കൊയിലാണ്ടിയിൽ റവന്യൂ ജില്ലാ കലോത്സവം നടക്കുന്നു. അവിടെ നിന്ന് എല്ലാ പത്രമാപ്പീസുകളിലേക്കും ഒരു പടം അടിക്കുറിപ്പ് സഹിതം പറന്നെത്തുന്നു. പടത്തിൽ ആർ എസ് എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്ററാണുള്ളത്. ശുഭ്ര വസ്ത്രമണിഞ്ഞ്, കാവി ഷാളും കുങ്കുമക്കുറിയുമടക്കം സർവ വേഷഭൂഷാദികളോടെയും ഭക്ഷണ ശാലയിലെത്തി അദ്ദേഹം ഭക്ഷണം വിളമ്പിക്കൊടുക്കുന്നതാണ് ചിത്രത്തിൽ. എന്താണ് ഈ ചിത്രത്തിന്റെ വാർത്താ പ്രാധാന്യം? ഗോപാലൻ കുട്ടി മാസ്റ്റർക്ക് ഊട്ടു പുരയിൽ വന്നു കൂടേ? അല്ലെങ്കിൽ അദ്ദേഹം എന്തിനാണ് ഊട്ടു പുരയിൽ വരുന്നത്? സ്‌കൂൾ കലോത്സവത്തിൽ ആർ എസ് എസിന് എന്ത് കാര്യം? ഭക്ഷണത്തിന്റെ ചുമതല ബി ജെ പി അനുകൂല അധ്യാപക സംഘടനക്കായിരുന്നുവത്രേ. അതുകൊണ്ട് ആർ എസ് എസ് കാര്യവാഹക് അവിടെ വന്ന് പടത്തിന് പോസ് ചെയ്യണമെന്നുണ്ടോ? ബി ജെ പിയും ആർ എസു എസും കേരളത്തിൽ നടപ്പാക്കാൻ പോകുന്ന രാഷ്ട്രീയ പദ്ധതിയുടെ ഏറ്റവും ലളിതമായ അവതരണമാണ് ഈ പടത്തിൽ കാണുന്നത്. ആർ എസ് എസിന്റെ ‘സാംസ്‌കാരിക മുഖം’ പ്രചരിപ്പിക്കപ്പെടുകയാണ്. ആർ എസ് എസ് ഇനി ക്യാമറക്കണ്ണുകൾക്ക് പിന്നിലല്ല; മുന്നിൽ തന്നെയാണ്. രാഷ്ട്രീയ നാടകത്തിൽ സൂത്രധാരന്റെ വേഷമല്ല ഇനി ആർ എസ് എസിന്. നായക സ്ഥാനം തന്നെയാണ് കൈവന്നിരിക്കുന്നത്. എന്നേ നിരോധിക്കാൻ യോഗ്യമായ ഈ കാവി ഭീകര സംഘടന കേരളം പോലുള്ള ഒരു നാടിന്റെ പൊതു മണ്ഡലത്തിൽ കൗശലപൂർവം ബഹുമാന്യമായ സ്ഥാനങ്ങളിലേക്ക് കയറി ഇരിക്കുമ്പോൾ മതേതര സമൂഹം അത്യന്തം ഗൗരവത്തോടെ അതിന്റെ പരിണാമങ്ങൾ വിശകലനം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്.

