മനുഷ്യന്‍ അധിവസിക്കുന്ന പരിസരത്തെ മണ്ണും അന്തരീക്ഷവും അവനനുകൂലമാക്കിത്തീര്‍ക്കുന്നതില്‍ സസ്യങ്ങളുടെ പങ്ക് അനിഷേധ്യമാണ്. ഭക്ഷ്യധാന്യങ്ങളും കായ്കനികളും ലഭിക്കുന്നതും സസ്യങ്ങളിലൂടെ തന്നെ. നിരന്തരം നടക്കുന്ന ജൈവ പ്രക്രിയകളുടെ അന്ത്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഫലം കേവലം ധാന്യമോ പഴമോ എന്നതിലുപരി അനേകം ജീവല്‍പ്രധാന ഘടകങ്ങളുടെ സംയുക്തമാണ്.

ഊര്‍ജം പകരുന്നതും ശാരീരിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതും രോഗപ്രതിരോധമേകുന്നതുമായ ഘടകങ്ങള്‍ ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ മനുഷ്യന് ആവശ്യമാണ്. പാകം ചെയ്യുന്നിടത്തേക്ക് എത്തുന്നതിന് മുന്പ് ഒരു ചെടിയും വിത്തും എന്തെല്ലാം പ്രക്രിയകളിലൂടെയാണ് കടന്നുപോകുന്നത്? മനുഷ്യന്റെ കൈക്രിയക്ക് മുന്പ് പ്രകൃതിയുടെ പിന്തുണയോടെ മാത്രം നടക്കുന്ന ഘട്ടമാണ് കൃഷി. സസ്യകൃഷിയും ജന്തുകൃഷിയും മനുഷ്യനെ സംബന്ധിച്ച് നിരന്തരം നടക്കേണ്ടതാണ്. പ്രകൃതിയില്‍ തന്നെ പ്രപഞ്ചനാഥന്‍ ആവശ്യം വേണ്ടത് ഒരുക്കിയിട്ടുണ്ട്. പക്ഷേ, അത് മനുഷ്യന് അനുകരിക്കാനും പിന്തുടരാനുമാണ്. പരമാവധി ചൂഷണം നടത്തി നശിപ്പിക്കാനല്ല.

പ്രകൃതിയിലുള്ളവയെ ഉപജീവിച്ചും മാതൃകയാക്കിയും ഉപയോഗപ്പെടുത്തിയും മനുഷ്യന്‍ നടത്തുന്ന ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ കൃഷി. അവശ്യം വേണ്ടിവരുന്ന വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിന് മനുഷ്യന്‍ സ്വയം പ്രചോദിതനാണ്. എന്നാല്‍ കുറുക്കുവഴികള്‍ കണ്ടെത്തിയുള്ള വിഭവചൂഷണം പൂര്‍ണമായും ഗുണകരമായിരിക്കില്ല. അലസത പട്ടിണി ക്ഷണിച്ചുവരുത്തുമെങ്കില്‍ അമിത ലാഭമോഹം രോഗങ്ങളെയും ഗുണക്കുറവിനെയുമാണ് ഉല്‍പാദിപ്പിക്കുക. രണ്ടും മനുഷ്യരാശിക്ക് ദോഷം തന്നെ.

ലാഭകരമല്ല എന്ന കാരണം പറഞ്ഞ് കൃഷിയെ അവഗണിക്കുന്ന അവസ്ഥ ഇന്നുണ്ട്. ലാഭം കൂടുതല്‍ നല്‍കുന്നതിലേക്കുള്ള ചാഞ്ചാട്ടം പൊതുവെ പ്രകടവുമാണ്. ലാഭനഷ്ടങ്ങളെന്ന അളവുകോലില്‍ പെടുത്തിയാല്‍ ജീവല്‍പ്രധാനമായ കൃഷികള്‍ നഷ്ടത്തില്‍ തന്നെയാണെന്നാണ് ബോധ്യപ്പെടുക. കൃഷിയെ ലാഭനഷ്ടങ്ങളുടെ മാറ്റുരക്കലിന് വിധേയമാക്കാതിരിക്കാന്‍ നാം പാകപ്പെടുകയാണ് വേണ്ടത്. മഹത്തായൊരു ധര്‍മം എന്ന നിലയില്‍ കൃഷിയെ സമീപിക്കുകയാണ് പ്രധാനം. ലാഭം മാത്രം നോക്കിയുള്ള ഏര്‍പ്പാടായി പരിഗണിക്കരുത്. അതിന് പുറത്തുനിന്നുള്ളവരുടെ പ്രോത്സാഹനം മാത്രം പോരാ, ഉള്ളില്‍ നിന്നുള്ള പ്രചോദനമാണാവശ്യം. സബ്സിഡിയും കാര്‍ഷിക വായ്പ വ്യവസ്ഥയിലെ ഇളവും കൊണ്ടുമാത്രം സാധിക്കുന്നതല്ല കാര്‍ഷികാഭിവൃദ്ധി. ആനുകൂല്യങ്ങളും സൗജന്യങ്ങളും നേടുന്നതിനുള്ള ഉപാധിയായി കൃഷിയെ കാണാതിരിക്കുക.

