മതപ്രബോധനം നടത്തുന്നതിനു വേണ്ടിയാണ് ഭൂമിയിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ലക്ഷത്തിലധികം പ്രവാചകന്മാരാണ് വിവിധ കാലങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നിയമിക്കപ്പെട്ടത്. അന്ത്യ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തോടെ ഇനിയൊരു പ്രവാചകൻ വരില്ലെന്നും അതുകൊണ്ട് അവിടുത്തെ അനുയായികളും പിൽക്കാല ജനങ്ങളും അന്ത്യനാൾ വരെ മതപ്രബോധനം നിലനിർത്തണമെന്നുമാണ് ഖുർആൻ നൽകുന്ന പാഠം. ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാധാന്യം വിശുദ്ധ ഖുർആൻ പലയിടങ്ങളിലും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ‘താങ്കളുടെ നാഥന്റെ മാർഗത്തിലേക്ക് യുക്തിപൂർവമായും സദുപദേശത്തോടെയും ക്ഷണിക്കുക. ഏറ്റവും നല്ല രീതിയിൽ അവരോട് സംവദിക്കുക. താങ്കളുടെ നാഥൻ വഴി പിഴച്ചവരെ നന്നായി അറിയുന്നവനാണ്. സന്മാർഗം പ്രാപിച്ചവരെയും അവനു നന്നായി അറിയാം’ (വിശുദ്ധ ഖുർആൻ 16/125).

‘അല്ലാഹുവിന്റെ വചനങ്ങൾ അവതീർണമായതിനു ശേഷം അവയിൽ നിന്ന് താങ്കളെ അവിശ്വാസികൾ തടയരുത്. താങ്കളുടെ നാഥനിലേക്ക് ജനങ്ങളെ ക്ഷണിക്കുക. താങ്കൾ ബഹുദൈവാരാധകരിൽപ്പെട്ടുപോകരുത്’ (28/87). ‘നന്മയിലേക്ക് ക്ഷണിക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ നിന്നുണ്ടാവട്ടെ. അവരാണ് വിജയം വരിച്ചവർ’ (3/104). ‘അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സദ്കർമങ്ങളനുഷ്ഠിക്കുകയും ഞാൻ മുസ്‌ലിമാണെന്നു പറയുകയും ചെയ്യുന്നവനേക്കാൾ നല്ല വാക്ക്  പറയു ന്നവൻ ആരാണുള്ളത്?’ (41/33).

സത്യപ്രബോധനം ഏറെ മഹത്തായ കർമമാണെന്ന് പ്രഖ്യാപിച്ച വിശുദ്ധ ഖുർആൻ അതു നടത്താത്തവർ തീരാ നഷ്ടത്തിലാണെന്നും നമ്മെ ഉണർത്തുന്നുണ്ട്. ‘കാലം തന്നെ സത്യം. മനുഷ്യൻ നഷ്ടത്തിൽ തന്നെയാണ്. സത്യം വിശ്വസിക്കുകയും സദ്കർമങ്ങൾ അനുഷ്ഠിക്കുകയും സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ’ (103/1-3). മുസ്‌ലിംകളിൽ നിന്നുള്ള ഓരോ സമൂഹത്തിലും ഓരോ സംഘമാളുകൾ മതകാര്യങ്ങൾ പഠിക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും വേണ്ടി എന്തു കൊണ്ട് ഇറങ്ങിത്തിരിക്കുന്നില്ലെന്നും ഖുർആൻ ഗൗരവ സ്വരത്തിൽ ചോദിക്കുന്നുണ്ട് (9/122).

മതപ്രബോധനം ഏറെ പ്രധാനപ്പെട്ട കർമമായതു കൊണ്ടുതന്നെയാണ് വലിയ ത്യാഗം സഹിച്ചും  പ്രവാചകന്മാർ പ്രബോധന ദൗത്യം കൃത്യമായി നിർവഹിച്ചത്. ബിംബാരാധനയിൽ മുഴുകിയ സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കാനുള്ള നിയോഗം ഏറെ ശ്രമകരം തന്നെയായിരുന്നു. പ്രവാചകന്മാരുടെ പ്രബോധന രീതിയും പ്രസ്തുത രംഗത്ത് അവർ നേരിട്ട പ്രതിസന്ധികളും പ്രതിബന്ധങ്ങളുമെല്ലാം ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അഹങ്കാരം അതിരു കടന്ന ഒരു ജനതയിലേക്കായിരുന്നു സ്വാലിഹ് നബി(അ)യുടെ നിയോഗം. ആരാധന അല്ലാഹുവിന് മാത്രമാകണമെന്നും അവന്റെ അപാരമായ അനുഗ്രഹങ്ങൾ ഉൾകൊണ്ട് ജീവിതം ധന്യമാക്കണമെന്നും അവരെ ബോധ്യപ്പെടുത്തി.

‘സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെ നാം അയച്ചു. നബി പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് ഒരു ആരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ അധിവസിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് അവനോട് നിങ്ങൾ മാപ്പപേക്ഷിക്കുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുവീൻ’ (11/61).

സമൂദ് വർഗത്തിലെ കുലീന കുടുംബത്തിൽ ജനിച്ച സ്വാലിഹ്(അ) എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു. മതപ്രബോധനം ആരംഭിച്ചതോടെ അദ്ദേഹം എല്ലാവരുടെയും  കണ്ണിലെ കരടായിത്തീർന്നു. ‘അവർ പറഞ്ഞു: ഓ സ്വാലിഹ്, താങ്കൾ ഇതിനു മുമ്പ് ഞങ്ങൾക്കെല്ലാം വേണ്ടപ്പെട്ടയാളായിരുന്നു. ഞങ്ങളുടെ പിതാക്കൾ ആരാധിച്ചു വന്ന ദൈവങ്ങളെ ആരാധിക്കുന്നതിൽ നിന്ന് ഞങ്ങളെ താങ്കൾ വിലക്കുകയാണോ? ഏതൊരു കാര്യത്തിലേക്കാണോ നിങ്ങൾ ഞങ്ങളെ ക്ഷണിക്കുന്നത് ആ കാര്യത്തെ കുറിച്ച് ഞങ്ങൾ അങ്ങേയറ്റം സംശയത്തിലാണ്’ (11/62).

സന്മാർഗം അതിവിദൂരമായ ഒരു ജനതയിലേക്കാണ് നൂഹ്‌നബി(അ)ന്റെ നിയോഗമുണ്ടായത്.  സർവലോകങ്ങളും സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു ഏകനാണെന്നും അവൻ മാത്രമാണ് ആരാധനക്കർഹനെന്നുമുള്ള സത്യസാക്ഷ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമായ എതിർപ്പുകൾക്ക് വഴിയൊരുക്കി. ദിവ്യ സന്ദേശം പ്രബോധനം നടത്താനുള്ള ദൂതനാണ് താനെന്നും അല്ലാഹുവിന്റെ കൽപനകൾ തിരസ്‌ക്കരിക്കുന്നവർക്ക് കഠോരമായ ശിക്ഷയുണ്ടാവുമെന്നും നൂഹ് നബി(അ) ജനതയോട് ഉറപ്പിച്ച് പറഞ്ഞു. ”താങ്കളുടെ ജനതക്ക് വേദനാജനകമായ ശിക്ഷ വരുന്നതിനു മുമ്പ് അവർക്ക് താക്കീത് നൽകുകയെന്ന നിർദേശവുമായി നൂഹ് നബി(അ)നെ തന്റെ ജനതയിലേക്ക് നാം അയച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, ഞാൻ നിങ്ങൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നവനാണ്. നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ’ (71/1-3).

