മാനവരാശി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വിഷമസന്ധിക്കിടയിൽ വിശുദ്ധ മുഹർറം കടന്നുവരികയാണ്. പുതുവർഷത്തിന്റെ പ്രതീക്ഷാ കിരണങ്ങൾക്കുമേൽ ആശങ്കകളുടെ കാർമേഘ പാളികൾ മറയിട്ടിരിക്കുന്നുവെന്ന ആധി എല്ലാവർക്കുമുണ്ട്. യഥാർത്ഥത്തിൽ മുഹർറവും പുതുവർഷവും പ്രതീക്ഷാനിർഭരമായ ഓർമ വിചാരങ്ങളാണ് സമ്മാനിക്കുന്നത്. ആത്മവിശ്വാസവും ഉൾക്കരുത്തുമാണത് വിശ്വാസിക്ക് പകരുന്നത്. കാരണം മോചനങ്ങളുടെയും വിജയങ്ങളുടെയും കഥകളാണ് മുഹർറമിൽ നിറയെ.
കൊറോണയും കോവിഡും തീർത്ത ഭീതിതമായ സാഹചര്യത്തിന് അറുതിയും പരിഹാരവുമായില്ലെങ്കിലും പ്രതിവിധിയെക്കുറിച്ചും ഫലപ്രദമായ പ്രതിരോധോപാധികളെക്കുറിച്ചും പ്രതീക്ഷ തന്നെയാണ് നിലനിൽക്കുന്നത്. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ശുഭപ്രതീക്ഷയെ തൊട്ടുണർത്തുന്ന വാർത്തകളാണ് പുറത്തുവിട്ടു കൊണ്ടിരിക്കുന്നതും.
ഇപ്പോൾ നാം നേരിടുന്ന ദുരിതം ലോകത്തിന്റെയോ മാനവരാശിയുടേയോ അവസാന സൂചികയെല്ലെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ ഈ വ്യാധിയും ആധിയും മാറുമെന്ന വിശ്വാസത്തിലാണെല്ലാവരും. മനുഷ്യ ശരീരത്തിലെ ആന്റിബോഡി ഘടകങ്ങളും ഇമ്മ്യൂണിറ്റി ശേഷിയും കൊറോണയെ തോൽപ്പിക്കാൻ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധശേഷിയെ ദുർബലമാക്കുന്ന ശീലങ്ങളും രീതികളും മാറ്റുവീൻ എന്ന താക്കീതാണ് നമുക്ക് കൊറോണാക്രമണം നൽകുന്നത്. ഓരോ വ്യക്തിയും സ്വന്തം ജീവിത ശീലങ്ങൾക്ക് കണിശമായ നിയന്ത്രണവും ചിട്ടയും ഏർപ്പെടുത്താൻ സ്വയം പ്രചോദിതനാവേണ്ടതുണ്ട്. എങ്കിൽ നമ്മുടെ ശരീരവും അതിലടങ്ങിയ ഘടകങ്ങളും നമ്മെത്തന്നെ സംരക്ഷിക്കുന്നതിനും പ്രാതികൂല്യങ്ങളെ പ്രതിരോധിക്കുന്നതിനും സജ്ജമായിരിക്കും. നമ്മിൽ നിന്നു നമ്മുടെ രക്ഷകനെ നാം തന്നെ ആട്ടിയകറ്റുന്ന ദുശ്ശീലങ്ങൾ വർജിക്കുകയും പോഷണം നൽകുന്ന നല്ല ശീലങ്ങൾ സ്വീകരിക്കുകയും വേണം. അത് നമ്മുടെ ജീവിത ശീലങ്ങളുടെ അടിസ്ഥാനമാവണം.
ജീവിതത്തിൽ കൃത്യമായ നിലപാടുകളുണ്ടാവേണ്ടവനാണ് സത്യവിശ്വാസി. നാഥനായ അല്ലാഹു നൽകിയ ഔദാര്യമാണ് ജീവിതാവസരവും സൗകര്യങ്ങളും. നമുക്ക് വേണ്ടി അവൻ നിശ്ചയിക്കുന്ന എല്ലാം യുക്തിഭദ്രമാണെന്നതിൽ സംശയമില്ല. ചിലതിന്റെ ആദ്യാനുഭവങ്ങൾ കൈപ്പുള്ളതായിരിക്കാം. പക്ഷേ, മധുരാനുഭവങ്ങൾക്കുള്ള ആമുഖമായിരിക്കുമത്. ഏതു സാഹചര്യങ്ങളെയും അവസരമായി കാണാൻ വിശ്വാസിയുടെ ഈ വിചാരം അവനെ പ്രാപ്തനാക്കുന്നു.
