മുഹമ്മദ് റസൂല്‍(സ്വ) അന്ത്യപ്രവാചകനാണെന്നതും അവിടുത്തേക്കു ശേഷം ഒരാളും നബിയായി നിയോഗിതനാവില്ലെന്നതും മുസ്‌ലിം ലോകത്തിന്റെ സര്‍വസമ്മതാഭിപ്രായമാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് തുടങ്ങിയ പ്രമാണങ്ങള്‍ ശക്തമായി സമര്‍ത്ഥിക്കുന്നതാകയാലും മതത്തില്‍ അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടതാക കൊണ്ടും ഇതിനെതിരുള്ള വിശ്വാസം മതനിരാസമാണ്. മുസൈലിമതുല്‍ കദ്ദാബ്, അസ്വദുല്‍ അന്‍സി പോലുള്ള പൂര്‍വകാല നബിവാദികള്‍ കാഫിറുകളായത് ഇതുകൊണ്ടാണ്. മുശ്രിക്കുകളും കാഫിറുകളുമായ ശത്രുക്കളോടുള്ള യുദ്ധസമീപനം തന്നെ ശക്തമായ രീതിയില്‍ പൂര്‍വികര്‍ ഇവരോടു സ്വീകരിച്ചു.
മുസൈലിമയുമായുണ്ടായ യമാമ യുദ്ധത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയില്‍ അലി(റ)ന് ജനിച്ച പുത്രനാണ് പിന്നീട് വലിയ ഹദീസ് പണ്ഡിതനായി വിശ്രുതനായ മുഹമ്മദുല്‍ ഹനഫിയ്യ(റ). മുസ്‌ലിംകള്‍ പരസ്പരം യുദ്ധമുണ്ടായാല്‍ അടിമയാക്കി വെക്കാന്‍ അനുമതിയില്ല. ശരിക്കും കുഫ്റ് വിശ്വാസക്കാരായതുകൊണ്ടാണ് നബിവാദികളോട് സ്വഹാബിവര്യര്‍ ഇങ്ങനെ പ്രതികരിച്ചത്. പ്രമാണങ്ങളുടെ തലയും വാലും വെട്ടിമുറിച്ച് നബിയെ ചുട്ടെടുക്കാന്‍ ഖാദിയാനികള്‍ നടത്തുന്ന പരിഹാസ്യവും സഹതാപാര്‍ഹവുമായ ദുര്‍വ്യാഖ്യാന ശ്രമങ്ങള്‍ വിലയിരുത്തുന്നതിനു മുമ്പ് പ്രവാചകത്വ സമാപ്തിയുമായി ബന്ധപ്പെട്ട മതദര്‍ശനം ഹ്രസ്വമായി പരിചയപ്പെടേണ്ടതുണ്ട്.
അല്ലാഹു പറയുന്നു: “മുഹമ്മദ് (നബിസ്വ) നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല. പക്ഷേ, (അവിടുന്ന്) അല്ലാഹുവിന്റെ ദൂതരും അവസാന പ്രവാചകരുമാണ്. അല്ലാഹു എല്ലാം അറിയുന്നു’ (33/40).
സൈദ്(റ)ന്റെയും സൈനബ്(റ)ന്റെയും ദാമ്പത്യം തകരുകയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം, സൈനബ്(റ)യെ നബി(സ്വ) വിവാഹം കഴിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ സൂക്തം അവതരിക്കുന്നത്. ആദ്യകാലത്ത് ദത്തുപുത്രനെ സ്വപുത്രനായി ഗണിക്കുമായിരുന്നു. അനന്തരാവകാശത്തില്‍ പങ്കു നല്‍കുകപോലും ചെയ്തുവന്നു. നബി(സ്വ)യുടെ ദത്തു പുത്രനായ സൈദിനെക്കുറിച്ച് “സൈദുബ്നു മുഹമ്മദ്’ എന്നായിരുന്നു പരിചയപ്പെടുത്താറുള്ളത്. ഇതു ശരിയല്ലെന്നും ദത്തുപുത്രന്‍ ഒരിക്കലും സ്വപുത്രനാവുന്നതല്ലെന്നുമുള്ള തീരുമാനം അല്ലാഹു അവതരിപ്പിച്ചു.
