നബി(സ്വ)യുടെ കാലം മുതല്‍ റമളാനില്‍ മാത്രം നിര്‍വഹിച്ചുവരുന്ന സുന്നത്ത് നിസ്കാരമാണ് തറാവീഹ്. മൂന്നോ നാലോ ദിവസം പള്ളിയില്‍ വെച്ച് നബി(സ്വ)യുടെ നേതൃത്വത്തില്‍ തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് പള്ളിയിലെ ജമാഅത്ത് പുനസംഘടിപ്പിച്ചത് രണ്ടാം ഖലീഫ ഉമര്‍(റ)വാണ്. ഉമര്‍(റ)ന്റെ കാലത്ത് സ്വഹാബികള്‍ ഇരുപത് റക്അത്താണ് തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് ഇമാം ബൈഹഖി സ്വഹീഹായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസ് തെളിവ് പിടിച്ചു ഇമാം നവവി(റ)യെ പോലുള്ള പ്രശസ്ത പണ്ഡിതര്‍ തറാവീഹ് 20 റക്അത്താണ് നിസ്കരിക്കേണ്ടത് എന്ന് പഠിപ്പിച്ചു. മാത്രമല്ല നാലു മദ്ഹബിലെ പണ്ഡിതന്മാരും ഇരുപതില്‍ കുറഞ്ഞ തറാവീഹ് പഠിപ്പിച്ചിട്ടേയില്ല. മക്കയിലും മദീനയിലും ഇപ്പോഴും തറാവീഹ് 20 റക്അത്ത് തന്നെയാണ് നിസ്കരിച്ചുവരുന്നതെന്നുകൂടി ചേര്‍ത്തുവായിക്കുക. ഇക്കാര്യത്തില്‍ ലോക മുസ് ലിംകള്‍ക്ക് തര്‍ക്കമില്ല. കേരള മുജാഹിദുകള്‍ പോലും ഇത് തുറന്നു സമ്മതിച്ചിട്ടുണ്ട്. നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന്‍ വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്‍എം, 2009 ജൂലൈ 3, പേ 4).

ഹറമില്‍ ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്‍ത്തി (തീര്‍ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).

മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില്‍ രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന്‍ നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്‍വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല്‍ അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്‍വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്‍ക്കുകയുണ്ടായില്ല (മജ്മൂഉല്‍ ഫതാവാ, ഇബ്നുതൈമിയ്യ).

നബി(സ്വ)യും സ്വഹാബികളും താബിഉകളും നിര്‍വഹിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു പ്രധാന നിസ്കാരത്തിന്റെ റക്അത്ത് എത്രയാണെന്ന് ഇപ്പോഴും ഗവേഷണം ചെയ്തു മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് മുജാഹിദുകള്‍.

