കൊട്ടപ്പുറം സംവാദത്തില്‍ സുന്നീ നേതാക്കള്‍, പ്രത്യേകിച്ച് കാന്തപുരം ഉസ്താദ് ആവര്‍ത്തിച്ച് ഉന്നയിച്ചതും മുജാഹിദ് മൗലവിമാര്‍ ഉത്തരം പറയാനാവാതെ വിഴുങ്ങിയതുമായ ഒരു പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സംവാദത്തിന്‍റെ മുപ്പതാം ആണ്ടാഘോഷിക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. ശിര്‍ക്കിന്‍റെ നിര്‍വചനമെന്താണ് എന്ന ആ ചോദ്യത്തിനു നിവാരണം കാണാനാവാതെ ഇപ്പോഴും മുജാഹിദുകള്‍ ഒളിച്ചുകളിക്കുകയാണ്. തൗഹീദിനും ശിര്‍ക്കിനും വേണ്ടി അന്ന് ഒന്നിച്ചു വാദിച്ചിരുന്ന മൗലവിമാര്‍ അതേ കാര്യങ്ങളുടെ പേരില്‍ പരസ്പരം മുശ്രിക്കുകളാക്കുന്ന തിരക്കിലാണിപ്പോള്‍.
മനുഷ്യകഴിവില്‍ പെടാത്തത് സൃഷ്ടികളോടു ചോദിക്കല്‍ അന്ന് ശിര്‍ക്കായിരുന്നുവെങ്കില്‍ ഇന്നതിന് പല പരിഷ്കാരങ്ങള്‍ വന്നിരിക്കുകയാണ്. ജിന്ന്, ശ്വൈാന്‍, മലക്ക് പോലുള്ള അദൃശ്യ ശക്തികളോട് സഹായാര്‍ത്ഥന നടത്തല്‍ കൊട്ടപ്പുറക്കാലത്ത് തനി ശിര്‍ക്കായിരുന്നുവെങ്കില്‍ ഇന്നത് തൗഹീദിന്‍റെ ജീവല്‍ഘടകമായിത്തീര്‍ന്നിരിക്കുന്നു. സിഹ്ര്‍ ബാധ വിശ്വസിച്ചാല്‍ മുശ്രിക്കാവുമെങ്കില്‍ കൊട്ടപ്പുറാനന്തരം അത് ശിര്‍ക്കല്ലെന്നു മാത്രമല്ല, തൗഹീദിന്‍റെയും സുന്നത്തിന്‍റെയും മൗലികമായ ജൈവഘടകം തന്നെയായിരിക്കുന്നു. നിരന്തരമായ ആദര്‍ശ വ്യതിയാനം സംഭവിക്കുകയും അത് പരസ്പരം വാരിയെറിഞ്ഞ് സമൂഹമധ്യത്തില്‍ ഇളിഭ്യരാവുകയും ചെയ്തിരിക്കുകയാണ് മുജാഹിദ് മൗലവിമാര്‍. എന്തുകൊണ്ട് ഈ അപചയമെന്ന അന്വേഷണം മുജാഹിദ് തൗഹീദും ശിര്‍ക്കും സംബന്ധിച്ചുള്ള വികൃത ദര്‍ശനങ്ങളെ അടുത്തറിയല്‍ അനിവാര്യമാക്കുന്നുണ്ട്.
തൗഹീദ് എന്നാല്‍
അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹും (ആരാധ്യനും) ഇല്ലെന്നുള്ള വിശ്വാസത്തിനാണ് തൗഹീദ് എന്ന് പറയുന്നത്. ഭാഷാപരമായി തൗഹീദിന് ഏകനാക്കുക എന്നാണര്‍ത്ഥം. അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തിന്‍റെയും ഉപദ്രവത്തിന്‍റെയും സാക്ഷാല്‍ ഉടമസ്ഥനും ആദ്യാന്ത്യരഹിതനും സര്‍വ്വശക്തനും അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകന്‍ മാത്രമാണെന്നും അവനു മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളിത്തമോ പ്രേരണയോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്നും ആവശ്യമില്ലെന്നും ഉണ്ടാവാന്‍ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മറ്റൊരു സ്രഷ്ടാവില്ലെന്നും ഉണ്ടാകാന്‍ പാടില്ലെന്നും അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ, മറ്റാരെയും ആരാധിച്ചുകൂടെന്നുമുള്ള വിശ്വാസം മുഖേന അല്ലാഹുവിനെ ഏകനാക്കുക എന്നതത്രെ അതിന്‍റെ വിവക്ഷ.
ശിര്‍ക്ക് വരുന്നതെങ്ങനെ?