ഹിന്ദു ഐക്യ വേദി നേതാവ് കുമ്മനം രാജശേഖരൻ ബി ജെ പി അധ്യക്ഷ സ്ഥാനത്ത് അവരോധിതനായതിനെ ജൻമഭൂമി പത്രം വിശേഷിപ്പിച്ചത് അപ്രതീക്ഷിതമായ ക്ലൈമാക്‌സ് എന്നാണ്. എന്നാൽ ബി ജെ പി ദേശീയ നേതൃത്വത്തിന്റെ സമീപകാല മുൻഗണനകൾ സൂക്ഷ്മമായി വിലയിരുത്തുന്ന ഒരാൾക്ക് ഇതിൽ ഒരു ആകസ്മികതയും കാണാനാകില്ല. അത് ദേശീയതലത്തിൽ നടക്കുന്ന പടയൊരുക്കത്തിന്റെ സ്വാഭാവിക തുടർച്ചയാണ്. രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ബി ജെ പിയുടെ കൈവശം ഉച്ചത്തിൽ വിളിച്ചു പറയാവുന്ന ചില വാഗ്ദാനങ്ങൾ മാത്രമേയുള്ളൂവെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. വിദേശ ബേങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടു വന്ന് മാസാമാസം നല്ലൊരു തുക സാധാരണക്കാരന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തി പ്രഖ്യാപിച്ച മനുഷ്യനാണ് രാജ്യം ഭരിക്കുന്നത്. ജൻധൻ യോജന എന്ന പേരിൽ കുറേ പാവങ്ങളെ ബേങ്ക് അക്കൗണ്ടെടുപ്പിച്ചതല്ലാതെ വല്ലതും നടന്നോ? ആർ എസ് എസിൽ നിന്ന് ബി ജെ പി നേതൃനിരയിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്ത രാം മാധവിനെപ്പോലുള്ളവർ ഇപ്പോൾ നരേന്ദ്ര മോദിയുടെ വാഗ്ദാനങ്ങൾ തള്ളിപ്പറയാൻ തുടങ്ങിയിരിക്കുന്നു. വാഗ്ദാനങ്ങൾ മുഴുവൻ നടപ്പാക്കാനുള്ളവയല്ലെന്നാണ് അവർ പറയുന്നത്. അന്താരാഷ്ട്ര കമ്പോളത്തിൽ ഇന്ധന വില കുത്തനെ കുറയുമ്പോഴും ഇന്ത്യയിൽ പെട്രോളിയം ഡീസൽ വിലക്ക് ഒരു മാറ്റവുമില്ല. പാചക വാതക വില കുത്തനെ കൂട്ടിയിരിക്കുകയുമാണ്. ഭൂമിയേറ്റെടുക്കൽ നയം തൊട്ട് ജി എസ് ടി ബിൽ വരെയുള്ള എല്ലാ നയപരമായ തീരുമാനങ്ങളും നഗ്നമായ കോർപറേറ്റ് സേവയായിരുന്നു. മോദിയുടെ എല്ലാ വിദേശ യാത്രകളും അതിസമ്പന്നരുടെ ബിസിനസ് വ്യാപന താത്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഓരോ യാത്രയിലും റിലയൻസ്, അംബാനി, അദാനി ഗ്രൂപ്പുകളുടെ ഉന്നതർ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ഏത് സാമ്പത്തിക നയമാണോ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയത് അതേ നയം കൂടുതൽ മാരകമായി തുടരുകയാണ് ബി ജെ പി. ഒരു ബദലും മുന്നോട്ട് വെക്കാനില്ല. ഉള്ളത് വർഗീയ ധ്രുവീകരണ തന്ത്രങ്ങൾ മാത്രമാണ്. അതിന് പശുവിറച്ചിയും അസഹിഷ്ണുതയും ലൗ ജിഹാദും രാമക്ഷേത്രവുമൊക്കെ പുറത്തെടുക്കുന്നു. കേന്ദ്ര സർക്കാറിന്റെ ആത്മവിശ്വാസം  ഈ കുതന്ത്രങ്ങളുടെ നടത്തിപ്പിന് ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങളെയും ദളിതരെയും ഒറ്റപ്പെടുത്തിയും പ്രകോപിപ്പിച്ചും സംഘർഷങ്ങൾ വിതക്കുകയാണ് മറ്റൊരു തന്ത്രം. അതുവഴി വർഗീയ ധ്രുവീകരണം സാധ്യമാക്കിയാൽ വലിയ മെനക്കെടില്ലാതെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ഗുജറാത്ത് മോഡൽ രാജ്യത്താകെ നടപ്പാക്കുന്നതിന്റെ ഭാഗമായേ ആർ എസ് എസ് കളത്തിലിറങ്ങി കളിക്കുന്നതിനെ കാണാനാകൂ. ബി ജെ പി എക്കാലത്തും ആർ എസ് എസിന്റെ നടത്തിപ്പിലായിരുന്നു. ഇപ്പോൾ അത് കൂടുതൽ പ്രത്യക്ഷവും ശക്തവുമായി എന്നു മാത്രം.

