വിവാദമായ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്നു വർഷത്തെ ജുവനൈൽ ഹോം വാസത്തിനു ശേഷം വിട്ടയച്ച നടപടിക്കെതിരെ കനത്ത പ്രതിഷേധമുണ്ടായതിനെ തുടർന്ന് ബാല നീതി ഭേദഗതി ബിൽ രാജ്യ സഭ ഈയിടെ പാസാക്കുകയുണ്ടായി. 2000-ത്തിലെ ബാല നീതി നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതാണ് പ്രസ്തുത ബിൽ. ഹീനമായ കുറ്റകൃത്യങ്ങൾക്ക് മുതിർന്നവരുടെ സമാനമായ വിചാരണ 16 വയസ്സ് കഴിഞ്ഞവർക്കും ബാധകമാക്കുന്നതാണ് പുതിയ നിയമം. 16-നും 18-നും ഇടയ്ക്കുള്ള പ്രായത്തിൽ ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചെയ്യുന്ന പ്രതികൾ 21 വയസ്സിനു ശേഷമാണു പിടിക്കപ്പെടുന്നതെങ്കിൽ പ്രായ പൂർത്തിയായവർക്കുള്ള വിചാരണ അവർക്കും നൽകണമെന്നാണ് നിയമ ഭേദഗതി ബില്ലിൽ പറയുന്നത്. കുട്ടിക്കുറ്റവാളിക്ക് 21 വയസ്സാകുന്നതുവരെ ദുർഗുണ പരിഹാര പാഠശാലയിൽ താമസിപ്പിക്കുകയും സ്വഭാവത്തിൽ മാറ്റം വന്നെങ്കിൽ  സ്വതന്ത്രമാക്കുകയും അല്ലെങ്കിൽ ജയിലിലടക്കുകയും ചെയ്യണമെന്നതാണ് പ്രധാന ഭേദഗതി. കുട്ടിയുടെ മാനസികാവസ്ഥ മനഃശാസ്ത്രജ്ഞരുൾപ്പടെയുള്ള വിദഗ്ധരാണ് പരിശോധിക്കുക. വിചാരണക്കു ശേഷം ശിക്ഷിക്കപ്പെടുന്ന കൗമാരക്കുറ്റവാളികളെ പാർപ്പിക്കാൻ ജയിലുകൾക്കും ജുവനൈൻ ഹോമുകൾക്കും പകരം ‘ബോസ്റ്റൽ’ സംവിധാനം ഏർപ്പെടുത്താനും വ്യവസ്ഥയുണ്ട്. ബിൽ കഴിഞ്ഞ മെയ് ഏഴിനു ലോക്‌സഭ പാസാക്കിയിരുന്നു. ഇപ്പോൾ രാജ്യസഭയും.

2012 ഡിസംബർ 16-നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ആൺ സുഹൃത്തിനൊപ്പം ബസ്സിൽ സഞ്ചരിക്കവെ പ്രായപൂർത്തിയാകാത്ത പ്രതിയുൾപ്പെടെ ആർ പേർ ചേർന്ന് സുഹൃത്തിനെ  മർദിച്ച ശേഷം പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ഈ സംഭവത്തിൽ പ്രതികൾക്ക്  വധ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിക്കുള്ള മൂന്ന് കൊല്ലത്തെ തടവ് പൂർത്തിയായാൽ എല്ലാ കുറ്റങ്ങളും രേഖകളിൽ നിന്നു നീക്കം ചെയ്യുകയും പുതിയ വ്യക്തിത്വം നൽകി സമൂഹവുമായി ഇഴകിച്ചേരാൻ അവസരമൊരുക്കുകയും ചെയ്യണമെന്ന ബാല നീതി നിയമ പ്രകാരം ഈ കേസിലെ കുട്ടിക്കുറ്റവാളിയെ കോടതി മോചിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 18 വയസ്സാകാൻ മാസങ്ങൾ മാത്രമാണുണ്ടായിരുന്നത്.