ഇസ്‌ലാം കൃഷിയെ അനിവാര്യതയായിക്കാണുന്നു. അതിനനുകൂലമായി പ്രകൃതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെയും പരിസ്ഥിതിയെയും ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. വിളവിന്റെ ലാഭനഷ്ടങ്ങളിലുടക്കാതെ സമീപിക്കേണ്ട ഒരു സാര്‍ത്ഥക ധര്‍മമെന്ന വിചാരം വളര്‍ത്തുന്നു.

തന്റെയും ആശ്രിതരുടെയും ഭക്ഷണം പ്രകൃതിദത്തവും പോഷകമൂല്യങ്ങളടങ്ങിയതുമായിരിക്കാന്‍ ഇസ്‌ലാം പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നു. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് വലിയ പുണ്യം നേടാനുള്ള ഉപാധിയാണ് കൃഷി. അതില്‍ നിന്ന് തനിക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഫലമോ ധാന്യമോ ലഭിക്കുമോ എന്ന വിചാരം പോലുമില്ലാതെ തന്നെ കൃഷി നടത്താന്‍ വിശ്വാസിയെ തയ്യാറാക്കുകയും അതിനു പ്രതിഫലം വാഗ്ദാനം നല്‍കുകയും ചെയ്യുന്ന മതം.

മനുഷ്യന് ആഹാരമായി ഉപയോഗിക്കുന്നതിന് ധാന്യങ്ങളും ഫലങ്ങളും ഉല്‍പാദിപ്പിക്കുകയും തന്റെ പ്രയത്നത്തിന്റെ ഫലമായി ലഭിച്ച് പാകം ചെയ്യുന്നതും ആഹരിക്കുന്നതും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു.

ഖുര്‍ആന്‍ പറയുന്നു: “ജീവനില്ലാത്ത ഭൂമിയെ നാം സജീവമാക്കി. അതില്‍ നിന്നും അവര്‍ ഭക്ഷിക്കുന്ന ധാന്യത്തെ നാം വിളയിച്ചു എന്നത് അവര്‍ക്കു വ്യക്തമായ ഒരു ദൃഷ്ടാന്തമാണ്. അതില്‍ നാം ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുമുണ്ടാക്കി. അതിലെത്രയോ ഉറവകളൊഴുക്കുകയും ചെയ്തു. അതില്‍ ഫലങ്ങളില്‍ നിന്നും (ഫലം നേരിട്ടും) അവരുടെ സ്വകരങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ നിന്നും അവര്‍ ഭക്ഷിക്കുന്നതിന് വേണ്ടിയാണിവയത്രയും. എന്നാല്‍ അവരിനിയും നന്ദി ചെയ്യുന്നില്ലല്ലോ’ (സൂറത്തുയാസീന്‍/3335).

ഭൂമിയെ മനുഷ്യന് കൃഷി ചെയ്യാനും അതില്‍ സഞ്ചരിച്ച് വേണ്ടത് തേടിപ്പിടിക്കാനും പറ്റിയ വിധത്തില്‍ ക്രമീകരിച്ചതിനെക്കുറിച്ച് ഏറെ സൂക്തങ്ങളില്‍ കാണാം. അധ്വാനിച്ച് ജീവിതവിഭവം കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കും വിധമാണ് ഭൂമിയെ അല്ലാഹു സജ്ജീകരിച്ചിരിക്കുന്നത്. സാങ്കേതകമായ ജ്ഞാനം നേടിയവര്‍ക്ക് അങ്ങനെയും പരമ്പരാഗത രീതി സ്വീകരിക്കുന്നവര്‍ക്ക് അങ്ങനെയും കൃഷിയിലൂടെ അധ്വാനിച്ച് ജീവിക്കാന്‍ സാധിക്കുന്ന സാഹചര്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്.

