ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ നിന്ന് തിരുദൂതര്‍(സ്വ)യുടെ അന്ത്യപ്രവാചകത്വം വിശദീകരിക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി, ഇതു സംബന്ധിയായി ഖാദിയാനികള്‍ ഉന്നയിക്കുന്ന വികല ന്യായങ്ങളും പ്രവാചകത്വ തുടര്‍ച്ച സമര്‍ത്ഥിക്കാന്‍ അവര്‍ വളച്ചൊടിക്കുന്ന പ്രമാണഭാഗങ്ങളും ഹ്രസ്വമായി വിലയിരുത്താം. നബി(സ്വ) അന്ത്യപ്രവാചകനാണെന്ന് വ്യക്തമായി തെളിയിക്കുന്ന സൂറത്തുല്‍ അഹ്സാബിലെ 40ാം സൂക്തം തന്നെ അതിനു പൂര്‍വാപര വിരുദ്ധമായ പ്രവാചകത്വ തുടര്‍ച്ചാ വാദത്തിനും തെളിവായെഴുന്നള്ളിക്കാന്‍ മാത്രം ദുര്‍വ്യാഖ്യാന വീരന്മാരാണ് മീര്‍സായികള്‍! പൊട്ടും പൊടിയും തപ്പിയെടുത്ത് സ്ഥിര പ്രതിഷ്ഠിതമായൊരു തത്ത്വത്തെ അപഹസിക്കാന്‍ ഇവരെക്കാള്‍ മിടുക്കുള്ള ഒരു മതവിഭാഗം ലോകത്ത് കാണില്ല. അത്രയേറെ പ്രാവീണ്യം ഈ രംഗത്ത് ഖാദിയാനികള്‍ പ്രകടിപ്പിക്കുന്നത് കാണാം. ഈ ധ്യൈമുള്ളതുകൊണ്ടാണ് 33/40 അടക്കം പത്തിലധികം ആയത്തുകള്‍ നബിയാഗമനത്തിന് തെളിവായി ന്യായീകരിക്കാന്‍ അവര്‍ക്കാവുന്നത്. അവയെക്കുറിച്ചുള്ള വസ്തുതാപരമായ പഠനത്തിന് മുമ്പ് നാം മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം മീര്‍സക്കായുള്ള തിരക്കഥയൊരുക്കല്‍ മാത്രമാണ് ഈ എഴുന്നള്ളിപ്പുകളൊക്കെയെന്നതാണ്. അല്ലെങ്കില്‍ അവരുടെ വാദപ്രകാരം തിരുനബി(സ്വ)ക്കു ശേഷം ഒരാള്‍ നബിയാവുമെന്നതിന് ഇത്രമേല്‍ തെളിവുകള്‍(?) ഉണ്ടായിട്ടും, പ്രവാചകത്വ ലബ്ധിക്ക് അവര്‍ കൊട്ടിപ്പാടുന്ന ഗുണവിശേഷണങ്ങളൊക്കെയുണ്ടായിട്ടും, നബിമാരുടെ തുടര്‍വരവ് അംഗീകരിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ഏറ്റവും വലിയ നിഅ്മത്തിന് ലോപം വരുമെന്ന വാദം ഖാദിയാനികള്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടും തിരുദൂതര്‍ (സ്വ)ക്ക് ശേഷം നീണ്ട ആയിരത്തി ഇരുനൂറിലധികം വര്‍ഷം ഒരാളെയും നബിയായി അംഗീകരിക്കാതിരിക്കുന്നതെന്തുകൊണ്ടാണ്? അതിലേറെ അതിശയം, മീര്‍സക്കു ശേഷം നബി വാദവുമായി വന്ന തന്റെ സന്തത സഹചാരികളായ അനുയായികളെപ്പോലും ഔദ്യോഗിക ഖാദിയാനികള്‍ നബിയായി സ്വീകരിക്കാതിരിക്കുന്നതാണ്. സമീപകാലത്ത് നബിയെന്നു പറഞ്ഞ് പ്രത്യക്ഷപ്പെട്ട ഇപ്പോഴും ജീവിച്ചിരിക്കുന്ന ആഫ്രിക്കക്കാരന്‍ ഖാദിയാനിയെയും ഇവര്‍ നബിയായി പരിഗണിക്കുന്നില്ല! തിരുദൂതര്‍ക്കു ശേഷം നബി വരുമെന്നതിന് തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് അത് മീര്‍സാഗുലാമില്‍ മാത്രമായി ഖാദിയാനികള്‍ പരിമിതപ്പെടുത്തണം?

