കൊലപാതകം കേവലമായൊരു തിൻമയല്ല. സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഗുരുതര പ്രശ്‌നമാണത്. അതുകൊണ്ടു തന്നെ ശിക്ഷാനിയമങ്ങൾ വ്യവസ്ഥ ചെയ്ത് അതിന് കടിഞ്ഞാണിടുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ സമൂഹത്തിൽ എന്നും ഉണ്ടായിട്ടുണ്ട്. ഒരു മതവും കൊലപാതകത്തെ അംഗീകരിക്കില്ല. എന്നാൽ മതത്തെയോ പ്രസ്ഥാനങ്ങളെയോ മുന്നിൽ നിർത്തി കൊലയെ ന്യായീകരിക്കുന്നവരും പ്രയോഗിക്കുന്നവരും പലപ്പോഴും ഉണ്ടായിട്ടുണ്ട്. നാഗരിക സമൂഹത്തിന് ശാപമാണവരെല്ലാമെന്നേ പറയേണ്ടൂ.
മനുഷ്യരെ കൊല്ലുന്നതും കൊല്ലാക്കൊല ചെയ്യുന്നതും മൃഗീയമായി ആനന്ദിക്കുന്ന ചിലർ എക്കാലത്തും ഉണ്ടായിരുന്നു. മനുഷ്യാരംഭം മുതൽ തന്നെ ഇങ്ങനെ നടന്നതിന്റെ തെളിവുകൾ കാണാം. കൊലക്കുറ്റത്തെ ഇഴപിരിച്ച് വിശകലനം നടത്തിയാണ് ഭൗതിക നിയമ വ്യവസ്ഥകളടക്കം ശിക്ഷാ നടപടികൾ നിശ്ചയിച്ചത്. നാട്ടിലെ നിയമവ്യവസ്ഥയുടെ ഭാഗമായി ജീവിക്കുന്നവർക്ക് അതംഗീകരിക്കാൻ ബാധ്യതയുണ്ട്. അതിനാൽ തന്നെ കുറ്റവും ശിക്ഷയും എന്ന നിലയിൽ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു വിശകലനത്തിന് പ്രസക്തിയില്ല. നിയമം അതിന്റെ വഴിക്ക് കുറ്റവാളികളെ സമീപിക്കും, സമീപിക്കണം.
ഇന്ത്യയിൽ നിലവിലുള്ള പീനൽ കോഡനുസരിച്ച് കുറ്റവും ശിക്ഷയും നിയമാധിഷ്ഠിതമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതും പഴുതുകളിലൂടെ രക്ഷപ്പെടുന്നതുമായ അവസ്ഥകളുണ്ടാവാറുണ്ട് എന്നത് മറ്റൊരു വസ്തുത. വിശ്വാസിയിൽ നിന്ന് കൊലപാതകം സംഭവിക്കുന്നതിന്റെ ഗൗരവവും അതിന്റെ പ്രത്യാഘാതവും പരിമിതിയും ഉണർത്തുക മാത്രമാണിവിടെ. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ കൊല്ലുമ്പോഴുണ്ടാകുന്ന ആത്മീയ നാശവും പാരത്രിക പരാജയവും ശിക്ഷകളും വിശ്വാസികൾ അറിയേണ്ടതനിവാര്യമാണ്.