ഭൗതിക ജീവിതം ശാശ്വതമല്ലെന്നും ഒരു നിശ്ചിത അവധി വരെ മാത്രമേ മനുഷ്യന് ജീവിതമുള്ളൂവെന്നും ജീവിതത്തിലുടനീളം സൂക്ഷ്മത പുലർത്തി മുന്നേറണമെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. അങ്ങനെ ജീവിക്കുന്ന പക്ഷം അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എങ്കിൽ അവൻ നിങ്ങളുടെ പാപങ്ങൾ പൊറുത്ത് തരികയും നിശ്ചിത അവധി വരെ നിങ്ങളെ പിന്തിക്കുകയും ചെയ്യും. അല്ലാഹുവിന്റെ അവധി വന്നാൽ അതു പിന്തിക്കപ്പെടുകയില്ല’ (71/4).

നൂഹ് നബി(അ)യുടെ പ്രബോധനം ചൂടുപിടിച്ചതോടെ ശത്രുക്കളുടെ രോഷവും വർധിച്ചു. ശാസനയും ഭീഷണിയും കൂടി. കയ്യേറ്റം ചെയ്യാൻ വരെ അവർ തയ്യാറായി. എന്നാൽ എതിർപ്പുകളൊന്നും വകവെക്കാതെയുള്ള പ്രബോധനം അദ്ദേഹം തുടരുകയായിരുന്നു. ‘നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നവനാണ.് അതായത് അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. വേദനാജനകമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്കുണ്ടാവുന്നതിനെ ഞാൻ ഭയപ്പെടുന്നു’. അപ്പോൾ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ നേതാക്കൾ പറഞ്ഞു: ‘ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യനായി മാത്രമേ നിന്നെയും ഞങ്ങൾ കാണുന്നുള്ളൂ. ഞങ്ങളിൽ നിന്ന് ഏറ്റവും താഴ്ന്ന ചിലയാളുകൾ മാത്രമല്ലാതെ നിന്നെ പിന്തുടർന്നു നടക്കുന്നതായി ഞങ്ങൾ കാണുന്നില്ല. നിങ്ങൾക്ക് ഞങ്ങളേക്കാൾ യാതൊരു മഹത്ത്വവും ഞങ്ങൾ കൽപ്പിക്കുന്നുമില്ല. മാത്രമല്ല നിങ്ങൾ കളവു പറയുന്നവരാണെന്നാണ് ഞങ്ങൾ കരുതുന്നത്’ (11/ 25-27).

 

 

 

950 വർഷക്കാലം രാവും പകലും നൂഹ് നബി(അ) പ്രബോധനം നടത്തിയിട്ടും ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ് സത്യവിശ്വാസം പുൽകിയത്. മഹാഭൂരിപക്ഷവും തിരസ്‌കരിക്കുകയായിരുന്നു.

ആദം നബി(അ) മുതൽ മുഹമ്മദ് നബി(സ്വ) വരെയുള്ള വിവിധ കാലങ്ങളിൽ ആഗതരായ മുഴുവൻ പ്രവാചകന്മാരും അല്ലാഹുവിന്റെ മതം പരിചയപ്പെടുത്താനും ജനങ്ങളിൽ അതു പ്രചരിപ്പിച്ച് സത്യ സരണിയിലേക്ക് അവരെ ആകർഷിക്കാനും അത്യുൽസാഹം കാണിച്ചു. അന്ത്യ പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ ഇരുപത്തി മൂന്ന് വർഷക്കാലത്തെ പ്രബോധന മുന്നേറ്റങ്ങൾക്ക് ശേഷം അവിടുത്തെ സ്വഹാബികൾ ആ ദൗത്യം ഏറ്റെടുത്തു. സത്യമത പ്രചാരണത്തിനു വേണ്ടി അവർ നാടും വീടും വിട്ടു. ചെന്നെത്തിയ പ്രദേശങ്ങളിൽ സന്മാർഗത്തിന്റെ വെളിച്ചം പരത്തി. സ്വഹാബികൾക്കു ശേഷം താബിഉകളും അവർക്കു ശേഷം അവരുടെ താബിഉകളും ദൗത്യവുമായി മുന്നേറി. തത്ഫലമായി ഇസ്‌ലാമിന്റെ വെളിച്ചം എല്ലാ രാജ്യത്തുമെത്തി. പൂർവീകരുടെ പാത പിൻതുടർന്ന പണ്ഡിതന്മാരും സ്വൂഫികളും ദഅ്‌വ രംഗത്ത് സ്തുത്യർഹമായ മുന്നേറ്റം കാഴ്ചവെച്ചു. അതീവ ശ്രദ്ധയോടെയും ഏറെ സ്‌നേഹ ത്തോടെയും അവർ ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചു. അവരുടെ വ്യക്തി വിശുദ്ധിയും സത്യസന്ധതയും കണ്ടതു കൊണ്ടു മാത്രം ഇസ്‌ലാമിന്റെ തീരത്തണഞ്ഞ അനേക ലക്ഷങ്ങളുണ്ട്.

ഹിജ്‌റ ആറാം നൂറ്റാണ്ടിൽ മുസ്‌ലിം ലോകത്തിന് ആത്മീയ നേതൃത്വം നൽകിയവരിൽ പ്രമുഖരായ ശൈഖ് ജീലാനി(റ)യുടെ ശ്രമഫലമായി കൊള്ളക്കാരടക്കമുള്ള സാമൂഹ്യ ദ്രോഹികൾക്ക് പോലും മനഃപരിവർത്തനമുണ്ടായിട്ടുണ്ട്. മഹാനവർകളുടെ മതപഠനത്തിനായുള്ള യാത്രയിൽ വെച്ച് കൊള്ളക്കാരെ കണ്ട് മുട്ടിയതും അദ്ദേഹത്തിന്റെ സത്യസന്ധമായ  ഇടപെടൽ മൂലം അവരുടെ മനസ്സുമാറിയതിനും ചരിത്രം സാക്ഷിയാണ്. ദർസും പ്രസംഗവുമായിരുന്നു ശൈഖ് ജീലാനിയുടെ പ്രധാന പ്രബോധന മാർഗങ്ങൾ. ഹൃദയ ഹാരിയായ ഭാഷയും സുന്ദരമായ ശൈലിയും പൂർണമായ ആത്മാർത്ഥതയും മഹാനവർകളുടെ പ്രഭാഷണത്തിന് കൊഴുപ്പേകി. അദ്ദേഹത്തിന്റെ പ്രഭാഷണ സദസ്സിൽ പങ്കെടുത്ത പാപികൾ ഒന്നടങ്കം പശ്ചാത്തപിച്ച്  വാവിട്ട് കരഞ്ഞിരുന്നുവത്രെ. സദസ്സ് പിരിയുമ്പോൾ കുറേ ആളുകൾ മനസ്സുമാറി ബോധം കെട്ടു വീണു കിടക്കുന്നുണ്ടാവും. നിസ്‌കരിച്ച്  ശീലമില്ലാത്തവർ മഹാന്റെ മുന്നിലെത്തി പശ്ചാത്തപിക്കുകയും നിസ്‌കാരം കൃത്യമായി നിർവഹിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. മദ്യപാനികൾ ഇനിയൊരിക്കലും മദ്യം തൊടില്ലെന്നും അദ്ദേഹത്തിന്റെ കൈ പിടിച്ച് ഉടമ്പടി ചെയ്തു.

മഹാന്റെ പ്രഭാഷണം കേൾക്കാൻ ആയിരക്കണക്കിന് ക്രിസ്ത്യാനികളും ജൂതന്മാരും എത്തിയിരുന്നു. ശൈഖവർകളെ സമീപിച്ചാൽ പിന്നെ ശഹാദത്ത് കലിമ ചൊല്ലിയിട്ടു മാത്രമേ അവർ പിരിഞ്ഞ്  പോയിരുന്നുള്ളൂ.