ഏകനാക്കുക എന്ന തൗഹീദിന്‍റെ നേര്‍ വിപരീതമാണ് പങ്കുചേര്‍ക്കുക എന്നര്‍ത്ഥം വരുന്ന ശിര്‍ക്ക്. അഥവാ അല്ലാഹുവിനു തുല്യമായതോ കീഴിലുള്ളതോ ആയ മറ്റ് ഇലാഹോ ഇലാഹുകളോ ഉണ്ടെന്ന് വിശ്വസിക്കല്‍ എന്നാണിതിന്‍റെ സാങ്കേതികാര്‍ത്ഥം. ആരാധനക്കര്‍ഹന്‍ (ഇലാഹ്) ഒന്ന് മാത്രമേയുള്ളൂ എന്നത് തൗഹീദും ഒന്നിലധികം ഇലാഹ് (ആരാധനക്കര്‍ഹര്‍) ഉണ്ടെന്ന വിശ്വാസം ശിര്‍ക്കുമാണ്.
ആരാധന
തൗഹീദിന്‍റെയും ശിര്‍ക്കിന്‍റെയും അര്‍ത്ഥം ഗ്രഹിക്കാന്‍ ആരാധന (ഇബാദത്ത്) യുടെ അര്‍ത്ഥം അറിയല്‍ ആവശ്യമാണ്. പണ്ഡിതന്മാര്‍ അതിനു നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്: അങ്ങേയറ്റത്തെ താഴ്മ. എല്ലാ താഴ്മയും ഇബാദത്തല്ല. ഉമ്മയോടും ഉസ്താദുമാരോടും താഴ്മ കാണിക്കേണ്ടവരാണ് നാം. അത് അവര്‍ക്ക് ഇബാദത്തല്ലല്ലോ. അപ്പോള്‍ താഴ്മ ഇബാദത്താവുന്നതും അല്ലാത്തതും ഉണ്ട്. താഴ്മ എപ്പോഴാണ് ആരാധന (ഇബാദത്ത്) ആവുകയെന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം അല്‍മനാറില്‍ പറഞ്ഞത് ഇവിടെ കുറിക്കട്ടെ: അങ്ങേയറ്റത്തെ അനുസരണവും താഴ്മയും അടിമത്വവുമൊക്കെത്തന്നെയും ഇബാദത്തും തൗഹീദിനു വിരുദ്ധവുമായിത്തീരണമെങ്കില്‍ അതിന്‍റെ പിന്നില്‍ ദിവ്യത്വ സങ്കല്‍പ്പവും തദനുസാരമുള്ള വിശ്വാസവും കൂടി ഉണ്ടായിരിക്കണമെന്ന് വരുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ പല ശൈലികളില്‍ ഇത് നിബന്ധനയായി അംഗീകരിച്ചതായി കാണാം. (അല്‍ മനാര്‍ 1988 ജനു, പേ: 5).
ദിവ്യത്വ സങ്കല്‍പ്പം ഇബാദത്തിനു ഒരു നിബന്ധനയായി അംഗീകരിക്കുമ്പോള്‍ എന്താണ് ദിവ്യത്വം എന്നറിയേണ്ടതുണ്ട്. അമാനി മൗലവി അതിനു നല്‍കിയ വിശദീകരണം ഇങ്ങനെയാണ്: ദിവ്യത്വം കല്‍പ്പിക്കപ്പെടുക അഥവാ ആ മഹാത്മാക്കളിലോ അല്ലെങ്കില്‍ ആ വസ്തുക്കളിലോ അല്ലാഹു അവതരിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അവന്‍റെ ഏതെങ്കിലും ഒരു ഗുണം അവതരിച്ചിട്ടുണ്ടെന്നും കരുതുക. (അമാനി പരിഭാഷ 3431). ഇവ്വിധം ദിവ്യത്വം കല്‍പ്പിച്ചാല്‍ മാത്രമാണ് വണക്കം, വിനയം ഒക്കെ ആരാധനയാവുക എന്നു സാരം.
പ്രാര്‍ത്ഥനയും സഹായാര്‍ത്ഥനയും
അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നവരാണ് സുന്നികള്‍ എന്ന് പറയുന്നവരാണ് മൗലവിമാര്‍. ദുആ എന്നതിന്‍റെ ശരിയായ നിര്‍വചനം മനസ്സിലാക്കിയാല്‍ ഇതൊരു പച്ചയായ ആരോപണമാണെന്ന് ബോധ്യപ്പെടും. ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍ അല്‍ മനാറില്‍ തന്നെ വന്നിട്ടുണ്ട്. അതിങ്ങനെയാണ്:
പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). അല്ലാഹു അല്ലാത്തവരോട് നടത്തുന്ന സഹായാര്‍ത്ഥന പിന്നെ ഏതര്‍ത്ഥത്തിലാണ് പ്രാര്‍ത്ഥനയാവുക.