ജീവൻ നൽകി മനുഷ്യനെ സൃഷ്ടിച്ചത് അല്ലാഹുവാണ്. ജീവന്റെ ഉടമസ്ഥത അവൻ ആർക്കും നൽകിയിട്ടില്ല. അതുകൊണ്ടാണ് ആത്മഹത്യ പാപമായത്. അപരനെ കൊല്ലുന്നതു മഹാപാപമാണ്. ഏഴ് വൻകുറ്റങ്ങൾ പ്രത്യേകമായി തിരുനബി(സ്വ) എടുത്തു പറഞ്ഞിട്ടുണ്ട്. നബി(സ്വ) അരുളി: ഏഴ് മഹാപാപങ്ങൾ നിങ്ങൾ വർജിക്കുക. അനുചരർ ചോദിച്ചു: അവ ഏതൊക്കെയാണ് നബിയേ? അവിടന്ന് പറഞ്ഞു: അല്ലാഹുവിനോട് പങ്ക് ചേർക്കൽ, മാരണ പ്രവർത്തനം, അവകാശമില്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ മനുഷ്യനെ കൊല്ലൽ, പലിശ ഭക്ഷിക്കൽ, അനാഥരുടെ സമ്പത്ത് അപഹരിക്കൽ, വിശുദ്ധ സമരത്തിൽ നിന്ന് മാറിനിൽക്കൽ, നിരപരാധികളായ വിശ്വാസിനികളെ കുറിച്ച് വ്യഭിചാരാരോപണം നടത്തൽ (ബുഖാരി).
കൊലപാതകത്തിന്റെ ഗൗരവം ഖുർ
ആൻ വ്യക്തമാക്കുന്നത് ഇങ്ങനെ: അക്കാരണത്താൽ തന്നെ ഇസ്‌റാഈൽ സന്തതികളിലാരെങ്കിലും ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ ആരെയെങ്കിലും വധിച്ചതിന്റെ പ്രതിക്രിയയുടെ പേരിലോ അല്ലാതെ ഒരാളെ കൊന്നാൽ, ജനങ്ങളെ മുഴുവനായി കൊല്ലുന്നത് പോലെയാണ്. ഇനി ഒരാളെ മരണ മുഖത്ത് സംരക്ഷണം നൽകി ജീവിതത്തിലേക്കെത്തിച്ചാൽ, ജനങ്ങളെ മുഴുവനും ജീവിപ്പിച്ചത് പോലെയുമാണ് (അൽമാഇദ: 32). നിസ്സാരമായ കാര്യങ്ങൾ തന്നെ കൊലപാതകത്തിന് കാരണമായിത്തീരാമെന്ന അനുഭവപാഠം മാനവ ചരിത്രത്തിലെ പ്രഥമ കൊലപാതക സംഭവത്തിലുണ്ട്. അത് സൂചിപ്പിച്ചാണ് കൊലപാതകത്തിന്റെ ഗൗരവം ഖുർ
ആൻ വ്യക്തമാക്കിയത്. പൂർവകാലക്കാരിൽ തന്നെ ഈ ബോധ്യപ്പെടുത്തലുണ്ടായിട്ടുണ്ട്. എല്ലാ കാലക്കാർക്കും ഇത് ബാധകമാണെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു അറിയിക്കുന്നു.

മനുഷ്യരെ മുഴുവനും കൊല്ലുക എന്നത് പ്രായോഗികമായി പ്രയാസകരമായ കാര്യമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരാളെ കൊല്ലുന്നതു പോലും പ്രയാസമായിരിക്കണം. അവനതിന് തുനിയരുത്. ഒരാളെ കഴുത്തറുക്കുന്നതോ ജീവനാശം വരുത്തുന്നതോ അത്ര ലാഘവമായി കണ്ടുകൂടാ. ഇസ്‌ലാം അങ്ങനെ കാണുന്നില്ല. ഒരാളുടെ മരണത്തിൽ അവസാനിക്കുന്നതല്ല കൊലപാതകത്തിന്റെ പ്രത്യാഘാതം. വിധവയായ ഭാര്യ, അനാഥരായിത്തീരുന്ന മക്കൾ, കൈത്താങ്ങും തണലും നഷ്ടപ്പെടുന്ന മാതാപിതാക്കൾ, തുണയും ആത്മധൈര്യവും നഷ്ടപ്പെടുന്ന സഹോദരങ്ങൾ, സഹകാരിയും സഹായിയും നഷ്ടപ്പെടുന്ന സുഹൃത്തുക്കൾ തുടങ്ങി താൻ ബന്ധപ്പെട്ടിരുന്ന ഇടങ്ങളിലെ വിടവ്, സാമ്പത്തികവും സാംസ്‌കാരികവുമായ തളർച്ചകൾ എന്നിങ്ങനെ നീളുന്നു കൊലപാതകത്തിന്റെ ബാക്കിപത്രം. കൊലയാളി ശിക്ഷിക്കപ്പെടുമ്പോഴും അവന്റെ മേഖലകളിൽ സമാന പ്രതിസന്ധികൾ ഉടലെടുക്കുന്നു. അതുകൊണ്ടെല്ലാമാണ് കൊലപാതകം മഹാപാപമാണെന്ന് പറയുന്നത്.

ഇമാം ഇബ്‌നു ഹജറിൽ ഹൈതമി(റ) രേഖപ്പെടുത്തുന്നു: ഒരാളെ കൊല്ലുന്നതിനെ ജനങ്ങളെ എല്ലാവരെയും കൊല്ലുന്നതിനോട് തുല്യമാക്കിയത് അക്രമമായി നടക്കുന്ന കൊലപാതകം കടുപ്പമേറിയതാണെന്നറിയിക്കുന്നതിനും അതിന്റെ ഗൗരവാവസ്ഥ കാണിക്കാനുമാണ്. അഥവാ എല്ലാവരെയും കൊല്ലുന്നത് എത്രമാത്രം മോശവും ഗൗരവവുമാണോ അതുപോലെത്തന്നെയാണ് ഒരാളെ കൊല്ലുന്നതും. രണ്ടും ഗുരുതരമാണ് (കിതാബുസ്സവാജിർ). ഈ ലോകത്തേക്കാൾ മൂല്യവും പരിഗണനയുമാണ് വിശ്വാസിക്കുള്ളത്. അത് നശിക്കുന്നതിനേക്കാൾ ഗൗരവമേറിയതാണ് ഒരു മുസ്‌ലിമിനെ കൊലപ്പെടുത്തൽ. നബി(സ്വ) പറയുന്നു: ഈ ദുനിയാവ് തന്നെ നശിച്ചു പോവുക എന്നത് ഒരു വിശ്വാസിയെ അകാരണമായി കൊല്ലുന്നതിനേക്കാൾ അല്ലാഹുവിന്റെയടുക്കൽ ലളിതമാണ് (ഇബ്‌നുമാജ).

വിശുദ്ധ കഅ്ബയേക്കാളും ആദരവർഹിക്കുന്നവനാണ് വിശ്വാസിയായ മനുഷ്യനെന്നത് അത്ഭുതമായിത്തോന്നാം. എന്നാൽ സംഗതി അങ്ങനെയാണ്. നബി(സ്വ) ഒരിക്കൽ ത്വവാഫ് ചെയ്യുന്ന സന്ദർഭത്തിൽ പറഞ്ഞത് ഇബ്‌നു ഉമർ(റ) ഉദ്ധരിക്കുന്നു. കഅ്ബയെ അഭിസംബോധന ചെയ്ത് കൊണ്ട് അവിടുന്ന് പറഞ്ഞു: നീ എത്ര വിശിഷ്ടം, നിന്റെ വാസന എത്ര വിശിഷ്ടം, നീ എത്ര മഹത്ത്വമുള്ളത്, നിന്റെ ബഹുമതിയുടെ മഹത്ത്വമെത്ര. എന്നാൽ ഞാൻ മുഹമ്മദ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം. ഒരു സത്യവിശ്വാസിക്ക് അല്ലാഹുവിങ്കലുള്ള ആദരവ് നിന്റെ ആദരവിനേക്കാൾ മഹത്ത്വമുള്ളതാണ് (ഇബ്‌നുമാജ).

ഹജ്ജതുൽ വദാഇൽ തിരുനബി(സ്വ) മനുഷ്യന്റെ രക്തത്തിന്റെയും അഭിമാനത്തിന്റെയും സമ്പത്തിന്റെയും സംരക്ഷണം പരസ്പര ബാധ്യതയായി പഠിപ്പിച്ചിട്ടുണ്ട്. അവിടന്ന് പറഞ്ഞു: എല്ലാ മുസ്‌ലിമിനും മറ്റു മുസ്‌ലിമിന്റെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ് (അഹ്‌മദ്). അവനെ പോറലേൽപിക്കാൻ പോലും അവകാശമില്ല. ഇസ്‌ലാമിക സാഹോദര്യത്തിന്റെ വ്യവസ്ഥകളും നിർദേശങ്ങളും വ്യക്തമാണ്. അവ പാലിക്കുക വഴി സമാധാനാന്തരീക്ഷം സ്ഥാപിച്ചെടുക്കാൻ നാമൊക്കെ ബാധ്യസ്ഥരാണെന്ന വിചാരം നമ്മിലെപ്പോഴും നിലനിൽക്കണം. അപ്പോൾ കൊലയും കൊലവിളിയും അക്രമവുമുണ്ടാകില്ല.

ഇബാദുർറഹ്‌മാൻ അഥവാ അല്ലാഹുവിന്റെ അടിമകൾ എന്ന് പ്രത്യേകം വിശേഷിപ്പിക്കപ്പെട്ടവരുടെ ഗുണങ്ങളുടെ കൂട്ടത്തിൽ കൊലപാതകം നടത്താത്തവർ എന്നുണ്ട്. അല്ലാഹുവിന്റെ കൂടെ മറ്റാരെയും ആരാധിക്കാത്തവർ, അല്ലാഹു ഹറാമാക്കിയ ശരീരത്തെ അർഹതയില്ലാതെ കൊല്ലാത്തവർ, അവർ വ്യഭിചരിക്കുകയില്ല. ഇനി ഇവയെങ്ങാനും ചെയ്താൽ ആ തിൻമകളുടെ പരിണിതഫലം അവർ അനുഭവിക്കേണ്ടിവരും. അന്ത്യനാളിൽ അവന് ശിക്ഷ ഇരട്ടിയായി നൽകപ്പെടും. ആ ശിക്ഷയിൽ അവൻ നിന്ദ്യനായി കാലാകാലം വസിക്കുകയും ചെയ്യും (അൽഫുർഖാൻ: 68, 69).

കൊലപാതകം ഒരു സത്യവിശ്വാസിയിൽ നിന്ന് മന:പൂർവം സംഭവിക്കില്ല. അശ്രദ്ധയിലോ അബദ്ധത്തിലോ മാത്രമേ സംഭവിക്കാനിടയുള്ളൂ എന്നാണ് ഖുർആൻ പറയുന്നത്. അബദ്ധത്തിലല്ലാതെ ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ വധിക്കുക എന്നതുണ്ടാവില്ല (അന്നിസാഅ്: 92). താൻ കാരണമായി അബദ്ധത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ അതിന് പരിഹാര നിർദേശം ഇസ്‌ലാമിലുണ്ട്. അത് സ്വീകരിച്ച് അതുകൊണ്ടുണ്ടാകുന്ന ആത്മീയ ദുരന്തത്തിൽ നിന്ന് രക്ഷനേടാൻ സാധിക്കും. എന്നാൽ മന:പൂർവമുള്ള കൊലപാതകത്തിന്റെ പരിണതി ഗൗരവമേറിയതാണ്. വിശുദ്ധ ഖുർആനും തിരുസുന്നത്തും അത് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ആരെങ്കിലും ഒരു സത്യവിശ്വാസിയെ മന:പൂർവം കൊലപ്പെടുത്തിയാൽ അവനുള്ള പ്രതിഫലം നരകമാണ്. അതിലവൻ എന്നെന്നും താമസിക്കുന്നവനായിരിക്കും. അല്ലാഹു അവനോട് കോപിക്കും, അവനെ ശപിക്കും, അവന് വേണ്ടി അല്ലാഹു കൊടിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് (അന്നിസാഅ്: 93).