1400 വര്‍ഷങ്ങള്‍ക്കുമുമ്പ് നബി(സ്വ) എത്ര റക്അത്താണ് തറാവീഹ് നിസ്കരിച്ചതെന്ന ചര്‍ച്ചക്ക് മുജാഹിദുകള്‍ തുടക്കം കുറിച്ചത് 1938- ലാണ്. കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം രൂപംകൊണ്ടത് 1922-ലാണെന്നോര്‍ക്കണം. അഥവാ ജന്മംകൊണ്ട് 16 വര്‍ഷം കഴിഞ്ഞാണ് ഇങ്ങനെ ഒരു ഗവേഷണത്തിന് അവര്‍ തുടക്കം കുറിച്ചത്. ഏതാണ്ട് 77 കൊല്ലത്തിനുമുമ്പ് 20-ല്‍ കുറയാത്ത തറാവീഹ് ചര്‍ച്ചക്കുപോലും വന്നിട്ടില്ലെന്ന് ചുരുക്കം. എത്ര റക്അത്താണ് തറാവീഹ് നിസ്കരിക്കേണ്ടത് എന്ന വിഷയത്തില്‍ മൗലവിമാര്‍ക്കിടയില്‍ ചൂടേറിയ ഗവേഷണം തന്നെ ഇടക്കാലത്തു നടന്നു. ഒടുവില്‍ രണ്ട് തീരുമാനങ്ങളിലെത്തി. ഇപ്പോള്‍ സുന്നികളും മുജാഹിദുകളും റമളാനില്‍ നടത്തിവരുന്ന പള്ളിയിലെ തറാവീഹ് ജമാഅത്ത് തനിച്ച ബിദ്അത്താണ് അത് നിര്‍ത്തിവെക്കേണ്ടതാണ്, ഈ തീരുമാനം പുറത്തുവിട്ടത് മുജാഹിദ് 8-ാം ഗ്രൂപ്പ് മൗലവി അബ്ദു റഹ്മാന്‍ ഇരിവേറ്റിയാണ്. അദ്ദേഹം എഴുതുന്നു: ഈ നമസ്കാരം (തറാവീഹ്) ജമാഅത്തായി നിര്‍വഹിക്കുന്നത് നബിചര്യയില്‍ പെട്ട കാര്യമാണോ. നബി(സ്വ) മൂന്ന് ദിവസം ഈ നിസ്കാരം ജമാഅത്തായി പള്ളിയില്‍ വെച്ച് സംഘടിപ്പിച്ചുവെന്ന വാദം ശരിയല്ല… നബി(സ്വ) ജമാഅത്ത് സംഘടിപ്പിച്ചിട്ടില്ല എന്ന്മാത്രമല്ല, ജനങ്ങള്‍ നബിയോടൊപ്പം ചേര്‍ന്നതിനെ അദ്ദേഹം വിലക്കുകയും ചെയ്തു. ഖണ്ഡിതമായ ഒരാജ്ഞയും നല്‍കി ‘മേലില്‍ ആ നിസ്കാരം വീട്ടില്‍ വെച്ച് നമസ്കരിച്ചാല്‍ മതി’ എന്ന് (അല്‍ ഫനാര്‍ ത്രൈമാസിക 2013 ആഗസ്റ്റ്, പേ 38).

ഇന്ന് റമസാന്‍ രാത്രികളില്‍ പതിവായി നിശ്ചിതവും പതിമിതവുമായ സമയത്ത് സാഘോഷം പള്ളികളില്‍ സംഘടിപ്പിക്കുന്ന രാത്രി നിസ്കാരം അടിസ്ഥാനരഹിതം മാത്രമല്ല പ്രവാചക ആജ്ഞക്ക് വിരുദ്ധവും പുണ്യകരമായതിന് എതിരുമാണല്ലോ (അതേ പുസ്തകം പേ 41).

മുജാഹിദാദര്‍ശത്തോട് തീര്‍ത്തും കൂറു പുലര്‍ത്തിയൊരു തീരുമാനമാണിത്. കാരണം, നബി(സ്വ)യുടെ മാതൃകയില്ലാത്തതിന്റെ പേരിലാണല്ലോ അവര്‍ നബിദിനാഘോഷം ബിദ്അത്താണെന്ന് പറഞ്ഞത്, കൂട്ടുപ്രാര്‍ത്ഥന നടത്താത്തത്, അങ്ങനെ പല നന്മകള്‍ക്കുമെതിരു നിന്നത്. അപ്പോള്‍ നബി(സ്വ)യുടെ മാതൃകയില്ലാത്ത റമളാന്‍ മുഴുവന്‍ പള്ളിയില്‍ ജമാഅത്തായി തറാവീഹ് നിസ്കരിക്കുക എന്നതും ബിദ്അത്താ വുകയല്ലേ വേണ്ടത്.