ഇപ്പോള്‍ തൗഹീദ്, ശിര്‍ക്ക്, ആരാധന, പ്രാര്‍ത്ഥന തുടങ്ങിയ സാങ്കേതിക പദങ്ങള്‍ ശരിയാം വണ്ണം നാം മനസ്സിലാക്കി. അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും, അല്ലാഹുവിന്‍റെ ഒരു സ്വിഫത്തും (വിശേഷണം) മറ്റാരിലെങ്കിലും അവതരിക്കില്ലെന്നും അല്ലാഹു അല്ലാത്ത ഒരാളും ഒരനുഗ്രഹത്തിന്‍റെയും ഉപകാരത്തിന്‍റെയും സാക്ഷാല്‍ ഉടമസ്ഥരല്ലെന്നും വിശ്വസിക്കുന്ന ഒരു മുസ്ലിം അല്ലാഹുവില്‍ നിന്നുള്ള സഹായ ലബ്ധിക്ക് കാരണമെന്ന നിലക്ക് മരുന്ന്, മന്ത്രം, ഭക്ഷണം കഴിക്കല്‍, തവസ്സുല്‍, ഇസ്തിഗാസ, തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ ഒരിക്കലും തൗഹീദിനെതിരല്ല. കാരണം അല്ലാഹുവും നബി(സ്വ)യും നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും വിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവനാണല്ലോ തഖ്വയുള്ള മനുഷ്യന്‍.
മുജാഹിദ് തൗഹീദിന്‍റെ വളഞ്ഞവഴി
മുജാഹിദ് ആദര്‍ശത്തിന് കേരളത്തില്‍ തുടക്കം കുറിക്കുന്നത് 1921നു ശേഷമാണ്. വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയാണിതിന്‍റെ തുടക്കക്കാരന്‍. ബുദ്ധിക്ക് യോജിക്കാത്ത കാര്യങ്ങള്‍ സ്വീകാര്യമല്ലെന്നത് ആദര്‍ശമായി സ്വീകരിച്ച് ഇസ്ലാമിന്‍റെ ആത്മീയ വശങ്ങളെ ചോദ്യം ചെയ്ത് രംഗത്തുവന്ന ഈജിപ്തുകാരന്‍ റശീദുരിളയാണ് വക്കം മൗലവിയുടെ മാതൃക. റശീദുരിളയുടെ അല്‍മനാര്‍ വായിച്ചാണത്രെ അദ്ദേഹം പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.
ബുദ്ധിക്ക് യോജിക്കാത്തത് സ്വീകാര്യമല്ലെന്നത് ആദര്‍ശമായി സ്വീകരിക്കുമ്പോള്‍ ആത്മീയ സ്വഭാവങ്ങളെ കൈവെടിയേണ്ടിവരും. മന്ത്രം, തബര്‍റുക്, ഉറുക്ക്, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, ഇസ്തിഗാസ, തവസ്സുല്‍.. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ എങ്ങനെ ഫലം ചെയ്യുന്നു എന്നറിയാത്തതിനാല്‍ സ്വീകാര്യമല്ലെന്നും അത് തൗഹീദിനു വിരുദ്ധമാണെന്നും വാദിക്കാന്‍ ചിലര്‍ രംഗത്തുവന്നു. എന്നാല്‍ ഇമാമുകള്‍ പഠിപ്പിച്ച തൗഹീദ് ഇതുള്‍ക്കൊള്ളാന്‍ വിശാലമായിരുന്നു. അവര്‍ മന്ത്രിച്ചിരുന്നു, തബര്‍റുക്, ഇസ്തിഗാസ, തവസ്സുല്‍ എല്ലാം അവര്‍ മാതൃക കാണിച്ചു തന്നതുമാണ്. പഴയ തൗഹീദും പുതിയ ആദര്‍ശവും പൊരുത്തപ്പെടില്ലെന്ന് കണ്ടപ്പോള്‍ മൗലവിമാര്‍ പുതിയ തൗഹീദിനു രൂപം കൊടുത്തു.
തൗഹീദിന്‍റെ നവമാനം
അല്ലാഹു അല്ലാതെ ഇബാദത്തിന്നര്‍ഹനായി മറ്റാരുമില്ല. ഇതാണല്ലോ കലിമത്തുതൗഹീദ്. ഇത് പ്രത്യക്ഷത്തില്‍ മാറ്റം വരുത്താതെ ഇബാദത്ത് (ആരാധന) എന്ന സാങ്കേതിക പദത്തിന്‍റെ ഉദ്ദേശ്യത്തില്‍ മാറ്റം വരുത്തി. അതിങ്ങനെയാണ്. അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്തുകൊണ്ട് താഴ്മ കാണിക്കല്‍ ആരാധനയാണ് (ഫാതിഹയുടെ തീരത്ത് 91)
ദുആ എന്ന സാങ്കേതിക പ്രയോഗത്തെ ഇങ്ങനെ തിരുത്തിയെഴുതി: മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സഫലീകരിച്ചുതരാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്. (സ്വഭാവ പാഠങ്ങള്‍ മൂന്നാം ക്ലാസ്, കെ.എന്‍.എം).