കേരളത്തിൽ ഭരണത്തിന്റെ ഇടനാഴികളിൽ വലിയ പ്രാമുഖ്യം കൈവന്നിട്ടില്ലെങ്കിലും ബി ജെ പിയുടെ തലപ്പത്തിരിക്കാൻ കരു നീക്കങ്ങൾ നടത്തി ഒരു ഡസൻ യശഃപ്രാർഥികളായ നേതാക്കളെങ്കിലും തെക്ക്-വടക്ക് നടക്കുന്നുണ്ടായിരുന്നു. ഈ നേതാക്കളെയെല്ലാം ഒറ്റയടിക്ക് വെട്ടി മാറ്റി കുമ്മനം രാജശേഖരൻ എന്ന സമ്പൂർണ സ്വയം സേവകനും ഹിന്ദു ഐക്യവേദി നേതാവുമായ അവിവാഹിതനെ അധ്യക്ഷ സ്ഥാനത്ത് ആനയിച്ചിരുത്തിയതും ആർ എസ് എസ് മേധാവി മോഹൻ ഭഗവത് കേരളത്തിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തിയതും ദേശീയതലത്തിൽ ആവിഷ്‌കരിച്ച വിശാലമായ പദ്ധതിയുടെ ഭാഗമായാണ്. രണ്ട് തലങ്ങളിലുള്ള  പദ്ധതികളാണ് ആർ എസ് എസും ബി ജെ പിയും ചേർന്ന് ഇവിടെ നടപ്പാക്കാൻ പോകുന്നത്. അതാകട്ടേ തികച്ചും വിരുദ്ധമാണ് താനും. ആദ്യത്തേത് തീവ്ര ഹിന്ദുത്വ ആയുധ  പ്രയോഗം തന്നെ. മിതത്വം ഇനി ഒട്ടും വേണ്ട. സൗമ്യമായി സംസാരിക്കുകയും അതിതീവ്രമായി കാര്യങ്ങൾ നടത്തുകയും ചെയ്യുന്ന കുമ്മനം രാജശേഖരന്റെ സ്ഥാനലബ്ധിയുടെ സന്ദേശമതാണ്.

ജീവിതം മുഴുവൻ ഹിന്ദു ധ്രുവീകരണത്തിനായി വിയർത്ത ഈ മനുഷ്യൻ ഇടപെട്ട നിലയ്ക്കൽ മുതൽ ആറൻമുള വരെയുള്ള എല്ലാ വിഷയങ്ങളിലും ഈ കാർക്കശ്യം ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങളുടെ കുടുംബം, വിദ്യാഭ്യാസം, ധനശേഷി തുടങ്ങി എന്തിനേയും വർഗീയമായി പ്രശ്‌നവത്കരിക്കുന്നതിൽ ഈ സൗമ്യഭാഷി നടത്തിയിട്ടുള്ള ശ്രമങ്ങൾ കേരളം വർഷങ്ങളായി കണ്ടു വരികയാണ്. ഏറ്റവും ഒടുവിൽ, ബി ജെ പി അധ്യക്ഷ സ്ഥാനത്ത് അവരോധിതനായ ശേഷം അദ്ദേഹം നടത്തിയ പ്രതികരങ്ങൾ നോക്കൂ. ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള അഹിന്ദു കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ക്ഷേത്രോത്സവങ്ങളിൽ അതാത് മത സമുദായങ്ങളിൽ പെട്ടവർ മാത്രമേ കച്ചവടം നടത്താൻ പാടുള്ളൂവെന്നും ചിന്തൻ ബൈഠകിൽ  തീരുമാനിച്ചിരുന്നു. കുമ്മനത്തോട് അദ്ദേഹം അധ്യക്ഷനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ തന്നെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടു. അത് ശരിവെക്കുന്ന രീതിയിലാണ് അദ്ദേഹം മറുപടി നൽകിയത്. ഹിന്ദു ദേവാലയങ്ങളുമായി ബന്ധപ്പെട്ട കച്ചവടം അതാത് സ്ഥലത്തെ ക്ഷേത്ര കമ്മിറ്റികൾ തീരുമാനിക്കുന്ന പ്രകാരം അതാത് മതസമുദായങ്ങളിൽ പെട്ടവർക്കു തന്നെ ആയിരിക്കണമെന്നാണ് കുമ്മനം വിശദീകരിച്ചത്. വലിയ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന  അത്യന്തം അപകടകരമായ നിലപാടാണ് ഇത്.