“ഖാതമുന്നബിയ്യീന്‍”പ്രയോഗത്തിന് അവസാനത്തെ പ്രവാചകന്‍ എന്ന അര്‍ത്ഥം വിവിധ രീതികളില്‍ മുമ്പ് വിശദീകരിക്കുകയുണ്ടായി. മത മഹാജ്ഞാനികള്‍ മുതല്‍ ഭാഷാ പണ്ഡിതര്‍ വരെയും അത് തെളിയിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ ഉദാഹരണം നിരത്തിയും മറ്റനവധി വാക്യങ്ങളില്‍ വ്യക്തമാക്കിപ്പറഞ്ഞും നബി(സ്വ) തന്നെ പഠിപ്പിച്ചതാണിക്കാര്യം. എന്നാല്‍, ഈ വസ്തുതക്കു നേരെ കണ്ണ് ഇറുക്കിയടച്ച് “ഖാതമുന്നബിയ്യീന്‍”ശ്രേഷ്ഠ പ്രവാചകന്‍ എന്ന വിധം ദുര്‍വ്യാഖ്യാനിക്കുകയാണ് മീര്‍സായികളിലെ ന്യായീകരണ വിദഗ്ധര്‍. മുസ്ലിം പൊതുസമൂഹം ഇന്നോളം തുടര്‍ച്ച മുറിയാതെ വിശ്വസിച്ചുവരുന്ന ആശയം അവര്‍ക്ക് സ്വീകാര്യമല്ല. ഇങ്ങനെയുള്ള മതവിരുദ്ധ വ്യതിയാനം എന്തെങ്കിലും പ്രമാണങ്ങള്‍ പേരിനെങ്കിലും വിലയിരുത്തിയല്ലെന്നും കേവല വലിച്ചുനീട്ടല്‍ മാത്രമാണെന്നതുമാണ് ഏറെ സഹതാപമര്‍ഹിക്കുന്നത്. മീര്‍സാ ബശീര്‍ അഹ്മദ് എഴുതുന്നു: ഈ വചനത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഖാതമുന്നബിയ്യീന്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത് തിരുമേനിയുടെ ആഗമനത്തോടെ നുബുവ്വത്തിന്റെ ശൃംഖല അവസാനിച്ചുപോയിരിക്കുന്നുവെന്നും തിരുമേനി എല്ലാ വിധത്തിലും അവസാനത്തെ നബി ആണെന്നുമാണ് ഞങ്ങളുടെ എതിരാളികള്‍ പറയുന്നത്. എന്നാല്‍ ഞങ്ങളുടെ പക്കല്‍ ഈ അര്‍ത്ഥം ശരിയല്ല. (സന്മാര്‍ഗ ദര്‍ശിനി, പു. 310) എന്തുകൊണ്ട് ശരിയല്ല? ഒരു കഷ്ണം പ്രമാണം പോലും ഖാദിയാനി അതിന് ഉദ്ധരിക്കുന്നില്ല. പിന്നെയോ, വെറും പിടിവാശി മാത്രം!

