പലവിധ സമ്മർദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കൾ തയ്യാറാകുമ്പോഴാണ് അവരിൽ നിന്നും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തിരിച്ച് ലഭിക്കുകയുള്ളു.പഠന കാര്യങ്ങളെക്കുറിച്ചു മാത്രം അറിയുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾ നമുക്കിടയിലുണ്ട്. എന്നാൽ കുട്ടികളുടെ താൽപര്യങ്ങളും അവർ കടന്നുപോകുന്ന വളർച്ചാഘട്ടവും അടുത്തറിയാൻ ഇവർ ശ്രദ്ധിക്കണം. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനു കാരണം അന്വേഷിക്കണം. മറ്റു കുട്ടികളുമായോ അധ്യാപകരുമായോ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് സ്നേഹത്തോടെ ചോദിച്ചറിയണം. കുട്ടിയുടെ മനസ്സിനെ അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ സമാധാനിപ്പിക്കുക.സന്തോഷകരമായ അന്തരീക്ഷം കുടുംബത്തിൽ രൂപപ്പെടുത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. തങ്ങൾക്കു വേണ്ട സ്നേഹവും സുരക്ഷിതത്വവും വീടുകളിൽ നിന്നും ലഭിക്കുന്നുവെന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാകണം. മാതാപിതാക്കൾ കുട്ടികൾക്കു താങ്ങും തണലും മാർഗനിർദേശികളുമായിരിക്കണം. കുട്ടികൾക്കുവേണ്ട വാത്സല്യം നൽകിയതുകൊണ്ടു മാത്രം അവർ തൃപ്തരാകില്ല. കുടുംബത്തിൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം കുടുംബാന്തരീക്ഷത്തിലെ പ്രധാന ഘടകമാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരചേർച്ചയില്ലെങ്കിൽ അതു കുട്ടികളുടെ സ്വഭാവത്തെ ബാധിക്കും. തകർന്ന കുടുംബ പശ്ചാത്തലമുള്ള കുട്ടികൾക്ക് പല സ്വഭാവ വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
വീടുകളിൽ മാതാപിതാക്കൾ കുട്ടികൾക്കു നൽകുന്ന സ്നേഹവും പരിഗണനയുമാണ് അവർക്കു കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം. മാതാപിതാക്കൾ മക്കളുടെ കൂട്ടുകാരായിരിക്കാൻ ശ്രദ്ധിക്കണം. ആധുനിക യുഗത്തിൽ തിരക്കേറിയ ജീവിതം നയിക്കുന്ന മാതാപിതാക്കൾ അവരുടെ ഒഴിവുദിവസങ്ങളിൽ ഇതിനായുള്ള സമയം കണ്ടെത്തണം. പലതരത്തിലുള്ള കളികളിൽ ഏർപ്പെടുന്നത് മക്കളും മാതാപിതാക്കളും തമ്മിൽ ഒരാത്മബന്ധം നിലനിർത്താൻ സഹായിക്കുന്നു. ഏതു കാര്യവും ചെയ്യുന്നതിനുമുമ്പ് അത് വീടുകളിൽ എല്ലാവരും ഒത്തു ചേർന്നു ചർച്ച ചെയ്യുന്നതും കുട്ടികളുടെ അഭിപ്രായത്തിനു പരിഗണന നൽകുന്നതും നന്നായിരിക്കും. കുട്ടികൾക്കു അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരിക്കലും നിഷേധിക്കരുത്.എല്ലാ കുട്ടികളുടെയും കഴിവുകൾ ഒരേ രീതിയിലല്ല. കുട്ടികളുടെ കഴിവുകൾ അറിഞ്ഞ് അവർക്കു വേണ്ടുന്ന അംഗീകാരങ്ങൾ നൽകുക. പ്രോത്സാഹനങ്ങൾ കുട്ടികൾക്കു ജീവിതത്തിൽ പ്രചോദനമാകുന്നു. ചെറിയ സമ്മാനങ്ങൾ നൽകി അവരുടെ കഴിവുകൾക്ക് അംഗീകാരങ്ങൾ നൽകാവുന്നതാണ്. കഴിവുകൾ അറിയുന്നതുപോലെ തന്നെ അവരുടെ കുറവുകളും മനസ്സിലാക്കണം. ഇഷ്ടമില്ലാത്തത് ചെയ്യാൻ കുട്ടികളെ നിർബന്ധിക്കരുത്. സ്നേഹത്തോടെ നടപ്പിലാക്കണം.
കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ മാതാപിതാക്കൾക്ക് അതൃപ്തി തോന്നേണ്ടത് കുട്ടിയോടല്ല ചെയ്ത തെറ്റിനോടാണ്. കുട്ടികൾക്ക് വേണ്ട ശിക്ഷണം നൽകേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ശിക്ഷകൾക്ക് മുമ്പ് എന്തിനാണ് ശിക്ഷിക്കുന്നത് എന്ന ബോധം ശിക്ഷിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കണം. എന്തിനാണ് താൻ ശിക്ഷിക്കപ്പെടുന്നത് എന്ന ബോധ്യം കുട്ടിക്കും ഉണ്ടായിരിക്കണം. തെറ്റിന് തക്ക ശിക്ഷയെ പാടുള്ളൂ. ശിക്ഷാരീതിക്ക് പരിധികൾ വേണം.വികാരവിക്ഷോഭത്തിൽ ആയിരിക്കുമ്പോൾ കുട്ടികളെ ശിക്ഷിക്കരുത്. കാരണം അത് അവരിൽ പല മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. ചില കുട്ടികളിൽ ഉൾവലിയുന്ന സ്വഭാവം (അന്തർമുഖത്വം) രൂപപ്പെടുന്നു. കുട്ടികൾ എതിർപ്പ് പ്രകടിപ്പിക്കുകയും മാതാപിതാക്കളോട് വിരോധം തോന്നുകയും അവർക്ക് എതിരെ പ്രവർത്തിക്കാനും കുട്ടികൾ തയ്യാറാകുന്നു. കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങളും സൃഷ്ടിക്കുന്നു.
സ്വന്തം കുഞ്ഞുങ്ങളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്ന രീതി മാതാപിതാക്കൾ ഒഴിവാക്കണം. ‘അവനെ കണ്ട് പഠിക്ക്’ എന്ന രീതിയിലുള്ള സംസാരം കുട്ടികളെ മാനസികമായി തളർത്തുന്നു. കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന അധിക സംരക്ഷണവും കരുതലും അനാവശ്യ ഇടപെടലുകളും ദോഷം ചെയ്യാനിടയുണ്ട്. ഇത് കുട്ടികളിൽ ഭയം ഉളവാക്കുന്നു. ഈ പ്രവണത തനിച്ച് കാര്യങ്ങൾ ചെയ്യാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
സമൂഹത്തിൽ ഒരു കുഞ്ഞിന്റെ വിലയും നിലയും അളക്കുന്നത് അവന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. അതു ചെറുപ്പത്തിലെ തന്നെ രൂപപ്പെടുത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പരസ്പരം പങ്കുവയ്ക്കുന്ന ഒരു മനോഭാവം കുട്ടികൾക്ക് ഉണ്ടായിരിക്കണം.
പറയുന്ന കാര്യങ്ങൾക്കു മാറ്റം വരാതെ പ്രവർത്തിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. പരിധികൾ നിശ്ചയിച്ചിരിക്കുന്ന കാര്യങ്ങൾ ലംഘിക്കാൻ കുട്ടികളെ അനുവദിക്കരുത്. കൂട്ടുകാരുമൊത്ത് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. അതിനവരെ അനുവദിക്കണം. കളിക്കുന്നതിലൂടെ കുട്ടിക്കു ലഭിക്കുന്നത് വ്യായാമവും ആരോഗ്യവുമുള്ള ശരീരവുമാണ്. ഇത് പഠനത്തിന് ഉന്മേഷമേകുന്നു. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്നു പറഞ്ഞയച്ചാൽ, ആ സമയത്തു എത്തിയില്ലെങ്കിൽ കുട്ടിയെ താക്കീതു ചെയ്യാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരു ദിവസം വൈകി വരുമ്പോൾ പ്രതികരിക്കാതിരുന്നാൽ കുട്ടി വീണ്ടും ഈ പ്രവണത ആവർത്തിക്കും. പിന്നീട് താക്കീതു ചെയ്യുമ്പോൾ മാതാപിതാക്കളോട് കുട്ടിയുടെ മനസ്സിൽ അമർഷം ഉണ്ടാകുന്നു. കാരണം തന്റെ ഭാഗത്താണ് ന്യായമെന്നും അല്ലെങ്കിൽ ആദ്യ ദിവസമേ എന്നെ വഴക്കുപറയുമായിരുന്നില്ലേ എന്നും കുട്ടി ചിന്തിക്കാൻ ഇടയാവുന്നു.