Quran-malayalam article

? ഇത് വരെയുള്ള നമ്മുടെ ചർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞ കാര്യങ്ങൾ ഇത്രയുമാണ്.

1. ലോകത്തിനൊരു സ്രഷ്ടാവുണ്ട്.
2. അവൻ സൃഷ്ടികളോട് ആശയ വിനിമയം നടത്താൻ കഴിവുള്ളവനാണ്.
3. അവന്റെ വചനങ്ങളാണെന്ന് അവകാശപ്പെട്ട് മുഹമ്മദ് നബി ഖുർആനുമായി വന്നു.
4. മുഹമ്മദ് നബി ചരിത്രത്തിന്റെ നിറ വെളിച്ചത്തിൽ ജീവിച്ചവരായിരുന്നു.
5. മുഹമ്മദ് നബിക്ക് മാനസികമോ ശാരീരികമോ ആയ ഒരു കുറവും ഇല്ലായിരുന്നു.
6. ആ വചനങ്ങൾ പൈശാചികമല്ല.
7. അവ കോപ്പിയടിച്ചതല്ല.
8. ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി പറഞ്ഞതല്ല.
9. മുഹമ്മദ് നബി സത്യസന്ധനായിരുന്നു.
10. മുഹമ്മദ് നബി നിരക്ഷരനായിരുന്നു.
11. വിവരങ്ങൾ ആർജിക്കുള്ള ഭൗതികമായ മാർഗങ്ങൾ അവിടത്തേക്ക് ലഭ്യമായിരുന്നില്ല.

ഇതു കൊണ്ടെല്ലാം ഖുർആൻ ദൈവികമാണെന്ന തീർപ്പിൽ നാം എങ്ങനെ എത്തും?

ഒന്നാമതായി, മുഹമ്മദ് നബി സത്യസന്ധനാണെന്നും അദ്ദേഹം തനിക്ക് ദൈവത്തിൽ നിന്ന് സത്യസന്ദേശം ലഭിച്ചിട്ടുണ്ടെന്നും ആ സന്ദേശമാണ് ഖുർആനെന്ന് വാദിച്ചിട്ടുണ്ടെന്നും ചരിത്രപരമായി ബോധ്യപ്പെട്ടാൽ ഖുർആൻ ദൈവികമാണെന്ന് ലളിതമായി മനസ്സിലാക്കിക്കൂടേ?

രണ്ടാമതായി, ആ ഗ്രന്ഥം കൊണ്ടുവന്നയാൾ നിരക്ഷരരാണെന്നും അതിലുള്ള കാര്യങ്ങൾ ലഭിക്കാൻ ഭൗതികമായ മറ്റു സ്രോതസ്സുകൾ ഇല്ലെന്നും മനസ്സിലായാൽ ഖുർആൻ മുഹമ്മദ് നബിയുടെ സൃഷ്ടിയല്ലെന്ന് ഉറപ്പിച്ചുകൂടേ?

മൂന്നമതായി, തിരുനബി(സ്വ) തന്റെ പ്രവാചകത്വത്തിന് തെളിവായി ആർക്കും ബോധ്യപ്പെടുന്ന പല അത്ഭുത സംഗതികളും പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം വർധിപ്പിക്കുക, ചന്ദ്രനെ പിളർത്തുക, അജൈവ വസ്തുക്കളുടെ സംസാരം അങ്ങനെ പലതും. അതെല്ലാം ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടവയാണ്. പ്രവാചകത്വം സ്ഥിരപ്പെട്ട ഒരാൾക്ക് ദൈവം ഗ്രന്ഥം ലഭിക്കുക എന്നതിൽ അവിശ്വസനീയമായി എന്താണുള്ളത്?

നാലാമതായി, ഖുർആനിനോട് തുല്യമായ ഒരു കൃതി കൊണ്ടുവരാൻ മനുഷ്യ-ഭൂത വർഗങ്ങളെ വെല്ലുവിളിച്ചു; ആ വെല്ലുവിളി ഇന്നും ഉത്തരമില്ലാതെ നിലനിൽക്കുന്നു. മനുഷ്യ-ഭൂത കഴിവിനതീതമായി നിലകൊള്ളുന്ന കൃതി ദൈവികം മാത്രമല്ലേ ആകൂ.