ഈ പുതിയ നിര്‍വചനത്തിന്‍റെ അരികുപറ്റിയാണ് സുന്നികള്‍ ചെയ്തുവരുന്ന ഇസ്തിഗാസ പോലുള്ള കാര്യങ്ങള്‍ മൗലവിമാര്‍ തൗഹീദിനു വിരുദ്ധമായി എണ്ണിയത്. എന്നാല്‍ ഈ നിര്‍വചനം ആദ്യമായി പഠിപ്പിച്ചത് റശീദുരിളയാണെന്ന് മൗലവിമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇബാദത്തിനു നിര്‍വചനമായി നാം പറയാറുള്ളത് ഇന്ന് പിളര്‍പ്പന്മാര്‍ക്ക് അസ്വീകാര്യനായ ഇമാം റശീദുരിളാ തന്‍റെ തഫ്സീറില്‍ പറഞ്ഞ അഭിപ്രായമാണ്. ഈ നിര്‍വചനം സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും പറഞ്ഞത് നമുക്ക് ഉദ്ധരിക്കുവാന്‍ സാധ്യമല്ല. (അല്‍ ഇസ്വ്ലാഹ്)
മറഞ്ഞവഴിയുടെ സ്വകാര്യം
പുതിയ നിര്‍വചനത്തില്‍ അടിസ്ഥാനമായി സ്വീകരിച്ചത് അദൃശ്യമാവുക എന്നതാണ്. അഭൗതികം, മനുഷ്യ കഴിവിനപ്പുറം, മറഞ്ഞ വഴി എന്നെല്ലാം വിവിധ പദങ്ങള്‍ അവര്‍ ഇതിന് ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുദ്ദേശിക്കുന്നതിതാണ്: മനുഷ്യ കഴിവിന് അതീതമായ പ്രശ്നങ്ങളില്‍ മറഞ്ഞ വഴിയിലൂടെ എങ്ങനെ സഹായം ലഭിക്കുന്നുവെന്നറിയാതെ ഏതു സഹായവും എത്തിക്കുവാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. (വിശ്വാസ കാര്യങ്ങള്‍ പേ: 298).
ലോകത്തൊരു ഇമാമും ആരാധനക്കും പ്രാര്‍ത്ഥനക്കുമിത്തരമൊരു നിര്‍വചനം നല്‍കിയിട്ടില്ല. അവരെല്ലാം മറഞ്ഞ മാര്‍ഗത്തിലൂടെ സഹായം ലഭിക്കാന്‍ വേണ്ടി ഇസ്തിഗാസ ചെയ്തവരും മറഞ്ഞ മാര്‍ഗത്തിലൂടെ സഹായം ലഭിക്കുന്ന ആത്മീയ ചികിത്സകള്‍ നടത്തിയവരും അതംഗീകരിച്ചവരുമാണ്.
മൗലവിമാരുടെ ഈ പിഴച്ച ആദര്‍ശത്തെ തെളിവിന്‍റെ പിന്‍ബലത്തോടെ സുന്നികള്‍ ഖണ്ഡിച്ചു. തബര്‍റുക്കിന്‍റെയും മന്ത്രത്തിന്‍റെയും ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് ചോദിച്ചു: സഹായ രൂപം എങ്ങനെയെന്ന്. വിജനമായ വഴിയില്‍ വഴിയറിയാതെ പ്രയാസപ്പെടുമ്പോള്‍ യാ ഇബാദല്ലാഹ് എന്ന് വിളിച്ച് സഹായം തേടാന്‍ നബി(സ്വ) പഠിപ്പിച്ചു. ഇതനുസരിച്ച് അഹ്മദുബ്നു ഹമ്പല്‍(റ), ഇമാം നവവി(റ)യെ പോലുള്ളവര്‍ അമല്‍ ചെയ്തു. സഹായ രൂപം അറിയാത്തതിനാല്‍ ഇവര്‍ മതത്തിനു പുറത്താകുമോ? മഖ്ബറയില്‍ ഉദ്ദ്യേ സഫലീകരണത്തിനു പോകാറുള്ള ഇമാം ശാഫിഈ (റ) മതത്തിനു പുറത്താണോ? ഇസ്തിഗാസ അംഗീകരിച്ചു ഫത്വ നല്‍കിയ ഇമാം റംലി, ഇമാം സുബ്കി(റ) തുടങ്ങിയ ഇമാമുകള്‍, ഇമാം ബുഖാരി(റ)യുടെ റിപ്പോര്‍ട്ടര്‍മാരില്‍ പെട്ട ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ദ്യേം സഫലീകരിക്കാന്‍ റൗളയില്‍ നബി(സ്വ)യുടെ ഖബറിനോട് സഹായം തേടി കാര്യം സാധിച്ചെടുക്കും. സഹായ വഴി അറിയാത്ത കാരണത്താല്‍ ഇവരെല്ലാം മതത്തിനു പുറത്തോ?
