മനുഷ്യ സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി ലോക രക്ഷിതാവായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ചുകൊടുത്ത ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
“ഈഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല’ (സജദ/2)
അതിന്റെ അമാനുഷികത വ്യക്തമാകുന്ന നിരവധി തെളിവുകളുണ്ട്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഉന്നയിച്ച വെല്ലുവിളിക്കുമുമ്പില്‍ വിമര്‍ശകര്‍ മുട്ടുമടക്കിയത്. ഇപ്പോഴും അതു സ്വീകരിക്കാനാവാതെ ദുരാരോപണങ്ങള്‍ കൊണ്ട് മുഖം മിനുക്കാന്‍ ശ്രമിക്കുന്നതും.
ഖുര്‍ആനിന്റെ വെല്ലുവിളികള്‍
മൂന്നുഘട്ടങ്ങളായാണ് വിമര്‍ശകരെ ഖുര്‍ആന്‍ വെല്ലുവിളിച്ചത്. ആദ്യം സമാനമായ ഒരു ഗ്രന്ഥം കൊണ്ടുവരാനായിരുന്നു കല്‍പ്പന.
“അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നുമില്ല. എന്നാല്‍ അവര്‍ സത്യവാന്മാരാണെങ്കില്‍ ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ട് വരട്ടെ (സൂറത്തുത്വൂര്‍/33,34)
ഇത് സ്വീകരിക്കാനാവാതെ വന്നപ്പോള്‍ ഏറെ ലളിതമാക്കി പത്ത് അധ്യായം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
“അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ ഇതുപോലുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കി നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (ഹൂദ്/12).
ഇതിനും ശത്രുക്കള്‍ പത്തിമടക്കി. തുടര്‍ന്ന് മൂന്ന് സൂക്തങ്ങള്‍ മാത്രമടങ്ങുന്ന കൗസര്‍ സൂറത്ത് പോലുള്ള ഒന്നെങ്കിലും സമര്‍പ്പിക്കാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചു.
“അതല്ല അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? നബിയേ പറയുക, എന്നാല്‍ അതിന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യാവാന്മാരാണെങ്കില്‍’ (യൂനുസ്/38)
സാഹിത്യത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന അറബികളോടായിരുന്നു ഈ വെല്ലുവിളികളെല്ലാം. പക്ഷേ അവര്‍ നിരന്തരം കഠിനയജ്ഞം നടത്തിയിട്ടും ഖുര്‍ആനിന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ തലതാഴ്ത്തുകയാണുണ്ടായത്. ഇതുവരെ ആര്‍ക്കും ഇതിന് മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല എന്നതാണ് വാസ്തവം.
ഇസ്‌ലാമിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട ശത്രുക്കള്‍ നബി(സ്വ)യുടെ കാലത്ത് തന്നെ ഖുര്‍ആനിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ന് ഓറിയന്റലിസ്റ്റുകാരും ക്രൈസ്തവ മിഷനറിമാരുമാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. അവരില്‍ നിന്ന് കോപ്പിയെടുത്ത് അല്ലറ ചില്ലറ യുക്തി(?)വാദക്കാരും. പക്ഷേ എല്ലാ വിമര്‍ശനങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ പ്രഭയില്‍ മങ്ങിപ്പോവുകയാണ് ചെയ്തത്. ഈ ഗണത്തില്‍പെട്ട പ്രധാന വിമര്‍ശനമാണ് ബൈബിളില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ മുഹമ്മദ് നബി(സ്വ) തന്റെ കാലത്തെ യഹൂദക്രൈസ്തവരുമായുള്ള ബന്ധത്തില്‍ നിന്ന് മനസ്സിലാക്കുകയും അത് തന്‍റേതായ ഭാഷയില്‍ ഖുര്‍ആനിലൂടെ അവതരിപ്പിക്കുകയുമാണ് ചെയ്തത് എന്നത്.
