രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)ന് ഒരു ജ്യേഷ്ഠ സഹോദരനുണ്ട്, പേര് സൈദ് (റ). അവര്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അനുജന്‍ ഉമര്‍ ഇസ്ലാം ആശ്ലേഷിക്കുന്നതിന് മുമ്പ് സൈദ്(റ) മുസ്‌ലിമായിരുന്നു.
തിരുദൂതരുടെ വിയോഗത്തെ തുടര്‍ന്ന് ചില അറബി ഗോത്രങ്ങള്‍ മതപരിത്യാഗികളായി. ഖലീഫ അബൂബക്ര്‍(റ)ന് അവരോട് പ്രതികരിക്കേണ്ടി വന്നു, യുദ്ധങ്ങളുമുണ്ടായി. അവയില്‍ പ്രസിദ്ധമാണ് യമാമ യുദ്ധം. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ വിപല്‍സന്ധിയായിരുന്നു അത്.
തിരുവഫാത്ത് അനുചരവൃന്ദത്തില്‍ സൃഷ്ടിച്ച മനോവ്യഥ ഒരു ഭാഗത്ത്, മുഖ്യ ശത്രുക്കളും കപടന്മാരും മതപരിത്യാഗികളും ഒരേ ലക്ഷ്യത്തില്‍ സംഘടിച്ചു മറുഭാഗത്തും. വിശുദ്ധ മതത്തിന്റെ അസ്തിത്വം ചോദ്യം ചെയ്തും വിശുദ്ധ ഗ്രന്ഥം ദുര്‍വ്യാഖ്യാനിച്ചും അവരെല്ലാം മുന്നണി തീര്‍ത്തു. പക്ഷേ, ദൃഢചിത്തനും ധ്യൈശാലിയുമായ ഖലീഫ ആ പ്രതിസന്ധികള്‍ക്കു മുമ്പില്‍ പതറാതെ പാറപോലെ ഉറച്ചുനിന്നു. വെല്ലുവിളികള്‍ സധീരം നേരിട്ടു. ധീരമായ നടപടികളുമായി മുന്നോട്ടുപോയി. സൈന്യത്തെ സജ്ജമാക്കി നിര്‍ത്തി യമാമയിലേക്ക് പടനയിക്കാനുറച്ചു.
‘അമീറുല്‍ മുഅ്മിനീന്‍, യമാമയിലേക്ക് അങ്ങുതന്നെ പോകാനുറച്ചോ? തീരുമാനം പുനഃപരിശോധിച്ചാലും…’
ഖലീഫ ഭരണകേന്ദ്രമായ മദീന വിട്ടു യമാമയിലേക്ക് പുറപ്പെടുന്നതിലെ അനൗചിത്യം ഉമര്‍(റ) സൂചിപ്പിച്ചു. പ്രാപ്തനായ ഒരാളെ സൈനിക നേതൃത്വം ഏല്‍പ്പിച്ച് ഖലീഫ മദീനയില്‍ തന്നെ നില്‍ക്കട്ടെ. പ്രമുഖരുടെ ആ നിര്‍ദേശം അദ്ദേഹം ചെവിക്കൊണ്ടു.
എങ്കില്‍ ആരാവണം സൈനിക നേതാവ്? ഖലീഫയുടെ മനസ്സു മന്ത്രിച്ചു; ഖത്താബിന്റെ മകന്‍ സൈദ് തന്നെ! ആരോടും കലഹിക്കാത്ത ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന നിശ്ശബ്ദ സേവകനാണദ്ദേഹം. ധീര പോരാളിയും. സൈന്യത്തെ സൈദുബ്നു ഖത്താബ് നയിക്കട്ടെ. ഖലീഫ സൈദ്(റ)നെ വിളിപ്പിച്ചു. സൈനിക നേതൃത്വം ഏറ്റെടുക്കാനാവശ്യപ്പെട്ടു.