തൊഴിലുകളില്‍ കൃഷിക്ക് വലിയ പ്രാധാന്യവും മഹത്ത്വവുമുണ്ട്. അന്യരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുന്ന നിരോധിതമല്ലാത്ത ഏതൊരു തൊഴിലിനും പവിത്രതയുണ്ടെന്നത് മറ്റൊരു കാര്യം. എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് സ്വന്തമായിത്തന്നെ ചില പ്രത്യേകതകള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയതു കാണാം. അതുകൊണ്ടാണ് ചില പണ്ഡിതര്‍ തൊഴിലുകളില്‍ കൃഷിക്ക് പ്രഥമ പരിഗണന നല്‍കിയത്.

ഇമാം മാവര്‍ദി(റ) “തൊഴിലുകളില്‍ ഏറ്റവും നല്ലത് കാര്‍ഷികവൃത്തിയാണെന്ന്’ (അല്‍ഹാവി) പറയുന്നു. കാരണം അത് തവക്കുലുമായി ഏറെ ബന്ധപ്പെട്ടതാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്‍ നല്‍കിയ വിത്തും തൈയും നട്ട് നേരിട്ട് ഫലം തേടുന്ന പ്രക്രിയയാണല്ലോ കൃഷി. സ്വയം ചെയ്യുന്ന പ്രവൃത്തികളാണ് ശ്രേഷ്ഠം എന്ന അഭിപ്രായത്തിലും കൃഷിയാണ് പവിത്രമെന്ന് ഇമാം നവവി(റ) പറയുന്നുണ്ട്.

കൃഷിക്ക് ഈ മഹത്ത്വമുണ്ടാകുന്നത് വ്യതിരിക്തമായ ചില സവിശേഷതകള്‍ കൊണ്ടുകൂടിയാണ്. പ്രകൃതിയിലുള്ള ഏതെങ്കിലും ഒന്നിനെ സാധാരണ ഗതിയില്‍ കൃഷിക്കുവേണ്ടി നശിപ്പിക്കേണ്ടി വരുന്നില്ല. അതുകൊണ്ടാണ് ഇമാം മാവര്‍ദി(റ) തൊഴിലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്ത് ഇങ്ങനെ പറഞ്ഞത്: “കൃഷിയില്‍ നിഷിദ്ധമായതോ വെറുക്കപ്പെട്ടതോ സാധാരണ ഗതിയില്‍ വരുന്നില്ല.’ പ്രത്യക്ഷമായിത്തന്നെ ഒരു ചെടി മനുഷ്യന്റെ ആവാസവ്യവസ്ഥയില്‍ ചെയ്യുന്ന നന്മയാണ് നമുക്ക് കാണാനാവുക. ഫലവും ധാന്യവും ലഭിച്ചാലും ഇല്ലെങ്കിലും ഈ നന്മ ഉറപ്പാണ്.

ഇമാം നവവി(റ) വിവരിച്ചിരിക്കുന്നു: സ്വയം ചെയ്യുന്ന പ്രവൃത്തികളാണ് ഏറ്റവും ഉത്തമമെന്നതാണ് ശരി. അത് കാര്‍ഷിക വൃത്തിയാണെങ്കില്‍ ഏറ്റവും നല്ലത്. കാരണം അതില്‍ സ്വയം പ്രവര്‍ത്തനവും അല്ലാഹുവിന്റെ വിധി അവലംബിക്കലുണ്ട്. മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും അതില്‍ പൊതുവായ ഉപകാരവുമുണ്ട്. കൃഷിവിളയില്‍ നിന്ന് വല്ലതും ഏതെങ്കിലും ജീവികള്‍ ഭക്ഷിച്ചേക്കാം. ഇതിലും കൃഷിക്ക് പ്രതിഫലമുണ്ട്. സ്വന്തമായി ചെയ്താലും തൊഴിലാളികളോ മറ്റോ ചെയ്താലും പ്രതിഫലം ലഭിക്കും. ആ നിലയിലും കൃഷി തന്നെയാണ് ഏറ്റവും ശ്രേഷ്ഠകരം (ശറഹുല്‍ മുഹദ്ദബ്).

