വിവരംകെട്ട സമൂഹത്തെ നന്നാക്കാനായി ചാടിപ്പുറപ്പെടുന്നവൻ, അന്ധന് വെളിച്ചം കാണിക്കാനായി സ്വന്തം ശരീരത്തിന് തീകൊളുത്തുന്നവനെപ്പോലെയാണ് – മൗദൂദി വാരിക പ്രബോധനം 2017 ആഗസ്റ്റ് 4 ലക്കം എഡിറ്റോറിയൽ ആരംഭിക്കുന്നത് റശീദ് റിളയുടേതെന്നപേരിൽ ഉദ്ധരിച്ചുകാണുന്ന ഈ വാചകത്തോടെയാണ്. മൗദൂദി / ഇസ്‌ലാഹിയാദി വെളിച്ചം കാട്ടലുകാരൊക്കെയും ഇങ്ങനെ തീകൊളുത്തി ചത്തതു പോലെയായെന്ന് എഡിറ്ററേമാന് ഇപ്പോഴാണ് വിവരം വെച്ചത്. ഇപ്പോളെന്നാൽ മലപ്പുറം കുളത്തൂരിൽ മരണപ്പെട്ട ഭർത്താവിനെ കുടുംബം മാസങ്ങളോളം സംസ്‌കരിക്കാതെ സൂക്ഷിച്ചപ്പോൾ – എന്തൊരു കഥയാണിത്! മതത്തെ തൂക്കിവിൽക്കാൻ എഴുന്നള്ളിയ നവോത്ഥാനക്കാർ ഖുർആനും ഹദീസും മറ്റു പ്രമാണങ്ങളും കുശാല കൈമിടുക്കോടെ കോട്ടിമാട്ടിയപ്പോൾ ശരീരത്തിനു മാത്രമല്ല, ആത്മാവിനു തന്നെ തീകൊളുത്തുകയാണെന്ന് അന്തമുള്ളവർക്കു മുമ്പുതന്നെ മനസ്സിലായിട്ടുണ്ടല്ലോ.

മേൽചൊന്ന ‘ദിവ്യസൂക്തി’ എന്തായാലും പുറത്തുവരേണ്ടത് റശീദ് റിളയുടെ വായിൽനിന്നുതന്നെയാണ് – ഖുർആനിലെ സൂറതു യൂനുസ് രണ്ടാം വാക്യം വ്യാഖ്യാനിച്ച് അല്ലാഹുവിനെ തിരുത്താനും പടച്ച റബ്ബിനു സംഭവിച്ച ‘ഭീമാബദ്ധം(?)’ ഓർമപ്പെടുത്താനുമൊക്കെ അഹങ്കാരം കാണിച്ചത് ടിയാനാണല്ലോ. പറഞ്ഞത് വല്ലാത്തൊരു തത്ത്വംതന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. വിവരമില്ലാത്തവരെ നന്നാക്കാനിറങ്ങുന്നത് ആത്മഹത്യയാണെങ്കിൽ പിന്നെ ഇവിടെ ദഅ്‌വത്ത് നടക്കുമോ? വിവരമുള്ളവരെ നന്നാക്കാനായിരുന്നുവോ ലക്ഷത്തിൽപരം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്? അതല്ല, എടുത്തുചാടുന്നതാണോ പ്രശ്‌നം. അതുകൊണ്ടുതന്നെയല്ലേ, ഇമ്മാതിരി ഓരോ നവോത്ഥാന നാടകം അരങ്ങിലെത്തുമ്പോഴും മൂത്ത നവോത്ഥാനക്കാരൻ മൗദൂദി ഇസ്‌ലാമിന്റെ ഹാരം പൊട്ടിച്ചെറിഞ്ഞ് ജമാഅത്തെ ഇസ്‌ലാമിയിൽ ശഹാദത്ത് ചൊല്ലി പ്രവേശിച്ചപ്പോഴുമൊക്കെ പഠിച്ച പണ്ഡിതർ വേണ്ടട്ടോയെന്ന് വേദാന്തമോതിയത്? സ്വസഹോദരനും പിതാവുമൊക്കെ മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബിനെ നേരിട്ടും അല്ലാതെയും ഉപദേശിച്ചുനോക്കിയത്? പക്ഷേ, ഈ വേദമൊക്കെ ശ്രോതം ചെയ്തത് മഹിഷകാതുപോലുമാകാതെയായി – കഷ്ടം തന്നെ!