രണ്ടാമത്തെ തീരുമാനത്തില്‍ മുജാഹിദുകള്‍ സുന്നികളെ ചെറുതായി തലോടുന്നുണ്ട്. അതിങ്ങനെയാണ്: തറാവീഹ് നമസ്കാരം പതിനൊന്നില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ പാടില്ലെന്ന് ശഠിക്കുമ്പോള്‍ തന്നെ അതില്‍ കൂടുതലും ആകാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാര്‍ ബിദ്അത്തിന്റെ വക്താക്കളാണെന്ന് നാം പറയില്ല. കാരണം സ്വഹീഹായ പരമ്പരയിലൂടെ ഹദീഥ് ലഭിക്കാത്തത് കൊണ്ടോ ലഭിച്ച ഹദീഥ് മനസ്സിലാക്കിയതില്‍ വന്ന അബദ്ധമോ ഇജ്തിഹാദില്‍ സംഭവിച്ച പിഴവോ കാരണമാണ് അവര്‍ ആ അഭിപ്രായം പ്രകടിപ്പിച്ചത് (അല്‍ ഇസ്‌ലാഹ്, 2015 ജൂണ്‍, പേ 25).

പതിനൊന്നില്‍ കൂടുതല്‍ നിസ്കരിക്കല്‍ ബിദ്അത്താണെങ്കിലും ആ ബിദ്അത്ത് ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ ഇനി മുതല്‍ ബിദ്അത്തിന്റെ വക്താക്കളെന്ന് പറയേണ്ടതില്ലത്രെ.

മൗലവിമാര്‍ എന്തുപറയുന്നുവെന്നല്ല സുന്നികള്‍ പരിഗണിക്കുന്നത്. നബി(സ്വ)യും സ്വഹാബത്തും ഇമാമീങ്ങളും എന്തു ചെയ്തു, പഠിപ്പിച്ചു എന്നാണ്. അവരൊക്കെയും ഇരുപത് റക്അത് തറാവീഹ് പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ്. അത് സുന്നികള്‍ എന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. മറ്റൊരു കാര്യം പറഞ്ഞത് 20 പഠിപ്പിച്ച ഇമാമുകള്‍ക്ക് ഹദീസ് മനസ്സിലാവാത്തതിനാലോ പിഴവ് സംഭവിച്ചതോ ആകാമെന്നാണ്. നബി(സ്വ)യുടെ കാലം മുതല്‍ സ്വഹാബത്ത്, താബിഉകള്‍, ഇമാമുകള്‍ 1938 വരെയുള്ള മുസ്ലിം സമൂഹം (അവരാണല്ലൊ 11-ല്‍ കൂടുതല്‍ തറാവീഹ് പഠിപ്പിച്ചത്) അവര്‍ക്കെല്ലാം പിഴച്ചു, ഹദീസ് മനസ്സിലായില്ല എന്ന് വിശ്വസിക്കാന്‍ ‘എന്റെ സമൂഹം പിഴവിന്‍മേല്‍ ഏകോപിക്കില്ല’ എന്ന നബിവചനം പഠിച്ചവര്‍ക്കെങ്ങനെ സാധിക്കും? ഈ തിരുവചനം മൗലവിമാര്‍ക്കും അറിയാതിരിക്കില്ല. അമാനി മൗലവി ഖുര്‍ആന്‍ പരിഭാഷ (പേ:735-ല്‍) നോക്കിയാല്‍ ഇതുകാണും. ചിന്തിക്കുക, ആര്‍ക്കാണ് പിഴച്ചത്? നബി(സ്വ)യും സ്വഹാബത്തും ജമാഅത്തായി നിര്‍വഹിച്ച തറാവീഹ് നിസ്കാരം സ്വഹാബികള്‍ ഇതുപത് റക്അത്ത് നിസ്കരിച്ചു എന്ന് സ്വഹീഹായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യുകയും അതടിസ്ഥാനപ്പെടുത്തി ഇമാമീങ്ങള്‍ 20 റക്അത്ത് നിസ്കരിക്കുകയും അങ്ങനെയാണ് നിസ്കരിക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്തിട്ട് അത് സ്വീകരിക്കാതെ ഇമാമീങ്ങള്‍ക്ക് പിഴച്ചു, മനസിലായില്ല എന്ന് മൗലവിമാര്‍ ആരോപിക്കുമ്പോള്‍ പിഴച്ചത് ഇമാമുകള്‍ക്കല്ല ഇമാമുകളെ തള്ളിയ മൗലവിമാര്‍ക്കാണെന്നു ഗ്രഹിക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. മുജാഹിദാകാതിരുന്നാല്‍ മതി.