തുടര്‍ന്ന് അദ്ദേഹം ഇമാം മുസ്‌ലിം(റ) നിവേധനം ചെയ്ത ഹദീസ് ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: ഒരു വിശ്വാസി കൃഷി ചെയ്താല്‍ അതില്‍ നിന്ന് അവന്‍ ഭക്ഷിക്കുന്നത് അവന് സ്വദഖയാണ്. മോഷണം പോവുന്നതും സ്വദഖയാണ്. വല്ല വിധേനയും കുറവ് വരുന്നതും സ്വദഖ തന്നെ’ (മുസ്‌ലിം). വിശ്വാസി കൃഷി ചെയ്തു. അതില്‍ നിന്ന് മനുഷ്യനോ ജന്തുക്കളോ പറവകളോ ഭക്ഷിച്ചാല്‍ അത് അവന് അന്ത്യനാളില്‍ ദാനമായിത്തീരുന്നതാണ് (മുസ്‌ലിം).

ഒരാള്‍ വൃക്ഷത്തൈ നടുകയും സംരക്ഷിച്ചു വളര്‍ത്തുകയും അതിന്റെ പേരിലുള്ള വിഷമതകള്‍ സഹിക്കുകയും ചെയ്തു. അങ്ങനെ അത് ഫലമുള്ളതായാല്‍ അതിന്റെ പഴങ്ങളില്‍ നിന്ന് (ഏതു ജീവികള്‍) ഉപയോഗപ്പെടുന്നതെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ സ്വദഖയായിരിക്കും (അഹ്മദ്).

മരം നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഇമാം ശഅ്റാനി(റ) എഴുതുന്നു: മനുഷ്യര്‍ക്ക് പഴവും മരത്തടിയും നല്‍കുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതും കൃഷി ചെയ്യുന്നതും മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന സ്വദഖയായി എണ്ണിപ്പറഞ്ഞുകൊണ്ട് കര്‍ഷകരെയും തോട്ടമുടമകളെയും അവയില്‍ താല്‍പര്യം നിലനിര്‍ത്തണമെന്ന് നബി(സ്വ) നമ്മോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുകളിലുദ്ധരിച്ച ഹദീസുകളിലൂടെ (അല്‍ഉഹൂദുല്‍ മുഹമ്മദിയ്യ).

സ്വന്തമായി കൃഷി ചെയ്താലും തൊഴിലാളികളെ വെച്ചാലും ഈ പ്രതിഫലം ലഭ്യമാണ്. പക്ഷേ, നേരിട്ട് പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ പുണ്യവും ഉപകാരപ്രദവും (അല്‍ഉഹൂദുല്‍ മുഹമ്മദിയ്യ).

അന്ത്യനാള്‍ നടപ്പാകുന്ന സമയത്ത് ഒരാളുടെക കൈയില്‍ ഒരു വൃക്ഷത്തൈയ്യോ കമ്പോ ഉണ്ടെങ്കില്‍ അതു നട്ടുകൊള്ളട്ടെ (അഹ്മദ്). അന്ത്യനാളിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും തനിക്ക് ഉപകാരപ്പെടില്ലെന്നുറപ്പായാലും മരം നട്ടുപിടിപ്പിക്കണമെന്നാണിതിന്റെ പാഠം.

ഭൂമിയില്‍ ജീവികളുടെ വാസം നിലനില്‍ക്കുന്ന കാലമത്രയും അവര്‍ക്കാവശ്യമായ സൗകര്യങ്ങളുണ്ടാവണം (ഫൈളുല്‍ ഖദീര്‍). അവനവന്‍ പ്രവര്‍ത്തിച്ചതിന്റെ മാത്രം ഗുണങ്ങള്‍ അനുഭവിച്ചല്ല മനുഷ്യന്‍ ജീവിക്കുന്നത്. മുമ്പുള്ളവര്‍ നട്ടുപിടിപ്പിച്ചതിന്റെ ഫലമനുഭവിക്കുന്ന നാം ശേഷമുള്ളവര്‍ക്ക് വേണ്ടി നട്ടുവളര്‍ത്തേണ്ടതാവശ്യമാണ്.