ഖുര്‍ആനും ബൈബിളും ഒരുവട്ടം വായിച്ച ഏതൊരാള്‍ക്കും ഈ വിമര്‍ശനത്തില്‍ യാതൊരു കഴമ്പുമില്ലന്ന് പകല്‍പോലെ വ്യക്തമാകും. എന്നാലും വിമര്‍ശകര്‍ ഈ ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വസ്തു നിഷ്ഠമായ ഒരു പരിശോധനക്ക് പ്രസക്തിയുണ്ട്.
മുന്‍കാല പ്രവാചകന്‍മാരിലും അവര്‍ക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ ഒരു മുസ്ലിമിന് നിര്‍ബന്ധമാണ്. പരിശുദ്ധ ഖുര്‍ആന്‍ മുന്‍കാല വേദങ്ങളെ അംഗീകരിക്കുകയും അവ സത്യമാണെന്നും അവയില്‍ വിശ്വസിക്കണമെന്നും പ്രഖ്യാപിക്കുന്നുണ്ട്. ഇത് കാണുക:
എന്റെ മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍ (ആലു ഇംറാന്‍/50).
“തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗ ദര്‍ശനവും പ്രകാശവുമുണ്ട്’ (സൂറത്തുമാഇദ/44).
അവന്‍ ഈ വേദഗ്രന്ഥത്തെ, മുന്‍വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി താങ്കള്‍ക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിനു മുമ്പ് അവന്‍ തൗറാത്തും ഇഞ്ചീലും അവതരിപ്പിച്ചു. സത്യാസത്യ വിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു (സൂറത്തു ആലു ഇംറാന്‍/3,4).
അവരെ (ആ പ്രവാചകന്‍മാരെ) തുടര്‍ന്ന് അവരുടെ കാല്‍പ്പാടുകളായിക്കൊണ്ട് മര്‍യമിന്റെ മകന്‍ ഈസയെ തന്റെ മുമ്പുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇഞ്ചീല്‍ അദ്ദേഹത്തിന് നാം നല്‍കി.
തന്റെ മുമ്പുള്ള തൗറാത്തിനെ ശരിവെക്കുന്നതും, സൂക്ഷമത പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും സദുപദേശവുമത്രെ അത് (മാഇദ/46).
നിന്റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെ പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍ എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു (ഇസ്റാഅ്/55).
ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്വൃത്തരായ ദാസന്മാരായിരിക്കുമെന്ന് ഉല്‍ബോധനത്തിനു ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (അമ്പിയാഅ്/105).
എല്ലാ മുന്‍വേദ ഗ്രന്ഥങ്ങളെയും വിശ്വസിക്കണമെന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നു:
“(നബിയേ) പറയുക; അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിലും (ഖുര്‍ആന്‍) ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ട ദിവ്യ സന്ദേശത്തിലും മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പ്പെട്ടവരാകുന്നു (ആലു ഇംറാന്‍/84).
സത്യ വിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും ദൂതന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍, അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു (നിസാഅ്/136).
“അല്ലാഹുവില്‍ നിന്നല്ലാതെ പുറമെ (മറ്റാരാലും)ഈ ഖുര്‍ആന്‍ കെട്ടിച്ചമക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവിക പ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോക രക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്’ (സൂറതുയൂനുസ്/37).
അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട് നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു (സൂറതുല്‍ഫാത്വിര്‍/31).
പക്ഷേ, മുന്‍ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ അവയെ വളച്ചൊടിക്കുകയും അവരുടെ ഇച്ഛക്കനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയും വേദഗ്രന്ഥത്തിലുള്ള ദൈവിക വചനങ്ങളും അവര്‍ സ്വയം നിര്‍മിച്ച വചനങ്ങളും കൂട്ടിക്കലര്‍ത്തി ഗ്രന്ഥരചന നടത്തുകയും എന്നിട്ട് അതാണ് തങ്ങള്‍ക്ക് ലഭിച്ച വേദഗ്രന്ഥമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചും ഖുര്‍ആന്‍ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
“വേദഗ്രന്ഥത്തിലെ വാചക ശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ് (ആലുഇംറാന്‍/78).