സംവാദങ്ങള്‍, ഖണ്ഡനങ്ങള്‍ പലതും നടന്നു. നൂറ്റാണ്ട് തികയും മുമ്പ് തന്നെ മുജാഹിദ് മൗലവിമാര്‍ക്ക് പിഴച്ച ആദര്‍ശത്തെ വലിച്ചെറിയേണ്ടിവന്നു. കൊട്ടപ്പുറം സംവാദവും അതിലുയര്‍ന്ന തൗഹീദ്ശിര്‍ക്ക് വിശദീകരണങ്ങളും ഇതിനു കാരണമായി.
കൊട്ടപ്പുറം സംവാദത്തിലെ പ്രധാന ചോദ്യം ശിര്‍ക്കിന്‍റെ നിര്‍വചനം എന്ത് എന്നതായിരുന്നല്ലോ. ശിര്‍ക്കിനു ഇമാമുമാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്നും വ്യതിചലിച്ചതാണ് മൗലവിമാര്‍ക്ക് പിണഞ്ഞ അബദ്ധം എന്നു മനസ്സിലാക്കിയതുകൊണ്ടാണ് എപി ഉസ്താദ് ഈ ചോദ്യം ഉയര്‍ത്തിയത്. ഇത് ചില മൗലവിമാരെയെങ്കിലും ചിന്തിപ്പിച്ചു എന്നതാണ് വര്‍ത്തമാനകാല സാഹചര്യം നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ശിര്‍ക്കും തൗഹീദും വേര്‍തിരിക്കാന്‍ എപി അബ്ദുല്‍ഖാദിര്‍ മൗലവിയടക്കം കഴിഞ്ഞകാല സംവാദങ്ങളിലെല്ലാം മാനദണ്ഡമാക്കിയ അഭൗതികത്തിലാണ് മൗലവിമാര്‍ ഇപ്പോള്‍ പരസ്പരം ഭിന്നിച്ചിരിക്കുന്നത്. അഥവാ, എപ്പോഴാണ് ഒരു സഹായാര്‍ത്ഥന ശിര്‍ക്കാവുന്നത്, അതിന്‍റെ മാനദണ്ഡമെന്ത്?
കൊട്ടപ്പുറത്തും അതിനുമുന്പും മൗലവിമാര്‍ അഭൗതികം വിശദീകരിച്ചതിങ്ങനെ:
ജീവിച്ചിരിക്കുന്നവര്‍ കാഴ്ചയുടെയും കേള്‍വിയുടെയും പരിധിയിലാണെങ്കില്‍ ചോദ്യം ഭൗതികം, അഥവാ കാര്യകാരണ ബന്ധത്തില്‍ പെട്ടത്. പരിധിയില്‍ പെടാത്തതാണെങ്കില്‍ കാര്യകാരണ ബന്ധത്തില്‍ പെടാത്തത് (വാദപ്രതിവാദങ്ങളിലൂടെ, പേ 90). പടച്ചവനേ, കഞ്ഞിയിലിടാന്‍ ഉപ്പുതരണേ എന്നു പറയുന്നത് പടച്ചവന്‍ ഉപ്പിന്‍ചാക്കുമായി വരുമെന്ന വിചാരത്തോടു കൂടിയല്ല. അത് അദൃശ്യമായ രീതിയില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് സഹായം (അതേ പുസ്തകം, പേ 81). സാധാരണ സ്വഭാവമില്ലാത്ത ഏതു സഹായ പ്രതീക്ഷയും തേട്ടവും പ്രാര്‍ത്ഥനയാണ് (പേ 97).
