ഭാഷയിൽ കുടുംബ പ്രശ്‌നങ്ങളും വിവാഹ മോചനവും കൂടുതലായി സംഭവിക്കുന്നത് വിദ്യാ സമ്പന്നരിലാണ്. സാക്ഷരതാ നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്ന തെക്കൻ കേരളത്തിൽ ഈ സാമൂഹിക വിപത്ത് കൂടുതലായി കാണപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴും കുടുംബത്തിൽ ചെയ്ത് തീർക്കേണ്ട കർത്തവ്യങ്ങളെ കുറിച്ച് ചിന്തിക്കാൻ ഇവർക്ക് സമയം ലഭിക്കുന്നില്ലത്രെ.

മസ്‌ക്കറ്റിലെ ഖാബൂസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് കുടുംബ ശൈഥില്യത്തിനുള്ള മുഖ്യ കാരണം സോഷ്യൽ മീഡിയയോടുള്ള പുതുതലമുറയുടെ അമിതാഭിനിവേശമാണ്. ഇന്റർനെറ്റ് ഉപയോഗത്തിൽ അമിത താൽപര്യം കാണിക്കുന്നവർ സാമൂഹിക ബാധ്യതകളെ കുറിച്ച് അശ്രദ്ധരാകുന്നു. അടുത്തിരിക്കുന്നവനോട് സംവദിക്കാതെ സ്മാർട്ട് ഫോണിനെ സമീപിക്കുന്ന തലമുറയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുക്കുമെന്നതിൽ തർക്കമില്ല.

കേരള ഹൈകോടതി ജഡിജിയായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവിയുടെ അഭിപ്രായത്തിൽ കുടുംബ ശൈഥില്യത്തിന്റെ പ്രധാന കാരണം മദ്യപാനമാണ്. 2014-ൽ സംസ്ഥാനത്തെ കുടുംബ കോടതികളിൽ വന്ന 36,000 കേസുകളും മദ്യപാനാനന്തരം ഉടലെടുത്തതാണ്. മദ്യപിച്ച് വീട്ടിലേക്ക് കടന്നുവരുന്നവന് വീട്ടിലുള്ളത് ആരൊക്കെയെന്ന് തിരിച്ചറിയാനാവുന്നില്ല. ഭാര്യയും മാതാവും സഹോദരിയും മകളും ഇവർക്ക് തുല്യരാണ്. ചില മനോരോഗ വിദഗ്ധരുടെ നിരീക്ഷണത്തിൽ മദ്യപാനികളിൽ നൂറിൽ പതിനെട്ടു പേരും വ്യത്യസ്ത രീതിയിലുള്ള മനോരോഗങ്ങൾക്ക് അടിമപ്പെട്ടവരാണ്.

കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ മുന്നേറാൻ ഏറെ ശ്രദ്ധയാവശ്യമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോൾ തളരാതെ തരണം ചെയ്യണം. കുടുംബ ബന്ധം മുറിക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്നാണ് പ്രവാചകാധ്യാപനം. വിച്ഛേദിക്കപ്പെട്ട ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നവന് സ്രഷ്ടാവിന്റെയടുക്കൽ പ്രതിഫലമുണ്ട്. നബി(സ്വ) മദീനയിൽ പ്രവേശിച്ച് ആദ്യമായി നടത്തിയ ഉപദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു കുടുംബ ബന്ധം ചേർക്കുക എന്നത്.

കുടുംബ ബന്ധങ്ങളിലൂടെയാണ് യഥാർത്ഥ ജീവിത സന്തോഷം സാക്ഷാത്കരിക്കാനാവുക. മനുഷ്യന്റെ ശാരീരിക മാനസിക ആനന്ദത്തിനെല്ലാം ഇത് കാരണമായിത്തീരുന്നു. അന്താരാഷ്ട്ര കുടുംബ ദിനാചരണം ഇക്കാര്യങ്ങൾ ഓർക്കാൻ കൂടിയുള്ള അവസരമാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