ഇപ്പോൾ നാമടക്കം ലോകം അനുഭവിക്കുന്ന പ്രയാസങ്ങൾക്കും ദുരിതങ്ങൾക്കും അറുതി തന്നെയാണെല്ലാവരും പ്രതീക്ഷിക്കുന്നത്. പ്രയാസങ്ങൾക്കപ്പുറത്ത് പ്രതീക്ഷയും വിജയവുവുണ്ടെന്നതാണ് സത്യം. പക്ഷേ, അതിനെ പ്രാപിക്കുവാൻ നാം ശ്രമിക്കുന്നുവോ, അതിനുള്ള യോഗ്യത നേടുന്നുവോ എന്നതാണ് പ്രശ്‌നം.
പ്രതീക്ഷിക്കാനും അവലംബിക്കാനും സർവശക്തനായ പ്രപഞ്ചനാഥൻ നമുക്കുണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്. അല്ലാഹുവിൽ നിന്നുള്ള സഹായവും പരിഹാരവും നേടിയെടുക്കാനുള്ള ഉപാധികളും രീതികളും നാം പഠിച്ചിട്ടുള്ളതാണ്. അവ ഉപയോഗപ്പെടുത്തി വിജയവും മോചനവും നേടിയവരുണ്ട്. നബിമാർ, സ്വാലിഹീങ്ങൾ, സാധാരണ വിശ്വാസികൾ തുടങ്ങി വലിയ വിജയാനുഭവങ്ങളുള്ളവരുടെ കഥകൾ നാം കേട്ടിട്ടുള്ളതാണ്.
മുഹർറം ഓർമപ്പെടുത്തുന്ന അനേകം വിജയ കഥകളുണ്ട്. കേവലമായ ചരിത്ര പാരായണസുഖം മാത്രമല്ല അവയിലുള്ളത്. നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന ആകുലതകളും ആശങ്കകളും വ്യാധികളും ദുരിതങ്ങളും നാഥൻ മാറ്റിത്തരുമെന്ന സന്ദേശം കൂടി അവ നൽകുന്നുണ്ട്. രോഗങ്ങളായാലും മറ്റു ദുരിതങ്ങളായാലും നമ്മുടെ ധാരണകൾക്കപ്പുറത്ത് പരിഹാരങ്ങൾ നൽകാൻ ശക്തനും യോഗ്യനുമായ അല്ലാഹു ഉണ്ടെന്നും അവനിൽ നിന്ന് രക്ഷ പ്രതീക്ഷിക്കാമെന്നും മുഹർറം ചരിത്രകഥകൾ നമ്മെ ഓർമപ്പെടുത്തുന്നു.

അയ്യൂബ് നബി(അ)ന് പ്രയാസകരമായ രോഗം ഉണ്ടായത് നമുക്കറിയാം. എന്നാൽ അത് മരണകാരണമായ രോഗമായിരുന്നില്ല. രോഗമുക്തി നേടി ആരോഗ്യവാനായി ദൗത്യനിർവഹണ രംഗത്ത് മഹാൻ സജീവമായി. ആ രോഗശമനം തീർത്തും അത്ഭുതകരമായിരുന്നുവെന്നാണ് ചരിത്രം. രോഗമുണ്ടാകുന്നതും ഭേദപ്പെടുന്നതും അസംഭവ്യമോ അസാധാരണമോ അല്ല. എന്നാൽ സാധ്യമെന്ന് നാം ധരിക്കുന്നതും ചിലപ്പോൾ സാധ്യമാവുമെന്നതനുഭവമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ ആഗ്രഹിക്കുന്നത് സുഖകരമായ ജീവിതമാണ്. അത് സാധിച്ചു കിട്ടുമ്പോളുണ്ടാവുന്ന സന്തോഷവും വലുതാണ്. രോഗങ്ങളെല്ലാം മരണത്തിന്റെ ആമുഖമാവണമെന്നില്ല. രോഗം വേറെ, മരണം വേറെ. രോഗമുണ്ടായി വീണ്ടുവിചാരത്തിന് അവസമുണ്ടാകുന്നത് നല്ല ലക്ഷണമാണ്. അതുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിൽ നിന്ന് കാവൽ തേടാൻ ഇസ്‌ലാം പഠിപ്പിച്ചത്. രോഗമുണ്ടായാൽ സുഖപ്പെട്ടുകിട്ടാൻ ആഗ്രഹിക്കുന്നത് സ്വാഭാവികം. ഏതുതരം രോഗത്തിനും ചികിത്സയും ഔഷധ പ്രയോഗവും അതിനേക്കാൾ പ്രധാനമായി പ്രാർത്ഥനയും വിശ്വാസിയിൽ നിന്നുണ്ടാവും.