ഖാതമുന്നബിയ്യീനിന്റെ ആശയം മുസ്ലിംകള്‍ പറയുന്നതോ അതോ ഖാദിയാനികള്‍ ഉന്നയിക്കുന്നതോ എന്ന് ഈ പരമ്പരയുടെ രണ്ടാം ലേഖനത്തില്‍ വിശദീകരിച്ചെഴുതിയത് ഒന്നുകൂടി വായിക്കുക. മീര്‍സക്ക് മുമ്പ് ജീവിച്ചുമരിച്ച പണ്ഡിതരില്‍ ഒരാള്‍ക്കു പോലും അവസാനത്തെ നബി എന്നല്ലാതെ ഇതിന് മറ്റൊരു വിശദീകരണം നല്‍കാനില്ലായിരുന്നു. സ്വഹാബികള്‍, താബിഉകള്‍, അവരെ പിന്തുടര്‍ന്നവര്‍ എന്നിങ്ങനെ പരമ്പരയായി വിശുദ്ധ മതം കൈമാറിത്തന്ന സാത്വിക ശൃംഖലയിലെ ഒരു കണ്ണി പോലും അന്ത്യപ്രവാചകന്‍, ശേഷം ഒരു വിധ നബിയും നിയോഗിതനാവാത്തയാള്‍എന്ന വിധമല്ലാതെ ഇതിനര്‍ത്ഥം പഠിപ്പിച്ചുതന്നിട്ടില്ല. ഖുര്‍ആനും മതനിയമങ്ങളും നമുക്ക് പഠിപ്പിച്ചുതന്ന ഇവര്‍ക്കാര്‍ക്കുമറിയാത്ത ഒരു സാരം ഈ വാദത്തിന് ഉണ്ടാക്കിയെടുക്കാന്‍ എന്തുകൊണ്ട് മീര്‍സായികള്‍ നിര്‍ബന്ധിതരാവുന്നുവെന്നത് വിശദീകരിക്കേണ്ടതില്ലല്ലോ, എങ്ങനെയെങ്കിലും മീര്‍സാഗുലാം അഹ്മദിനെ നബിയായി ഒരുക്കിയെടുക്കാനുള്ള സാഹസം തന്നെയാണിത്.

“ഖാതമുന്നബിയ്യീനി”ന്റെ ആശയ ചോരണത്തിന് മീര്‍സായികള്‍ വിവിധ ഗ്രന്ഥങ്ങളില്‍ ഉന്നയിക്കുന്ന പ്രധാന ന്യായങ്ങള്‍ ഇനി വിലയിരുത്താം.

ഒന്ന്: ഖാതം എന്നതിനെ “അന്നബിയ്യീന്‍”എന്ന പുരുഷ ബഹുവചന വിശേഷണത്തിലേക്ക് സമാസപ്പെടുത്തി (ഇളാഫത്ത്) പ്രയോഗിച്ചാല്‍ അതിനു ശ്രേഷ്ഠന്‍ എന്നതല്ലാതെ അന്ത്യന്‍ എന്ന അര്‍ത്ഥമേ ലഭിക്കില്ല. അറബി ഭാഷയിലെ ഒരു പ്രയോഗം കൊണ്ടും അത് തെളിയിക്കാനുമാവില്ല.”“

ഇത് ഖാദിയാനികള്‍ക്ക് മാത്രമറിയുന്ന ഒരു ഊഹമാണ്; ഇങ്ങനെയൊരു ഭാഷാ നിയമം അത് സംബന്ധമായ ഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നു തന്നെയല്ല അറബി ഭാഷയുടെ ആധികാരിക ഇമാമുകള്‍ക്ക് പൂര്‍ണമായും വിരുദ്ധവുമാണ്. ചില ഉദ്ധരണങ്ങള്‍ പരിശോധിക്കാം. “ലിസാനുല്‍ അറബ്”എഴുതുന്നു: “ഖിതാമുല്‍ ഖൗമി, ഖാതിം, ഖാതം എന്നാല്‍ സമൂഹത്തില്‍ അവസാനത്തെയാള്‍. മുഹമ്മദ്(സ്വ) ഖാതമുല്‍ അമ്പിയാഅ് (അവസാന നബി) ആയതുപോലെ. ഖാതിം, ഖാതം എന്നിവ നബി(സ്വ)യുടെ നാമങ്ങളാണ്. ഖുര്‍ആനില്‍ അവിടുന്ന് “ഖാതമുന്നബിയ്യീന്‍”ആണെന്നു പറഞ്ഞിട്ടുണ്ടല്ലോ. നബി(സ്വ) അവസാനത്തെ പ്രവാചകനാകുന്നു എന്നര്‍ത്ഥം”“ (12/163) ഖാതം, ഖാതിം അവസാനത്തേത് എന്ന നേര്‍ക്കുനേര്‍ അര്‍ത്ഥം വിശദീകരിച്ചതിനു ശേഷം അതിന് തെളിവായി ഉദ്ധൃത ശൈലീ നിഘണ്ടു ഉന്നയിക്കുന്നത് ഖാതമുന്നബിയ്യീന്‍ എന്ന ഖുര്‍ആന്‍ വാക്യമാണ്. ജംഹറതുല്ലുഗ (1/184) അല്‍ മുഹക്കം (5/156) പോലുള്ള മറ്റു ഗ്രന്ഥങ്ങളിലും ഇതേ പ്രകാരമുള്ള സമര്‍ത്ഥനം കാണാം. ഭാഷാ ഗ്രന്ഥങ്ങള്‍ നിര്‍മിച്ചവരാരും “ഖാദിയാനി ഊഹം”അംഗീകരിക്കുന്നില്ലെന്നതിന്റെ വ്യക്തമായ പ്രമാണമാണിത്. ഒരാള്‍ പോലും ഒരു അംഗീകൃത കൃതിയിലും “ഖാതമുന്നബിയ്യീന്‍”എന്നാല്‍ ശ്രേഷ്ഠനായ പ്രവാചകന്‍ എന്ന് പഠിപ്പിക്കുന്നുമില്ല. വായക്ക് തോന്നിയത് കോതക്കു മാത്രമല്ല, ഖാദിയാനികള്‍ക്കും പാട്ട് എന്നല്ലാതെന്ത്?

രണ്ട്: അവര്‍ പറയുന്നു: നബി(സ്വ)യുടെ ഖാതമുന്നുബുവ്വത്ത് ഞങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍, അതിനര്‍ത്ഥം അവിടുന്ന് അന്ത്യറസൂല്‍ ആണെന്നല്ല. മറിച്ച് നബിമാരുടെ മുദ്രയെന്നാണ്. അഥവാ, നബി(സ്വ)യുടെ അംഗീകാരമില്ലാതെ ഇനിയൊരു നബിയും വരില്ല. നബിയുടെ അംഗീകാരമുണ്ടെങ്കില്‍ വേറെയും നബിമാര്‍ വരും. മീര്‍സ ഇപ്രകാരമാണ് (പ്രവാചകത്വം ഖുര്‍ആനില്‍ പു. 13,14)

ഖാദിയാനികളുടെ മറ്റൊരു തമാശ! ഇങ്ങനെയൊരു കാര്യം ഖുര്‍ആന്‍ പറഞ്ഞോ? റസൂല്‍(സ്വ) പഠിപ്പിച്ചോ? വേണ്ട, ഏതെങ്കിലുമൊരു പണ്ഡിതന്‍ ഓര്‍മപ്പെടുത്തിയോ? ഇതൊന്നുമില്ലാതെ മീര്‍സയെ നബിയാക്കി ചമയിച്ചൊരുക്കാന്‍ അങ്ങനെയൊന്ന് പറഞ്ഞുനോക്കുക തന്നെ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള പ്രവാചകത്വ കാര്യത്തില്‍, അതും നബി(സ്വ)യുമായി നേരിട്ടു ബന്ധപ്പെട്ട ഒരു വിഷയത്തില്‍ അവിടുന്ന് നബിമാരെ സുലഭമായി സീല് വെച്ചുവിടുമെങ്കില്‍ തന്റെ വിവിധ പ്രത്യേകതകള്‍ വിശദമായി തന്നെ ധാരാളം ഹദീസുകളില്‍ പഠിപ്പിച്ചുതന്ന റസൂല്‍(സ്വ) എന്തുകൊണ്ട് ഇതേക്കുറിച്ച് ഒരു സൂചന പോലും നല്‍കിയില്ല എന്ന് നിഷ്പക്ഷ മനസ്സോടെ മീര്‍സായികള്‍ ആലോചിക്കുക. ഇക്കാര്യം ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് എങ്ങനെ ലഭിച്ചുവെന്നു വ്യക്തമാക്കാനുള്ള നീതിബോധമെങ്കിലും അവര്‍ക്കുണ്ടാവേണ്ടതുണ്ട്. പുറമെ, ഈയൊരു കാര്യം വാദത്തിനായി തല്‍ക്കാലം അംഗീകരിച്ചുകൊടുക്കുക. എന്നാലും ഇതെന്തുകൊണ്ട് മീര്‍സയില്‍ പരിമിതപ്പെടണം? മറ്റാര്‍ക്കും ഇത്തരമൊരു മുദ്ര ലഭിക്കില്ലേ? മീര്‍സ തന്നെക്കുറിച്ച് അന്ത്യപ്രവാചകന്‍ എന്ന് പഠിപ്പിച്ചത് (തദ്കിറതുശ്ശഹാദതൈന്‍/35) ഈ മുദ്ര കുത്തലിന് വിരുദ്ധമാവില്ലേ? മീര്‍സക്കു തന്നെ നബിയില്‍ നിന്നു ലഭിച്ച സീലടയാളം അദ്ദേഹം വെളിപ്പെടുത്തിയിരുന്നോ? പോഴത്തത്തിന് സംഘരൂപം വന്നാല്‍ അത് ഖാദിയാനിസമായാണല്ലോ മാറുക.