പ്രതിയുടെ പുനരധിവസം സംബന്ധിച്ച് പ്രതിയുമായും രക്ഷിതാക്കളുമായും ഡൽഹി സർക്കാരിലെ വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ച് കാര്യങ്ങൾ തീരുമാനിക്കാൻ കോടതി ഡൽഹി ജുവനൈൽ ജസ്റ്റിസ് ബോർഡിന് നിർദേശം നൽകുകയും ചെയ്യുകയുണ്ടായി. അതേ സമയം കേസിൽ പിടിയിലായ ആറ് പ്രതികളിൽ അന്ന് പ്രായ പൂർത്തിയാകാതിരുന്ന കൗമാരക്കാരനെ ദുർഗുണ പരിഹാര പാഠശാലയിൽ നിന്ന് വിട്ടയക്കരുതെന്നും മറ്റ് പ്രതികൾക്ക് നൽകിയ ശിക്ഷ തന്നെ കൗമാരക്കാരനും നൽകണമെന്നും പെൺകുട്ടിയുടെ മാതാപിതാക്കളും കേന്ദ്ര സർക്കാരും  കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹി ഹൈക്കോടതി ഈ ഹർജി തള്ളിയതിനെതിരെ പ്രത്യേകാനുമതി ഹർജിയുമായി ഡൽഹി വനിതാ കമ്മീഷൻ പാതിരാത്രിയിൽ ചീഫ് ജസ്റ്റിസിനെ സമീപിക്കുകയുണ്ടായി. ശിക്ഷാ കാലാവധി കഴിഞ്ഞെങ്കിലും ഹീനമായ കുറ്റം ചെയ്ത പ്രതിയെ പുറത്ത് വിടരുതെന്നാണ് പ്രത്യേകാനുമതി ഹർജിയിൽ ആവശ്യപ്പെട്ടത്.

ദുർഗുണ പരിഹാര പാഠശാലയിലെ മൂന്ന് വർഷത്തെ ശിക്ഷാ കാലയളവിനിടയിൽ കുറ്റവാളിക്ക് മാനസാന്തരം ഉണ്ടായിട്ടില്ലെന്നും അതിനു പകരം കൂടുതൽ തീവ്രതയിലേക്ക് മാറിയിരിക്കുകയാണെന്നും രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടുണ്ടെന്നാണ് വനിതാ കമ്മീഷന്റെ ഹർജിയിലെ പ്രധാന വാദം. സുപ്രീം കോടതി ഈ ഹർജി പരിഗണിക്കുന്നതുവരെ കുട്ടികുറ്റവാളിയുടെ മോചനം സ്റ്റേ ചെയ്യണമെന്ന കമ്മീഷന്റെ ആവശ്യവും അംഗീകരിക്കപ്പെടാതെയാണ് പ്രതി മോചിതനായത്. എന്നാൽ, ഗ്രാമത്തിലേക്കു മടങ്ങിയാലുണ്ടാകാവുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പ്രതിയുടെയും  കുടുംബത്തിന്റെയും അഭിപ്രായം കൂടി പരിഗണിച്ച് ഡൽഹിയിലെ ഒരു സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തെ നടുക്കിയ കുറ്റകൃത്യത്തിലെ പ്രതിയെയാണ് താമസിപ്പിക്കുന്നതെന്ന് കേന്ദ്രത്തിലെ ജീവനക്കാരെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് കൈമാറ്റം നടന്നത്. വിഷയം ചോർന്ന് പോകാനുള്ള സാധ്യത കണക്കിലെടുത്ത് രജിസ്റ്ററിൽ യഥാർത്ഥ പേര് പോലും ചേർത്തിരുന്നില്ലത്രെ. ഒറ്റത്തവണ സാമ്പത്തിക സഹായമായി 10000 രൂപയും സർക്കാർ നൽകി.

മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവത്തിലെ പ്രതി പ്രായ ഇളവിന്റെ ആനുകൂല്യത്തിൽ മതിയായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടതോടെയാണ് കുറ്റവാളികളുടെ പ്രായപൂർത്തിയുടെ പരിധി സംബന്ധമായ പുനഃപരിശോധനക്ക് നിയമ വ്യവസ്ഥ നിർബന്ധിതമായത്. സമാനമായ സംഭവങ്ങൾ ഇതിന് മുമ്പും ശേഷവും നിരവധി നടന്നിട്ടുണ്ടെങ്കിലും ദേശീയ തലത്തിൽ മാത്രമല്ല, ആഗോള തലത്തിൽ വരെ ഏറെ ശ്രദ്ധിക്കപ്പെട്ട കുറ്റകൃത്യമായതു കൊണ്ടും രോഷപ്രകടനം കൂടുതൽ ഉയർന്നു കേട്ടതുകൊണ്ടുമാണ് പതിനാറ് കഴിഞ്ഞ ഹീന കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ മുതിർന്നവരുടെ കോടതിയിൽ വിചാരണ ചെയ്യാൻ സത്വര നടപടികൾ സ്വീകരിക്കാനുള്ള സന്നദ്ധത അധികൃതർ പ്രകടിപ്പിച്ചത്. എൻ സി ആർ ബി യുടെ കണക്കനുസരിച്ച് 2012-ൽ  മാത്രം കൊലപാതകം, ബലാത്സംഗം, പിടിച്ചുപറി തുടങ്ങിയ 35,465 കൗമാര കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രായത്തിന്റെ ഇളവ് മറയാക്കി നാടു നിറയെ കുട്ടികുറ്റവാളികൾ വർധിക്കുന്നുണ്ടെന്ന പൊതു വികാരമാണ് പുതിയ നിയമ നിർമാണത്തിന്റെ അടിസ്ഥാന ഘടകമായി വർത്തിച്ചത്. രാജ്യത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. 2013-ൽ അറസ്റ്റിലായ കുട്ടിക്കുറ്റവാളികളിൽ 66.13 ശതമാനവും 16-18 പ്രായക്കാരാണ്. 12-നും 16-നും ഇടയിലുള്ളവർ 31 ശതമാനവും 7-12 പ്രായ ത്തിലുള്ളവർ 2.4 ശതമാനവുമാണ്. 2013-ലെ കണക്കനുസരിച്ച് കുറ്റാരോപിതരായ കുട്ടികളുടെ എണ്ണം 38,765 ആണ്. 2003-ൽ ഇത് 24,709 മാത്രമായിരുന്നു.