അയ്യൂബ് നബി(അ)നെ സുഖപ്പെടുത്തിയ അല്ലാഹു നമ്മെയും നമ്മുടെ സഹോദരങ്ങളെയും കൊറോണപ്പേടിയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുന്നവനാണെന്ന വിശ്വാസം നമുക്കുണ്ട്. ഒരു മുഹർറം മാസത്തിൽ അയ്യൂബ് നബി(അ)നെ സുഖപ്പെടുത്തിയ പോലെ നമുക്കും സുഖവും രോഗമുക്തിയും നാഥനോട് ചോദിച്ചു നേടാവുന്നതാണ്. പ്രാർത്ഥനയാണല്ലോ വിശ്വാസിയുടെ ആയുധവും പരിചയും രക്ഷോപാധിയും.
റസൂൽ(സ്വ)യുടെ ജീവിതത്തിൽ വലിയ മന:സംഘർഷവും പ്രയാസവും അനുഭവിച്ച നാളുകളായിരുന്നു പ്രബോധനത്തിന്റെ ആദ്യഘട്ടം. ആ സന്ദർഭത്തിലുണ്ടായ കുടുംബ ബഹിഷ്‌കരണ ദുരിതത്തിൽ നിന്ന് നബി(സ്വ)ക്കും മറ്റും രക്ഷയുണ്ടായതും ഒരു മുഹർറം മാസത്തിലായിരുന്നു. സ്വന്തം നാട്ടിലും നാട്ടുകാർക്കിടയിലും ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടപ്പോൾ മൂന്ന് വർഷക്കാലം ശിഅ്ബ് അബീത്വാലിബി(അബൂത്വാലിബിന്റെ താഴ്‌വര)ൽ താമസിക്കേണ്ടിവന്നു. നബി(സ്വ)യെ സംരക്ഷിക്കുമെന്ന നിലപാടിൽ അബൂത്വാലിബ് ഉറച്ചുനിന്നപ്പോൾ മക്കക്കാർ ബനൂഹാശിമിനും ബനുൽമുത്ത്വലിബിനുമെതിരെ ബഹിഷ്‌കരണമേർപ്പെടുത്തുകയുണ്ടായി. അതു കാരണം നബി(സ്വ)യുടെ കുടുംബമായ ബനൂഹാശിമും ബനുൽമുത്ത്വലിബും തടവിലാക്കപ്പെട്ടതുപോലെയാണവിടെ കഴിഞ്ഞത്. പച്ചിലകൾ പോലും ഭക്ഷിക്കുന്ന സാഹചര്യമുണ്ടായെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
സഅ്ദ് ബിൻ അബീവഖാസ്വ്(റ), ഉത്ബത് ബിൻഗസ്‌വാൻ(റ) തുടങ്ങിയ സ്വഹാബികൾ അന്നത്തെ ദുരിതാനുഭവം രേഖപ്പെടുത്തിയിട്ടുണ്ട്. മക്കയിലെ മാർക്കറ്റിലെത്തുന്ന വിഭവങ്ങൾ വാങ്ങി ഉപയോഗിക്കാൻ പോലും അവർ അനുവദിച്ചില്ല. അമിതമായ വില പറഞ്ഞു വാങ്ങാൻ സാധിക്കാതെ വെറും കൈയോടെയാണവർ ശിഅ്ബിൽ തിരിച്ചെത്തിയത്. മാന്യമായ വിലയ്ക്ക് വസ്തുക്കൾ നൽകുന്നതിൽ നിന്ന് വ്യാപാരികളെ തടയാൻ അബൂലഹബ് അടക്കമുള്ളവർ നേരിട്ടെത്തി തടസ്സം നിന്നു. ഭക്ഷ്യവിഭവം വാങ്ങാമെന്ന പ്രതീക്ഷയോടെ മാർക്കറ്റിലെത്തിയവർ നിരാശരായി മടങ്ങി. വിശപ്പും വസ്ത്രമില്ലായ്മയും മൂലം കഠിനമായ ദുരിതത്തിലായി അവർ.