ആത്മജ്ഞാനികളുടെ ചക്രവർത്തി എന്ന നാമത്തിൽ വിശ്രുതനായ ശൈഖ് രിഫാഈ(റ) യുടെ പ്രബോധന രീതികളും ശത്രുക്കളെ മിത്രങ്ങളാക്കുന്ന തരത്തിലായിരുന്നു. വശ്യമായ വ്യക്തിത്വവും മാതൃകാപരമായ സ്വഭാവവും പ്രകടിപ്പിച്ചാണ് അദ്ദേഹം തെമ്മാടികളെ പോലും കീഴ്‌പ്പെടുത്തിയിരുന്നത്. ഒരു ദിവസം രാത്രി വീട്ടിലെത്തിയ ശൈഖവർകൾ വീടിന്റെ വാതിലുകൾ തുറന്നു കിടക്കുന്ന കാഴ്ചയാണു കണ്ടത്. ഗോതമ്പ് മോഷ്ടിക്കാനെത്തിയ കള്ളനായിരുന്നു അകത്ത്. രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ട അവസരമായിരുന്നു അത്. ശൈഖിനെ കണ്ടതോടെ കള്ളൻ ഭയന്നു വിറച്ചു. താൻ ഉടൻ പിടിക്കപ്പെടുമെന്നും കർക്കശമായ ശിക്ഷാമുറകൾ ലഭിക്കുമെന്നും കള്ളൻ ഉറപ്പിച്ചു. എന്നാൽ ശൈഖവർകളുടെ നിലപാട് മറ്റൊന്നായിരുന്നു. മഹാൻ വരുമ്പോൾ തൊലിയുള്ള ഗോതമ്പാണ് കള്ളൻ മോഷ്ടിച്ചു കൊണ്ടിരുന്നത്. അയാളെ അടുത്ത് വിളിച്ച് മഹാനവർകൾ പറഞ്ഞു: ‘തൊലിയുള്ള ഈ ഗോതമ്പെടുത്താൽ നിനക്ക് വലിയ മെച്ചമൊന്നുമുണ്ടാവില്ല. തൊലി കളയാനും പൊടിക്കാനുമെല്ലാം വലിയ അധ്വാനം തന്നെ വേണ്ടി വരും. അതു കൊണ്ട് എന്റെ കൂടെ വരിക.  പൊടിച്ചുവെച്ച ഗോതമ്പ് നിനക്ക് വേണ്ടത്ര തരാം. കള്ളൻ ആശ്ചര്യപ്പെട്ടു. അയാൾ ശൈഖിന്റെ പുറകെ നടന്നു. ഗോതമ്പ് സൂക്ഷിച്ചു വെച്ച റൂമിലെത്തി. ‘ഗോതമ്പ് കൊണ്ടു പോകാനുള്ള സഞ്ചി കയ്യിലുണ്ടോ?’ എന്ന് ശൈഖ് ചോദിച്ചു. ഉടനെ അയാൾ ഒരു സഞ്ചി നൽകി. അതു നിറയെ ഗോതമ്പ് മാവ് നൽകി. കാര്യം സാധിച്ച കള്ളൻ സന്തോഷത്തോടെ ഇറങ്ങി നടന്നു. എന്നാൽ പാതിരാത്രിയിൽ കള്ളനെ ഒറ്റക്ക് വിടാൻ ശൈഖിന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹവും അയാളുടെ കൂടെ പോയി. ഗ്രാമത്തിന്റെ അതിർത്തിയിലെത്തിയപ്പോൾ അദ്ദേഹത്തെ യാത്രയയച്ചു കൊണ്ട് മഹാൻ പറഞ്ഞു: ‘മോനേ നീ എന്റെ വീട്ടിൽ വന്ന് മോഷണം നടത്തുമ്പോൾ പെട്ടെന്ന് എന്നെ കണ്ട് പേടിച്ചിട്ടുണ്ടെങ്കിൽ എനിക്കതു മാപ്പാക്കണം’.

ഏറെ അസ്വസ്ഥമായ മനസ്സോടെയാണ് കള്ളൻ യാത്രയായത്. മോഷ്ടാവിനോടു പോലും സ്‌നേഹമസ്രണമായി പെരുമാറുന്ന മഹാനവർകളെ തേടി പിന്നീടയാൾ വരികതന്നെ ചെയ്തു. അവിടുത്തെ സവിധത്തിലെത്തി പശ്ചാതപിച്ചു മടങ്ങിയ അദ്ദേഹം ശിഷ്ടകാലം മഹാനവർകളുടെ അനുയായിയായി കഴിഞ്ഞു കൂടുകയാണുണ്ടായത്.

ആധ്യാത്മിക ലോകത്തിന്റെ ഔന്നത്യത്തിലെത്തിയ ശൈഖ് രിഫാഈ(റ) മുസ്‌ലിംകളിൽ ഇസ്‌ലാമികാവേശമുണ്ടാക്കാനും മതനിഷ്ഠയും ഭയഭക്തിയും വർധിപ്പിക്കാനും മറ്റു മതസ്ഥരെ ഇസ്‌ലാമിലേക്ക് ആകർഷിക്കാനുമുള്ള ശ്രമങ്ങൾ നടത്തി. ഇസ്‌ലാമിക ആദർശങ്ങളും സംസ്‌കാരവും ഉൾകൊണ്ട് ജീവിക്കാൻ മുസ്‌ലിംകളെ പ്രാപ്തരാക്കി. ബഹുദൈവ ആരാധനകളുടെ നീർച്ചുഴിയിൽ അകപ്പെട്ട ജനങ്ങളുടെ ഹൃദയങ്ങളിൽ തൗഹീദിന്റെ കിരണങ്ങൾ പ്രതിഫലിപ്പിക്കാനും മഹാന് സാധിച്ചു.

ജനമനസ്സുകളെ ഹഠാദാകർഷിക്കുന്ന പ്രസംഗ ശൈലിയായിരുന്നു ശൈഖ് രിഫാഈ(റ)യുടേതും.’അദ്ദേഹത്തിന്റെ സാരവത്തായ പ്രഭാഷണം ശ്രവിക്കാൻ വേണ്ടി വിദൂര ദിക്കുകളിൽ നിന്ന് പോലും ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. പ്രഭാഷണം കേട്ട അസഖ്യം ആളുകൾ നന്മയുടെ വാഹകരായി തീരുകയും ചെയ്തു. പ്രഭാഷണങ്ങൾക്ക് പുറമെ, ഖുർആൻ വ്യാഖ്യാനം, ഹദീസ്, ആത്മജ്ഞാനം, കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം, തത്ത്വശാസ്ത്രം  തുടങ്ങിയ നിരവധി വിജ്ഞാന ശാഖകളിൽ രിഫാഈ(റ) അനവധി രചനകൾ നടത്തിയിട്ടുണ്ട്.

ഉപദ്രവങ്ങൾ ക്ഷമിച്ചും അക്രമങ്ങൾ സഹിച്ചും ശത്രുക്കൾക്ക് പോലും മാപ്പ് നൽകിയും അദ്ദേഹം കാണിച്ച ജീവിത സൗന്ദര്യം അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ആകർഷിച്ചു. ഒരു ദിവസം സുബ്ഹി നിസ്‌കാരത്തിനു പള്ളിയിലേക്കു പോകുകയായിരുന്ന ശൈഖ് രിഫാഈ(റ)യെ ജൂതനായ ഒരാൾ വഴി തടയുകയും പൊതിരെ തല്ലുകയും ചെയ്തു. അദ്ദേഹം മുന്നോട്ട് നീങ്ങാൻ ശ്രമിക്കുന്തോറും ജൂതൻ അക്രമം വർധിപ്പിച്ചു കൊണ്ടേയിരുന്നു. നിസ്‌കാരത്തിനു വേണ്ടി നടന്നു പോകുന്നത് ശൈഖിന്റെ ശിഷ്യൻമാരിൽ പെട്ട ആരെങ്കിലുമായിരിക്കുമെന്നും അവരുടെ അന്നത്തെ നിസ്‌കാരം മുടക്കാമെന്നുമാണ് ശത്രു കരുതിയത്. എന്നാൽ നേരം വെളുത്തു തുടങ്ങിയതോടെ താൻ ആക്രമിക്കുന്നത് ശിഷ്യനെയല്ലെന്നും മറിച്ച് ശൈഖവർകളെ തന്നെയാണെന്നും മനസ്സിലാക്കിയ അദ്ദേഹം മോഹാലസ്യപ്പെട്ടു വീണു. കാരുണ്യത്തിന്റെ മാതൃകയായ ശൈഖ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുകയും സമാശ്വസിപ്പിക്കുകയുമാണ് ചെയ്തത്. താൻ കാരണം അയാളുടെ ബോധം നഷ്ടപ്പെടാനിടയായതിന് മാപ്പു ചോദിക്കാനും അദ്ദേഹം മറന്നില്ല.