അറസ്റ്റിലായ 80 ശതമാനം കുട്ടികളും മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നവരാണെന്നും പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം നടത്തിയ പഠനം പറയുന്നു. 13.3 ശതമാനം പേർ രക്ഷാകർത്താക്കൾക്കൊപ്പം കഴിയുന്നവരാണ്. അറസ്റ്റിലായവരിൽ 5.7 ശതമാനം  മാത്രമാണ് വീടില്ലാത്തവർ. 16-18 പ്രായമുള്ളവരിൽ 19.1 ശതമാനവും അറസ്റ്റിലായത് മോഷണ ത്തിനാണെങ്കിൽ 5.6 ശതമാനം ബലാത്സംഗത്തിലും 3.6 ശതമാനം തട്ടിക്കൊണ്ടുപോകലിലും 3.4 ശതനമാനം കവർച്ചയിലും 3.3 ശതമാനം കൊലപാതക കേസിലുമാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടിക്കുറ്റവാളികളിൽ 19.2 ശതമാനമാണ് നിരക്ഷരർ. എന്നാൽ, 32.1 ശതമാനവും പ്രാഥമിക വിദ്യാഭ്യാ സമുള്ളവരും 35.4 ശതമാനവും 10-12 ക്ലാസ് വിദ്യാഭ്യാസമുള്ളവരും 13.3 ശതമാനം    ഹയർസെക്കണ്ടറി വിദ്യാഭ്യാസത്തിനു മുകളിലുള്ളവരുമാണ്. 2013-ലെ കണക്കനുസരിച്ച് അറസ്റ്റിലായ 50.4 ശതമാനം കുട്ടികളിൽ 25000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വീടുകളിൽ നിന്നുള്ളവരും, 27.4 ശതമാനം 25,000 – 50,000 വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളും 7.3 ശതമാനം ഒരു ലക്ഷത്തിനു മേൽ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ്.