കുടുംബത്തിനടക്കം അനുഭവിക്കേണ്ടിവന്ന ഈ ദുരിതത്തിൽ നിന്ന് അല്ലാഹു പ്രവാചകർക്ക് രക്ഷ നൽകിയത് മുഹർറം മാസത്തിലായിരുന്നു. അതിനെ തുടർന്ന് നബി(സ്വ)ക്ക് വീണ്ടും മക്കയിലെത്താനായി. നാട്ടിലെ സാധാരണ ഭക്ഷ്യ വസ്തുക്കളുപയോഗിക്കാനും ജനങ്ങൾക്കൊപ്പം ജീവിക്കാനും അവസരമൊത്തു. നബി(സ്വ)യുടെ ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങൾ അല്ലാഹുവിന്റെ ഹിതം പോലെ കൃത്യമായി നടക്കുന്നതിനുള്ള സമയമടുത്തപ്പോഴായിരുന്നു അത്. വിശുദ്ധ മുഹർറമിൽ തിരുനബി(സ്വ)ക്ക് ലഭിച്ച പ്രധാനപ്പെട്ട ഒരു സഹായമായിരുന്നു ഈ മോചനം. കൊറോണയുടെ പശ്ചാത്തലത്തിൽ നാം അനുഭവിക്കുന്ന ഒരുതരം തടവ് ജീവിതത്തിന്റെ അറുതി നാമാഗ്രഹിക്കുന്നു. അതിന് അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കാനും അതിനായി പ്രാർത്ഥിക്കാനും ഈ കഥ നമുക്ക് പ്രചോദനമേകുന്നു.
വിശ്വാസികൾ അവരുടെ ധാർമികതയും ആത്മീയതയും കളങ്കപ്പെടുത്താതെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെപ്പോഴും വേണ്ടത്. പ്രതിസന്ധികളെ പ്രതിബന്ധങ്ങളായി കണക്കാക്കുന്നതിനു പകരം അതിലെ സാധ്യതകൾ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും വേണം. ആത്മീയ കാര്യങ്ങളിൽ കൃത്യനിഷ്ഠയും സൂക്ഷ്മതയും പുലർത്തി ജീവിക്കുന്നതിൽ കൂടുതൽ കണിശരാവാനുള്ള സന്ദേശം പ്രതിസന്ധികളും പ്രയാസങ്ങളും നമുക്ക് നൽകുന്നുണ്ട്. ഒരുതരം ഒറ്റപ്പെടൽ അവസ്ഥയെ എല്ലാവരും ഏറ്റെടുക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം കൊറോണക്കാലം ഉണ്ടാക്കിയിട്ടുണ്ട്. ഏകാന്തതയിലും തുണയാകുന്നവനാണ് റബ്ബെന്ന വിചാരത്തിൽ അവനോട് പ്രാർത്ഥിച്ചു പരിഹാരത്തിന് ശ്രമിക്കണം. അല്ലാഹു അത്യുദാരനാണ്. നമ്മുടെ ആവശ്യങ്ങൾ വളരെ പ്രധാനവുമാണ്. അതിനാൽ നിർദേശിക്കപ്പെട്ട ഉപാധികൾ നാം സ്വീകരിച്ചേ പറ്റൂ.