നൂറ്റാണ്ടുകളായി വിശ്വാസിഅവിശ്വാസി ഭേദമില്ലാതെ മനസ്സിലുറച്ച ഇക്കാര്യം പ്രയോഗ രംഗത്തുതന്നെ തിരുത്തിക്കാണിക്കാന്‍ അല്ലാഹു തീരുമാനിച്ചതുകൊണ്ട് സ്വപുത്രനായി വ്യവഹരിക്കപ്പെട്ടിരുന്ന സൈദ്(റ) വിവാഹബന്ധം വേര്‍പ്പെടുത്തിയ സൈനബ്(റ)യെ വിവാഹം കഴിക്കാന്‍ നബി(സ്വ)യോട് ആവശ്യപ്പെടുകയായിരുന്നു. പുത്രന്‍ വിവാഹമോചനം ചെയ്ത സ്ത്രീയെ ഭാര്യയാക്കാവതല്ലല്ലോ. ദത്തുപുത്രന്‍ സ്വന്തമാണെന്ന വിശ്വാസം നബി(സ്വ) തന്നെ തിരുത്തിക്കാണിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ മുഹമ്മദ്(സ്വ) അവസാന പ്രവാചകനാകയാല്‍ മാനവ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയ ഇക്കാര്യം തിരുത്തിക്കാണിക്കാന്‍ മറ്റൊരു നബി വരാനില്ല. അതുകൊണ്ട് നബി(സ്വ) തന്നെ അത് പ്രഖ്യാപിക്കണം. ദത്തുപുത്രന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും വേണം. ഈയൊരു പശ്ചാത്തലത്തിലാണ് “അന്ത്യപ്രവാചകന്‍’ എന്ന പദം സൂക്തത്തില്‍ കടന്നുവരുന്നത്.
ഖുര്‍ആന്‍ പാരായണത്തിന്റെ അംഗീകൃത സപ്തശൈലികളില്‍ ആറിലും “ഖാതിമുന്നബിയ്യീന്‍’ എന്ന് “താഇ’നു “ഇ’കാര രൂപത്തിലാണ് ഇത് പഠിപ്പിക്കുന്നത്. നമ്മുടെ നാടുകളില്‍ പ്രചാരത്തിലുള്ള ഹഫ്സി(റ)ല്‍ നിന്ന് ആസ്വിം(റ) നിവേദനം ചെയ്യുന്ന രീതിയില്‍ മാത്രമാണ് “അ’കാരമായി ഉച്ചരിച്ചുള്ള ഖാതമുന്നബിയ്യീന്‍ ഉള്ളത്. ഖാതിം എന്നാല്‍ അന്ത്യന്‍ എന്ന് അര്‍ത്ഥം. ഖാതമിന് അന്ത്യന്‍ എന്നതിനു പുറമെ “സീല്’ എന്ന അര്‍ത്ഥം കൂടിയുണ്ട്. പ്രവാചകത്വം അവസാനിപ്പിച്ച് അതിന് സീല് വെച്ചുകൊണ്ടാണ് അഥവാ, പൂര്‍ത്തിയാക്കികൊണ്ടാണ് തിരുദൂതരുടെ ആഗമനം. രണ്ടു വിധത്തിലായാലും നബി(സ്വ)ക്കു ശേഷം ഒരു നബി വരില്ല; അവിടുന്ന് അവസാനത്തെ പ്രവാചകനാകുന്നു എന്ന് സാരം. അകാര രൂപത്തിലുള്ള ഖാതമിന്റെ സീല് എന്ന ആശയം ഇനി വരാനുള്ള നബിമാര്‍ക്ക് സീല് നല്‍കുന്ന, അവരെ നിയോഗിച്ചയക്കുന്ന ശ്രേഷ്ഠനായ നബിയാണ് അവിടുന്ന് എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനിക്കുകയാണ് ഖാദിയാനികളുടെ ശൈലി. അതായത്, വരുന്ന നബിമാരൊക്കെയും മുഹമ്മദ് നബി(സ്വ)യുടെ അംഗീകാരത്തോടെയേ വരികയുള്ളൂ. നബി(സ്വ) അംഗീകരിച്ചാല്‍ സുലഭമായി പ്രവാചക പ്രവാഹമുണ്ടാവാം. മീര്‍സാ ഖാദിയാനി നബി(സ്വ)യുടെ അംഗീകാരം ലഭിച്ച ഉമ്മതീ നബിയാണ്. സ്വതന്ത്ര നബിയല്ല, നിഴല്‍ നബിയോ സാദൃശ്യ നബിയോ ഒക്കെയാണ്! ഇങ്ങനെയാണ് സമര്‍ത്ഥനം.