‘ഖലീഫാ, തിരുദൂതരുടെ കാലത്തുതന്നെ എന്റെ വലിയൊരാഗ്രഹമായിരുന്നു ദീനിന്റെ വഴിയില്‍ രക്തസാക്ഷിത്വം വരിച്ച് റബ്ബിനെ കണ്ടുമുട്ടുക എന്നത്. എനിക്കതിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ പ്രാവശ്യമെങ്കിലും രക്തസാക്ഷിത്വം എന്ന സൗഭാഗ്യം എന്നെ തേടിയെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നേതാവേ, ഒരു സൈനിക നേതാവിന് രണാങ്കണത്തില്‍ നേരിട്ടിറങ്ങി അടരാടാന്‍ കഴിയില്ലെന്നതിനാല്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയാലും… എന്നെ ഒരു സാധാരണ സൈനികനായി തുടരാനനുവദിക്കൂ…’
കാര്യം ബോധിച്ച ഖലീഫ സൈദ്(റ)ന്റെ അഭ്യര്‍ത്ഥന മാനിച്ചു.
ഉഹ്ദിന്റെ രണാങ്കണം. തീപാറുന്ന സംഘട്ടനം നടക്കുകയാണ്. ഖത്താബിന്റെ പുത്രന്‍ വീരേതിഹാസം തീര്‍ത്തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കവചം താഴെവീണുകിടക്കുന്നത് സഹോദരന്‍ ഉമര്‍(റ) കണ്ടു. അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു; ‘സൈദേ, കവചം വീണുകിടക്കുന്നു, അതെടുത്തു ധരിക്കൂ.’
‘എന്തിനാണത്? എനിക്കു വേണ്ടത് കവചമല്ല. രക്തസാക്ഷിത്വമാണ്’
ആ ധീര പോരാളിയില്‍ ശഹാദത്തിന്റെ വാഞ്ജ രൂഢമൂലമായിരുന്നു. വിശുദ്ധ മതം തരണം ചെയ്ത സര്‍വ പ്രതിസന്ധിയിലും തിരുറസൂലിന്റെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു. രണാങ്കണം അദ്ദേഹത്തിനു ഹരമാവാനുള്ള കാരണവും രക്തസാക്ഷിത്വത്തോടുള്ള ഈ അഭിനിവേശം തന്നെ.
റജ്ജാലുബ്നു ഉന്‍ഫുവ ഭാഗ്യംകെട്ട ഒരാളായിരുന്നു. ഇസ്‌ലാമിന്റെ സൗന്ദര്യം ആസ്വദിക്കാനും അബൂഹുറൈറ(റ) അടക്കമുള്ള ഉന്നത സ്വഹാബികളുമായി അടുത്തിടപഴകാനും റജ്ജാലിനു കഴിഞ്ഞു. ഖുര്‍ആന്‍ പഠിക്കാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും ഇതവസരമേകി. പറഞ്ഞിട്ടെന്താ, അതുള്‍ക്കൊള്ളാനയാള്‍ക്ക് കഴിഞ്ഞില്ല. തനി കപടനും ചാരനുമായിരുന്നു അയാള്‍.
യമാമയിലെ കള്ളപ്രവാചകനായിരുന്ന മുസൈലിമയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും വലംകയ്യുമായിരുന്നു അയാള്‍. ഏറെക്കാലം അടുത്തുകൂടി ശേഷം കൂറുമാറുകയായിരുന്നു. തിരുനബി(സ്വ)യുടെ വഫാത്തിനെ തുടര്‍ന്ന് മുസൈലിമതുല്‍ കദ്ദാബിനെ പിന്തുടരുകയാണയാള്‍ ചെയ്തത്. തിരുദൂതരെയും വിശുദ്ധ മതത്തെയും സംബന്ധിച്ച് കല്ലുവെച്ച നുണകള്‍ അവന്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. മുസൈലിമയുടെ യാഥാര്‍ത്ഥ്യം പക്ഷേ, ഖലീഫ സിദ്ദീഖ്(റ) നിഷേധിക്കുകയാണെന്നു വരെ റജ്ജാല്‍ തട്ടിവിട്ടു. അതിനു ഉപോല്‍ബലകമായി ഖുര്‍ആന്‍ എന്ന വ്യാജേന കെട്ടിച്ചമച്ച ഏതാനും വചനങ്ങള്‍ ഓതാനും അവ വിശദീകരിക്കാനും തുടങ്ങി.