കേരളത്തിലെ ക്ഷേത്ര പരിസരങ്ങളിൽ മുസ്‌ലിം വ്യാപാരികൾക്ക് നിരവധി കച്ചവട സ്ഥാപനങ്ങൾ ഉണ്ട്. ഇവ സാമ്പത്തിക പ്രവർത്തനം എന്നതിനപ്പുറം മതേതരമായ സമൂഹികാന്തരീക്ഷത്തിന്റെ തെളിവ് കൂടിയാണ്. സങ്കലിത സമൂഹങ്ങളിലെല്ലാം ആരാധനാലയങ്ങൾ തമ്മിൽ സാമീപ്യം പുലർത്തുകയും അവക്ക് ചുറ്റുമുള്ള ഇടം ഇഴുകിച്ചേരലിനുള്ള വേദിയാകുകയും ചെയ്യുന്നുവെന്നതാണ് ചരിത്രം. ഈ സൗഹാർദ ചരിത്രത്തെ തകർക്കുകയെന്നതാണ് കുമ്മനത്തിന്റെ നിലപാട് നിവർത്തിക്കുന്ന ഒരു ദൗത്യം. രണ്ടാമത്തേത് തികച്ചും സാമ്പത്തികമാണ്. മുസ്‌ലിംകളെ സാമ്പത്തികമായി തകർത്താലേ രക്ഷയുള്ളൂവെന്ന ഗുജറാത്ത് പാഠമാണ് അത്.  മുസ്‌ലിംകൾക്ക് കൈവരുന്ന പണം മുഴുവൻ ഗോമാതാവിനെ കൊന്ന് തിന്നാനും ഹിന്ദു പെൺകുട്ടികളെ വശീകരിക്കാനും ബി ജെ പിയെ തകർക്കാനും ഭീകരവാദികളെ സഹായിക്കാനുമാണ് ഉപയോഗിക്കുകയെന്നായിരുന്നുവല്ലോ ഗുജറാത്തിലെ പ്രചാരണം.  ‘ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധ’മെന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമുയർത്തിയാണ് ഗുജറാത്തിൽ മുസ്‌ലിംകൾക്കെതിരായ കലാപത്തിനും വംശഹത്യക്കുമുള്ള മുന്നൊരുക്കം നടത്തിയത്.

അന്ന് വിതരണം ചെയ്ത ലഘുലേഖകളിൽ   മുസ്‌ലിംകളുടെയും അവർക്ക് പങ്കുള്ള കച്ചവടസ്ഥാപനങ്ങളുടെയും പട്ടികയും വരുമാനവും വരെ വിശദമായി ചേർത്തിരുന്നു. മുസ്‌ലിം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് ചിന്തിക്കണമെന്നും അവരുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം കൊടുക്കുന്നത് നിങ്ങളുടെ സഹോദരങ്ങളെ കൊല്ലാനും സഹോദരികളെ ബലാത്സംഗം ചെയ്യാനും പരോക്ഷമായി നൽകുന്ന സഹായമായിരിക്കുമെന്നും ആ ലഘുലേഖകൾ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും നേരത്തേ നടന്നതുമായ വിദ്വേഷ പ്രചാരണങ്ങൾക്ക് ഈ ലഘുലേഖകളുമായുള്ള സാമ്യം ഭീതിപ്പെടുത്തുന്നതാണ്. ഹിന്ദുക്കൾ ജനസംഖ്യാപരമായി ന്യൂനപക്ഷമാകുന്നു, ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറികൾ വഴി സർക്കാർ തട്ടിയെടുക്കുന്നു, മുസ്‌ലിം-ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു മേൽ സർക്കാറിന് യാതൊരു നിയന്ത്രണവുമില്ല, ഹജ്ജ് സബ്‌സിഡി നൽകുന്നു, മുസ്‌ലിം പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു, എല്ലാ രംഗത്തും ഹിന്ദുക്കൾ അവഗണിക്കപ്പെടുന്നു തുടങ്ങിയ പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ നിരന്തരം തുറന്ന് കാട്ടിയിട്ടും ശശികലയെപ്പോലുള്ളവർ അത് തുടരുകയാണ്. ഈ പ്രചാരണങ്ങളെയും വിഭജന ശ്രമങ്ങളെയും ഊർജിതമാക്കുകയാണ് കുമ്മനത്തെ സാരഥിയാക്കുന്നതിലൂടെ ആർ എസ് എസ് ചെയ്യുന്നത്.