മുസ്‌ലിം ലോകം കേട്ടിട്ടേയില്ലാത്ത ഈ “നബിക്കളി’യുടെ പരിഹാസ്യതയറിയാന്‍ ഖാതമുന്നബിയ്യീന്‍ എന്നതിന്റെ ആശയമെന്തെന്ന് പ്രാമാണികമായി വിലയിരുത്തിയാല്‍ മതി. നബി(സ്വ)യുടെ വിശദീകരണവും ഹദീസ്ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതരുടെയൊക്കെയും അഭിപ്രായങ്ങളും അന്ത്യപ്രവാചകന്‍ എന്ന ആശയത്തിനപ്പുറം മറ്റൊന്ന് ഈ സൂക്തത്തിനു സ്വീകാര്യമേയല്ലെന്ന് തെളിയിക്കുമെന്നത് വെറും അവകാശവാദമല്ല; പകല്‍വെളിച്ചം പോലെ വ്യക്തമായ പരമാര്‍ത്ഥം മാത്രം.
ഖാതമിന്റെ നിഷ്പത്തി രൂപങ്ങളുടെ ഖുര്‍ആനികവും ഭാഷാപരവുമായ അര്‍ത്ഥസാരങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ്, നബി(സ്വ) ഈ സൂക്തം വിശദീകരിച്ചതെങ്ങനെയെന്നു നോക്കാം. സോദാഹരണം അവിടുന്ന് വെളിപ്പെടുത്തിയതിങ്ങനെ: “എന്റെയും പൂര്‍വിക പ്രവാചകന്മാരുടെയും ഉപമ വീടെടുത്ത ഒരാളെപ്പോലെയാണ്. ഒരു മൂലയിലെ ഒരു ഇഷ്ടിക ഒഴിച്ചിട്ട് ശേഷിക്കുന്ന ഭാഗമെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കുകയും ചമല്‍ക്കരിക്കുകയും ചെയ്തു. സന്ദര്‍ശകര്‍ ഈ കെട്ടിടം ചുറ്റിക്കണ്ട് അദ്ഭുതപ്പെട്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ഈ ഇഷ്ടിക കൂടി വെച്ചിരുന്നുവെങ്കില്‍ എത്ര നന്നാവുമായിരുന്നു. ഞാനാണ് ആ ഇഷ്ടിക. ഞാന്‍ അന്ത്യ പ്രവാചകന്‍ (ഖാതമുന്നബിയ്യീന്‍) ആകുന്നു’ (ബുഖാരി).