ദൈവം വെല്ലുവിളിക്കുകയോ?

? ഖുർആനിന് തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ, അതിനോട് സമാനമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ ഖുർആൻ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാൻ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുമ്പോൾ, ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അർത്ഥം? നോബൽ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരൻ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പോലെ ഇതും പരിഹാസ്യമല്ലേ?

ഇവിടെ വെല്ലുവിളിച്ചത് ആരാണ്? ദൈവമോ അതോ മുഹമ്മദ് നബിയോ? ദൈവമാണ് എന്നാണ് വാദമെങ്കിൽ ചോദ്യം പ്രസക്തമാണ്. പക്ഷേ അതോടെ നിരീശ്വരവാദം തകരും. കാരണം ദൈവ നിഷേധികളാണല്ലോ ഇവിടെ ദൈവത്തെ സമ്മതിക്കുന്നത്. ഇനി മുഹമ്മദ് നബിയാണെന്ന് പറയുകയാണെങ്കിൽ ചോദ്യം പ്രസക്തവുമല്ല. മനുഷ്യൻ മനുഷ്യനെ വെല്ലുവിളിക്കുന്നതിലെന്ത്?

യഥാർത്ഥത്തിൽ ‘മുഹമ്മദ് നബിയുടെ രചനയാണ് ഖുർആൻ, അത് ദൈവികമല്ല’ എന്ന് വാദിക്കുന്ന നിഷേധികളെ ഇവിടെ വെല്ലുവിളിക്കുന്നത് ദൈവം നേരിട്ടല്ല, പ്രത്യുത മുഹമ്മദ് നബി തന്നെയാണ്. ഇങ്ങനെയൊരു വെല്ലുവിളിയിൽ അസംഗതമായിട്ടൊന്നുമില്ല. ചോദ്യത്തിൽ സൂചിപ്പിച്ച പ്രശസ്തനായ ആ സാഹിത്യകാരൻ ഒരു സ്‌കൂൾ അധ്യാപകനാണെന്ന് കരുതുക. അദ്ദേഹം തന്റെ ശിഷ്യരായ ഒന്നാം ക്ലാസുകാർക്ക് മനസ്സിലാകുന്നതും എന്നാൽ അവർക്കൊരിക്കലും അനുകരിക്കാനാവാത്ത വിധം വ്യത്യസ്തവും സുന്ദരവുമായ ശൈലിയിൽ ലീഡർ വശം ഒരു സന്ദേശം കൊടുത്തയച്ചുവെന്ന് സങ്കൽപ്പിക്കുക. തങ്ങളുടെ അധ്യാപകന്റെ സന്ദേശമാണിതെന്ന് കേട്ട ഉടനെ അവർ തിരിച്ചറിഞ്ഞു. എന്നാൽ അധ്യാപകന്റെ സന്ദേശം സ്വീകരിക്കാൻ വൈമനസ്യമുള്ള വിദ്യാർത്ഥികൾ, അതു ലീഡർ വ്യാജമായി നിർമിച്ചതാണെന്ന് വാദിച്ചു. ലീഡറുടെ പ്രയാസം മനസ്സിലാക്കിയ അധ്യാപകൻ ലീഡറോട് അവരെ വെല്ലുവിളിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ തന്റെ സത്യാവസ്ഥ തെളിയിക്കാൻ ലീഡർക്കു വെല്ലുവിളിച്ചുകൂടേ?
ഇത് ഞാൻ സ്വന്തമായി എഴുതിയതാണെന്ന് വാദിക്കുന്നവരേ, എന്നെപ്പോലെ തന്നെയാണല്ലോ നിങ്ങളും. എന്നാൽ ഇതു പോലോത്ത ഒരു രചന നിങ്ങൾ കൊണ്ടുവരിൻ! നിങ്ങളെല്ലാവരും കൂടി വിചാരിച്ചാലും അതിന് കഴിയില്ല.
അധ്യാപകന്റെ മികവും തങ്ങളുടെ നിസ്സഹായതയും ബോധ്യമുള്ള കുട്ടികൾ അങ്ങനെ ഒരു ശ്രമം നടത്തില്ല. ഇനി ഏതെങ്കിലുമൊരു മണ്ടൻ വല്ല കുറിപ്പുമായി വന്നുവെന്നിരിക്കട്ടെ, ആർക്കും മൂല്യനിർണയം നടത്താവുന്ന വിധം വളരെ താഴ്ന്ന നിലവാരത്തിലായിരിക്കുമല്ലോ അത്. ഖുർആനിനു സമാനമായതെന്നു പറഞ്ഞു ആരെങ്കിലും വല്ല വാറോലയുമായി വന്നാലും ഇതായിരിക്കും സ്ഥിതി. ഇതിലെന്താണ് അയുക്തി?
ഖുർആൻ ദൈവികമാണെന്ന് സമ്മതിക്കാൻ ചിലർ വിസമ്മതിച്ചു. അത് മുഹമ്മദ് എന്ന മനുഷ്യൻ സ്വയം നിർമിച്ചതാണെന്ന് വാദിച്ചു. മനുഷ്യ നിർമിതമെങ്കിൽ സമാനമായത് ആർക്കും കൊണ്ടുവരാമല്ലോ. അപ്പോൾ അദ്ദേഹം വെല്ലുവിളിച്ചു. (ദൈവമാണ് വെല്ലുവിളിക്കുന്നതെന്ന് ചോദ്യകർത്താവ് വിശ്വസിക്കുന്നുണ്ടെങ്കിൽ പിന്നെ മുഹമ്മദ് നബിയുടെ രചനയാണെന്ന് വാദിക്കേണ്ടതില്ലല്ലോ).