ശേഷം പറഞ്ഞു: ‘സ്‌നേഹിതാ, കഴിഞ്ഞതെല്ലാം മറന്ന് വീട്ടിലേക്ക് പോവുക. നിങ്ങൾ എന്നെ ആക്രമിച്ച വിവരം എന്റെ സഹോദരങ്ങൾ അറിയുന്നതിനു മുമ്പ് നിങ്ങൾ പോവണം. അല്ലെങ്കിൽ അതവരെ വിഷമിപ്പിക്കും.’

ഇതു കേൾക്കേണ്ട താമസം ജൂതൻ വീട്ടിലേക്ക് തിരിച്ചു. മഹാനൻ പള്ളിയിലേക്കും. ജനങ്ങൾ നിസ്‌കാരത്തിനു വേണ്ടി അദ്ദേഹത്തെ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നിസ്‌കാരത്തിനു ശേഷം പർണശാലയിലെ ഭക്ഷ്യ സൂക്ഷിപ്പുകാരനെ വിളിച്ചു കൊണ്ട് ശൈഖ് രിഫാഈ പറഞ്ഞു: ‘ആ ജൂതനും കുടുംബത്തിനും വേണ്ട ഭക്ഷ്യ വസ്തുക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു കൊടുക്കുക. അതു പ്രകാരം അവർ സാധനങ്ങൾ വീട്ടിലെത്തിക്കുകയും രിഫാഈ ശൈഖ് തന്നതാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. അപ്പോൾ ജൂതൻ കുടുംബത്തോട് കാര്യങ്ങൾ വിശദീകരിച്ചു. വിവരമറിഞ്ഞ അവർ അത്ഭുതപ്പെടുകയും കരുണാമനസ്‌കനായ ശൈഖവർകളുടെ മതത്തിൽ ആകൃഷ്ടരാവുകയും ചെയ്തു. പിന്നീട് അവരെല്ലാവരും മഹാന്റെ സദസ്സിൽ വന്ന് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.

ഇസ്‌ലാം മതത്തിന്റെ മഹിതമായ മൂല്യങ്ങളും ആശയാദർശങ്ങളും വിവിധ നാടുകളിൽ പ്രചരിച്ചത് പ്രബോധക വൃന്ദത്തിന്റെ അശ്രാന്ത പരിശ്രമം മൂലമാണ്. ഓരോ നാടിനോടും സമൂഹത്തോടും യോജിച്ച രീതിയിലായിരുന്നു ഓരോരുത്തരുടേയും പ്രബോധനം. വിവിധങ്ങളായ ആത്മീയ സരണികളും സ്വൂഫീ പ്രബോധനങ്ങളുമായിരുന്നു ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണത്തിന് ആക്കം കൂട്ടിയത്. സ്വൂഫി വര്യന്മാരുടെയും പുണ്യ പുരുഷന്മാരുടേയും സജീവ സാന്നിധ്യം ഇന്ത്യയുടെ മത മുന്നേറ്റത്തിന്റെ നാഴിക കല്ലാണ്. ജാതി മത വ്യത്യാസമില്ലാതെ ഒരു ജനതയെ ആത്മസംസ്‌കരണത്തിന്റെ പന്ഥാവിലേക്ക് നയിച്ച സ്വൂഫീ പ്രബോധകർ മാനുഷികതയുടേയും സഹിഷ്ണുതയുടേയും ആൾ രൂപങ്ങളായിരുന്നു. മതം മാനവികതയാണെന്നു മനസ്സിലാക്കിയ സ്വൂഫികൾ അതിന്റെ വ്യാപനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചതും ഇന്ത്യയിലെ ഇസ്‌ലാമിക ചലനങ്ങൾക്ക് വേഗം കൂട്ടി.

പേർഷ്യയുടെ കിഴക്കു ഭാഗത്തുള്ള സിജിസ്താനിൽ ജനിച്ച ശൈഖ് മുഈനുദ്ദീൻ ചിശ്തി(റ) ഇന്ത്യയിലെ ഇസ്‌ലാമിക വ്യാപനത്തിന് വലിയ സംഭാവനകൾ ചെയ്തു. ആത്മീയോന്നതിയിൽ ആകൃഷ്ടനായ ശൈഖ് മുഈനുദ്ദീൻ(റ) അക്കാലത്തെ പേരു കേട്ട ആത്മീയ നേതാക്കളെ സന്ദർശിക്കുകയും സാംസ്‌കാരിക കേന്ദ്രങ്ങളിൽ പര്യടനം നടത്തുകയും ചെയ്തു. പല സ്ഥലങ്ങളിലും പ്രതിനിധികളെ നിശ്ചയിച്ച അദ്ദേഹം പിന്നീടാണ് ഇന്ത്യയിലേക്ക് തിരിയുന്നത്.

ചൗഹാൻ  രജപുത്ര വംശത്തിന്റെ തലസ്ഥാനമായിരുന്ന അജ്മീർ കേന്ദ്രമാക്കിയാണ് മഹാനവർകൾ  പ്രബോധനം തുടങ്ങിയത്. മനക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കിയ അദ്ദേഹത്തിന്റെ പ്രബോധനം രാജ്യത്തെ മത വിജ്ഞാനത്തിന്റെയും ആത്മീയോൽക്കർഷത്തിന്റെയും സിരാകേന്ദ്രമാക്കിത്തീർത്തു. തന്മൂലം ഇന്ത്യയിൽ തൗഹീദിന്റെ മന്ത്രങ്ങൾ മുഴങ്ങി. നാൽക്കാലികൾ, കല്ലുകൾ, മുള്ളുകൾ, മരങ്ങൾ, തടികൾ തുടങ്ങിയവയ്ക്കു മുമ്പിലെല്ലാം നമിച്ചിരുന്ന ജനത ഖാജായുടെ ആഗമനത്തോടെ വിഗ്രഹാരാധനയുടെ അന്ധകാരത്തിൽ നിന്നു രക്ഷപ്പെട്ടു. ‘അല്ലാഹു ഇന്ത്യയെ താങ്കൾക്ക് സമർപ്പിച്ചിരിക്കുന്നുവെന്നും അവിടെ അജ്മീർ എന്ന ദേശത്ത് താമസിക്കണമെന്നും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ ഭൂമിയിൽ ഇസ്‌ലാം പ്രചരിക്കുമെന്നും’ സ്വപ്നത്തിലൂടെ പ്രവാചകർ(സ്വ) പ്രത്യക്ഷപ്പെട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. അതു പ്രകാരം ശൈഖ് ചിശ്തി തന്റെ പ്രബോധനം ആരംഭിക്കുകയായിരുന്നു. അജ്മീർ ഭരിച്ചിരുന്ന രജപുത്രന്മാരായ ചൗഹാൻ രാജകുടുംബത്തിന്റെ ആത്മീയാചാര്യനായ ഒരു ഹിന്ദു യോഗിയാണ് അജ്മീറിൽ ആദ്യമായി ഇസ്‌ലാമിലേക്ക് കടന്ന് വന്നത്. അജ്മീറിലേക്കുള്ള വഴിയിൽ ഡൽഹിയിൽ വെച്ച് എഴുന്നൂറോളം പേർ ഖാജാ ചിശ്തിയുടെ സവിധത്തിൽ വന്ന് ഇസ്‌ലാം മതം വിശ്വസിക്കുകയുണ്ടായി. 89-ാം വയസ്സിൽ ഇഹലോകവാസം വെടിയുന്നതു വരെ അദ്ദേഹം ധ്യാനത്തിലും മതപ്രബോധനത്തിലും സാമൂഹിക സേവനത്തിലുമായി കഴിച്ചു കൂട്ടി.