യൂനുസ് നബി(അ) മത്സ്യത്തിന്റെ വയറ്റിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മുഹർറത്തിലായിരുന്നു. ചരിത്രം ഖുർആൻ വിവരിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട പാഠങ്ങൾ നമുക്ക് നൽകുന്ന ചരിത്ര സംഭവമാണിത്. അല്ലാഹു അവന്റെ ദാസന്മാർക്ക് പ്രദാനിക്കുന്ന വിജയങ്ങൾക്കും സന്തോഷങ്ങൾക്കും നിമിത്തങ്ങളുണ്ടാവും. പ്രതീക്ഷാനിർഭരമായതും കരുതലോടെയുള്ളതുമായ ജീവിതം സാധ്യമാകുന്നതിന് കാര്യകാരണ ബന്ധങ്ങൾ ഉപകരിക്കുമെന്ന് പറയേണ്ടതില്ല. അല്ലാഹു അവന്റെ നീതിയുടെ ഭാഗമായി നിശ്ചയിച്ചിരിക്കുന്നതങ്ങനെയാണ്.
യൂനുസ് നബി(അ)ന്റെ രക്ഷയെ കുറിച്ച് ഖുർആൻ പറയുന്നു: യൂനുസ് (അ) അല്ലാഹുവിനെ തസ്ബീഹ് ചെയ്യുന്നവരിൽ പെട്ടിരുന്നില്ലെങ്കിൽ പുനരുത്ഥാനനാൾ വരെ മത്സ്യത്തിന്റെ വയറ്റിൽ അദ്ദേഹം കഴിയുമായിരുന്നു (അസ്സ്വാഫ്ഫാത്ത്. 144).
യൂനുസ് നബി(അ) തസ്ബീഹ് ചെയ്യുന്നവരിൽ ഉൾപെട്ടവരായിരുന്നുവെന്നതാണ് മത്സ്യവയറ്റിൽ ദീർഘകാലം കഴിയുന്നതിൽ നിന്ന് അദ്ദേഹത്തിന് രക്ഷയേകിയതെന്നാണ് ഈ സൂക്തത്തിന്റെ പാഠം. യൂനുസ്(അ)ന്റെ തസ്ബീഹ് ഏതാണെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: യൂനുസ്(അ) ഇരുളുകൾക്ക കത്ത് വെച്ച് (لااله الا انت سبحانك اني كنت من الظالمين) എന്ന് പ്രാർത്ഥിച്ചു. അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകി. അകപ്പെട്ട പ്രയാസത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഇതുപ്രകാരം സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ് (അൽഅമ്പിയാഅ് 87, 88).
യൂനുസ് നബി(അ)ന്റെ രക്ഷക്ക് കാരണമായ വചനവും അതിന്റെ ഫലവും പറഞ്ഞതിനു ശേഷം ഇപ്രകാരം സത്യവിശ്വാസികൾക്ക് നാം രക്ഷ നൽകുമെന്ന് അല്ലാഹു വാഗ്ദാനം നൽകുകയാണ്. അഥവാ ഈ തസ്ബീഹ് കൊണ്ട് ദുരിതപൂർണമായ അവസ്ഥയിൽ നിന്നു രക്ഷ ലഭിക്കാൻ എളുപ്പമാണ്. അല്ലാഹുവിന്റെ മഹത്ത്വം ആഘോഷിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു വചനമാണിത്. അതുകൊണ്ടുതന്നെ സത്യവിശ്വാസി സൽകർമങ്ങളും തസ്ബീഹും മറ്റു ദിക്‌റുകളും പ്രാർത്ഥനകളും അധികരിപ്പിക്കുമ്പോൾ അവനകപ്പെട്ട വിഷമങ്ങളിൽ നിന്നും മോചനം സാധ്യമാകും.
മുഹർറത്തിലെ വിമോചന കഥകൾ ഖുർആനും ഹദീസും വിവരിച്ചതിന് പുറമെ ചരിത്രത്തിലും കാണാം. അവയെല്ലാം വിശ്വാസിക്ക് നൽകുന്നത് പ്രതീക്ഷയുടെ സന്ദേശമാണ്. സത്യവിശ്വാസത്തിന്റെ പശ്ചാത്തല ഭദ്രതയിൽ സൽകർമങ്ങളും ദിക്‌റുകളും ദുആകളും നടത്തുമ്പോൾ ഭൗതികമായിത്തന്നെ ഫലങ്ങൾ അനുഭവിക്കാനാവും.