? ഖുർആന്റെ വെല്ലുവിളി ഏറ്റെടുത്ത് ഒരാൾ ഒരു കൃതി കൊണ്ടുവന്നുവെന്ന് സങ്കൽപിക്കുക. അതാര് ജഡ്ജ് ചെയ്യും? മത്സരാർത്ഥികളെക്കാൾ കഴിവുള്ളവരായിരിക്കണമല്ലോ വിധികർത്താക്കൾ? ഈ മത്സരം ജഡ്ജ് ചെയ്യാൻ ദൈവത്തേക്കാൾ കഴിവുള്ളവർ വേണ്ടിവരില്ലേ? അങ്ങനെ വല്ലവരും ഉണ്ടോ?

ഒന്നാമത്തെ ചോദ്യത്തിന്റെ മറുപടിയോടെ ഈ ചോദ്യത്തിന്റെ മുനയൊടിഞ്ഞു. പിന്നെ മത്സരാർത്ഥികളേക്കാൾ പ്രതിഭകളായിരിക്കണം വിധികർത്താക്കളെന്നത് പൂർണമായി ശരിയല്ല. ഓട്ട മത്സരത്തിനും പാട്ട് മത്സരത്തിനുമൊക്കെ വിധി നിർണയിക്കുന്നവർ മത്സരിക്കുന്നവരേക്കാൾ മികച്ച രീതിയിൽ ഓടാനും പാടാനുമൊക്കെ അറിയുന്നവരാകണമെന്നില്ല. വിധി നിർണയിക്കാനാവശ്യമായ അറിവുണ്ടായാൽ മതി.
ആരെങ്കിലും കൃതി കൊണ്ടുവന്നാൽ അറബി ഭാഷയിൽ വ്യുൽപ്പത്തിയുള്ള ആർക്കും അതിന്റെ പോരായ്മ മനസ്സിലാക്കാവുന്നതേയുള്ളൂ. ചരിത്രത്തിൽ പലരും അതിന് ശ്രമിച്ച് പരിഹാസ്യരായിട്ടുണ്ട്.

? ഖുർആന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ധാരാളം സൂറതുകൾ പലരും രചിച്ചിട്ടുണ്ടല്ലോ. അതേക്കുറിച്ച് എന്ത് പറയുന്നു?