റക്അത്ത് ഗവേഷണം മുന്നേറുമ്പോള്‍ തറാവീഹ് 20 റക്അത്താണ്, അത് സ്വഹീഹായ ഹദീസ്കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന തീരുമാനവും വന്നുകൂടായ്കയില്ല. കാരണം ഇത് മുജാഹിദ് മതമാണ്. മൗലവിമാരുടെ ഗവേഷണം അങ്ങനെയൊക്കെ ആകാറുണ്ട്. റമളാനിലെ പകുതിയിലെ വിത്റില്‍ ഖുനൂത്ത് അനാചാരമാണെന്ന് കൊട്ടിഘോഷിച്ചവരായിരുന്നല്ലോ മുമ്പ് കേരള വഹാബികള്‍. വിതറിലെ ഖുനൂതിന്റെ ഹദീസ് സ്വഹീഹല്ല, അത് തനിച്ച അനാചാരമാണെന്ന് ഫത്വ ഇറക്കിയവര്‍ തന്നെ ഇപ്പോള്‍ അതേ ഹദീസ് വെച്ച് വിത്റില്‍ ഖുനൂത്ത് സുന്നത്താണെന്ന് പഠിപ്പിക്കുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ഒരു പ്രതീക്ഷ ബാക്കിനില്‍ക്കുന്നു. അടുത്ത ഭാവിയില്‍ തറാവീഹ് 20 റക്അത്താണ് എന്ന ഒരു തിരുത്ത് വന്നേക്കുമോ എന്ന്.

വിത്റിലെ ഖുനൂത്ത് നിഷേധിച്ചുകൊണ്ട് മൗലവിമാര്‍ ആദ്യം പഠിപ്പിച്ചതിങ്ങനെയാണ്: നബി(സ്വ) വിത്റില്‍ ഏതെങ്കിലും കാലത്ത് ഖുനൂത്ത് ഓതിയതായി സ്വഹീഹായ ഒരു ഹദീസിലും നിവേദനം ചെയ്യുന്നില്ല (മുസ്ലിംകളിലെ അനാചരങ്ങള്‍, കെഎന്‍എം, 173).

തുടര്‍ന്നു ഹസന്‍(റ)ന് നബി(സ്വ) ഖുനൂത്ത് പഠിപ്പിച്ച അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ദുര്‍ബലമാണ് എന്ന് വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അതേ ഹദീസ് തെളിവാക്കി ഖുനൂത്ത് പഠിപ്പിക്കുന്നത് നോക്കൂ: നബി(സ്വ) ഹസന്‍(റ)ന് വിത്റിലെ ഖുനൂത്ത് പഠിപ്പിച്ചു കൊടുത്തതായി ഹദീസികളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് (അല്‍ ഇസ്വ്ലാഹ്, ജൂണ്‍ 2015, പേ 26).

അബൂദാവൂദിന്റെ ഖുനൂത്ത് പരാമര്‍ശിച്ച ഹദീസ് രോഖപ്പെടുത്തിയ ശേഷം എഴുതുന്നു: നബി(സ്വ) തന്റെ പേരമകന്‍ ഹസന്‍(റ)വിനു പഠിപ്പിച്ചു നല്‍കിയ (സുന്നികള്‍ ഇപ്പോള്‍ ചൊല്ലി വരുന്ന ഖുനൂത്ത്-ലേഖ) മേല്‍ കൊടുത്ത പ്രാര്‍ത്ഥനയാണ് ചൊല്ലാന്‍ കൂടുതല്‍ ഉത്തമം. ഉദ്ദേശിക്കുന്നുവെങ്കില്‍ ചില ദുആകള്‍ അവന് വര്‍ധിപ്പിക്കാം എന്ന് മാത്രം (അല്‍ ഇസ്വ്ലാഹ്, 2015 ജൂണ്‍, പേ 2).

ഇതു സംബന്ധമായി സകരിയ്യ സ്വലാഹി എഴുതിയത് വായിക്കുമ്പോള്‍ മൗലവിയുടെ ഹദീസ് പരിജ്ഞാനം നമുക്കു ബോധ്യപ്പെടും: യഥാര്‍ത്ഥത്തില്‍ വിത്റിലെ ഖുനൂതിന്റെ ഹദീസ് ദഈഫ് (ദുര്‍ബലം) ആണെന്ന ചില പണ്ഡിതന്മാരുടെ നിഗമനം സത്യമാണെന്ന് കരുതിയതു കൊണ്ടാണ് വിത്റില്‍ ഖുനൂതില്ലെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പലരും വിശ്വസിച്ചത്. എന്നാല്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ള സലഫികള്‍ കരുതുന്നപോലെ ഈ വിഷയത്തിലുള്ള ഹദീസുകള്‍ സ്വഹീഹാണ് (ഗള്‍ഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും, പേ 172).

വിത്റിലെ ഖുനൂത്തിന്റെ ഹദീസ് ദുര്‍ബല മാണെന്ന് ഏതോ മൗലവി തട്ടിവിട്ടപ്പോള്‍ അത് ശരിയാണോ എന്നു പരിശോധിക്കാന്‍ പോലും കഴിയാത്ത ഇവരാണ് ഇമാമുകള്‍ക്ക് ഹദീസ് മനസ്സിലായില്ലെന്നും അവര്‍ക്ക് പിഴച്ചു എന്നും പറയുന്നത്.

ഏതായാലും സുന്നികള്‍ മുമ്പേ ചെയ്തുവരുന്നതും മൗലവിമാര്‍ ബിദ്അത്താണ് എന്ന് പണ്ടേ ‘തെളിയിച്ച’തുമായ വിത്റിലെ ഖുനൂത്ത് സുന്നത്താണെന്ന് ഇപ്പോള്‍ സ്ഥിരപ്പെട്ടല്ലോ. ഇത്പോലൊരു മാറ്റം തറാവീഹിലും മുസ്ലിംലോകം പ്രതീക്ഷിക്കുന്നു. തറാവീഹ് വിഷയത്തിലെ കേരളവഹാബി ചരിത്രം നമുക്കതിനു ധൈര്യം നല്‍കുന്നുണ്ട്. 1922-ല്‍ വഹാബികള്‍ പുതിയ മതവുമായി പ്രത്യക്ഷപ്പെട്ട ആദ്യഘട്ടത്തില്‍ തറാവീഹ് എട്ട് എന്നോ 11 എന്നോ അവരാരും പഠിപ്പിച്ചിട്ടില്ല. ചില പിഴവുകളില്‍ കുടുങ്ങി ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നതാണ്. അതിന്റെ നാള്‍വഴി മനസ്സിലാക്കുമ്പോള്‍ പരിണാമത്തിന്റെ അടുത്ത ഘട്ടം ഇരുപതിലെത്തുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കാം. അതിങ്ങനെയാണ്:

1922-ല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.

1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.

തറാവീഹ്. ഇത് റമളാനില്‍ മാത്രമേയുള്ളൂ. സമയം വിത്റിന്റെ സമയംതന്നെ. ഇത് 20 റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട് (അവ്വലു ഫില്‍ അമലിയ്യാത്ത് 1936 ആറാംപതിപ്പ്).