ആർ എസ് എസിന്റെ നിഗൂഢത മാറ്റിയെടുക്കുകയെന്നതാണ് ഈ നീക്കത്തിന് സമാന്തരമായി സംഭവിക്കുന്ന രണ്ടാമത്തെ കാര്യം. കുമ്മനം രാജശേഖരന് സാമൂഹിക പ്രവർത്തനത്തിന്റെ തലമുണ്ടെന്ന് ആർ എസ് എസ് നേതൃത്വം കണക്കു കൂട്ടുന്നു. കേരളത്തിന് സുപരിചിതനായ രാഷ്ട്രീയ സ്വയം സേവകനാണ് അദ്ദേഹം. പൊതു പ്രശ്‌നങ്ങളിൽ ഇടപെടുന്നയാളെന്നും എല്ലാ ജാതി സംഘടനകളുമായും അടുത്ത ബന്ധം പുലർത്തുന്നയാളെന്നും ആർ എസ് എസ് നേതൃത്വം വിലയിരുത്തുന്നു. ഈ സവിശേഷതകൾ ആർ എസ് എസിന് കേരളീയ പൊതു മണ്ഡലത്തിൽ നിലനിൽക്കുന്ന അസ്പൃശ്യതക്ക് അന്ത്യം കുറിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു. മോഹൻ ഭഗവത് ഈയിടെ കേരളത്തിൽ എത്തിയപ്പോൾ നടത്തിയ അസാധാരണ കൂടിക്കാഴ്ചയും ഇതിന്റെ ഭാഗമാണ്. ചാനൽ ചർച്ചകളിൽ സജീവമാകുന്നവരെയാണ് ഭഗവത് കണ്ണൂരിലെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. അഡ്വ. ജയശങ്കറിനെപ്പോലുള്ള ചിലർ ക്ഷണം നിരസിച്ചപ്പോൾ ശിവൻ മഠത്തെപ്പോലെ സിരകളുടെ ഓരത്ത് നിന്ന് രക്തച്ചുവപ്പിലേക്ക് നേരിയ തോതിൽ കാവി പരന്ന്തുടങ്ങിയ ചിലർ ഭഗവതിന് മുന്നിൽ ഹാജരായി. ആർ എസ് എസ് ജനാധിപത്യ മൂല്യങ്ങൾക്കും കൂടിയാലോചനകൾക്കും വില കൽപ്പിക്കുന്നുവെന്ന തോന്നലുണ്ടാക്കാനാണ് ഇതുവഴി ശ്രമിച്ചത്. എന്നാൽ ഇക്കാലമത്രയും ഒരു പാർട്ടിക്ക് വേണ്ടി പാഞ്ഞ് നടന്നവരെ ഒന്നടങ്കം ഒഴിവാക്കി മറ്റൊരാളെ അധ്യക്ഷ സ്ഥാനത്ത് ഇരുത്താൻ മാത്രം ജനാധിപത്യവിരുദ്ധമാണ് ഈ സംഘടനയെന്നത് ജനം കാണുന്നതിനാൽ ഈ പഞ്ചസാര വിതറലൊന്നും ഫലം ചെയ്യാൻ പോകുന്നില്ല. കലോത്സവത്തിന് വന്ന് പ്രാന്ത കാര്യവാഹക് സാമ്പാർ വിളമ്പിയാലും ആർ എസ് എസിന്റെ ഭീതിപ്പെടുത്തുന്ന പ്രതിച്ഛായ മായ്ക്കാനാകില്ല.

