– കോവിഡ് സാഹചര്യത്തിൽ മഹല്ലിലെ നിസ്‌കാരപള്ളികളിലും ഇപ്പോൾ ജുമുഅ നടക്കുന്നുണ്ട്. രോഗഭീതി മാറിയാലും ഇവിടങ്ങളിൽ ജുമുഅ തുടരാമോ?
= തുടരാൻ പറ്റില്ല. ഒരുനാട്ടിൽ ഒരു ജുമുഅ എന്നതാണ് അടിസ്ഥാന നിയമം. ഒരിടത്ത് എല്ലാവരും ഒരുമിച്ചുകൂടുന്നതിൽ ശക്തമായ പ്രയാസം ഉള്ളപ്പോൾ മാത്രമേ ഒരു നാട്ടിൽ ഒന്നിലേറെ ജുമുഅകൾ അനുവദനീയമാവുകയുള്ളൂ. ഫത്ഹുൽ മുഈൻ തുഹ്ഫ, നിഹായ തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ മഹല്ലിൽ ഒരു സ്ഥലത്ത് എല്ലാവരും ഒരുമിച്ചുകൂടുന്നതിന് തടസ്സമുള്ളത് കൊണ്ടാണ് ഒന്നിലേറെ ജുമുഅകൾ അനുവദനീയമായത്. ആ കാരണം നീങ്ങിയാൽ പിന്നീട് ഒന്നിലേറെ ജുമുഅ പറ്റില്ല.
ഒന്നിലേറെ ജുമുഅ അനുവദനീയമാകുന്ന സാഹചര്യമുണ്ടായതിനാൽ ജുമുഅ എണ്ണമാവുകയും പിന്നീട് ആ സാഹചര്യം നീങ്ങുകയും ചെയ്താൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ഇമാം ശിഹാബുറംലി(റ) നൽകിയ മറുപടി ഇപ്രകാരമാണ്; ഒന്നിലെറെ ജുമുഅകൾ അനുവദനീയമാക്കുന്ന കാരണം നീങ്ങിയതിനാൽ ഇപ്പോൾ ഒന്നിലേറെ ജുമുഅകൾ അനുവദനീയമല്ല. (ഫതാവാറംലി 1-278).

– കോവിഡ് രോഗി മരിച്ചാൽ കുളിപ്പിക്കുന്നതിനും തയമ്മും ചെയ്യുന്നതിനും വിലക്കുണ്ടല്ലോ. ഇങ്ങനെയുള്ള മയ്യിത്തിന്റെ മേൽ നിസ്‌കരിക്കുന്നതിന്റെ വിധിയെന്താണ്?
മയ്യിത്തിനെ കുളിപ്പിക്കൽ നിർബന്ധമാണ്. കഴിയില്ലെങ്കിൽ തയമ്മും ചെയ്യണം. കുളിപ്പിക്കുന്ന വ്യക്തിയിലേക്ക് രോഗം പകരുമെന്ന ഭയമുണ്ടെങ്കിൽ തയമ്മും മതിയാകുമെന്ന് തുഹ്ഫ 3-184ൽനിന്ന് മനസ്സിലാക്കാവുന്നതാണ്.
കുളിയും തയമ്മുമും രണ്ടുമില്ലാതെ മയ്യിത്തിന്റെ മേൽ നിസ്‌കാരം പറ്റില്ലെന്നാണ് മദ്ഹബിൽ പ്രബലം. എന്നാൽ രണ്ടും അസാധ്യമായാൽ രണ്ടുമില്ലാതെ തന്നെ നിസ്‌കരിക്കണമെന്ന ഒരഭിപ്രായവും മദ്ഹബിലുണ്ട്. മദ്ഹബിൽ പ്രബലമല്ലെങ്കിലും ഈ അഭിപ്രായമനുസരിച്ച് അമൽ ചെയ്യാവുന്നതാണ്. മയ്യിത്തിനോടുള്ള അവഗണന ഒഴിവാകാനും ബന്ധുക്കളുടെ സമാധാനത്തിനും ഈ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കേണ്ടതാണെന്ന് പിൻഗാമികളായ കർമ്മശാസ്ത്രപണ്ഡിതരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. (തുഹ്ഫ 3-189 നിഹായ 3-25 അസ്‌നൽ മത്വാലിബ് 1-321 ശർവാനി 3-189 കാണുക).