(സത്യവിശ്വാസികളേ), അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത് ശരിക്കും മനസ്സിലാക്കിയതിനു ശേഷം ബോധപൂര്‍വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ (അല്‍ബഖറ/75).
യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍). വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ചു പ്രയോഗിക്കുന്നു (നിസാഅ്/46).
വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക് ഉദ്ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു (മാഇദ/13).
വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നും അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും; ഇതേ വിധി തന്നെയാണ് (നബിയുടെ പക്കല്‍ നിന്ന്) നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെങ്കില്‍ അത് സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക (മാഇദ/41).
വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത് (ആലുഇംറാന്‍/71).
എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാണ് നാശം. അതു മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സന്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം (അല്‍ബഖറ/79).
ഇങ്ങനെ ഖുര്‍ആനിലെ നിരവധി സൂക്തങ്ങളില്‍ മുന്‍കാല വേദങ്ങളെ സത്യപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കാണാം. അത് യഥാവിധി അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായ പൂര്‍വകാല വേദങ്ങളെക്കുറിച്ചാണ്. കൃത്രിമം നടത്തിയതോ സ്വകരങ്ങളാല്‍ എഴുതിയുണ്ടാക്കി ദൈവത്തിനുമേല്‍ ആരോപിക്കപ്പെട്ടതിനോ അല്ല. ഒരേ ഉറവിടത്തില്‍ നിന്ന് പുറപ്പെട്ടതാകയാലും ദൈവവിശ്വാസം, പരലോക വിശ്വാസം, പ്രവാചകന്മാര്‍, ഗ്രന്ഥങ്ങള്‍ തുടങ്ങി മൗലിക വിഷയങ്ങളിലൊക്കെയും ഒരേ ദര്‍ശനങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിനാലും പല കാര്യങ്ങളിലും മുന്‍വേദങ്ങളുമായി വിശുദ്ധ ഖുര്‍ആനിന്റെ സാമ്യം സ്വാഭാവികമാണ്.
ആദം(അ) മുതല്‍ ഈസ(അ) വരെയുള്ള പ്രവാചക ശൃംഖലയിലെ ഓരോ കണ്ണിയും പഠിപ്പിച്ച സത്യദര്‍ശനങ്ങളുടെ പൂര്‍ത്തീകരണത്തിനാണല്ലോ തിരുനബി(സ്വ) വന്നതും ഖുര്‍ആന്‍ അവതരിച്ചതും? അവരുടെ പ്രബോധന വിഷയങ്ങളിലെ മൗലിക കാര്യങ്ങളില്‍ യോജിപ്പു വന്നതെങ്ങനെയാണ്. ഇതിനപ്പുറം നബി(സ്വ) നിലവിലുള്ള ബൈബിള്‍ സമാഹാരത്തില്‍ നിന്ന് പകര്‍ത്തിയെടുത്തതല്ല ഖുര്‍ആന്‍. എങ്കില്‍ അതില്‍ കടന്നുകൂടിയ നിരവധി പ്രമാദങ്ങള്‍ നബി(സ്വ)യെയും സ്വാധീനിക്കേണ്ടിയിരുന്നു. സത്യത്തില്‍ നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. ബൈബിള്‍ കെട്ടുകഥകളിലെ നെല്ലും പതിരും വേര്‍തിരിച്ചു ലോകത്തിനു സമര്‍പ്പിക്കുകയാണ് വിശുദ്ധ വേദം ചെയ്തത്. ഇതുസംബന്ധിയായ വിശദ പരാമര്‍ശങ്ങള്‍ക്ക് മുമ്പ് ബൈബിള്‍ ഗ്രന്ഥസമാഹാരത്തെ കുറിച്ച് സാമാന്യ വിവരണം മനസ്സിലാക്കേണ്ടതുണ്ട്.

ജുനൈദ് ഖലീല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