കണ്ണൂരിൽ നടന്ന കൂടിയാലോചനാ നാടകത്തിന്റെ മറ്റൊരു രംഗമാണ് കൊച്ചിയിൽ നടന്നത്. ഗൾഫുനാടുകളിൽ സംഘടനയുണ്ടാക്കി  പ്രവാസി മലയാളികളെ വലവീശാനുള്ള പരിപാടിക്ക് തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെ യു എ ഇ എക്‌സ്‌ചേഞ്ച് മേധാവി ഡോ. ബി ആർ ഷെട്ടി ഉൾപ്പെടെയുള്ള  വ്യവസായ പ്രമുഖരുമായാണ് അദ്ദേഹം അവിടെ ചർച്ച നടത്തിയത്.  സമുദായവിദ്വേഷം വളർത്തുന്ന സംഘടനകൾ ഗൾഫ് രാജ്യങ്ങളിൽ രൂപവത്കരിച്ചു പ്രവർത്തിക്കുന്നത് എന്തെന്ത്  പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.   കേന്ദ്രസർക്കാറിന്റെയും എംബസികളുടെയും സഹായത്തോടെയാകും ഈ സംഘടനകൾ പ്രവർത്തിക്കുകയെന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ബി ജെ പിയെ ആർ എസ് എസിന്റെ വഴിക്ക് നടത്താനാണ് കുമ്മനത്തെ നിയോഗിച്ചിരിക്കുന്നത്. അതുമാത്രമല്ല,  140 നിയമസഭാ നിയോജകമണ്ഡലത്തിലും വേതനംപറ്റുന്ന സെക്രട്ടറിമാരെ ആർ എസ് എസ് നേതൃത്വം നിശ്ചയിച്ചു കഴിഞ്ഞു. മാസത്തിൽ ഒരുവട്ടമെങ്കിലും ഭഗവത് കേരളത്തിലെത്തുമത്രേ.  ആർ എസ് എസ് തിരക്കഥയ്ക്ക് അനുസരിച്ചാണ്  ഇത്തവണ ബി ജെ പിയുടെ കോർ കമ്മിറ്റിയും ജനറൽ കൗൺസിലും മാരാർ ഭവനിൽ യോഗം ചേർന്നത്.

ഈ പടയൊരുക്കങ്ങൾ കേരളത്തിൽ വലിയ ഫലം ചെയ്യാൻ പോകുന്നില്ലെന്ന വസ്തുതയാണ് എല്ലാ ആശങ്കകൾക്കും മീതേ നിൽക്കുന്നത്. ആർക്കും അത്ര എളുപ്പത്തിൽ തകർക്കാനാകാത്ത വിധം സങ്കലിതവും മതേതരവുമായ മൂല്യങ്ങൾ കേരളത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. ജാതിവിരുദ്ധമായ സമരങ്ങളുടെ ഭാഗമായാണ് ഇവിടെയുള്ള ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സാധ്യമായത്. ആ ജാതി വിരുദ്ധ സമരങ്ങൾക്ക് പലതിനും നേതൃത്വം നൽകിയിരുന്നത് സവർണ വിഭാഗങ്ങളിലെ മനുഷ്യരായിരുന്നു. ഈ സമരങ്ങൾ മാനവികമായ മഹത്തായ അവബോധം കേരളീയ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ആ ചരിത്രത്തിന്റെ വേരുകൾ അത്ര പെട്ടെന്ന് അറുത്തു മാറ്റാനാകില്ല. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും അടിത്തറ ഈ ചരിത്രമാണ്.  