– സകാത്ത് നിർബന്ധമായ സ്വർണ്ണം കൈവമുള്ളയാൾ സകാത്തായി നൽകേണ്ടത് സ്വർണ്ണമോ പൈസയോ? 85 ഗ്രാം കൈവമുള്ളവർ 2.125 ഗ്രാം സകാത്തായി കൊടുക്കണമല്ലോ. ഇതിന്റെ വില നൽകിയാൽ മതിയാകുമോ? പുതിയ സ്വർണ്ണം വാങ്ങി നൽകുകയാണെങ്കിൽ വില കൂടുതലായതിനാൽ വലിയ നഷ്ടം സംഭവിക്കും. ഉടമസ്ഥന് നഷ്ടം വരുത്തുന്നതാണോ ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ? വിശദീകരിച്ചാലും?
സ്വർണ്ണത്തിന്റെ സകാത്ത് സ്വർണ്ണം തന്നെ നൽകൽ നിർബന്ധമാണ്. അതിനുപകരം വില നൽകിയാൽ മതിയാകുന്നതല്ല. സ്വർണ്ണം സകാത്തായി നൽകുന്നത് നഷ്ടമാണെന്ന ചിന്ത ശരിയല്ല. അതുവഴി സകാത്തിന്റെ ബാധ്യത വീടുകയും പരലോകത്ത് വലിയ പ്രതിഫലം ലഭിക്കുകയും ചെയ്യുമല്ലോ. പരലോകത്തേക്കുപകരിക്കുന്ന വിധം ചെലവഴിക്കപ്പെടുന്നധനം ലാഭമാണ്; നഷ്ടമല്ല. സത്യത്തിൽ അങ്ങനെ ചെലവഴിക്കപ്പെടുന്ന ധനമാണ് സ്വന്തത്തിന്റെ ധനമെന്നും ചെലവഴിക്കപ്പെടാതെ കെട്ടിപ്പൂട്ടിവെക്കുന്നധനം അന്യർക്കുള്ളതാണെന്നുമാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
ഭൗതിക നഷ്ടങ്ങൾമാത്രം പരിഗണിക്കുന്നുവെങ്കിൽ വില നൽകുന്നതും നഷ്ടമാണെന്ന് ചിന്തിക്കാമല്ലോ. അതൊന്നും മുസ്‌ലിമിന്റെ ചിന്തയല്ലെന്ന് ചുരുക്കം.
സ്വർണ്ണത്തിന്റെ സകാത്ത് സ്വർണ്ണമായും വെള്ളിയുടെ സകാത്ത് വെള്ളിയായും നൽകണമെന്നും സ്വർണ്ണത്തിന് വേണ്ടി വെള്ളിയോ വെള്ളിക്കുവേണ്ടി സ്വർണ്ണമോ നൽകിയാൽ മതിയാവുകയില്ലെന്നും കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. (തുഹ്ഫ 3-269, 322).