പ്രബോധനത്തിന്റെ മുഖവാക്ക് ഓരോ വരിയും അബദ്ധവും തെറ്റിദ്ധരിപ്പിക്കലുമാണ്. ദൗർഭാഗ്യകരമായൊരു കാര്യമാണ് ആ വീട്ടിൽ നടന്നത്. ഒരിക്കലും സംഭവിച്ചുകൂടായിരുന്ന ദുരന്തം. സ്വബുദ്ധി നിലനിൽക്കെ ഒരാളും ഇതിനു ഭൂഷ്ടരാവുമെന്ന് വിചാരിക്കാൻ വയ്യ. എന്നുവെച്ച് ഇത് സമൂഹത്തിന്റെ, പ്രത്യേകിച്ച് സുന്നീ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മയാണെന്നവിധം പ്രചരിപ്പിക്കുന്നതിന്റെ യുക്തിയെന്താണ്? സർവ ജാതിമുജാഹിദുകളും മൗദൂദികളും മതമില്ലാത്തവരും ആലയജീവികളുമൊക്കെയും ഇതെടുത്ത് കുളംകലക്കുന്നു. ഒരു നാടിനെ മൊത്തം ആക്ഷേപിക്കുന്നു. ആ നാട്ടുകാരുമായി വിവാഹബന്ധത്തിനുപോലും ഇതരദേശക്കാർക്ക് താൽപര്യമില്ലായ്മ വരാൻ അപവാദങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒന്നുചോദിക്കട്ടെ, സുന്നീ പ്രസ്ഥാനത്തിലും കൊളത്തൂരും ആദ്യമായൊന്നുമല്ല മരണം നടക്കുന്നത്. എന്നിട്ട് ഇതുവരെ ആരെങ്കിലും ഇങ്ങനെ ഒരു വഷളത്തം ചെയ്തിട്ടുണ്ടോ? പ്രസ്ഥാനത്തിന്റെ സർക്കുലറോ നേതാക്കളുടെ ഉപദേശമോ അനുസരിച്ചായിരുന്നോ ഭർത്താവിന്റെ മയ്യിത്ത് പാവപ്പെട്ട ആ ഗ്രാമീണ സ്ത്രീ സൂക്ഷിച്ചുവെച്ചത്? ഈ പ്രസ്ഥാനം രൂപപ്പെട്ട് ഇതുവരെ എത്രയോ മഹാപണ്ഡിതർ മരണപ്പെട്ടിട്ടുണ്ട്. പുനർജന്മസാധ്യത കണ്ട് അവരെ ആരെങ്കിലും സംസ്‌കരിക്കാതെ സൂക്ഷിക്കുന്നുണ്ടോ? – സത്യത്തിൽ അങ്ങനെയൊരു വിശ്വാസമുണ്ടെങ്കിൽ ഈ മഹാത്മാക്കളെ പുനർജനിപ്പിക്കാനല്ലേ സമൂഹം ശ്രമിക്കുക; അതാണല്ലോ കൂടുതൽ ഉപകാരപ്രദം?

