ഘര്‍വാപസി (തറവാട്ടിലേക്കു മടങ്ങുക) യുടെ കോലാഹലങ്ങളിലാണ് ഭാരതം. തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് ഏഴു നൂറ്റാണ്ടിനു ശേഷം ഇപ്പോഴാണ് ഡല്‍ഹിയില്‍ ഹിന്ദുവിന്റെ ഭരണം സ്ഥാപിതമായതെന്ന് പറയുകയുണ്ടായി. മുഗള്‍ ഭരണാധികാരികളാണ് ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണത്തിലെ വര്‍ധനവിന് ഹേതുകമെന്ന് മറ്റൊരു നേതാവ്. ചരിത്രം മാറ്റിയെഴുതി ഭാരതീയ സംസ്കാരത്തിന്റെ ഔന്നത്യം പുനഃസ്ഥാപിക്കണമെന്ന് ഇനിയൊരാള്‍. ഇതിന്റെയെല്ലാം പുറമെ പുനഃമതപരിവര്‍ത്തനത്തിന്റെ പൊലിപ്പിച്ച വാര്‍ത്തകളും സാമ്പത്തിക പ്രലോഭനങ്ങളും.
എന്നാല്‍ മുഗള്‍ ഭരണാധിപരില്‍ ചിലരെ മാറ്റിനിര്‍ത്തിയാല്‍ സുതാര്യവും മതേതരത്വത്തെ മാനിച്ചും നീതിപൂര്‍വകമായിരുന്നു വാഴ്ചക്കാലമെന്നതാണ് ചരിത്രം. ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങളും ചരിത്ര വിവരണവും സുന്നിവോയ്സിന്റെ പഴയ താളുകളില്‍ കാണാം.
1980 ജൂണ്‍ 20 ലക്കത്തില്‍ “ഇന്ത്യയിലെ മുസ്‌ലിം ഭരണകാലം: സഹിഷ്ണുതക്ക് ഇസ്‌ലാം കല്‍പിക്കുന്ന സ്ഥാനത്തിന്റെ ദൃഷ്ടാന്തം’ എന്ന സൂപ്പി നാട്ടുകല്ലിങ്ങലിന്റെ ലേഖനമുണ്ട്. ശ്രദ്ധേയരായ ചില പ്രതിഭകളുടെ ഉദ്ധരണങ്ങള്‍ ഇതില്‍ കാണാം.
“ചരിത്രകാരനായ വോണ്‍ക്രീറ്റി ഷിമിറ്റ് എഴുതുന്നു: മുസ്‌ലിംകള്‍ രാജ്യങ്ങള്‍ കീഴടക്കിയ ശേഷം അവിടെയുള്ള മറ്റു മതക്കാരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിപ്പിച്ചിരുന്നത് അവരോടുള്ള സഹിഷ്ണുതയോടു കൂടിയ പെരുമാറ്റം കൊണ്ടുമാത്രമായിരുന്നു… അലഹബാദിലെ പ്രസിദ്ധ ഹിന്ദി പണ്ഡിതനായ സുന്ദര്‍ലാല്‍ജി പറയുന്നു: ഇന്ത്യയിലെ അറുനൂറു കൊല്ലത്തെ മുസ്‌ലിം ഭരണകാലം മതസഹിഷ്ണുതയെ സംബന്ധിച്ചിടത്തോളം ഒരു മാതൃകാ കാലഘട്ടമായിരുന്നു (മാതൃഭൂമി, പുസ്തകം 13, ലക്കം 250, 15191936). “ഏകദേശം 600 കൊല്ലത്തോളം നീണ്ടുനിന്ന ഇന്ത്യയിലെ മുസ്‌ലിം ഭരരണത്തെപ്പറ്റി ചരിത്രത്തില്‍ എന്തൊക്കെ പറഞ്ഞിരുന്നാലും രണ്ടുമൂന്നു പേരൊഴികെ മറ്റുള്ളവരെല്ലാം നല്ലവരായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ടെന്നും മതപരിവര്‍ത്തനമായിരുന്നു മുസ്‌ലിം രാജാക്കന്മാരുടെ ലക്ഷ്യമെങ്കില്‍ ഇന്ത്യയില്‍ ഇരുപത്തിയഞ്ചു കോടി ഹിന്ദുക്കളും ഏഴുകോടി മുസ്‌ലിംകളും ആവുകയില്ലായിരുന്നുവെന്നും തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പരമേശ്വര്‍ പിള്ള ഒരിക്കല്‍ പറയുകയുണ്ടായി.