1938-ല്‍ അമലിയ്യാത്തിന്റെ ഏഴാം പതിപ്പ് റക്അതിന്റെ എണ്ണം ചേര്‍ക്കാതെയാണ് പുറത്തിറക്കിയത്. അതിങ്ങനെ: തറാവീഹ്, ഇത് റമളാനില്‍ മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം (അവ്വലു ഫില്‍ അമലിയ്യാത്ത് ഏഴാംപതിപ്പ് 1938) പരിണാമത്തിന്റെ സമാരംഭം നടന്നത് ഇവിടെ വെച്ചാണ്.

1941-നുശേഷം കൊല്ലം ചിന്നക്കടയില്‍ രൂപംകൊണ്ട ജമാഅത്തെ ഇസ്‌ലാമിസംഘം എന്ന പ്രാദേശിക മുജാഹിദ് സംഘടന യോഗം ചേര്‍ന്ന് ചിന്നക്കട ജുമുഅത്ത് പള്ളിയില്‍ എട്ട് റക്അത്ത് നിസ്കരിക്കാന്‍ തീരുമാനിച്ചു.

പക്ഷേ, സുന്നികള്‍ ഇടപെട്ട് പഴയരൂപത്തിലാക്കി. വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക.

എംടി അബ്ദുറഹ്മാന്‍ മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില്‍ എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.

1969 താനാളൂര്‍ സംവാദ വ്യവസ്ഥയില്‍ തറാവീഹ് 11 റക്അതാണെന്ന വാദം ഉന്നയിക്കുന്നു. തറാവീഹും വിത്റും ഒന്നാണെന്നും വാദിച്ചു.

പക്ഷേ, ഇത് വ്യവസ്ഥയിലൊതുങ്ങി. അണികള്‍ അറിഞ്ഞിരുന്നില്ല. വീണ്ടും എട്ടുവാദിച്ച മുജാഹിദുകളോട് തറാവീഹ് എട്ട് ആണെന്ന് തെളിയിച്ചാല്‍ 10 കോടി തരാമെന്ന് പേരോട് ഉസ്താദ് ലഘുലേഖയിലൂടെ അറിയിച്ചു 1996-ലായിരുന്നു ഇത്.

1996 സപ്തംബര്‍ മാസത്തില്‍ ഇസ്‌ലാഹില്‍ തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില്‍ ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില്‍ പറഞ്ഞ തെളിവ് മതി.

എന്നാല്‍ എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.

വീണ്ടും 11-ല്‍ തന്നെ എത്തിയതും കൗതുകമായി. 11-ല്‍ കൂടുതല്‍ ആവാമെന്നും അത് നിഷിദ്ധമാണെന്നും അങ്ങനെ പലതും പറയാവുന്ന ഒരു ശൈലിയാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നത്.

ജിന്ന്ബാധിച്ചും മറ്റുമായി മുജാഹിദ് ഗവേഷണ ശാലകള്‍ അത്രയങ്ങ് സജീവമല്ല ഇപ്പോള്‍. ഗവേഷണം തുടങ്ങുന്നവരെല്ലാം ഗ്രൂപ്പുകളാവുന്നത് പ്രസ്ഥാനത്തെ ഗുരുതരമായി ബാധിച്ച രോഗമാണ്. എന്നാലും അന്വേഷണങ്ങള്‍ നടക്കാതിരിക്കില്ല. ഇടക്കൊക്കെ ഒരു പുതിയ കണ്ടെത്തലെങ്കിലും നടത്തിയില്ലെങ്കില്‍ ഉറക്ക് ലഭിക്കാത്തവര്‍ ഏറെയുണ്ടല്ലോ പ്രസ്ഥാനത്തില്‍. അതുകൊണ്ട് തന്നെ ഇനിയും മാറ്റം പ്രതീക്ഷിക്കാം- അതെത്രയായിരിക്കും.

അസ്‌ലം സഖാഫി പയ്യോളി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