മൂന്ന്: അഹ്സാബ് 40ാം സൂക്തം വളച്ചൊടിക്കുന്നതിനുവേണ്ടി മീര്‍സായികള്‍ ഉന്നയിക്കുന്ന ഒരു നീട്ടിപ്പരത്തല്‍ കൂടി ഉദ്ധരിക്കാം. മീര്‍സാ ബശീറുദ്ദീന്‍ എഴുതുന്നു: “”…ഖാതമുന്നബിയ്യീന്‍ എന്നതിനു അവസാനത്തെ നബിയെന്ന് അര്‍ത്ഥമെടുക്കുകയാണെങ്കില്‍ പ്രസ്തുത ആയത്തിന് യാതൊരു അര്‍ത്ഥവുമില്ലാതെയായിത്തീരും. ഈ നിലയില്‍ ആയത്തിന്റെ അര്‍ത്ഥം മുഹമ്മദ് നബിക്ക് പുത്രസന്താനമില്ലെന്നതു ശരിതന്നെ. എന്നാല്‍ അദ്ദേഹം അവസാനത്തെ നബിയാണ് എന്നായിത്തീരും. ഇത് അര്‍ത്ഥ രഹിതമായൊരു വാക്യമാണ്. “ലാകിന്‍”എന്ന പദം മുമ്പില്‍ പറഞ്ഞ സംഗതിക്കെതിരായ ആശയം പിന്നീട് പ്രകടിപ്പിക്കുന്നതിനോ മുന്പുള്ളതിലുള്ള സംശയം നീക്കേണ്ടതിനോ ആണ് ഉപയോഗിക്കുക. ഈ വ്യാഖ്യാനത്തിന് ശേഷം ചിന്തിച്ചാല്‍ ഖാദിയാനികള്‍ പറയുന്നതല്ലാത്ത അര്‍ത്ഥം ബുദ്ധിപൂര്‍വകമല്ലെന്ന് ബോധ്യപ്പെടും. ഞങ്ങള്‍ പറയുന്ന അര്‍ത്ഥം ഇതാണ്. മുഹമ്മദ് നബിക്ക് ശാരീരികമായ സന്താനങ്ങള്‍ ഇല്ല; പക്ഷേ അദ്ദേഹത്തിന് ആത്മീയ സന്താനങ്ങള്‍ ധാരാളമുണ്ട്. എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആത്മീയ സന്താനങ്ങളില്‍ നബിയും റസൂലും കൂടി ഉണ്ടാവാം. (സന്മാര്‍ഗദര്‍ശിനി. പുറം 312, 313 സംഗ്രഹം) മുമ്പ് പറഞ്ഞതുപോലെ, ഇങ്ങനെയാണ്, അങ്ങനെയാണ്, അതുകൊണ്ട് ഇതിങ്ങനെ വരേണ്ടതാണ് എന്ന് തീരുമാനിച്ചു പ്രഖ്യാപിക്കുകയാണ് മീര്‍സായികള്‍. ചെറിയ കുട്ടികള്‍ മണ്ണ് ഉപയോഗിച്ച് അടുക്കള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് സമം. ചോറും കറിയും പായസവുമൊക്കെയും മണ്ണുതന്നെ. പക്ഷേ, ഓരോന്നിന്റെയും പരിഗണനയും പേരുകളും മാറിയിരിക്കും!

