സുരക്ഷയും വികസനവുമാണ് ഭരണഘടനകളുടെ പ്രധാന പ്രമേയം. അതുകൊണ്ടാണ് പ്രതിരോധ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ രാഷ്ട്രസമ്പത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. അറിവും യോഗ്യതയുമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങിയവരെ ഉയർന്ന വേതനവും ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കുന്നതും ഇക്കാരണത്താലാണ്. വലിയ മാസവേതനവും നിരവധി ആനുകൂല്യങ്ങളും ആയുഷ്‌കാലം മുഴുവനും ലഭിക്കുന്ന എല്ലാ സർക്കാർ ഉദ്യോഗങ്ങളും രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും നിലനിൽപിനാണെന്ന് സാരം.
ഇവയിൽ മെയ്യനങ്ങാത്ത തൊഴിലുകളാണ് കൂടുതലും. പകരം ഉദ്യോഗസ്ഥരുടെ ബുദ്ധി, വിജ്ഞാനം, ചിന്ത, കാഴ്ചപ്പാട് തുടങ്ങിയ ധൈഷണിക യോഗ്യതകളാണ് ഉപയോഗിക്കുന്നത് (ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും രാഷ്ട്ര നന്മക്ക് വേണ്ടി സ്വീകരിക്കുന്ന ജനപ്രതിനിധികളെ പ്രത്യേകം ഓർക്കണം). ഭൗതികതയെ മാത്രം അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ലോകത്തെ മുഴുവൻ ഭരണകൂടങ്ങളുടെയും സംരക്ഷണം ഈ രൂപത്തിലാണ്. സർവാംഗീകൃത ഭൗതിക ശരിയാണിത്.
ഇത്രയും ആമുഖമായി പറഞ്ഞതാണ്. ഇനിയാണ് കാര്യം. ഇസ്‌ലാം മാത്രമാണ് അല്ലാഹുവിന്റെ സത്യമതമെന്നും ശരീഅത്ത് നിയമങ്ങളാണ് നിത്യശരിയെന്നും വിശ്വസിക്കുകയും അവ സംരക്ഷിക്കൽ ബാധ്യതയാണെന്ന് കരുതുകയും ചെയ്യുന്നവരോട് ചിലതു പറയാനുണ്ട്.
ശരീഅത്തിന്റെ സംരക്ഷണം വിജ്ഞാനത്തിലൂടെയാണെന്നും ആഴത്തിലുള്ള മതപഠനമില്ലാതെ ദീൻ നിലനിൽക്കില്ലെന്നും നമുക്കറിയാം. ജ്ഞാനം മതത്തിന്റെ ആത്മാവാണ്. ശരീഅത്ത് പഠനത്തിലും അധ്യാപനത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ച പാരമ്പര്യ ഉലമാക്കളാണ് ഇസ് ലാമിനെ പതിനാല് നൂറ്റാണ്ട് സംരക്ഷിച്ചതെന്നും എല്ലാവർക്കുമറിയാം. മുസ്‌ലിം ഭരണാധികാരികൾ ഇത്തരം ഉലമാക്കൾക്ക് ഉയർന്ന വളീഫകളും സൗകര്യങ്ങളും നൽകി ദീനീ വിജ്ഞാനങ്ങളെ സംരക്ഷിച്ചു. സാമൂഹിക ബാധ്യതകളിൽ (ഫർള് കിഫ) ഏറ്റവും പ്രധാനപ്പെട്ട മതവിജ്ഞാനത്തിന്റെ സംരക്ഷണം ഇത്രകാലം വിശ്വാസികളും ഏറ്റെടുത്തു നിർവഹിച്ചു.