ഖാജാ മുഈനുദ്ദീൻ ചിശ്തി(റ)യുടെ പ്രധാന പ്രതിനിധികളിലൊരാളായ ശൈഖ് ഹമീദുദ്ദീൻ നഗൗറി(റ)യും സന്മാർഗ പ്രബോധനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരായിരുന്നു. ആദ്യകാലത്ത് ആർഭാടകരമായ ജീവിതം  നയിച്ചിരുന്ന അദ്ദേഹം ചിശ്തിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതോടെയാണ് പൂർണ സ്വൂഫിയായി മാറുന്നത്. കടുത്ത ദാരിദ്ര്യം മൂലം ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ പാടുപെട്ട അദ്ദേഹത്തോട് അലിവു തോന്നിയ നഗൗറിലെ ഭരണാധികാരി അൽപം കൃഷിസ്ഥലവും  പണവും നൽകാൻ തീരുമാനിച്ചെങ്കിലും ഹമീദുദ്ദീൻ നഗൗറി  അതു നിരസിക്കുകയായിരുന്നു. പലയിടത്തും തുന്നിക്കൂട്ടിയ ഒരു തുണി മാത്രമായിരുന്നു ശൈഖിന്റെ ആകെയുള്ള വസ്ത്രം. കാലികളെ പോറ്റിയും കൃഷി ചെയ്തുമാണ് ഉപജീവനം കഴിച്ചു കൂട്ടിയത്.

തത്ത്വചിന്തയിൽ പ്രാവീണ്യം നേടിയ അദ്ദേഹം താൻ നേടിയ വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ അതീവ താൽപര്യം പ്രകടിപ്പിച്ചു. ജനങ്ങളെ മതത്തിലേക്കടുപ്പിക്കാൻ വേണ്ട കാര്യങ്ങളും അദ്ദേഹം നിരന്തരം തുടർന്നു കൊണ്ടിരുന്നു. ശരീഅത്തിനെയും ത്വരീഖത്തിനെയും അദ്ദേഹം ശരീരത്തോടും  ആത്മാവിനോടുമാണ് ഉപമിച്ചത്. ശരീഅത്ത് ശരീരവും ത്വരീഖത്ത് അതിന്റെ  ആത്മാവുമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്ത് അല്ലാഹുവിനെ തേടുന്നവരും പരലോകം തേടുന്നവരും  ഇഹലോകം തേടുന്നവരുമുണ്ടെന്നും ഇഹലോകം തേടുന്നവർക്ക് മനസ്സുകളുടെ യഥാർത്ഥ ജ്ഞാനം കരഗതമാക്കാനാവില്ലെന്നും പരലോകം തേടുന്നവർക്ക് യഥാർത്ഥ ജ്ഞാനം ഉൾക്കൊള്ളാൻ സാധിക്കുമെന്നും അല്ലാഹുവിനെ തേടുന്നവർക്ക് കണ്ടെത്താനാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു. രജപുത്താനയിലെ നഗൗറിന്റെ സമീപ പ്രദേശമായ സിവാൽ ഗ്രാമത്തിലെ കർഷകർക്കൊപ്പം താമസിച്ച അദ്ദേഹത്തിന്റെ സഹിഷ്ണുതയും മാനവികതയും കണ്ട് ആ ഗ്രാമം മുഴുവൻ ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി.

പ്രബോധകരുടെ വ്യക്തിത്വമാണ് പലയിടത്തും ജനങ്ങളെ മതത്തിലേക്ക് അടുപ്പിച്ചത്. ദക്കാനിൽ മതപ്രബോധനം നടത്തിയ സ്വൂഫി പ്രമുഖനായ പീർ മഹാബീർ മുഖാന്തിരം ഒട്ടേറെ ജൈന മതക്കാർ ഇസ്‌ലാം സ്വീകരിച്ചു. സിന്ധിൽ മതപ്രചാരണം നടത്തിയ ഖാദിരീ ത്വരീഖത്തുകാരൻ സയ്യിദ് യൂസുഫുദ്ദീൻ(റ) മുഖേന എഴുന്നൂറോളം കുടുംബങ്ങളാണ് ഇസ്‌ലാമാശ്ലേഷിച്ചത്. മുഈനുദ്ദീൻ ചിശ്തിയുടെ മറ്റൊരു പ്രതിനിധിയായ ഖുതുബുദ്ദീൻ  ബക്തിയാർ കാക്കി(റ)യുടെ മാതൃകാപരമായ ജീവിതവും പൊതുജനങ്ങളെ കൂടുതൽ ആകർഷിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജനങ്ങളുടെ ആദരവും ദയാവായ്പും അദ്ദേഹം നേടിയെടുത്തു.

ഖുതുബുദ്ദീൻ ബക്തിയാരിയുടെ പ്രധാന പിൻഗാമിയായ ഖാജാ ഫരീദുദ്ദീ(റ)നാണ് ചിശ്തി സിൽസിലയെ ഒരാത്മീയ പ്രസ്ഥാനമാക്കി മാറ്റിയത്. നിരവധി അമുസ്‌ലിംകളാണ് അദ്ദേഹത്തിന്റെ സവിധത്തിൽ വന്ന് ഇസ്‌ലാം സ്വീകരിച്ചത്. അതീവ ഭക്തിയും അല്ലാഹുവിനോടുള്ള അടങ്ങാത്ത സ്‌നേഹവും കൂടുതൽ  പ്രകടിപ്പിച്ച അദ്ദേഹം  തൊണ്ണൂറ്റി മൂന്നാം വയസ്സിൽ മരണപ്പെടുന്നതു വരെ വിശ്രമമില്ലാത്ത പൊതു പ്രവർ ത്തനത്തിൽ സജീവമായിരുന്നു. വിശുദ്ധി നിറഞ്ഞ ബക്തിയാരിയുടെ ജീവിതം നിരവധി ശിഷ്യ ഗണങ്ങളെ അദ്ദേഹത്തിനു സംഭാവന ചെയ്യുകയുണ്ടായി.

എ.ഡി 1238-ൽ ഉത്തർപ്രദേശിൽ ജനിച്ച നിസാമുദ്ദീൻ ഔലിയയും ആയിരക്കണക്കിനു ജീവിതങ്ങളെ സൽപന്ഥാവിലേക്ക് നയിക്കുകയുണ്ടായി. മുഴു സമയവും ധ്യാന നിരതനായ അദ്ദേഹം മഹ്ബൂബെ ഇലാഹി എന്ന അപരനാമത്തിലാണ് അറിയപ്പെട്ടത്. സ്‌നേഹനിർഭരമായ ഹൃദയത്തിന്റെ ഉടമയായ അദ്ദേഹം മനുഷ്യരാശിയുടെ ആത്മീയമായ ഔന്നത്യത്തിനു വേണ്ടിയാണ് എക്കാലത്തും പരിശ്രമിച്ചത്. അല്ലാഹുവിനെ ഓർത്ത് ജീവിക്കാൻ അദ്ദേഹം അവരെ പഠിപ്പിച്ചു. ഭൗതികതയുടെ എല്ലാവിധ പ്രീണനങ്ങൾക്കും അതീതനായി അദ്ദേഹം നിലകൊണ്ടു. കാരുണ്യവും സഹാനുഭൂതിയും ക്ഷമയും നിറഞ്ഞ പെരുമാറ്റം ദുർമാർഗികളെ പോലും സന്മാർഗികളാക്കി മാറ്റി. ചതുരംഗക്കളിയിൽ ഭ്രാന്തനായിരുന്ന അലി ജന്തറിനെ സന്മാർഗ ജീവിതത്തിലേക്ക് വഴി നടത്തിയതും പ്രമുഖനായ അമീർ ഹസൻ എന്ന വ്യക്തിയെ മദ്യപാനത്തിൽ നിന്ന് മുക്തനാക്കിയതുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

മതമൂല്യങ്ങൾ അവഗണിച്ചതു നിമിത്തമുണ്ടായ ധാർമികത്തകർച്ചയിൽ മുഴുകിയ ജനവിഭാഗമായിരുന്നു നിസാമുദ്ദീൻ ഔലിയയുടെ കാലത്തുള്ള മുസ്‌ലിംകൾ. അവരെ ഭൗതികതയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതും ഹൃദയത്തെ ബാധിച്ച ആത്മീയ കറകൾ നീക്കുന്നതും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.  എങ്കിലും പാപങ്ങളിൽ നിന്ന് മോചനം നേടിയും അല്ലാഹുവിന്റെയും റസൂലിന്റെയും മാർഗത്തിൽ ജീവിതം കെട്ടിപ്പടുത്തും വിജയം വരിച്ചവരിൽ തന്റെ സമൂഹത്തെയും ഉൾപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം. അതിനു വേണ്ടിയുള്ള ആത്മീയ രീതികളെല്ലാം അദ്ദേഹം നടപ്പിൽ വരുത്തുകയും ചെയ്തു.