ഏതു പ്രസ്ഥാനത്തിലെയും ഓരോ അംഗത്തെയും നിയന്ത്രിച്ചു നിർത്താൻ നേതൃത്വത്തിനു കഴിയുമെന്ന് ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എടുത്തുചാടി വഴികാണിച്ച് ആദ്യം ശിർക്കായിരുന്ന സർവ സംഗതിയും തൗഹീദിന്റെ ചാർട്ടിലേക്ക് അടിച്ചുമാറ്റിയിട്ടുപോലും മൗദൂദികൾ പപ്പടവട്ടത്തിൽനിന്ന് വികസിച്ചിട്ടില്ല; ക്ലോസറ്റിലെ വെള്ളം കണക്കെ എന്നും ഒരേ ലെവലിലാണ് ഈ വമ്പൻ രാഷ്ട്രീയ ശക്തി. എന്നിട്ടുപോലും അവർക്ക് അനുയായികളെ നിയന്ത്രിക്കാനാവാത്തതിന്റെ നാറുന്ന കഥകൾ എഴുതിപ്പിക്കണോ? മറ്റേ നവോത്ഥാനക്കാരുടെ നേതാക്കൾതന്നെ നടത്തിയ ഒതായിപ്പള്ളി വിപ്ലവം മുതൽ സ്വന്തം ഭാഷ നിർമിച്ച് ഭാര്യ നിലവിലിരിക്കെ അവളുടെ സഹോദരിയെ കൂടി സ്വന്തമാക്കിയതുവരെയുള്ള സ്വയം തീക്കൊടുക്കൽ വിശദീകരിക്കേണ്ടതില്ലല്ലോ. ഇതൊന്നും എന്തേ, മൗദൂദി എഡിറ്റർക്ക് ഒരു പ്രശ്‌നമല്ലാതായിത്. മതവിധിയനുസരിച്ച് പറഞ്ഞാൽ മയ്യിത്തിന്റെ ശേഷകർമങ്ങൾ ഉപേക്ഷിക്കുന്നതിന്റെ മസ്അല തന്നെയല്ലേ ഉപരിസൂചിത സുന്ദരസുരഭില നവോത്ഥാന കർമങ്ങൾക്കുമുള്ളത്.

ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമെടുത്ത് സമുദായാക്ഷേപം നടത്തി നല്ലപിള്ള ചമയുന്നത് സ്വശരീരത്തിൽ മാലിന്യം പുരട്ടുന്ന രീതിയിലാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്തിരി ചുളിയാതെ വടിവൊത്ത രീതിയിൽ ആളാവുകയാണ് ലക്ഷ്യമെങ്കിൽ ഒന്നു പറഞ്ഞോട്ടെ, പ്രബോധനക്കാരനും തേജസ് പത്രത്തിൽ ലേഖനം വിളമ്പിയ പഴയ പ്രബോധനക്കാരൻ അബ്ദുല്ലയുമൊക്കെ തീകൊള്ളികൊണ്ട് തല ചൊറിയുകയല്ല ചെയ്യുന്നത്, അന്തംവിട്ട് റശീദ് റിള പറഞ്ഞതുപോലെ ശരീരത്തിനു തീ കൊടുക്കുക തന്നെയാണ്…!

You May Also Like
hajj prayer-malayalam

വിശുദ്ധ ഹജ്ജിലെ പ്രാർത്ഥന സ്ഥാനങ്ങൾ

മനസ്സും ശരീരവും ഒരു പോലെ കർമനിരതമാവുന്ന മഹിതമായ ആരാധനയാണ് ഹജ്ജ്. മനുഷ്യന്റെ ആത്മീയമായ പുരോഗതിക്കു വേണ്ട…

● സൈനുദ്ദീൻ ഇർഫാനി മാണൂർ
kahba makka - malayalam

കഅ്ബ, മക്ക, ഹറം പൗരാണിക വർത്തമാനങ്ങൾ

അല്ലാഹു ആകാശ ഭൂമികളെയും അതിലുള്ളവയെയും സൃഷ്ടിച്ചപ്പോൾ ഭൂമിയിൽ നിന്ന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വിശുദ്ധ മക്ക എന്ന്…

● ഡോ. അബ്ദുൽ ഹകീം സഅദി
kaipatta musliyar-malayalam

കൈപറ്റ ബീരാൻകുട്ടി മുസ്ലിയാർ: മലബാറിന്റെ ഹൈത്തമി

ജീവിതം വിജ്ഞാനത്തിനായി നീക്കിവെച്ച മഹാമനീഷിയാണ് കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ. വലിയ  ശിഷ്യ സമ്പത്തിന്റെ ഉടമ.…

● അനസ് നുസ്രി കൊളത്തൂർ