ജീവിച്ചിരിക്കുന്നവരുടെ കാഴ്ച, കേള്‍വിക്ക് പുറത്തുള്ളതും നമുക്കറിയാത്ത മാര്‍ഗത്തിലൂടെ ലഭിക്കുന്നതും അഭൗതികമാണെന്നും ഇത് അല്ലാഹു അല്ലാത്തവരില്‍ നിന്ന് പ്രതീക്ഷിക്കല്‍ ശിര്‍ക്കാണ് എന്നുമാണല്ലോ ഇപ്പറഞ്ഞതിന്‍റെ ഉദ്ദേശ്യം. ഈ വിശദീകരണത്തെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടാണ് പുതിയ സംവാദവീരന്മാര്‍ രംഗത്തുവന്നത്. ഇത് മൗലവിമാര്‍ക്കിടയില്‍ ഭിന്നതക്ക് വേഗം കൂട്ടി. മൗലവിമാരുടെ പുതിയ ഭൗതികാഭൗതിക വിശദീകരണം ഇങ്ങനെയാണ്:
ഭൗതികാഭൗതികങ്ങളെ വേര്‍തിരിക്കാന്‍ മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതു വിധേയമാകുന്നുവോ ഇല്ലയോ എന്നതിനെ മാത്രം മാനദണ്ഡമാക്കിയാല്‍ സംഭവിക്കുക മനുഷ്യന് അഭൗതികമായത് കോഴികള്‍ക്കും നായ്ക്കള്‍ക്കും കഴുതകള്‍ക്കും അഭൗതികമാകാതെ പോകുന്നു എന്നതായിരിക്കും. സ്ഥലകാല സാഹചര്യങ്ങള്‍ക്കും സമയങ്ങള്‍ക്കും സൃഷ്ടികളുടെ അവസ്ഥക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് അഭൗതികത എന്നാണു വരിക. അതുകൊണ്ടുതന്നെ കെസി മൗലവി വെച്ചിട്ടുള്ള മാനദണ്ഡം അബദ്ധമാണ്. അഭൗതികമെന്നാല്‍ സൃഷ്ടിലോകത്തിന് അതീതമായ കാര്യമാണ്. അഭൗതിക ശക്തിയായി അല്ലാഹു മാത്രമേയുള്ളൂ….. അഭൗതികമായ കഴിവുകള്‍ ഒരു സൃഷ്ടിക്കുമില്ല. അങ്ങനെയുണ്ടെന്ന് വിശ്വസിക്കുന്നതു തന്നെ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണ് എന്നാണ് മുജാഹിദുകള്‍ ഇക്കാലം വരെ പഠിപ്പിച്ചുപോന്നത്. മലക്ക്, ജിന്ന്, തുടങ്ങിയ സൃഷ്ടികള്‍ അഭൗതിക സൃഷ്ടികളാണെന്ന് പറയുന്നതോടെ (കെഎന്‍എം വാദം) അവയുടെ പ്രവര്‍ത്തനങ്ങളും അഭൗതികമെന്ന് പറയേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അല്ലാഹു നിയോഗിച്ച ഹഫളതിന്‍റെ മലക്കുകളുടെ കാവല്‍ തനിക്കുണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നതും ജിന്നുവര്‍ഗത്തിലെ നിഷേധികളായ പിശാചുക്കള്‍ മനുഷ്യ മനസ്സില്‍ ദുര്‍ബോധനങ്ങളുണ്ടാക്കുന്നു എന്ന വസ്തുത അംഗീകരിക്കലുമൊക്കെ അവയുടെ അഭൗതിക സ്വാധീനമാണെന്നു പറയേണ്ടിവരും. അങ്ങനെയാകുമ്പോള്‍ അഭൗതികമായി സ്വാധീനിക്കാനുള്ള ശക്തിയും അധികാരവും അല്ലാഹുവിന് മാത്രമേയുള്ളൂവെന്ന വിശ്വാസത്തില്‍ മലക്കിനെയും ജിന്നിനെയും കൂട്ടിച്ചേര്‍ക്കലായി. അഥവാ ശിര്‍ക്ക് സംഭവിച്ചു (അല്‍ഇസ്വ്ലാഹ്, മാര്‍ച്ച് 2013, പേ 19).
കഴിഞ്ഞകാല സംവാദങ്ങളില്‍ മൗലവിമാര്‍ ശിര്‍ക്കിനു നല്‍കിയ നിര്‍വചന മാനദണ്ഡം അബദ്ധമാണെന്നും പച്ചയായ ശിര്‍ക്കാണെന്നും വാദിച്ച് പുതിയ മൗലവിമാര്‍ പഴയ കൊട്ടപ്പുറം സംവാദത്തിനു നേതൃത്വം വഹിച്ച മൗലവിമാരായ എപി അബ്ദുല്‍ഖാദിര്‍ മൗലവി, സിപി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി, സലാം സുല്ലമി തുടങ്ങിയവര്‍ക്ക് എന്താണ് ശിര്‍ക്ക്, അഭൗതികം എന്നു പഠിപ്പിക്കുന്ന രംഗം കൊട്ടപ്പുറത്തെ സുന്നീ വിജയത്തിന്‍റെ തിളക്കമാണ്. സലാം സുല്ലമിയുടെ വാദപ്രകാരം ചെറിയമുണ്ടവും സിപി ഉമര്‍ സുല്ലമിയും മുശ്രിക്കുകളുടെ പട്ടികയിലാണെന്ന് കൂടി അറിയുമ്പോള്‍ തിളക്കം വര്‍ധിക്കുകയാണ്.