കുറ്റകൃത്യങ്ങളിൽ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമായതു കൊണ്ട് പുതിയ നിയമമനുസരിച്ച് 16 വയസ്സിന് താഴെയാണ് ബാല്യമായി കണക്കാക്കുന്നത്. അതിന് മുകളിൽ പ്രായമുള്ളവരെല്ലാം മുതിർന്നവരും.  2012-ൽ ജുവനൈൽ ജസ്റ്റിസ് ബോഡിലെത്തിയ കേസുകളിൽ മൂന്നിൽ രണ്ടു ഭാഗവും 16-18 പ്രായത്തിനിടയിലുള്ളവർ ചെയ്തതാണെന്നതാണു യാഥാർത്ഥ്യം. അതേ സമയം 1929-ൽ ബ്രിട്ടീഷ് സർക്കാർ പാസാക്കിയ ‘ബാല്യ വിവാഹ നിയന്ത്രണ നിയമ’മനുസരിച്ച് 20 വയസ്സു വരെ പുരുഷന്റേതും 18 വയസ്സ് വരെ സ്ത്രീയുടേതും ബാല്യമാണ്. ഈ പ്രായത്തിനു മുമ്പ് വിവാഹിതരാവുന്നവർ കുറ്റക്കാരാണെന്ന് നിയമം അനുശാസിക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളിൽ ബാല്യത്തിന്റെ പരിധി കുറച്ച സാഹചര്യത്തിൽ വിവാഹ പ്രായവും  വോട്ടവകാശ പ്രായവും ചുരുക്കേണ്ടതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്. അല്ലാതെ ബാല്യത്തിന് വിവിധ നിയമങ്ങളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ശരിയല്ലല്ലോ. അല്ലെങ്കിലും വയസ്സ് മാത്രമാണ് ബാല്യത്തിന്റെയും മൂപ്പിന്റേയും മാനദണ്ഡമെന്നത് ഒരു അബദ്ധ ധാരണ മാത്രമാണ്. കാൺപൂർ റെയിൽവേ സ്റ്റേഷനു സമീപം മൂന്നു പേർ ചേർന്ന് അഞ്ചു വയസ്സായ ബാലികയെ പീഡിപ്പിക്കുകയും പെൺകുട്ടി നിലവിളിച്ചപ്പോൾ കല്ലുകൊണ്ട് പ്രഹരിക്കുകയും സംഭവ സ്ഥലത്ത് വെച്ചു തന്നെ കുട്ടി മരിക്കുകയും ചെയ്തത് രണ്ടു മാസങ്ങൾക്ക് മുമ്പാണ്. ഈ കേസിലെ പ്രതികളിലൊരാൾക്ക് പതിനാറ് വയസ്സിനും താഴെയായിരുന്നു പ്രായം. ഡൽഹി സംഭവത്തേക്കാൾ പൈശാചികവും അതിക്രൂരവുമായിരുന്നു ഈ കേസിലെ പ്രതികളുടെ കൃത്യം. നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2002 മുതൽ 2012 വരെയുള്ള കാലയളവിൽ കൗമാരക്കുറ്റവാളികളിൽ നിന്നുണ്ടായ ബലാത്സംഗക്കേസുകളുടെ എണ്ണത്തിൽ 143% വർധനവുണ്ടായിട്ടുണ്ട്.  കൊലപാതകക്കേസുകളിൽ 87% ആണ് വർധനവെങ്കിൽ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടികൊണ്ടുപോകുന്നതിൽ 500% വർധനവാണ് ഉണ്ടായിട്ടുള്ളത്.

അമേരിക്കയിൽ പതിനാലുകാരൻ ഹീനമായ കുറ്റകൃത്യങ്ങൾ നടത്തിയാൽ പ്രായപൂർത്തിയായവർക്കുള്ള അതേ ശിക്ഷ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2011-ൽ ഒരു കൊലപാതകവും മറ്റൊരു വധശ്രമവും നടത്തിയ പതിനാറുകാരനായ വിസ്‌കോൻസിനെ പ്രായപൂർത്തിയായവരെ പോലെ തന്നെ ജയിലിൽ അടക്കുകയുണ്ടായി. അതേ വർഷം മാതാപിതാക്കളെ വെടിവെച്ച് കൊല്ലുകയും രണ്ടു സഹോദരങ്ങളെ മർദിക്കുകയും ചെയ്ത കേസിൽ പിടിയിലായ പന്ത്രണ്ടുകാരനെയും ഏഴു വർഷം തുറങ്കലിലടക്കാനാണ് കോടതി വിധിച്ചത്.  ബ്രിട്ടനിൽ 1999-ലെ യൂത്ത് ജസ്റ്റിസ് ആന്റ് ക്രിമിനൽ എവിഡൻസ് ആക്റ്റ്  പ്രകാരം 10-18 പ്രായമുള്ളവർ കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രത്യേക കോടതിയിൽ വിചാരണ നടത്തണമെന്നും ഗുരുതരമായ കേസുകളിൽ മുതിർന്നവരുടെ കോടതിയിൽ തന്നെ വിചാരണ നടത്തണമെന്നും പറയുന്നുണ്ട്.

ഏതെങ്കിലുമൊരു പ്രത്യേക സംഭവം മൂലം ഉയർന്നു വരുന്ന പ്രതിഷേധത്തെ പൊതു വികാരമായി കണ്ട് തദടിസ്ഥാനത്തിൽ ദ്രുതഗതിയിൽ നിയമം ആവിഷ്‌കരിക്കുന്നതിനു പകരം മനഃശാസ്ത്ര വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും നിയമജ്ഞരുമെല്ലാം ചേർന്നുള്ള വിദഗ്ധ സമിതിയുടെ ചർച്ചയുടെയും ആലോചനയുടെയും മാർഗദർശനത്തിന്റെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമങ്ങൾക്ക് രൂപം നൽകേണ്ടത്. ചന്ദ്രവർഷ പ്രകാരം പതിനഞ്ചു വയസ്സ് പൂർത്തിയാവുകയോ ആർത്തവമോ ശുക്ല സ്ഖലനമോ ഉണ്ടാവുകയോ ചെയ്താൽ ഒരാൾക്ക് പ്രായപൂർത്തിയാവുമെന്ന ഇസ്‌ലാമികാധ്യാപനം ഇവിടെ ശ്രദ്ധേയമാണ്.

സൈനുദ്ദീൻ ഇർഫാനി മാണൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