കൊറോണപ്പിടിയിൽ നിന്നും പേടിയിൽ നിന്നുമുള്ള മോചനം നിശ്ചയിക്കപ്പെട്ടതെങ്ങനെ യെന്ന് നമുക്കറിയില്ല. കോവിഡ് 19 ഒരു രോഗമെന്ന നിലയിൽ അതിനൊരു പ്രതിവിധിയും ഔഷധവും ഉണ്ടാവാതിരിക്കില്ല. കാരണം രോഗങ്ങൾക്കെല്ലാം ഔഷധമുണ്ടെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഭൗതികലോകത്ത് മനുഷ്യപ്രയത്‌നത്തിലൂടെ സാധിക്കണമെന്ന നിശ്ചയമുള്ളത് അങ്ങനെ തന്നെ നടക്കും. അന്വേഷിക്കാനും ഗവേഷണം നടത്താനുമുള്ള സാഹചര്യങ്ങൾ അവൻ സൃഷ്ടിക്കുകയും ഫലം കണ്ടെത്തുകയും ചെയ്യും. ആ ഫലപ്രാപ്തിയുടെ നാളുകൾ അടുത്താവണമെന്നാണ് ലോകത്തിന്റെ പൊതുവായ താൽപര്യം. അതുകൊണ്ട് ഗവേഷണങ്ങൾ വേഗത്തിൽ ഫലം കണ്ടുകിട്ടുന്നതിനായുള്ള പ്രാർത്ഥനയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവണം. ഗവേഷണ മേഖലയിൽ നേരിട്ട് ഭൗതിക സഹായസഹകരണങ്ങൾ ചെയ്യുന്നതിന് നമുക്കവസരവും സാധ്യതയുമില്ലെങ്കിലും പ്രാർത്ഥന കൊണ്ടുള്ള പിന്തുണ നമുക്ക് നൽകാനാവും. ഉത്തര പ്രതീക്ഷ കൂടുതലുള്ള മുഹർറമിന്റെ വിശുദ്ധ നാളുകളിൽ സാധിക്കുന്ന സുകൃതങ്ങളനുഷ്ഠിച്ച് ദുആ ചെയ്യാം.
യൂനുസ്(അ)ന്റെ തസ്ബീഹിലടങ്ങിയ പ്രാർത്ഥനാ ചൈതന്യവും സന്ദേശവും വിവരണങ്ങൾക്കതീതമാണ്. നമ്മെ രക്ഷിക്കാൻ അത് കാരണമാകുമെന്ന് അല്ലാഹു തന്നെ വാഗ്ദാനം ചെയ്തത് വിശ്വാസിക്ക് ആശ്വാസവും പ്രതീക്ഷയും പകരും. ഈ തസ്ബീഹിന്റെ ഫലമെന്തെന്ന് നബി(സ്വ)യും നമ്മെ അറിയിച്ചിട്ടുണ്ട്. യൂനുസ്(അ) മത്സ്യത്തിന്റെ വയറ്റിലായിരുന്നപ്പോൾ ചെയ്ത പ്രാർത്ഥന (لااله الا انت سبحانك اني كنت من الظالمين) ആയിരുന്നു. ഈ ദുആ കൊണ്ട് ഒരു വിശ്വാസി തന്റെ ഏത് വിഷയത്തിൽ പ്രാർത്ഥിച്ചാലും അല്ലാഹു ഉത്തരം ചെയ്യാതിരിക്കില്ല (ഹാകിം).
മുഹർറം നൽകുന്ന വിജയ വിമോചനങ്ങളുടെ സന്ദേശവും ചൈതന്യവും വിശ്വാസികൾക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകരുന്നതാണ്. ആത്മാർത്ഥമായ പ്രാർത്ഥനകളും സൽകർമങ്ങളും കൊണ്ട് ജീവിതത്തെ ധന്യമാക്കി പുതുവർഷത്തെ നമുക്ക് വരവേൽക്കാം.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