– വധുവിന്റെ രക്ഷിതാവും വരനും തമ്മിലാണല്ലോ നികാഹ് നടക്കാറുള്ളത്. പെണ്ണിന്റെ രക്ഷിതാവ് നികാഹ് നടത്താൻ മറ്റൊരാളെ വകാലത്താക്കുകയും വകാലത്ത് ഏൽപിക്കപ്പെട്ടവൻ നികാഹ് ചെയ്തുകൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ വരൻ മറ്റൊരാളെ വകാലത്ത് ഏൽപിച്ച് നികാഹ് നടത്താമോ? നികാഹിന്റെ സദസ്സിൽ വരൻ പങ്കെടുക്കൽ നിർബന്ധമാണോ? അവനിൽനിന്ന് വകാലത്ത് ഏറ്റെടുത്ത ആ വ്യക്തി നികാഹ് ഖബൂലാക്കിയാൽ മതിയാകുമോ? മതിയാകുമെന്നാണെങ്കിൽ എങ്ങനെയാണ് അതിന്റെ രൂപം? എങ്ങനെയാണ് ഖബൂൽ ചെയ്യേണ്ടത്? വിശദമായി മറുപടി പ്രതീക്ഷിക്കുന്നു.
യോഗ്യരായ രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിൽ വധുവിന്റെ രക്ഷിതാവും വരനും തമ്മിൽ നിശ്ചിത വാചകങ്ങളിലൂടെ നടത്തുന്ന വിശുദ്ധ ഇടപാടാണ് നികാഹ്. എന്നാൽ നികാഹിൽ രക്ഷിതാവും വരനും തന്നെ നേരിട്ട് പങ്കെടുക്കണമെന്ന നിർബന്ധമില്ല. അവരുടെ പ്രതിനിധികൾ മുഖേനയും നികാഹ് നടത്താവുന്നതാണ്.
വധുവിന്റെ രക്ഷിതാവ് അവളെ നികാഹ് ചെയ്തുകൊടുക്കാൻ മറ്റൊരാളെ വകാലത്ത് ഏൽപിക്കൽ അനുവദനീയമാണ്. അപ്രകാരം തന്നെ തനിക്ക് വേണ്ടി നികാഹിനെ ഖബൂലാക്കാൻ വേണ്ടി വരൻ മറ്റൊരാളെ വകാലത്ത് ഏൽപിക്കുകലും അനുവദനീയമാണ്.
ചുരുക്കത്തിൽ വധുവിന്റെ രക്ഷിതാവും വരനും രക്ഷിതാവിന്റെ പ്രതിനിധിയും വരനും രക്ഷിതാവും വരന്റെ പ്രതിനിധിയും രക്ഷിതാവിന്റെയും വരന്റെയും പ്രതിനിധികൾ എന്നിങ്ങനെയെല്ലാം നികാഹ് നടത്താവുന്നതാണ്.
നികാഹ് നടത്തുന്നത് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലായിരിക്കണമെന്നാണ് നിയമം. രക്ഷിതാവോ വരനോ വകാലത്ത് വഴി പ്രതിനിധിമുഖേനയാണ് നികാഹ് നടത്തുന്നതെങ്കിൽ ആ പ്രതിനിധി സാക്ഷികളുടെ സാന്നിധ്യത്തിൽ ഹാജറായി നികാഹ് നടത്തുകയാണ് വേണ്ടത്. എങ്കിൽ വകാലത്ത് ഏൽപിച്ച രക്ഷിതാവ് / വരൻ നികാഹിന്റെ സദസ്സിൽ ഹാജറാവണമെന്നില്ല.
ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: നികാഹിനെ ഖബൂലാക്കാൻ വേണ്ടി വരൻ മറ്റൊരാളെ വകാലത്താക്കൽ അനുവദനീയമാണ്. വധുവിന്റെ രക്ഷിതാവ് വരന്റെ വകീലിനോട് ഇപ്രകാരമാണ് പറയേണ്ടത്.

زوجت بنتي فلان بن فلان (എന്റെ മകളെ ഞാൻ ഇന്നാലിന്നവന്റെ മകൻ ഇന്നാലിന്നവന് ഇണയാക്കി കൊടുത്തു.)
അപ്പോൾ വരന്റെ പ്രതിനിധി قبلت نكاحها له
(അദ്ദേഹത്തിന് വേണ്ടി അവളെ നികാഹ് ചെയ്തുതന്നതിനെ ഞാൻ സ്വീകരിച്ചു.) എന്നു പറയണം. ലഹു എന്ന പദം ഒഴിവാക്കിയാൽ നികാഹ് സ്വഹീഹാവുകയില്ല. (ഫത്ഹുൽ മുഈൻ പേജ് 365).cc

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