അന്നൊരു ഞായറാഴ്ചയായിരുന്നു. നാലു മണി സമയം. പതിവില്ലാത്തതുപോലെ അബിയുടെ ഉച്ചത്തിലുള്ള വഴക്കും ഫാത്വിമയുടെയും ഷഹ്ദയുടെയും കരച്ചിലും എല്ലാം കൂടി സര്‍വ്വത്ര ബഹളം. മാതാവിനു സംഭ്രമമായി. മാതാവ് ഓടിപ്പോയി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന അബിക്ക് അപ്പോഴും സംയമനം പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ആകെ ജ്വലിച്ചു നില്‍ക്കുകയാണ്. കുട്ടികള്‍ കുറ്റബോധത്തോടെ നിന്നു കരയുന്നു. കാര്യമെന്താണെന്നല്ലേ? കുട്ടികളുടെ പിതാവ് ഗള്‍ഫില്‍ നിന്നു കൊടുത്തയച്ച വില കൂടിയ ഒരു കളിപ്പാട്ടം ഇരട്ട സഹോദരിമാര്‍ ചേര്‍ന്നു തല്ലിപ്പൊളിച്ച് ഇട്ടിരിക്കുന്നു. മറ്റൊന്നിനുമല്ല. അത് ഓടുന്നതും ചാടുന്നതും ശബ്ദം പുറപ്പെടുവിക്കുന്നതുമൊക്കെ എങ്ങനെയാണെന്ന് അവര്‍ക്ക് ഒന്നു പരിശോധിക്കണമെന്നു തോന്നി. ഉമ്മ അടുക്കളയിലായിരുന്ന സമയത്തു രണ്ടു പേരും കൂടി ഒരു ഗവേഷണമങ്ങു നടത്തി. വില കൂടിയ കളിപ്പാട്ടമാണെന്നും അതു പൊളിച്ചുനോക്കാന്‍ പാടില്ലെന്നുമുള്ള ന്യായ വിചാരമൊന്നും കുട്ടികള്‍ക്കുണ്ടായില്ല. അവരുടെ കളിപ്പാട്ടം പ്രവര്‍ത്തിക്കുന്നതിന്‍റെ മെക്കാനിസം കണ്ടുപിടിക്കാനുള്ള ജിജ്ഞാസയും അന്വേഷണ ബുദ്ധിയുമാണ് ആ അഞ്ചു വയസ്സുകാരില്‍ ഉണ്ടായത്. കുഞ്ഞുങ്ങളില്‍ ജിജ്ഞാസ ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഒരുപക്ഷേ, നാളെ പ്രതിഭാധനരാക്കിയേക്കാവുന്ന അന്വേഷണ തത്പരത ഇന്നേ അവരില്‍ കണ്ടെന്നുവരാം. സൃഷ്ട്യുډുഖമായ ചിന്താഗതിയുള്ളവരില്‍ കുട്ടിക്കാലത്തേ അതിന്‍റെ ലാഞ്ചനകളുണ്ടാകും. അതു മനസ്സിലാക്കാന്‍ കഴിയുന്ന മാതാപിതാക്കള്‍ ഇത്തരം പ്രവൃത്തികളൊക്കെ അല്‍പം ക്ഷമയോടെ കൈകാര്യം ചെയ്യണം.
‘ഈ അനിയത്തിവാവ എവിടുന്നാ വന്നത്?’ ‘ഈ അമ്പിളി അമ്മാവനെന്താ താഴോട്ടു വരാത്തത്?’ ‘ഈ നക്ഷത്രങ്ങളെല്ലാം രാവിലെ എവിടെ പോകുന്നു?’ ഇങ്ങനെ എണ്ണമറ്റ ചോദ്യങ്ങള്‍ ചില കുട്ടികള്‍ ഉമ്മമാരോടു ചോദിക്കാറുണ്ട്. തിരക്കിട്ടു ജോലി ചെയ്യുന്ന ഉമ്മയ്ക്കുണ്ടോ ഇതിനൊക്കെ ഉത്തരം പറയാന്‍ സമയം?
‘മിണ്ടാതിരുന്നോ, എനിക്ക് വേറെ ജോലിയുണ്ട്.’ ‘നീ പോയിരുന്ന് കളിക്ക്. എനിക്ക് അടുക്കളപ്പണിയുണ്ട്.’
‘ഉമ്മയ്ക്കിതൊന്നും അറിഞ്ഞുകൂടാ. മോനുറങ്ങിക്കോ.’ ഇതൊക്കെയായിരിക്കും പല ഉമ്മമാരുടെയും ഉത്തരങ്ങള്‍. എല്ലാ ഉമ്മമാരും ഇക്കൂട്ടത്തിലാകണമെന്നില്ല. കുഞ്ഞുങ്ങള്‍ ജിജ്ഞാസുക്കളാണ്. അവര്‍ക്ക് നൂറുകൂട്ടം കാര്യങ്ങളറിയണം. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അവരുടെ വളര്‍ച്ചയുടെ പടവുകളാണത്. കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ കേട്ടില്ലെന്നു നടിക്കരുത്. കഴിയുന്നത്ര തൃപ്തികരമായ ഉത്തരം നല്‍കണം. കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച ഉത്തരങ്ങളാണ് അവര്‍ക്കു നല്‍കേണ്ടത്.കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് എപ്പോഴും മുഖം നല്‍കുക, കാതോര്‍ക്കുക, ഉത്തരം പറയുക.