ഇസ്‌ലാമിക ഭരണം നിലവിലില്ലാത്ത പ്രദേശങ്ങളിൽ ഈമാനിന്റെ വെളിച്ചമുള്ള എല്ലാവരും അവരവരുടെ ബാധ്യത അനുഷ്ഠിച്ചു. അതായത് ബുദ്ധിയും യോഗ്യതയുമുള്ളവർ പ്രാഥമിക പഠനങ്ങൾക്ക് ശേഷം (ഫർള് ഐൻ) ഉന്നത മതപഠനത്തിൽ ശ്രദ്ധിച്ചു. പതിറ്റാണ്ടുകൾ നീണ്ട ശരീഅത്ത് പഠനങ്ങൾക്ക് ശേഷം ഗുരുനാഥന്മാരുടെ വിശിഷ്ടാനുമതി പ്രകാരം അധ്യാപന, ഗ്രന്ഥരചനാ ദഅ്‌വത്തുകളിൽ മുഴുകി. സമയം മുഴുവനും (നവവി ഇമാമടക്കം പലരും വളരെക്കുറച്ചുറങ്ങി) ബുദ്ധിയും ചിന്തയും ജ്ഞാനവും കാഴ്ചപ്പാടുകളും മതവിജ്ഞാനങ്ങൾ സംരക്ഷിക്കാൻ അവസാന നിമിഷം വരെ ചെലവഴിച്ചു. പണവും സൗകര്യവും നൽകി അല്ലാഹു അനുഗ്രഹിച്ചവർ ഇൽമിനെയും ഉലമാക്കളെയും മതപഠന സംരംഭങ്ങളെയും സംരക്ഷിക്കാൻ ഉത്സാഹം കാണിച്ചു.
ഇസ്‌ലാമിക ഭരണാധികാരികൾ വിജ്ഞാന സംരക്ഷണത്തിനായി രാഷ്ട്രസമ്പത്ത് യഥേഷ്ടം ഉപയോഗപ്പെടുത്തി (ഭൗതിക മൂല്യം മാത്രമുള്ള പഠനങ്ങൾക്കായി സെക്യുലർ സർക്കാറിന്റെ ഫെല്ലോഷിപ്പുകൾ സ്വീകരിക്കുന്നത് അന്തസ്സും മതപഠനത്തിലും തദ്‌രീസിലും മാത്രം ശ്രദ്ധിച്ച് ശരീത്തിന്റെ സംരക്ഷണ ബാധ്യത ഏറ്റെടുത്ത പണ്ഡിതർക്ക്, ഇസ്‌ലാമിക ഗവൺമെന്റില്ലാത്ത നാടുകളിൽ മുസ്‌ലിം സമ്പന്നർ നൽകേണ്ട നിർബന്ധ സഹായങ്ങളെ ഔദാര്യമായും വിലയിരുത്തുന്നവർക്ക് മാരകമായ എന്തോ രോഗമുണ്ട്). മെയ്യനങ്ങാതെ (ഭൗതികജ്ഞാനവും ബുദ്ധിയും ചിന്തയും കാഴ്ചപ്പാടുകളും ഉപയോഗിച്ച്) സർക്കാർ ശമ്പളവും മറ്റും കൈപറ്റുന്ന ഗവ:ജീവനക്കാർ അന്തസ്സുള്ളവരും ആവശ്യത്തിന് ലീവും വേതനവുമില്ലാതെ മുഴുസമയം മുത്വാലഅയിലും പഠനത്തിലും ജ്ഞാന പ്രചാരണത്തിലും മുഴുകുന്ന ഉസ്താദുമാർക്ക് മുസ്‌ലിം ഉമ്മത്ത് നൽകേണ്ട നിർബന്ധ സംരക്ഷണം സ്വീകരിക്കുന്നവർ ഔദാര്യം പറ്റുന്നവരുമാണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവരുടെ ഈമാനിന്റെ തോത് അളന്നു തുടങ്ങേണ്ടതുണ്ട്.
കോവിഡ് കാലത്ത്, സേവനങ്ങളിലും ജോലികളിലും മാറ്റങ്ങൾ വന്നിട്ടുപോലും സർക്കാർ സാലറി വാങ്ങുന്നവർക്കും ശരീഅത്ത് സംരക്ഷിക്കുന്ന ഉസ്താദുമാർക്കുമിടയിലെ വ്യത്യാസം എത്ര പേർ ശ്രദ്ധിച്ചു (ശറഈ ബാധ്യതയും സർക്കാർ ബാധ്യതയും വേർതിരിച്ചറിയുന്നവരോട് മാത്രം). ഇമാമത്തും ഖുത്ബയും മദ്‌റസയും മാത്രമുള്ള ഉസ്താദുമാരും ഒഴിവു സമയങ്ങളിൽ കച്ചവടമല്ല, മതപഠനവും മുത്വാലഅയുമാണ് ചെയ്യേണ്ടത്. ആഴത്തിലുള്ള അറിവിനായി വലിയ ഉലമാക്കളുടെ ദർസിൽ ചേർന്ന് വീണ്ടും കിതാബോതണം. ശറഇന്റെ പ്രധാന സംരക്ഷകരായ മുഅല്ലിമീങ്ങളും ഖത്വീബുമാരും പിഴച്ചാൽ നാടും കുട്ടികളും വഴി പിഴക്കും. അവർ പിന്നെയും അറിവ് വർധിപ്പിക്കുകയാണു വേണ്ടത്. അവർക്കുള്ള ഫെല്ലോഷിപ്പും ബോണസുകളും ഉയർന്ന സാലറിയും നൽകൽ മുസ്‌ലിം മഹല്ലിന്റെയും സമ്പന്ന വിശ്വാസികളുടെയും ബാധ്യതയാണ്; ഔദാര്യമല്ല തന്നെ!