മഹാനവർകളുടെ ശ്രമഫലമായി ജനങ്ങളിൽ മതപരമായ ആവേശം കൈ വന്നു. പാപങ്ങളിൽ നിന്ന് പശ്ചാത്തപിച്ച അവർ ഇലാഹീ പ്രീതിക്കായി വേണ്ടി കർമങ്ങൾ ചെയ്യാൻ തുടങ്ങി. ദുർമോഹങ്ങളും അത്യാർത്തിയും ഹൃദയത്തിൽ നിന്നും തുടച്ചു  നീക്കി. ആത്മീയ മൂല്യങ്ങൾ അന്വേഷിച്ച് കണ്ടെത്തി. ശരീഅത്ത് നിയമങ്ങളും സ്വൂഫീ ചിന്തകളും സമൂഹത്തിൽ വേരോടി. പണക്കാരനും പണിക്കാരനും പാമരനും രാജാവും പ്രജയും നിസാമുദ്ദീൻ ഔലിയയുടെ സഹായത്തോടെ ആത്മശുദ്ധി കൈവശപ്പെടുത്തി. നീചകർമങ്ങൾ ഉപേക്ഷിക്കുകയും മരണം വരെ അവയിൽ നിന്ന്  വിട്ടുനിൽക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. പിശാചിന്റെ കെണി വലയിൽ നിന്ന് രക്ഷപ്പെട്ട ജനങ്ങൾ നിസ്‌കാരാദി കർമങ്ങളിൽ സന്തോഷം കണ്ടെത്തി. ഖുർആൻ പാരായണം ചെയ്യാനും മനഃപാഠമാക്കാനുമുള്ള ശ്രമങ്ങൾ നടന്നു. ധനമോ അധികാരമോ അവർ പിന്നീടാഗ്രഹിച്ചില്ല. നിർബന്ധ കർമങ്ങൾക്കു പുറമെ  ഐച്ഛിക സുകൃതങ്ങൾക്കും പ്രാധാന്യം നൽകി. ഇശാ നിസ്‌കാരത്തിന്റെ വുളൂഅ് കൊണ്ട് സുബ്ഹിയും നിർവഹിക്കുന്നവർ പോലുമുണ്ടായി. രാത്രിയുടെ മൂന്നിൽ രണ്ടു ഭാഗം തഹജ്ജുദിന് വേണ്ടി മാറ്റി വെച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

നിസാമുദ്ദീൻ ഔലിയയുടെ പ്രതിനിധികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും  പ്രബോധന ദൗത്യത്തിനു നേതൃത്വം നൽകി. ഹരിയാനയിലെ ഹാൻസിയിൽ ശൈഖ് ഖുത്വുബുദ്ദീൻ മുനവ്വറും മധ്യപ്രദേശിലെ  ചന്ദേരിയിൽ ശൈഖ് വജീഹുദ്ദീൻ  യൂസുഫും ബുർഹാൻപൂരിൽ ശൈഖ് ബുർഹാനുദ്ദീൻ ഗരീബും ഗുജറാത്തിൽ ശൈഖ് നിസാമുദ്ദീൻ മുൾത്താനിയും പ്രബോധനത്തിനു നായകത്വം വഹിച്ചു. നിസാമുദ്ദീൻ ഔലിയയുടെ പിൻഗാമിയായ ശൈഖ് നാസിറുദ്ദീനും  സ്‌നേഹും സഹാനുഭൂതിയും കൈമുതലാക്കിയ മികച്ചൊരു പ്രബോധകനായിരുന്നു. ചിട്ടയൊത്ത ജീവിതത്തിൽ നിരവധി അമുസ്‌ലിംകൾ ആകൃഷ്ടരായി. കനത്ത ദാരിദ്ര്യം മൂലം വിശപ്പടക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിനുള്ള ഭക്ഷണം പലപ്പോഴും എത്തിച്ചിരുന്നത് നാതുപട്‌വ എന്നു പേരുള്ള ഒരു ഹിന്ദുസഹോദരനായിരുന്നുവെന്നും ചരിത്രത്തിൽ കാണാം.

പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിരന്തര പ്രബോധനം മൂലം വിശ്രുതനായ ശൈഖ് അബ്ദുൽ ഖുദ്ദൂസിന്റെ  ശിഷ്യത്വം രാജകുടുംബാംഗങ്ങളും സാധാരണ ജനങ്ങളുമെല്ലാം സ്വീകരിച്ചു. താഴ്ന്ന ജാതി ക്കാരനായ ഒരു ഹിന്ദു സഹോദരനാണ് പിൽകാലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പ്രധാനിയായിതീർന്ന ശൈഖ് ഭുറു. നെയ്ത്തുകാരനായ മറ്റൊരു ശിഷ്യനായ ഹിന്ദു സഹോദരനാണ് പിൽക്കാലത്ത് വിശ്രുത സ്വൂഫിയായിത്തീർന്ന ഇബ്‌റാഹിം.

മതപ്രബോധനത്തോടൊപ്പം അതിനുള്ള കേന്ദ്രം പണിയാനും പ്രബോധകർ ശ്രദ്ധ കൊടുത്തു. ഖുത്വുബ് മീനാറിനു സമീപം ഒരു മദ്രസ സ്ഥാപിച്ചാണ് ശൈഖ് ബദ്‌റുദ്ദീൻ അൻസാരി മതപ്രചാരണം നടത്തിയത്. ഡൽഹിക്കടുത്ത് ശൈഖ്പുര എന്ന പേരിലൊരു ഗ്രാമം പണികഴിപ്പിച്ച് അവിടെ പള്ളിയും പഠനശാലയും സ്ഥാപിച്ചാണ് ശൈഖ് ഫരീദുദ്ദീൻ ബിൻബയാസിദ് പ്രബോധന രംഗം വിപുലപ്പെടുത്തിയത്. കർഷകരും കരകൗശലക്കാരുമടക്കം നിരവധിപേർ അദ്ദേഹത്തിന്റെ മാർഗം അനുഗമിക്കുകയും ജാട്ടുവിഭാഗത്തിൽപെട്ട നിരവധി സഹോദരർ സത്യത്തിന്റെ വഴിയിൽ പ്രവേശിക്കുകയും ചെയ്തു. കൊള്ളക്കാരടക്കമുള്ളവരുണ്ടായിരുന്നു ഇതിൽ.

സ്വൂഫികൾ രാജ്യത്തെ ആത്മീയപ്രവിശ്യകളായി വിഭജിക്കുകയും രാജ്യത്തുടനീളം ഏകദൈവത്വത്തിന്റെയും സമത്വത്തിന്റെയും സന്ദേശമെത്തിക്കുകയും ചെയ്തു. 14-ാം നൂറ്റാണ്ടിൽ ഡൽഹിയിലും പരിസരത്തും മാത്രം രണ്ടായിരത്തോളം സ്വൂഫി മന്ദിരങ്ങൾ ഉണ്ടായിരുന്നുവത്രേ. സ്വൂഫികളുടെ ആത്മീയ ശുദ്ധിയും മാനവികതയുമാണ് സർവരെയും അവരിലേക്ക് ആകർഷിച്ചത്. യാതൊരു പ്രകോപനമോ പ്രലോഭനമോ ഇല്ലാതെയായിരുന്നു അവർ മതപ്രചാരണം  നടത്തിയിരുന്നത്. നിസ്വാർഥമായ സേവനവും മികച്ച ജീവിത രീതിയും മർദിതരോടുള്ള സ്‌നേഹവും താഴ്ന്ന വിഭാഗങ്ങളെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചു.