ഖാലിദ്ബ്നു വലീദ്(റ) യമാമയിലെ പതാകവാഹകരില്‍ ഒരാളായി സൈദുബ്നു ഖത്താബ്(റ)നെയും തെരഞ്ഞെടുത്തിരുന്നു. പടയാരംഭിച്ചു. മുസ്‌ലിംകള്‍ക്ക് അനുകൂലവും പ്രതികൂലവുമായി യുദ്ധാവസ്ഥ മാറിമറിഞ്ഞു. നിരവധി സത്യവിശ്വാസികള്‍ രക്തസാക്ഷികളായി. മുസ്‌ലിം യോദ്ധാക്കളുടെ മുഖത്ത് പരാജയത്തിന്റെ പരിഭ്രാന്തി വായിച്ചെടുത്ത സൈദ്(റ) ഉയര്‍ന്ന ഒരു സ്ഥലത്ത് കയറി ഇങ്ങനെ വിളിച്ചുപറഞ്ഞു:
‘മുസ്‌ലിം സഹോദരന്മാരേ, നിങ്ങള്‍ അണപ്പല്ലുകള്‍ മുറുകെ കടിക്കുക, ശത്രുസൈന്യത്തെ കനത്ത ആഘാതമേല്‍പ്പിച്ച് മുന്നേറുക. ശത്രുസേന പരാജയപ്പെട്ടാലല്ലാതെ ഒരു വാക്കുപോലും ഞാനിനി സംസാരിക്കുകയില്ല.’
അനന്തരം അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി. അഭിശപ്തനായ റജ്ജാലിനെ പരതുകയായിരുന്നു അദ്ദേഹത്തിന്റെ നയനങ്ങള്‍. നാലു വശത്തുനിന്നും പ്രതിരോധിക്കാന്‍ പറ്റാത്തവിധം മനുഷ്യ മതിലുകളില്‍ സുരക്ഷ തീര്‍ത്ത് കഴിയുന്ന റജ്ജാലിന്റെ പ്രതിരോധ നിര തകര്‍ത്ത് സൈദ്(റ) ഇരച്ചുകയറി. ഘോര സംഘട്ടനത്തിന് ശേഷം സൈദുബ്നു ഖത്താബ്(റ) റജ്ജാലിന്റെ ശിരസ്സ് വീഴ്ത്തി. അതോടെ മുസൈലിമയുടെ നില പരുങ്ങലിലായി. വെറുക്കപ്പെട്ടവന്റെ അന്ത്യം തന്റെ കരങ്ങളാല്‍ സഫലീകരിക്കപ്പെട്ടതില്‍ സൈദ്(റ) നാഥന് സ്തോത്രമോതി. ആ കരങ്ങള്‍ വാനിലേക്കുയര്‍ന്നു. തന്റെ ആഗ്രഹാഭിലാഷങ്ങള്‍ സംപ്രാപ്യമാക്കിത്തരാന്‍ പ്രാര്‍ത്ഥിച്ചു. യുദ്ധം മുസ്‌ലിം പക്ഷത്തിനനുകൂലമായി പരിണമിച്ചു.
ഹ്രസ്വവും നശ്വരവുമായ ഐഹിക ജീവിതത്തിന്റെ ബന്ധനത്തില്‍ നിന്ന് ശാശ്വതവും പ്രവിശാലവുമായ ജന്നാത്തിലേക്ക് പാഞ്ഞടുക്കാനുള്ള സുവര്‍ണാവസരം പാഴാക്കരുതേ എന്ന ഉള്ളുരുകിയ തേട്ടത്തോടെ അദ്ദേഹം ശത്രുനിരയിലേക്ക് എടുത്തുചാടി. നിഷ്കപടമായ ആ തേട്ടം നാഥന്‍ കേട്ടു. ശത്രുകരങ്ങളാല്‍ അദ്ദേഹം വധിക്കപ്പെട്ടു. രക്തസാക്ഷിത്വത്തിന്റെ മഹാ പദവി നല്‍കി നാഥന്‍ അനുഗ്രഹിച്ചു.