കൊലയാളി പിശാചിന്റെ കൂട്ടാളി

കൊലപാതകം നടത്തുന്നവനെ പിശാചിന് ഇഷ്ടമാണ്. മനുഷ്യനെ കൊലപാതകത്തിന് പ്രേരിപ്പിച്ച് വിജയിച്ച തന്റെ അനുയായിക്കവൻ കിരീടം ധരിപ്പിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: ഓരോ പ്രഭാതത്തിലും പിശാച് തന്റെ സൈന്യത്തെ ഭൂമിയിൽ വിന്യസിക്കും. അവരെ ചുമതലയേൽപിക്കുമ്പോൾ അവൻ പറയും; ഇന്ന് ഒരു മുസ്‌ലിമിനെ വഴിപിഴപ്പിക്കുന്നവന് ഞാൻ കിരീടം ധരിപ്പിക്കും. അങ്ങനെ പിശാചുക്കൾ ഭൂമിയിൽ സഞ്ചരിച്ച് അവരാലാവുന്നത് ചെയ്ത് തിരിച്ചുവരും. ഒരാൾ പറയും: ഞാൻ ഒരുവന്റെ വഴിയെ കൂടി. അങ്ങനെ അവൻ ഭാര്യയെ വിവാഹം മോചനം നടത്തി. ഇത് കേട്ട് ഇബ്‌ലീസ് പറയും; അവന് ഇനിയും വിവാഹിതനാവാമല്ലോ. അടുത്തയാൾ പറയും: ഞാനൊരുവന്റെ പിന്നിൽ കൂടി. അവൻ മാതാപിതാക്കളോട് പിണങ്ങിയിട്ടുണ്ട്. അപ്പോൾ ഇബ്‌ലീസ് പറയും; അവൻ ഇനിയും അവർക്ക് ഗുണം ചെയ്യുന്നവനായേക്കും. മറ്റൊരുവൻ പറയും: ഞാനൊരുവന്റെ പിറകിൽ കൂടി. അവനെ ഞാൻ മുശ്‌രികാക്കി മാറ്റി. അപ്പോൾ ഇബ്‌ലീസ് പറയും; നീയാണ് കേമൻ. അടുത്തയാൾ വന്ന് പറയും: ഞാനൊരുവനെ സ്വാധീനിച്ച് വ്യഭിചാരം ചെയ്യിച്ചിട്ടുണ്ട്. അപ്പോൾ ഇബ്‌ലീസ് പറയും; നീ കേമൻ തന്നെ. അപ്പോൾ മറ്റൊരാൾ പറയും: ഞാനൊരുത്തനെ കൊണ്ട് ഇന്നൊരു കൊലപാതകം നടത്തിച്ചു. ഇബ്‌ലീസ് അവനോട് പറയും. നീയാണ് വിജയി. എന്നിട്ട് അവനൊരു കിരീടം ധരിപ്പിക്കും (ഇബ്‌നു ഹിബ്ബാൻ). കൊലക്കുറ്റം ചെയ്യുന്നവൻ പൈശാചിക സ്വാധീനത്തിൽ അകപ്പെട്ടുവെന്ന് സാരം.

സംഘം ചേരൽ

ഒരാളെ കൊന്നത് കുറെ പേർ ചേർന്നാണെങ്കിലും എല്ലാവരും കൊലക്കുറ്റത്തിൽ പങ്കാളികളാണ്. നബി(സ്വ) പറഞ്ഞു: ആകാശ ഭൂമികളിലുള്ള എല്ലാവരും ഒരു വിശ്വാസിയെ കൊല്ലാനായി ഒത്തുചേർന്നാൽ അല്ലാഹു അവരെയെല്ലാം ശിക്ഷിക്കുന്നതാണ്. അല്ലാഹു അവനെ ഒഴിവാക്കിയില്ലെങ്കിൽ (ബൈഹഖി). ഒരു വാക്കു കൊണ്ടെങ്കിലും വിശ്വാസിയെ കൊലപ്പെടുത്താൻ സഹായിച്ചാൽ അന്ത്യനാളിൽ അവൻ യാത്രയാക്കപ്പെടുമ്പോൾ അവന്റെ രണ്ട് കണ്ണുകൾക്കിടയിൽ ആയിസ് അഥവാ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാത്തവൻ എന്നെഴുതിയിട്ടുണ്ടാവും (ബൈഹഖി).

സത്യവിശ്വാസിയെ കൊലപ്പെടുത്തിയതിൽ സന്തോഷിച്ചാൽ അല്ലാഹു അവനിൽ നിന്ന് നിർബന്ധവും സുന്നത്തുമായ ഒരു നൻമയും സ്വീകരിക്കുന്നതല്ല (അബൂദാവൂദ്). ഒരു നിവേദനത്തിൽ, അല്ലാഹു അവരെയെല്ലാവരെയും നരകത്തിലിടുന്നതാണ് (തുർമുദി) എന്നാണുള്ളത്.

കൊല്ലപ്പെട്ടവൻ കൊലയാളിയെ അല്ലാഹുവിന്റെ സമീപത്തെത്തിച്ച് ഘാതകനെക്കുറിച്ച് പരാതി പറയും. എന്നിട്ടവനെ നരകത്തിലെത്തിക്കും. റസൂൽ(സ്വ) പറയുന്നു: കൊല ചെയ്യപ്പെട്ടവൻ അന്ത്യനാളിൽ തന്റെ തല ഒരു കൈയിലും മറ്റേ കൈയിൽ കൊലയാളിയെയുമായി വരും. ആ കഴുത്തിൽ നിന്ന് രക്തം ഒലിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. അവൻ അല്ലാഹുവിനോട് പറയും; എന്റെ നാഥാ, ഇവനാണെന്റെ ഘാതകൻ. അപ്പോൾ അല്ലാഹു ഘാതകനോട് പറയും. നിനക്ക് നാശം, നീ നശിച്ചു പോയിരിക്കുന്നു. ശേഷം അവനെ നരകത്തിലേക്ക് കൊണ്ടുപോകും (തുർമുദി).