അങ്ങനെ പഴയ തൗഹീദില്‍ നിന്നും ജംഇയ്യത്തുല്‍ ഉലമ അംഗം സകരിയ്യ സ്വലാഹി രാജിവെച്ച് തൗബ ചെയ്തതിങ്ങനെയാണ്:
സുഹൃത്തുക്കളേ, ഞമ്മളൊക്കെ മുന്പിതു പറഞ്ഞിരുന്നു. ഈ സലാം സുല്ലമി ഞങ്ങളെ പഠിപ്പിച്ചതെന്താന്നറിയോ, മറഞ്ഞ മാര്‍ഗത്തിലൂടെ സഹായിക്കാന്‍ അല്ലാക്ക് മാത്രമേ സാധിക്കുകയുള്ളൂ, അതുകൊണ്ട് സിഹ്റ് മുഖേന നമ്മള്‍ സഹായിക്കുമെന്ന് വിചാരിച്ചാല്‍ തെറ്റാണ്. ഞാനൊക്കെ കൊറെക്കാലം അത് വിശ്വസിച്ച് പ്രസംഗിച്ച് നടന്നിരുന്നു. അല്ലാഹു പൊറുത്തുതരട്ടെ. ഞാനിപ്പം പ്രാര്‍ത്ഥിക്കാണ്, ഇയാളെ കെണീന്ന് ഇസ്ലാഹീ പ്രസ്ഥാനം രക്ഷപ്പെട്ടല്ലോ (സകരിയ്യയുടെ പ്രസംഗം).
അല്ലാഹുവിനു മാത്രം കഴിയുന്നതാണ് അഭൗതികമെന്നും സൃഷ്ടികള്‍ക്ക് കഴിയുന്നത് ഒരിക്കലും അഭൗതികമല്ല ഭൗതികമാണ് എന്നുമാണ് സ്വലാഹിയുടെ പക്ഷം. അപ്പോള്‍ സൃഷ്ടികളായ ആത്മാക്കളില്‍ നിന്ന് സഹായം പ്രതീക്ഷിക്കല്‍ അഭൗതിക സഹായം പ്രതീക്ഷിക്കലല്ലെന്നും അതിനാല്‍ അത് ശിര്‍ക്കല്ലെന്നും മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നും വരില്ല. പ്രത്യേകിച്ച്, മലക്കുകളുടെ പദവിയിലാണ് ആത്മാക്കള്‍ എന്ന ഇബ്നു തൈമിയ്യയുടെ ഫത്വയും ആത്മാക്കളുടെ തഅ്സീറിനെക്കുറിച്ചുള്ള ഇബ്നുല്‍ ഖയ്യിമിന്‍റെ പഠനവുമെല്ലാം സ്വലാഹി ഒന്ന് പഠിക്കട്ടെ. സഹായവഴി അറിയുക എന്ന പഴയകാല മാനദണ്ഡം ശരിയല്ലെന്ന് സ്വലാഹിയുടെ സഹായി ജബ്ബാര്‍ മൗലവിയും തുറന്നെഴുതിയിട്ടുണ്ട്:
അവര്‍ (ജിന്ന്, മലക്ക്) എങ്ങനെയാണ് സഹായിക്കുകയെന്ന് സാധാരണ മനുഷ്യന് അറിയില്ല. മറുപടി: അവരുടെ സഹായം എങ്ങനെയാണെന്ന് അറിയേണ്ട ആവശ്യം നമുക്കില്ല.