സ്വൂഫികളുടെ ദർശനമാത്രയിൽ തന്നെ മനം മാറി ഇസ്‌ലാം പുൽകിയവരും അക്കൂട്ടത്തിലുണ്ട്. ബദയൂൻ നിവാസിയായ ഒരാളുടെ കഥ പ്രസിദ്ധമാണ്. പാലും തൈരും വിൽക്കുകയും വഴിയാത്രക്കാരെ കൊള്ളനടത്തുകയും ചെയ്തിരുന്ന അദ്ദേഹം ഒരിക്കൽ സുഹ്‌റവർദി ആത്മീയ സരണിയിലെ ശൈഖ് ജലാലുദ്ദീൻ തബ്‌രീസിയുടെ വീടിനു മുന്നിലൂടെ നടന്നു പോകാനിടയായി. തലയിൽ തൈരിന്റെ പാത്രവുമുണ്ടായിരുന്നു. വീടിന്റെ പൂമുഖത്തിരിക്കുന്ന ശൈഖവർകളെ കണ്ടയുടൻ അയാൾക്ക്  മനഃപരിവർത്തനമുണ്ടായി. നേരെ ചെന്നു തൈരു പാത്രം ശൈഖിന്റെ മുന്നിൽ വെച്ചു. അവിടുത്തെ പാദങ്ങളിൽ ചുംബിച്ചു. ശൈഖവർകൾ അദ്ദേഹത്തെ എഴുന്നേൽപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കൂട്ടുകാരോടൊപ്പം തൈരു കഴിച്ചു. ശേഷം അയാൾക്ക് പോകാനനുമതി നൽകി. ഉടനെ അയാൾ പറഞ്ഞു: ‘എനിക്ക് സത്യവാക്യം ചൊല്ലിത്തരിക. ഞാനൊന്ന് മുസ്‌ലിമാകട്ടെ. അല്ലാതെ ഞാനെവിടെ പോകാനാണ്?. അങ്ങനെ അയാൾ മുസ്‌ലിമായിത്തീർന്നു (കൂടുതൽ വിവരങ്ങൾക്ക്: അറിയപ്പെടാത്ത ഇന്ത്യ/ഡോ. ഹുസൈൻ രണ്ടത്താണി).

കേരളത്തിലെ മതപ്രചാരണത്തിന് മാലിക്ക് ദീനാറും അനുയായികളുമാണ് തുടക്കമിട്ടത്. തിരുനബി(സ്വ)യെ സന്ദർശിക്കാനും അവിടുത്തെ ശിഷ്യത്വം സ്വീകരിക്കാനും ഭാഗ്യം ലഭിച്ച, മുസ്‌ലിമായതിനു ശേഷം താജുദ്ദീൻ എന്ന നാമത്തിൽ അറിയപ്പെട്ട ചേരമാൻ പെരുമാൾ അറേബ്യയിൽ നിന്നുള്ള മടക്ക യാത്രാ മധ്യേ മരണപ്പെടുകയും അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം മാലിക്ബ്‌നു ദീനാർ(റ), ഹബീബ്‌നു മാലിക്(റ), അലിയ്യുബ്‌നു മാലിക്(റ), ഹുസൈനുബ്‌നു മാലിക്(റ), തഖ്‌യുദ്ദീനുബ്‌നു മാലിക്(റ) തുടങ്ങിയവരടങ്ങിയ യാത്രാ സംഘം കേരളത്തിലേക്ക് രണ്ട് പായക്കപ്പലുകളിലായി പുറപ്പെടുകയുമാണുണ്ടായത്.

ശൈഖ് തഖ്‌യുദ്ദീനുബ്‌നു മാലിക്(റ)വും സഹഗാമികളും കയറിയ കപ്പൽ ബംഗാൾ ഉൾക്കടൽ തീരമായ മധുരയിൽ എത്തിച്ചേരുകയും അവിടെ അവർ പ്രബോധന പ്രവർത്തനങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്തു. മാലിക് ബ്‌നു ദീനാറും കൂട്ടുകാരും കന്യാകുമാരി മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങളിൽ നിരന്തരം സഞ്ചരിക്കുകയും മത പ്രബോധനത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അങ്ങനെ ഹ്രസ്വമായ കാലത്തിനുള്ളിൽ കേരളത്തിലെ പത്ത് പ്രധാന പ്രദേശങ്ങളിൽ പള്ളികൾ നിർമിച്ച് അവർ മതം പ്രചരിപ്പിച്ചു. കൊടുങ്ങല്ലൂർ ജുമുഅത്ത് പള്ളി, തെക്കൻ കൊല്ലം ജുമുഅത്ത് പള്ളി, ചാലിയം ജുമുഅത്ത് പള്ളി, പന്തലായിനി ജുമുഅത്ത് പള്ളി, ധർമ പട്ടണം ജുമുഅത്ത് പള്ളി, ശ്രീകണ്ഠപുരം ജുമുഅത്ത് പള്ളി, ഏഴിമല മാടായി ജുമുഅത്ത് പള്ളി, കാസർഗോഡ് ജുമുഅത്ത് പള്ളി, മംഗലാപുരം ജുമുഅത്ത് പള്ളി, പാക്കനൂർ ജുമുഅത്ത് പള്ളി എന്നിവയാണ് പ്രസ്തുത പത്തു മസ്ജിദുകൾ. പേരിനുപോലും മുസ്‌ലിംകളില്ലാതിരുന്ന നാട്ടിൽ പോലും കാര്യമായ മതപ്രബോധനം സാധ്യമായത് അവരുടെ വ്യക്തി മഹത്ത്വം കൊണ്ടും സ്വഭാവ സംശുദ്ധി കൊണ്ടുമായിരുന്നു. ക്രൂരമായ ജാതി വ്യവസ്ഥ മൂലം അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് ഇസ്‌ലാമിന്റെ സ്‌നേഹമസൃണമായ ദർശനങ്ങൾ തുണയായി.

മാലികുബ്‌നു ദീനാറും സംഘവും തിരികൊളുത്തിയ ഇസ്‌ലാമിക പ്രബോധന ദൗത്യം ഇപ്പോഴും കെടാതെ നിലനിൽക്കുന്നു. പ്രസ്തുത സംഘത്തിനു പുറമെ സ്വഹാബിയായ മുഗീറത്തുബ്‌നു ശുഅ്ബ(റ)വും കേരളത്തിലെത്തുകയുണ്ടായി. കടലലകളും കാട്ടുപാതകളും കടന്ന് നന്മയുടെ തിരിനാളവുമായി  യമൻ, ബുഖാറ, സമർഖന്ദ് തുടങ്ങിയ നാടുകളിൽ നിന്ന് വന്നവരും അവരുടെ തണലിൽ വളർന്ന കേരളീയ പണ്ഡിതരും ജനങ്ങളുടെ ആത്മീയവും ലൗകികവുമായ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചു. സയ്യിദുമാരും ഔലിയാക്കളും സ്വൂഫികളും ജനങ്ങളുടെ ആത്മീയ ഔന്നത്യത്തിനു വേണ്ടി ഒന്നിച്ചു ശ്രമിച്ചു. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ യമനിലെ മഅ്ബറിൽ നിന്നെത്തിയ മഖ്ദൂം കുടുംബവും കേരളത്തിൽ ഇസ്‌ലാമിക പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിന്റെ വൈജ്ഞാനിക രംഗം കൂടുതൽ പ്രശോഭിതമാക്കിയതു മഖ്ദൂം കുടുംബമാണ്. ഖാളീ കുടുംബവും ഓടക്കൽ കുടുംബവും പിന്നീട് ഇസ്‌ലാമിക വൈജ്ഞാനിക നേതൃത്വത്തിലേക്ക് വളർന്നു. സമുദായത്തിൽ ആത്മീയ ചൈതന്യം നിലനിർത്താനും അതുവഴി ഇസ്‌ലാമിന്റെ മുന്നേറ്റം സാധ്യമാക്കാനും അവർക്ക് സാധിച്ചു.