ചരിത്രകാരനായ ഈശ്വരി പ്രസാദ് പറയുന്നു: ബാബര്‍ ചക്രവര്‍ത്തി ഹിന്ദുക്കളെ മര്‍ദിച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ല.’ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ദിവാന്‍ മോഹന്‍ദാസ് എന്ന ഹിന്ദുവായിരുന്നു. ഷാജഹാന്റെ ധനകാര്യമന്ത്രി റായ് രഘുനാഥായിരുന്നു. രാജകീയ സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയായി ചന്ദ്രബാനുവുമുണ്ടായിരുന്നു. 1639ല്‍ ബംഗാളില്‍ വെച്ചു മരിച്ച മന്‍സിങ്ങിന്റെ അമ്മയുടെ സമാധിക്ക് 200 ഏക്കര്‍ സ്ഥലം രാജാവ് അനുവദിക്കുകയുണ്ടായി…’
ഔറംഗസീബിനെ ആംഗലേയ ചരിത്രകാരന്മാര്‍ ഹിന്ദുക്കളുടെ വിരോധിയായിട്ടാണ് കണ്ടത്. എന്നാല്‍ ഇത് സത്യവിരുദ്ധമാണെന്ന് ആചാര്യ പ്രഫുല്ല ചന്ദ്ര റേ പറയുകയുണ്ടായി. ശിവജിയുമായി ഉണ്ടായ യുദ്ധം മതപരമോ സാമുദായികമോ ആയിരുന്നില്ല. അത് തികച്ചും രാഷ്ട്രീയപരമായിരുന്നു. ശിവജിയുടെ അച്ഛന്‍ ഔറംഗസീബിന്റെ ഒരു മന്ത്രി കൂടിയായിരുന്നുവെന്നു കൂടി ഓര്‍ക്കുമ്പോള്‍ ഈ യുദ്ധം എങ്ങനെ സാമുദായികമാവും. 1757ല്‍ രാജാവായിരുന്ന ഹൈദരലിയുടെ പ്രധാനമന്ത്രി വിഷ്ണുറാവു എന്ന ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ടിപ്പുവിന്റെ മന്ത്രി പൂര്‍ണയ്യ എന്ന ഹൈന്ദവനായിരുന്നു. 1799ല്‍ ബ്രിട്ടീഷുകാരോട് ധീരമായി പോരാടി മരിച്ച ആ സ്വാതന്ത്ര്യ സമര പോരാളിയുടെ സംസ്കാര ചടങ്ങില്‍ ധാരാളം ഹിന്ദുക്കളും സംബന്ധിച്ചിരുന്നു. ടിപ്പുവിനെ സംബന്ധിച്ച് യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതുന്നു: അദ്ദേഹത്തേക്കാളും മഹാനായി സ്വരാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ ഒരാളുമില്ല.
സര്‍വേ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ സര്‍ദാര്‍ കെഎം പണിക്കര്‍ പറയുന്നു: മുഗള്‍ ഭരണകാലത്ത് ഇന്ത്യ ലോകത്തിലെ ഉന്നത രാഷ്ട്രമായി നിലകൊള്ളുകയും പരിഷ്കാരത്തിലും പ്രബലതയിലും മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
1980 മെയ് 23 ലക്കത്തില്‍ മുഗളരുടെ നീതിബോധത്തിന് തെളിവായി അബ്ദുറഹ്മാന്‍ മക്കിയാടിന്റെ ഒരു ചരിത്രകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷിയെ വേട്ടയാടുന്നതിനിടെ വെടിവെച്ച ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പത്നി നൂര്‍ജഹാന് ഉന്നം പിഴച്ച് കൊല്ലപ്പെട്ട അലക്കുതൊഴിലാളിയുടെ ഭാര്യ കരഞ്ഞ് പരാതിയുമായി കൊട്ടാരത്തില്‍ വന്നതാണ് അതിന്റെ സാരാംശം. “നിറച്ച തോക്ക് അലക്കുകാരിയുടെ കൈയില്‍ കൊടുത്ത് അദ്ദേഹം പറഞ്ഞു: നൂര്‍ജഹാന്റെ കയ്യാലെയാണ് നിന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് മരണപ്പെട്ടത്. നീയിന്ന് വിധവയായിരിക്കുന്നു. അശ്രദ്ധകാരണം നിന്നെ വിധവയാക്കിയവളും നിന്നോടൊപ്പം വൈധവ്യത്തിന്റെ വേദന അനുഭവിക്കട്ടെ. അതിനാല്‍ ഈ തോക്ക് കൊണ്ട് തന്നെ അവളുടെ ഭര്‍ത്താവിനെ നീയും വെടിവെക്കുക. നിന്റെ മരണം വരെ ജീവിക്കാനുള്ള സര്‍വചെലവും കൊട്ടാരത്തിലെ എന്റെ സ്വത്തില്‍ നിന്നെടുക്കുകയും ചെയ്യുക.’
വിസ്തൃതമായ ഭാരതം അടക്കിവാഴുന്ന ആ ഭരണാധിപന്റെ നീതിബോധം കണ്ട് അത്ഭുതപ്പെട്ട് അവള്‍ പറയുന്നത്, മഹാറാണിയില്‍ നിന്ന് അബദ്ധത്തിലാണ് അത് സംഭവിച്ചതെന്നും ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിന് പ്രതികാരമായി ഈ കല്‍പ്പന താന്‍ നിറവേറ്റിയാല്‍ ഇന്നാട്ടിലെ പാവപ്പെട്ട പതിനായിരങ്ങളുടെ രക്ഷകനും പിതാവും സ്നേഹമുള്ള ഒരു സഹോദരനുമാണ് നഷ്ടപ്പെടുക, അങ്ങയെപ്പോലുള്ള നീതിമാന്മാര്‍ ജീവിക്കുന്നിടത്തോളം കാലം ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലഎന്നാണ്. മുഗളന്മാരെല്ലാം കാടന്മാരായിരുന്നുവെന്ന് കാടടച്ച് വെടിവെക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് ചരിത്രപാഠം.