ചോദ്യം: അപ്പോള്‍ ഈ സഹായ തേട്ടം മറഞ്ഞ വഴിയില്‍ കൂടി ഉപകാരം പ്രതീക്ഷിച്ച് കൊണ്ടുള്ളതാകയാല്‍ ഇത് ശിര്‍ക്കിന്‍റെ ഗണത്തില്‍ പെടുകയില്ലെന്ന് തെളിയിക്കാന്‍ കഴിയുമോ? മറുപടി: ശിര്‍ക്കിന്‍റെ ഒരു കാരണവും അതിലില്ല. അതുകൊണ്ട് അത് ശിര്‍ക്കുമല്ല. മറഞ്ഞ വഴിയെന്നാല്‍ നമുക്ക് കാണാന്‍ കഴിയാത്തത്, എങ്ങനെയാണെന്ന് നമുക്കറിയാത്തത് തുടങ്ങിയവയാണെന്ന് ഈ ലേഖകന്‍ മനസ്സിലാക്കിയിട്ടില്ല (ഇസ്വ്ലാഹ് 2009 ജൂണ്‍)
അഭൗതികമെന്നാല്‍ നമുക്കറിയാത്ത മാര്‍ഗത്തിലുള്ള സഹായം എന്നല്ല എന്നു വരുമ്പോള്‍ മുമ്പ് ശിര്‍ക്കായ പലതും തൗഹീദായി വരും. മന്ത്രം, ഉരുക്ക്, സിഹ്റ് ഫലിക്കല്‍, കണ്ണേറ്, ജിന്നിനോടും മലക്കിനോടും സഹായം തേടല്‍, ഇസ്തിഗാസ, തബര്‍റുക് അങ്ങനെ പലതും. ഇതെല്ലാം ശിര്‍ക്കിന്‍റെ പട്ടികയില്‍ പെട്ടുപോയത് അറിയാത്ത വഴിക്ക് സഹായം പ്രതീക്ഷിക്കുന്നു എന്ന മാനദണ്ഡമടിസ്ഥാനപ്പെടുത്തിയായിരുന്നല്ലോ. മറഞ്ഞ വഴി എന്നാല്‍, നമുക്കറിയാത്ത വഴി എന്നല്ല എന്ന് പഠിപ്പിക്കുന്ന ജബ്ബാര്‍ മൗലവിയും നമുക്കറിയാത്ത വഴി എന്നാണെന്ന് പഠിപ്പിക്കുന്ന അബ്ദുല്‍ ഹഖ് സുല്ലമിയും ഒരേ ഗ്രൂപ്പിലാണ് എന്നത് മറ്റൊരു പിളര്‍പ്പിന് ആക്കം കൂട്ടുന്നുണ്ട്.
വിശ്വാസ കര്‍മ കാര്യങ്ങളില്‍ ഇമാമുകളെ തള്ളി പ്രമാണങ്ങളുടെ പൊട്ടും പൊളിയുമെടുത്ത് മതം നിര്‍മ്മിക്കാന്‍ തുടങ്ങിയതാണ് മൗലവിമാര്‍. യുക്തി നോക്കി മതം നിര്‍മിക്കാന്‍ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ കരുതിയില്ല, ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്. ഇപ്പോഴും എന്താണ് തൗഹീദ്? പ്രാര്‍ത്ഥന? ശിര്‍ക്ക്? അഭൗതികം? ഇത്യാദി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രസ്ഥാനത്തില്‍ മുശ്രിക്കുകളുടെ എണ്ണം വര്‍ധിക്കുന്നു. മുസ്ലിംകളില്‍ ശിര്‍ക്കാരോപിക്കാന്‍ വേദി പങ്കിട്ടവര്‍ പരസ്പരം ശിര്‍ക്കാരോപിക്കുന്ന കാഴ്ച!. അതേ, വിശ്വാസ കാര്യങ്ങളില്‍ കൈകടത്തിയാല്‍ ഇങ്ങനെയൊക്കെയാണ്. ഇതെല്ലാം മൗവിമാര്‍ അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുകയാണ്. അബ്ദുല്‍ ഹഖ് സുല്ലമി എഴുതുന്നു: മനുഷ്യ മനസുകളില്‍ ഉരുതിരിഞ്ഞ് അവര്‍ മിനഞ്ഞുണ്ടാക്കുന്ന അഖീദകള്‍ പരസ്പരം വിരുദ്ധങ്ങളും വ്യത്യസ്തങ്ങളുമാവുക തന്നെ ചെയ്യും. ഇനി ദൈവികമായി സിദ്ധിച്ച അഖീദകള്‍ തന്നെ മനുഷ്യന്‍റെ കൈകടത്തലുകള്‍ക്കു വിധേയമാകുമ്പോള്‍ അവയില്‍ വ്യത്യാസവും വ്യതിയാനവും സംഭവിക്കുന്നു. (വിശ്വാസ കാര്യങ്ങള്‍ കെ.എന്‍.എം. പേ: 11)
ഇനി ചോദിക്കേണ്ടതിതാണ്: മുജാഹിദ് മതത്തില്‍ എത്ര മുവഹ്ഹിദുകളുണ്ട്? ബിദ്അത്തുകാരുടെ ചങ്കിടിപ്പ് കൂട്ടിയ കൊട്ടപ്പുറത്തെ ആ പഴയ ചോദ്യം ഒന്നുകൂടി ആവര്‍ത്തിക്കാം; തൗഹീദിന്‍റെ നിര്‍വചനമെന്താണ്? ശിര്‍ക്ക് എന്നാല്‍ എന്താണ്?
[button color=”red” size=”medium” target=”blank” ]അസ് ലം സഖാഫി പയ്യോളി[/button]