ഹിന്ദു രാഷ്ട്രത്തിന് ഒരു ദർശനമുണ്ടാകണം. ഭൗതികാതിർത്തിയാൽ നിർണയിക്കപ്പെടുന്ന രാജ്യമെന്നതിനപ്പുറത്ത് സാംസ്‌കാരികമൂല്യത്തിൽ ചേർന്നുനിൽക്കുന്ന ജനതയെന്ന സങ്കൽപ്പമാണ് മുന്നോട്ടുവെക്കേണ്ടത്. സാംസ്‌കാരികമൂല്യമെന്നാൽ, ഹിന്ദു ധർമത്തിൽ അധിഷ്ഠിതമായ ഒന്ന്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ചരിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിനും (ആർ എസ് എസ്) നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാറിനും അവിടെ സ്ഥാപിക്കാൻ കഴിയുന്ന വിഗ്രഹം മാധവ് സദാശിവ് ഗോൾവൾക്കറല്ലാതെ മറ്റാരുമല്ല.
ബ്രീട്ടീഷ് ആധ്യപത്യത്തോട് മാപ്പിരന്ന ഭീരുവെങ്കിലും വീരനായി വിശേഷിപ്പിക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കറുടെ ഹിന്ദുത്വ, മൃദുവായും തീവ്രമായും തരാതരം പോലെ ഉപയോഗിച്ചാണ് തങ്ങളുടെ രാഷ്ട്രീയ രൂപങ്ങളുടെ വളർച്ച ആർ എസ് എസ് ഉറപ്പാക്കിയത്. ജനസംഘമെന്ന പേരുപേക്ഷിച്ച് 1980ൽ ഭാരതീയ ജനതാപാർട്ടിയായി മാറിയ കാലം മുതൽ ഹിന്ദുത്വയെ കൂടുതൽ തീവ്രമായി ഉപയോഗിക്കാനും അതിന്റെ പ്രചാരണത്തിനായി ഇതര മത വിഭാഗങ്ങളോടുള്ള വിദ്വേഷം വളർത്താനും സംഘപരിവാർ സംഘടനകൾ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഫലമാണ് അധികാരത്തിലേക്കുള്ള അവരുടെ ഉയർച്ച.
അയോധ്യയിലെ ക്ഷേത്ര നിർമാണമെന്ന അജണ്ടയും ബാബ്‌രി മസ്ജിദിന്റെ ധ്വംസനവും കൃത്യമായ ഇടവേളകളിൽ ആസൂത്രണം ചെയ്യപ്പെട്ട, വംശഹത്യാ ശ്രമത്തോളം വളർന്ന, വർഗീയ സംഘർഷങ്ങളുമൊക്കെ ഇതിനായി ഉപയോഗിക്കപ്പെട്ടു. അധികാരത്തിലെത്തിയ ഘട്ടത്തിൽ കാവിവത്കരണത്തിന്റെ, ഹിന്ദുത്വ അജണ്ടകളുടെ അക്രമോത്സുകമായ നടപ്പാക്കലുകളിലൂടെ ഒക്കെ വർഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാൻ അവർ ശ്രമിച്ചിരുന്നു. അതുവഴി അധികാരത്തുടർച്ചയും കൂടുതൽ സംസ്ഥാനങ്ങളിലേക്കുള്ള അധികാര വ്യാപനവും ഉറപ്പാക്കുകയും ചെയ്തു. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കിയും പണവും സ്വാധീനവും ഭീഷണിയുമൊക്കെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ ദുർബലമാക്കിയും ഇനിയങ്ങോട്ട് ബി ജെ പിയുടെ വാഴ്ചയാണ് ഇന്ത്യൻ യൂണിയനിലെന്ന പ്രതീതി സൃഷ്ടിക്കാൻ സംഘപരിവാരത്തിന് സാധിച്ചിട്ടുണ്ട്. അത്രയെളുപ്പത്തിൽ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്ന തോന്നൽ ജനങ്ങളിൽ തന്നെ ഉണ്ടാകുകയും ചെയ്തു.