കൃഷി ഭക്ഷ്യപ്രധാനമായ ഒരുപാധിയാണ്. അതിനാല്‍ കൃഷി നടത്താനാണ് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. സാമൂഹ്യ ബാധ്യതകളില്‍ പെട്ടതാണത്. ഇമാം ഖുര്‍ത്വുബി(റ) എഴുതി: “കൃഷി സാമൂഹ്യ ബാധ്യതകളില്‍ പെട്ടതാണ്. അതുകൊണ്ട് കൃഷി ചെയ്യാന്‍ ജനങ്ങളെ നിര്‍ബന്ധിപ്പിക്കാന്‍ ഭരണാധികാരി ബാധ്യസ്ഥനാണ്. മരം നട്ടുപിടിപ്പിക്കലും അപ്രകാരം തന്നെ’ (തഫ്സീര്‍ ഖുര്‍ത്വുബി).

“ഭൂമിയിലുള്ളവര്‍ അതില്‍ കൃഷി ചെയ്യട്ടെ, അല്ലെങ്കില്‍ തന്റെ സഹോദരന് കൃഷി ചെയ്യാനായി നല്‍കട്ടെ’ (ബുഖാരി).

ഇബ്നുല്‍ഹാജ്(റ) കൃഷിയെ മറ്റു സാമൂഹ്യ ബാധ്യതകളായ ജോലികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അതിന്റെ കാരണം വ്യക്തമാക്കുന്നു: “കൃഷിയാണ് ജീവിതോപാധികളില്‍ മഹത്തായതും അധികം പ്രതിഫലം ലഭിക്കുന്നതുമായ ജോലി. കാരണം അതിന്റെ ഗുണഫലങ്ങള്‍ കര്‍ഷകനില്‍ മാത്രം ഒതുങ്ങുന്നതല്ല. അവന്റെ മുസ്‌ലിംകളായ സഹോദരന്മാരിലേക്കും അല്ലാത്തവരിലേക്കും പക്ഷികള്‍, മൃഗങ്ങള്‍, പ്രാണികള്‍ തുടങ്ങി എല്ലാറ്റിലേക്കും വ്യാപിക്കുന്നതാണ്. അവയെല്ലാം അവന്റെ കൃഷിയുടെ ഗുണമനുഭവിക്കുന്നു. ഉപകാരമെടുക്കന്നവരെ നിരീക്ഷിച്ചാല്‍ തോന്നുക, അവര്‍ കൃഷി ചെയ്ത് ഭക്ഷിക്കുകയാണെന്നാണ്. ഈ വിധത്തിലാണ് കൃഷിയുടെ ഉപകാരം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ മതനിയമങ്ങള്‍ക്കനുസൃതമായി അത് നടക്കുന്നുവെങ്കില്‍ കൃഷിയേക്കാള്‍ ബറകത്തുള്ളതും വിജയമുള്ളതുമായ ഒരു തൊഴിലും ഇല്ലതന്നെ. ഭൂമിയില്‍ നിലീനമാക്കപ്പെട്ട നിധിയുടെ നിര്‍ധാരണമാണ് കൃഷി. ക്രമംപോലെ അതു നിര്‍വഹിച്ചാല്‍ ബറകത്തുകള്‍ ലഭ്യമാവും. ഗുണങ്ങള്‍ വന്നുചേരും’ (അല്‍മദ്ഖല്‍).

കൃഷി നിലനിര്‍ത്തുന്നതിന് ഭൗതികമായ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനങ്ങള്‍ക്കപ്പുറം അതൊരു പുണ്യകര്‍മമാണെന്ന നിലയില്‍ തന്നെ മുന്നോട്ടുപോകാന്‍ പ്രേരകമാണീ വസ്തുതകളെല്ലാം. ഇതിനുപുറമെ, ഹരിതഭംഗി ആസ്വാദ്യകരവുമാണ്.

വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും ധാന്യക്കതിരും ഫലവൃക്ഷങ്ങളും നല്ലതിനെ ഉപമിക്കാനുപയോഗിച്ചതു കാണാം. സത്യവിശ്വാസിയെ ഈത്തപ്പനയോടുമിച്ചുകൊണ്ട് നബി(സ്വ) നടത്തിയ ഒരുപദേശം ഇമാം ബുഖാരി ഉദ്ധരിച്ചു കാണാം. കലിമത്തുത്തൗഹീദിനെ, സദ്വചനത്തെ, നല്ല വൃക്ഷത്തോടുപമിച്ചത് ഖുര്‍ആനിലുണ്ട് (ഇബ്റാഹിം/24). അല്ലാഹുവിനേറ്റം ഇഷ്ടമുള്ള സദ്കര്‍മവും ഏറെ പ്രതിഫലം ലഭിക്കുന്നതുമായ കാര്യമാണ് സ്വദഖ. അതിന്റെ പ്രതിഫലവും പ്രതിഫലത്തിന്റെ വര്‍ധനവും വ്യക്തമാക്കുന്നതിനായി ധാന്യക്കതിരിനോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത് (അല്‍ബഖറ/21).

സ്വഹാബികളും ശേഷക്കാരുമെല്ലാം ഈ നിര്‍ദേശങ്ങളുടെ അന്തസത്ത മനസ്സിലാക്കി പ്രവര്‍ത്തിച്ചവരാണ്. അബ്ദുറഹ്മാനുബ്നു ഔഫ്(റ) വലിയ സമ്പന്നനായ സ്വഹാബിയാണ്. അദ്ദേഹം തന്റെ തോട്ടത്തില്‍ കൈക്കോട്ടുമായി ചെന്ന് വെള്ളം തിരിക്കാറുണ്ടായിരുന്നു. ത്വല്‍ഹതുബ്നു ഉബൈദില്ല(റ)യാണ് മദീനയില്‍ ഗോതമ്പു കൃഷി ആരംഭിച്ചത് (താരീഖ്ബ്നു അസാകിര്‍).

മുസ്‌ലിം ഖലീഫമാര്‍ അവരുടെ ഭരണകാലത്ത് കാര്‍ഷിക മേഖലാ വികസനത്തിന് നല്‍കിയ സേവനങ്ങള്‍ ചരിത്രപ്രസിദ്ധമാണ്. സ്വന്തം ജീവിതത്തില്‍ തന്നെ കൃഷിയുടെ പുണ്യം നേടാന്‍ അവര്‍ ശ്രമിച്ചു. മൂന്നാം ഖലീഫ ഉസ്മാന്‍(റ) വാര്‍ധക്യ കാലത്തും കൃഷി ചെയ്യുന്നതു കണ്ടപ്പോള്‍ ആളുകള്‍ ചോദിച്ചു: ഈ വയസ്സുകാലത്താണോ കൃഷി ചെയ്യുന്നത്? അദ്ദേഹത്തിന്റെ മറുപടി: ഞാനൊരു നല്ല കാര്യം ചെയ്യുന്നവനായിരിക്കെ അന്ത്യം സംഭവിക്കുകയെന്നത് എനിക്കേറ്റവും ഗുണകരമാണ് (നുസ്ഹതുല്‍ അനാം).

സ്വഹാബിമാര്‍ കൂട്ടുകൃഷിയിലും ഏര്‍പ്പെട്ടിരുന്നു. ഉമാറത്ത്(റ)ന്റെ പിതാവ് ഖുസൈമ(റ)യുമായി ചേര്‍ന്ന് ഉമര്‍(റ) കൃഷി നടത്തുകയുണ്ടായി (ഇബ്നുജരീര്‍). ഖലീഫ മുആവിയ(റ) വാര്‍ധക്യത്തില്‍ കൃഷിയിലേര്‍പ്പെട്ടതു കണ്ട് അത്ഭുതം കൂറിയവരോട് മഹാന്‍ പറഞ്ഞു: മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ സുകൃതങ്ങളെന്തെങ്കിലും ബാക്കി വേണമെന്നല്ലേ. അത് എന്നെ പ്രചോദിപ്പിക്കുന്നു (ഫൈളുല്‍ ഖദീര്‍).

ചുരുക്കത്തില്‍ കൃഷി പുണ്യപ്രവൃത്തിയാണ്; അനിവാര്യവും. അതിനാല്‍ അതിന്റെ നിലനില്‍പിനും സംരക്ഷണത്തിനും വിശ്വാസിയെ സന്നദ്ധനാക്കുന്നു ഇസ്‌ലാം. അതോടൊപ്പം നിശ്ചിത ഇനങ്ങളില്‍ അളവുതികഞ്ഞാല്‍ സകാത്തു നിശ്ചയിക്കുകയും ചെയ്തു. കൃഷി സംബന്ധമായ ഇടപാടില്‍ അരുതായ്മകള്‍ വരാതെ ശ്രദ്ധിക്കുന്നതും ബാധ്യതതന്നെ. പലിശയിലും ചതിയിലും പെടാത്ത വിധമാകണം കൃഷി ഭൂമി വാടകക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതും. കര്‍ഷകന്‍ അതുമായി ബന്ധപ്പെട്ട മതനിയമങ്ങള്‍ പഠിക്കുകയും പാലിക്കുകയും വേണം.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