രണ്ടു മാസത്തെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പിനൊടുവിലാണ് വിശുദ്ധ റമളാന്‍ വന്നണയുന്നത്. വിശുദ്ധ ദിനരാത്രങ്ങളെ സര്‍വാത്മനാ വരവേല്‍ക്കാനും ആസ്വദിക്കാനുമുള്ള തയ്യാറെടുപ്പിലായിരുന്നു വിശ്വാസികള്‍. പുണ്യങ്ങളുടെ പൂക്കാലമാണല്ലോ റമളാന്‍. പിന്നിട്ട ഒരു റമളാനിനു ശേഷം അടുക്കും ചിട്ടയും തെറ്റിയ, പാപപങ്കിലമായ ജീവിതത്തെ വിമലീകരിക്കാനും പാപക്കറകള്‍ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും വൃത്തിയാക്കി സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാനും വേണ്ടി ഉടമയായ റബ്ബ് നിര്‍ണയിച്ചു നല്‍കിയ വര്‍ഷാന്ത പരിശീലന കാലയളവാണിത്.

പാപികള്‍ പോലും റമളാന്‍ വരുമ്പോള്‍ കാണിക്കുന്ന ജാഗ്രതക്കു കാരണം മറ്റൊന്നല്ല. പക്ഷേ, വെറും കയ്യോടെ വിശുദ്ധിയുടെ മാസത്തെ വരവേല്‍ക്കാനോ റമളാനിലെ പുണ്യങ്ങളെ ആസ്വദിക്കാനോ ആവാഹിച്ചെടുക്കുവാനോ സാധ്യമല്ല. കളങ്കിതമായ മനസ്സും ശരീരവും പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനകള്‍ കേവല തേട്ടങ്ങളായിരുന്നില്ല. മറിച്ച് മനസ്സും ശരീരവും പാകപ്പെടുത്തിയെടുക്കാനുള്ള പരിശീലനം കൂടിയായിരുന്നു. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ക്ക് ആത്മനിര്‍വൃതിയോടെ വിശുദ്ധ മാസത്തെ അര്‍ഹമാം വിധം സ്വീകരിക്കാം, ആസ്വദിക്കാം, യാത്രയാക്കാം.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതദൗത്യം തന്നെ പ്രബോധനമാണ്. നന്മ പകര്‍ന്നുകൊടുത്തും തിന്മകള്‍ തടഞ്ഞും സഹജീവികള്‍ക്കായി സമര്‍പ്പിക്കേണ്ടതാണ് ജീവിതം. അതു വിശുദ്ധ റമളാനിലാകുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ വിശ്വാസികള്‍, വിശേഷിച്ചും മുഴുവന്‍ പ്രബോധകരും കൂടുതല്‍ ജാഗ്രത്താവേണ്ട കാലയളവാണ് റമളാന്‍. സ്വന്തം ജീവിതം ധര്‍മധന്യമാക്കുന്നതോടൊപ്പം സേവന സമര്‍പ്പണങ്ങള്‍ വഴി കര്‍മധന്യമാക്കുക കൂടി വേണം.

ഇതിന് പ്രചോദനമേകിയാണ് വര്‍ഷാവര്‍ഷം എസ്വൈഎസ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ റമളാന്‍ കാമ്പയിന്‍ നടത്തുന്നത്. വിശുദ്ധിയുടെ രാപ്പകലുകള്‍ക്ക് കൂടുതല്‍ വീര്യം പകരുന്ന വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണ കാലയളവ് കൂടി പരിഗണിച്ച് ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന അര്‍ത്ഥഗര്‍ഭമായ പ്രമേയത്തിലാണ് സംഘടന റമളാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പ്രായോഗികമായ ഒട്ടേറെ പരിപാടികള്‍ പ്രാദേശികമായി സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 11-ന് കോഴിക്കോട് നടക്കുന്ന സമ്മേളനത്തോടെയാണ് കാമ്പയിന്‍ പദ്ധതികള്‍ക്ക് തുടക്കമാവുക. ശഅ്ബാന്‍ അവസാന വാരം മുഴുവന്‍ യൂണിറ്റുകളിലും നടക്കുന്ന ‘മുന്നൊരുക്ക’മാണ് പ്രഥമ ഇനം. റമളാനിനെ സ്വാഗതം ചെയ്യാന്‍ മനസ്സും ശരീരവും പാകപ്പെടുത്തുന്ന പ്രഭാഷണങ്ങളും പഠന ക്ലാസുകളും ഇതിന്‍റെ ഭാഗമായി നടക്കും.

സഹോദരിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാമിലി സ്കൂളാണ് കാമ്പയിനിലെ മറ്റൊരു മുഖ്യ പരിപാടി. മൂന്നു മുതല്‍ മുപ്പതു ദിവസം വരെ നീണ്ടുനില്‍ക്കുന്ന ക്ലാസ്സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി നടത്തിവരുന്ന ഈ സംരംഭം സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിഖാബ്/മുഖാവരണം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുവാനും റമളാനിന്‍റെ വിശുദ്ധി നഷ്ടപ്പെടാനിടവരുത്തുന്ന നവകാല വാണിജ്യ സംസ്കാരത്തില്‍ നിന്നും മാറി സ്ത്രീകളുടെ പൊതുരംഗ പ്രവേശത്തിനു കുറവു വരുത്താനും ഫാമിലി ക്ലാസുകള്‍ പ്രചോദനമാവുന്നു.

റമളാനിലെ രണ്ടാം വെള്ളിയാഴ്ച (ജൂണ്‍ 26) റിലീഫ് ഡേ ആയി എസ്വൈഎസ് ആചരിക്കും. പള്ളികളും കവലകളും കേന്ദ്രീകരിച്ച് എസ്വൈഎസ് സാന്ത്വന നിധിയിലേക്ക് ഒരു കോടി രൂപ സമാഹരിക്കും. ഒപ്പം യൂണിറ്റൊന്നിന് ശരാശരി നൂറ് എന്ന തോതില്‍ ആറുലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ/ധാന്യക്കിറ്റുകള്‍ വിതരണം ചെയ്യും. പള്ളികള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ വിപുലമായ ഇഫ്ത്വാര്‍ സംഘടിപ്പിക്കും. തെറ്റില്ലാത്ത ഖുര്‍ആന്‍ പാരായണം പരിശീലിപ്പിക്കുന്നതിനായി യൂണിറ്റുകള്‍ക്ക് കീഴില്‍ തജ്വീദ്/ഖുര്‍ആന്‍ പാരായണ ശാസ്ത്ര വേദികള്‍ സംഘടിപ്പിക്കും.

പാപമോചനത്തിന്‍റെ അവസാന പത്തില്‍ ഓരോ പ്രദേശത്തെയും രോഗികളെ സന്ദര്‍ശിച്ച് രോഗശമന പ്രാര്‍ത്ഥന നടത്തും. മഹല്ല് മഖ്ബറയില്‍ കൂട്ട സിയാറത്തും സംഘടിപ്പിക്കും. റമളാന്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യും. കൂടാതെ ഇഅ്തികാഫ് ജല്‍സ, ബദ്ര്‍ സ്മരണ തുടങ്ങിയ ഒട്ടേറെ പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

525 സര്‍ക്കിളുകളിലും അറുപതാം വാര്‍ഷികം കേരളത്തിനു സമര്‍പ്പിച്ച ‘സ്വഫ്വ’ ദൗത്യവാഹക സംഘത്തെയും തെരഞ്ഞെടുത്ത പ്രതിനിധികളെയും പങ്കെടുപ്പിച്ച് തര്‍ബിയത്ത്/ഇഫ്ത്വാര്‍ ക്യാമ്പുകള്‍ നടത്തും. സോണ്‍ തല ഇഫ്ത്വാര്‍ ക്യാമ്പുകളില്‍ അന്യ സംസ്ഥാന തൊഴിലാളികളെയും ജില്ലാ ക്യാമ്പുകളില്‍ പ്രൊഫഷണല്‍ രംഗത്തുള്ളവരെയും പങ്കെടുപ്പിക്കും. വിശുദ്ധ റമളാന്‍ നല്‍കിയ ആത്മചൈതന്യവും കര്‍മാവേശവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നാഹ്വാനം ചെയ്യുന്ന ചെറിയ പെരുന്നാള്‍ സന്ദേശം കൈമാറിയാണ് കാമ്പയിന്‍ പരിപാടികള്‍ക്ക് സമാപ്തി കുറിക്കുക.

മുഹമ്മദ് പറവൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