വിജയസോപാനത്തിലേറി മുസ്‌ലിം സൈന്യം ആസ്ഥാനത്തേക്ക് മടങ്ങുന്നു. സിദ്ദീഖുല്‍ അക്ബര്‍(റ), ഉമര്‍(റ) തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തില്‍ അവരെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ പാതവക്കില്‍ കാത്തുനിന്നു. സൈനികവ്യൂഹത്തില്‍ തന്റെ ജ്യേഷ്ഠ സഹോദരനെ പരതുകയായിരുന്നു ഉമര്‍(റ). എന്നാല്‍, അദ്ദേഹത്തെ തേടിയെത്തിയത് സഹോദരന്റെ രക്തസാക്ഷിത്വ വാര്‍ത്തയായിരുന്നു.
‘ദയാപരനായ നാഥന്‍ സൈദിനെ അനുഗ്രഹിക്കട്ടെ. എനിക്ക് മുമ്പ് രണ്ടു അനുഗ്രഹങ്ങളും അദ്ദേഹം നേടിയെടുത്തു. ഇസ്‌ലാമികാശ്ലേഷണമായിരുന്നു ഒന്ന്. ഇപ്പോഴിതാ രക്തസാക്ഷിത്വവും…’ ഈറന്‍ മിഴികളോടെ ഉമര്‍(റ) പറഞ്ഞു.
യമാമ യുദ്ധാനന്തരം മുസൈലിമയുടെ ബനൂഹനീഫ ഗോത്രത്തില്‍ നിന്ന് ഒരു നിവേദക സംഘം ഉമര്‍(റ)വിന്റെ സന്നിധിയില്‍ വന്നു. കൂട്ടത്തില്‍ സൈദ്(റ)ന്റെ ഘാതകന്‍ അബൂമര്‍യമും ഉണ്ടായിരുന്നു. ഉമര്‍(റ) ആ രംഗമൊന്ന് വിവരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:
‘യുദ്ധം കൊടുമ്പിരി കൊണ്ട നേരം സൈദ് വാളുമായി എനിക്കുനേരെ പാഞ്ഞടുത്തു. ഞങ്ങള്‍ വാളുകൊണ്ട് പരസ്പരം പൊരുതി. ഏറെ വൈകും മുമ്പ് രണ്ടു പേരുടെയും വാളുകള്‍ മുറിഞ്ഞു. പിന്നീട് കുന്തം കൊണ്ടായി പോരാട്ടം. അതും പൊട്ടി. അനന്തരം ദ്വന്ദയുദ്ധം നടത്തി. അതിനിടയില്‍ സൈദ് നിലത്തുവീണു. തക്കം നോക്കി ഞാനെന്റെ കത്തിയെടുത്തു. അദ്ദേഹത്തെ അറുത്തുകളഞ്ഞു.’
അടുത്തുണ്ടായിരുന്ന സൈദുബ്നു ഖത്താബ്(റ)ന്റെ കൊച്ചു പുത്രി പിതാവിന്റെ വധവിവരണം കേട്ട് തലയില്‍ കൈവെച്ച് ആര്‍ത്തുകരഞ്ഞു. ഉമര്‍(റ)ന്റെയും കണ്ണുകള്‍ ജലാര്‍ദ്രമായി. ഇസ്‌ലാമിന്റെ വിജയവൃത്താന്തം അനുഭവിക്കുമ്പോഴെല്ലാം ഉമര്‍(റ) ഇങ്ങനെ പ്രതികരിക്കുമായിരുന്നു; പ്രഭാതത്തിലെ മന്ദമാരുതന്‍ തഴുകിയെത്തുമ്പോഴെല്ലാം സഹോദരന്‍ സൈദിന്റെ പരിമളം എനിക്കനുഭവപ്പെടുന്നു.
(ശറഹുമുസ്‌ലിം, രിജാലുന്‍ ഹൗലര്‍റസൂല്‍, താരീഖുര്‍റിദ്ദ).

ടിടിഎ ഫൈസി പൊഴുതന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