സമസ്തയുടെ ആവിർഭാവത്തോടെയാണ് പിന്നീട് സാംസ്‌കാരിക കേരളം മതപ്രബോധനത്തിന്റെ പുതിയ വഴിത്താരയിലേക്ക് പ്രവേശിക്കുന്നത്. വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ, മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാർ, ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി, ഖുത്ബി മുഹമ്മദ് മുസ്‌ലിയാർ, പാനായിക്കുളം അബ്ദു റഹ്മാൻ മുസ്‌ലിയാർ, ഇ.കെ ഹസൻ മുസ്‌ലിയാർ, പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങിയ സാത്വികരായ നേതാക്കൾ മലയാള മണ്ണിൽ ദഅ്‌വത്തിനു വഴിവെട്ടുകയുണ്ടായി.

തിന്മക്കെതിരെയുള്ള ധർമകാഹളമായും സത്യത്തിന്റെ പടഹധ്വനിയായും അവർ നയിച്ച പ്രകാശ ഗോപുരം കേരളത്തിന് വെളിച്ചം പകരുന്നതായി. ഓരോ നാടിനും സാഹചര്യങ്ങൾക്കും  യോജിച്ച വിധത്തിൽ പ്രബോധന ദൗത്യവുമായി മുന്നേറാൻ അവരുടെ ശിഷ്യ ഗണങ്ങളും ശ്രമം തുടർന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച അവർ ദീനിന്റെ യശസ്സുയർത്താൻ ത്യാഗം സഹിച്ചു. പ്രബോധനത്തിന്റെ വിവിധ മേച്ചിൽ പുറങ്ങൾ അന്വേഷിച്ച് അവർ യാത്ര തിരിച്ചു.

പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യനായ എസിഎസ് ബീരാൻ മുസ്‌ലിയാരുടെ പ്രബോധന രീതികൾ ഏറെ ശ്രദ്ധേയമാണ്. നാടു നീളെ പള്ളികൾക്കും മദ്രസകൾക്കും യതീംഖാനകൾക്കും വേണ്ടി കമ്മിറ്റിയുണ്ടാക്കിയും എസ്‌വൈഎസിന് മുവ്വായിരത്തിലേറെ ശാഖകൾ സ്വന്തം കാർമികത്വത്തിൽ രൂപവൽക്കരിച്ചും അദ്ദേഹം പ്രബോധന രംഗത്ത് മുന്നേറി. ജീവിതത്തിൽ ഒരിക്കൽ പോലും നിസ്‌കരിച്ചിട്ടില്ലാത്തവരെയും നോമ്പിനെ കുറിച്ച് കേൾക്കുക പോലും ചെയ്തിട്ടില്ലാത്തവരെയുമാണ് അദ്ദേഹം പ്രബോധനത്തിനു തിരഞ്ഞെടുത്തത്. വയനാട്ടിലെ മേപ്പാടിക്കടുത്ത കോട്ടനാട് വഅ്‌ളിനു ചെന്ന അദ്ദേഹം പിന്നീട് അവിടെ അധ്യാപകനായിക്കൂടുകയായിരുന്നു. ആറുമുതൽ അറുപത് വയസ്സുള്ളവർ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിലുണ്ടായിരുന്നു. നിസ്‌കരിക്കാനും വ്രതമനുഷ്ഠിക്കാനുമുള്ള പരിശീലനങ്ങൾ അദ്ദേഹമവർക്കു നൽകി. മദ്രസകൾ സ്ഥാപിക്കുകയും നിലവിലുള്ളവ വ്യവസ്ഥാപിതമാക്കുകയും ചെയ്തു. കർണാടകയിലെ മോളിപേട്ടയിൽ ശഹാദത്ത് കലിമ ചൊല്ലികൊടുത്തായിരുന്നു മഹാൻ പ്രബോധനം തുടങ്ങിയത്. ചേലാകർമത്തെകുറിച്ച് പോലും അറിവില്ലാതിരുന്ന അവർക്ക് മതത്തിലെ അടിസ്ഥാന വിവരങ്ങൾ പഠിപ്പിക്കുകയും നിസ്‌കാരാദികർമങ്ങൾ പരിശീലിപ്പിക്കുകയും ആരാധനക്കായി പള്ളി സ്ഥാപിച്ചു കൊടുക്കുകയും ചെയ്തു (ഗുരുവഴികൾ/ഒ എം തരുവണ).

ഇസ്‌ലാം മത സംഹിതകളെ സംരക്ഷിക്കുന്നതിലും വികലമായ വാദങ്ങളിൽ നിന്നും അബദ്ധ വിശ്വാസങ്ങളിൽ നിന്നും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രക്ഷപ്പെടുത്തുന്നതിലും അതീവ ശ്രദ്ധയായിരുന്നു പൂർവകാല പണ്ഡിതർക്ക്. മത നവീകരണ പ്രസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ചായിരുന്നു അവരുടെ പ്രബോധന പ്രവർത്തനങ്ങൾ.

മുസ്‌ലിം സമുദായത്തെ മുശ്‌രിക്കുകളാക്കുന്ന മുജാഹിദുകളാദികൾക്ക് അക്കമിട്ട് മറുപടി പറയാനും അവരുടെ പൊള്ളവാദങ്ങളിൽ നിന്ന് അഹ്‌ലുസ്സുന്നയെ സംരക്ഷിക്കാനും മുൻകാല പണ്ഡിതന്മാർ പ്രത്യേകം ശ്രദ്ധിച്ചു. ആവേശോജ്വല പ്രസംഗത്തിലൂടെ വഹാബികളുടെ തനിനിറം വ്യക്തമാക്കി ജനങ്ങളെ ബോധവാന്മാരാക്കിയതിൽ പ്രമുഖരായിരുന്നു പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ. പലപ്പോഴും നോട്ടീസുപോലും സ്വന്തം ചെലവിൽ അച്ചടിച്ചാണ് അദ്ദേഹം  പ്രബോധനത്തിന് എത്തിയിരുന്നത്.

മത നിയമങ്ങളെ കാറ്റിൽ പറത്തി ഇസ്‌ലാമികാചാരങ്ങൾ തകിടം മറിക്കാൻ ശ്രമിച്ച ബിദഈ കക്ഷികളോട് വാദപ്രതിവാദങ്ങളും ഖണ്ഡനങ്ങളും നടത്തിയ ശൈഖുനാ ഇകെ ഹസൻ മുസ്‌ലിയാർ ദീനിന്റെ ശത്രുക്കളെ കോടതി മുറികളിൽ വരെ നേരിട്ടുവെന്നതാണ് ചരിത്ര സത്യം. വ്യാജ രേഖകളും കള്ള പ്രമാണങ്ങളും നിരത്തി ദീനീ സ്ഥാപനങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ച ബിദഇകൾക്കെതിരെയുള്ള പല കേസുകൾക്ക് വേണ്ടിയും അദ്ദേഹം കോടതി കയറി. തിരുനബി(സ്വ)യും സ്വഹാബത്തും പ്രബോധനം ചെയ്ത സത്യമതം തനതായ ശൈലിയിലും രൂപത്തിലും എക്കാലത്തും നിലനിൽക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമായിരുന്നു പണ്ഡിത മഹത്തുക്കൾക്കെല്ലാമുണ്ടായിരുന്നത്. ആധുനിക സൗകര്യങ്ങൾ പരിമാവധി ഉപയോഗിച്ചും നൂതന രീതിയും ശൈലിയും സ്വീകരിച്ചും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ദഅ്‌വാ പ്രവർത്തനങ്ങൾ ഏറെ സക്രിയമാണിപ്പോൾ.

സൈനുദ്ദീൻ ഇർഫാനി മാണൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