കളിയിലൂടെ നിരവധി കഴിവുകള്‍ വികസിക്കുന്നുണ്ട്. പക്ഷേ കൊച്ചു കുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ, ഗ്രാമങ്ങളില്‍ നിന്നു പട്ടണങ്ങളിലേക്കുള്ള അധിനിവേശത്തോടെ കുഞ്ഞുങ്ങള്‍ക്കു നഷ്ടമായതു നാടന്‍ കളികളും നാടന്‍ കളിക്കോപ്പുകളും കളിക്കൂട്ടുകാരുമാണ്. പ്ലാവിലയും ഈര്‍ക്കിലും കുരുത്തോലയും വച്ചുണ്ടാക്കുന്ന കളിക്കോപ്പുകള്‍ ഇന്നു ഗ്രാമങ്ങളിലെ കുട്ടികള്‍ക്കുപോലും അജ്ഞാത വസ്തുക്കളാണ്. കമ്പോളങ്ങളില്‍ കിട്ടുന്ന കളിക്കോപ്പുകള്‍ക്കേ മഹത്ത്വമുള്ളൂ. പരാധീനതകള്‍ക്കിടയിലും അവ വാങ്ങി കുട്ടികള്‍ക്കു കൊടുക്കാനാണ് രക്ഷിതാക്കളുടെ മോഹം. മണ്ണപ്പം ചുടാനും മണ്ണില്‍ കളിക്കാനും ഇന്ന് കുട്ടികളെ കിട്ടുന്നില്ല. ഇതുമൂലം അവരുടെ സര്‍ഗാത്മക കഴിവുകള്‍ നഷ്ടപ്പെടുന്നു.
രൂപ വ്യത്യാസങ്ങള്‍ പോലെ തന്നെ ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വവും കഴിവുകളുമുണ്ട്. ഒരു പിതാവിന് പത്തു മക്കളുണ്ടെങ്കില്‍ പത്തു പേരുടെയും പ്രകൃതവും കഴിവുകളും ഒരുപോലെയാകണമെന്നില്ല. ഇതു മനസ്സിലാക്കാതെ മറ്റു കുട്ടികളോട് താരതമ്യം ചെയ്യുന്നതും അവരെ പോലെയാകണമെന്ന് ശഠിക്കുന്നതും കുട്ടികളില്‍ തന്‍റെ ജډസിദ്ധമായ കഴിവുകേടിന്‍റെ പേരില്‍ നിരാശ ഉടലെടുക്കാനും ടെന്‍ഷന്‍, വിഷാദം പോലോത്ത മാനസിക പ്രശ്നങ്ങളുണ്ടാകാനും കാരണമായേക്കും.
പഠനത്തില്‍ അല്‍പം പിന്നാക്കമായ കുട്ടിയെ പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണമെന്ന് നിര്‍ബന്ധിപ്പിക്കുന്ന രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടിക്ക് താങ്ങാന്‍ കഴിയാത്തത് അടിച്ചേല്‍പ്പിക്കുകയാണ്. ഒടുവില്‍ പരീക്ഷയില്‍ പരാജിതനാവുകയോ മാതാപിതാക്കള്‍ നിര്‍ദേശിച്ച ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാതെ വരികയോ ചെയ്യുമ്പോള്‍ നിരാശനാകുന്ന കുട്ടി മാതാപിതാക്കളുടെ ശകാരമോ ശിക്ഷയോ ഭയന്ന് ഒളിച്ചോടാനോ പഠനം നിറുത്താനോ മുതിരുന്നു.
പഠനത്തില്‍ താല്‍പര്യമുള്ളവരെ മാത്രമേ ഉയര്‍ന്ന പഠനത്തിനയക്കാവൂ. അല്ലാത്തപക്ഷം രക്ഷിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങുമെന്നല്ലാതെ പഠനത്തില്‍ ശ്രദ്ധിക്കാതെ കാലം തള്ളിനീക്കും. അത്തരക്കാരെ ഉപരി പഠനത്തിനയക്കാതെ അവര്‍ക്ക്താല്‍പര്യമുള്ള നല്ല മേഖലകള്‍ തിരഞ്ഞെടുക്കാനനുവദിക്കണം. അവര്‍ തിരഞ്ഞെടുത്ത മേഖല നല്ലതല്ലെന്നു കണ്ടാല്‍ അവ ബോധ്യപ്പെടുത്തിക്കൊടുക്കുകയും നല്ലതിലേക്ക് മാര്‍ഗദര്‍ശനം നല്‍കുകയും വേണം.
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി