ഏതു പ്രദേശത്തിന്റെയും വളർച്ചയും തളർച്ചയും അളക്കുക അവിടത്തുകാരുടെ ജീവിതനിലവാരത്തിനനുസരിച്ചാണ്. ഇസ്‌ലാമികമായി ചിന്തിക്കുമ്പോൾ ഓരോ നാടിന്റെയും മതരംഗവും ധാർമിക പരിസരവുമൊക്കെ വിലയിരുത്തപ്പെടുന്നത് നാട്ടുകാരുടെ ദീനിബോധത്തിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിൻപുറങ്ങളുടെ അവസ്ഥയെന്താണ്? അൽഹംദുലില്ലാഹ്… സമസ്തയുടെയും വിദ്യാഭ്യാസ ബോർഡിന്റെയും എസ്.വൈ.എസ്, എസ്.എസ്.എഫ് പോലുള്ള സംഘടനകളുടെയും മഹല്ല് ജമാഅത്തുകളുടെയുമൊക്കെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൊണ്ട് ഏറെക്കുറെ നാടുകളിലും ഇസ്‌ലാമികാന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ഈ ‘ഏറെക്കുറെ’ കൊണ്ട് പുറത്ത് നിർത്തപ്പെട്ട നാടുകളെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്. ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ചാണ് ഇത്തരം ചർച്ചകൾ പ്രധാനമായും ഉരവം കൊള്ളാറുള്ളത്. ഇന്ത്യ-പാക് വിഭജനാനന്തരം ഇടയന്മാർ നഷ്ടപ്പെട്ട ആട്ടിൻ പറ്റങ്ങളായി യു.പി. മുസ്‌ലിംകൾ. ആ നൊമ്പരം നിലനിൽക്കെ തന്നെ കേരളത്തിലെ സമാന പ്രദേശങ്ങളെക്കുറിച്ച് ചിലതു കുറിക്കാം. മതവിജ്ഞാനം ശരിയാം വിധമെത്താത്തതിനാൽ ഇന്നും ഇരുളിൽ കഴിഞ്ഞുകൂടുന്ന സമുദായാംഗങ്ങളുടെ കഥകൾ വേദനിപ്പിക്കുന്നതാണ്. ദഅ്‌വ യാത്രകളുടെ അനുഭവാടിസ്ഥാനത്തിൽ അക്കഥ നമുക്കു പങ്കിടാം.

ദീനിബോധം കാര്യമായി ഇല്ലാത്ത അതേ സമയം, മുസ്‌ലിം നാമധാരികൾ എമ്പാടുമുള്ള ഗ്രാമത്തിലേക്ക് ഒരു റമളാനിലാണ് ഞങ്ങൾ കടന്നുചെല്ലുന്നത്. ഉൾപ്രദേശത്തെ പള്ളി അന്വേഷിച്ചു കണ്ടെത്തി. ഇമാമും മുഅദ്ദിനും മദ്രസാ മുഅല്ലിമും എല്ലാം കൂടിയായി ഒരേ ഒരാൾ പള്ളിയിലുണ്ട്. ആഗമനോദ്ദേശ്യം അറിയിച്ചപ്പോൾ താമസ സൗകര്യം തരപ്പെടുത്തിത്തന്നു. നോമ്പുതുറ, അത്താഴക്കാര്യങ്ങൾ ചോദിച്ചതുമില്ല, അദ്ദേഹം പറഞ്ഞതുമില്ല.

അവിടത്തുകാരുടെ ജീവിതരീതിയാണ് ഒരു പ്രബോധകൻ ആദ്യമറിയേണ്ടത്. വീടുതോറും കയറിയുള്ള സർവ്വേയാണ് അതിനേറ്റവും ഫലപ്രദമായ മാർഗം. ഓരോ വീട്ടിലേക്കും കയറിച്ചെല്ലുമ്പോൾ പുതിയ പുതിയ അനുഭവങ്ങൾ നമ്മെ വരവേൽക്കും. പാതി കഴിച്ച പ്ലെയ്റ്റുമായി പുറത്തു വരുന്നവർ, ടി.വിക്ക് മുന്നിൽ സംഘം ചേർന്നിരിക്കുന്നവർ, പുകയൂതി പൂമുഖത്തിരിക്കുന്നവർ! വിശുദ്ധ റമളാനിന്റെ പകലുകളിലാണീ ദൃശ്യങ്ങളെന്നോർക്കണം. സ്ത്രീകളും പുരഷൻമാരും ഇതിൽ ഒന്നിനൊന്ന് മെച്ചം. പരദേശികളായ നമ്മൾ അവരോടധികം വാഗ്വാദങ്ങൾക്കു നിൽക്കുന്നത് ആരോഗ്യകരമാവില്ല. പിന്നെ തൊട്ടടുത്ത വീടുകളിലേക്ക് നീങ്ങും.

ചില വീടുകളിൽ വേലിക്കരികിലെത്തിയാൽ പട്ടി കുരച്ചു ചാടും. പട്ടിയെ വളർത്തുന്ന ആ വീട് മുസ്‌ലിംകളുടേതാവില്ലെന്ന് കരുതി തിരിച്ചു പോകാൻ വരട്ടെ. വീട്ടുകാർ പുറത്തു വരുമ്പോൾ പട്ടി കുര നിർത്തും, പേരു ചോദിച്ചാൽ സമുദായാംഗമാണെന്ന് തിരിച്ചറിയാം.

തലമറക്കാത്ത അൽപവസ്ത്രധാരിണികളെക്കണ്ടും പിന്തിരിയരുത്. പേരുവിവരങ്ങൾ ചോദിച്ചാൽ ചരിത്രത്തിലെ സാത്വിക വനിതകളാണെന്നു തോന്നും. വെള്ള വസ്ത്രധാരികളെ കണ്ട് അൽപം പുറകോട്ട് മാറി നിന്ന് അവർ പറയും; ഫാത്തിമ ബീഗം… ഖദീജാ മാമൂൻ… ഭർത്താവ് അല്ലാ പാഷ… കേട്ടാൽ ബഹുമാനിച്ച് എണീറ്റു നിൽക്കാൻ തോന്നുന്ന സുന്ദര നാമങ്ങൾ. മതപരമായി അതിനപ്പുറത്തേക്ക് വലിയൊരു പൂജ്യമാണെന്ന് മാത്രം.

ദിവസങ്ങൾ കൊണ്ട് സർവ്വേ പൂർത്തിയാക്കിയപ്പോൾ ഞങ്ങളത്ഭുതപ്പെട്ടു. കരുതിയതിനെക്കാൾ വീടുകൾ, ഭൂരിഭാഗവും ഗൃഹനാഥരുള്ളവ, എന്നിട്ടും പള്ളിയിൽ നിസ്‌കാരത്തിനെത്തുന്നവരെ വിരലിലെണ്ണാം. പകലിൽ ജോലിക്ക് പോയതാണെന്ന് സമാധാനിച്ച് രാത്രി പള്ളിയിൽ ചെന്നാലോ, സ്വഫ് ഒന്നു തികയില്ല. അൽപം മത ബോധമുള്ള ഒരു ഹാജിയെ കാണാനായി. മറ്റൊരിടത്തു നിന്ന് താമസം മാറിവന്നതാണയാൾ. സംഗതി സൂചിപ്പിച്ചപ്പോൾ ഇപ്പോഴൽപ്പം ഭേദമാണെന്നായി ഹാജി. അദ്ദേഹം ഇവിടെ താമസം തുടങ്ങിയ കാലത്ത് നാട്ടുകാരോട് ‘അസ്സലാമു അലൈക്കും’ എന്നു സലാം പറഞ്ഞാൽ ‘അസ്സലാമു അലൈക്കും’ എന്ന് തന്നെയായിരുന്നുവത്രെ തിരിച്ചും പറഞ്ഞിരുന്നത്. അവിടുന്നൊക്കെ മാറിയില്ലേ എന്ന മനഃസമാധാനത്തിലാണദ്ദേഹം.

നാട്ടിലെ മുതിർന്ന തലമുറ മദ്രസയുടെ പടി കടന്നിട്ടില്ലത്രെ. പിന്നെയെവിടുന്നാണ് നിസ്‌കാരവും നോമ്പും പഠിക്കുക? ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്ത് അന്നൊരു ഷെഡായിരുന്നു. നാട്ടുകാരോട് നിസ്‌കാരത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരൊന്നടങ്കം ‘ഇയാളേതു നാട്ടുകാരനാ’ എന്ന മട്ടിൽ എനിക്കെതിരെ തിരിഞ്ഞുവെന്ന് ഹാജിക്ക. ഇമാമിന്റെ പരിശ്രമം കൊണ്ട് പുതുതലമുറക്കെങ്കിലും മദ്രസാ വിദ്യാഭ്യാസം നൽകാനാവുന്നു. ഒരു നാൾ പള്ളി മുറ്റം നിറയെ ആളുകൾ. ആളുകൾ പെട്ടെന്നു നന്നായി എന്ന് ആശ്വസിക്കാൻ വരട്ടെ. പള്ളിക്കമ്മിറ്റിയിൽ പെട്ട ചിലർ ഒരു പക്ഷത്ത്, പള്ളിയുമായി ഒട്ടും ബന്ധമില്ലാത്ത ചിലരാണ് മറുപക്ഷത്ത് ഇതു വരെ വരിസംഖ്യയൊന്നുമടക്കാത്ത ഒരാൾ മരണപ്പെട്ടിരിക്കുന്നു. പള്ളിയുമായി ഒരു ബന്ധവുമില്ലാത്തയാളെ ശ്മശാനത്തിൽ മറമാടാൻ സമ്മതിക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റിയും. വാഗ്വാദങ്ങൾക്കിടയിൽ അസ്വർ വാങ്കു വിളിച്ചു. വാങ്കിന്റെ ശബ്ദം മറികടക്കുന്ന രൂപത്തിലായി ബഹളം. ഞങ്ങൾ പരസ്പരം നോക്കി. പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ വാങ്കു തീർത്ത് ഇമാം റൂമിലേക്ക് കയറി.

ഒരു വീട്ടിൽ പൂമുഖത്ത് ആയത്തുൽ കുർസിയ്യ് തലതിരിച്ച് തൂക്കിയിരിക്കുന്നു. വീട്ടുടമയോടന്വേഷിച്ചപ്പോൽ ടൗണിൽ പോയപ്പോൾ വാങ്ങിയതാണെന്നു പറഞ്ഞു. അറബി വായിക്കാനറിയാത്തതു കൊണ്ടാണ് തല തിരിഞ്ഞതെന്നു ന്യായവും.

ആ നാടിന്റെ മൊത്തം ദീനി ബോധമളക്കാൻ പള്ളിയിലെ നിസ്‌കാരസമയ ബോർഡ് കണ്ടാൽ മതി. അതിൽ വാങ്കിന്റെ സമയം മാത്രമേ കാണിക്കാറുള്ളൂ. ജമാഅത്തിന് ആളു വരാത്തതിനാൽ ഇഖാമത്തിന്റെ കോളം പൂരിപ്പിക്കാറില്ല. നാട്ടുകാരെ സംബന്ധിച്ചിടത്തോളം അഞ്ചു നേരം വാങ്കു കേട്ടാൽ തന്നെ റാഹത്തായി. ജമാഅത്ത് നടക്കുന്നത് വിരളമാണെന്ന് ഇമാം. അപ്രതീക്ഷിതമായി വല്ല യാത്രക്കാരും വന്നാൽ ജമാഅത്ത് നടക്കും.

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഇവിടെ മിശ്രവിവാഹവും ചാടിപ്പോക്കുമൊന്നും പുതുമയല്ല. മൂന്ന് പെൺമക്കളുണ്ടായിരുന്ന പിതാവിന് ഒന്നിനെക്കൊണ്ടു പോലും സന്തോഷിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അപമാനം കാരണം തലയുയർത്തി നടക്കാൻ പോലുമാവാതായ കഥകൾ കേട്ട് ഞങ്ങൾ നടുങ്ങി. പ്ലസ്ടുവിനും എസ്.എസ്.എൽ.സിക്കും പഠിക്കുന്ന രണ്ട് പെൺകുട്ടികളുടെ മാതാവ് അന്യമതസ്ഥന്റെ കൂടെ നാടു കടന്ന കഥകൂടി കേട്ടപ്പോൾ അണ്ണാക്ക് വരണ്ടു. ഇനി കേൾക്കാൻ വയ്യ… നാട്ടുകാരുടെ ബന്ധങ്ങളെല്ലാം കുരിശാരാധകരോടു മാത്രമാണ്. അവരുടെ ഞായാറാഴ്ച്ച പോലെ നമുക്കും ആഴ്ചയിലൊരിക്കൽ പള്ളിയിൽ വന്നാൽ പോരേ(അഞ്ചു സമയത്തൊക്കെ നിസ്‌കരിക്കേണ്ടതുണ്ടോ?) എന്നാവണവരുടെ അന്വേഷണം.

ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളിലാണ് പുതിയ തലമുറ കളിച്ചുവളരുന്നത്. പകലന്തിയോളം അച്ചായന്റെ തൊട്ടിലിലാണവർ, സിസ്റ്ററവർക്ക് താരാട്ട് പാടിക്കൊടുക്കുകയും പാലുകൊടുത്തുറക്കുകയും ചെയ്യും. പിന്നെങ്ങനെ കുട്ടികൾ സ്‌കൂൾ ഗേറ്റിലെത്തി യേശുവിന്റെ പ്രതിമ കാണുമ്പോൾ കുരിശുവരക്കാതിരിക്കും. വർഷാവർഷം കുട്ടികൾക്ക് കൊടുക്കുന്ന സ്‌കൂൾ ഡയറി പുറം ചട്ട മുതൽ ബൈബിൾ വചനങ്ങളുടെ ഒഴുക്കാണ്. പല വിശുദ്ധ വേഷക്കാരും കുരിശും ചുമന്ന് നിൽക്കുന്ന ബഹുവർണ ചിത്രങ്ങൾ ഇളം മനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം ചില്ലറയൊന്നുമല്ല. വിത്തിറക്കാൻ പാകമായ കുഞ്ഞുവയലേലകൾ സൃഷ്ടിച്ച് തന്ത്രപൂർവം കയ്യടക്കുകയാണിവർ. സ്‌കൂൾ യൂണിഫോമുകളിൽ കുരിശു തയ്പിച്ച വിവാദമൊക്കെ നമ്മൾ മലയാളികൾ അറിഞ്ഞവരാണ്. 7-ാം ക്ലാസുകാരന് ട്യൂഷനെടുക്കാൻ ചെന്ന ഉസ്താദ് ഞെട്ടിയ ഒരനഭുവമുണ്ടായി. മുതിർന്ന കുട്ടിയെ പഠിപ്പിക്കേണ്ടത് നിസ്‌കാരമാണത്രെ. മദ്രസയിൽ രണ്ടാം തരത്തിൽ പഠിക്കേണ്ട നിസ്‌കാരം ഏഴാം തരത്തിലും പഠിക്കാതായതിന്റെ രഹസ്യങ്ങൾ ചികഞ്ഞപ്പോൾ കിട്ടിയ വിവരങ്ങൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുക തന്നെ വേണം. നടേ വിവരിച്ച പോലെ കുരിശിന്റെ കീഴിലാണ് പുള്ളിക്കാരന്റെ സ്‌കൂൾ പഠനം. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന സ്‌കൂളിന് ഏഴു മണിക്ക് ബസ്സ് വരും. മദ്രസയുടെ കാര്യം സ്വാഹ. ഉച്ചക്ക് ളുഹർ നിസ്‌കരിക്കാൻ ക്യാമ്പസിനകത്ത് സൗകര്യമില്ല, ക്യാമ്പസ് വിട്ട് പുറത്ത് പോകാനും പാടില്ല. ഗംഭീരം തന്നെ. ഒന്നാം ക്ലാസ്സ് മുതൽ കുട്ടി ഇങ്ങനെയാണ്. വെള്ളിയാഴ്ച്ചയും ക്ലാസ്സുണ്ട്. ജുമുഅ നിസ്‌കാരം അവൻ കേട്ടിട്ട് പോലുമില്ല. ഇവന്റെ ഒരു കൊച്ചനിയൻ കൂടിയുണ്ടത്രെ അവിടെത്തന്നെ മൂന്നാം ക്ലാസ്സിൽ. രണ്ടു പേരും കുരിശിന്റെ വഴി താണ്ടുകയാണ്.

വീടിന്റെ ചുവരിൽ തുങ്ങിക്കിടക്കുന്ന ക്രിസ്തുവിന്റെ ഫോട്ടോയെക്കുറിച്ച് ചോദിച്ചപ്പോൾ ‘അത് കുട്ടികൾക്ക് സ്‌കൂളിൽ നിന്ന് സമ്മാനം കിട്ടിയതാണെ’ന്ന് മാതാവിന്റെ സിംപിൾ മറുപടി. ചിന്തിക്കാനും ഉണർന്ന് പ്രവർത്തിക്കാനും തന്റേടമുള്ളവരെയാണ് സമൂഹത്തിനാവശ്യം. കഥകൾ ഇവിടെയൊന്നും തീരുന്നതല്ല. തമിഴ്‌നാടിന്റെ ഓരം ചേർന്ന ഒരു ഗ്രാമത്തിൽ ളുഹർ നിസ്‌കാരം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് കാണുന്നത് പള്ളിക്കകത്തു ശിരോവസ്ത്രമണിഞ്ഞൊരു കന്യാസ്ത്രീ. തൊട്ടടുത്ത ചർച്ചിലെ മദറാണത്രെ. മുസ്‌ലിം പെണ്ണുങ്ങൾ തന്നെ കയറാത്ത പള്ളിക്കകത്ത് ശിരോവസ്ത്രം ധരിച്ച സ്ത്രീ, അതും റമളാനിൽ!

സ്വന്തം വിശ്വാസത്തിന്റെ വ്യാപനത്തിനായി ഒരു പെണ്ണ് കാണിച്ച ‘ആണത്ത’മാണ് നമ്മെ അത്ഭുതപ്പെടുത്തേണ്ടത്. കർമ ഗോദയിലിറങ്ങേണ്ടതും. പല കാരണങ്ങളുണ്ടാവാമെങ്കിലും അവിടെയൊക്കെ അടിസ്ഥാന പ്രതിസന്ധിയായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഈ രംഗത്ത് പ്രവർത്തിക്കുന്ന പലർക്കും തുടരാൻ കഴിയാതിരിക്കുകയും പലതും പാതിവഴിയിലവസാനിക്കുകയും ചെയ്യുകയാണ്. എങ്കിൽ പിന്നെ ഇത്രയധികം തുറന്നു കിടക്കുന്ന വാതിലുകളിലൂടെ ആരാണ് അകത്തു കടക്കുന്നത്? പരിശുദ്ധ മതം തിരിമറി ചെയ്യുന്ന പലജാതി പ്രസ്ഥാനക്കാർ തന്നെ!

മദ്യം നമ്മുടെ കേരളത്തിന്റെ ശാപം തന്നെയാണ്. പലയിടങ്ങളിലും വീട്ടുകാരിയെ മാത്രമേ കാണൂ, ഇരുകാലിൽ. വീട്ടുകാരൻ പാതിരയ്ക്കു വരും, നാലുകാലിൽ. നേരത്തെ ഉണർന്ന് അവൻ വേലയ്ക്കു പോവുകയും ചെയ്യും. പിന്നെ നമ്മുടെ വയളുകൾ എങ്ങനെയവന്റെ ചെവിയിലെത്തിക്കുമെന്ന് കണ്ടറിയുക തന്നെ വേണം.

ഇത്തരം പ്രദേശത്തെ മറ്റൊരു വിപത്താണ് ലോട്ടറി. ഒന്നോ രണ്ടോ ടിക്കറ്റെടുത്ത് പോക്കറ്റിലിടൽ മാത്രമല്ല, ലോട്ടറിക്കച്ചവടം തന്നെ മുത്ത് മുഅ്മിനീങ്ങൾ ഏറ്റെടുത്തയിടങ്ങളുണ്ട്. ലോട്ടറിയുടെ മൊത്തവിതരണം പോലും. അത് തെറ്റാണെന്ന് പറഞ്ഞാൽ ഉൾക്കൊള്ളാനാവാത്ത വിധം പാവങ്ങൾ ലയിച്ചു പോയിരിക്കുന്നു.

ഇതുകൂടി കേൾക്കൂ… ചില ദഅ്‌വാ കോളേജ് വിദ്യാർത്ഥികൾ ഒരു നാട്ടിൽ റമളാനിൽ ഫീൽഡ് വർക്കുകൾ നടത്തി, വനിതാ ക്ലാസ്സുകളൊക്കെ സംഘടിപ്പിച്ചു. റമളാനിന് ശേഷമാണവർക്ക് നിസ്‌കാരക്കുപ്പായ സ്‌പോൺസർ ലഭിക്കുന്നത്. അവരത് ഈ നാട്ടിലേക്ക് കൊടുത്തു വിട്ടു. പ്രത്യേക നിർദേശങ്ങളൊന്നും കൊടുക്കാൻ കഴിഞ്ഞതുമില്ല. നാട്ടിലെ നാരികൾ ഓരോരുത്തർക്കോരോന്ന് വീതം അത് വീതിച്ചെടുത്തു. പിന്നെയും മാസങ്ങൾക്ക് ശേഷം അന്വേഷിച്ചപ്പോൾ പെണ്ണുങ്ങൾ പറയുന്നത് ‘ഞങ്ങൾക്കങ്ങനെയൊരു നിസ്‌കാരക്കുപ്പായമേ കിട്ടിയിട്ടില്ലെ’ന്നാണ്. പിന്നെ? ഓരോ വെള്ള മാക്‌സി കിട്ടിയിരുന്നു. അത് വീതി കൂടുതലായത് കൊണ്ട് ഞങ്ങളത് കീറി നിലം തുടക്കാനെടുത്തു. ചിലരത് വെട്ടി മേശ വിരിയാക്കി, വേറെ ചിലർ തലയിണക്കവറാക്കി. ചെറിയൊരു സമയക്കുറവ് കൊണ്ട് വന്ന പാളിച്ചയായിരുന്നുവത്. പിന്നീട് അവർ തന്നെ വേറെ നിസ്‌കാരക്കുപ്പായം കൊണ്ടു വന്ന് വനിതാ ക്ലാസ്സിൽ വെച്ച് അണിഞ്ഞ് നിസ്‌കരിച്ച് കാണിച്ചു കൊടുത്തപ്പോഴാണ് സ്ത്രീകൾ അതിന്റെ ഉപയോഗം പഠിക്കുന്നത് പോലും. ഇവിടെ നിന്നില്ല. പിന്നെയും വിദ്യാർത്ഥികൾ പ്രവർത്തിച്ചു. നിരാശരാവാതിരുന്നു. പിന്നീടാ നാട്ടിലെ സ്ത്രീകൾക്ക് സ്ത്രീകളിലൊരാൾ തന്നെ ഇമാം നിന്നു കൊണ്ടുള്ള തറാവീഹ് നിസ്‌കാരം പരിശീലിപ്പിക്കുകയുണ്ടായി. റമളാനിൽ പോലും മാറാല പിടിച്ചു കിടന്നിരുന്ന പള്ളിയിൽ രണ്ടു സ്വഫ് വരെ ആളുകൾ പങ്കെടുത്ത തറാവീഹ് നടക്കുകയും ചെയ്തു. ഈ സുകൃതങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളുടെ കണ്ണുകൾ നിർവൃതിയോടെ ഈറനണിഞ്ഞിട്ടുണ്ടാവണം. സ്ഥിര ദാഇകൾക്കേ ഈ രംഗത്ത് കൂടുതൽ ശോഭിക്കാനാവൂ. നിരന്തരമായ ദഅ്‌വതിലൂടെ മാത്രമേ അടിയുറച്ച സമുദായം രൂപപ്പെടൂ.

ചോദിക്കട്ടേ വായനക്കാരാ… നിങ്ങൾക്കീ വഴിയിൽ ചെയ്യാൻ ചില കാര്യങ്ങളില്ലേ? താങ്കൾ കാരണം ഒരാളെയെങ്കിലും അല്ലാഹു ഹിദായത്തിലാക്കിയാലുള്ള പ്രതിഫലം അറിയില്ലേ? നിങ്ങൾ സമ്പന്നരാണോ? പ്രവർത്തിയിൽ നിങ്ങൾക്ക് സഹായം ചെയ്യാം. നിങ്ങൾ ഒരു മഹല്ല് ഖത്തീബാണോ? നിങ്ങളുടെ പള്ളിയിലെ ഒരു വെള്ളിയാഴ്ച്ചത്തെ പിരിവു സംഖ്യ സംഘടിപ്പിച്ചു തരികയെങ്കിലും ചെയ്യാം.

ജാബിർ സഖാഫി പൂനൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