ഇതിന് സമാന്തരമായാണ്, മതനിരപേക്ഷ ജനാധിപത്യം ഉറപ്പ് നൽകുന്ന ഭരണഘടനയെ നിലനിർത്തിക്കൊണ്ട് തന്നെ അതിനെ അട്ടിമറിക്കാനുള്ള നിയമപരമായ ശ്രമങ്ങൾ ബി ജെ പി നടത്തിയതും വിജയം കണ്ടതും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അതിനെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതും പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയതും രാജ്യദ്രോഹത്തിന്റെ കള്ളിയിൽപ്പെടുത്തി ആരെയും ജയിലിലടയ്ക്കാൻ മടിയ്ക്കില്ലെന്ന് പല കേസുകളിലൂടെ തെളിയിച്ച് തീവ്ര ഹിന്ദുത്വത്തെ ശക്തമായി എതിർക്കുന്നവരെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നതുമൊക്കെ നമ്മൾ കണ്ടു. ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കിക്കൊണ്ട് രാജ്യത്തുനിന്ന് പുറന്തള്ളേണ്ടവരുടെ പട്ടികയിലേക്ക് കൂടുതൽ പേരെ ഉൾപ്പെടുത്താൻ വൈകാതെ നടപടിയുണ്ടാകുമെന്ന് കരുതണം. ഗോവധ നിരോധന നിയമം പുതുതായി കൊണ്ടുവന്നും നിലവിലുള്ള നിയമങ്ങളെ കൂടുതൽ കർക്കശമാക്കിയും ഹിന്ദു രാഷ്ട്രത്തിലെ രീതിമര്യാദകൾ എന്തൊക്കെയായിരിക്കുമെന്ന് ഇതര വിഭാഗങ്ങൾക്ക് കൃത്യമായ സന്ദേശം നൽകുന്നുമുണ്ട് സംഘപരിവാരം.
ഈ അവസരത്തിലാണ് മാധവ് സദാശിവ് ഗോൾവൾക്കറെ ഉയർത്തിക്കൊണ്ടുവരുന്നത് എന്ന് പ്രത്യേകം കാണണം. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററെന്ന സ്വയംഭരണ സ്ഥാപനത്തിന്റെ പുതിയ കേന്ദ്രത്തിന് ഗോൾവൾക്കറുടെ പേര് നൽകുമ്പോൾ അത് കേവലമൊരു സ്ഥാപനത്തിന്റെ നാമകരണം മാത്രമായി കാണാനാകാത്തതും അതുകൊണ്ടാണ്. ആർ എസ് എസ്സിന്റെ രണ്ടാമത്തെ സർസംഘചാലക്, ആര്യൻ വംശശുദ്ധിയിൽ അധിഷ്ഠിതമായ ജർമനിയെന്ന ആശയം പ്രാവർത്തികമാക്കാൻ അഡോൾഫ് ഹിറ്റ്‌ലർ എന്താണോ ചെയ്തത് അതുതന്നെയാണ് ഇന്ത്യയിലും വേണ്ടതെന്ന് സിദ്ധാന്തിച്ച, ബ്രീട്ടീഷ് ആധിപത്യത്തിൽ നിന്നുള്ള മോചനം, ഹിന്ദു രാഷ്ട്രമെന്ന സങ്കൽപ്പം പ്രാവർത്തികമാകാത്തതുകൊണ്ടുതന്നെ യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്ന് പ്രഖ്യാപിച്ച നേതാവ് ഇന്ത്യയെന്നത് വിവിധ മത വിഭാഗങ്ങൾക്ക് ചേർന്നു വസിക്കാവുന്ന, ബഹുസ്വര സംസ്‌കാരം നിലനിൽക്കേണ്ട പ്രദേശമാണെന്ന് കരുതിയിട്ടേയില്ല.