പ്രവാചകത്വത്തെ ഒരു കെട്ടിടത്തോട് ഉപമിച്ചിരിക്കുകയാണ്. അവരെ അയക്കുകവഴി ആ ഭവന നിര്‍മാണം നടത്തുന്നത് അല്ലാഹു. മിനുക്കുപണികള്‍ വരെ തീര്‍ത്തിട്ടും പൂര്‍ത്തിയാക്കാതെ വെച്ചിരിക്കുന്ന ഇഷ്ടിക നബി(സ്വ)യെ പ്രതിനിധീകരിക്കുന്നു. അതുകൂടി വെക്കുന്നതോടെ അഥവാ തിരുനബി(സ്വ)യുടെ ആഗമത്തോടെ പ്രവാചകത്വം പൂര്‍ത്തിയായി! എത്ര വ്യക്തമാണ് കാര്യങ്ങള്‍. ഖുര്‍ആനില്‍ പരാമര്‍ശിച്ച അതേ പദങ്ങള്‍, ഖാതമുന്നബിയ്യീന്‍ തന്നെയാണ് തിരുനബി(സ്വ) ഉപയോഗിച്ചിരിക്കുന്നതും. ഇനിയുണ്ടാവുന്ന നബിമാര്‍ക്ക് സീല്‍ ചെയ്യുന്ന ആളാണ് ഞാന്‍ എന്നതിനു ചെറിയൊരു സൂചനപോലും ഈ പ്രയോഗത്തിലില്ല. ഈ സൂക്തത്തില്‍ തിരുനബി(സ്വ) ഉള്‍ക്കൊണ്ടതും അവിടുത്തേക്ക് ദൈവിക നിര്‍ദേശമുള്ളതും ഇങ്ങനെ പറയാനാണ്. അതുകൊണ്ടാണ് വേറെ ഇരുനൂറിലധികം ഹദീസുകളിലും നബി(സ്വ) ഇക്കാര്യം വിളിച്ചു പറയുന്നത് (വിശദീകരണം പിന്നീട്).
ഇനി പരാമര്‍ശ സൂക്തത്തിനു മുസ്‌ലിം ലോകം നല്‍കുന്ന വിശദീകരണം പരിശോധിക്കാം. 1835ല്‍ മീര്‍സ പിറക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുമുതലുള്ള ഇമാമുമാര്‍ക്ക് വസ്തുതയോടു നീതി കാണിക്കുക എന്നതിനപ്പുറം മറ്റു താല്‍പര്യങ്ങള്‍ സങ്കല്‍പിക്കാനാവില്ല. മീര്‍സ അവര്‍ക്ക് എതിരാളിയോ പ്രതിപക്ഷമോ കേട്ടുകേള്‍വി പോലുമോ അല്ല. അവരൊക്കെയും ഒരേ സ്വരത്തില്‍ വിവിധ ശൈലിയിലും രീതിയിലും വ്യത്യസ്ത ലക്ഷ്യങ്ങള്‍ പ്രമാണമായെടുത്ത് ഖാതമുന്നബിയ്യീന്‍ എന്നാല്‍ അവസാന പ്രവാചകന്‍ എന്ന് വിശദീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിനു ചിലത് മാത്രം ചേര്‍ക്കാം.
ഇമാം ഖുര്‍തുബി എഴുതി: “ഖാതം എന്നാണ് ആസ്വിമിന്റെ പാരായണം. പ്രവാചകന്മാര്‍ തിരുനബി(സ്വ) വഴിപൂര്‍ത്തിയാക്കപ്പെട്ടുവെന്ന് ആശയം. മറ്റു ഖാരിഉകളുടെ പാഠനം ഖാതിം എന്നാണ്. നബി(സ്വ) അവരെ പൂര്‍ത്തീകരിച്ചു അഥവാ അവസാനത്തെ ആളായി വന്നു എന്നു സാരം. ഈ പദങ്ങള്‍ക്ക് പൂര്‍വികരും പില്‍ക്കാലക്കാരുമായ പണ്ഡിതര്‍ക്കിടയിലെല്ലാം എല്ലാ വിധത്തിലും നബി(സ്വ)ക്കു ശേഷം ഒരു നബിയുമുണ്ടാവില്ലെന്ന പൊരുള്‍ മാത്രമേയുള്ളൂ’ (ഖുര്‍തുബി 14/173).