എന്നാൽ ഔദാര്യ വാദികളോട് ചിലതു പറയാതെ വയ്യ. സാമൂഹിക ജീവിയായ മനുഷ്യരെല്ലാം പരസ്പരം സഹകരിക്കുകയും സഹായിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവരാണ്. പരാശ്രയമില്ലാതെ ജീവിക്കാൻ ഒരു സൃഷ്ടിക്കും കഴിയില്ല. ശമ്പള വർധനവും പ്രമോഷനും ബോണസും ആഗ്രഹിക്കാത്തവരും സ്വീകരിക്കാത്തവരുമുണ്ടോ? സർക്കാറിന്റെ ഔദാര്യങ്ങൾക്ക് വേണ്ടി അലമുറയിടുന്നവരേ, പെരുന്നാൾ, ഓണം, ക്രിസ്മസ്, ബോണസുകൾക്ക് വേണ്ടി ജോലി മുടക്കി സമരം ചെയ്യുന്നവരേ, ഡിമാന്റുകൾ ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്നവരേ, ശമ്പള വർധനവിനും മറ്റാനുകൂല്യങ്ങൾക്കും വേണ്ടി തൊണ്ടകീറുന്ന അന്തസ്സുകാരേ… ഇവിടെ ആരാണ് ഔദാര്യം സ്വീകരിക്കാത്തവർ? ആരാണിവിടെ ജോലിയെടുക്കുന്നവർ?! സ്വീകരിക്കൽ പുണ്യകർമമായ ഹദ്‌യകൾ(തിരസ്‌കരിക്കൽ കറാഹത്തും) കൈ പറ്റുന്ന ഉസ്താദുമാരാണോ, അതുവച്ച് ദീനിന്റെ കാവൽക്കാരെ സോഷ്യൽ മീഡിയയിലും മറ്റും അപഹസിക്കുന്നവരാണോ ശരി?
പ്രത്യേക ശ്രദ്ധക്കായി ഒരു സംഗതി കൂടി ഉണർത്താം. കീഴ്‌മേൽ മറിഞ്ഞ ഈ കാലത്തും ശറഈ വിജ്ഞാനങ്ങളിൽ മാത്രം മുഴുകുന്ന മുതഅല്ലിമീങ്ങളെപ്പോലും സർക്കാർ ഫെല്ലോഷിപ്പുകളുടെയും ശമ്പളത്തിന്റെയും അധികാരത്തിന്റെയും വലിപ്പവും പെരുപ്പവും പറഞ്ഞ്, ഭൗതിക ഡിഗ്രികളിലേക്കും മറ്റും മോട്ടിവേറ്റ് ചെയ്യുന്ന മാപ്പിള ഇന്റലക്ച്വലുകളാണ് ജ്ഞാന മേഖല നേരിടുന്ന വലിയ ആപത്ത്.
സമയം മുഴുവൻ ശറഈ പഠനങ്ങൾക്കും തദ്‌രീസ്, തസ്‌നീഫ് മേഖലകളിൽ ഉപയോഗപ്പെടുത്താനും തയ്യാറുള്ള ‘മുസ്‌ലിയാരുട്ടികൾക്ക്’ മാസവേതനവും താമസ, വാഹന സൗകര്യവും നൽകൽ വലിയ മതപ്രവർത്തനമായി ഏറ്റെടുക്കാൻ സമൂഹം തയ്യാറാവേണ്ടതുണ്ട്. അങ്ങനെ നമുക്ക് കൈ കോർക്കാം, ശറഈ വിജ്ഞാനങ്ങളെ സംരക്ഷിക്കാം.

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