കാലങ്ങളെ അതിജീവിച്ച ആ വെല്ലുവിളി ഏറ്റെടുക്കാൻ ആധുനിക ഭൗതികവാദികളും ഒരു കൈ ശ്രമിച്ചുനോക്കിയിട്ടുണ്ട് എന്നത് ശരിയാണ്. അറബി സാഹിത്യത്തിന്റെ നെറുകയിൽ വിരാജിച്ച ശുദ്ധ അറബികൾക്ക് കഴിയാത്തതുണ്ടോ സാഹിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും നാലയലത്ത് പോലും എത്താത്തവർക്ക് കഴിയുന്നു?! വെല്ലുവിളി ഏറ്റെടുത്ത പലരും ഖുർആനിലെ ചില പദങ്ങളും പ്രയോഗങ്ങളും കട്ടെടുത്ത് സ്വന്തം വക ചില പദങ്ങൾ ചേർത്ത് ചില ഒപ്പിക്കൽ സൂറതുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുന്നതാകും കൂടുതൽ ശരി. അവയൊന്നും നിലനിന്നില്ല എന്ന് മാത്രമല്ല; വിദ്യാർത്ഥികളുടെ അറബി പ്രബന്ധ മത്സരത്തിൽ പങ്കെടുപ്പിക്കാൻ പോലും നിലവാരമില്ലാത്ത തരംതാണ ലേഖനങ്ങളായിരുന്നു അവ. ഖുർആൻ ഇറങ്ങിയതിന് ശേഷം ഇനി ഒരു വിമർശകനും അറബിയിൽ ലേഖനം എഴുതില്ല എന്നൊന്നും ഇവിടെ ആരും വാദിച്ചിട്ടില്ലല്ലോ.
? ഇതൊക്കെ വീരവാദങ്ങളാണ്. സമാനമായത് കൊണ്ടുവരാൻ പറ്റാത്ത വിധം എന്താണ് ഖുർആൻ സാഹിത്യത്തെ ഇതര ഗ്രന്ഥങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്?

ഖുർആന്റെ വെല്ലുവിളിക്ക് പല മാനങ്ങളുമുണ്ട്.
1. എല്ലാവർക്കും മനസ്സിലാകുന്ന അമാനുഷികത.
2. പഠനങ്ങൾക്ക് തയ്യാറുള്ള എല്ലാവർക്കും മനസ്സിലാകുന്നത്.
3.സാഹിത്യാഭിരുചിയുള്ളവർക്ക് മാത്രം മനസ്സിലാകുന്നത്.

പ്രേക്ഷകരുടെ നിലവാരമനുസരിച്ച് വെല്ലുവിളിയുടെ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടും. കൊച്ചു കുഞ്ഞുങ്ങളോട് രതിമൂർച്ചയുടെ ആനന്ദത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലാത്ത പോലെ/ വായിലെ രസമുകുളങ്ങൾ നശിച്ചവനോട് തേനിന്റെ മധുരത്തെക്കുറിച്ച് പറഞ്ഞാൽ തിരിയാത്ത പോലെ ഖുർആനിക സാഹിത്യ സൗന്ദര്യത്തിന്റെ അദ്വിതീയതയെ കുറിച്ച് ഭാഷയും സാഹിത്യവുമറിയാത്തവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നത് ഏറെ പ്രയാസകരമാണ്. തേനും കഷായവും തമ്മിലെന്ത് വ്യത്യാസം എന്നവൻ ചോദിച്ചുകൊണ്ടിരിക്കും. രുചിഭേദങ്ങളറിയാത്തവന് എന്ത് മധുരം? എന്ത് കയ്പ്പ്?