ഇബ്നുകസീര്‍ എഴുതിയതിങ്ങനെ: “നബിക്കു ശേഷം പ്രവാചകത്വ നിയോഗമുണ്ടാവില്ലെന്നതിനു വ്യക്തമായ രേഖയാണ് ഈ സൂക്തം. നബി വരില്ലെങ്കില്‍ അവരെക്കാള്‍ പ്രത്യേകക്കാരായ റസൂലും വരില്ല. ഇതു സംബന്ധിയായി അനിഷേധ്യമാം വിധം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)യെ നിയോഗിച്ച് വിശുദ്ധമതം പൂര്‍ത്തിയാക്കിയത് അല്ലാഹു ഈ സമൂഹത്തിനു നല്‍കിയ വലിയ അനുഗ്രഹമാണ്. അവിടുത്തെ അവസാന നബിയാക്കിയതും നമുക്ക് ലഭിച്ച വലിയ ശ്രേഷ്ഠതയത്രെ. ശേഷം പ്രവാചകത്വവാദവുമായി എത്തുന്നവര്‍ വഴിപിഴച്ചവരും പിഴപ്പിക്കുന്നവരുമായ പെരുങ്കള്ളന്മാരാണ്. മുസൈലിമ, അസ്വദ് പോലുള്ള കള്ള പ്രവാചകത്വ വാദികളില്‍ നിന്ന് പ്രത്യക്ഷപ്പെട്ടിരുന്ന അദ്ഭുതങ്ങള്‍ പോലുള്ള ചിലത് കാണിക്കാനായാല്‍ പോലും ഖിയാമത് നാള്‍ വരെയും പ്രത്യക്ഷപ്പെട്ടേക്കാവുന്ന നബിവാദികള്‍ മതവിരുദ്ധരായ കപടന്മാര്‍ തന്നെയാകുന്നു (തഫ്സീറുബ്നു കസീര്‍ 6/431).
ഖാതമുന്നബിയ്യീന്‍ എന്നാല്‍ “ആഖിറുഹും’ അതായത് ദൂതന്മാരില്‍ അവസാനത്തെ ആള്‍ എന്നു തന്നെ മറ്റു ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിട്ടുണ്ട് (ത്വബ്രി 20/179, ബഗ്വീ 6/358).
ഇങ്ങനെ ഖാതമായാലും ഖാതിമാണെങ്കിലും അന്ത്യപ്രവാചകന്‍ എന്നതല്ലാതെ ശ്രേഷ്ഠര്‍ എന്നതുപോലുള്ള ഒരര്‍ത്ഥവും അവരാരും പഠിപ്പിക്കുന്നില്ല. ഖുര്‍ആനും അറബി ഭാഷയും കൂടുതലറിയുന്ന അവര്‍ക്കാര്‍ക്കും ഖാദിയാനി വ്യാഖ്യാനങ്ങള്‍ അപൂര്‍വ സാധ്യതയായിട്ടുപോലും ബോധ്യപ്പെട്ടിട്ടുമില്ല. മതം പഠിപ്പിക്കുന്നതിന് വിരുദ്ധമായതു കൊണ്ടാണിത്. എന്നാലും “ശ്രേഷ്ഠപ്രവാചക’വ്യാഖ്യാനം കൊണ്ട് സ്വയം കുരിശിലേറി കാഫിറായി നിലനില്‍ക്കാനാണ് മീര്‍സായികളുടെ യോഗം. നബി(സ്വ)ക്കും മതത്തിനുമൊപ്പം നിലകൊള്ളാന്‍ താല്‍പര്യമുള്ളവര്‍ക്ക് അല്ലെങ്കിലും മീര്‍സായികളാവാനാവില്ലല്ലോ.

ഖാദിയാനിസം3/ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