നബി(സ്വ)യുടെ ദത്തുപുത്രനായ സൈദ്(റ) ഭാര്യ സൈനബ്(റ)യെ ത്വലാഖ് ചൊല്ലിയപ്പോള്‍ ദത്തുപുത്രനെ സ്വ പുത്രനെപ്പോലെ എല്ലാ അര്‍ത്ഥത്തിലും കണക്കാക്കിയിരുന്ന നിയമം പ്രയോഗതലത്തില്‍ തന്നെ തുടച്ചുനീക്കാനായി നബി(സ്വ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം അവരെ വിവാഹം കഴിച്ച പശ്ചാതലത്തിലാണ് മേല്‍ സൂക്തം അവതരിക്കുന്നത്. അന്ത്യപ്രവാചകന്‍ എന്ന് ഖാതമുന്നബിയ്യീന് അര്‍ത്ഥം വരുമ്പോഴേക്ക് മീര്‍സായികള്‍ ഊഹിച്ചെടുക്കുന്ന “മഹാപ്രശ്നങ്ങള്‍”സംഭവിക്കുമോ? “ലാകിന്‍”പദത്തിന്റെ മുമ്പില്‍ പറഞ്ഞ വാക്യങ്ങളുടെ ആശയപ്പൊരുത്തം എന്താണ്? ഇമാം റാസി(റ)യെ വായിക്കാം: നബി(സ്വ) ഒരു പുരുഷ സന്താനത്തിന്റെയും പിതാവല്ലെന്ന നിഷേധത്തിനുടന്‍ അവിടുന്ന് വേറൊരര്‍ത്ഥത്തില്‍ പിതാവാണെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. അതായത്, അവിടുന്ന് അനുയായികളോടു കാണിക്കുന്ന അനുകമ്പയും അവര്‍ തിരിച്ചു നല്‍കേണ്ട ആദരവും പരിഗണിച്ചാല്‍ നബി(സ്വ) പിതാവിനെപ്പോലെയാണ്, എന്നല്ല വിശ്വാസികള്‍ക്ക് തിരുദൂതര്‍ സ്വന്തത്തെക്കാള്‍ ബന്ധപ്പെട്ടിരിക്കുകയാണ്. ശാരീരിക പിതാവിനോട് ഈ വിധം കടപ്പാടില്ലല്ലോ. ശേഷം, അവിടുത്തെ ഏറെ വര്‍ധിച്ച അനുകമ്പയുടെയും ആര്‍ദ്രതയുടെയും രീതി വിവരിക്കുകയാണ് ഖാതമുന്നബിയ്യീന്‍ എന്ന പദത്തില്‍. എന്തുകൊണ്ടെന്നാല്‍, നബിയുടെ ശേഷം മറ്റൊരു നബി വരാനിരിക്കുന്നുവെങ്കില്‍ നബി(സ്വ) വല്ല വിധി തീരുമാനങ്ങളും ഉപദേശവും ഉപേക്ഷിച്ചു പോയാലും പിന്നീട് വരാനുള്ളയാള്‍ അത് നടപ്പിലാക്കിക്കൊള്ളും. എന്നാല്‍, അന്ത്യ പ്രവാചകനായിരിക്കുന്ന നബി(സ്വ) മറ്റൊരാള്‍ സംരക്ഷണത്തിനില്ലാത്ത കുട്ടിയോട് പിതാവിനുണ്ടാകുന്നതുപ്രകാരം സമൂഹത്തോട് ഏറെ താത്പര്യവും സ്നേഹബന്ധവും പുലര്‍ത്തുക തന്നെ ചെയ്യും. സൂക്തത്തിന്റെ അവസാനം പറയുന്ന “”അല്ലാഹുവിന് എല്ലാ കാര്യങ്ങളും ദൃഢമായറിയാം”“എന്ന ഭാഗം ഇത് പൂര്‍ണമായി തെളിയിക്കുന്നു. എന്നുവെച്ചാല്‍, മുഹമ്മദ്(സ്വ)ക്ക് ശേഷം ഒരു നബിയും വരാനില്ലെന്ന് ശരിക്കറിയാവുന്ന