അക്ഷരാഭ്യാസം നടത്തിയിട്ടില്ലാത്ത ആളാണ് ഖുർആൻ കൊണ്ടുവന്നത് എന്നത് പരക്കെ അറിയപ്പെട്ടതാണ്, ചരിത്ര പ്രസിദ്ധമാണ്. ഖുർആനിക അമാനുഷികത ഏത് പൊട്ടനും ബോധ്യപ്പെടുത്താവുന്ന ഒരു മാനദണ്ഡവുമാണത്. അക്ഷരം പഠിച്ചിട്ടില്ലാത്ത ഒരു വ്യക്തി എങ്ങനെ ഇത്തരമൊരു ഗ്രന്ഥവുമായി വരും. 114 അധ്യയങ്ങൾ, 6000ത്തിലേറെ സൂക്തങ്ങൾ. അതിൽ തന്നെ ഏതാനും അക്ഷരങ്ങൾ മാത്രമുള്ള സൂക്തങ്ങൾ! അവ കൊണ്ട് പുതിയ പാരായണ ശൈലി! അക്ഷരങ്ങളുടെ ലോകം അജ്ഞാതമായിരുന്ന ഒരാൾ ഇത്തരമൊരു കൃതിയുമായി വരുന്നുവെന്നതിനർത്ഥം അത് അമാനുഷിക സ്രോതസ്സിൽ നിന്ന് വന്നതാണെന്ന് തന്നെയാണ്. മറ്റു പ്രത്യേകതകൾ നോക്കാതെ തന്നെ ഇങ്ങനെ തീരുമാനത്തിലെത്താൻ ബുദ്ധിയുള്ളവർക്ക് കഴിയും. അപ്പോൾ അതിനോട് തുല്യമായ ഗ്രന്ഥം കൊണ്ടുവരൂ എന്നതിനർത്ഥം അതുപോലോത്ത ആളിൽ നിന്ന് കൊണ്ടുവരൂ എന്നാണ്. വെല്ലുവിളി ഏറ്റെടുക്കേണ്ടവർക്ക് ഇങ്ങനെ ചെയ്യാം; ഒരാളെ അക്ഷരം പഠിപ്പിക്കാതെ വളർത്തുക, എന്നിട്ട് അയാൾ ഒരു പുസ്തകവുമായി വരട്ടെ!

ഈ നിബന്ധന മാറ്റിവെച്ചും വെല്ലുവിളി പ്രസക്തം തന്നെയാണ്. അഥവാ ഖുർആനിന് തുല്യമായ ഗ്രന്ഥം കൊണ്ടുവരാൻ ഒരു സാഹിത്യ സാമ്രാട്ടിനും കഴിയില്ല. സാഹിത്യപരമായി തന്നെ അദ്ദേഹം സമ്പൂർണ പരാജയമായിരിക്കുമെന്നതിന്റെ പുറമെ ഇതറിയാൻ ഖുർആന്റെ മറ്റു പ്രത്യേകതകളിലേക്ക് കടക്കേണ്ടിവരും. കുറച്ചൊക്കെ ചിന്തിക്കുന്നവർക്ക് ബോധ്യപ്പെടുന്ന ചില പ്രത്യേകതകൾ പറയാം. യുക്തിവാദി കൊണ്ടുവരുന്ന പദക്കൂട്ടത്തിന് ഇത്തരം വല്ല സവിശേഷതയുമുണ്ടോ?

1. ഇന്നുവരെ കണ്ടെത്തിയ ഒരു ശാസ്ത്രീയ സത്യവുമായും അത് ഏറ്റുമുട്ടുന്നില്ല. അന്നത്തെ അന്വേഷണങ്ങൾ കൊണ്ട് എത്തിപ്പിടിക്കാനാവാത്ത ശാസ്തീയ സത്യങ്ങൾ ഖുർആൻ പറയുന്നുമുണ്ട്.
2. ഗതകാല സംഭവങ്ങൾ ഭൗതിക മാധ്യമങ്ങളില്ലാതെ അനാച്ഛാദനം ചെയ്യുന്നു.
3. അദൃശ്യമായ സംഭവങ്ങൾ വിശദീകരിക്കുന്നു.
4. പ്രവചനങ്ങൾ നടത്തുന്നു.
5. ഗണിത വിസ്മയങ്ങൾ.

ഏറെ പണിപ്പെടാതെ തന്നെ മനസ്സിലാക്കാവുന്ന ചില പ്രത്യേകതകൾ കൂടി പറയാം.
1. കാലാതിവർത്തിയായി നിലനിൽക്കുന്നു.
2. ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നു.
3. ഏറ്റവും കൂടുതലായി മന: പാഠമാക്കപ്പെടുന്നു
4. എന്നും പുതുപുത്തനായി നിലനിൽക്കുന്നു.
5. ഇങ്ങനൊക്കെ ആയിരിക്കെ ഒരു ജീവിത സംഹിതയായി മാറുന്നു.