കൊലപാതകം ധാരാളമായി നടക്കുന്നൊരു കാലം വരുമെന്ന് പ്രവാചകർ മുന്നറിവ് നൽകിയിട്ടുണ്ട്. അതിന്റെ കാരണവും അവിടുന്ന് പറഞ്ഞു. എന്നാൽ താനെന്തിന് കൊല ചെയ്യപ്പെട്ടുവെന്ന് കൊല്ലപ്പെട്ടവനും, എന്തിന് കൊന്നുവെന്ന് ഘാതകനും അറിയില്ല. അവിടന്ന് പറഞ്ഞു: അന്ത്യനാളിനടുത്ത കാലത്ത് ‘ഹർജു’കൾ നടക്കും. ഇത് കേട്ടപ്പോൾ ഒരു സ്വഹാബി ചോദിച്ചു: എന്താണ് നബിയേ ഹർജ്? നബി തങ്ങൾ പറഞ്ഞു: കൊലപാതകമാണത്. അപ്പോൾ മറ്റൊരു സ്വഹാബി ചോദിച്ചു: ഇപ്പോൾ ധർമ സമരങ്ങളിൽ കൊലകൾ നടക്കുന്നുണ്ടല്ലോ? ഇങ്ങനെയല്ല. നിങ്ങൾ തന്നെ പരസ്പരം കൊല നടത്തും. അയൽവാസിയെ കൊല്ലും, കടുംബക്കാരെ കൊല്ലും. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: അന്ന് ഞങ്ങൾക്ക് വിവേകമുണ്ടാവില്ലേ? നബി(സ്വ)യുടെ മറുപടി: ഇല്ല. അഥവാ ശരിയായ ബുദ്ധിയും ആലോചനാശേഷിയും അന്നില്ലാതാവും. ബുദ്ധിയില്ലാത്ത കുറെ എണ്ണങ്ങളുണ്ടാവും. അവരധികവും ധരിക്കുക ഞങ്ങൾ തരക്കേടില്ലാത്തവരാണെന്നാണ്. എന്നാൽ അവരൊന്നുമായിരിക്കില്ല (ഇബ്‌നുമാജ). എല്ലാം തികഞ്ഞവരും ബുദ്ധിമാൻമാരുമെന്ന് കരുതുന്നവരായിരിക്കും കുഴപ്പത്തിന് കാരണക്കാർ.

കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കാരണങ്ങളേറെയുള്ള കാലത്താണ് നാം ജീവിക്കുന്നത്. മാർഗദർശനം ചെയ്യേണ്ടവർക്ക് അതിന് സാധിക്കാതെ വരുന്നത് സമൂഹ നാശത്തിന്റെ കാലത്താണെന്നതിൽ സന്ദേഹമില്ല. പച്ചയായി മനസ്സിലാക്കാനാവുന്ന തിൻമകൾക്ക് ന്യായീകരണം ചമക്കുന്നത് നബി(സ്വ) പറഞ്ഞ ബുദ്ധിപരമായ പതനത്തിന്റെ ദൂഷ്യഫലങ്ങളാലാണ്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നാം പഠിച്ച സദാചാരത്തിന്റെയും സദ്‌സ്വഭാവത്തിന്റെയും സുകൃതങ്ങളുടെയും പാഠങ്ങൾ ഒരു കാലത്തും അപ്രസക്തമാകുന്നില്ല. അവ ലംഘിക്കാനും അച്ചടക്കരഹിതരാകാനും നാം പ്രേരിതരായിക്കൂടാ. ആർക്കും അപായം വരുത്താതെ ജീവിക്കുകയാണ് നമുക്ക് കരണീയം. സ്വന്തം നാക്കിൽ നിന്നും കരങ്ങളിൽ നിന്നും അപരൻ സുരക്ഷിതനാവുമ്പോഴാണ് നമ്മുടെ വിശ്വാസത്തിന്റെ സന്തുലിതാവസ്ഥ ഉറപ്പാവുക.

അലവിക്കുട്ടി ഫൈസി എടക്കര

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