അല്ലാഹു അവിടുന്ന് തന്നെ ശരീഅത്ത് പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചതാണ്. അങ്ങനെയാണ് ദത്തുപുത്രന്‍ സ്വപുത്രനു തുല്യനാണെന്ന കാലങ്ങളായി സമൂഹമനസ്സില്‍ ദൃഢപ്രതിഷ്ഠ നേടിയ സംഗതി നബി(സ്വ) തന്നെ തിരുത്തിക്കൊടുക്കണമെന്ന് അവന്‍ നിശ്ചയിച്ചത്. ഇത് മതത്തിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു. നബി(സ്വ) ഈ നിയമം പ്രഖ്യാപിച്ചാല്‍ പോലും അത് ശരീഅത്തായിത്തീരുമെങ്കിലും നബി(സ്വ) തന്നെ പ്രായോഗികമായി തിരുത്തിക്കാണിക്കുന്നില്ലെങ്കില്‍ ചിലര്‍ക്കെങ്കിലും ദത്തുപുത്രനെ സ്വപുത്രനെപ്പോലെ പരിഗണിക്കാതിരിക്കുന്നതില്‍ മാനസിക പ്രയാസങ്ങളുണ്ടായേക്കും. ഉടുമ്പ് മാംസം നബി(സ്വ) ഭക്ഷിക്കാതിരുന്നതിനാല്‍ പലര്‍ക്കും അതിനോട് അനിഷ്ഠമുണ്ടായി, അനുവദനീയമായിട്ട് പോലും. എന്നാല്‍ പല മതങ്ങളിലും ഒട്ടക മാംസം നിഷിദ്ധമായിട്ടും നബി(സ്വ) ഭക്ഷിച്ച കാരണത്താല്‍ എല്ലാവര്‍ക്കും ഏറെ താത്പര്യം അത് കഴിക്കുന്നതിന് ജനിച്ചു. സൈനബി(റ)നെ അവിടുന്ന് വിവാഹം കഴിക്കണമെന്ന ദൈവ കല്‍പ്പന ഇതിനായിട്ടാണ്… (തഫ്സീറുല്‍ കബീര്‍ 33/40 വ്യാഖ്യാനം) മീര്‍സായികളുടെ ദുര്‍ന്യായം ചീട്ടുകൊട്ടാരം പോലെ ചിതറുന്നത് മനസ്സിലായില്ലേ. “ലാകിന്‍”അതിന്റെ എല്ലാ രീതിയിലും പൂര്‍ണത നേടുന്നത് “ഖാതമുന്നബിയ്യീന്‍”എന്നതിന് “അന്ത്യപ്രവാചകന്‍”എന്ന അര്‍ത്ഥം വരുമ്പോഴാണെന്ന് ഇതില്‍ നിന്നും വ്യക്തം. അല്ലെങ്കിലും മീര്‍സായികള്‍ പറയുന്നതു പ്രകാരം “”എന്നല്ല, നബിയുടെ ആത്മീയ സന്താനങ്ങളില്‍ നബിമാരും റസൂലുമാരും വരെയുണ്ടാവും”“എന്ന ആശയം “വഖാതമുന്നബിയ്യീന്‍”എന്നതിന് ഏത് ഭാഷാ നിയമപ്രകാരമാണ് കല്‍പ്പിക്കാനാവുക. ഇങ്ങനെ തെളിവില്ലാത്ത പലവിധ അബദ്ധ ന്യായങ്ങള്‍ കൊണ്ട് ലോകം അംഗീകരിച്ച ഒരു മഹാ സത്യത്തെ കുഴിച്ചുമൂടാനുള്ള വൃഥാ ശ്രമത്തിലാണ് മീര്‍സായികള്‍. തല്ലരുതമ്മാവാ, ഞാന്‍ നന്നാവില്ലെന്ന പഴയ വികൃതിക്കുട്ടിയുടെ ശൈലിയില്‍…

(തുടരും)

ഖാദിയാനിസം 5/ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