”നിശ്ചിതാതിർത്തികളെ അധികരിച്ചുള്ള ദേശീയതയെന്നാൽ ഈ ഭൂഭാഗത്ത് അധിവസിക്കുന്നവരൊക്കെ ചേർന്നുള്ള ഇന്ത്യയെന്ന രാജ്യം രൂപവത്കരിക്കുക എന്നതാണ്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ ദേശവാസികളാണെന്നും അവരൊക്കെ ചേർന്നാണ് വൈദേശികാധിപത്യത്തിനെതിരായ ശക്തിയാകേണ്ടത് എന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം നിരന്തരം നടക്കുന്നുണ്ട്” – ഗോൾവൾക്കർ എഴുതിയത് ഇങ്ങനെയാണ്. വൈദേശികാധിപത്യത്തിനെതിരായ സമരത്തിൽപ്പോലും ഹിന്ദുക്കൾക്ക് പുറത്തുള്ളവരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാട് പ്രഘോഷിച്ച നേതാവ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് ഇവരെ പുറംതള്ളേണ്ടതാണ് എന്ന് പരോക്ഷമായി പറയുകയാണ് ചെയ്തത്. ആ നിലയ്ക്കുള്ള നീക്കങ്ങളിലേക്കോ, ഹിന്ദു പാരമ്പര്യം അംഗീകരിക്കുന്നവർക്കും അതിന്റെ രീതികളെന്ന് സംഘപരിവാരം നിഷ്‌കർക്കുന്നവ സ്വീകരിക്കുന്നവർക്കും മാത്രം തുടരാവുന്ന രാജ്യമെന്ന നിർവചനത്തിലേക്കോ എത്തിക്കാൻ ശ്രമം നടക്കുമ്പോൾ ഗോൾവൾക്കറുടെ ദർശനങ്ങളെ സ്ഥാപിച്ചെടുക്കേണ്ട ആവശ്യമുണ്ട് ആർ എസ് എസിന്.
അതിനുള്ള ശ്രമം നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിട്ടുണ്ട്. 2017ൽ ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് (ഐ സി പി ആർ) സെമിനാർ സംഘടിപ്പിച്ചത് ദേശം, ദേശീയത എന്നിവയെക്കുറിച്ചുള്ള എം എസ് ഗോൾവൾക്കറുടെ ചിന്തകളെക്കുറിച്ചായിരുന്നു. ഈ വിഷയങ്ങളിൽ ഗോൾവൾക്കർ അവതരിപ്പിച്ച ആശയങ്ങളെ ശരിയായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചുള്ള പ്രസ്താവനയിൽ ഐ സി പി ആർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വം കോൺഗ്രസിനുണ്ടാക്കിക്കൊടുത്ത ആശയങ്ങളെ ആദേശം ചെയ്യുന്നതിന് അരങ്ങരൊക്കുക എന്നതായിരുന്നു സെമിനാറിന്റെ ഉദ്ദേശ്യം. ജവഹർ ലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ആർ എസ് എസ്സിനെ കോൺഗ്രസിൽ ലയിപ്പിക്കാനും സംഘ ആശയങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ തുടർ പ്രവർത്തനം ചിട്ടപ്പെടുത്താനും പദ്ധതി തയ്യാറാക്കുകയും അതിന് അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു. ജവഹർ ലാൽ നെഹ്‌റു വിദേശ പര്യടനത്തിലായിരിക്കെയായിരുന്നു ഇതെല്ലാം നടന്നത്. നെഹ്‌റു തിരിച്ചെത്തിയയുടൻ കോൺഗ്രസ് നേതൃയോഗം വിളിച്ച് തീരുമാനങ്ങളെല്ലാം റദ്ദാക്കുകയായിരുന്നു. കോൺഗ്രസ് തീർത്തും ദുർബലമായതോടെ അതിനെ അവഗണിച്ചുകൊണ്ട് ദേശത്തെയും ദേശീയതയെയും കുറിച്ചുള്ള ഗോൾവൾക്കറുടെ ദർശനങ്ങളെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരാനും മതനിരപേക്ഷ ജനാധിപത്യമെന്ന നെഹ്‌റുവിയൻ സങ്കൽപ്പത്തെ തള്ളിക്കളയാൻ പാകത്തിലേക്ക് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുക എന്നത് കൂടുതൽ എളുപ്പമാണെന്ന് ആർ എസ് എസ് കരുതുന്നു. അതുകൊണ്ടാണ് ഐ സി പി ആറിനെ ഉപയോഗിച്ച് സെമിനാർ സംഘടിപ്പിച്ചത്. ഇപ്പോൾ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ പുതിയ ക്യാമ്പസിന് ഗോൾവൾക്കറുടെ പേരിട്ട് ദേശീയ നേതാക്കളുടെ നിരയിൽ അംഗീകരിക്കപ്പെടേണ്ട ഒന്നാണ് ഗോൾവൾക്കറുടെ പേരെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിറകെ, രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന പല പദ്ധതികളുടെ പേര് മാറ്റിയിരുന്നു. ദീൻദയാൽ ഉപാധ്യായയുടെയും ശ്യാമ പ്രസാദ് മുഖർജിയുടെയുമൊക്കെ പേരുകളാണ് പല പദ്ധതികൾക്കും നൽകിയത്. അതിന് പിറകെ, ആർ എസ് എസ്സിന്റെ പാതയാണ് കോൺഗ്രസ് പിന്തുടരേണ്ടത് എന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്നിരുന്നുവെങ്കിലും മരണം വരെ കോൺഗ്രസുകാരനായി തുടർന്ന സർദാർ പട്ടേലിനെ അദ്ദേഹത്തിന്റെ യഥാർത്ഥ സ്വത്വത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമം നടന്നു. മതനിരപേക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ലാതിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനേക്കാൾ വലിയ, കരുത്തുറ്റ നേതാവായി പട്ടേലിനെ ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. അതേതാണ്ട് ഭംഗിയായി നടപ്പാക്കിയെന്ന് പറയണം.
അതിന്റെയൊക്കെ തുടർച്ചയിലാണ് ഗോൾവൾക്കറെ കൊണ്ടുവരുന്നത്. ആദ്യം ‘ദേശ് കി നേതാ’ പട്ടിയകിലേക്ക് ഉറപ്പിക്കണം. അതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരത്തെ നാമകരണം. എന്തുകൊണ്ട് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഇതിന് തെരഞ്ഞെടുത്തുവെന്നതും പ്രധാനമാണ്. ബി ജെ പിയ്ക്ക് ഇപ്പോഴും വേരോട്ടം നിഷേധിച്ച്, മതനിരപേക്ഷ സമൂഹമായി നിലകൊള്ളാൻ താത്പര്യപ്പെടുന്നുണ്ട് മലയാളികൾ. അതേസമയം തീവ്രഹിന്ദുത്വ അജണ്ടകൾക്കെതിരായ സമരങ്ങളുടെ ഊർജകേന്ദ്രമായും വർത്തിക്കുന്നു. പൗരത്വ നിയമ ഭേദഗതി, കേരളത്തെ വലിയ തോതിൽ ബാധിക്കുന്നതായിരുന്നില്ല. എന്നിട്ടും കേരളത്തിലെ തെരുവുകൾ അതിനെതിരായ സമര കേന്ദ്രങ്ങളായി. ദേശീയ തലത്തിൽ, പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ ഉയർന്ന പ്രചാരണത്തിന് പിറകിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു മലയാളികൾ. അത്തരമൊരിടത്ത് ഒരു സ്ഥാപനത്തിന് ഗോൾവൾക്കറുടെ പേരിടുക വഴി, തങ്ങളെ ശക്തമായി എതിർക്കുന്ന സമൂഹത്തിന് മുന്നിൽപ്പോലും അജണ്ടകളുടെ കാര്യത്തിൽ പിന്നോട്ടുപോക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് സംഘപരിവാരം. അതിലുടെ അടിസ്ഥാന ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം കേരളത്തിന് മാത്രമല്ല, ഇതര പ്രദേശങ്ങൾക്കും നൽകുകയാണ് ചെയ്യുന്നത്. എതിർപ്പുകളെ അവഗണിച്ചും തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന സന്ദേശം, ഇതിനകം വർഗീയമായി ഏകീകരിക്കപ്പെടുന്ന ഭൂരിപക്ഷ മത വിഭാഗത്തിന് നൽകുന്ന ആവേശം ചെറുതാകില്ല തന്നെ.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ കീഴിൽ തുടങ്ങുന്നത് സെന്റർ ഫോർ കോംപ്ലക്‌സ് ഡീസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷനാണ്. അർബുദവും വൈറസ് ബാധയുമുണ്ടാക്കുന്ന സങ്കീർണമായ രോഗാവസ്ഥകളെക്കുറിച്ച് ഗവേഷണം നടത്താനുള്ള കേന്ദ്രമെന്ന് പറയാം. അത്തരമൊരു കേന്ദ്രത്തിന് തികച്ചും ഉചിതമായ പേരാണ് മാധവ് സദാശിവ് ഗോൾവൾക്കറുടെ പേര് എന്നും വേണമെങ്കിൽ കരുതാം. ഇന്ത്യൻ യൂണിയനിൽ ഹിന്ദുത്വ വർഗീയതയുടെ അർബുദം പടർത്തുന്നതിന് ദാർശനിക അടിത്തറയുണ്ടാക്കിയ മാന്യദേഹമാണ് സംഘപരിവാരം ‘ഗുരുജി’ എന്ന് വിശേഷിപ്പിക്കുന്ന ഗോൾവൾക്കർ. രാഷ്ട്ര ശരീരത്തിൽ അർബുദം പടർത്താൻ പാകത്തിലേക്ക് സംഘടനയെ വളർത്തിയതിന്റെ ക്രഡിറ്റുമുണ്ട് അദ്ദേഹത്തിന്. ആ അർബുദം വളർന്ന്, വൈറസിനെപ്പോലെ പടർന്ന കാലത്ത് ഇത്തരമൊരു ഇൻസ്റ്റിറ്റ്യൂട്ടിന് ഗോൾവൾക്കറുടെ പേര് നൽകുന്നത് തികച്ചും അന്വർത്ഥമാണ്.
ഇനിയങ്ങോട്ട്, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ ഗോൾവൾക്കറുടെ പേരിലുള്ള പദ്ധതികളുമായി രംഗത്തുവരും. ഗോൾവൾക്കറുടെ ജീവിതവും ദർശനവും സ്‌ക്കൂളുകളിൽ പാഠ്യപദ്ധതിയായാലും അത്ഭുതപ്പെടാനില്ല. ആ ദർശനമാണ് രാജ്യത്തിന്റെ അടിസ്ഥാനമായി വർത്തിക്കേണ്ടത് എന്നത് പ്രചരിപ്പിക്കപ്പെടും. ഒന്നോ രണ്ടോ വർഷം കൊണ്ട് അത് സ്ഥാപിച്ചെടുക്കുക എന്നതല്ല ലക്ഷ്യം. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന മുറയ്ക്ക് പുതിയ രാഷ്ട്രത്തിന്റെ യഥാർത്ഥ പിതാവ് ഇദ്ദേഹമായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കുകയാണ് ഉദ്ദേശ്യം. സവർക്കറുടെ ഹിന്ദുത്വയെ ഹിന്ദുദേശീയതയെന്ന് പുനർനിർണയിക്കുന്നതിന് അടിത്തറയുണ്ടാക്കി, ജനഹിതം അതിനൊപ്പമാണെന്ന് വ്യാഖ്യാനിച്ച്, ലോക രാഷ്ട്രങ്ങൾക്കിടയിൽ ജനാധിപത്യരാഷ്ട്രമെന്ന പ്രതിച്ഛായ നിലനിർത്തി തന്നെ വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തുടർച്ചയുറപ്പാക്കുക. അതിന് ഗോൾവൾക്കറെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ‘ശരിയായ കാഴ്ചപ്പാടിൽ’ അവതരിപ്പിക്കണം. അതിന്റെ കേളികൊട്ട് കൂടിയാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

രാജീവ് ശങ്കരൻ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