ഇവിടുത്തെ വലതു പക്ഷം പോലും അൽപ്പം ഇടത്തോട്ട് ചാഞ്ഞത് അത്‌കൊണ്ടാണ്. ഇവിടെയുള്ള എല്ലാ സമൂഹിക വിഭാഗങ്ങളിലും ഈ ചരിത്രത്തിന്റെ ശേഷിപ്പുകളുണ്ട്. ദേശീയ തലത്തിൽ അരങ്ങേറുന്ന അസഹിഷ്ണുതാ പ്രകടനങ്ങൾക്കെതിരെ ഏറ്റവും ശക്തമായ പ്രതികരണം ഉയർന്നത് കേരളത്തിൽ നിന്നാണല്ലോ. ഇവിടെയുള്ള ഇടത്തരക്കാർ തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളെയും സ്വാസ്ഥ്യത്തേയും എന്തിനും മീതെ കാണുന്നു. അത്‌കൊണ്ട് തന്നെ കലാപത്തിനും സംഘർഷത്തിനും ഇറങ്ങിപ്പുറപ്പെടാൻ അവരെ കിട്ടില്ല. താഴേതട്ടിലുള്ളവരാകട്ടേ സാമാന്യത്തിലധികം വിദ്യാഭ്യാസം സിദ്ധിച്ചവരും നല്ല ചിന്താശേഷിയുള്ളവരുമാണ്. വൈകാരികമായി പ്രതികരിക്കാൻ അവരെയും കിട്ടില്ല. അവർക്ക് അവരുടേതായ തൊഴിൽ മേഖലകളുണ്ട്. ജാതിയുടെ പ്രകടനങ്ങൾ പൊതു മണ്ഡലത്തിൽ നിന്ന് നിഷ്‌കാസിതമാകുമ്പോഴും സ്വന്തമായ ആരാധനാ മൂർത്തികളും മിത്തുകളും പിന്തുടരുന്നു ഇവിടെയുള്ള ഹൈന്ദവ സമൂഹങ്ങൾ. അവരുടെ സാമൂഹിക, സാമ്പത്തിക താത്പര്യങ്ങളും വിഭിന്നമാണ്. അത്‌കൊണ്ട് തന്നെ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഏകീകരണം അസാധ്യമായ ഒരു സങ്കൽപ്പമാണ്. കാവിപുതക്കാൻ വെള്ളാപ്പള്ളി നടേശൻ ചെല്ലുമ്പോൾ ഞങ്ങളെ അതിന് കിട്ടില്ലെന്ന് എൻ എസ് എസ് പ്രഖ്യാപിക്കുന്നത് അത്‌കൊണ്ടാണ്. വെള്ളാപ്പള്ളിക്കുണ്ടായിരുന്ന പരിമിതമായ പൊതു സ്വീകാര്യത പുതിയ ബാന്ധവം നഷ്ടപ്പെടുത്തിയെന്നതാണ് സത്യം. അത്‌കൊണ്ട് വെള്ളാപ്പള്ളിയെക്കൊണ്ട് ആർ എസ് എസിന് ഉദ്ദേശിച്ച ഫലം ഉണ്ടാകാൻ പോകുന്നില്ല. സി പി എം പോലെ ഹിന്ദു സമുദായങ്ങൾക്കിടയിൽ ആഴത്തിൽ വേരുകളുള്ള പാർട്ടിയുള്ളപ്പോൾ ആർ എസ് എസിന്റെ ശിഥിലീകരണ തന്ത്രങ്ങൾ എളുപ്പത്തിൽ നടക്കാനുമിടയില്ല. ആർ എസ് എസിന്റെ മുഖ്യ ശത്രു ഇപ്പോഴും സി പി എമ്മാകുന്നതിന്റെ കാരണമതാണ്.

ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങൾ ന്യൂനപക്ഷ വർഗീയ, തീവ്രവാദ പ്രകടനങ്ങൾ ശക്തമാക്കുമെന്ന പ്രതിപ്രവർത്തനത്തിനും കേരളത്തിന്റെ മണ്ണിൽ പരിമിതികളുണ്ട്. എന്തൊക്കെ വിമർശങ്ങൾ ഉണ്ടെങ്കിലും മുസ്‌ലിം ലീഗ് ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുന്നു. ഹിന്ദുത്വ ആക്രോശങ്ങളോട് മൃദുവായി പ്രതികരിച്ച കോൺഗ്രസിന് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പണി കിട്ടി. അതാണ് കേരളത്തിലെ രാഷ്ട്രീയം. അത്‌കൊണ്ട് കുമ്മനം വരുന്നത് ബി ജെ പിയിലെ ഗ്രൂപ്പിസത്തിന് ശമനമുണ്ടാക്കിയേക്കാം. നഗര മേഖലയിൽ ചില ചെറു മുന്നേറ്റങ്ങൾ നടത്താൻ ബി ജെ പിയെ സഹായിച്ചെന്നും വരാം. അതിലപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇത് കേരളമാണ്.

മുസ്തഫ പി. എറയ്ക്കൽ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