ഭൗതികവാദി കൊണ്ടുവന്ന വാറോലകളിൽ ഇത്തരം പ്രത്യേകതകൾ വല്ലതുമുണ്ടോ?
എന്നാൽ ഖുർആന്റെ ഏറ്റവും വലിയ അമാനുഷികത വിസ്മയിപ്പിക്കുന്ന സാഹിത്യ സൗന്ദര്യമാണ്. പക്ഷേ അറബി ഭാഷയിൽ നല്ല കഴിവും സവിശേഷമായ സാഹിത്യാഭിരുചിയുമുള്ളവർക്ക് മാത്രമേ അത് മനസ്സിലാകൂ. അത്തരക്കാർക്ക് കേൾക്കുന്ന മാത്രയിൽ തന്നെ ഖുർആനിക സൗന്ദര്യവും അനുഭവവേദ്യമാകും. ഇക്കാര്യത്തിൽ ശത്രുക്കളുടെ സാക്ഷ്യം തന്നെ ധാരാളമുണ്ട്. മുസൈലിമ കൊണ്ടുവന്ന സൂറതുകളെ തന്റെ അനുയായികളായ ശത്രുസമൂഹം തന്നെ പുച്ഛിച്ചുതള്ളിയത് വെറുതെയല്ല.

എന്നാൽ സാഹിത്യവുമായി ബന്ധപ്പെട്ട ഖുർആനിക സൗന്ദര്യങ്ങളുടെ ചില സവിശേഷതകൾ കൂടി പറയാം. ഇതിൽ ഏതെങ്കിലുമൊന്നു പോലും മറ്റെവിടെയും കാണാൻ കഴിയില്ല എന്ന് വാദിക്കുന്നില്ല. എന്നാൽ താഴെ പറയുന്ന സവിശേഷതകളെല്ലാം അടങ്ങിയ സാഹിത്യ കൃതി മനുഷ്യൻ കൊണ്ടുവരിക എന്നത് അസാധ്യമാണ്. നടേ പറഞ്ഞതും അല്ലാത്തതുമായ ധാരാളം പ്രത്യേകതകൾക്ക് പുറമെയാണിത്.
1. പാരായണ ഭേദങ്ങൾ
2. അനനുകരണീയമായ ഗദ്യവും പദ്യവുമല്ലാത്ത ശൈലി.
3. കൃത്യമായ പദപ്രയോഗങ്ങൾ
4. അത്ഭുതകരമായ പാരസ്പര്യം
5. ശബ്ദ സംവേദനം
6. ലിപിപരമായ സവിശേഷതകൾ
7. ശാസ്ത്ര സാഹിത്യം
8. ആശയ ബഹുലത
9. അതീന്ദ്രിയ വിഷയങ്ങൾ
10. വൈരുധ്യങ്ങളുടെ അഭാവം
11. തെറ്റുകളിൽ നിന്ന് മുക്തം
12. സംഗീതാത്മകത
13. ഔഷധ മൂല്യം
14. വിഷയ വൈവിധ്യം
15. പുത്തൻ ആവിഷ്‌കാരങ്ങൾ
16. ഉപമാലങ്കാരങ്ങളുടെ വശ്യത

ഈ ലിസ്റ്റ് നീളും. ഇതൊന്നും പലരും നിർമിക്കാൻ ശ്രമിച്ച പാരഡികൾക്കില്ല. ഖുർആനിലെ ഏറെക്കുറെ എല്ലാ സൂറകളിലും മേൽ പറഞ്ഞ എല്ലാമുണ്ട്. വിമർശകരുടെ സൃഷ്ടികളിൽ വല്ലതും ഉണ്ടെങ്കിൽ അത് ഖുർആനിൽ നിന്ന് അപ്പടി കോപ്പിയടിച്ചത് മാത്രം. അതിനാൽ ആ വെല്ലുവിളി ഇപ്പോഴും അജയ്യമായി നിലനിൽക്കുന്നു: നാം നമ്മുടെ അടിമയുടെ മേൽ ഇറക്കിയ ഗ്രന്ഥത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിനോട് തത്തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരൂ. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സഹായികളെയും വിളിച്ചേക്ക്, നിങ്ങൾ സത്യവാന്മാരെങ്കിൽ! നിങ്ങൾക്ക് സാധിച്ചിട്ടില്ലെങ്കിൽ- ഇനി സാധിക്കുകയുമില്ല- ജനങ്ങളും കല്ലുകളും കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ ഭയന്നുകൊള്ളൂ. അത് സത്യനിഷേധികൾക്കായി തയ്യാറാക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു (അൽബഖറ: 23, 24).

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